കൂകു കൂകു തീവണ്ടി , കൂകിപ്പായും തീവണ്ടി !

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
             പണ്ട് എന്നു വച്ചാല്‍ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ ആദ്യപാദത്തില്‍ ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അന്നത്തെ മലയാള പാഠാവലിയിലെ ഒരു കുട്ടിക്കവിതയുടെ തുടക്കമാണത്.ഇന്ന് ഓഫീസിലേക്ക് കാറോടിച്ചു പോകുമ്പോള്‍ വഴിനീളെ ബസ്സ്റ്റോപ്പുകളില്‍ കുഞ്ഞു കുട്ടികള്‍ കൊച്ചു കുടയും കൊച്ചു ബാഗും പിടിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഓര്‍ത്തു പോയതാണീ ശകലം.അതെന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.പുത്തന്‍ നിക്കറും ഷര്‍ട്ടും പുത്തന്‍ കുടയും പുസ്തകങ്ങളുമായി അഛന്റെ കയ്യും പിടിച്ച് സ്കൂളില്‍ ചേരാന്‍ പോയ അക്കാലം.കണ്ണിലും മനസ്സിലും മുഴുവന്‍ പേടിയും പകപ്പുമായിരുന്നു അന്ന്, പരിചയമില്ലാത്ത സ്ഥലം ആളുകള്‍.ക്ലാസിലിരുത്തി അഛന്‍ പുറത്തു പോകുമ്പോള്‍ കരച്ചില്‍ വിതുമ്പി നില്‍ക്കുന്ന തൊണ്ടയോടെ പറഞ്ഞതോര്‍ക്കുന്നു, അഛന്‍ പോകരുത്,പുറത്ത് കാത്തു നില്‍ക്കണമെന്ന്.
              ഒക്കെ പഴയ കഥ.ഇന്നത്തെ കുട്ടികളില്‍ ആ പകപ്പ് കാണാനില്ല പകരം കൌതുകമാണ്.പുതിയ സ്ഥലം പുതിയ കൂട്ടുകാര്‍.അതാണ് എല്‍.കെ.ജി, യു.കെ.ജി, അല്ലെങ്കില്‍ നര്‍സറി,അംഗന്‍‌വാടി ഒക്കെ കഴിഞ്ഞു വരുന്ന കുട്ടികളുടെ ഗുണം.എന്റെ ഒന്നാംക്ലാസിലെ ആദ്യാനുഭവത്തെക്കുറിച്ച് വീണ്ടും ആലോചിച്ചു പോയി.അന്നും ടീച്ചര്‍ കൈയിലൊരു വടിയുമായാണ് ക്ലാസിലെത്തിയത്.എന്നിട്ട് വടി കാണിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു:പഠിക്കാതെ വരുന്ന കുട്ടികളേയും കുസൃതി കാണിക്കുന്ന കുട്ടികളേയും ടീച്ചര്‍ അടിക്കും.കാരണം അവര്‍ ചീത്തകുട്ടികളാണ്.അവര്‍ നല്ല കുട്ടികളാകാന്‍ വേണ്ടിയാണ് ടീച്ചര്‍ അടിക്കുന്നത്. ഇതുകേട്ട് ഒന്നു രണ്ടു പേര്‍ കരയാന്‍ തുടങ്ങുന്നത് കണ്ടു.പിന്നെ ടീച്ചര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും.
                 പിന്നെ അടിയോടടിയാരുന്നു.അടി,പിച്ച്,കിഴുക്ക്,ഇമ്പോസിഷന്‍ എഴുത്ത് തുടങ്ങിയവയുടെ ഘോഷയാത്രയായിരുന്നു പത്താം ക്ലാസ് കഴിയുന്നതു വരെ.പിന്നെ പ്രീഡിഗ്രി.അവിടെ അടിയില്ല, പകരം ഇമ്പോസിഷന്‍ എഴുത്ത്, എണീപ്പിച്ചു നിറുത്തല്‍,പെണ്‍കുട്ടികളുടെ മുന്നില്‍ ആണ്‍കുട്ടികളേയും ആണ്‍കുട്ടികളുടെ മുന്നില്‍ പെണ്‍കുട്ടികളേയും കളിയാക്കി തൊലിയുരിയിച്ചു വിടല്‍ ഇഅവയൊക്കെയായിരുന്നു.അവസാനം കളിയാക്കല്‍ പേടിച്ച് രണ്ടാം വര്‍ഷം ക്ലാസില്‍ കയറിയതേയില്ല.അതുകൊണ്ടെന്തുണ്ടായി? സുന്ദരമായി പ്രീഡിഗ്രി തോറ്റു.പിന്നെ ഡിപ്ലോമ.അന്നേരത്തേക്ക് പഠിക്കാനൊരു തോന്നലൊക്കെ വന്നതുകൊണ്ട് രക്ഷപ്പെട്ടു എന്നു പറയാം.
                          പക്ഷെ ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ അടി പലപ്പോഴും അനാവശ്യമായിരുന്നു എന്ന ചിന്താഗതിക്കാരനാണ് ഞാന്‍.എനിക്കു കിട്ടിയ പല അടികള്‍ക്കു പകരം ഞാനെന്തു തെറ്റാണ് ചെയ്തത് എന്ന് ടീച്ചര്‍ പറഞ്ഞു തന്നിരുന്നെങ്കില്‍ ഈ ഞാന്‍ മറ്റൊരാളായി പോകുമായിരുന്നു.അതുകൊണ്ടു തന്നെ ഞാനെന്റെ മോനെ വളരെക്കുറച്ചു മാത്രമെ അടിച്ചിട്ടൊള്ളു, വഴക്കു പറഞ്ഞിട്ടൊള്ളു.എന്നിട്ടും അവന്‍ - കാലഘട്ടം നല്‍കിയ സൌകര്യങ്ങള്‍ മാറ്റി വച്ചാല്‍ തന്നേയും - എന്നേക്കാള്‍ മിടുക്കനായി. പഠിത്തത്തില്‍ മാത്രമല്ല സമൂഹത്തോട് ഇടപെടുന്നതിലും.(ഇന്നും പൊതു സമൂഹത്തോട് ഇടപെടേണ്ടി വരുമ്പോള്‍ ഞാന്‍ വല്ലാതെ അശക്തനായിപ്പോകും.)അപ്പോള്‍ എനിക്ക് തോന്നി അടിച്ചും പഠിപ്പിക്കാം കുട്ടികളെ അടിക്കാതെയും പഠിപ്പിക്കാം.ഇതിലേതാണ് ശരിയായ മാര്‍ഗം?അപ്പോള്‍ അടുത്ത ചോദ്യം വന്നു, എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം?
                  ഭൂമിയില്‍ മനുഷ്യനല്ലാതെ മറ്റാരും  ഇത്രയും ദീര്‍ഘമായി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കൃത്യമായി വിദ്യാഭ്യാസം ചെയ്യിക്കുന്നില്ല എന്നു കാണാന്‍ കഴിയും.ഒരു ജീവിയും  ലക്ഷങ്ങള്‍ മുടക്കി എഞ്ചിനീയറിംഗ് ,മെഡിക്കല്‍ കോളേജുകളില്‍ തങ്ങളുടെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നില്ല.മനുഷ്യര്‍ മാത്രമാണതു ചെയ്യുന്നത്. എന്നിട്ടുള്ള ഫലമോ? കേരളത്തിന്റെ കാര്യം മാത്രം എടുക്കാം. ഇവിടെ ഓരോ വര്‍ഷവും പഠിച്ചിറങ്ങി വരുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല, എന്നാലോ രോഗങ്ങളും രോഗികളും ആശുപത്രികളും ഇവിടെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.നൂറുകണക്കിന് എഞ്ചിനീയര്‍മാരാണ് ഓരോ വര്‍ഷവും ഇവിടെ പഠിച്ചു പാസ്സായി പുറത്തു വരുന്നത്.എന്നാല്‍ കേരളത്തിനു പറ്റിയ ഒരു റോഡുണ്ടാക്കാന്‍ അവര്‍കാവുന്നുണ്ടോ?, മാന്യമായും സ്വസ്ഥമായും കിടന്നുറങ്ങാന്‍ പറ്റിയ ഒരു വീടുണ്ടാക്കാന്‍ അവരെകൊണ്ടാവുന്നുണ്ടോ?, പുഴയായ പുഴയെയൊക്കെ കൊന്നൊടുക്കുന്നതിന് ഹേതുവായ മണലിനു പകരം വൈക്കാന്‍ പറ്റിയ എന്തെങ്കിലും ഒരുല്‍പ്പന്നം പടച്ചുണ്ടാക്കാന്‍ അവര്‍ക്കാവുന്നുണ്ടോ?,ഒരോ വര്‍ഷവും ആയിരക്കണക്കിന് ഡിഗ്രിക്കാരും പ്രീഡിഗ്രിക്കാരുമാണ് ( പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല വിജയ എന്ന ശ്രീനിവാസന്‍ വചനം ഓര്‍ക്കുക.)കലാശാലകളില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.അവര്‍ തന്നെയാണ് സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നത്.എന്നാല്‍ മാന്യമായി ഏതെങ്കിലും ഒരാപ്പീസില്‍ നിന്നും ഒരു കാര്യം സാധിച്ചു പുറത്തുപോരാന്‍ ആര്‍ക്കെങ്കിലും സാധിക്കുന്നുണ്ടോ?
                  അപ്പോള്‍ വീണ്ടും ചോദിക്കട്ടെ? എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം?

                                       പണ്ടു കാലത്ത് - അതായത് മനുഷ്യന്‍ ഉണ്ടായകാലത്ത് ഇന്നത്തേതു പോലുള്ള പൊട്ടിപ്പൊളിഞ്ഞ സര്‍ക്കാര്‍ സ്കൂളുകളോ അല്ലെങ്കില്‍ വന്‍‌കിട മാനേജ് മെന്റ് സ്കൂളുകളൊ ഇവിടെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല.ഡൊണേഷന്‍ കൊടുക്കുന്നതിന്റേയോ, റ്റൈയും പാന്റും ഷൂവും ധരിച്ച വിദ്യാര്‍ത്ഥികളുടേയും ചുമര്‍ ചിത്രങ്ങളോ ഇതു വരെ ആരും കണ്ടെത്താത്തതുകൊണ്ട് അതൊന്നും അന്നുണ്ടായിരുന്നില്ല എന്ന് നമുക്ക് ധൈര്യപൂര്‍വം അനുമാനിക്കാം.എന്നാലും ഇന്ന് നമ്മള്‍ വിദ്യാഭ്യാസം എന്നു വിളിക്കുന്ന ആ പ്രക്രിയ അവിടേയും നടന്നു കാണില്ലേ?എന്തു പേരിട്ടു വിളിച്ചാലും പുതുതായി കടന്നു വരുന്ന തലമുറക്ക് തങ്ങളുടെ ജീവിതം ഇന്നതാണെന്നു നാം കാട്ടിക്കൊടുത്തെ മതിയാകൂ.അപ്പോ അത് അന്നും അവിടേയും സംഭവിച്ചിട്ടുണ്ടാകണം.പക്ഷെ എങ്ങനെ?
                             എനിക്ക് തോന്നുന്നത് അത് ഇങ്ങനെയായിരിക്കുമെന്നാണ്.കുട്ടികള്‍ ഒരുമാതിരി തിരിച്ചറിവായിക്കഴിഞ്ഞാല്‍, അവര്‍ എല്ലാക്കാര്യങ്ങളിലും മുതിര്‍ന്നവര്‍ക്കൊപ്പം ഉണ്ടായിരിക്കും.ഒരു മൃഗത്തെ വേട്ടയാടുമ്പോള്‍ അതിനൊപ്പവും, ഒരു ശത്രുമൃഗത്തില്‍ നിന്നും ഓടിയൊളിക്കുമ്പോള്‍ അതിനൊപ്പവും, ശത്രു ഗോത്രവുമായി പടവെട്ടുമ്പോള്‍ അതിനൊപ്പവും അവരുണ്ടായിരിക്കും.ആദ്യമാദ്യം മുന്നില്‍ നിന്ന അവരെ പിന്നീട് തിരിച്ചറിവിന്റെ പേരില്‍ പിന്നണിയിലേക്ക് മാറ്റിക്കാണുമെങ്കിലും മുതിര്‍ന്നവരോടൊപ്പം ജീവിതം പങ്കിടാന്‍ കുട്ടികളുമുണ്ടായിരിക്കും. ഒരു തരത്തില്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് ഇതാവശ്യമായിരുന്നു.എല്ലാവരും ഒത്തൊരുമിച്ച് അദ്ധ്വാനിച്ച് അതിന്റെ പങ്ക് ഒന്നിച്ച് പങ്കുവൈച്ച് കിട്ടുന്നതു കൊണ്ടോണം പോലെ കഴിഞ്ഞിരുന്നു അവര്‍.ഇതു കൊണ്ട് രണ്ടാണ് ഗുണം.ഒന്നാമതായി പ്രാക്ടിക്കലായി പഠിക്കുന്നു കാര്യങ്ങള്‍, ഏറ്റവും വലിയ പഠിപ്പ്. രണ്ടാമതായി സമൂഹം മുഴുവന്‍ മുഴുകിയിരിക്കുന്ന ഉല്‍പ്പാദനപ്രക്രിയയില്‍ ഭാഗഭാക്കാവുക എന്ന ഏറ്റവും മഹത്തരമായ കര്‍ത്തവ്യം.പ്രാകൃത കമ്യൂണിസമെന്നാണ് ചരിത്രം ഈ കാലഘട്ടത്തിനെ വിളിക്കുന്നത്.
                       എന്നാല്‍ പതുക്കെ പതുക്കെ ഈ സംബ്രദായം അസ്തമിച്ചു.പല പല കാരണങ്ങള്‍ ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണം വേട്ട മൃഗത്തെച്ചൊല്ലിയോ വേട്ടസ്ഥലത്തെച്ചൊല്ലിയോ ഉള്ള ഗോത്രങ്ങള്‍ തമ്മിലുണ്ടായ രൂക്ഷമായ പോരാട്ടം.ജയിച്ചവര്‍ തോറ്റവരെ ആദ്യമെല്ലാം കൊന്നൊടുക്കിയെങ്കിലും പിന്നീട് തോറ്റവരെ അടിമകളാക്കി പണിയെടുപ്പിക്കാന്‍ ഉപയോഗിക്കാന്‍ തുടങ്ങി.അങ്ങനെ ചരിത്രത്തിലാദ്യമായി സമൂഹം വര്‍ഗങ്ങളായി അടിമ - ഉടമ സമൂഹം വേര്‍തിരിഞ്ഞു.അടിമകളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ തുടങ്ങിയതോടെ ഉടമ വര്‍ഗം അദ്ധ്വാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങി.സമൂഹത്തിന്റെ ഉല്പാദനപ്രക്രിയയില്‍ നേരിട്ടിടപെടാത്ത ഒരു വര്‍ഗം ഉയര്‍ന്നു വന്നു - ഉടമകള്‍.ഈ സംബ്രദായം വന്നപ്പോള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിനും മാറ്റം വന്നു.ആദ്യകാലത്ത് എല്ലാവരും അധ്വാനിക്കണം ജീവിക്കാന്‍ എന്ന ധാരണ പകര്‍ന്നുകൊടുത്തുകൊണ്ടിരുന്ന ( അബോധമായിട്ടാണെങ്കിലും) വിദ്യാഭ്യാസം അടിമ വ്യവസ്ഥയായപ്പോള്‍ എങ്ങനെ ഉടമകള്‍ക്ക് സ്വന്തമായി സുഖമായി ജീവിക്കാന്‍ കഴിയുമെന്ന് ഉടമകളും, ഉടമകളുടെ മര്‍ദ്ദനവും കൊടിയ അദ്ധ്വാനവും ആണെങ്കിലും എങ്ങനെ മരിക്കാതിരിക്കാം എന്ന് അടിമകളുടെ വിദ്യാഭ്യാസവും വഴിമാറി.എന്നു വച്ചാല്‍ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ സംബ്രദായത്തിലും മാറ്റം വന്നു എന്നതാണ്, അതായത് സാമൂഹ്യവ്യവസ്ഥയെ നിലനിര്‍ത്താന്‍ പാകത്തിലുള്ള വിദ്യാഭ്യാസസംബ്രദായമാണ് നില നിര്‍ത്തുന്നത് എന്നര്‍ത്ഥം.
                 അതിനു ശേഷം വന്ന ഏതൊരു സാമൂഹ്യ സ്ഥിതി പരിശോധിച്ചാലും( ഫ്യൂഡല്‍, മുതലാളിത്ത) ആ സാമൂഹ്യവ്യവസ്ഥിതിയെ നിലനിറുത്താന്‍ പാകത്തിനുള്ള വിദ്യാഭ്യാസസംബ്രദായം നില നിറുത്തിക്കൊണ്ടുപോരാന്‍ സമൂഹത്തിലെ അധീശശക്തികള്‍ ശ്രദ്ധിച്ചിരുന്നു.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തങ്ങള്‍ക്കനുകൂലമായ വിദ്യാഭ്യാസസംബ്രദായം വളര്‍ത്തിക്കൊണ്ടുവരാന്‍ ഉല്‍പ്പാദനോപകരണങ്ങള്‍ കൈവശം വൈക്കുന്നവര്‍ ശ്രദ്ധിച്ചിരുന്നു.കാരണം അവര്‍ക്കാവശ്യം സമൂഹത്തിലെ എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കി സമൂഹത്തിനെ മൊത്തത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരിക എന്നല്ല, പിന്നയോ തങ്ങളുടെ അധീശത്വം നിലനിറുത്താന്‍ പറ്റിയ വിദ്യാഭ്യാസം നല്‍കുക എന്നാണ്.
                 ബൃഹത്തായ നമ്മുടെ ഇന്‍ഡ്യാമഹാരാജ്യത്തിന്റെ കാര്യം തന്നെ നോക്കാം.നമ്മുടെ രാജ്യത്തെ 75% ജനങ്ങളും ഇന്നും നിരക്ഷരരാണെന്നറിയുമ്പോഴാണ് സമൂഹത്തിലെ ഉല്പാദനോപകരണങ്ങള്‍ കൈയാളുന്നവരുടെ ശക്തി എത്രത്തോളമാണെന്ന് നാമറിയുന്നത്.നമ്മുടെ സംസ്ഥാനത്ത് 100 % സാക്ഷരതയുള്ളപ്പോഴാണ് തൊട്ടടുത്ത തമിഴ്‌നാട്ടില്‍ 45% സാക്ഷരത എന്നോര്‍ക്കുക.ഉത്തരേന്‍ഡ്യയിലേക്ക് ചെന്നാല്‍ പല സംസ്ഥാനങ്ങളിലും 20 % വരെയാണ് സാക്ഷരത എന്നോര്‍ക്കുക.(സ്വന്തം പേരും വിലാസവും എഴുതാന്‍ നിങ്ങള്‍ക്കറിയാമോ, എന്നാല്‍ നിങ്ങള്‍ സാക്ഷരനായി!എങ്ങനെയുണ്ട് കാര്യങ്ങള്‍?)ഇതാണ് നമ്മുടെ ഇന്‍ഡ്യാമഹാരാജ്യത്തിലെ സാക്ഷരതാ നിലവാരം.ഇതെന്തുകൊണ്ട്? ഏറ്റവും ആദ്യം പേരുപറയേണ്ട കുറ്റവാളി സമൂഹത്തിലെ അധികാരശക്തികളെത്തന്നെയാണ്.കാരണം ജനത്തിലെ ബഹുഭൂരിപക്ഷവും അജ്ഞതയില്‍ നില നിന്നാല്‍ മാത്രമേ അവര്‍ക്ക് ചൂഷണം അഭംഗുരം നടത്താനാവൂ.അതുകൊണ്ടുതന്നെ ശരിയായ വിദ്യാഭ്യാസം നല്‍കാനവര്‍ മടിക്കും.
             ഇവിടെയാണ് ബദല്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉയര്‍ന്നു വരുന്നത്.ഈ ബദലിനു വേണ്ടിയുള്ള അന്വേഷണം എല്ലാ രാജ്യങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഏറ്റവും ശരിയായി നടന്നത് ബ്രസീലിലാണെന്ന് പറയാം.(പൌലോ ഫ്രെയറുടെ പെഡഗോഗി ഒഫ് ദി ഒപ്രെസ്ഡ് നോക്കുക.) കേരളത്തിനു പറ്റിയ ഒരു ബദല്‍ കണ്ടെത്തുന്നതില്‍ നാം വിജയിച്ചു വരികയാണെന്നു തോന്നുന്നു.ഒരു കാലത്ത് വളരെ നല്ല രീതിയില്‍ നടക്കുകയും വിദ്യാസമ്പന്നമായ ഒരു നല്ല നാടിനെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച നമ്മുടെ പൊതുവിദ്യാലയങ്ങള്‍ കാലക്രമേണ നശിക്കാന്‍ തുടങ്ങുകയും ഒരു വലിയ പരിധി വരെ ഇവ അടച്ചു പൂട്ടുകയും ചെയ്തിരുന്നു.പകരം ഇംഗ്ലീഷ് മീഡിയം അണ്‍ ഐഡഡ് സ്കൂളുകള്‍ ഇവിടെ കൂണുകള്‍ പോലെ പൊങ്ങി വരുകയും ചെയ്യാന്‍ തുടങ്ങി.സ്വന്തം വീടു വിറ്റിട്ടാണെങ്കിലും ശരി സ്വന്തം മക്കളെ ഉയര്‍ന്ന ഡോണേഷന്‍ കൊടുത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിപ്പിക്കുന്നതൊരന്തസ്സ് ആയി സാധാരണക്കാര്‍ പോലും കാണാന്‍ തുടങ്ങി.പിന്നെ നടന്നതും നടക്കുന്നതും മുഴുവന്‍ നമ്മുടെ കണ്മുന്നില്‍ത്തന്നെയായതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.എന്നാല്‍ ഇന്നാ സ്ഥിതി മാറി വരുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്.പൂര്‍ണമായും മാറിയില്ലെങ്കിലും പതുക്കെ പതുക്കെ മാറ്റത്തിന്റെ കാറ്റ് അടിക്കാന്‍ തുടങ്ങിയിരിക്കുന്നു.സാധാരണ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വവും ഉത്സാഹവും കാണിക്കുന്നു എന്നത് പ്രശംസാര്‍ഹമായ കാര്യമാണ്.ആ ഒരു മാറ്റത്തിനു കാരണമായത് സിലബസ്സില്‍ വന്ന മാറ്റവും പഠിപ്പിക്കുന്നതില്‍ വന്ന വ്യത്യാസവും ആണ് എന്നാണ് തോന്നുന്നത്.പഠനം പുസ്തകത്തെ ചുറ്റിപറ്റി നിന്നിടത്തു നിന്ന്,അധ്യാപകരെ കേന്ദ്രീകരിച്ചു നിന്നിടത്തുനിന്ന് കുട്ടികളെ കേന്ദ്രമാക്കി ആയി മാറി എന്നതാണ് ആ മാറ്റത്തിനു കാരണം.അധ്യാപകനു വേണ്ട ഉത്തരം കിട്ടാതെ വരുമ്പോള്‍ വിദ്യാര്‍ത്ഥിയെ അടിക്കുന്നു,പിച്ചുന്നു,കിഴുക്കുന്നു,ഇമ്പോസിഷന്‍ എഴുതിക്കുന്നു എന്നതില്‍ നിന്നും മാറി വിദ്യാര്‍ത്ഥിയെ അവന്റെ കാഴ്ച്ചപ്പാടില്‍ നിന്നികൊണ്ട് പതുക്കെ പതുക്കെ ശരിയിലേക്കെത്തിക്കുക എന്ന ശരിയായ മാര്‍ഗത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുകയാണ്.
               ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചും അവിടത്തെ കാലാവസ്ഥയെക്കുറിച്ചും പഠിക്കുന്നതിനുമുന്‍പ് നമ്മുടെ ചുറ്റുപാടിനെക്കുറിച്ചും മറ്റും പഠിക്കുന്ന ആ ശരിയായ രീതി നമ്മുടെ പൊതു വിദ്യാലയങ്ങളിലെത്തുന്നു.അങ്ങനെ നാമിലേക്കും നമ്മുടെ ജീവിതത്തിലേക്കും വിദ്യാഭ്യാസം ഇടപെടാന്‍ തുടങ്ങും.കുറച്ചു കഴിയുമ്പോള്‍ ജീവിതം തന്നെ വിദ്യാഭ്യാസമായി മാറുന്ന കാലം വരും.അന്ന് അതു കാണാന്‍ ഞാനുണ്ടാകില്ല, പക്ഷെ ഇന്ന് കലപില കൂട്ടി സ്കൂളുകളിലേക്ക് പോകുന്ന നമ്മുടെ കൊച്ചുമക്കളുണ്ടാകും അതു കാണാന്‍.
 വാല്‍ക്കഷണം:- കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി എന്‍‌‌ട്രന്‍സ് പരീക്ഷയില്‍ മുന്നിലെത്തുന്നവരില്‍ അധികവും പൊതു സിലബസ്സില്‍ പൊതുസ്കൂളുകളില്‍ പഠിച്ചു വരുന്നവരാണത്രെ.
                    
Post a Comment