ഇടതുപക്ഷ ഗവണ്മെന്റ് വീഴുകയും യു ഡി ഏഫ് ഗവണ്മെന്റ് അധികാരമേല്‍ക്കുകയും ചെയ്ത നാള്‍ മുതല്‍
കേരളത്തില്‍ ഇടതു സംഘടനകളുടെ ആഭിമുഖ്യത്തില്‍ സമരപരിപാടികളും ആരംഭിച്ചു.ഇതില്‍ മുഖ്യമായത് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന രക്തരൂക്ഷിതമായ സമരമായിരുന്നു.ഈ സമരം തന്നെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയതും.‘ഇത്രനാള്‍ ഈ എസ് എഫ് ഐക്കാര്‍ എവിടെ പോയിരിക്കുകയായിരുന്നു’ എന്നും ചോദിച്ച് ശ്രി. രമേശ് ചെന്നിത്തലയാണീ പരിപാടി തുടങ്ങി വച്ചത്.പിന്നീട് യു ഡി എഫ് അനുകൂല പത്രങ്ങള്‍ സമരത്തെ അപഹസിച്ചും കളിയാക്കിയും എഴുതിയപ്പോള്‍ എല്‍ ഡി എഫ് അനുകൂല മാധ്യമങ്ങള്‍ സമരത്തെ അനുകൂലിച്ചു.എന്നാല്‍ പൊതുവെ സമരം അസ്ഥാനത്തായിരുന്നു എന്ന ഒരു തോന്നലുണ്ടാക്കുന്നതില്‍ യു ഡി എഫ് അനുകൂല മാധ്യമങ്ങള്‍ പൊതുവെ വിജയിച്ചെന്നാണ് തോന്നുന്നത്.ഇതില്‍ ശ്രദ്ധേയമായത് (മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും) ഗൂഗിളിലെ എഫ്.ഇ.സി( ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്) എന്ന ഗ്രൂപ്പിലെ ചര്‍ച്ചയും അതുപോലെ തന്നെ ഒരു മലയാളം ബ്ലോഗായ “എങ്ങനെ പറയാതിരിക്കും” എന്ന (അങ്ങനെ ഏതാണ്ടാണ് പേര്‍ എന്നു തോന്നുന്നു) ല്‍ വന്ന ചര്‍ച്ചയുമാണ് മനുഷ്യന്റെ സാമാന്യബുദ്ധിയെപ്പോലും കടത്തിവെട്ടിയത്. എഫ് ഇ സി പറയുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന തള്ളക്കുരങ്ങ് കുട്ടിക്കുരങ്ങുകളെക്കൊണ്ട് ചുടുചോറു വാരിക്കുകയാണെന്നാണ്. ഇതേ ചുവടു പിടിച്ചാണ് ചര്‍ച്ചകളവിടെ നടന്നത്. പൊതുവേ, നാട്ടിലെവിടെയെങ്കിലും കാക്ക കാഷ്ടിച്ചാല്‍ പോലും അതില്‍ മാര്‍ക്സിസ്റ്റ് കറുത്ത കൈ കാണുന്നവരാണ് ആ ഗ്രൂപ്പിലധികവും.അതുകൊണ്ടു തന്നെ അവിടെ ചര്‍ച്ചകള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അപചയവും പ്രത്യേകിച്ച് പിണറായിപക്ഷക്കാരുടെ അഴിഞ്ഞാട്ടവുമൊക്കെയാണ് ഈ പേരില്‍ അവിടെ ചര്‍ച്ചാവിഷയമായത്.
എന്നാല്‍ രണ്ടാമത്തെ ബ്ലോഗില്‍ വേറൊരു രീതിയിലാണ് ചര്‍ച്ച വന്നത്.പിന്നോക്കജാതിക്കാരെ മുഴുവന്‍ പടക്കിറക്കി കൊല്ലാക്കൊല ചെയ്ത് ചിലര്‍ക്കുമാത്രം നേതാക്കളാകാനുള്ള പരിപാടി എന്ന നിലയിലാണ് ബ്ലോഗും അതിലെ കമന്റുകളും നീങ്ങിയത്.കാലീകമായ സംഭവങ്ങളെക്കുറിച്ചെഴുതേണ്ട എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഇത്തരം ശുദ്ധമാന വിവരക്കേടുകള്‍ ഇടം പിടിക്കുന്നത് കാണുന്നത്.പ്രതികരിക്കാതിരിക്കാന്‍ വയ്യ എന്നതുകൊണ്ടു മാത്രം എഴുതിപ്പോവുകയാണ്.
വിലക്കു വാങ്ങാം എന്ന തന്റെ പ്രശസ്തമായ നോവലില്‍ രചയിതാവ് ബിമല്‍ മിത്ര വളരെ പ്രസക്തമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്, തന്റെ നായകനായ ദീപാങ്കുരനിലൂടെ.അതിതാണ്: "what we learn from history is that we do not learn from history“.“ചരിത്രത്തില്‍ നിന്നും നാം പഠിക്കുന്ന പാഠം ചരിത്രത്തില്‍ നിന്നും നാമൊന്നും പഠിക്കുന്നില്ല എന്നു തന്നെയാണ്." എത്ര അര്‍ത്ഥവത്തായ നിരീക്ഷണമാണിത് എന്ന് സമകാലീന സംഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് നാം മനസ്സിലക്കുന്നത്.നമ്മുടെ നാടിന് വളരെ നീണ്ട ഒരു സ്വാതന്ത്ര്യസമരചരിത്രമുണ്ടെന്നും ആ സമരത്തില്‍ പിന്നോക്ക മുന്നോക്ക വ്യത്യാസമില്ലാതെ ആബാല വൃദ്ധം ജനങ്ങള്‍ പങ്കെടുത്തിരുന്നു എന്നും ആ സമരത്തില്‍ പിന്നോക്ക മുന്നോക്ക വ്യത്യാസമില്ലാതെ നിരവധി ജനങ്ങളുടെ ചോര ചിന്തിയിട്ടുണ്ടെന്നും അനേകരുടെ ജീവന്‍ ജാതി വ്യത്യാസമില്ലാതെ അതില്‍ ആഹൂതി ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ കൂടി ബലത്തിലാണ് തങ്ങളിന്ന് സമരങ്ങളെ തള്ളിപ്പറയുന്നതെന്നും അവര്‍അറിയാതെ പോകുന്നു.നേതാവാകാന്‍ പറ്റുമോ അഥവാ പറ്റിയാല്‍തന്നെ അത് പിന്നോക്കജാതിക്കാരാണോ അല്ലയോ എന്നൊന്നും അന്നവര്‍ നോക്കിയിരുന്നില്ല.അവര്‍ ആകെക്കൂടി മുന്നില്‍ കണ്ടത് തന്റെ ജന്മഭൂമിയുടെ സ്വാതന്ത്ര്യം മാത്രമായിരുന്നു.ആ സമരത്തില്‍ ആഹൂതി ചെയ്യപ്പെട്ടവര്‍ക്കായി അന്ന് ആരും ഫ്ലക്സ് ഉയര്‍ത്തിയിരുന്നില്ല. ആ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ ജീവിച്ചിരിക്കുന്ന സമരക്കാരെ എന്നെന്നും ഉദ്ദീപിപ്പിച്ചിരുന്നു, ഇന്നും ഉദ്ദീപിപ്പിക്കുന്നു, മുന്നോട്ട് നയിച്ചിരുന്നു.അവരുടെ ഓര്‍മ്മകള്‍ നമ്മളെ മുന്നോട്ട് നയിക്കണമെങ്കില്‍ നമ്മളാ ചരിത്രം പഠിക്കണം.
എന്നാല്‍ അന്നും ആധീരോദാത്തമായ സമരത്തെ തള്ളിപ്പറഞ്ഞിരുന്ന കുട്ടിത്തേവാങ്കുകള്‍ ഉണ്ടായിരുന്നു. ഇരുട്ടിന്റെ മാളങ്ങളില്‍ ഒളിച്ചിരുന്ന് അന്നും അവര്‍ ആ ധീരോദാത്തമായ സമരത്തെ ജാതിപ്പേരുപറഞ്ഞും മറ്റു പലതും പറഞ്ഞും അപഹസിച്ചിരുന്നു, കുശുകുശുത്തിരുന്നു.ആ സമരങ്ങളെ വിലകുറച്ചുകാണിക്കാന്‍ ശ്രമിച്ചിരുന്നു.ഗാന്ധി എന്ന അന്തിക്രിസ്തു എന്നാണ് ഒരു പത്രം അന്ന് മഹാത്മയെ വിശേഷിപ്പിച്ചിരുന്നത്.ഗാന്ധിജി നടത്തിയ സമരങ്ങളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടാകാം എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരഫലമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് മറക്കരുത്.അന്തിക്രിസ്തുവിന്റെ പേരും പറഞ്ഞ് സ്വാതന്ത്ര്യ സമരത്തെ വിലകുറച്ചു കാണിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രീതിയും അതുവഴി പല ലാഭങ്ങളും അന്നവര്‍ നേടിയിരുന്നു.അന്നത്തെ ആ തേവാങ്കുകളുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്ന് അവിടെയും ഇവിടേയും ഇരുന്ന് പിന്നോക്കം മുന്നോക്കം പിന്നോക്കജാതിക്കാരെ കുരുതികൊടുക്കുന്നു എന്നൊക്കെ ജനപിന്തുണയുള്ള സമരങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നത്.
ഇത്രയേറെ അപഹസിക്കപ്പെടാന്‍ ഈ എസ് എഫ് ഐ ക്കാര്‍ എന്താണ് ചെയ്തതെന്നുകൂടി നമുക്കു നോക്കാം.നമ്മുടെ നാട്ടില്‍ നിന്നും നിരവധി കുട്ടികള്‍ കേരളത്തിനു വെളിയില്‍ പോയി വന്‍ തുക ഫീസായും കൈക്കൂലിയായും കൊടുത്ത് മെഡിസിനും എഞ്ചിനീയറിംഗും പഠിച്ചിരുന്നു.വന്‍തുക കൊടുക്കാന്‍ കയ്യില്‍ കാശുള്ള കുട്ടികള്‍ മാത്രമേ ഈ പണിക്കു പോയിരുന്നൊള്ളു എന്നും ഓര്‍ക്കണം.പണമില്ലാത്തവര്‍ നന്നായി പഠിച്ച് ഇതിനെല്ലാം സീറ്റ് നേടുകയും അല്ലാത്തവര്‍ ഈ പണിക്കു പോകാതിരിക്കുകയും ചെയ്തിരുന്നു.പിന്നെ മറ്റൊന്നുള്ളത് നമ്മുടെ നാട്ടിലുള്ള തൊഴിലില്ലായ്മയാണ്.പഠിച്ചു പാസായി വന്ന കുട്ടികള്‍ക്ക് കൊടുക്കാന്‍ പണിയില്ലാത്ത ഒരവസ്ഥ നമ്മുടെ നാട്ടിലുണ്ടായിരുന്നു.അതുകൊണ്ടു തന്നെ ജോലിസാദ്ധ്യതയുണ്ടെന്നു തോന്നുന്ന കോഴ്സുകള്‍ പഠിക്കാന്‍ കുട്ടികള്‍ തള്ളിക്കയറുന്ന ഒരവസ്ഥയും ഇവിടെയുണ്ടായിരുന്നു.ദൌര്‍ഭാഗ്യത്തിന് നമ്മുടെ നാട്ടില്‍ ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കുന്ന കോളേജുകള്‍ ഇല്ല എന്നുതന്നെ പറയാം.മലയാളികള്‍ പലരും പോലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും പോയി ഇത്തരം കോളേജുകള്‍ തുടങ്ങുകയും വന്‍തുക സംബാദിക്കുകയും ചെയ്തിട്ടുണ്ട് എന്നത് സത്യം.അങ്ങനെയിരിക്കെയാണ് നമ്മുടെ നാട്ടില്‍ ഉദാരവല്‍ക്കരണവും മറ്റും കടന്നു വന്നിരുന്നത്.ഈ തക്കം നൊക്കി വിദ്യാഭ്യാസകച്ചവടക്കാര്‍ രംഗത്തുവന്നു.രണ്ടു സ്വാശ്രയകോളേജ് = ഒരു ഗവണ്മെന്റ് കോളേജ് എന്ന മുദ്രാവാക്യവും മുഴക്കി ബഹുമാനപ്പെട്ട ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ അനവധി സ്വാശ്രയ കോളേജുകള്‍ നിലവില്‍ വന്നു.നാട്ടില്‍ ഒഴിഞ്ഞു കിടന്നിരുന്ന പല സ്ഥാപനങ്ങളും ഒരു സുപ്രഭാതത്തില്‍ മെഡിക്കല്‍ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളുമായി മാരുന്നതും നാം കണ്ടു.
പകുതി സീറ്റ് ഗവണ്മെന്റിനു തരാമെന്നു പറഞ്ഞ് ആരംഭിച്ച സ്വാശ്രയക്കാര്‍ ഗവണ്മെന്റിനെ പുല്ലുപോലെ കണക്കാക്കി ഒരു സീറ്റുപോലും കൊടുക്കാതിരുന്നതും ശ്രീമാന്‍ ആന്റണി അവരു ചതിച്ചേ എന്നും പറഞ്ഞ് നാടെങ്ങും കരഞ്ഞു നടക്കുന്നതും നാം കണ്ടു.അന്നും സമരം ചെയ്യാനും തലപൊളിക്കാനും രക്തസാക്ഷിയാകാനും പിന്നോക്കക്കാരും മുന്നോക്കക്കാരുമായ എസ് എഫ് ഐ ക്കാര്‍ മാത്രമെ ഉണ്ടായിരുന്നൊള്ളു.
ഇതിന്റെയൊക്കെ ഫലമായി 2006 ല്‍ ഇവിടെ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.അവര്‍ചെയ്ത ആദ്യകാര്യങ്ങളിലൊന്ന് ഈ സ്വാശ്രയക്കാരനെ തളക്കാനുള്ള നിയമമുണ്ടാക്കുകയും അത് നിയമസഭയിലവതരിപ്പിച്ച് ഐകകണ്ഠേന പാസ്സാക്കുകയുമായിരുന്നു.( ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ ഈ നിയമത്തെ കൊന്നുകൊലവിളിച്ചുവെന്നുള്ളത് മറ്റൊരു കാര്യം).എന്നിട്ടും ഒരു കാര്യത്തിലവര്‍ വിജയിച്ചു.ഓരോ വര്‍ഷവും സ്വാശ്രയക്കാരുമായി ചര്‍ച്ച ചെയ്ത്, മിക്കവാറും എല്ലാ സ്വാശ്രയകോളേജിലും പകുതി സീറ്റ് സര്‍ക്കാര്‍ ക്വാട്ടയിലാക്കുന്നതിലവര്‍ വിജയിച്ചു.കത്തോലിക്കാ സഭയുടെ 4 മെഡിക്കല്‍ കോളേജുകളും അവരുടെ തന്നെ എഞ്ചിനീയറിംഗ് കോളേജുകളും മാത്രമേ ഇതില്‍ നിന്നും വിട്ടു നിന്നുള്ളൂ.എന്നു വച്ചാല്‍ ആന്റണി ഗവണ്മെന്റുണ്ടാക്കിയ 50:50 എന്ന ഫോര്‍മുല നടത്തിയെടുക്കാന്‍ ഇടതുപക്ഷ ഗവണ്മെന്റിനു കഴിഞ്ഞു.അല്പസ്വല്പം മുറുമുറുപ്പുകളുണ്ടായിരുന്നെങ്കിലും ഫീസ് ഘടനയില്‍ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നേയും ഗവണ്മെന്റുമായി ധാരണയുണ്ടാക്കാന്‍ മിക്കവാറും കോളേജുകള്‍ തയ്യാറായി എന്നത് സത്യം മാത്രമാണ്.
ശേഷം 2011 ല്‍ വലതുപക്ഷ ഗവണ്മെന്റ് വന്നു.ഈ സമയം മെഡിക്കല്‍ പി ജിയുടെ അഡ്മിഷന്‍ സമയമായിരുന്നു.പതിവു പോലെ കത്തോലിക്കാ കോളേജുകള്‍ സീറ്റുകള്‍ സര്‍ക്കാറിനു കൊടുത്തില്ല, എന്നാല്‍ പതിവിനു വിപരീതമായി മറ്റു മെഡിക്കല്‍ കോളേജുകളും ഇതേ നിലപാടെടുത്തു.അവരും സീറ്റുകള്‍ സര്‍ക്കാറിനു നല്‍കില്ല എന്നു പ്രഖ്യാപിച്ചു.സര്‍ക്കാര്‍ ഇതിനു പറഞ്ഞ മറുപടി ഇത്തവണ സര്‍ക്കാരിനിടപെടാന്‍ സമയം ലഭിച്ചില്ല, അതുകൊണ്ട് ഇക്കൊല്ലം ഇങ്ങനെ പോകട്ടെ, അടുത്ത വര്‍ഷത്തെ കാര്യം അന്ന് നോക്കാമെന്നാണ്.ഇതെന്തൊരു നയമാണെന്നു നോക്കുക.അതേ സമയം സ്ഥാനമൊഴിഞ്ഞ ഇടതു സര്‍ക്കാര്‍ മെയ് മാസത്തില്‍ തന്നെ സര്‍ക്കാര്‍ കുട്ടികളുടെ( മെഡിക്കല്‍ പിജിക്ക്) ലിസ്റ്റ് തയ്യാറാക്കിയിരുന്നു.ഇതിനിടയില്‍ ഇതേ പ്രശ്നവുമായി കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തുകയും അവര്‍ക്ക് കോടതിയുടെ നിര്‍ഡ്ഡേശപ്രകാരം മെഡിക്കല്‍ കൌണ്‍സില്‍ സമയം നീട്ടി നല്‍കുകയും ചെയ്തു.ഇതോടെ നില്‍ക്കക്കള്ളിയില്ലാതായ കേരള സര്‍ക്കാറും കോടതിയിലെത്തി ഞഞ്ഞമിഞ്ഞ പറയുകയും കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സമയം നീട്ടി നല്‍കുകയും ചെയ്തു.കത്തോലിക്കാ മാനേജ്മെന്റ് ഇതിനെതിരെ സുപ്രീംകോടതിയില്‍ പോയെങ്കിലും അവിടെ അവര്‍ വടികൊടുത്തടി മേടിച്ചു.
ഇവിടെ സംഭവിച്ചതെന്താണെന്ന് പകല്‍ പോലെ വ്യക്തം.യു ഡി എഫ് സര്‍ക്കാര്‍ മനപൂര്‍വം അനങ്ങാതിരിക്കുകയും സ്വാശ്രയ കോളേജുകാര്‍ക്ക് വെട്ടിപ്പിനുള്ള അവസരം നല്‍കുകയാണുണ്ടായത്.ഇക്കൊല്ലം ഇങ്ങനെ പോകട്ടെ എന്ന സമീപനം ഒരിക്കലും ജനങ്ങളുടെ പക്ഷത്തുനിന്നുള്ളതല്ല എന്നു വ്യക്തം.കാരണം ജനങ്ങളുടെ ഗവണ്മെന്റായിരുന്നെങ്കില്‍ ജനകീയപക്ഷത്തുനിന്നുള്ള ഇടപെടലാണുണ്ടാകുമായിരുന്നത്.അതിനു പകരം ഒരുതണുപ്പന്‍ സമീപനം സ്വീകരിച്ച് ഈ പ്രശ്നത്തെ സ്വാശ്രയക്കാര്‍ക്കനുകൂലമായി മാറ്റാം എന്നാണവര്‍ വിചാരിച്ചിരുന്നത്. ഈ ഘട്ടത്തില്‍ ജനകീയ ബോധമുള്ള ഒരു സമര സംഘടന എന്തു ചെയ്യണമെന്നാണ് തേവാങ്കുകള്‍ പറയുന്നത്.കാശിയില്‍ പോയി ഭജനമിരിക്കണമെന്നോ?ആരെല്ലാം എന്തെല്ലാം പറഞ്ഞാലും തേവാങ്കുകള്‍ എത്രയൊക്കെ അമറിയാലും കഴിഞ്ഞ ഗവണ്മെന്റ് വളരെയേറെ കാര്യങ്ങള്‍ ഈ നാട്ടിനുവേണ്ടി ചെയ്തിട്ടുണ്ടെന്നതു വസ്തുതയാണ്.അതുകൊണ്ടു തന്നെയാണ് കേവലം ഒരു ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസവുമായി എല്‍ ഡി എഫ് ഒപ്പത്തിനൊപ്പം എത്തിയത്.യു ഡി എഫിന്റെ ഭൂരിപക്ഷം 3 സീറ്റിന്റെ മാത്രമാണ്.കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച ഒരു ഗവണ്മെന്റിനുള്ള ജനപിന്തുണയാണത്. എന്നാല്‍ ഇന്നത്തെ ഗവണ്മെന്റോ, ഈ നാടു നേടിയ സകല പുരോഗതിയേയും പിന്നോട്ടടിപ്പിക്കുന്ന പരിപാടികളാണ് നടപ്പാക്കുന്നത്. ഇതിനെതിരെ അതി ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരും. ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും അതില്‍ നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്യുന്നവരാണ് ഇവിടെ നേതാക്കളായി ഉയര്‍ന്നു വരുന്നത്.അല്ലാതെ തേവാങ്കുകള്‍ വിചാരിക്കുന്നതു പോലെ ബന്ധുബലമോ സ്വത്തു ബലമോ മറ്റു ബലമോ ബലങ്ങളോ നോക്കിയിട്ടല്ല ഇവിടെ നേതാക്കള്‍ ഉയര്‍ന്നു വരുന്നത്.അതില്‍ തേവാങ്കുകള്‍ അസൂയപ്പെട്ടിട്ടൊ കുശുംബു കുത്തിയിട്ടോ കാര്യമില്ല.
വിലക്കു വാങ്ങാം എന്ന തന്റെ പ്രശസ്തമായ നോവലില്‍ രചയിതാവ് ബിമല്‍ മിത്ര വളരെ പ്രസക്തമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്, തന്റെ നായകനായ ദീപാങ്കുരനിലൂടെ.അതിതാണ്: "what we learn from history is that we do not learn from history“.“ചരിത്രത്തില്‍ നിന്നും നാം പഠിക്കുന്ന പാഠം ചരിത്രത്തില്‍ നിന്നും നാമൊന്നും പഠിക്കുന്നില്ല എന്നു തന്നെയാണ്." എത്ര അര്‍ത്ഥവത്തായ നിരീക്ഷണമാണിത് എന്ന് സമകാലീന സംഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് നാം മനസ്സിലക്കുന്നത്.
ReplyDeleteമോഹനേട്ടാ,
ReplyDeleteസമാധാന സമരത്തെ ആരും എതിര്‍ക്കില്ല. ഈ അക്രമ സമരത്തെ എന്തൊക്കെ പറഞ്ഞും ന്യായീകരിക്കാനും പറ്റില്ല.
ടോണി
പ്രിയ അനോനിമസെ,
ReplyDeleteഅക്രമസമരത്തെ ആരും ന്യായീകരിക്കില്ല എന്ന് താങ്കള്‍ പറയുന്നു.ഇവിടെ ആരാണ് അക്രമം കാണിച്ചത്?, പിള്ളേരോ?പോലിസോ? യഥാര്‍ത്ഥത്തില്‍ ഇവിടെ അക്രമം കാണിച്ചത് ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലും സംസ്ഥാനസര്‍ക്കാറുമല്ലെ?