തലക്കെട്ട് വായിക്കുമ്പോള്‍ നമുക്ക് തോന്നാം രണ്ടും ഒന്നു തന്നെ അല്ലെ എന്ന്.എന്നാല്‍ സുഹൃത്തുക്കളെ, രണ്ടും ഒന്നല്ല, രണ്ടാണ് രണ്ടു തന്നെയാണ്.
നമുക്കൊന്ന് നോക്കാം. സ്കൂള്‍ വാന്‍ എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് സ്കൂളിന്റെ ഉടമസ്ഥതയിലായിരിക്കണം വാന്‍, മഞ്ഞ കളറേ അടിക്കാവൂ, വാനിന്റെ മുന്നിലും പിറകിലും വിദ്യാഭ്യാസസ്ഥാപനത്തിന്റെ വാഹനം എന്ന് വ്യക്തമായി എഴുതി വൈക്കണം,വാനിന്റെ രണ്ടു സൈഡിലും സ്കൂളിന്റെ പേര് വ്യക്തമായി എഴിതിയിരിക്കണം,ഡ്രൈവറ് മിനിമം 15 കൊല്ലം വണ്ടിയോടിച്ച് പരിചയമുള്ളവനും അപകടം ഉണ്ടാക്കാത്തവനും ആയിരിക്കണം.കൂടിയ സ്പീഡ് ഈ വാഹനത്തിന് മണിക്കൂറില്‍ 30 ഒ 40 ഓ ആയിരിക്കണം.ഇത്രയൊക്കെ നിബന്ധന വച്ച സര്‍ക്കാര്‍ കുട്ടികളില്‍ നിന്നും ഈടാക്കാനുള്ള വാഹനഫീസിനു മാത്രം പരിധി വച്ചില്ല.
ഇനി സ്കൂളിലേക്കുള്ള വാനിനെ നോക്കാം.ആര്‍ക്കു വേണമെങ്കിലും പത്തു കുട്ടികളെ കിട്ടിയാല്‍ ഒരു സര്‍വീസ് സ്കൂളിലേക്ക് ആരംഭിക്കാം.ഗവണ്മെന്റിനോ, സ്കൂളിനോ, നാട്ടുകാര്‍ക്കോ ഈ വാഹനത്തിന്റെ പുറത്ത് യാതൊരു നിബന്ധനയുമില്ല.എങ്ങനെ വേണമെങ്കിലും ഓടിക്കാം, എത്ര കുട്ടികളെ വേണമെങ്കിലും കയറ്റാം, എത്ര സ്പീഡില്‍ വേണമെങ്കിലും ഓടിക്കാം.കഴിഞ്ഞ മൂന്നോ നാലോ മാസങ്ങള്‍ക്കു മുന്‍പാണ് നിറയെ കുട്ടികളുമായി അതിവേഗതയിലോടിയ ഒരു സ്കൂളിലേക്കുള്ള വാന്‍ റോഡ് സൈഡിലെ പുഴയിലേക്ക് മറിഞ്ഞ് 6 കുരുന്നുകള്‍ മരിച്ചത്.( ഇതിന്റെ പ്രകമ്പനത്തിലായിരിക്കണം സര്‍ക്കാര്‍ സ്കൂള്‍ വാനുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചത്.) ഇക്കഴിഞ്ഞ ദിവസം മറ്റൊരു വാര്‍ത്തയും കണ്ടു, നിത്യയാത്രികയായ 8-)0 ക്ലാസ് കാരിയെ പ്രേമം നടിച്ച് പീഡിപ്പിക്കുകയും പിന്നെ ആ പെണ്‍കുട്ടി ആത്മഹത്യയും ചെയ്തതിന് സ്കൂളിലേക്കുള്ള വാനിന്റെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലുമായി എന്ന്. ( നിത്യവും പീഡനകഥകള്‍ വായിക്കുകയും സ്വന്തം അഛന്‍ തന്നെ മകളെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന ഈ കേരളത്തില്‍ ഇതൊരു വാര്‍ത്തയായിരിക്കില്ല.)
ഈ രണ്ടു കാഴ്ച്ചകളും നാം നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്.നിവൃത്തിയില്ലാത്തതിനാല്‍ ( സ്പീഡ് നിയന്ത്രണസംവിധാനമുള്ളതിനാല്‍) അരിച്ചരിച്ചു നീങ്ങുന്ന സ്കൂള്‍ ബസുകളും/വാനുകളും എന്നാല്‍ കുട്ടികളേയും കുത്തി നിറച്ച് ചീറിപ്പായുന്ന ബസ്സുകളും/വാനുകളും/ഓട്ടോ റിക്ഷകളും.ആറു വലിയവരെ കയറ്റാവുന്ന മാരുതി ഒംനി വാനില്‍ 12 കുട്ടികളെയാണ് കയറ്റാവുന്നത്, എന്നാല്‍ മിനിമം അതില്‍ കയറുന്ന കുട്ടികളുടെ എണ്ണം എല്‍ കെ ജി മുതല്‍ എസ് എസ് എല്‍ സി വരെ 30 ഒ 35 ഓ ആണ്.അതുപോലെ 3 വലിയവരേയോ 6 കുട്ടികളേയോ കയറ്റാവുന്ന ഓട്ടോറിക്ഷയില്‍ കയറ്റുന്ന കുട്ടികളുടെ എണ്ണം 20 മുതല്‍ 25 വരെ.ഓട്ടോ ഡ്രൈവറുടെ രണ്ടു വശത്തും മടിയിലുമടക്കമാണിത്.സംശയമുണ്ടോ ? ഉണ്ടെങ്കില്‍ നാളെ സ്വന്തം വീട്ടിലോ അടുത്ത വീട്ടിലോ സ്കൂള്‍ ഓട്ടോ വന്നു നില്‍ക്കുമ്പോള്‍ ചുമ്മാ ഒന്നിറങ്ങി നോക്കിയാല്‍ മതി.അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു സ്കൂളിനു മുന്നില്‍ രാവിലെ ഒരു 8.30 മുതല്‍ ചുമ്മാ പോയി നിന്നാല്‍ മതി.
ഒരു പക്ഷെ നമ്മള്‍ കേരളീയരുടെ സ്വഭാവം വച്ച്, മാന്യമായി സ്കൂള്‍ വാനില്‍ നമ്മുടെ മക്കളെ പറഞ്ഞുവിടുന്നതില്‍ നമുക്ക് താല്പര്യം കാണുകയില്ല. കാരണം നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുവാനും ലംഘിക്കുവാന്‍ മാത്രമായി നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്നവരാണല്ലോ നമ്മള്‍.അതുകൊണ്ടു തന്നെ മാന്യമായി സ്കൂള്‍ വാനില്‍ നമ്മുടെ മക്കളെ കയറ്റുന്നതിന് ഒരു നൂറായിരം തടസ്സങ്ങള്‍ നമ്മളുന്നയിക്കും, നമുക്കു പോലും ദഹിക്കാത്ത തടസ്സങ്ങള്‍. ഉദാഹരണത്തിന് ഫീസ് കൂടുതലാണ്, അല്ലെങ്കില്‍ വളരെ നേരത്തെ വാനെത്തും വൈകിയേ വീട്ടിലെത്തിക്കൂ തുടങ്ങിയ രീതിയില്‍.ഞാന്‍ ചോദിക്കട്ടെ, നമ്മുടെ വീടിനടുത്ത് ഒന്നാന്തരം മലയാളം മീഡിയം സര്‍ക്കാര്‍ സ്കൂളുണ്ടല്ലോ ?, പിന്നെന്താ കുട്ടികളെ അവിടെ ചേര്‍ക്കാത്തെ? ഉടന്‍ വരും റെഡിമെയ്ഡ് ഉത്തരം.അവിടെ പഠിപ്പീരുണ്ടോ? സാറന്മാരുണ്ടോ? പ്രിയ സുഹൃത്തുക്കളെ, അക്കാലമെല്ലാം മാറിക്കഴിഞ്ഞു, ഇന്ന് കിട്ടാവുന്ന ഏറ്റവും നല്ല സിലബസ്സില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല രീതിയിലാണവിടെ പഠിപ്പിക്കല്‍ നടത്തുന്നത്.കൂടാതെ അവിടേയും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്.അവിടെ പഠിക്കുന്ന ഒരു കുട്ടിയോടും ടിപ്പിക്കല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നതുമായ രണ്ടു കുട്ടികളോട് ഒരേ ചോദ്യം ചോദിച്ചു നോക്കൂ, അപ്പൊ അറിയാം വ്യത്യാസം.
ഇതിലെല്ലാം ഉപരിയായി ആ സ്കൂള്‍ നമ്മുടേതാണ്, എന്നുവച്ചാല്‍ അതിന്റെ മുതലാളി, മാനേജര്‍ ഒക്കെ നമ്മളാണ്.നമ്മുടെ നികുതി പണം ഉപയോഗിച്ചാണാ സ്കൂള്‍ നിര്‍മിച്ചിരിക്കുന്നത്, അതിന് അറ്റകുറ്റ പണി ചെയ്യാന്‍ ഉപയോഗിക്കുന്നതും ഇതേ പണം തന്നെയാണ്, അവിടത്തെ ബഞ്ചും ഡസ്കും ഒക്കെ നമ്മുടെ പണം തന്നെ, കുട്ടികള്‍ പഠിക്കുന്ന പുസ്തകങ്ങളും അദ്ധ്യാപകര്‍ക്ക് ശംബളം കൊടുക്കുന്നതും ഒക്കെ നമ്മുടെ പണം ഒന്നുകൊണ്ടു മാത്രമാണ്.നമ്മളിറക്കുന്ന പണം വെറുതേ കളയാന്‍ നാം സമ്മതിക്കുമോ? അതും ചോര നീരാക്കി നാം രാപകല്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം! എന്തേ ആ ഒരു വികാരം പോലും നമ്മള്‍ കാണിക്കാത്തത്?
പിന്നെ സ്കൂള്‍ വാനിന്റെ മുതലാളി, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മുതലാളി ഒന്നുകില്‍ ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു വ്യക്തിയുടെ സ്വഭാവം കാണിക്കുന്ന ഒരു കൂട്ടമോ ( ട്രസ്റ്റ് മുതലായവ) ആയിരിക്കും.അവര്‍ ഈ പ്രസ്ഥാനത്തിന് പണമിറക്കുന്നതിനൊരൊറ്റ കാരണമേയുള്ളു, ലാഭം കിട്ടണം, കഴിയുമെങ്കില്‍ അമിതമായ ലാഭം.എന്താണിതിനൊരു വഴി? സ്കൂള്‍ കുട്ടികളെ പിഴിയുക,അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ പിഴിയുക. ഇതു രണ്ടും കൃത്യമായി അവിടെ നടക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ കഴിഞ്ഞ വര്‍ഷം കൊടുത്ത മുഴുവന്‍ ഫീസിന്റേയും രസീതുകള്‍ വച്ചൊന്ന് നോക്കിയാല്‍ മതി.പിന്നെ റ്റി റ്റി സി കഴിഞ്ഞു വരുന്ന അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളമെത്രയാണ്, എം എസ് സിയും പി എച് ഡിയും കഴിഞ്ഞു വരുന്ന ഇംഗ്ലീഷ് മീഡിയം ടീച്ചര്‍മാര്‍ക്ക് കിട്ടുന്ന ശംബളമെത്രയാണ് എന്ന് വളരെ എളുപ്പത്തില്‍ നമുക്ക് മനസ്സിലാക്കാം.മൂവായിരം രൂപ മാസം ഫീസുകൊടുത്തു എല്‍ കെ ജിയില്‍ കുട്ടിയെ പഠിപ്പിക്കാനായി ആ കൊച്ചിന്റെ തന്തക്കും തള്ളക്കും ആദ്യക്ലാസ് കൊടുക്കുന്ന ഇംഗ്ലീഷ് സ്കൂള്‍ എനിക്കറിയാം.എന്നിട്ടവിടേയും തള്ളിക്കയറ്റമാണ്.അപ്പോള്‍ പണിയെടുത്തു കൊണ്ടു വരുന്ന കാശ് അന്യന്റെ പെട്ടിയിലിട്ടു കൊടുക്കാന്‍ നമ്മുടെ മലയാളികള്‍ക്കെന്തു സന്തോഷമാണെന്നു നോക്കിക്കേ. എന്നിട്ടവര്‍ മാറി നിന്ന് സ്വന്തം സ്ഥാപനങ്ങളെ തെറി പറയുകയും ചെയ്യും.
അപ്പോള്‍ ഈ സ്കൂള്‍ മുതലാളിമാര്‍ തന്നെയാണ് സ്കൂളുകളിലേക്കുള്ള വാനുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കാണാം.അയാള്‍ മാന്യനായിരുന്നെങ്കില്‍, കുട്ടികളുടെ ഉന്നതി നോക്കുന്നവനായിരുന്നെങ്കില്‍ സ്കൂള്‍ വാനല്ലാതെ മറ്റൊരു വാഹനം കുട്ടികളുമായി സ്കൂളിലേക്ക് വരില്ലായിരുന്നു.സ്കൂള്‍ വാനിനു ഫീസ് കൂടുതല്‍, അതുകൊണ്ട് ഞങ്ങള്‍ കുറച്ചു പേര്‍ ഒരോട്ടോ ആക്കി.കാശും ലാഭം, പിള്ളേര്‍ക്ക് തിരക്കു പിടിച്ച് പോകേം വേണ്ട എന്ന ന്യായത്തിലവര്‍ പിടിച്ചു നില്‍ക്കും.ആ പിടിച്ചു നില്പെങ്ങനെയെന്ന് നേരത്തെ ഞാന്‍ വിശദീകരിക്കുകയും നാമെല്ലാം റോഡിലത് കാണുകയും ചെയ്യുന്നതാണ്.
സ്കൂള്‍ അധികൃതരും രക്ഷിതാക്കളും മൌനം പാലിക്കുമ്പോള്‍ പിന്നെ അവിടെ ഇടപെടേണ്ടത് പൊതു സമൂഹമാണ്.രാഷ്ട്രീയത്തിനുപരി, മതത്തിനുപരി,ജാതിപിന്തിരിപ്പന്‍ശക്തികള്‍ക്കുപരി,സാമ്പത്തീക ഉച്ചനീചത്വങ്ങള്‍ക്കുപരി പണ്ടിവിടെ വളര്‍ന്ന് പുഷ്കലമായിരുന്ന ആ പൊതു സമൂഹം തന്നെ.പക്ഷെ നമ്മള്‍ തന്നെ ആ സമൂഹത്തിന്റെ കണ്ണും കാതും വായും അടച്ചു കളഞ്ഞു.
സ്കൂള്‍ അധികൃതരും രക്ഷിതാക്കളും മൌനം പാലിക്കുമ്പോള്‍ പിന്നെ അവിടെ ഇടപെടേണ്ടത് പൊതു സമൂഹമാണ്.രാഷ്ട്രീയത്തിനുപരി, മതത്തിനുപരി,ജാതിപിന്തിരിപ്പന്‍ശക്തികള്‍ക്കുപരി,സാമ്പത്തീക ഉച്ചനീചത്വങ്ങള്‍ക്കുപരി പണ്ടിവിടെ വളര്‍ന്ന് പുഷ്കലമായിരുന്ന ആ പൊതു സമൂഹം തന്നെ.പക്ഷെ നമ്മള്‍ തന്നെ ആ സമൂഹത്തിന്റെ കണ്ണും കാതും വായും അടച്ചു കളഞ്ഞു.
ReplyDeleteഇതിനിപ്പോ എന്താ പോംവഴി ഉള്ളത്.. സ്കൂള്‍ വാന്‍ എല്ലാ സ്കൂളുകള്‍ക്കും വേണം എന്ന് പറഞ്ഞാലും, ഇനി ഇപ്പൊ ഉണ്ടായാലും പ്രശ്നം തീരുമോ? പിന്നെ വ്യക്തമായ ഐ ഡിയും മുന്‍പരിചയവും ഇല്ലാത്തവരുടെ കൂടെ കുട്ടികളെ പറഞ്ഞയക്കരുത്. അത് മാതാപിതാക്കളും സ്കൂള്‍ അധികൃതരും ശ്രദ്ധിക്കണം .
ReplyDeleteഏതുകാലത്തും പ്രസക്തമായ പോസ്റ്റ്. സ്വന്തം കുഞ്ഞുങ്ങളുടെ രക്ഷയെ കരുതിയെങ്കിലും, സ്കൂള്‍ ബസ്സുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം.
ReplyDeleteസ്കൂള്‍ അധികൃതരും രക്ഷിതാക്കളും മൌനം പാലിക്കുമ്പോള്‍ പിന്നെ അവിടെ ഇടപെടേണ്ടത് പൊതു സമൂഹമാണ്.രാഷ്ട്രീയത്തിനുപരി, മതത്തിനുപരി,ജാതിപിന്തിരിപ്പന്‍ശക്തികള്‍ക്കുപരി,സാമ്പത്തീക ഉച്ചനീചത്വങ്ങള്‍ക്കുപരി പണ്ടിവിടെ വളര്‍ന്ന് പുഷ്കലമായിരുന്ന ആ പൊതു സമൂഹം തന്നെ.പക്ഷെ നമ്മള്‍ തന്നെ ആ സമൂഹത്തിന്റെ കണ്ണും കാതും വായും അടച്ചു കളഞ്ഞു.
ReplyDelete