സര്‍ഗ പൌര്‍ണമി.

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പ്രിയരെ, 
            ഇതുവരെ എഴുതിയതില്‍ നിന്നും വ്യത്യസ്ഥമായി ഇതാ ഒരു പോസ്റ്റ്. ഞങ്ങള്‍ കാലടി ഗ്രാമത്തില്‍ നടത്തിയ തികച്ചും വ്യത്യസ്ഥമായ ഒരു പരിപാടിയായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ “സര്‍ഗപൌര്‍ണമി” എന്ന പരിപാടി.മനുഷ്യര്‍, പ്രത്യേകിച്ചും കേരളീയര്‍ ജാതി മത രാഷ്ട്രീയവും മറ്റു പലതുമായ കള്ളികളിലേക്കൊതുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, സംസാരം സ്വന്തം കുടുംബാംഗങ്ങളോടുമാത്രം അതും സ്വന്തം അനിഷ്ടം അറിയിക്കാന്‍ വേണ്ടി മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതേ പോലുള്ള പരിപാടികള്‍ മനുഷ്യവംശത്തിനു ചെയ്യുന്ന നന്മ നിങ്ങളെ അറിയിക്കേണ്ടതാണെന്നു എനിക്കു തോന്നുന്നു.അതാണീ പോസ്റ്റിനുള്ള പ്രാധാന്യവും
സസ്നേഹം
എം എസ് എം.
 
സമയം സായം സന്ധ്യ. ചന്ദ്രിക വിരിച്ച കോടിപ്പട്ടില്‍ പെരിയാറിന്റെ മണപ്പുറം തിളങ്ങി നിന്നു.അവിടെ അവരൊത്തുകൂടി, ഏതാണ്ട് മുപ്പതോളം പേര്‍.സ്ഥലം കാലടി ഗ്രാമപഞ്ചായത്തിലെ മുതലക്കടവ്.കൂടിയിരിക്കുന്നവരില്‍ എല്ലാത്തരക്കാരും ഉണ്ട്.പുരുഷന്മാര്‍,സ്ത്രീകള്‍,കുട്ടികള്‍,എല്ലാ തൊഴിലും ചെയ്യുന്നവരുമുണ്ട്.അദ്ധ്യാപകര്‍,ഗുമസ്തന്മാര്‍,കവികള്‍,കഥാകാരന്മാര്‍,രാഷ്ട്രീയപ്രവര്‍ത്തകര്‍,കലാകാരന്മാര്‍ തുടങ്ങി ഒട്ടുമിക്ക മേഖലകളില്‍ നിന്നും ആളുകളുണ്ട്.അവര്‍ പൂര്‍ണചന്ദ്രന്റെ നിലാവില്‍ കുളിച്ചിരുന്ന് , തങ്ങളുടെ ഈഗോ മാറ്റിവച്ച് പരിപാടികളവതരിപ്പിച്ചു.
                      കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാലടി യൂണിറ്റും, കാലടി എസ് എന്‍ ഡി പി ലൈബ്രററിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ബുധസംഗമത്തിന്റെ സംഘാടകരും,കാലടിയിലെ കുട്ടികളുടെ കൂട്ടായ്മയായ നിലാവും സംയുകതമായി നടത്തിയ “സര്‍ഗപൌര്‍ണമി” എന്ന പരിപാടിയുടെ തുടക്കമാണ് നേരത്തെ കണ്ടത്.17.05.2011 ചൊവ്വാഴ്ച വൈകീട്ട് 7 മണി മുതല്‍ രാത്രി 11 മണിവരേയായിരുന്നു ഈ കൂടിയിരുപ്പിന്റെ സമയം.കൂടിയിരുപ്പിന്റെ വിവരം നേരത്തെ നോട്ടീസിലൂടെ അറിയിച്ചിരുന്നു.
                   6.30 മണിയായപ്പോഴേക്കും കൂടിയിരുപ്പിനായി ആളുകള്‍ എത്താന്‍ തുടങ്ങിയിരുന്നു.കടവിലാണെങ്കില്‍ കുളിയുടെ ബഹളവും.അതുകൊണ്ടു തന്നെ വന്നവര്‍ വന്നവര്‍ അവിടിവിടെയായി കൊച്ചുകൊച്ചു ഗ്രൂപ്പുകളായി കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുകി.7 മണിയായപ്പോഴേക്കും കുളിക്കാരുടെ ശല്യവും ബഹളവും ഒന്നൊതുങ്ങിയപ്പോള്‍ സംഘാടന ചുമതലയുള്ള ശ്രീ.സുകുമാരന്‍ (നിലാവ് കൊ ഓര്‍ഡിനേറ്റര്‍, ജില്ലാക്കമ്മിറ്റി അംഗം കേരള ശാസ്ത്ര സാഹിത്യ പരിഷത്, സംഘാടകസമിതിയംഗം - ബുധസംഗമം,കാലടി എസ് എന്‍ ഡി പി ലൈബ്രററി)എല്ലാവരേയും വിളിച്ച് മണല്‍ പരപ്പില്‍ വട്ടത്തിലിരുത്തി, നടക്കാന്‍ പോകുന്ന പരിപാടിയേക്കുറിച്ചൊരു വിശദീകരണം നല്‍കി.അദ്ധ്യക്ഷനില്ല,അദ്ധ്യക്ഷപ്രസംഗമില്ല, മൈക്കില്ല, വേദിയിലും പരിസരത്തുമുള്ള ആകെ വെളിച്ചം ചന്ദ്രന്റെ അലൌകീകമായ പ്രഭ മാത്രം.
                   വിശദീകരണത്തിനു ശേഷം ശ്രീ.ശങ്കരാ കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്ത ശ്രീ.ബാലകൃഷ്ണന്‍ സാര്‍ അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്ന കവിയായ ശ്രീ ആറ്റൂര്‍ രവിവര്‍മ്മയുടെ ഒരു കവിത കവിയുടെ ശബ്ദത്തില്‍ത്തന്നെ ചൊല്ലി.ഇതോടുകൂടിയായിരിക്കണം യോഗത്തില്‍ വന്നവരെല്ലാം പരിപാടിയുടെ ഒരു മൂഡിലേക്ക് വന്നു.പിന്നെ കവിതകള്‍, കഥകള്‍, നാടന്‍ പാട്ടുകള്‍,നാടന്‍ ചൊല്ലുകള്‍ എന്നിവയുടെ ഒരു മേളമായിരുന്നു.ശ്രീ ശങ്കരന്റെ അദ്വൈത സിദ്ധാന്തവുമായി ബന്ദ്ധപ്പെട്ട് ഒരു ചെറിയ ആശയസംവാദവും അവിടെ അരങ്ങേറി.ചന്ദ്രനേക്കുറിച്ചുള്ള പുരാണകഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മൂഴിക്കുളത്തുനിന്നും വന്നെത്തിയ ശ്രീ പ്രേംനാഥ് ( ഞങ്ങളുടെ പ്രേമേട്ടന്‍) ആദ്യപ്രണയത്തിന്റെ പ്രധാന്യത്തെക്കുറിച്ചും ആവേശപൂര്‍വം മന്ത്രിച്ചു.ആദ്യപ്രണയവും പ്രണയിനിയെന്നും കേട്ടപ്പോള്‍ ചിലര്‍ക്ക് ആവേശം മുഴുത്തു.അവര്‍ ( മൂത്തുനരച്ചവര്‍ പോലും) തങ്ങളുടെ ആദ്യപ്രണയിനിക്കായി ഹൃദയത്തില്‍ ജീവരക്തം ചാലിച്ചെഴുതിയ കവിതാശകലങ്ങള്‍ കോളേജ്കാലത്തെ അതേ ഓര്‍മ്മയില്‍ അതേ വികാരവായ്പ്പോടെ ചൊല്ലി.
                      അപ്പോഴാണൊരാള്‍ ചന്ദ്രകാന്തക്കല്ലുമാത്രമല്ല സൂര്യകാന്തക്കല്ലിനേക്കുറിച്ചും പുരാണങ്ങള്‍ വാചാലമാകുന്നുണ്ടെന്നറിയിച്ചത്.പിന്നെ ചന്ദ്രകാന്തക്കല്ലുകളേക്കൂറിച്ചുള്ള ഗാനങ്ങളായിരുന്നു പതഞ്ഞൊഴുകുന്ന ഹര്‍ഷത്തോടോപ്പം നിറഞ്ഞത്.കവികളായ ശ്രീ.മഞ്ഞപ്ര ഉണ്ണികൃഷ്ണന്‍, സുരേഷ് മൂക്കന്നൂര്‍ എന്നിവര്‍ തങ്ങളുടെ നിരവധി കവിതകള്‍ അവതരിപ്പിച്ചു.സജി കുംബളം എന്ന പേരില്‍ കഥകളെഴുതുന്ന ഞങ്ങളുടെ ശ്രീ സചിവോത്തമന്‍ മാഷ് സ്വന്തം കഥയും അവതരിപ്പിച്ചു.അങ്ങനെ 11 മണിയായപ്പോള്‍ സംഘാടകരിലൊരാളായ ശ്രി സുരേഷിന്റെ നന്ദി പ്രകടനത്തോടെ “സര്‍ഗ പൌര്‍ണമി “ അവസാനിച്ചു.
                  ഒരു മിഡില്‍ക്ലാസ് കേരളീയന്റെ എല്ലാ ഔദ്ധ്യത്തോടേയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ പലരും.കേരളത്തിലെ ജനസംഖ്യയില്‍ പകുതിയില്‍ ക്കൂടുതലും ഇടത്തരക്കാരാണെന്ന് പഠനം പറയുന്നു.കൃത്യമായി മാര്‍ക്സ് ഇവരെ വരച്ചു വച്ചിട്ടുണ്ട് ചരിത്ര പുസ്തകങ്ങളില്‍.നമ്മള്‍ കേരളീയര്‍ , വെറുതെ മാര്‍ക്സിനെ വേദനിപ്പിക്കേണ്ട എന്നു കരുതി ആ പുസ്തകങ്ങളിലേതു പോലെ തന്നെ പെരുമാറിപ്പോരുകയും ചെയ്യുന്നുണ്ട്.അപ്പോള്‍ നമ്മളല്ലാത്തത് ആവാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും നമുക്കുണ്ട് താനും.ആവശ്യത്തില്‍ ക്കൂടുതല്‍ സമ്മര്‍ദ്ദവും അതുമായി ബന്ദ്ധപ്പെട്ട പ്രശ്നങ്ങളുമാണ് ഏറ്റ്വും വലുതായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.ശാസ്ത്ര സാഹിത്യ പരിഷതാകട്ടെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജീവിത ശൈലീ രോഗങ്ങലെക്കുറിച്ചാണുതാനും.നമ്മുടെയീ അനാവശ്യമായ മസിലുപിടുത്തം നമ്മുടെ ജീവിതത്തില്‍ നിന്നും ചോര്‍ത്തിക്കളയുന്നെതെന്തെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ല.അതു കുറച്ചു പേരെയെങ്കിലും മനസ്സിലാക്കിക്കാനുള്ള ഒരു എളിയ ശ്രമമായിരുന്നു സര്‍ഗ പൌര്‍ണമി.ചന്ദ്രപ്രഭയുടെ അരണ്ട വെളിച്ചത്തില്‍ പരസ്പരം ആരുടേയും മുഖം കാണാന്‍ കഴിയാതെ വന്നപ്പോള്‍ പലരുടേയും മുഖംമൂടി ( അഹംഭാവം) ഉരിഞ്ഞു വീണു.ഒരുപക്ഷെ എന്നില്‍ വരെ വലിയൊരു മാറ്റമുണ്ടാക്കാന്‍ ആ അരണ്ട വെളിച്ചത്തിനു കഴിഞ്ഞിരിക്കുന്നു.( സാധാരണ ഏറ്റവും അവസാനം വരെ വളരെ അരോചകമായി മുഖം വീര്‍പ്പിച്ചു പിടിച്ചിരിക്കുന്ന ഒരു ജീവിയാണ് ഞാന്‍.)അവിടെ ക്കൂടിയ ഒട്ടുമിക്ക പേര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നെനിക്കറിയാം.
                      അങ്ങനെ മുഖം മൂടി ഊരിക്കഴിഞ്ഞപ്പോള്‍ തന്നെ ആത്മപ്രകാശനത്തിന് എല്ലാവരും തന്നെ തയ്യാറായിക്കഴിഞ്ഞു.ആ ആത്മപ്രകാശനം ഒരു കഥാര്‍സിസ് പോലെ പ്രയോജനപ്പെടുകയും ടെന്‍ഷന്‍ ഫ്രീ ആയി തിരിച്ചു വീട്ടില്‍പ്പോകുവാന്‍ അവിടെ വന്നവര്‍ക്കെല്ലാം കഴിഞ്ഞു എന്ന് ഞാന്‍ ബെറ്റ് വൈക്കാം.അങ്ങനെ കുറച്ചു പേര്‍ക്കെങ്കിലും മനസ്സമാധാനത്തിനുള്ള വഴികാണിച്ചുകൊടുക്കാനും അവരുടെയെല്ലാം ടെന്‍ഷന്‍ കുറക്കാനും ഈ പരിപാടിക്കായി എന്നുള്ളതിനു തെളിവാണ് എല്ലാ പൌര്‍ണമി നാളിലും ഒത്തുകൂടണമെന്ന് ഒന്നിച്ചെല്ലാവരും അവസാനം ആവശ്യപ്പെട്ടത്.

No comments :

Post a Comment