അതിരാത്രത്തിന്റെ യജമാനന്‍ |
ഹിന്ദു വേതിക ശ്രൌകപാരംബര്യത്തിലേ ഏറ്റവും ഉയര്‍ന്നതും ബുദ്ധിമുട്ടേറിയതുമായ യാഗമാണത്രെ അതിരാത്രം.ലോകത്തില്‍ നിലനില്‍ക്കുന്നതില്‍ വച്ചേറ്റവും പുരാതനമായ ഒന്നാണ് അതിരാത്രം.കേരളത്തിലെ തന്നെ വളരെക്കുറച്ചു കുടുംബങ്ങള്‍ക്കു മാത്രമേ ഇതു നടത്താനുള്ള അധികാരമുള്ളതത്രെ.1975 ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് , ബര്‍ക്കിലി സര്‍വകലാശാലകളും ഫിന്‍ലാന്റിലെ ഹെത്സിങ്കി സര്‍വകലാശാലയും മുന്‍കയ്യെടുത്ത് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ എന്ന ഗ്രാമത്തില്‍ അതിരാത്രം നടത്തിയിരുന്നു.17 പണ്ഡിതന്മാര്‍ 12 ദിവസമെടുത്ത് വിശദമായ പൂജാതര്‍പ്പണങ്ങളും ,മന്ത്രജപവും ഒക്കെയായി നടത്തുന്ന ഒന്നാണത്രെ അതിരാത്രം.ലക്ഷക്കണക്കിനു രൂപയും ഇതിനു ചിലവാകുമത്രെ.ഈ യാഗവുമായി ബന്ധപ്പെട്ട് നടന്ന പ്രധാനപ്പെട്ട ഒരു സംഭവം, ഈ യാഗത്തില്‍ ഒരു മൃഗത്തെ ബലി നല്‍കുന്ന ഏര്‍പ്പാടുണ്ട്.ബലിമൃഗത്തിന്റെ നവദ്വാരങ്ങളും അടച്ചു പിടിച്ച് അതിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം അതിന്റെ പ്രധാന ആന്തരാവയവങ്ങളായ കരള്‍,മുതലായവ ചൂഴ്ന്നെടുത്ത് യാഗാഗ്നിയില്‍ ഹോമിക്കുക എന്നതാണ് അത്.ഈ സംഭവം പുറത്തുവന്നപ്പോള്‍തന്നെ ,ആദ്യം മുതലേ ഈ യാഗത്തെ എതിര്‍ത്തുപോന്നിരുന്ന നമ്മുടെ സാംസ്കാരീകനായകര്‍ അവരുടെ എതിര്‍പ്പ് ഒന്നുകൂടി ശക്തമാക്കുകയും അവസാനം യാഗക്കാര്‍ യഥാര്‍ത്ഥത്തിലുള്ള ബലിമൃഗത്തിനു പകരം അരിമാവുകൊണ്ടുണ്ടാക്കിയ ഒരു മൃഗത്തില്‍ പ്രതീകാത്മകമായ ബലിയാക്കി ആ ചടങ്ങ് മാറ്റി.തന്നേയുമല്ല പുരോഗമന ചിന്താഗതിക്കാരായ നിരവധി ആളുകള്‍ കാലം ചെയ്ത ആചാരമായ ഈ യാഗത്തിന്റെ ഉയീര്‍ത്തെഴുനേല്‍പ്പിനെതിരെ ശബ്ദമുയര്‍ത്തുകയും അനവധി ആളുകള്‍ അവരോടൊപ്പം അണിചേരുകയും ചെയ്തു എന്നുളളതാണ്.ഇതിനു മറുപടിയായി യാഗനടത്തിപ്പുകാര്‍ പറഞ്ഞത് ഈ യാഗം ലോകസമാധാനത്തിനു കാരണമാകും എന്നാണ്.അതുപോലെ തന്നെ കേരളത്തില്‍ നടക്കുന്ന ഈ യാഗം ഭാരതീയരുടെ, വിശിഷ്യാ കേരളീയ്യരുടെ ജീവിതത്തില്‍ ദൂരവ്യാപകമായ സല്‍ഗുണങ്ങള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു.തന്നെയുമല്ല യാഗം അന്തരീക്ഷത്തിലും ഭൂമിയിലും മറ്റുമുണ്ടാക്കുന്ന മാറ്റം പരീക്ഷിച്ചും നിരീക്ഷിച്ചും ഗവേഷണം നടത്തുന്നതിനായിട്ടുള്ള കുറേ ഉപകരണങ്ങളും ഇവിടെ എത്തിച്ചിരുന്നു - കിര്‍ലിയന്‍ ക്യാമറ തുടങ്ങി.എന്നാല്‍ 35 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ലോകത്ത് സമാധാനം ഉണ്ടായില്ല എന്നു തന്നേയുമല്ല ഉള്ള സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയുമാണുള്ളത്.ഭാരതത്തിലും കേരളത്തിലുമുള്ള ജനജീവിതത്തിലുണ്ടായ സല്‍ഗുണങ്ങള്‍ നമ്മളിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പ്രത്യേകിച്ച് പറയുകയും വേണ്ട.
എന്നാല്‍ 35 വര്‍ഷങ്ങള്‍ക്കുശേഷം ഇതേ അതിരാത്രം തന്നെ പാഞ്ഞാളില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്നു.കഴിഞ്ഞ യാഗത്തിലെ അവകാശവാദങ്ങള്‍ നടക്കാതെ പോയതുകൊണ്ടാണോ എന്നറിയില്ല , ഇത്തവണ വലിയ അവകാശവാദങ്ങളൊന്നുമുണ്ടായില്ല.എന്നാല്‍ ഈ യാഗവും അതിന്റെ നേട്ടങ്ങളും വിശദവും സൂക്ഷ്മവും ആയി പഠിക്കുന്നതിനൊരു ശാസ്ത്ര സംഘം യാഗസ്ഥലത്തുണ്ടായിരുന്നു.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ് വിഭാഗം മുന്‍ ഡയറക്ടര്‍ ശ്രീ.വി.പി.എന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് യാഗത്തെക്കുറിച്ചും അതുണ്ടാക്കിയ അല്‍ഭുതകരമായ ഫലങ്ങളെക്കുറിച്ചും വിശദമായി പഠിച്ചത്. തന്നെയുമല്ല അദ്ദേഹം തന്റെ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.പ്രധാനമായും അതിങ്ങനെ ക്രോഢീകരിക്കാം.
യാഗശാല |
(1) യാഗശാലയുടെ പരിസരത്ത് വിത്തുമുളക്കുന്നതിന്റെ വേഗത വര്‍ദ്ധിച്ചിരിക്കുന്നു.അവിടെ വിതച്ച കടല വിത്ത് മറ്റു സ്ഥലത്തുവിതച്ച വിത്തിനേക്കാള്‍ രണ്ടായിരം മടങ്ങ് കൂടുതലാണ്. ഇക്കാര്യം തന്നെ നമുക്കൊന്ന് ചിന്തിച്ചുനോക്കാം.യാഗശാലയുടെ പരിസരത്ത് വിതച്ച കടലവിത്ത് മറ്റുസ്ഥലത്തു വിതച്ചതിനേക്കാള്‍ രണ്ടായിരം മടങ്ങ് വേഗത്തില്‍ മുളച്ചു.എന്നാല്‍ നിലക്കടല,ചെറുപയര്‍,കടല എന്നീ മൂന്നുതരം വിത്തുകളാണ് സംഘം പരീക്ഷണത്തിനു വിധേയമാക്കിയത്.ഇതില്‍ കടലവിത്തില്‍ മാത്രമേ അനുകൂല സാഹചര്യം കണ്ടുള്ളു.ഈ റിപ്പോര്‍ട്ടിലൊരു പ്രശ്നമുള്ളത്, യാഗത്തിനു മുന്‍പ് എങ്ങനെയായിരുന്നു അവസ്ഥ എന്ന് പരിശോധിച്ചു നോക്കിയതായി പറയുന്നില്ല.യാഗസ്ഥലത്തിനടുത്തും അകലേയുമുള്ള മണ്ണിന്റെ രാസസ്വഭാവത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നും പരിശോധിച്ചതായി കാണുന്നില്ല.ഇനി ഈ സ്വഭാവവ്യതിയാനം എത്രതവണ ആവര്‍ത്തിച്ചു നോക്കി എന്നും പറയുന്നില്ല.ഒരു കണ്ടുപിടിത്തം ശാസ്ത്രീയമാകണമെങ്കില്‍ ആ ഫലങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയണം.എങ്കിലേ അത് ശാസ്ത്രവും ശാസ്ത്രീയവുമാകൂ.ഇനിയുമുണ്ട് പ്രശ്നങ്ങള്‍. കടല വിത്ത് രണ്ടായിരം ഇരട്ടി വേഗത്തില്‍ വളര്‍ന്നു എന്നു പറയുന്നു.അതിനു കാരണം യാഗത്തിന്റെ സദ്ഫലങ്ങളാണെന്നും പറയുന്നു.എങ്ങനെ അറിയാം.യാഗസ്ഥലത്തു നട്ട കടലവിത്തിന്റെ പ്രത്യേകതയാണെങ്കിലോ ഈ ഫലം തന്നത്.ഇനി വേറൊന്നു നോക്കുക.നിലക്കടല, ചെറുപയറ്,കടല എന്നീ മൂന്നുതരം വിത്തുകളാണ് പരീക്ഷിച്ചു നോക്കിയതെന്നു പറയുന്നു.ഇതില്‍ കടല വിത്തുമാത്രമേ അനുകൂലഫലം തരുന്നുള്ളു എന്നും പറയുന്നു.ഇത് യാഗത്തിന്റെ മൊത്തത്തിലുള്ള നേട്ടമായി പറയാന്‍ കഴിയില്ല. ആയിരക്കണക്കിനു വിത്തുകളുള്ളതില്‍ മൂന്നെണ്ണം മാത്രം തിരഞ്ഞെടുക്കുന്നു( എന്തുകൊണ്ടിതു മൂന്നും മാത്രം എന്ന വിശദീകരണമില്ല),അതില്‍ ഒന്നുമാത്രം ഉദ്ദേശിച്ച ഫലം തരുന്നു.എന്നിട്ട് ആ പരീക്ഷണത്തിന്റെ ഫലം എന്ന രീതിയില്‍ ഒരു പൊതുപ്രസ്താവന ഇറക്കുവാന്‍ കഴിയില്ല.അത് ശാസ്ത്രീയമല്ല തന്നെ.മൂന്നു വിത്തുകള്‍ പരീക്ഷിച്ചതില്‍ ഒന്നിനുമാത്രമേ ഫലം കണ്ടുള്ളു എന്നു പറഞ്ഞാല്‍ ഇനി ബാക്കിയുള്ള വിത്തുകള്‍ക്കായി വേറെ യാഗം വേണ്ടിവരുമോ എന്നും വേണമെങ്കില്‍ അത് ഏതൊക്കെ യാഗമെന്നും പറഞ്ഞു കാണുന്നില്ല.
(2) യാഗശാലയുടെ പരിസരത്ത് 500 മീറ്റര്‍ മുതല്‍ 1500 മീറ്റര്‍ വരെ ചുറ്റളവുള്ള പ്രദേശത്ത് സൂക്ഷ്മജീവാണുക്കളുടെ അളവില്‍ നടത്തിയ പരീക്ഷണമാണ്.യാഗശാലയോട് അടുക്കുംതോറും സൂക്ഷ്മാണുക്കളുടെ എണ്ണം കുറഞ്ഞു വരികയും അതുപോലെ തന്നെ ആ പ്രദേശത്തെ വായു വെള്ളം എന്നിവ അതീവശുദ്ധമാവുകയും ചെയ്തത്രെ.
യാഗശാലയുടെ കവാടം |
ഇത് വളരെ അപകടമായ ഒരു ഫലമാണ്.നമുക്കറിയാം മണ്ണിനെ മണ്ണാക്കി നിലനിറുത്തുന്നത് ഒരു വലിയ അളവോളം അതിലുള്ള സൂക്ഷ്മജീവികളാണെന്ന്.ഈ സൂക്ക്ഷ്മജീവികളില്‍ നല്ലവയും ചീത്തവയുമുണ്ട്.കൂടാതെ ചീത്തവയെ നശിപ്പിച്ച് മനുഷ്യനും വിളകള്‍ക്കും ഇവിടെ നിലനില്‍ക്കാനാവശ്യമായ അനുകൂലനം നിര്‍മ്മിക്കുന്ന ജീവികളുമുണ്ട്.അതുപോലെ തന്നെ ഇത്തരം ജീവികള്‍ വായുവിലും വെള്ളത്തിലുമുണ്ട്. ഇവയെ മുഴുവന്‍ യാഗം നശിപ്പിച്ച് മണ്ണിനേയും വായുവിനേയും വെള്ളത്തേയും ശുദ്ധീകരിച്ചു എന്നു പറഞ്ഞാല്‍ അതില്‍കൂടുതല്‍ ഒരു ഭോഷ്ക് വേറെയുണ്ടോ?ഇത്തരം സൂക്ഷ്മാണുക്കള്‍ നമ്മുടെ ത്വക്കിലും വായിലും മൂക്കിലും ഒക്കെ അടങ്ങിയിരിക്കുന്നു.ഇതിനെ മുഴുവന്‍ നശിപ്പിച്ചാല്‍ മനുഷ്യന് നിലനില്‍ക്കാന്‍ അസാദ്ധ്യമായിരിക്കും.
പക്ഷെ ഒന്നുണ്ട്. ഈ അവകാശവാദം ഒരു പരിധിവരെ ശരിയായിരിക്കണം.കാരണം പലതരം വിറകുകള്‍(ഇന്ധനം)കത്തുമ്പോള്‍ വളരെയധികം വാതകങ്ങള്‍ പുറത്തുവരുന്നുണ്ട്.മണ്ണിനും അതിലെ സൂക്ഷ്മജീവികള്‍ക്കും എന്തിന് മനുഷ്യര്‍ക്കുവരെ ശല്യകാരികളായ കാര്‍ബണ്‍ ഡയോക്സൈഡ്,കാര്‍ബണ്‍ മോണോക്സൈഡ്,തുടങ്ങിയ നിരവധി വാതകങ്ങള്‍ പുറത്തു വരുന്നുണ്ട്.ഇത്തരം വാതകങ്ങള്‍ ഒരു പക്ഷെ സൂക്ഷ്മജീവികള്‍ക്ക് ദോഷകരമായി ഭവിച്ചേക്കാം.എന്നാല്‍ ഈ സൂക്ഷ്മജീവികളുടെ കുറവ് മണ്ണിനേയും വായുവിനേയും വെള്ളത്തേയും കൊല്ലുകയാണ് ചെയ്യുന്നതെന്നാണ് നാം മനസ്സിലാക്കേണ്ടത്.
(3) മൂന്നാമത്തേയും അവസാനത്തേയും ഫലമായി പ്രഖ്യാപിച്ചുകണ്ടത്, യാഗശാലയില്‍നിന്നുയരുന്ന അഗ്നിജ്വാലകള്‍ക്ക് - പ്രത്യേകിച്ചും യാഗം കഴിഞ്ഞ ശേഷം യാഗശാല ജ്വലിപ്പിക്കുന്ന ചടങ്ങിലെ ജ്വാലക്ക് വളരെയധികം തരംഗദൈര്‍ഘ്യം അനുഭവപ്പെട്ടു എന്നത്.കണക്കുകൂട്ടലുകള്‍ കാണിക്കുന്നത് ഏതാണ്ട് ലേസര്‍ രശ്മികലുടേതിനടുത്ത ഊഷ്മാവ് - 38000 ഇ - ഇവിടെ രേഘപ്പെടുത്തിയെന്നതാണ്.ഈ കണ്ടെത്തല്‍ വളരെ ഗൌരവപൂര്‍വം കാണേണ്ടതാണ്.കാരണം നമുക്കറിയാവുന്നിടത്തോളം അരണി കടഞ്ഞുണ്ടാകുന്ന അഗ്നിക്കും ഗാസ് ലൈറ്റര്‍ കത്തിച്ചുണ്ടാക്കുന്ന ജ്വാലക്കും തീപ്പെട്ടിക്കൊള്ളിയുരച്ചുണ്ടാകുന്ന തീയും ഒരേ വിഭാഗത്തില്‍തന്നെ പെടുന്നതാണ്.അവയിലൊന്നും ഇത്രയധികം ഊഷ്മാവുള്ളതായി കണ്ടെത്തിയിട്ടില്ല.അതുപോലെ തന്നെ യാഗത്തിനുപയോഗിക്കുന്ന വിറക് കത്തിച്ചാലുണ്ടാകുന്ന ജ്വാലയും.അപ്പോള്‍ ഈ കണ്ടെത്തലോ? അതിനൊരു ശാസ്ത്രീയ വിശദീകരണം - യാഗഫലം എന്നതൊഴിച്ചാല്‍ - നല്‍കാന്‍ പരീക്ഷണം നടത്തിയ ടീമിനാകുന്നുമില്ല.എത്രനേരം ഏതെല്ലാം ഉപകരണങ്ങളുപയോഗിച്ചീ ജ്വാല നിരീക്ഷിച്ചു എന്നും പറയുന്നില്ല.പക്ഷെ ഒരുകാര്യം മനസ്സിലാക്കാനായിട്ടുണ്ട്; നമ്പൂതിരിയുടെ ടീമിലുണ്ടായിരുന്ന , ബാംഗളൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് അസ്റ്റ്രോഫിസ്ക്സിലെ പ്രൊ.എ.കെ.സക്സേന ഈ കണ്ടെത്തലുകളെ നിരാകരിച്ചിട്ടുണ്ട്.അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്നതുവരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളു.
നമുക്ക് മനുഷ്യന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെയേറെ അറിവുകള്‍ ഇന്ന് നേടാനായീട്ടുണ്ട്.ആ അറിവുകള്‍ കാണിക്കുന്നത് വളരെ കഷ്ടപ്പെട്ട മൃഗീയമായ ജീവിതമായിരുന്നു അന്ന് മനുഷ്യന്‍ നയിച്ചിരുന്നത്.മതങ്ങളും ജാതികളും ദൈവങ്ങളും ഒക്കെ ഉരുത്തിരിഞ്ഞു വരുന്നതിനുമുന്‍പ് മനുഷ്യരുടെ ഇടയില്‍ വളരെയേറെ ആചാരങ്ങള്‍ നിലനിന്നിരുന്നതായി നരവംശശാസ്ത്രജ്നര്‍ കണ്ടെത്തിയിട്ടുണ്ട്.തങ്ങളെ പേടിപ്പിച്ചിരുന്ന പലശക്തികളേയും കീഴടക്കുന്നതിന്റെ ആദ്യഭാഗമായിരുന്നു ഇത്തരം ആചാരങ്ങള്‍.അതിനു ദേശകാലങ്ങള്‍ക്കനുസരിച്ച് പല രൂപപരിണാമങ്ങളും വന്നിട്ടുണ്ട്.അതിന്റെ ഭാരതീയ രൂപമായി ഉരുത്തിരിഞ്ഞതായിരിക്കണം ഇത്തരം യാഗങ്ങള്‍.ഇവയുടെ ഘടനയും മറ്റും കാണിക്കുന്നത് അതാണ്.എന്നാല്‍ കാലം പുരോഗമിക്കുന്നതോടനുബന്ധിച്ച് അവനെ പേടിപ്പിച്ചിരുന്ന പലകാര്യങ്ങളിലേയും സത്യാവസ്ഥ അവന്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് അവന്റെ ജീവിതം ക്രമപ്പെടുത്തുകയും ചെയ്തു.അങ്ങനെയാണ് ഇന്നത്തെ മനുഷ്യനും ഇന്നത്തെ അവന്റെ ജീവിതരീതിയും ഉണ്ടായത്.
എന്നാല്‍ ഇന്നും ആ പഴയ കാലത്തെ ഓര്‍ത്ത് ജീവിക്കുന്ന കുറേയേറെ ആളുകളുണ്ട് ഇന്നും.
യാഗശാലയിലെത്തിയ ജനങ്ങള്‍. |
അവര്‍ക്ക് ഇന്നത്തെ മനുഷ്യരുടെ ജീവിതശൈലിയോട് ഒട്ടും പഥ്യമില്ല.പഴയകാല ജീവിതവും അന്നത്തെ ആളുകളുമാണ് അവര്‍ക്ക് പഥ്യം.അതിനു ആളെകൂട്ടാന്‍ അവര്‍ ചെയ്യുന്ന ഉഡായിപ്പുകളാണിതെല്ലാം.അതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണിതെല്ലാം.അതിനെ ആ രീതിയില്‍തന്നെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.ഒന്നുകൂടി ഓര്‍ക്കുക.1975ലെ അതിരാത്രത്തിന് നമ്മുടെ സാംസ്കാരീകനായകന്മാരുടെ പക്ഷത്തുനിന്നും ജനങ്ങളുടെ പക്ഷത്തുനിന്നും വളരെയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നെങ്കില്‍ ഇത്തവണ ഈ കാടത്വത്തിനെതിരെ ശബ്ദിക്കാന്‍ ആരുമുണ്ടായില്ല എന്നത് നമ്മുടെ നാട്ടിലെ പുരോഗമനവാദികള്‍ക്ക് ഉല്‍ക്കണ്ഠയുളവാക്കുന്നു.
മഹാഭാരതത്തില്‍ നിന്നും ഒരു കഥ ഉദ്ധരിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം.യുധിഷ്ഠിരന്റെ നേതൃത്വത്തില്‍ പാണ്ഡവന്മാര്‍ ഭരണത്തിലേറി.പിതാക്കന്മാരുടേയും പണ്ഡിതസന്യാസിമാരുടേയും അഭിപ്രായം മാനിച്ച് അവര്‍ ഒരു അശ്വമേധയാഗം നടത്തി.പണവും പൊന്നും വെള്ളം പോലെ ഒഴുകി ഈ യാഗത്തില്‍.അങ്ങനെ യാഗം അവസാനിച്ചു, ബ്രാഹ്മണന്മാരും മറ്റുള്ളവരും പിരിഞ്ഞു തുടങ്ങി.ആ സമയം ശരീരത്തിന്റെ പകുതി ഭാഗം വര്‍ണനിറമായ ഒരു കീരി വന്ന്, ബ്രാഹ്മണന്മാരെ കാലുകഴികിച്ച വെള്ളം വീണുകിടന്നിടത്ത് കിടന്നുരുളാന്‍ തുടങ്ങി.ഓരോ പ്രാവശ്യം ഉരുണ്ടു കഴിയുമ്പോഴും കീരി സ്വന്തം ശരീരത്തിലേക്ക് ആര്‍ത്തിയോടെ നോക്കും.ഇതു കണ്ടിരുന്ന ഒരാള്‍ കീരിയെ വിളിച്ച് എന്താണീ കാണിക്കുന്നതെന്ന് ചോദിച്ചു.അതിനു മറുപടിയായി കീരി ഒരു കഥയാണു പറഞ്ഞത്.ഒരിടത്ത് ഒരു ബ്രാഹ്മണകുടുംബം ഉണ്ടായിരുന്നു.അച്ഛനും അമ്മയും മകനും മകന്റെ ഭാര്യയൂം അടങ്ങിയ ദരിദ്രമായ ഒരു കുടുംബം.അന്നന്നത്തേക്ക് ഭിക്ഷ യാചിച്ച് കിട്ടുന്നത് വെച്ച് എല്ലാവരും പങ്കിട്ട് കഴിച്ചും അര്‍ദ്ധപട്ടിണിയാണെങ്കിലും സന്തോഷമായി കഴിയുന്ന കുടുംബം.ആ കുടുംബത്തിനടുതായിരുന്നു നമ്മുടെ കീരി താമസിച്ചിരുന്നത്.
ഒരു ദിവസം കിട്ടിയ ധാന്യം വേവിച്ച് പങ്കിട്ട് കഴിക്കാനൊരുങ്ങുമ്പോളതാ പുറത്തുനിന്നൊരു വിളി.ഭക്ഷണം കഴിക്കാത്ത അഗതിയാണേ, എന്തെങ്കിലും തരണേ എന്ന്.വിളിക്കാതെ വന്ന അതിഥിയാണെങ്കിലും അവര്‍ ആ വന്ന വൃദ്ധനെ കാലുകഴുകി യഥാവിധി സല്‍ക്കരിച്ചിരുത്തി, വൃദ്ധനും കുടുംബനാഥനുമായ അയാള്‍ തന്റെ പങ്ക് അതിഥിയുടെ മുന്നിലേക്ക് നീക്കിവച്ചു.ആ വീട്ടിലെ ബാക്കി മൂന്നു പേരും വേണ്ടെന്ന് നിര്‍ബന്ധിച്ചിട്ടും അയാള്‍ സമ്മതിച്ചില്ല.വൃദ്ധന്റെ പങ്കു കഴിച്ചുകഴിഞ്ഞപ്പോള്‍ അതിഥി തന്റെ വിശപ്പുമാറിയില്ലെന്നു പറഞ്ഞു.ഉടനെ വൃദ്ധമാതാവ് തന്റെ പങ്ക് കൂടി അതിഥിക്കു കൊടുത്തു.അതുകഴിച്ചിട്ടും അയാള്‍ക്ക് വിശപ്പുമാറിയില്ലെന്നുകണ്ട് സന്തോഷത്തോടെ മകന്‍ തന്റെ പങ്കും അതിഥിക്കു കൊടുത്തു.എന്നിട്ടും വിശപ്പുമാറിയില്ലെന്നു കണ്ട് പുത്രവധു തന്റെ പങ്കും അതിഥിക്കു കൊടുത്തു.അതുകൂടിക്കഴീച്ചപ്പോള്‍ അതിഥിയുടെ വിശപ്പുമാറുകയും ചെയ്തു.അയാള്‍ നാലുപേരേയും സൂക്ഷിച്ചു നോക്കി.നാലുപേരും പട്ടിണിയാണെങ്കിലും അതിഥി പൂജനടത്തിയതില്‍ സന്തുഷ്ടരായി കാണപ്പെട്ടു.
അടുത്ത നിമിഷം ആ അതിഥിയുടെ സ്ഥാനത്ത് സാക്ഷാല്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.എന്നിട്ടു പറഞ്ഞു,അല്ലയോ ബ്രാഹ്മണശ്രേഷ്ഠരെ , നിങ്ങളെ ഞാന്‍ പരീക്ഷിച്ചതായിരുന്നു,അതില്‍ നിങ്ങള്‍ ജയിച്ചിരിക്കുന്നു.നിങ്ങളെ ഞാന്‍ ഉടലോടെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു എന്നു പറയുകയും അതുപോലെ തന്നെ ചെയ്യുകയും ചെയ്തു.എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ചൂടുമൂലം ഞാന്‍ പുറത്തു വന്നു,അന്നേരം അതിഥിയുടെ കാലുകഴുകിച്ച വെള്ളം കാണുകയും ചൂടുമാറാന്‍ അതില്‍കിടന്നുരുളുകയും ചെയ്തു.ആ വെള്ളം പറ്റിയ ശരീരഭാഗങ്ങളാണ് സ്വര്‍ണനിറത്തില്‍ കാണുന്നത്.ആ പുണ്യവാന്മാര്‍ കാരണം ആ വെള്ളം പോലും പുണ്യം നിറഞ്ഞതായി.പിന്നീട് എന്റെ ശരീരത്തിന്റെ ബാക്കി കൂടി സ്വര്‍ണമാക്കാന്‍ ഓരോ യാഗസ്ഥലത്തും ഞാന്‍ ചെല്ലുകയും വെള്ളത്തില്‍ കിടന്നുരുളുകയും ചെയ്തു.എന്നിട്ട് ഇവിടെ പോലും കണ്ടോ, നിരാശയായിരുന്നു എനിക്ക് ഫലം.
യാഗശാലക്ക് തീയിടുന്നു. |
പ്രിയ സുഹൃത്തുക്കളെ, മഹാഭാരതം പോലും ലക്ഷക്കണക്കിനു രൂപമുടക്കി യാഗങ്ങള്‍ നടത്തുന്നതിനെ ഹൃദയസ്പൃക്കായി വിലയിടിച്ചു കാണിക്കുമ്പോഴാണ് ഈ മനുഷര്‍ ഇങ്ങനെ തുടങ്ങുന്നത്.
അതിരാത്രം ശുദ്ധ അസംബന്ധമാണെന്നു നടത്തുന്നവർ ക്കു നന്നായറിയാം.പക്ഷേ അധികാരം സമ്പത്ത് അതിസ്രേഷ്ഠത്വം ഇവ നിലനിർത്തണമെങ്കിൽ ഇത്തരം ഗോഷ്ടികൾ തുടരണമെന്നും അവർക്കറിയാം.ശരിയായ ജ്ഞാനം ബഹുഭൂരിപക്ഷത്തിനു ലഭ്യമാവാത്തിടത്തോളം കാലം ഇതു തുടരും.
ReplyDeleteAdarsh..
ReplyDeleteFlat..
Apple...
Mango..
ചക്ക....
2G..
3G..
.......
എല്ലാമായി..
ഇനി ഒരു വേറൈടി ആയിക്കോട്ടെ.