ഒരാള്‍ക്ക് എത്ര ഭൂമി വേണം?

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഭുമിക്ക് വില കുറവാണെന്നു കേട്ട് വാങ്ങാനെത്തിയതായിരുന്നു അയാള്‍.സ്ഥലമുടമയുടെ കണ്ടീഷന്‍ കേട്ടയാള്‍ അല്‍ഭുതപ്പെട്ടു.ഒരു ദിവസത്തെ സ്ഥലത്തിനു പത്തു രൂപ വില.ഒരു ദിവസത്തെ സ്ഥലമെന്നു പറഞ്ഞാല്‍ സൂര്യനുദിക്കുമ്പോള്‍ മുതല്‍ അസ്തമിക്കുന്നതുവരെ ഒരാള്‍ക്ക് ചുറ്റിവരാവുന്നത്ര സ്ഥലം.പിറ്റെന്ന് രാവിലെ ഉദയത്തിനയാള്‍ നടക്കാന്‍ തുടങ്ങി.നോക്കുന്നതു മുഴുവന്‍ നല്ല വളക്കൂറുള്ള ഫലഭൂയിഷ്ഠമായ ഭൂമി.ആഗ്രഹം ആര്‍ത്തിയായും ആര്‍ത്തി അത്യാഗ്രഹമായും വളരാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഒന്നും നോക്കാതെ ഓടാന്‍ തുടങ്ങി.അങ്ങകലെ സൂര്യന്‍ ചക്രവാളത്തിലേക്കു നീങ്ങുന്നതയാള്‍ ഭീതിയോടെ കണ്ടു.സൂര്യനസ്തമിക്കുന്നതിനു മുന്‍പ് തിരിച്ചെത്തിയില്ലെങ്കില്‍ സ്ഥലം മുഴുവന്‍ നഷ്ടപ്പെടുമെന്നു മാത്രമല്ല കഴുത്തിനു മുകളില്‍ തല കാണുകയുമില്ല. ഇതാണ് കരാര്‍.തളര്‍ന്ന കിതക്കുന്ന ദേഹത്തോടെ അയാള്‍ സ്പീഡ് കൂട്ടാന്‍ ശ്രമിച്ചു, അവസാനം സൂര്യന്‍ പടിഞ്ഞാറ് മറയുന്നതിനു മുന്‍പ് ഓട്ടം തുടങ്ങിയിടത്ത് എത്തി “ഞാന്‍ നേടി” എന്നു വിളിച്ചു പറഞ്ഞയാള്‍ കുഴഞ്ഞു വീണു.അയാളുടെ ശരീരത്തില്‍ സ്പര്‍ശിച്ച് സ്ഥലമുടമ വേദനയോടെ പറഞ്ഞു “ അതെ അയാള്‍ നേടി, അയാള്‍ക്കാവശ്യമുള്ള ഭൂമി - ആറടി ഭൂമി’.
റഷ്യന്‍ കഥാകൃത്തൂം തത്വചിന്തകനുമായ ലിയോ ടോള്‍സ്റ്റോയ് എഴുതിയ ഒരാള്‍ക്കെത്ര ഭൂമി വേണം എന്ന ചെറുകഥയുടെ ഏതാണ്ടൊരാവിഷ്കാരമാണിത്.എത്ര എങ്ങനെയൊക്കെ നേടിയാലും അവസാനം അയാള്‍ക്കാവശ്യമായി വരുന്നത് ആ ആറടി മണ്ണു മാത്രമാണെന്നാണ് കഥയിലൂടെ ടോള്‍സ്റ്റോയ് പറയുന്നത്.
ഇപ്പോളീ കഥ ഓര്‍ക്കാനുള്ള കാരണം ഹരിയാനയിലെ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചറിഞ്ഞപ്പോഴാണ്.ദല്‍ഹിയുടെ സമീപത്തുള്ളതും യു.പി യുടെ ഭാഗവുമായ ഗ്രേറ്റര്‍ നോയിഡായും ആഗ്രയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 165 കി.മി നീളമുള്ള യമുന എക്സ്പ്രസ്സ് ഹൈവേ പണിയാന്‍ അധികൃതര്‍ തീരുമാനിക്കുന്നു.ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ആഗ്രയിലെത്തുവാന്‍ കേവലം 90 മിനിറ്റ് മതിയാകും.ഇതിന്റെ നിര്‍മ്മാണം 2011 ഒക്ടോബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു.എന്നാല്‍ ഇതിനുവേണ്ടി ഭൂമി ഏറ്റെടുത്ത ഉത്തര്‍പ്രദേശിലെ ഭട്ടാ ( 175 ഹെക്റ്റര്‍), പൌര്‍സൌള്‍(260 ഹെക്റ്റര്‍) ഗ്രാമങ്ങളിലെ ഭൂമി സ്ക്വയര്‍ മീറ്ററിന് ആദ്യം 815 രൂപയും പിന്നീട് 880 രൂപയും ആണ് നഷ്ടപരിഹാരം നല്‍കിയത്.എന്നിട്ട് ഈ ഭൂമി ഗവണ്മെന്റ് സ്ക്വയര്‍ മീറ്ററിന് 3500 രൂപക്ക് റോഡ് കമ്പനിക്കു മറിച്ചു വില്‍ക്കുക എന്ന ഭൂമാഫിയായുടെ ജോലിയാണ് ചെയ്യുന്നതെന്നാക്ഷേപിച്ചും കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്.
എക്സ്പ്രസ്സ് ഹൈവേയുടെ പണി പുരോഗമിച്ചുകൊണ്ടിരുന്ന ഭട്ടാ പര്‍സൌള്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ പണി നിറുത്തി വയ്പ്പിക്കുകയും അവരുടെ യന്ത്രോപകരണങ്ങള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു.ഈ സമരം തുടങ്ങുന്നതിന്റെ തലേ ദിവസം ഉത്തര്‍പ്രദേശ് റോഡ് വേയ്സിന്റെ മൂന്ന് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ തടവിലാക്കുകയുണ്ടായി.ഇവരെ വീണ്ടെടുക്കാന്‍ ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകള്‍ വിഫലമായതിനെത്തുടര്‍ന്ന് പിറ്റേന്ന് (07/05/2011) വന്‍ പോലീസ് സന്നാഹം കടന്നു കയറി തിരച്ചിലാരംഭിച്ചു.സ്വാഭാവീകമായും കര്‍ഷകര്‍ ചെറുത്തുനില്‍പ്പുമാരംഭീച്ചു.തുടര്‍ന്നു നടന്ന കല്ലേറിലും പോലീസ് വെടിവയ്പ്പിലും മൂന്നു കര്‍ഷകരും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. നിരവധിയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇവിടെയുണ്ടായ പ്രശ്നങ്ങള്‍ തൊട്ടടുത്ത ദിവസം അലിഗഡ്, ആഗ്ര എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.അവിടങ്ങളിലെല്ലാം വ്യാപകമായ കുഴപ്പങ്ങളാരംഭിച്ചു.മിക്കയിടങ്ങളിലും കര്‍ഷകര്‍ പണിസ്ഥലങ്ങള്‍ കയ്യേറുകയും പണി നിറുത്തി വൈപ്പിക്കുകയും ചെയ്തു.ഭട്ടാ പര്‍സൌള്‍ എന്നീഗ്രാമങ്ങളില്‍ പോലീസ് നടത്തിവരുന്ന തിരച്ചില്‍ ജനങ്ങളില്‍ വലിയ ഭീതിയുളവാക്കുന്നുണ്ട്.
സംഭവസ്ഥലത്തേക്ക് മറ്റു രാഷ്ട്രീയക്കാരെ ആരേയും പോലീസ് കടത്തി വിടുന്നില്ല.സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി ജെ പി നേതാവ് രാജ്നാഥ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.അതുപോലെ തന്നെ സമാജ്വാദി പാര്‍ട്ടി നേതാക്കളായ ശിവപാല്‍ സിങ്ങ്, മോഹന്‍ സിങ്ങ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു.സമരനേതാക്കളായ ശിവപാല്‍ സിംങ്ങ്,മോഹന്‍ സിംന്‍ഗ്ഗ് എന്നിവര്‍ അറസ്റ്റിലും മന്വീര്‍സിംങ്ങ് തവാട്ടിയ, ഗജേ സിംങ്ങ്,പ്രേം വീര്‍,നീരജ് മല്ലിക്,കിരണ്‍ പാള്‍ എന്നിവര്‍ ഒളിവിലുമാണ്.
ഇതിനിടയില്‍ മറ്റേതിലുമെന്നപോലെ രാഷ്ട്രീയക്കാര്‍ മുതലെടുപ്പുമായി രംഗത്തിറങ്ങി.പാവപ്പെട്ട കര്‍ഷകര്‍ക്കുനേരെ നടന്ന വെടിവയ്പ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നു കോണ്‍ഗ്രസ്സ്.മുഖ്യമന്ത്രി മായാവതി രാജി വൈക്കണമെന്ന് ബി ജെ പി നാഷണല്‍ പ്രസിഡണ്ടും മുന്‍ മുഖ്യമന്ത്രിയുമായ രാജ് നാഥ് സിംങ്ങ് ആവശ്യപ്പെടുന്നു.ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ റീത്താ ബഹുഗുണ പറയുന്നത് മനുഷ്യാവകാശകമ്മീഷനും വനിതാ കമ്മീഷനും സ്ഥലം സന്ദര്‍ശിച്ച് സത്യം പുറത്തുകൊണ്ടു വരണമെന്നാണ്.ജനതാദള്‍ (യു) നേതാവ് ശരത് യാദവ് പറയുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭൂമാഫിയായുമായി കൈ കോര്‍ത്ത് പിടിച്ചിരിക്കുകയാണെന്നാണ്.കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളിലായി 27 ലക്ഷം ഹെക്റ്റര്‍ ഭൂമിയാണ് പലഭാഗങ്ങളിലായി ഏറ്റെടുത്തിരിക്കുന്നത് എന്നദ്ദേഹം പറയുന്നു.രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിംങ്ങിന്റെ നേതൃത്വത്തിലൊരു സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്നു.എന്നാല്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി കാര്‍ മറ്റൊരിടത്തുപേക്ഷിച്ച് ഒരാളുടെ മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ യാത്ര ചെയ്ത് പോലീസിന്റേയും മറ്റും കണ്ണു വെട്ടിച്ച് സമരസ്ഥലം സന്ദര്‍ശിക്കുകയും ഒരു പകല്‍ മുഴുവന്‍ സമരം ചെയ്യുന്ന കര്‍ഷകരോടൊത്ത് ചിലവഴിക്കുകയും ചെയ്തു.സമരം തീരാതെ സ്ഥലം വിടില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം രാത്രി, പോലീസ് വെടിവൈപ്പില്‍ കൊല്ലപ്പെട്ട ഒരാളുടെ വീട്ടില്‍ തങ്ങാന്‍ പരിപാടിയിട്ടപ്പോള്‍ പോലീസെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.സി പി എമ്മിന്റെ ചില നേതാക്കളും ഇതുപോലെ തന്നെ പോലീസിന്റെ കണ്ണുവെട്ടിച്ച് സ്ഥലം സന്ദര്‍ശിച്ചിരുന്നു.അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പുമാണെന്നോര്‍ക്കണം.
ഇതുപോലെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ചതായിരുന്നു പശ്ചിമബംഗാളിലെ സിങൂരിലേയും മറ്റും പ്രശ്നം.ടാറ്റയുടെ ചെറുകാര്‍ നിര്‍മ്മാണത്തിനായി 1000 ഹെക്റ്റര്‍ ഭൂമി ഏറ്റെടുത്തതുമായുണ്ടായ പ്രശ്നങ്ങള്‍ ഭരണകക്ഷിയായ മാര്‍ക്സിസ്റ്റ്പാര്‍ട്ടിക്കെതിരെ ശക്തമായ ഒരായുധമാക്കി വളര്‍ത്തിയെടുക്കാനും അതു വിജയിപ്പിക്കാനും അവിടെ കഴിഞ്ഞു.തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്നപേരില്‍ ഒരു പ്രാദേശീകപാര്‍ട്ടിയും രാജ്യത്തെ പ്രധാന വിധ്വംസകശക്തിയായ മാവോയിസ്റ്റ് ഗ്രൂപ്പും കൈകൊര്‍ത്താണീ വിജയം കൊയ്തത്.ഇവര്‍ക്ക് രാജ്യത്തെ സകല കമ്യൂണിസ്റ്റ് വിരിദ്ധരുടേയും പിന്തുണയുമുണ്ടായിരുന്നു.മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരിച്ചുകൊണ്ടിരുന്ന കേരളത്തില്‍ ഒരു ലോക്കല്‍ ഇഷ്യൂ സിങൂര്‍ മാതൃകയില്‍ വളര്‍ത്തിയേടുക്കാനുള്ള പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമം ഫലം കാണാതെ പോവുകയായിരുന്നു.
എന്താണ് ഭൂമി പ്രശ്നം ഇങ്ങനെ ഭാരതത്തില്‍ ഇത്രമേല്‍ സെന്‍സിറ്റീവ് ആകാന്‍ കാരണം?.
ഭാരതത്തില്‍ ഫ്യൂഡലിസത്തില്‍ നിന്നും മുതലാളിത്വത്തിലേക്കുള്ള വിമോചനം വേണ്ട രീതിയില്‍ നടന്നില്ല എന്നു വേണം വിചാരിക്കാന്‍.അതിന്റെ ഭാഗമായി സ്വാതന്ത്ര്യാനന്തരഭാരതത്തിലും കര്‍ഷകരാണ് ( വങ്കിടകര്‍ഷകരും കുലാക്കുകളും) ഇപ്പോഴും സ്വാധീനശക്തിയായി നിലകൊള്ളുന്നത്.അതിന്റെ ഭാഗമായി വേണ്ടത്ര വ്യവസായവല്‍ക്കരണം ( ഒരു മുതലാളിത്ത രാഷ്ട്രം എന്നരീതിയില്‍) നടപ്പിലായില്ല.നെഹൃവിന്റെ കാലത്ത് വ്യവസായവല്‍ക്കരണത്തിനു വേണ്ട അന്തരീക്ഷം സൃഷ്ടിക്കാനായി എങ്കിലും അതൊരു വ്യവസായവിപ്ലവത്തിനു വഴിയൊരുക്കിയില്ല.നാട്ടില്‍ കുറേ വ്യവസായം വന്നെങ്കില്‍ക്കൂടിയും നമ്മുടെ നാട്ടിലെ മുഖ്യമായ തൊഴില്‍ ഇപ്പോഴും കൃഷിയായിരുന്നു.എന്നാല്‍ മിച്ചഭൂമി കണ്ടെത്താനോ അതേറ്റെടുക്കാനോ അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത് കൃഷി ഊര്‍ജിതപ്പെടുത്തുവാനോ ഒരു കേന്ദ്രഗവണ്മെന്റും ഒരു സംസ്ഥാന ഗവണ്മെന്റും തയ്യാറായില്ല.എന്നാല്‍ ഇതിനു കാതലായ ഒരു മാറ്റം കാ‍ാണാവുന്നത് കേരളം പശ്ചിമ ബംഗാള്‍ പോലെ ഇടതുപക്ഷം ശക്തമായ സംസ്ഥാനങ്ങളിലാണ്.(അവിടങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാറ്റം കാണുകയും ചെയ്യാം.)ഇന്നും ഇപ്പോഴും ജീവിതനിലവാരത്തിന്റെ കാര്യത്തിലും മറ്റു സൌകര്യങ്ങളുടെ കാര്യത്തിലും മികച്ചു നില്‍ക്കുന്ന സംസ്ഥാനങ്ങളും ഇവതന്നെയാണ്.)
മറ്റു സംസ്ഥാനങ്ങളില്‍ കൃഷിയെ മുഖ്യമായും ആശ്രയിച്ചുള്ള ജീവിതമായതിനാല്‍ അതിന്റേതായ ബുദ്ധിമുട്ടുകളും കാണാം.പ്രത്യേകിച്ചും കൃഷിയുടെ അനുബന്ധ സൌകര്യങ്ങള്‍ ഉണ്ടാവാത്തതിനാല്‍.ചുരുക്കിപ്പറഞ്ഞാല്‍ കൃഷിയും അവതാളത്തിലായി,എന്നാല്‍ വ്യവസായം എല്ലാവര്‍ക്കും തൊഴിലും നല്ല ജീവിതവും നല്‍കാന്‍ പര്യാപ്തമായ രീതിയില്‍ വളര്‍ന്നുമില്ല.ഇങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ചതഞ്ഞു നീങ്ങിക്കൊണ്ടിരുന്ന നമ്മുടെ ഗ്രാമങ്ങളിലേക്കാണ് ആഗോലവല്‍ക്കരണവും അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്ര സൌകര്യങ്ങളും എത്തിയത്.മുന്‍ പിന്‍ നോക്കാതെ ആഗോലവല്‍ക്കരണം ഭാരതത്തെ കീഴടക്കി.കൃഷിക്കു ലോണെടുക്കാന്‍ വേണ്ടി മാത്രം ബാങ്ക് അക്കൌണ്ട് തുടങ്ങിയ നിരക്ഷരനായ ഗ്രാമീണകര്‍ഷകന്റെ മുന്‍പില്‍ വരെ എ.ടി.എം, ഇന്റര്‍നെറ്റ് ബാങ്കിംങ്, എക്സ്പ്രസ് ഹൈവേ, തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത പദപ്രയോഗങ്ങള്‍ വീശിയെറിയാന്‍ തുടങ്ങി.യഥാര്‍ത്ഥത്തിലിതിന്റെ ആവശ്യം പട്ടണങ്ങള്‍ക്കും പട്ടണവാസികള്‍ക്കുമാണിന്നാവശ്യം എന്നത് മറക്കുകയോ ബോധപൂര്‍വം മറക്കെപ്പെടുത്തുകയോ ചെയ്തു.കര്‍ഷകന്നിന്നാവശ്യം കൃഷി ചെയ്യാനൊരു തുണ്ട് ഭൂമിയും അവിടേക്കു വേണ്ട വിത്തു - വള - ജലസേചന സൌകര്യങ്ങളുമാണെന്ന് സൌകര്യപൂര്‍വം മറക്കപ്പെട്ടു.അവനെ ശ്രദ്ധിക്കുയും അത്യാവശ്യഘട്ടങ്ങളിലൊരു കൈത്താങ്ങ് നല്‍കുകയും ചെയ്താല്‍ ഇവിടത്തെ 121 കോടി ജനങ്ങളുടേയും ജീവിതം ഭദ്രമാകും എന്ന സത്യം കാണാന്‍ ഒരു കേന്ദ്രമന്ത്രിസഭക്കും മനസ്സില്ല എന്നതാണ് സത്യം.
കര്‍ഷകന്റെ, കര്‍ഷകതൊഴിലാളിയുടെ ജീവിതം ഒന്നിനൊന്ന് തകര്‍ന്നു വരുമ്പോഴാണ് കൂനിന്മേല്‍ കുരു എന്ന രീതിയില്‍ അവന്റെ ഏക സമ്പാദ്യമായ കൃഷിഭൂമി ഗവണ്മെന്റ് എടുത്തുപോകുന്നത്.എന്നാല്‍ അതിനു ന്യായമായ പ്രതിഫലമൊട്ട് ലഭിക്കുന്നുമില്ല.അവന്‍ പിന്നെ വയലന്റായില്ലെങ്കിലാണ് അല്‍ഭുതം.സുഹൃത്തൂക്കളെ, നമ്മുടെ നാട്ടില്‍ നടക്കുന്ന കര്‍ഷകലഹളയുടെ ആണിക്കല്ല് കിടക്കുന്നത് എപ്പോഴും ഇവിടെയാണ്.നാട് കര്‍ഷകരുടേതാണെങ്കിലും ഭരണാധികാരിയുടെ മനസ്സ് എന്നും മുതലാളിമാരോടൊപ്പമാണ്.അതുകൊണ്ടു തന്നെ കര്‍ഷകന്റെ കണ്ണീരും വികാരവും കാണാനിവിടെ അവര്‍ക്ക് മനസ്സില്ല എന്നു മാത്രം.
അതുകൊണ്ടു തന്നെ കൃഷിഭൂമി ഏതെങ്കിലും ആവശ്യത്തിനേറ്റെടുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്.സ മൃദ്ധമായി കൃഷി ചെയ്യുന്ന ഭൂമി കഴിയാവുന്നത്ര ഏറ്റെടുക്കാതിരിക്കുന്നതാണുത്തമം.അഥവാ ഏറ്റെടുക്കേണ്ടതായി വന്നാല്‍ അവന് അവന്‍ ചോദിക്കുന്നത്ര നഷ്ടപരിഹാരം നല്‍കിത്തന്നെ വേണം അവന്റെ ഭൂമി ഏറ്റെടുക്കാന്‍.അവന്‍ ഒരു പാവമായതുകൊണ്ട് ഒരിക്കലും അന്യായമായ പ്രതിഫലം അവന്‍ ചോദിക്കില്ല.അതുപോലെ തന്നെ നമുക്കാവശ്യമുള്ള ഭക്ഷ്യോല്‍പ്പാദനം, അതൊരു വലിയ പ്രശ്നമാണ്.നമുക്ക് ആവശ്യത്തിനു ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കാനുള്ള പുതിയ പുതിയ തന്ത്രങ്ങളും വഴികളും ഉപാധികളും കണ്ടെത്തിയതിനുശേഷം വേണം ഭൂമി വ്യവസായാവശ്യത്തിനു ഏറ്റെടുക്കാന്‍.
Post a Comment