രഞ്ചു സര്‍പ്പ ന്യായം

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞ പോസ്റ്റില്‍ നിന്നു തന്നെ തുടങ്ങാം, “പക്ഷെ നമ്മെ ജയിപ്പിക്കുന്ന നമ്മുടെ ഒരു ദൈവത്തെ വേണ്ടേ? പണ്ട് ശ്രീ നാരായണഗുരു  ഈഴവശിവനെ പ്രതിഷ്ഠിച്ചപോലെ അടിച്ചമര്‍ത്തപ്പെടുന്നവനായി ഒരു ദൈവം വേണ്ടേ? നമ്മുടേതായ, നമുക്കുവേണ്ടി മാത്രമുള്ള ഒരു ദൈവം.അങ്ങനെയൊരു ദൈവത്തെ എവിടെ കിട്ടും?“ ഈ പോസ്റ്റില്‍ അങ്ങനെയൊരു ദൈവത്തെക്കുറിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.
                                കഴിഞ്ഞ പോസ്റ്റില്‍ നാം കണ്ടത് പാവങ്ങളുടേയും കഷ്ടപ്പെടുന്നവന്റേയും കൂടെ നില്‍ക്കാനിഷ്ടപ്പെടാത്ത, പണക്കാരനും അധികാരമുള്ളവനും വേണ്ടി വിടുപണി ചെയ്യുന്ന ദൈവമാണിന്നുള്ളതെന്നാണ്.എന്നിട്ടും പാവങ്ങളായ നമ്മള്‍ ആ ദൈവത്തെത്തന്നെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു, പട്ടിണി മാറ്റാന്‍ ‌ - മാറുന്നതായി ആരും കാണുന്നില്ല,ദാരിദ്ര്യം മാറ്റാന്‍ - മാറുന്നതായി ആരും കാണുന്നില്ല, രോഗം മാറ്റാന്‍ - ഡോക്ടറോ വൈദ്യരോ അല്ലാതെ ആരും രോഗം മാറ്റുന്നില്ല, നല്ല ജീവിതം തരാന്‍ - ആരും തരുന്നില്ല എന്നു തന്നേയല്ല നമ്മുടെ ജീവിതം അനുദിനം മോശമാവുകയും ചെയ്യുന്നു. 
                    നമുക്കിതറിയാം. അമ്പലത്തില്‍ പോയി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാലോ മറ്റു പൂജകള്‍ നടത്തിയാലോ ഒന്നും നമ്മളുടെ, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കവസാനമുണ്ടാകില്ല എന്നും നമുക്കറിയാം.എന്നാല്‍ നമ്മോടൊപ്പം നിന്ന് നമ്മേപ്പോലെ പ്രാര്‍ത്ഥിക്കുന്ന പണക്കാരന് ദൈവങ്ങള്‍ സൌകര്യങ്ങള്‍ വാരിക്കോരിക്കൊടുക്കുന്നതും നാം കാണുന്നു.എന്നിട്ടും ദൈവസന്നിധിയിലേക്കുള്ള നമ്മൂടെ പ്രവാഹം ഒടുങ്ങുന്നില്ല എന്നു തന്നേയുമല്ല കുറയുന്നുപോലുമില്ല.എന്തുകൊണ്ടിത് എന്നാലോചിക്കുമ്പോഴാണ് ഭാരതീയ തര്‍ക്കശാസ്ത്രത്തിലെ ആ പഴയ ന്യായം കടന്നു വരുന്നത്. അതേ “ രഞ്ചുസര്‍പ്പന്യായം” എന്ന ആ പഴയന്യായം ഇന്നും നമ്മുടെ  മനസുകളില്‍ തേര്‍വാഴ്ച്ച നടത്തുന്നത് നാമോര്‍ക്കേണ്ടത് ഇപ്പോഴാണ്. 
                        രാത്രിയില്‍ ഇരുട്ടത്ത് കയ്യിലോ വഴിയിലോ വെളിച്ചമില്ലാതെ, നാട്ടുവെളിച്ച( അമാവാസി പോലുള്ള ഇരുട്ടു രാത്രിയില്‍ നമുക്കനുഭവപ്പെടുന്ന നക്ഷത്രങ്ങളില്‍ നിന്നും വലിയ ഗ്രഹങ്ങളില്‍നിന്നും ലഭിക്കുന്ന മങ്ങിയ വെളിച്ചം.)ത്തില്‍ നാടന്നുപോകുമ്പോള്‍ അതാ വഴിയിലൊരു പാമ്പ് വളഞ്ഞു കൂടി കിടക്കുന്നു, നടുറോട്ടില്‍ത്തന്നെ.സൂക്ഷിച്ചു നോക്കുമ്പോള്‍ അതിടക്കിടക്ക് തലപൊക്കി നോക്കുന്നതുപോലെ തോന്നുന്നു, ചീറ്റുന്നതായി തോന്നുന്നു. നമ്മൂടെ ഹൃദയം പടപടാ ഇടിക്കുന്നു, ശാസഗതി കൂടുന്നു,ശരീരം വിയര്‍ക്കാന്‍ തുടങ്ങുന്നു, പാമ്പുകളെക്കുറിച്ചു കേട്ട പഴയ കഥകള്‍ മനസ്സിലേക്കു വരുന്നു, വായിലെ വെള്ളം  വറ്റുന്നു, തിരിഞ്ഞോടാന്‍ പോയിട്ട് ഒന്നനങ്ങാന്‍ പോലും ശക്തിയില്ലാതെ നാം കുഴഞ്ഞു നില്‍ക്കുമ്പോള്‍ അങ്ങകലെ നിന്നതാ ഒരാള്‍ ചൂട്ടും വീശി നമുക്കെതിരെ വരുന്നു.നമ്മള്‍ പ്രയാസപ്പെട്ട് അയാളെ അറിയിക്കുന്നു വഴിയില്‍ ഒരു പാമ്പുണ്ട് എന്ന്.അയാള്‍ക്കും ‌പേടിയുണ്ടെങ്കിലും അയാളുടെ കയ്യില്‍ വെളിച്ചമുണ്ട്, ആ വെളിച്ചത്തില്‍ സൂക്ഷിച്ച് അയാളാ പാമ്പിനെ നോക്കുന്നു.അപ്പോഴതാ ആശ്വാസത്തോടെ അയാളും നാമും അറിയുന്നു - അത് പാമ്പല്ലാ ഒരു കഷണം കയറാ(രഞ്ചു)ണെന്ന്.അയാളും നമ്മളും ഒരുപോലെ ആശ്വാസം കൊള്ളുന്നു, ശ്വാസഗതി നേരെയാകുന്നു, വിയര്‍ക്കല്‍ നില്‍ക്കുന്നു, വായില്‍ വെള്ളം തിരിച്ചു കയറുന്നു, നമ്മുടെ മണ്ടത്തരം ഓര്‍ത്ത് നമൂക്കു തന്നെ ഒരിളം വളിച്ച ചിരി വിടരുന്നു, നമ്മളും അയാളും യാത്ര തുടരുന്നു.
                                     ചുരുക്കത്തില്‍ ഇതാണ് രഞ്ചു സര്‍പ്പ ന്യായം.നമ്മുടെ കണ്ണുകള്‍ മായക്കാഴ്ചകള്‍  പലതും കാണിച്ചു തന്ന് കബളിപ്പിക്കും.നമ്മുടെ കണ്ണുകളുടെ പ്രത്യേകത മൂലം നാം കാണുന്ന   കാഴ്ച്ചകള്‍ പലതും മായമായിരിക്കും.അതില്‍ നിന്നും സത്യമേതാണ് ചീത്തയേതാണ് എന്ന് നാം തനിയേ കണ്ടെത്തണം.മായക്കാഴ്ച്ചകള്‍ പലവിധത്തിലുണ്ടാകാം.നമ്മുടെ കണ്ണിന്റെ പ്രത്യേകത കൊണ്ടുണ്ടാകാം,മനസ്സിന്റെ നിലവാരം കൊണ്ടുണ്ടാകാം, മറ്റുള്ളവരുടെ പ്രേരണ കൊണ്ടുമുണ്ടാകാം.നമ്മുടെ കണ്ണിന് ഒരു പാടു പ്രത്യേകതകളുണ്ട്, ആ പ്രത്യേകതകള്‍ കൊണ്ടുതന്നെ സത്യമല്ലാത്ത മിഥ്യയായ കാഴ്ച്ചകള്‍ നമുക്ക് നമ്മുടെ കണ്ണുകള്‍ കാട്ടിത്തരുന്നുണ്ട്.പിന്നൊന്ന് നമ്മുടെ മനസ്സില്‍ അടിയുറച്ചു പോയ ചില ധാരണകള്‍ നമ്മെ അന്ധമായി ചില കാര്യങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കും,അവന്‍ അഭിപ്രായസ്ഥിരതയുള്ളവന്‍ എന്നൊക്കെ നമുക്ക് പേരുകിട്ടുമെങ്കിലും നമ്മള്‍ ഏറ്റവും പഴഞ്ചനും കാശിനുകൊള്ളാത്തവനായി മാറുകയും ചെയ്യും.ഇങ്ങനെയൊരു മനസ്സിനെ രൂപപ്പെടുത്താന്‍ , ദൈവവിശ്വാസത്തിന്റെ കാര്യത്തിലെങ്കിലും, നമ്മുടെ അഛനപ്പൂപ്പന്മാര്‍ മുതല്‍ അമ്മയമ്മൂമ്മ വരേയുള്ളവര്‍ കിണഞ്ഞു പരിശ്രമിക്കും, പുരോഹിതന്മാരും  ജ്യോത്സ്യന്മാരും ഒക്കെ ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. മാധ്യമങ്ങളുടെ കാര്യം പറയാനുമില്ല.സൂക്ഷിച്ചു നോക്കിയാല്‍ ഇവരൊക്കെ അധികാരത്തിന്, അധികാരികള്‍ക്ക് ദല്ലാള്‍ പണി ചെയ്യുന്നവരാണെന്ന സത്യം നമുക്ക് മനസ്സിലാകും, പക്ഷെ അതിന് മനസ്സിനെ  സ്വതന്ത്രമാക്കുകയും വേണം.
                      ഒരു പക്ഷെ ഇവിടെ എഴുതിയതുപോലെ എളുപ്പമല്ല മനസ്സിനെ സ്വതന്ത്രമാക്കാന്‍ .കാരണം ചെറുപ്പകാലം മുതല്‍ സമൂഹവും മറ്റെല്ലാം നമ്മെ പഠിപ്പിച്ചിരിക്കുന്നത് മനസ്സിനെ ഇരുട്ടുകൊണ്ട് മൂടാനും അവിദ്യകൊണ്ട്  നിറക്കാനുമാണ്.അത് കുടഞ്ഞു കളയുക എന്നത് അത്രയെളുപ്പമല്ല.എന്നാലും അതിനൊരെളുപ്പ വഴിയുണ്ട്. ഇന്ന് ഒരു മാതിരി സുഭിക്ഷമായി കഴിയുന്ന നിരവധി രാജ്യങ്ങളും അവിടത്തെ ജനവിഭാഗങ്ങളുമുണ്ട്.അവര്‍ക്കാ സൌഭാഗ്യം കൈവരുത്താന്‍ ദൈവം വഹിച്ച പങ്കിനെക്കുറിച്ചൊന്ന് അന്വേഷിച്ചു നോക്കുക.ആദ്യം ദൈവത്തോടും അദ്ദേഹത്തിന്റെ അടുത്ത ആളുകളോടും അന്വേഷിക്കുക, അതുപോലെതന്നെ നിരീശ്വരവാദികളോടും അന്വേഷിക്കുക.എന്നിട്ടീ ഉത്തരങ്ങളിലെ  യുക്തിഭദ്രതയെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കുക. പുതിയൊരു വെളിച്ചം നമ്മുടെ മനസ്സിലേക്ക് പതിയെ പതിയെ കയറി വരുന്നതു കാണാം. എന്താണാ വെളിച്ചമെന്നറിയാമോ?  അദ്ധ്വാനിക്കുന്നവനും വേദനയനുഭവിക്കുന്നവനും ദാരിദ്ര്യമനുഭവിക്കുന്നവും ഒന്നായി ഒന്നിച്ചൊരു കുടക്കീഴില്‍ അണിനരന്ന് തോളോട് തോള്‍ ചേര്‍ത്ത് പോരാടിയപ്പോഴാണ് അവര്‍ക്കീ സൌഭാഗ്യങ്ങളുണ്ടായതെന്ന് നമ്മളറിയും.തങ്ങളെ ദ്രോഹിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ശക്തികളോട് - അത് ദൈവമാണെങ്കില്‍ ദൈവത്തോട് - പോരാടിനേടിയതാണീ സൌഭാഗ്യമെന്ന് തന്നെ നമ്മളറിയും.അതുപോലെ തന്നെ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയുന്ന കയര്‍പാമ്പുകളിലൊന്നാണീ ദൈവമെന്നും അന്ന് നാം മനസ്സിലാക്കും.മാത്രമല്ല പാവപ്പെട്ടവന്റേയും അശരണനന്റേയും ദൈവം അവന്റെ സംഘബലം മാത്രമാണെന്നും അന്ന് നമ്മള്‍ 
മനസ്സിലാക്കും.അവന്‍ സംഘടിച്ചൊന്നായി ഒറ്റശക്തിയായി വരുന്നേടത്ത് ദൈവവും അധികാരവും സ്വത്തും സന്തോഷവുമൊക്കെ അവന്റേതായി മാറുകയും ചെയ്യും.


 കണ്ണിനെ പറ്റിക്കുന്ന ചിത്രങ്ങള്‍ നോക്കൂ (ക്ലിക്ക് ചെയ്ത് വലുതാക്കാം.)
                                                                                                                                                               
                                           

5 comments :

  1. അതുപോലെ തന്നെ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയുന്ന കയര്‍പാമ്പുകളിലൊന്നാണീ ദൈവമെന്നും അന്ന് നാം മനസ്സിലാക്കും.മാത്രമല്ല പാവപ്പെട്ടവന്റേയും അശരണനന്റേയും ദൈവം അവന്റെ സംഘബലം മാത്രമാണെന്നും അന്ന് നമ്മള്‍
    മനസ്സിലാക്കും.അവന്‍ സംഘടിച്ചൊന്നായി ഒറ്റശക്തിയായി വരുന്നേടത്ത് ദൈവവും അധികാരവും സ്വത്തും സന്തോഷവുമൊക്കെ അവന്റേതായി മാറുകയും ചെയ്യും.

    ReplyDelete
  2. ചേട്ടനു ദൈവത്തില്‍ വിശ്വാസമില്ലെങ്കില്‍ വേണ്ട അതിനു മറ്റുള്ളവരെക്കൂടെ കൂടെ കൂട്ടണോ?

    ReplyDelete
  3. ആധികാരികതയോടെ ഇമ്മാതിരി
    കാര്യങ്ങൾ എഴുതുമ്പോൾ
    പ്രധാന ആശയത്തിലെങ്കിലും
    തെറ്റു കടന്നു കൂടാതെ
    സൂക്ഷിക്കുന്നതു നന്ന്‌.

    രഞ്ജു അല്ല......

    രജ്ജു എന്നെഴുതുക.

    രജ്ജു= കയർ

    രജ്ജു സർപ്പ ന്യായം

    എന്നു തന്നെ എഴുതുക

    ReplyDelete
  4. തെറ്റു തിരുത്തി തന്നതിനു നന്ദി

    ReplyDelete
  5. നല്ല പോസ്റ്റ്‌. ഉദ്ദേശശുദ്ധികൊണ്ട്‌ പ്രസക്തമായത്‌.

    അനോണിയോട്‌. വിഷയം ദൈവത്തിണ്റ്റെയോ വിശ്വാസത്തിണ്റ്റെയോ അല്ല തന്നെ. നമ്മളുടെ സമീപനത്തിണ്റ്റേതാണ്‌. ദൈവത്തിനോടും തത്സംബന്ധിയായ കാര്യങ്ങളോടും.

    ReplyDelete