തസ്നി ബാനുവിന്റെ വേദന നമ്മുടേതും, ഏതറ്റം വരെ

**Mohanan Sreedharan | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
എന്റെ വീട്ടില്‍ ദേശാഭിമാനി ദിനപത്രവും കേരള കൌമുദി ദിനപത്രവുമാണ് വരുത്തുന്നത്.ആ പത്രങ്ങളില്‍ രണ്ടിലും ഉള്‍ഷീറ്റിലെ വാര്‍ത്തയായാണതു കണ്ടത്.ദേശാഭിമാനിയില്‍ “ഇനി ഒരു സ്ത്രീക്കും ഈ അവസ്ഥ വരരുത്” എന്ന് വലുതായും അതിനും മുകളില്‍ “സദാചാരപോലീസ് ചമഞ്ഞ് അക്രമം” എന്ന് വേറെ കളറില്‍ ഒരു ക്യാപ്ഷനും അക്രമത്തിനിരയായി ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന തശ്നിബാബുവിന്റെ ചിത്രത്തോടൊപ്പം കൃത്യമായി വാര്‍ത്തയും നല്‍കിയിരുന്നു.അതോടൊപ്പം തന്നെ “ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ നേരത്തെ മതമൌലീകവാദികളുടെ എതിര്‍പ്പിനും ഈ യുവതി ഇരയായിട്ടുണ്ട്” എന്ന കാര്യവും ദേശാഭിമാനി നമ്മെ അറിയിക്കുന്നു.എന്നാല്‍ കേരള കൌമുദിയില്‍ “സ്ത്രീകള്‍ക്ക് ജോലി രാത്രിയെങ്കില്‍ പിറകെ സദാചാരക്കാരുണ്ട്” എന്ന മെയിന്‍ ക്യാപ്ഷനില്‍ “ഐ ടി ജീവനക്കാരിക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ മര്‍ദ്ദനം “ എന്ന സബ് ക്യാപ്ഷനില്‍ വിശദമായ വാര്‍ത്തയോടൊപ്പം “അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം” എന്ന കാര്യവും സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചകാര്യവും നമ്മെ അറിയിക്കുന്നു.
                      പറഞ്ഞ സമയം കൊണ്ട് സംഭവം കത്തിപ്പടര്‍ന്നു.വല്ല മംഗലാപുരത്തോ ഒറീസ്സയിലോ മറ്റോ നടക്കുവാന്‍ സാദ്ധ്യതയുള്ള സംഭവം സാക്ഷര കേരളത്തില്‍ ,സാസ്ക്കാരിക കേരളത്തില്‍ അരങ്ങേറിയെന്നത് പലര്‍ക്കും അവിശ്വസനീയമായിത്തോന്നി.എങ്കിലും കെരളമല്ലെ,പഴയകാലത്തെ എല്ലാ ദുരാചാരങ്ങളും തിരികേ വന്നുകൊണ്ടിരിക്കുന്ന ഈ കൊച്ചു കേരളത്തില്‍ ഇതും സംഭവിച്ചു എന്നതില്‍ പലര്‍ക്കും ഒരു ഞെട്ടല്‍ അനുഭവപ്പെട്ടില്ല എന്നതാണ് സത്യം.കേരളത്തിന്റെ ഐ ടി ഹബ് എന്നറിയപ്പെടുന്ന കൊച്ചി പോലുള്ള ഒരു നഗരത്തിന്റെ പാര്‍ശ്വത്തിലുള്ള , നഗരത്തോട് തൊട്ടു കിടക്കുന്ന പ്രദേശമായ, പ്രത്യേകിച്ചും ഐ ടി കമ്പനികളും അനുബന്ദ്ധവ്യവസായങ്ങളും കട്ട പിടിച്ചു കിടക്കുന്ന പ്രദേശമാണ് കാക്കനാട്.ഇവിടെ ഏതു സമയത്തൂം കമ്പനി തയ്യാറാക്കി കൊടുത്തിരിക്കുന്ന വാഹനങ്ങളിലും, കൂടാതെ ടു വീലര്‍ അടക്കമുള്ള സ്വകാര്യവാഹനങ്ങളിലും ആണും പെണ്ണും കമ്പനിയടിച്ച് സൌഹൃദസംഭാഷണങ്ങളിലുമേര്‍പ്പെട്ട് പോകുന്നത് കാണാം.ഒരു പക്ഷെ രണ്ടു പുരുഷസുഹൃത്തുക്കളേക്കാള്‍ ഒട്ടിച്ചേര്‍ന്നായിരിക്കും ആണ്‍ പെണ്‍ സുഹ്രുത്തുക്കള്‍ സംചരിക്കുക.ഇതെല്ലാം ഇവിടത്തെ നിത്യക്കാഴ്ച്ചയാണ് എന്നു തന്നേയുമല്ല ഈ ഓട്ടോ ഡ്രൈവര്‍മാര്‍ പോലും ഈ കാഴ്ച കണ്ടുനിക്കാറുമുണ്ട്. ചിലപ്പോള്‍ പകലായാലും രാത്രിയായാലും ഇങ്ങനെ ഒറ്റക്കും കൂട്ടമായും ഐടി ജീവനക്കാര്‍ സന്‍ചരിക്കുന്നതൊരു നിത്യക്കാഴ്ച്ചയാണ് കാക്കനാട്ടുകാര്‍ക്ക്.

തസ്നി ബാനു
ഇവരിങ്ങനെ സഞ്ചരിക്കുന്നു എന്നല്ലാതെ ഇവരുമായി അടുക്കാനോ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനോ കാക്കനാട്ടുകാര്‍ തയ്യാറായ ചരിത്രമില്ല.അതുകൊണ്ടു തന്നെ ഈ രണ്ടുകൂട്ടരും തമ്മില്‍ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായതായി ചരിത്രമില്ല.അപ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്.സാക്ഷര സംസ്കാരിക കെരളത്തിനിതൊരപമാനമായിപ്പോയി എന്ന് പറയാതെ വയ്യ.തസ്നി ബാനു പറഞ്ഞതായി ഞാന്‍ വായിച്ച രണ്ടു പത്രങ്ങളും പറഞ്ഞത് ഇതാണ്.കമ്പനി വണ്ടി ഉണ്ടായിരുന്നിട്ടും അതില്‍ കയറാതെ ഒരു പുരുഷ സുഹൃത്തിന്റെ (വൈറ്റിലയിലുള്ള ടിജോ തോമസ്)മോട്ടോര്‍ സൈക്കിളില്‍ കയറി പാലാരിവട്ടത്തു നിന്നും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് വഴി വരുമ്പോള്‍ വഴിയില്‍ ഒരു ചായ കുടിക്കാനായി കടയിലിറങ്ങുകയും (ഏകദേശസമയം രാത്രി 10.15 മണി)ചെയ്തു.ആ സമയം കടയിലെത്തിയ ഏകദേശം 40 വയസ്സു വരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ എന്നോട് ഊരും പേരും ചോദിച്ചുഞാന്‍ മറുപടിയൊന്നും പറയാതായപ്പോള്‍ അസഭ്യം പറയാന്‍ തുടങ്ങി.രാത്രി ഇറങ്ങി നടക്കാന്‍ ഇത് ബാംഗളൂരല്ല കേരളമാണ് എന്നു പറഞ്ഞുകൊണ്ട് എന്നെ അടിക്കുകയായിരുന്നു.അപ്പോഴേക്കും അവിടെയെത്തിയ അയാളുടെ കൂട്ടുകാരിലൊരാള്‍ മൊബൈല്‍ ഫോണില്‍ എന്റെ ഫോട്ടൊ എടുക്കാന്‍ ശ്രമിച്ചു.ഫോണ്‍ തട്ടിമാറ്റിയ എന്നെ അയാ‍ള്‍ ഇടത്തെ കരണത്ത് അടിക്കുകയും വലത്തെ കൈ ശക്തമായി പിടിച്ചു തിരിക്കുകയും ചെയ്തു.വീണു പോകാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ എന്റെ ഇടുപ്പ് ഉളുക്കി.ഉടന്‍ ഞാന്‍ എന്റെ ഫോണില്‍ നിന്ന് പൊതു പ്രവര്‍ത്തകയായ ജ്യോതി നാരായണനെ വിളിച്ചു.നിമിഷങ്ങള്‍ക്കകം ജ്യോതിയും സി ആര്‍ നീലകണ്ഠനും സ്ഥലത്തെത്തി.അപ്പോഴേക്കും ഒരു ഓട്ടോക്കാരനൊഴികെ ബാക്കിയെല്ലാവരും സ്ഥലം വിട്റ്റിരുന്നു.
            എത്ര ഭീകരമാണ് അവസ്ഥ എന്നു നോക്കൂ.ഒരു സ്ത്രീക്ക് രാത്രിയായാലും പകലായാലും ഒരു പുരുഷന്റെ കൂടെ പുറത്തിറങ്ങാന്‍ പറ്റാത്ത നാടായി ദൈവത്തിന്റെ സ്വന്തം നാടായ കേരളം മാറുകയാണൊ? സാംസ്കാരീക കേരളം ഒന്നടങ്കം നടുക്കം രേഖപ്പെടുത്തി.മിക്കവാറും എല്ലാ സംഘടനകളും, പ്രത്യേകിച്ച് സ്ത്രീ സംഘടനകള്‍ ഈ സംഭവത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു.
              ഈ സംഭവത്തില്‍ ദഹിക്കാതെ കിടക്കുന്ന ഒന്നു രണ്ടു സംഗതികളുണ്ട്.പാലാരിവട്ടത്തു നിന്നും സ്പെഷ്യല്‍ എക്കണോമിക് സോണിലുള്ള അവരുടെ ഓഫീസില്‍ പോകുവാന്‍ അവരെന്തിനാണ് എന്‍ ജി ഓ ക്വാര്‍ടേഴ്സ് വഴി വരുന്നത്?അവര്‍ പോകേണ്ട ശരിയായ വഴി വാഴക്കാല കഴിഞ്ഞ് ആദ്യത്തെ മീഡിയനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കളക്ടരേറ്റിനു മുന്നിലെ ട്രാഫിക്കില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാണ് പോകേണ്ടതും ഏറ്റവും എളുപ്പമായതുമായ വഴി.പകരം മീഡിയനില്‍ നിന്നും നേരെ എന്‍ ജി ഓ ക്വാര്‍ട്ടേഴ്സ് വഴി കറങ്ങി തിരിഞ്ഞ് മുസ്ലീം പള്ളിക്കടുത്തുള്ള ട്രാഫിക്കിലെത്തി അവിടന്ന് വലത്തോട്ട് തിരിഞ്ഞ് കളക്ടറേറ്റ് വഴി സെസ്സില്‍ എത്തുംപ്പോള്‍ ചുരുങ്ങിയത് ഒരു പത്തു കിലോ മീറ്ററെങ്കിലും കൂടുതല്‍ ഓടിയിരിക്കും അവര്‍.പെട്രോളിന് തീവിലയുള്ള ഇക്കാലത്ത് , അതും കമ്പനി വണ്ടി കിട്ടാതെ പോകുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുകയല്ലെ അവര്‍ ചെയ്യേണ്ടിയിരുന്നത്?ഇനി ചായ കുടിക്കാനാണെന്ന് വിചാരിക്കുക.ചായ തൊട്ടു പിറകിലുള്ള വാഴക്കാലയില്‍ ഏതു സമയവും കിട്ടുമായിരുന്നല്ലോ?ഇനി എന്‍ ജി ഓ ക്വാര്‍ട്ടേഴ്സില്‍ വന്നു ചായ കുടിച്ചു എന്നു തന്നെ വിചാരിക്കുക.എന്‍ ജി ഓ ക്വാര്‍ട്ടേഴ്സ് എന്ന് ആ സ്ഥലത്തിനു പേരുവരാന്‍ കാരണം ആയിരക്കണക്കിന് എന്‍ ജി ഓ മാര്‍ക്ക് താമസിക്കാനുള്ള സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്സുകളാണ് ഈ സ്റ്റോപ്പിനു മുകളിലുള്ളത്.അതുകൊണ്ടു തന്നെ ഏതു സമയവും പുരുഷന്മാരും സ്ത്രീകളും പുരുഷന്മാരും വരികയും പോവുകയും ചായ കുടിക്കുകയും ചെയ്യുന്ന സ്ഥലമാണ് അവിടം.അവിടെയെത്തുന്ന മിക്കവാറും പേരെ അവിടത്തുകാര്‍ക്കു തന്നെ അപരിചിതമാവുകയും ചെയ്യും.അപ്പോള്‍ ചായ കുടിക്കുമ്പോള്‍ ചോദ്യം ചെയ്യാനുള്ള പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.പിന്നെ എന്തു സംഭവിച്ചു?
                                 ഇവിടെയാണ്  മംഗളം ഇന്റര്‍നെറ്റ് എഡിഷന്‍ ഒരല്‍പ്പം വെളിച്ചം വീശുന്നത്.ലിങ്ക് ഇവിടെ:- മംഗളം വായിക്കൂ.
മംഗളം പറയുന്നത് ആദ്യം അടിച്ചത് തസ്നി ബാനു വാണെന്നാണ്.തസ്നി ബാനുവിന്റെ പ്രസ്ഥാവനപ്രകാരം ആദ്യം അടിച്ചത് ഓട്ടോ ഡ്രൈവര്‍ ആണു താനും.മംഗളം തുടരുന്നു,:-'സദാചാര'ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത്‌ എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു.
        സാഹചര്യങ്ങളുടെ പോക്ക് നോക്കുമ്പോള്‍ മംഗളത്തിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു.തന്നെയുമല്ല പതിവില്ലാത്തവിധം ഫ്ല്ക്സ് ബോര്‍ഡുകള്‍ തസ്നി ബാനുവിനെ എതിര്‍ത്തുകൊണ്ട് കാക്കനാടിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഇത്തരമൊരു സാഹചര്യം കെരളത്തിനു പുതിയതാണ്.ഇതുവരെ കാണാത്തതാണ്.സാധാരണ ഒരു സ്ത്രീ പീഢനമോ, ഇത്തരം സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രവര്‍ത്തനമോ എവിടെയെങ്കിലുമുണ്ടായാല്‍ അത്തരക്കാരെ ഒറ്റപ്പെടുത്തുന്ന ഒരു സമൂഹമാണ് നാം സാധാരണ കാണാറ്.എന്നാലിവിടെ പ്രതി എന്നു പറയുന്ന ആള്‍ക്ക് പിന്തുണയുമായി നാട്ടുകാര്‍ തന്നെ 


പ്രത്യക്ഷപ്പെടുന്നു.ഇതിന് വെറുതെ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നാണ് തോന്നുന്നത്.കാരണം നാല് വോട്ട് കിട്ടാന്‍ ഇത്തരക്കാര്‍ സാധാരണ ഇരയുടെ കൂടെയായിരിക്കും എപ്പ്പോഴും ഉണ്ടാവുക.അതുകൊണ്ട് ഈ സംഭവത്തില്‍ സംശയത്തിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് തസ്നി ബാനു തന്നെ.ഈ സംഭവം കഴിഞ്ഞിട്ട് ഇത്രയും ദിവസമായി.തസ്നിയുടെ ഭര്‍ത്താവോ ബന്ധുക്കളൊ ഇതുവരെ പ്രത്യക്ഷപ്പെട്ടു കണ്ടില്ല.അച്ചനോ അമ്മയോ ഏതെങ്കിലും ഒരു സഹോദരനോ, എന്തിന് , വിവാഹം കഴിഞ്ഞതായി പറയുന്ന അവരുടെ ഭര്‍ത്താവോ തസ്നിക്കുവേണ്ടി ഇതുവരെ രംഗത്തെത്തിയിട്ടില്ല.തന്നെയുമല്ല ഈ സംഭവം നടക്കുമ്പോള്‍ തസ്നിയുടെ കൂടെയുണ്ടായി എന്നു പറയുന്ന ഒരു പുരുഷസുഹൃത്തുണ്ട്, ശ്രി ടിജോ തോമസ്.അദ്ദേഹത്തിന്റെ പ്രതികരണം പോലും ലഭ്യമല്ല.തസ്നിക്കുവേണ്ടി മുന്നില്‍കാണുന്നവരെയെല്ലാം അരിശം പൂണ്ട് വാളും പിടിച്ചു നില്ക്കുന്ന ചില വെളിച്ചപ്പാടുകളെയല്ലാതെ മറ്റാരേയും രംഗത്ത് കാണാനില്ല.
                            ഇത്രയും വായിച്ചതുകൊണ്ട് ഈ പോസ്റ്റെഴുതുന്നയാള്‍ ഒരു സ്ത്രീ സ്വാതന്ത്ര്യവിരോധിയോ സ്ത്രീ വിദ്വേഷിയോ ആയി ആരും കാണരുതെന്ന് ഒരഭ്യര്‍ത്ഥനായുണ്ട്.തസ്നിയുടെ സ്ഥാനത്ത് ഒരാണായാലും എനിക്ക് ഇങ്ങനെ തന്നയേ എഴുതാനുണ്ടാകു.കാരണം അസമയത്ത് രണ്ടപരിചിതരെ കണ്ടാല്‍ - കാലം ഇതായതുകൊണ്ട് - ചോദ്യം ചെയ്യുക എന്ന പ്രക്രിയ നടന്നെ മതിയാകൂ.അന്നേരം കൃത്യമായ മറുപടി പറഞ്ഞേ മതിയാകൂ,അത് തസ്നിയല്ല മറ്റാരായാലും .അന്നേരം അയാളോട് തട്ടിക്കയറുക എന്ന ഭീമന്‍ അബദ്ധമാണ് കാണിച്ചത്.ആര് ആദ്യം അടിച്ചു എന്നത് ചോദ്യചിഹ്നമാണ്, പത്ര റിപ്പോര്‍ട്ട് പ്രകാരം ഡ്രൈവറും മംഗളം റിപ്പോര്‍ട്ട് പ്രകാരം തസ്നിയുമാണ്.അവിടെ ഒരല്‍പ്പം മാന്യത പുലര്‍ത്തിയിരുന്നെങ്കില്‍..........................പക്ഷെ തസ്നി ബാബുവിന്റെ ഉള്ളിന്റെ ഉള്ളിലെ എന്തോ ഒന്ന് അതിനു തടസ്സം നിന്നു.കൃത്യമായ വിശദീകരണം കൊടുത്താല്‍ തന്റെ നിതാന്ത ശത്രുവായ പുരുഷന്റെ മുന്നില്‍ തോറ്റുപോയാലോ എന്ന വികാരമാണ് അവരെ ഭരിച്ചതെന്നു തോന്നുന്നു.കേട്ടിടത്തോളം അവര്‍ സ്ത്ത്രീശക്തികൂട്ടായ്മയുടെ സംസ്ഥാനഭാരവാഹിയാണെന്ന് പറയുന്നു.എന്നാല്‍ സ്ത്രീകളുടെ പൊതുവായ ഒരു പ്രശ്നത്തിലും മുന്നില്‍ നില്‍ക്കാന്‍ ഇവരെക്കണ്ടതായി ഓര്‍ക്കുന്നില്ല.സ്ത്രീകളനുഭവിക്കുന്ന എത്രയോ പ്രശ്നങ്ങള്‍ ഇന്ന് ഭാരതത്തിലും നമുക്ക് ചുറ്റുമുണ്ട്.അവയോടൊക്കെ പ്രതികരിക്കാതെ സ്ത്രീ ശക്തിക്ക് മുന്നോട്ട് പോകാന്‍ കഴിയുമോ? ഈ പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി കഴിയുമോ?സ്ത്രീയും പുരുഷനും തോളോട് തോള്‍ ചേര്‍ന്ന് പടനയിക്കേണ്ട ഒരു കാലമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.ഇന്നത്തെ പ്രശ്നത്തില്‍ പുരുഷനോ പുരുഷന്മാരോ ആണ് കുറ്റവാളികളെങ്കില്‍ അവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പുരുഷസമൂഹം മൊത്തം പ്രിയ സോദരീ നിങ്ങളുടെ കൂടെയുണ്ടാകും.എന്നാല്‍ കാര്യങ്ങള്‍ അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ചതാണെങ്കില്‍ പ്രിയ സോദരീ വെറുതേയെന്തിന് പുരുഷന്മാരുടെ മേല്‍ കുതിര കയറണം.പുരുഷന്മാര്‍ നിങ്ങളുടെ സ്വാഭാവീകസമരസഖാക്കളല്ലേ?


Post a Comment