ദൈവം വലിയവന്‍

**Mohanan Sreedharan | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
നമ്മള്‍ സാധാരണ ഉപയോഗിക്കാറുള്ള ഒരു വാചകമാണ് ദൈവം വലിയവനാണ് എന്ന്.നമുക്കെന്തെങ്കിലും ആനുകൂല്യം,പ്രതേകിച്ചും പ്രതീക്ഷിക്കാതെ കിട്ടുമ്പോള്‍ ദൈവത്തോടുള്ള ഭക്തി കൊണ്ട് നമ്മുടെ ഹൃദയം നിറയുകയും ശിരസ്സ് കുമ്പിടുകയും നമ്മള്‍ അറിയാതെ മന്ത്രിക്കുകയും ചെയ്യും: - ദൈവം വലിയവനാണ്.
                   ഇപ്പോഴിതോര്‍ക്കാന്‍ കാരണം ഇന്നലെ ഒരാള്‍ ഈ പ്രസ്ഥാവന നടത്തി, മറ്റാരുമല്ല ഗുജറാത്ത് മുഖ്യമന്ത്രിയായ ശ്രി നരേന്ദ്രമോഡി.ശ്രീ മോഡിയുടെ പേരിലുള്ള ഒരു കേസിന്റെ ഇടക്കാല വിധി വന്നത് ഇന്നലെയായിരുന്നു.അറിയാമല്ലോ ഗുജറാത്തിലെ ന്യൂനപക്ഷ വേട്ടയുടെ കഥ.ശ്രീ മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി മന്ത്രിസഭ ഗുജറാത്തില്‍ അധികാരത്തിലെത്തിയ ആദ്യനാളുകളിലുണ്ടായ കിരാതമായ ആ ന്യൂനപക്ഷവേട്ട. ആയിരക്കണക്കിന്, ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട സഹോദരങ്ങളും സഹോദരിമാരും  അവിടെ കൊലചെയ്യപ്പെട്ടു.അന്നാളുകളില്‍ ഹീറോയായി ജ്വലിച്ചു നിന്ന മോഡിയെ  പതുക്കെ പതുക്കെ നമ്മുടെ നീതിസംബ്രദായം പിടിമുറുക്കാന്‍ തുടങ്ങി.മുഖ്യമന്ത്രിയായിരുന്നു കൊണ്ട് എങ്ങിനെ ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുന്നത് തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു, അല്ലെങ്കില്‍ എങ്ങനെ ന്യൂനപക്ഷ വേട്ടക്ക് അദ്ദേഹം പ്രോത്സാഹനം ചെയ്തു എന്നതിനുള്ള തെളിവുകള്‍ പുറത്തു വരാന്‍  തുടങ്ങി.അന്നദ്ദേഹത്തിന്റെ കൂടെ നിന്ന് ആ പ്രവൃത്തികളെ സഹായിച്ച പലരും ഇന്ന് മറുകണ്ടം ചാടി പലതും വിളിച്ചു പറയാന്‍ തുടങ്ങി.
               അനവധി നിരവധി കേസുകള്‍, കോടതി സ്വമേധയാ എടുത്തതും മറ്റുള്ള അനുഭവസ്ഥര്‍ കൊടുത്തതുമായ കേസുകള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി.അതിലൊന്നിലെ ഇടക്കാല വിധിയാണിന്നലെ വന്നത്.2002 ലെ ഗോധ്ര തീവൈപ്പിനോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട കലാപത്തെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി മോഡി ഒന്നും ചെയ്തില്ലെന്നാരോപിച്ച് മുന്‍ കോണ്‍ഗ്രസ്സ് എം പി ഇഷാന്‍ ജഫ്രിയുടെ ഭാര്യയാണ് പരാതി നല്‍കിയത്.കലാപകാലത്ത് ഇഷാന്‍ ജഫ്രിയെ ജീവനോടെ ചുട്ടുകരിച്ചിരുന്നു.പരാതി സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ വേണ്ട മജിസ്ടേറ്റ് കോടതി അന്വേഷിച്ചാല്‍ മതി എന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.ഇതിന്റെ കമന്റായാണ് മോഡി മേല്‍‌പറഞ്ഞ പ്രസ്ഥാവന നടത്തിയത്.
                                    ഇവിടെ അദ്ദേഹം അര്‍ത്ഥമാക്കിയത്,  കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട  ഹിന്ദുക്കളും മുസ്ലീം‌ങ്ങളുമായുള്ള ആയിരക്കണക്കിനാളുകളുടെ കണ്ണീരൊപ്പേണ്ട ദൈവം അതു ചെയ്യാതെ തന്റെ കൂടെ നിന്നു എന്നാണ്.കൊല്ലപ്പെടുന്നവനേയും പരിക്കു പറ്റുന്നവനേയും ഉപേക്ഷിച്ച് ദൈവം കൊല്ലുന്നവന്റെ കൂടെ നിന്നു എന്നു തന്നേയാണിതിന്റെ അര്‍ഥം.ഭാരതത്തില്‍ നാം പലപ്പോഴും കാണുന്ന കാഴ്ച്ച ഇതുതന്നെയാണ്.കരയുന്നവനെ, വേദനിക്കുന്നവനെ , കഷ്ടപ്പെടുന്നവനെ ദൈവം കൂടുതല്‍ കൂടുതല്‍ കഷ്ടപ്പെടുത്തുമ്പോള്‍ അതു ചെയ്യിക്കുന്നവന്‍ ആഹ്ലാദത്തോടെ പറയും ദൈവം എന്റെ കൂടെയാണ്, ദൈവം വലിയവനാണ് എന്ന്.ഇവിടെ ഞാന്‍ പറയുക ആ ദൈവം വലിയവനല്ല, ചെറിയവനാണ്, ഏറ്റവും ചെറിയവന്‍ എന്ന്.
                        2003 മാര്‍ച്ച് 20 -)0 തീയതി, അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്.എം.ബുഷിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്കയുടേയും  സഖ്യകക്ഷികളുടേയും  പട്ടാളം ഇറാക്കിലേക്ക് ഇരച്ചു കയറി. ഇതിനു മുന്‍പിലത്തെ ഒരു മാസം മുഴുവന്‍ ഇതിന്റെ അരങ്ങൊരുക്കലായിരുന്നു, ബുഷിന്റെ നേതൃത്വത്തില്‍. എന്താണ് , ഇറാക്ക് ലോകത്തിനു നാശകാരിയായ രാസായുധങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു വച്ചിരിക്കുന്നു.ഈ വായ്ത്താരി വല്ലാതായിക്കഴിഞ്ഞപ്പോള്‍ യു.എന്‍ നിന്റെ നേതൃത്വത്തില്‍ ഒരു ടീം രാസായുധ പരിശോധനക്കെന്നും പറഞ്ഞ് ഇറാക്കിനെ ഉഴുതു മറിച്ചിരുന്നു, ഒന്നും കിട്ടാതെ അവര്‍ മടങ്ങുകയും ചെയ്തു.അതിനു പിന്നാലെയാണ് ഈ ആക്രമണം.ലക്ഷക്കണക്കിനാളുകള്‍ ഈ യുദ്ധകാലത്ത് മരിച്ചു.മക്കള്‍ മരിച്ച മാതാപിതാക്കള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, എന്തിനേറെ മാന്യമായി കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു രാജ്യത്തെയാണീ അമേരിക്കന്‍ പട്ടാളം നശിപ്പിച്ച് നാമാവശേഷമാക്കിയത്.എന്നിട്ടെന്തെങ്കിലും രാസായുധം കണ്ടെത്തിയോ, അതൊട്ടില്ല താനും. എത്രയോ അമ്മമാരുടെ കണ്ണുനീര്‍ , എത്രയോ അമ്മമാര്‍ ഹൃദയം പൊട്ടി ബുഷിനെ ശപിച്ചിട്ടുണ്ടാകും.എന്നിട്ടോ, ബുഷിന്നും അന്തസ്സായി ജീവിക്കുന്നു, അമ്മമാരോ അവര്‍ ജീവിതം കരഞ്ഞു തീര്‍ക്കുന്നു.അപ്പോള്‍ ദൈവമുണ്ടോ?, അമ്മമാരുടെ ഹൃദയം നൊന്തുള്ള ശാപത്തിനെന്തെങ്കിലും ശക്തിയുണ്ടോ?ഇല്ല ഇല്ലേയില്ല.
                        അപ്പോള്‍ കൃത്യമായും ശരിയല്ലേ, പണമുള്ളവര്‍, അധികാരമുള്ളവര്‍ കൊണ്ടാടുന്ന അവര്‍ക്ക് മാത്രമുള്ള ഒരനുഗ്രഹമല്ലേ ദൈവം ?നമ്മള്‍ പാവങ്ങള്‍ക്ക്, പട്ടിണിക്കാര്‍ക്ക്, അധികാരമില്ലാത്തവര്‍ക്ക് ദൈവം എന്നു പറയുന്നത്, ഈ പട്ടിണിയില്‍ നിന്നും കരകയറ്റാതെ ശ്രദ്ധിക്കുന്ന ഒന്നല്ലേ? ദൈവം നമുക്ക് നല്‍കുന്നത് പട്ടിണി മാത്രം, അവഹേളനം മാത്രം, അടിച്ചമര്‍ത്തല്‍ മാത്രം.അതല്ലേ ശരി.
                    പക്ഷെ നമ്മെ ജയിപ്പിക്കുന്ന നമ്മുടെ ഒരു ദൈവത്തെ വേണ്ടേ? പണ്ട് ശ്രീ നാരായണഗുരു  ഈഴവശിവനെ പ്രതിഷ്ഠിച്ചപോലെ അടിച്ചമര്‍ത്തപ്പെടുന്നവനായി ഒരു ദൈവം വേണ്ടേ? നമ്മുടേതായ, നമുക്കുവേണ്ടി മാത്രമുള്ള ഒരു ദൈവം.അങ്ങനെയൊരു ദൈവത്തെ എവിടെ കിട്ടും?
Post a Comment