രണ്ടു പോസ്റ്റുകളിലായി അണ്ണാ ഹസാരെയുടെ ജീവിതത്തേയും സമരത്തേയും കുറിച്ച് ഞാനെഴുതിയിരുന്നു.കമന്റുകള്‍ കൂടുതല്‍ കിട്ടിയില്ലെങ്കിലും കൂടുതല്‍ പേര്‍ ആ പോസ്റ്റുകള്‍ വായിച്ചതായി രേഖപ്പെടുത്തിയിരുന്നു.എങ്കിലും പിന്നിടുവന്ന സംഭവവികാസങ്ങള്‍ വീണ്ടും ഇതേക്കുറിച്ചൊരു പോസ്റ്റിനു നിര്‍ബന്ധിതമാക്കുന്നു.
അന്ന് സമൂഹത്തിലെ അഴിമതിക്കെതിരെയായിരുന്നു അണ്ണാ ഹസാരെ നിരാഹാരം അനുഷ്ഠിച്ചത്.സമൂഹമധ്യത്തില്‍ നിന്നും അഴിമതി ഉച്ചാടനം ചെയ്യുന്നതിനായി ലോക്‍പാല്‍ ബില്‍ എന്നൊരു ബില്ല് പൊതുസമൂഹം അവതരിപ്പിച്ചിരുന്നു.സമൂഹത്തില്‍ നിന്നും അഴിമതി തുടച്ചു നീക്കാന്‍ വളരെയധികം പ്രയോജനപ്പെടുമായിരുന്ന ഒന്നാണ് ആ ബില്‍.
എന്താണ് ഇന്നത്തെ അവസ്ഥ എന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.അഴിമതിയില്‍ അടിമുടി മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കേന്ദ്രഭരണം. അഴിമതി നടത്തിയതിന്റെ പേരില്‍ , മരങ്ങളില്‍ നിന്നും ഉണക്ക ഇലകള്‍ കൊഴിയുന്നതുപോലെ , കേന്ദ്രമന്ത്രിമാര്‍ ഒന്നൊന്നായി മന്ത്രിസഭയില്‍ നിന്നും ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു.ഈ അഴിമതിയുടെ തുടരന്വേഷണം നീണ്ടു നീണ്ടു ചെല്ലുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണു താനും.ഈ അഴിമതികളെല്ലാം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് കൃത്യമായ തെളിവുകള്‍ പുറത്തു വരികയും ചെയ്യുന്നു.കൊട്ടിഘോഷിച്ച് തുടങ്ങി വച്ച ഉദാരവല്‍ക്കരണ നടപടികള്‍ നമ്മുടെ നാടിനെ അഴിമതിയുടേയും അധപതനത്തിന്റേയും നെല്ലിപ്പടിയിലെത്തി എന്നതാണ് വാസ്തവം.അതുകൊണ്ടുതന്നെ ഹസാരെയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ലോക്‍പാല്‍ ബില്ലിനെതിരെ ഭരണപക്ഷം പുതിയൊരു ലോക്‍പാല്‍ ബില്ലിനു രൂപം നല്‍കി.ആ ബില്ലു പ്രകാരം പ്രധാനമന്ത്രി ബില്ലിന്റെ പരിധിക്കു പുറത്തായിരിക്കും, സുപ്രീംകോടതി ചീഫ് ജസ്റ്റിസും.ഇതിനു പറഞ്ഞ കാരണമാകട്ടെ, ഏതെങ്കിലുമൊരാള്‍ അഴിമതി ആരോപിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനം വേടിയേണ്ടി വരും എന്നതും.ഇത് മറ്റു മന്ത്രിമാരുടെ കാര്യത്തിലും ശരിയല്ലെ? തന്നേയുമല്ല മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമല്ലെ ഉള്ളത്.ആ ഉത്തരവാദിത്വം പ്രധാനമന്ത്രിയിലേക്കു കൂടി നീളുന്നില്ലെ?അപ്പോള്‍ ആ അഭിപ്രായം ശരിയല്ല. ജനങ്ങളുടെ വോട്ടു തേടി ( അത് പ്രത്യക്ഷമായാലും പരോക്ഷമായാലും) അധികാരത്തില്‍ വന്ന ആരായാലും അവര്‍ക്ക് ജനങ്ങളോടുത്തരവാദിത്വമുണ്ടായിരിക്കണം.അത് ഏത് രീതിയിലായാലും.പല പാശ്ചാത്യരാജ്യങ്ങളിലും ജനങ്ങള്‍ തിരഞ്ഞെടുത്തയാളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്കധികാരമുണ്ട് എന്നോര്‍ക്കുക.
ജനാധിപത്യത്തിന്റെ ആദ്യകാലങ്ങളില്‍ ഗ്രീസിലും മറ്റും രാജ്യത്തെ എല്ലാ ജനങ്ങളും ഒന്നിച്ചിരുന്നാണ് ഭരണാധികാരികളെ തിരഞ്ഞെടൂത്തയച്ചിരുന്നത്, നിയമങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.ഭാരതം പോലുള്ള ബഹുസ്വരതയുള്ള ഒരു രാജ്യത്ത് , ഇത്രയധികം ജനസംഖ്യാവിസ്ഫോടനമുള്ള ഒരു രാജ്യത്ത് ഗ്രീസിനെ അനുകരിക്കുക എന്നത് പ്രായോഗീകമല്ല. അതുകൊണ്ടു തന്നെ നാം ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളും അവര്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികളും ഉള്ള ഒരു സംബ്രദായം സ്വീകരിച്ചു.ഇതിനും പരിമിതികളുണ്ട്. ഇതിനു പകരം മറ്റേതൊരു സംബ്രദായം ആവിഷ്കരിച്ചാലും അതിനും അതിന്റേതായ പരിമിതികളുണ്ടാകും.അതുകൊണ്ടു തന്നെ ഇന്നത്തെ സംബ്രദായം മാറ്റി മറ്റൊന്നു കൊണ്ടു വന്നാല്‍ പ്രശ്നങ്ങളൊക്കെ അവസാനിക്കും എന്ന ധാരണയും ശരിയല്ല.
പിന്നെന്താണൊരു പോംവഴി? ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാണ്, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടേതായ ജനകീയ ഭരണം. ഇത്തരം ഭരണസംബ്രദായത്തില്‍ ജനാധിപത്യത്തിന്റെ കീ ആയി വര്‍ത്തിക്കേണ്ടത് ജനങ്ങളാണ്, ആ നാട്ടിലെ ജനങ്ങള്‍.അവരാണ് എന്നും കണ്ണിലെണ്ണയൊഴിച്ച് ജനാധിപത്യത്തെ കാത്തു സൂക്ഷിക്കേണ്ടവര്‍. എന്നാല്‍ നമ്മുടെ നാട്ടിലോ?അഞ്ചു വര്‍ഷം കൂടുമ്പോളൊരിക്കല്‍ അല്ലെങ്കില്‍ ആരെങ്കിലും ആവശ്യപ്പെടുംപോളൊരിക്കല്‍ വന്ന് വോട്ട് കുത്തുക എന്നതില്‍ കവിഞ്ഞ് നമ്മുടെ ജനത്തിന് വലിയ ജനാധിപത്യാവകാശങ്ങളൊന്നുമില്ല എന്നതല്ലെ വാസ്തവം.എന്തുകൊണ്ടിതു സംഭവിക്കുന്നു?
ലോക്‍പാല്‍ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഇത്തരം കാര്യം വരുമ്പോള്‍ മൌനം പാലിക്കുകയാണ്. ഇന്‍ഡ്യയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നും പ്രകടിപ്പിക്കാറില്ല, ഇടതുപക്ഷമൊഴിച്ച്.ഇടതുപക്ഷം പറയുന്നു, ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ഇല്ല.നമ്മുടെ സാക്ഷരതാശതമാനം 70% എന്ന് പറയുമെങ്കില്‍ക്കൂടിയും ഏതാണ്ട് 20 - 25%ത്തിനു മാത്രമേ ശരിയായ വിദ്യാഭ്യാസമുള്ളൂ.എന്നുപറഞ്ഞാല്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന 75% ആളുകള്‍ക്കും നാട്ടില്‍ നടക്കുന്നതിനെക്കുറിച്ച് ശരിയായ അറിവില്ലെന്നര്‍ത്ഥം.സ്വന്തം രാജ്യത്തു നടക്കുന്നതിനേക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാതെ എങ്ങനെ ജനങ്ങള്‍ ജനാധിപത്യം പുലര്‍ത്തും.കാര്യങ്ങളെക്കുറിച്ച് നമ്മെ അറിയിക്കുന്നത് പത്രങ്ങളാണ്.അവരറിയിക്കുന്നത് ശരിയാണോ എന്ന് സ്വന്തം അനുഭവത്തിന്റേയും അയല്‍ക്കാരന്റെ അനുഭവത്തിന്റേയും ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം സമൂഹത്തിന്റേയെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോഴാണ് ആ അറിവ് പൂര്‍ണ്ണമാകുന്നത്.ആ പ്രക്രിയയാണ് ഇവിടെ തടയപ്പെടുന്നത്.സ്വന്തമായി ആര്‍ജിക്കുന്ന അറിവ് ഇവിടെ നഷ്ടപ്പെടുന്നു, അല്ലെങ്കില്‍ മറ്റാരെങ്കിലും തിരഞ്ഞെടുപ്പുസമയത്ത് നല്‍കുന്ന മറ്റു പലതിന്റേയും മറവില്‍ ഇല്ലാതാകുകയും പകരം ഉണ്ടാകുന്ന വ്യാജസമ്മിതിയാണ് നമ്മള്‍ ജനാധിപത്യം എന്ന് ഇവിടെ കൊട്ടിഘോഷിക്കുകയും ചെയ്യുന്നത്.
ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള നിരക്ഷരകുക്ഷികളെ പലരീതിയിലും സ്വാധീനിച്ചാണ് ഇവിടെ ജനാധിപത്യം എന്ന കാര്യം നടന്നു പോരുന്നത് എന്ന് പരസ്യമായ രഹസ്യം മാത്രമാണ്.ഇതിനെതിരെ ശ്രീ അണ്ണാ ഹസാരെയോ മറ്റാരെങ്കിലുമോ സ്പര്‍ശിച്ചുപോലും കാണുന്നില്ല.യഥാര്‍ത്ഥത്തില്‍ ലോക്‍പാല്‍ ബില്ലിനേക്കാളും അഴിമതിക്കെതിരെ ഗുണം ചെയ്യുക ജനങ്ങളുടെ ജാഗ്രതയായിരിക്കും.അതിനുള്ള ശ്രമമാണ് നാം നടത്തേണ്ടത്.ജനങ്ങളെ ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും മോചിപ്പിച്ച് , വിദ്യാഭ്യാസം നല്‍കി ഉത്തമ പൌരന്മാരായി മാറ്റിയെടുക്കുക.ഈ പ്രക്രിയക്കുമാത്രമെ ഹസാരെ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കൊരു ശാശ്വത പരിഹാരം ആവുകയുള്ളൂ.
അതവിടെ നില്‍ക്കട്ടെ.ലോക്‍പാല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഹസാരെ ഡല്‍ഹിയില്‍ നാളെ മുതല്‍ ( 17/08/11) നിരാഹാരം പുനരാരംഭിക്കുകയാണ്.എന്നാല്‍ ഈ സമരം പൊളിക്കാന്‍ കോണ്‍ഗ്രസ്സും രംഗത്തെത്തി.അവര്‍ പോലീസിനെ ഉപയോഗിച്ച് ആദ്യം ഹസാരെ ആവശ്യപ്പെട്ട മൈതാനം നിഷേധിച്ചു, പിന്നീട് ഹസാരെയുടെ സമരം സമയബന്ധിതമാക്കണമെന്ന് ആവശ്യപ്പെട്ടു.സമരത്തില്‍ പങ്കെടുക്കാനെത്തുന്ന സന്നദ്ധഭടന്മാരുടെ എണ്ണത്തില്‍ കൂറവു വരുത്തണമെന്നവര്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കു കത്തെഴുതി.എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കൈ കഴുകുകയാണുണ്ടായത്.
എന്നാല്‍ ഈയൊരവസരത്തില്‍പോലും ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ ജനങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അവരെക്കൂടി ഈ സമരത്തിലണി നിറുത്താനോ ഹസാരെയോ കൂട്ടരോ താല്പര്യം കാണിക്കുന്നില്ല എന്നതാണ് വാസ്തവം.ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളൊന്നും ഇത്തവണ പോലും ഹസാരെ തന്റെ ഡിമാന്റില്‍ പറഞ്ഞിട്ടില്ല.തങ്ങളുടെ പ്രശ്നങ്ങളുയര്‍ത്താത്ത, തങ്ങളെ കണക്കിലെടുക്കാത്ത ഏതൊരു സമരത്തോടും ജനം പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.ജനങ്ങളെ അണിനിരത്താതെ ഒരു സമരം ഇന്ന് വിജയിപ്പിച്ചെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണു താനും. ഇന്ന് ഹസാരെയോടൊപ്പം നിലകൊള്ളുന്ന മാധ്യമങ്ങള്‍ പോലും അദ്ദേഹത്തിന്റെ ഡിമാന്റിനോട് എത്രത്തോളം അനുഭാവത്തിലാണ് എന്നതും സംശയാസ്പദമാണ്.കാരണം കേന്ദ്രഭരണത്തിലെ അഴിമതികള്‍ എണ്ണിയെണ്ണി നിരവധി പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും ഇവയോടൊക്കെ ആ മാധ്യമങ്ങള്‍ കാണിച്ച ഉദാസീനതാ മനോഭാവം നമ്മളൊക്കെ കണ്ടതാണ്.ഉദാഹരണം സ്പെക്ട്രം അഴിമതി തന്നെയാണ്.ആദ്യമീ പ്രശ്നം ഉയര്‍ത്തിക്കാണിച്ചത് സി പി എം നേതാവ് സീതാറാം യെച്ചൂരിയായിരുന്നു. എന്നാല്‍ നമ്മുടെ ദേശീയ മാധ്യമങ്ങള്‍ ഇത് പൂര്‍ണമായും തമസ്കരിക്കുകയാണുണ്ടായത് എന്നോര്‍ക്കുക.
കഴിയുന്നത്ര വലതുപക്ഷചായ്‌വ് പ്രകടിപ്പിക്കുന്നവയാണ് നമ്മുടെ ദൃശ്യ - പത്ര മാധ്യമങ്ങള്‍. തീരെ നില്‍ക്കക്കള്ളിയില്ലാതായാലെ അവര്‍ ഭരണകക്ഷിക്കെതിരായി എഴുതൂ.പിന്നെ ഇന്നവര്‍ ഒന്നടങ്കം ഹസാരേക്കു പിന്നില്‍ അണിനിരന്നതിനു കാരണം എനിക്കു തോന്നുന്നത് അറബ് രാജ്യങ്ങളില്‍ നടക്കുന്ന സമരങ്ങളാണ്.ആദ്യമായി ഈ സമരം പൊട്ടിപ്പുറപ്പെട്ടത് ഏതെങ്കിലുമൊരു സുശിക്ഷിതമായ , രാഷ്ട്രീയമോ അല്ലാത്തതോ ആയ സംഘടനയുടെ പിന്തുണയോടെയായിരുന്നില്ല എന്നോര്‍ക്കുക.പകരം സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ പ്രചാരണം മുന്‍നിറുത്തിയായിരുന്നെന്നാണ് പ്രചരിപ്പിക്കുന്നത്.എന്നാല്‍ ഇന്‍ഡ്യയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പത്രം വായിക്കുന്നവരുടേതിനേക്കാള്‍ വളരെ കുറവാണ് എന്നറിയാവുന്നവരാണ് മാധ്യമങ്ങള്‍.അതുകൊണ്ടു തന്നെ പുറത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ റോള്‍ ഇവിടെ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ നോക്കുന്നു എന്നു മാത്രം.
അതുകൊണ്ടുതന്നെ ഹസാരെ നാളെ തുടങ്ങാന്‍ പോകുന്ന സമരം എവിടെചെന്നെത്തും എന്നു പ്രവചിക്കാന്‍ വളരെ എളുപ്പമാണ്.
ഇതൊക്കെ കൊണ്ടു തന്നെ ഹസാരെ തുടങ്ങാന്‍ പോകുന്ന നിരാഹാരസമരം എവിടെച്ചെണെത്തുമെന്ന് പ്രവചിക്കാന്‍ വളരെ എളുപ്പമാണ്.
ReplyDeleteഅതുകൊണ്ടുതന്നെ ഹസാരെ നാളെ തുടങ്ങാന്‍ പോകുന്ന സമരം എവിടെചെന്നെത്തും എന്നു പ്രവചിക്കാന്‍ വളരെ എളുപ്പമാണ്.
ReplyDeleteithu verumoru show yku vendiyano?allenkil aathmarthamayitto hasare?
ReplyDelete