അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും ......

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
സമകാലീകരാഷ്ട്രീയം എഴുതണ്ടാ എന്നു വിചാരിച്ചിരിക്കുകയായിരുന്നു.എന്നാലും നമുക്കു ചുറ്റുമുള്ള കാര്യങ്ങളും സംഭവങ്ങളും കാണുമ്പോള്‍ എഴുതിപോവുകയാണ്.ക്ഷമിക്കണേ!
             ഇടതുപക്ഷ ഗവണ്മെന്റിന്റെ അവസാന നാളുകള്‍.കൊടപ്പനക്കുന്നില്‍ തറവാട്ടില്‍ ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ പാണക്കാട് ശിഹാബലി തങ്ങള്‍ അന്തരിച്ച് അധികമായിട്ടില്ല.പകരം ഉമ്മര്‍ ഫറൂക്കലി സാഹബ് വന്ന സമയം.
              പ്രത്യേകിച്ച് കാരണമൊന്നുമില്ല, കാസറഗോഡ് കാര്‍ക്ക് ഒരു വല്ലാത്ത ആഗ്രഹം.മറ്റൊന്നുമല്ല തങ്ങളുടെ പ്രിയപ്പെട്ട ലീഗ് നേതാക്കള്‍ക്ക് ഒരു സ്വീകരണം നല്‍കണം.ലീഗ് നേതാക്കള്‍ക്കും സമ്മതം.അങ്ങനെ 2009 നവംബര്‍ 15 ന് സ്വീകരണം നല്‍കാന്‍ തീരുമാനിക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ അവര്‍ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു.നാടെങ്ങും പരസ്യബോര്‍ഡുകളും ഫ്ലക്സ് ബോര്‍ഡുകളും കൊണ്ടു നിറഞ്ഞു.അങ്ങനെ സ്വീകരണദിവസം അടുത്തടുത്തു വന്നുകൊണ്ടിരുന്നു.
                   ഈ സമയം നമ്മള്‍ കാസറഗോഡിനെക്കുറിച്ചല്‍പ്പം മനസ്സിലാക്കേണ്ടതുണ്ട്.ഒരൊറ്റ ഉദാഹരണം കൊണ്ടാ പ്രത്യേകത ഞാന്‍ മനസ്സിലാക്കിച്ചു തരാം.കാസറഗോഡ് പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കൂടുതലുള്ളത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെങ്കിലും മിക്കവാറും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുക മുസ്ലീം ലീഗും രണ്ടാം സ്ഥാനത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായിരിക്കും.എന്നാല്‍ ഇത്തവണ മാര്‍ക്സിസ്റ്റുകാരെ മുള്‍മുനയില്‍ നിറുത്തിക്കൊണ്ട് ( യു ഡി എഫ് കാരേയും) ബി ജെ പി യിലെ ജയലക്ഷ്മി ഭട്ട് വോട്ടെണ്ണലിനിടയില്‍ പലവട്ടം ഒന്നാം സ്ഥാനത്തെത്തുകയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്കെത്തുകയും ചെയ്തിരുന്നു.(എന്നാലും ജയിച്ചത് ലീഗുകാരന്‍ തന്നെ.)ഇതാണ് കാസറഗോഡിന്റെ ഭൂമിശാസ്ത്രം.മതേതരമല്ല മതാധിഷ്ഠിതമാണ് കാസറഗോഡിന്റെ മനസ്സ്. കേരള സംസ്ഥാന രൂപീകരണകാലത്ത് യഥാര്‍ഥത്തില്‍ കര്‍ണാടകയോട് ചേരേണ്ടതായിരുന്നു ഈ പ്രദേശങ്ങള്‍.എന്നാല്‍ കന്യാകുമാരി തമിഴ് നാടിനു വിട്ടുകൊടുത്തപ്പോള്‍ പകരം നമുക്ക് കിട്ടിയതാണീ കാസറഗോഡ്. തൊട്ടപ്പുറത്തു കിടക്കുന്ന കര്‍ണാടക സംസ്ഥാനവുമായുള്ള അടുപ്പവും,അവിടന്നു വേര്‍പിരിച്ച് കേരളത്തില്‍ ചേര്‍ത്തതുമൊക്കെ, കാഞ്ഞങ്ങാട് കഴിഞ്ഞ് , അല്ലെങ്കില്‍ കാഞ്ഞങ്ങാട് വേണ്ട, കാസറഗോഡും അതിനു ചുറ്റുമായി കിടക്കുന്ന ജില്ലയുടെ പ്രദേശങ്ങളുമെല്ലാം ഒരു തനി കര്‍ണാടക സംസ്ഥാനത്തിന്റെ പ്രതീതിയാണുണ്ടാക്കുക.പ്രത്യേകിച്ചും അതിര്‍ത്തിയില്‍ കിടക്കുന്ന ഗ്രാമപ്രദേശങ്ങള്‍. മലയാളം അറിയുകയും സംസാരിക്കുകയും ചെയ്യുന്നവരെ ഈ കേരള ഗ്രാമങ്ങളില്‍ കണ്ടു കിട്ടാന്‍ തന്നെ പ്രയാസം.കര്‍ണാടക ഭാഷ, അതിലും നന്നായി തുളു ഭാഷ, ഇതു രണ്ടുമാണ് ആ മനുഷ്യര്‍ സംസാരിക്കുക.നമ്മളൊരു കാര്യമന്വേഷിച്ച് ചെല്ലുകയും ആ അന്വേഷണത്തില്‍ ഒരല്‍പ്പം ഇഷ്ടക്കേട് അവര്‍ക്ക് തോന്നുകയും ചെയ്താല്‍ പിന്നെ തീര്‍ന്നു, അവര്‍ തുളു അല്ലാതെ പിന്നെ മറ്റൊന്നും സംസാരിക്കില്ല.നമ്മളെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തട്ടിക്കളിക്കും.
                      കാസറഗോഡ് പട്ടണത്തിനു ചുറ്റുമുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ ഹിന്ദു ഭൂരിപക്ഷവും അവര്‍ മിക്കവാറും ബി ജെ പി ക്കാരുമായിരിക്കും.പിന്നെ രാഷ്ട്രീയ ചായ്‌വവര്‍ക്ക് മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടാണ്.കൃഷിയും ബീഡി തെറുപ്പുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളവിടെ നടന്നിട്ടുണ്ട്, അതിന്റെ ബലത്തില്‍ പാര്‍ട്ടിക്കവിടെ ശക്തമായ സാന്നിദ്ധ്യമാവാനും കഴിഞ്ഞു.എന്നാല്‍ പട്ടണപ്രദേശങ്ങളില്‍ അധികവും മുസ്ലീം വിശ്വാസികളും അവരെല്ലാം മിക്കവാറും ലീഗുകാരുമാണ്.തന്നേയുമല്ല ഈ കുടുംബങ്ങളിലെ ഗൃഹനാഥന്മാരെല്ലാം ഏതെങ്കിലും ഗള്‍ഫ് രാജ്യത്തായിരിക്കും താനും.വല്ലപ്പോഴും വന്നെത്തുന്ന ഈ ഗൃഹനാഥന്മാര്‍ സ്വന്തം കുടുംബങ്ങളില്‍തന്നെ വിരുന്നുകാരായിരിക്കും.അതുകൊണ്ടുതന്നെ മക്കളെ വളര്‍ത്തുക, നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം ഗൃഹനാഥമാരുടെ ഉത്തരവാദിത്വമാണ്.അവര്‍ തന്നെ വലിയ വിദ്യാഭ്യാസമില്ലാത്തവരായിരിക്കും.അതുകൊണ്ടു തന്നെ മക്കളെ  കൃത്യമായി പഠിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ വലിയ ശ്രദ്ധ കൊടുക്കാറില്ല.തന്നേയുമല്ല, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തങ്ങളും പുറത്തുപോയി പണം വാ‍രേണ്ടവരാണ് എന്ന ധാരണയുള്ളതിനാല്‍ അവരും പഠിത്തകാര്യത്തില്‍ വലിയ ശ്രദ്ധ കാണിക്കാറില്ല.
                        ചുരുക്കിപ്പറഞ്ഞാല്‍ അത്യാവശ്യം വിദ്യാഭ്യാസം ആയി എന്ന തോന്നലുവന്നുകഴിഞ്ഞാല്‍ ഉപ്പ ചോര നീരാക്കിയുണ്ടാക്കുന്ന പൈസയുമായി പട്ടണത്തിലേക്കിറങ്ങുകയായി.
                      എന്നാല്‍ മറുവശത്ത് പണം കൊണ്ടിത്ര വരില്ലെങ്കിലും പലിടത്തുനിന്നും വന്നു ചേരുന്ന പണം കൊണ്ട് മറ്റവരെ നേരിടാനിറങ്ങുന്ന ഗ്രൂപ്പുകളും.അങ്ങനെ വര്‍ഗീയവിദ്വേഷത്താല്‍ കലുഷിതമാണ് കാസറഗോഡിന്റെ അന്തരീക്ഷം.ഈ കാസറഗോഡിലാണ് മുസ്ലീം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം.
                   സ്വീകരണപരിപാടികള്‍ പോലീസ് അനുമതിക്കായി ഉന്നതോദ്യോഗസ്ഥരുടെ അടുത്തെത്തി.ബസ്സ്റ്റാന്‍ഡ് പരിസരത്താണ് യോഗം.അതോടൊപ്പം പ്രകടനവും.എന്നാല്‍ പ്രകടനം എന്ന വാ‍ക്ക് പോലീസുകാര്‍ വെട്ടിക്കളഞ്ഞു.കാരണം ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങള്‍ അത്ര നല്ലതല്ല.ഏതായാലും പ്രകടനം ഒരു തരത്തിലും അനുവദിക്കുന്ന പ്ര്ശ്നമേയില്ലെന്നവര്‍ തീര്‍ത്തു പറഞ്ഞു.പിന്നെ കാസറഗോഡെ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് യോഗം നടത്താനുള്ള അനുവാദം മാത്രം നല്‍കി.
                   അങ്ങനെ സ്വീകരണപരിപാടികള്‍ ആരംഭിച്ചു.നേതാക്കള്‍ മൈക്കിലൂടെ പ്രസംഗം ആരംഭിച്ചു.ഇതിനിടയില്‍ അണികള്‍ പോലീസിന്റെ വിലക്ക് ലംഘിച്ച് ടൌണിലൂടെ സംഘം സംഘമായി ഊരു ചുറ്റാനാരംഭിച്ചു.ആദ്യമാദ്യം അവര്‍ എതിര്‍ കക്ഷികളുടെ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കാനാരംഭിച്ചു.ആരും എതിര്‍ക്കുന്നില്ല, സ്വന്തം നേതാക്കള്‍ വിലക്കുന്നുമില്ല.ആവേശം വര്‍ദ്ധിച്ച അവര്‍ മറ്റു മതക്കാരുടെ കടകള്‍ തകര്‍ക്കാന്‍ തുടങ്ങി.അങ്ങിനെ കണ്ണില്‍ കാണുന്നതെല്ലാം തകര്‍ത്ത് മുന്നേറുന്ന ഒരു സുനാമിയോ, കൊള്ളക്കൂട്ടമോ ആയി മാറി ലീഗ് ചെറുപ്പക്കാര്‍.ആരും എതിര്‍ക്കാനില്ല.എതിര്‍ക്കാന്‍ ചെന്ന പോലീസുകാരെ അവര്‍ ആക്രമിച്ചൊതുക്കി, പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു മുന്നേറി അവര്‍.ഈ സമയം പുതിയ ബസ്സ്റ്റാന്‍ഡിനടുത്തുള്ള വേദിയില്‍ ശ്രീമാന്‍ കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചത് നമ്മുടെ ആളുകളെ പോലീസും മറ്റുള്ളവരും കൂടി ആക്രമിക്കുകയാണ് എന്നാണ്.ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കുകയാണ് ചെയ്തതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന എസ് പി ശ്രീ.രാംദാസ് പോത്തന്‍ പിന്നീട് മൊഴി നല്‍കിയത്.
                  ലീഗുകാര്‍ ബസ്സ്റ്റാന്‍ഡിനടുത്തുള്ള അമേയ് കോളനിയിലേക്ക് കല്ലെറിയുകയും അവിടുള്ള അയ്യപ്പഭജനമന്ദിരം നശിപ്പിക്കുകയും ചെയ്തു.ഈ സമയം കറന്തക്കാട് ഭാഗത്തു നിന്നും എതിര്‍വിഭാഗം സംഘടിച്ച് പ്രകടനമായി ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് നീങ്ങുകയും ചെയ്തു.ഇത് ഒരു വന്‍ കലാപത്തിനു വഴിവൈക്കുമെന്ന് ബോധ്യമായ എസ് പി തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു റൌണ്ട് വെടി വൈക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.ഏതായാലും ഒരു വന്‍ കലാപം ഇല്ലാതാക്കാന്‍ സമയോചിതമായ പ്രവൃത്തികൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു.(സംഘര്‍ഷത്തിനിടെ കത്തിക്കുത്തേറ്റ് മറ്റൊരാള്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.)ഇതേ സമയം തന്നെ മലബാര്‍ മേഖലയുടെ പലഭാഗങ്ങളിലും പോലീസിനെ ഒരേ സമയം തന്നെ ആക്രമിക്കുകയുണ്ടായി.
                     ഈ തെളിവുകളെല്ലാം വച്ചുകൊണ്ട് ഈ അക്രമസംഭവങ്ങള്‍ മലബാര്‍ മേഖലയിലാകെ കലാപം പടര്‍ത്താനുള്ള ലീഗ്ഗിന്റെ ഗൂഡപദ്ധതിയായിരുന്നു എന്ന് ഇതിനേക്കുറിച്ചന്വേഷിക്കാന്‍ നിയമിച്ച നിസാര്‍ കമ്മീഷനുമുന്നില്‍ എസ് പി യും ഡി വൈ എസ് പി യും കൊടുത്ത മൊഴിയാണ് കഴിഞ്ഞ ദിവസം പുറത്തായത്.കലാപം നടന്ന് ഒരാഴ്ച്ചക്കുള്ളില്‍ ലീഗിന്റെ നേതൃത്വം കാസറഗോഡ് സന്ദര്‍ശിച്ചിരുന്നു.ആ സന്ദര്‍ശനത്തിനു ശേഷം ലീഗ് നേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞത് ലീഗ്ഗ് യോഗത്തിലേക്ക് എന്‍ ഡി എഫ് കാര്‍ നുഴഞ്ഞു കയറി എന്നും അവരാണ് ഈ പ്രശ്നങ്ങളുണ്ടാക്കിയതെന്നുമാണ്.ആ പത്രസമ്മേളനത്തില്‍ വച്ച് അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.കമ്മീഷന്റെ സിറ്റിങ്ങില്‍ വച്ച് അന്നത്തെ കാസറഗോഡ് എസ് പി യും ഡിവൈ എസ് പി യും നല്‍കിയ മൊഴിയാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
                  എന്നാല്‍ വിരോധാഭാസമെന്താണെന്നു വച്ചാല്‍ ഈ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇതിലെ തമാശ എന്താണെന്നു വച്ചാല്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ജുഡീഷ്യലന്വേഷണം പാതി വഴിക്കവസാനിപ്പിക്കുന്നത്.ഇതിന്റെ ക്രെഡിറ്റും കോണ്‍ഗ്രസ്സിനിരിക്കട്ടേ.
                     അപ്പോള്‍ നാടെങ്ങും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, അതിന്റെ പേരില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ആള്‍ നാശവും ഉണ്ടാക്കുന്നു.അതന്വേഷിക്കാന്‍ നിലവിലുള്ള ഗവണ്മെന്റ് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം , ഭരണത്തിലെത്തിയപ്പോള്‍ ഭരണസ്വാധീനമുപയോഗിച്ച് അവസാനിപ്പിക്കുക, എന്നിട്ട് അതിനു പറയുന്ന മറുപടി കേട്ടില്ലേ എല്ലാ ദൃശ്യമാധ്യമങ്ങളിലും:- എന്ത് ജഡ്ജി, ഏത് ജഡ്ജി, എവിടുത്തെ ജഡ്ജി? ഇങ്ങനൊരു ജഡ്ജിയെ ഞാനറിയൂലാ ന്ന്.

1 comment :

  1. എന്നാല്‍ വിരോധാഭാസമെന്താണെന്നു വച്ചാല്‍ ഈ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇതിലെ തമാശ എന്താണെന്നു വച്ചാല്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ജുഡീഷ്യലന്വേഷണം പാതി വഴിക്കവസാനിപ്പിക്കുന്നത്.ഇതിന്റെ ക്രെഡിറ്റും കോണ്‍ഗ്രസ്സിനിരിക്കട്ടേ.
    അപ്പോള്‍ നാടെങ്ങും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, അതിന്റെ പേരില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ആള്‍ നാശവും ഉണ്ടാക്കുന്നു.അതന്വേഷിക്കാന്‍ നിലവിലുള്ള ഗവണ്മെന്റ് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം , ഭരണത്തിലെത്തിയപ്പോള്‍ ഭരണസ്വാധീനമുപയോഗിച്ച് അവസാനിപ്പിക്കുക, എന്നിട്ട് അതിനു പറയുന്ന മറുപടി കേട്ടില്ലേ എല്ലാ ദൃശ്യമാധ്യമങ്ങളിലും:- എന്ത് ജഡ്ജി, ഏത് ജഡ്ജി, എവിടുത്തെ ജഡ്ജി? ഇങ്ങനൊരു ജഡ്ജിയെ ഞാനറിയൂലാ ന്ന്.

    ReplyDelete