ചോരച്ചാലുകള്‍ നീന്തി വരുന്ന പാവം ഭാരതീയന്‍.

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കലാപത്തിന്റെ ദൃശ്യം.
1947 ആഗസ്റ്റ് 14-)0 തീയതി അര്‍ദ്ധരാത്രി നമ്മുടെ രാജ്യത്തിനു ലഭിച്ച സ്വാതംത്ര്യം സമുചിതമായി ആഘോഷിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ആഘോഷങ്ങളില്‍നിന്നും സ്വാതന്ത്ര്യസമരനായകനായ മഹാത്മാഗാന്ദ്ധി  വിട്ടുനില്‍ക്കുകയായിരുന്നു. അദ്ദേഹം ഡല്‍ഹിയില്‍നിന്നുമകലെ നവഖാലി എന്ന കുഗ്രാമത്തിലെ വര്‍ഗീയകലാപം ശമിപ്പിക്കുവാനുള്ള ശ്രമങ്ങളിലായിരുന്നു.എന്നാല്‍ ഗാന്ദ്ധിക്ക് പഴയതുപോലെ ഒരു പിന്തുണ അന്ന് മറ്റുനേതാക്കളില്‍നിന്നും ലഭിച്ചില്ല.കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കളെല്ലാം ഭരണത്തില്‍ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന തിരക്കിലായിരുന്നു.ആ തിരക്കില്‍ ഗാന്ധി എന്ന വൃദ്ധനെ അവര്‍ കയ്യൊഴിഞ്ഞു കളഞ്ഞു.അതിന്റെ ഫലമെന്താണെന്നു വച്ചാല്‍ ഭാരതത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെല്ലാം വര്‍ഗീയകലാപം ആളിപ്പടരുകയായിരുന്നു.ലക്ഷക്കണക്കിനാളുകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന സംഭവമായിരുന്നു പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളുമായി പാക്കിസ്ഥാനില്‍ നിന്നും ഇന്‍ഡ്യയിലേക്ക് പുറപ്പെട്ട ഒരു തീവണ്ടി വഴിക്കുവച്ച് ആക്രമിക്കപ്പെട്ടതും അതിലെ യാത്രക്കാരെ മുഴുവന്‍ കൊന്നുകളഞ്ഞതും.പിന്നീട് നിരവധി അനവധി വര്‍ഗീയകലാപങ്ങള്‍ക്ക് നമ്മുടെ ഭാരതം സാക്ഷിയായിട്ടുണ്ട്.പിന്നീട് വര്‍ഗീയകലാ‍പം നിരവധി സ്പോടനങ്ങള്‍ക്ക് വഴിമാറി.എന്നാലും നിരപരാധികളുടെ ചോരചിന്തല്‍ ഇനിയും അവസാനിച്ചിട്ടില്ല,അവസാനിക്കാനുള്ള സാധ്യതയും കാണുന്നില്ല.
                         ഇത്തവണത്തെ പോസ്റ്റ് ഈ വര്‍ഗീയകലാപങ്ങളെക്കുറിച്ചാകാമെന്ന് വിചാരിക്കുന്നു.ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയേഴ് ആഗസ്റ്റ് പതിനാലാം തീയതി അര്‍ദ്ധരാത്രി ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയില്‍നിന്നും കെട്ടുകെട്ടുകയും ഭരണം ലോക്കല്‍ നേതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ബ്രിട്ടീഷുകാര്‍ വളരെ തന്ത്രപുര്‍വം ഇവിടത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാവശ്യമായ നിരവധി കാര്യങ്ങളും ചെയ്തുവച്ചിട്ടാണ് പോയത്.എന്നാല്‍ സ്വാതന്ത്ര്യസമരത്തിനു നേത്രുത്വം നല്‍കിയ കോണ്‍ഗ്രസാകട്ടെ കാര്യങ്ങളെ സമഗ്രമായി വിലയിരുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.ഗാന്ധിജിയുടെ രാമരാജ്യസങ്കല്‍പ്പം ഹിന്തുരാജ്യസങ്കല്‍പ്പമായി വ്യാഖ്യാനിക്കപ്പെടുകയും ഇതില്‍ മുസ്ലീം ജനവിഭാഗം അസംതൃപ്തരാവുകയും അവരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കിക്കുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെടുകയും ചെയ്തു.ഈ സന്ദര്‍ഭം മുതലെടുക്കാന്‍ മുസ്ലീമങ്ങളും അത് ഊതിപ്പെരുപ്പിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യവും ശ്രമിച്ചു.ഇത് ഒരു ഗൌരവമേറിയപ്രശ്നമായിക്കണ്ട് അതിനനുസരിച്ചുയരാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചുമില്ല.നെഹ്രു തുടങ്ങിയ വളരെക്കുറച്ച് നേതാക്കളെ മാറ്റി നിറുത്തിയാല്‍ ബാക്കി കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം ഹിന്ദു മതചായ്‌വുകാരെ പോലെ പ്രവര്‍ത്തിച്ചു.(ഹനുമാന്റെ പിന്തുടര്‍ച്ചക്കാരെന്ന ഒരൊറ്റ കാരണത്താല്‍ കുരങ്ങനെ ഭാരതത്തിന്റെ ദേശീയ മൃഗമാക്കാന്‍ അവസാനനിമിഷം വരെ ശ്രമിച്ച കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളുണ്ടത്രെ.)അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ് പുരോഗമിച്ചത്.
കലാപത്തില്‍ കൊല്ലപ്പെട്ട കുട്ടി.
                      ഭാരതത്തില്‍ നിലനിന്ന ഫ്യ്യൂഡല്‍ സംബ്രദായത്തിന്റെ കടക്കല്‍ കത്തി വൈക്കുന്ന നടപടികളായിരുന്നു ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയില്‍ ആദ്യകാലത്ത് നടപ്പാക്കിയത്.റെയില്‍‌വേ, ഇംഗ്ലീഷ് വിദ്യാഭ്യാസം, തപാല്‍ വകുപ്പ് തുടങ്ങിയവയെല്ലാം ഏതാണ്ട് അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളായി പിരിഞ്ഞു നിന്ന ഭാരതത്തെ ഒരൊറ്റ ഭാരതം എന്ന ചിന്ത വളരാനിടയാക്കി.എന്നാല്‍ ഇത്തരം ഭരണപരിഷ്കാരങ്ങളുടെ പിന്തുടര്‍ച്ചക്കാരായി രംഗത്തുവന്ന കോണ്‍ഗ്രസിനാകട്ടെ ഈ പുരോഗമനം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല.ഗാന്ധിയുടെ രാമരാജ്യസങ്കല്‍പ്പത്തിനു പിറകില്‍ കോണ്‍ഗ്രസ്സുകാര്‍ അടയിരുന്നു.അവര്‍ക്കതായിരുന്നു സൌകര്യം.കൂട്ടായ ചര്‍ച്ചകളോ തീരുമാനങ്ങളോ ഇല്ലാതെ അന്നന്നത്തെ സാഹചര്യത്തിനനുസരിച്ച് വലിയനേതാവൊരു തീരുമാനം എടുക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയും ചെയ്യുന്ന നില വന്നു.ആദ്യഘട്ടത്തില്‍ ഇതിനൊരു മാറ്റം വരുത്താന്‍ നെഹ്രു ഗ്രൂപ്പ് ശ്രമിച്ചെങ്കിലും ഗാന്ധിജിയുടെ വ്യക്തിപ്രഭാവം ഉയര്‍ത്തിയ മാസ്മ്മരതയില്‍ എതിര്‍ശബ്ദങ്ങളെല്ലാം അമര്‍ന്നടിഞ്ഞു.ഈയൊരു സാഹചര്യത്തില്‍ ഫ്യ്യൂഡലിസത്തിന്റെ തായ്‌വേരറുക്കുന്നതിനു പകരം കോണ്‍ഗ്രസ്സ് ഫ്യ്യൂഡലിസവുമായി സന്ധി ചെയ്യുന്ന സമീപനമാണ് കാണിച്ചത്.ഇത് ഫ്യ്യൂഡലിസത്തിന്റെ കൂടപ്പിറപ്പായ വര്‍ഗീയതയെ അവസാനിപ്പിക്കുന്നതിനു പകരം ഊട്ടിവളര്‍ത്തുകയും ഒന്നുചേരുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായത്.ഇത് രാജ്യത്ത് അസമാധാനം സൃഷ്ടിക്കുന്ന നടപടിയായിപ്പോയി.തന്നേയുമല്ല ജാതിമതശക്തികള്‍ക്ക് സ്വതന്ത്രഭാരതത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം നേടിക്കൊടുത്തതും കോണ്‍ഗ്രസ്സ് തന്നെയാണ്.എവിടെയൊക്കെ കോണ്‍ഗ്രസ്സ് ഭരണത്തില്‍നിന്നും പുറത്താകുന്നുവോ അവിടെയൊക്കെ സകലമാന ജാതിമത ശക്തികളേയും കൂട്ടുപിടിച്ച് അധികാരത്തിലേറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.ഇതറിയാന്‍ നാം ദൂരെയൊന്നും പോകേണ്ടകാര്യമില്ല, നമ്മുടെ കേരളത്തിലേക്ക് നോക്കിയാല്‍ മാത്രം മതി.കൃസ്ത്യന്‍ മുസ്ലീം ജാതിരാഷ്ട്രീയതിന്റെ തോളില്‍ തൂങ്ങിയാണിവിടെ കോണ്‍ഗ്രസ്സ് ഭരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ.ഇതിന്റെ മാരകമായ ഫലമാണ്, സ്വാശ്രയ മേഡിക്കല്‍ കോളേജ് പ്രശ്നത്തില്‍ നാം കണ്ടത്.
                       സ്വതന്ത്രഭാരതത്തില്‍ 1947 മുതല്‍ 2003 വരെ നടന്ന വര്‍ഗീയകലാപങ്ങളുടെ ഒരു വിശദീകരണം താഴെ കൊടുക്കുന്നു.“ഇന്‍സ്റ്റിറ്റൂട്ട് ഒഫ് പീസ് ആന്‍ഡ് കോണ്‍ഫ്ലിക്റ്റ് സ്റ്റഡീസ്“ എന്ന പ്രസ്ഥാനത്തിനു വേണ്ടി ബി.രാജേശ്വരി നടത്തിയ പഠനമാണിത് ‌‌‌‌‌‌‌--> സ്വതന്ത്രഭാരതത്തിലെ വര്‍ഗീയ കലാപങ്ങള്‍. 
                                        ഏതാണ്ട് രണ്ടായിരത്തിനുശേഷം വര്‍ഗീയകലാപങ്ങള്‍ക്ക് മറ്റൊരു മുഖം കൂടി കൈവന്നിട്ടുണ്ട്.സ്പോടനങ്ങള്‍.ഇതും വര്‍ഗീയകലാപത്തിന്റെ മറ്റൊരു രൂപം തന്നെയാണ്.തിരക്കുള്ള സ്ഥലങ്ങളില്‍, റെയില്‍ വേ സ്റ്റേഷന്‍, മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളില്‍ ബോംബ് വൈക്കുകയും ഒരു റിമോട്ട് സ്വിച്ച് ഉപയോഗിച്ച് ഇത് പൊട്ടിക്കുകയും ചെയ്യുന്നു.റിമോട്ട് സ്വിച്ചിനു പകരം ബോംബ് വച്ചുകെട്ടിയ ഒരാള്‍ സ്വയം ചാവേറായി വന്ന് പൊട്ടിക്കുന്ന പരിപാടിയുമുണ്ട്.രൂപം എന്തായാലും ഫലം ഒന്നുതന്നെയാണ്, നിരപരാധികളുടെ ജീവന്‍.ജീവനൊടുങ്ങുന്നവര്‍ മാത്രമല്ല ജീവച്ഛവങ്ങളായി മാറുന്ന നിരവധി പേര്‍ ഓരോ കലാപത്തിലും ബോംബ് സ്പോടനത്തിലും ഉണ്ടാകുന്നു.ഇവരെ അധിവസിപ്പിക്കാനുള്ള പരിപാടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല.ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നതില്‍ ഒട്ടുംതന്നെ പിറകിലല്ല എന്നതാണ് വസ്തുത.
                   ഇതിനൊരു മരുന്ന് മാത്രമേയുള്ളു, ജാതിമതപ്രസ്ഥാനങ്ങളെ മൂലക്കിരുത്തുക.ഇന്നത്തെ 21-)0 നൂറ്റാണ്ടില്‍ ജാതികള്‍ക്കും മതത്തിനും നിര്‍വഹിക്കാനുള്ള പങ്ക് വളരെ നിസ്സാരമാണ്, ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ നൂറു ശതമാനം സാക്ഷരത നേടിയ, എല്ലാ കാര്യങ്ങളിലും വളരെയേറെ പുരോഗമിച്ചിട്ടുള്ള കേരളത്തില്‍ പോലും മത സമുദായ നേതാക്കള്‍ നടത്തുന്ന ഗോഷ്ഠികള്‍ അരോചകമാകുന്നുണ്ട്.ഇവരെ ഒഴിവാക്കുന്നതിനുവേണ്ടി ഭാരതത്തിലേ ഏറ്റവും കൂടുതല്‍ ജനപിന്തുണ അവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെ മുന്‍ കൈ എടുക്കുകയും ഇത്തരം ജാതി മത ശക്തികളുമായുള്ള ബന്ധം വിടര്‍ത്തുകയും ചെയ്താല്‍ മാത്രം മതി.ഇല്ലാത്ത മസിലു പെരുപ്പിച്ച് കാട്ടിയാണ് ജാതി മത ശക്തികള്‍ ജനാധിപത്യകക്ഷികളെ വെല്ലുവിളിക്കുന്നത്.
                        പിന്നീട് ചെയ്യേണ്ടത് നമ്മുടെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും അവരവരുടെ ശക്തിയും ദൌര്‍ബല്യങ്ങളും കണക്കിലെടുത്ത് ഒരെ പോലെ മുന്നേറാനാനുള്ള അവസരം നല്‍കുക എന്നതാണ്.രാഷ്ട്രീയവും മറ്റുമുള്ള കാഴ്ച്ചപ്പാടുകള്‍ വച്ച് പലരേയും പലരീതിയില്‍ കാണുന്ന പരിപാടി അവസാനിപ്പിക്കുക.ഭൂപരിഷ്ക്കരണം അഖിലേന്ത്യാ തലത്തില്‍ നടപ്പിലാക്കുക.ഇന്ന് ഇന്‍ഡ്യയില്‍ കേരളത്തിലും പശ്ചിമ ബംഗാളുമൊഴിച്ച് മറ്റെങ്ങും ഇങ്ങനെ ഒരു കാര്യം കേട്ടിട്ടുപോലുമില്ല.നമ്മൂടെ നാട്ടില്‍ ഇന്നും അവശേഷിക്കുന്ന ഫ്യൂഡലിസത്തിന്റെ ബാക്കിയുള്ള അവശിഷ്ടങ്ങളെക്കൂടി ഇല്ലാതാക്കി ഒരു മുതലാളിത്ത വിപ്ലവത്തിനു വഴി തെളിക്കുക.ഇത്രയുമൊക്കെ മതി വര്‍ഗീയതയെ ഈ നാട്ടില്‍നിന്നും ഉച്ചാടനം ചെയ്യിക്കാന്‍.

1 comment :

  1. ഗാന്ധിജിയുടെ രാമരാജ്യസങ്കല്‍പ്പം ഹിന്തുരാജ്യസങ്കല്‍പ്പമായി വ്യാഖ്യാനിക്കപ്പെടുകയും ഇതില്‍ മുസ്ലീം ജനവിഭാഗം അസംതൃപ്തരാവുകയും അവരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കിക്കുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെടുകയും ചെയ്തു.ഈ സന്ദര്‍ഭം മുതലെടുക്കാന്‍ മുസ്ലീമങ്ങളും അത് ഊതിപ്പെരുപ്പിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യവും ശ്രമിച്ചു.ഇത് ഒരു ഗൌരവമേറിയപ്രശ്നമായിക്കണ്ട് അതിനനുസരിച്ചുയരാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചുമില്ല.നെഹ്രു തുടങ്ങിയ വളരെക്കുറച്ച് നേതാക്കളെ മാറ്റി നിറുത്തിയാല്‍ ബാക്കി കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം ഹിന്ദു മതചായ്‌വുകാരെ പോലെ പ്രവര്‍ത്തിച്ചു.(ഹനുമാന്റെ പിന്തുടര്‍ച്ചക്കാരെന്ന ഒരൊറ്റ കാരണത്താല്‍ കുരങ്ങനെ ഭാരതത്തിന്റെ ദേശീയ മൃഗമാക്കാന്‍ അവസാനനിമിഷം വരെ ശ്രമിച്ച കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളുണ്ടത്രെ.)

    ReplyDelete