താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ ...............................

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഒന്നാം യു പി എ ഗവണ്മെന്റിന് ഇന്നേവരെ ജനോപകാരപ്രദമായ നടപടികള്‍ എടുക്കുന്നതില്‍ നിന്നും ഇടതുപക്ഷം കൂച്ചുവിലങ്ങിട്ട് നിരുത്തിയിരിക്കുകയായിരുന്നു,എന്നാല്‍ ഇത്തവണ അവരുടെ ശല്യം ഉണ്ടാകില്ല എന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും രണ്ടാം യു പി എ ഗവണ്മെന്റ് അധികാരത്തില്‍ വന്ന ആദ്യനാളുകളില്‍ത്തന്നെ അതിന്റെ നായകനും പ്രധാനമന്ത്രിയുമായ ശ്രീ.മന്‍‌മോഹന്‍‌സിങ്ങ് പ്രസ്താവിക്കുകയുണ്ടായി.ആ സമയം അദ്ദേഹത്തിന്റെ ശരീരഭാഷ പരമമായ സന്തോഷത്തിന്റേതായിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയത്. ഈ പ്രസ്താവനയോടെയാണ് ഇടതുപക്ഷം കാണിച്ചുകൂട്ടിയിരുന്ന അതിക്രമത്തെക്കുറിച്ച് ഇന്‍ഡ്യന്‍ ജനത ബോധവാന്മാരായത്.
                             അങ്ങനെ ഇടതുപക്ഷത്തിന്റെ ശല്യം ഇല്ലാത്ത ഒരു ഗവണ്മെന്റ് ഇന്‍ഡ്യയില്‍ സ്ഥാപിക്കുന്നതില്‍ ശ്രി.മന്‍‌മോഹന്‍‌സിങ്ങ് വിജയിച്ചു.പിന്നീട് അദ്ദേഹവും അദ്ദേഹത്തിന്റെ മന്ത്രിമാരും ജനോപകാരപ്രവര്‍ത്തനങ്ങളുടെ പടയോട്ടം തന്നെയായിരുന്നു.ഏതാനും ചില സാമ്പിളുകള്‍ വായനക്കാര്‍ക്കുവേണ്ടി താഴെ കൊടുക്കുന്നു.ആദ്യമായി പുറത്ത് ജനം അറിഞ്ഞ ഒരു ജനോപകാരപ്രദമായ പരിപാടിയായിരുന്നു  2 ജി സ്പെക്ട്രം അഴിമതി.ടെലികോം വകുപ്പിന്റെ 2ജി സ്പെക്ട്രം വില്‍പ്പനയിലൂടെ ഗവണ്മെന്റിനു കിട്ടേണ്ടിയിരുന്ന ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തി എന്ന് ആദ്യം കേട്ടത് പിന്നീട് 1.96 ലക്ഷം കോടിയായി കൂടിയിരിക്കുന്നു.ഇതിനു കമ്മീഷനായി കിട്ടിയ തുക കോണ്‍ഗ്രസ്സിലേയും ദ്രാവിഡ മുന്നേറ്റ കഴകത്തിലേയും മന്ത്രിമാരും പത്രക്കാരും കൂടി വീതം വച്ചെടുത്തു എന്നതാണ് രണ്ടാം യു പി എ ഗവണ്മെന്റിന്റെ ആദ്യ ജനോപകാരപ്രവൃത്തിയായി രേഖപ്പെടുത്തിയത്.ഈ കേസില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനല്ല പകരം പ്രധാനമന്ത്രിയുടെ  ഓഫീസ് കൂടി ഉള്‍പ്പെട്ടതായി തെളിവുകള്‍ വന്നിട്ടും കുറ്റക്കാരെ രക്ഷിക്കുന്നതിനുള്ള നടപടിയാണ് പ്രധാനമന്ത്രി കൈക്കൊള്ളുന്നത്.

                                                                                                                      പിന്നീട് വന്ന മറ്റൊരു ജനോപകാരപ്രവര്‍ത്തനമായിരുന്നു കോമണ്‍‌വെല്‍ത്ത് കൊള്ള.അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ പ്രാവശ്യം ഇന്‍ഡ്യയില്‍ വച്ചു നടത്താന്‍ തീരുമാനിക്കുന്നു.കോമണ്‍‌വെല്‍ത്ത് രാഷ്ട്രങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ഒരു വലിയ സ്പോര്‍ട്സ് മാമാങ്കമാണ് സംഗതി.ഇതിനു വേണ്ടി ഡല്‍ഹിയില്‍ നടത്താനിരുന്ന ബഹുകോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു കോണ്‍ഗ്രസ് കേന്ദ്രനേതാവിനെ ഏല്‍പ്പിക്കുകയും അദ്ദേഹമതിന്റെ ബഹുഭൂരിപക്ഷവും വെട്ടിച്ച് സ്വന്തമാക്കുകയും ചെയ്തു.സ്പോര്‍ട്സ് നടക്കുന്നതിനു വളരെക്കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു നടപ്പാലം ഇടിഞ്ഞു വീണത് വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.
                                                  അതുപോലെ തന്നെ പണ്ട് കാര്‍ഗിലില്‍ യുദ്ധം നടന്നപ്പോള്‍ മരിച്ചുപോയ പട്ടാളക്കാരുടെ വിധവകള്‍ക്ക് നല്‍കാനായി മുംബേയില്‍ ആദര്‍ശ് എന്ന പേരില്‍ ഫ്ലാറ്റ് നിര്‍മിക്കാന്‍ തീരുമാനിക്കുന്നു.ഇത്രയും നല്ല ഒരു കാര്യത്തിനായതിനാല്‍ ഇതിനു പിന്നില്‍ നടന്ന ചില നിയമലംഘനങ്ങള്‍ അധികാരികള്‍ കണ്ണടക്കുന്നു.(അധികാരികളുടെ കാഴ്ചക്കുറവിനു പിന്നില്‍ മറ്റു ചിലതുകൂടിയുണ്ടായിരുന്നു എന്ന് പിന്നീടാണ് പുറത്തു വന്നത്.)നിരോധിത മേഘലയില്‍ കെട്ടിടം പണിയുക,അനുവദനീയമായതിനേക്കാള്‍ ഉയരത്തില്‍ കെട്ടിടം പണിയുക എന്നിവയൊക്കെ മറക്കപ്പെട്ടു ( അതോ മറയ്ക്കപ്പെട്ടോ).ഏതായാലും ഫ്ലാറ്റ് പണി പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അവിടെ താമസിക്കാനെത്തിയത് വിധവകളോ അവരുമായി ബന്ധപ്പെട്ടവരോ അല്ല,പകരം കേന്ദ്രത്തില്‍ പിടിപാടുള്ള നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരുമാണ്.
                                                                                                                    ഇതിനിടയിലാണ് മറ്റൊരു വാര്‍ത്ത പുറത്തുവന്നത്.സാധാരണ, ഇലക്ഷനില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ആ പാര്‍ട്ടി നേതാക്കന്മാരും മെംബറന്മാരും കൂടിയിരുന്നായിരിക്കും മന്ത്രിമാരെ തീരുമാനിക്കുക.എന്നാല്‍ രണ്ടാം യു പി എ യില്‍ നടന്നത് അതല്ല.ഓരോ കോര്‍പറേറ്റ് തലവന്മാരും അവര്‍ക്ക് താല്പര്യമുള്ളവരെ മന്ത്രിമാരാക്കാനായി ഇടനിലക്കാരെ ഉപയോഗിച്ചു എന്നതാണ് സ്തോഭജനകമായ സംഭവം.ജനങ്ങള്‍ തിരഞ്ഞെടുത്തു ജയിപ്പിച്ചു വിട്ടാല്‍‌പിന്നെ അവരുടെ ആവശ്യം കഴിഞ്ഞു, ബാക്കി കോര്‍പറേറ്റുകാര്‍ നോക്കിക്കൊള്ളും എന്നതായി സ്ഥിതി.എന്നു വച്ചാല്‍ സാധാരണക്കാര്‍ക്ക് യാതൊരു സ്വാധീനവും ഇല്ലാത്ത മന്ത്രി സഭ. കോര്‍പറേറ്റുകളുടെ സ്വാധീനം വൃഥാവിലായില്ല.ആദ്യ ബഡ്ജറ്റില്‍ത്തന്നെ ഗവണ്മെന്റ് അവര്‍ക്കൊരു പാരിതോഷികം നല്‍കി, 89000 കോടി രൂപയുടെ ഇളവുകള്‍.അതോടൊപ്പം നാട്ടിലെ സാധാ‍രണക്കാര്‍ക്കും കിട്ടി സമ്മാനം, ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അധികനികുതിബാദ്ധ്യത.
                                                    ഇപ്പോളീ ഗവണ്മെന്റിന്റെ ജനപക്ഷത മനസ്സിലായില്ലെ.ഇനിയും ബോധ്യമായില്ലെങ്കില്‍ മറ്റൊരുദാഹരണംകൂടിപ്പറയാം.നാളിതുവരെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിച്ചുകൊണ്ടിരുന്നത് ഗവണ്മെന്റാണ്.എന്നാല്‍ റിലയന്‍സ് പൊലുള്ള കുത്തകകളെ സന്തോഷിപ്പിക്കാനായി വില നിശ്ചയിക്കാനുള്ള അധികാരം അവര്‍ക്ക് തന്നെ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുന്നു, എന്നാല്‍ ഇടതുപക്ഷമെന്ന ക്രൂരനയ വഞ്ചകന്മാരുടെ നടപടികള്‍മൂലം ഇത് നടത്താന്‍ പറ്റാതായിരിക്കുകയായിരുന്നു.രണ്ടാം യു പി എ ഗവണ്മെന്റ് വന്നയുടന്‍ ആദ്യം ചെയ്തത് വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുക്കലാണ്.ഫലമോ, അന്ന് 37 രൂപയുണ്ടായിരുന്ന പെട്രോളിന് ഇന്നത്തെ വില 69 രൂപ. 
                                                                                                                                            (പണ്ട് പിണറായി വിജയന്‍ 335 കോടി രൂപയുടെ ഇല്ലാത്ത അഴിമതി കാണിച്ചു എന്നു പറഞ്ഞ് ഇല്ലാത്ത പുകിലെല്ലാമുണ്ടാക്കിയ ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും ആകട്ടെ ഇതു കണ്ട മട്ടു വൈക്കുന്നില്ല.)ഇനി ഇതിനെതിരെ ശബ്ദമുയര്‍ത്തി ജനങ്ങളുടെ അവകാശം സംരക്ഷിക്കേണ്ട പ്രതിപക്ഷകക്ഷികളുടെ നില എന്താണെന്നു നോക്കാം.രാജ്യത്തെ ശക്തമായ പ്രതിപക്ഷമായ ബി ജെ പി യാകട്ടെ ഇത്തരം കാര്യങ്ങളില്‍ ഇവരുടെ സ്വഭാവം തന്നെ സംശയാസ്പദമാണ്.പലകാര്യങ്ങളിലും ജനങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങളെടുക്കാതെ അവര്‍ നടത്തുന്ന ഒളിച്ചു കളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.അവര്‍ക്കതിനേ കഴിയൂ, കാരണം ഇന്‍ഡ്യന്‍ ബൂര്‍ഷ്വാസിയുടെ വര്‍ഗീയാധിഷ്ഠിതമായ ഒരു മുഖമാണ് തീര്‍ച്ചയായും ബി ജെ പി.
                                                                                                                     ഇനിയുള്ളത് കുറെ സംസ്ഥാനപാര്‍ട്ടികളാണ്.സ്വന്തം സംസ്ഥാനമാണ് ഈരേഴു പതിനാലു ലോകവും എന്ന് ധരിച്ച് വശായിരിക്കുന്ന അവര്‍ക്ക് സ്വന്തം സംസ്ഥാനത്തിനപ്പുറം മറ്റൊന്നും തന്നെയില്ല.അവരെ സംബന്ധിച്ചിടത്തോളം സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും അവര്‍ക്കും അവരുടെ സംസ്ഥാനത്തിനും വേണ്ടി മാത്രമാണ്.ഒരപ്പക്കഷണത്തിനു വേണ്ടി ഇടത്തോട്ടും വലത്തോട്ടും ചായുന്ന അവരെ സംബന്ധിച്ചിടത്തോളം ജനം എന്നത് വോട്ട് ചെയ്തു ജയിപ്പിച്ചു തരുന്ന യന്ത്രം മാത്രം.ഇത്തരം വാലുകുലുക്കി പക്ഷികളാണ് പ്രാദേശിക കക്ഷികള്‍.(വടക്കു പാലാ മുതല്‍ തെക്കു പാലാ വരെ നീണ്ടു കിടക്കുന്ന ഒരു മഹാരാജ്യത്തിന്റെ അധിപനായ മാണിച്ചായനേയും മലപ്പുറം എന്ന മഹാരാജ്യത്തിന്റെ മുടിച്ചൂടാ ചക്രവര്‍ത്തികുടുംബമായ ലീഗ്ഗിനേയും ഓര്‍ക്കുക.)
 ഈയൊരു സാഹചര്യത്തിലാണ് ഇടതുപക്ഷം നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്.പ്രാദേശികകക്ഷികളെ ഒരുമിപ്പിച്ച് ഒരു മുന്നണിയുണ്ടാക്കി യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുനിന്നുകൊണ്ട് കേന്ദ്രഗവണ്മെന്റിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാടാന്‍ ഇടതുപക്ഷം പലപ്രാവശ്യം ശ്രമിച്ചിട്ടുണ്ട്.എന്നാല്‍ നേരത്തേ പറഞ്ഞ ഈഗോ പ്രശ്നങ്ങള്‍ പ്രാദേശികകക്ഷികളെ ഒരുമിക്കുന്നതില്‍ നിന്നും തടസ്സപ്പെടുത്തുന്നു.പിന്നെ ഇടതു പക്ഷത്തിനാണേങ്കില്‍ അവരുടേ ആദര്‍ശങ്ങളും പരിപാടിയും ഉണ്ട്.അത് ബലി കൊടുത്തുകൊണ്ടൂള്ള ഒരൊത്തു തീര്‍പ്പിനും അവര്‍ തയ്യാറാവുകയും ഇല്ല.അതുകൊണ്ടു തന്നെ തൊഴിലാളികളേയും കര്‍ഷകരേയും കര്‍ഷകതൊഴിലാളികളേയും സാധാരണ ജനങ്ങളേയും ഒന്നിച്ചണിനിരത്തി ഒരന്തിമസമരം നയിക്കാന്‍ ഇനിയും സമയം എടുക്കും.പക്ഷെ അതായിരിക്കും ഇന്നത്തെ ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസിനും ബി ജെ പിക്കുമുള്ള മറുപടി.
                          എന്നു വച്ചാല്‍ ഇന്നത്തെ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷത്തിനുള്ള ഇടം ഒഴിഞ്ഞു കിടക്കുകയാണ്.അവിടേക്ക് ഊതിവീര്‍പ്പിച്ചൊരു ബലൂണ്‍ പോലെ വീര്‍ത്ത് കടന്നു ചെല്ലാന്‍ ഇടതുപക്ഷം സ്വയം ആഗ്രഹിക്കുന്നില്ലാ.അപ്പോള്‍ ആ ഒഴിവിലേക്ക് അബോധമായിട്ടെങ്കിലും തിരുകാന്‍ ശ്രമിക്കുകയാണ് അണ്ണാ ഹസാരെ,ബാബ ധൂം ദേവ് പോലുള്ള അഴിമതി വിരുദ്ധര്‍.എന്താണ് അണ്ണാ ഹസാരെയുടെ കുഴപ്പം.അദ്ദേഹം നല്ലൊരു സാമൂഹ്യപരിഷ്കര്‍ത്താവാണ്.എന്നാല്‍ ഇന്നുവരേയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത് അദ്ദേഹം ഭാരതത്തിലെ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തിയിട്ടില്ല എന്നാണ്.സമരകാലത്തും അതിനു ശേഷവും അതിനു മുന്‍പും അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകള്‍ നമുക്ക് കാണിച്ചു തരുന്നത് അതാണ്.
                                                                          ബാബാ ധൂം ദേവാണെങ്കിലോ,അദ്ദേഹം ഇന്റര്‍നാഷണലായി അറിയപ്പെടുന്ന ഒരു യോഗാധ്യാപകനാണ്.എന്നാല്‍ നാമറിയുന്ന മറ്റ് യോഗാദ്ധ്യാപകരില്‍ നിന്നും വ്യത്യസ്ഥമായി ശരിക്കും യോഗമുള്ള ഒരദ്ധ്യാപകനാണദ്ദേഹം.തന്റെ യോഗക്ലാസില്‍ മുന്‍ ബഞ്ചിലിരിക്കുന്നവരില്‍ നിന്നും അദ്ദേഹം പിരിക്കുന്ന ഫീസ് അന്‍പതിനായിരം രൂപയാണെങ്കില്‍ തൊട്ടുപുറകിലെ ബഞ്ചുകാരോട് നാല്പതിനായിരവും ഏറ്റവും പുറകിലെ ബഞ്ചുകാരില്‍ നിന്നും പതിനായിരം രൂപയുമാണദ്ദേഹം വാങ്ങുന്നത്.നോക്കൂ, അഴിമതിക്കെതിരേ സന്ധിയില്ലാ സമരം ചെയ്യാന്‍ ഇത്രയും നല്ലൊരാളെ കിട്ടാനുണ്ടോ?ഇന്‍ഡ്യയിലും വിദേശങ്ങളിലും അദ്ദേഹത്തിന് നിരവധി സ്വത്തുക്കളും ഉണ്ടത്രേ.അണ്ണാ ഹസ്സാരേക്ക് പിന്തുണയായി നിരവധി കോര്‍പറേറ്റുകളാണുണ്ടായതെങ്കില്‍ ഇവിടെ സഹായത്തിന് ഒളിഞ്ഞും തെളിഞ്ഞൂം ആര്‍ എസ്സ് എസ്സ് ബി ജെ പി പ്രവര്‍ത്തരാണുണ്ടായത്.എന്നാല്‍ ബി ജെ പിക്കാരും രാം ദേവും ഇത് സമ്മതിക്കുന്നില്ലെന്നു മാത്രം.ഇനി മറ്റൊരു തമാശ കേള്‍ക്കുക, സമരം ശനിയാഴ്ച രാവിലെ തുടങ്ങി രാത്രി അദ്ദേഹം പത്രക്കാരെ അറിയിക്കുന്നു തന്റെ ആവശ്യങ്ങളെല്ലാം ഗവണ്മെന്റ് അംഗീകരിച്ചെന്നും അതു കൊണ്ട് സമരം അവസാനിപ്പിക്കുകയാണെന്നും.എന്നാല്‍ ഗവണ്മെന്റ് വൃത്തങ്ങള്‍ പറയുന്നു, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ തങ്ങള്‍ വെള്ളിയ്യാഴ്ച രാത്രി തന്നെ അംഗീകരിച്ചെന്ന്.ഇദ്ദേഹമാണ് അഴിമതിക്കെതിരെ സമരം ചെയ്യുന്നത്.
                                                                                                                                                         നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ വളരെ വലുതാണ് ഭീകരരൂപമാര്‍ന്നവയാണ്.ഭരണാധികാരികളും സാധാരണജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ഛിച്ച് മൂര്‍ഛിച്ച് വരികയാണ്.അതൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ച് വന്നുകൊണ്ടിരിക്കുന്നു.അവക്കെതിരേ ഒരേയൊരു പ്രതിവിധിയേയുള്ളു.ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ അണിനിറുത്തി സമരം ചെയ്യുക എന്ന വഴി മാത്രം.അതിനായുള്ള ജനവികാരം വളര്‍ത്തിയേടുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ ശരിയായ രാഷ്ട്രീയപ്രവര്‍ത്തനം.അതു ചെയ്യാതെ അഴിമതിക്കെതിരെ നടക്കുന്ന ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഈ വൈരുദ്ധ്യം വര്‍ദ്ധിക്കാതെ കാക്കുന്ന സേഫ്ടി വാല്‍‌വുകളായി മാറുകയാണ് ഫലത്തില്‍.അതുകൊണ്ടുതന്നെ ഇത്തരം ഒറ്റയാള്‍ പോറാട്ടങ്ങള്‍ ജനവികാരത്തെ തണുപ്പിക്കുന്നതിനായിരിക്കും ഇടവരുത്തുക.
                                                               ഏതായാലും ഇടതുപക്ഷത്തിനു വേണ്ടിയുള്ള സ്പേസില്‍ ആണ് ഇത്തരക്കാര്‍ കയറിക്കളിക്കുന്നത്.ഇങ്ങനെ ചെയ്യുന്ന തങ്ങള്‍ പ്രശ്നങ്ങള്‍ മൂര്‍ഛിപ്പിക്കാനല്ലാതെ ഒരിക്കലും ജനങ്ങള്‍ക്കനുകൂലമായ തീരുമാനം ഉണ്ടാക്കാനവര്‍ക്ക് കഴിയില്ലെന്നതാണ് വാസ്തവം.
Post a Comment