പത്രോസും പാറയും പള്ളികളും,കൃസ്ത്യാനികളും.

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                    പള്ളിപ്രശ്നം ; ഒരു ചാനല്‍ വിചാരം.

പത്രോസെ നീ പാറയാകുന്നു, നിന്റെ പാറമേല്‍ ഞാനെന്റെ ദേവാലയം പണിയും.യേശുദേവന്‍ തന്റെ പ്രധാന ശിഷ്യനോട് പറഞ്ഞതായി ബൈബിളിലുള്ള ഒരു വാക്യമാണ് അത്.യഥാര്‍ത്ഥത്തില്‍ ക്രൈസ്തവസഭകളുടെ അടിസ്ഥാനം ഈ വാചകം തന്നെയാണ്.മറ്റൊരുതരത്തില്‍ പറഞ്ഞാല്‍  ക്രൈസ്തവസഭകളുടെ അടിസ്ഥാന ശില ക്രിസ്തുവാണ്,അല്ലെങ്കില്‍ സഭ എന്നു പറയുന്നത് ക്രിസ്തുവിന്റെ ശരീരം തന്നെയാണ്.അതുകൊണ്ടുതന്നെ ക്രിസ്ത്യാനികള്‍ ഇന്നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് നാം വിശ്വസിക്കുന്നത് സ്നേഹവും സമാധാനവും ആണ് എന്നാണ് വൈപ്പ്.
                    എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി കേരളമണ്ണില്‍ ക്രസ്തവര്‍ എന്നു പറയുന്നവര്‍ കാട്ടിക്കൂട്ടിക്കൊണ്ടിരുന്ന കോമാളിത്വം അല്പം വിവരവും ബോധവും ഉള്ളവരില്‍ വല്ലാത്ത ചെടിപ്പുളവാക്കി.എന്തായിരുന്നൂ ആ കോലാഹലങ്ങള്‍ക്കു പിന്നില്‍ എന്നന്വേഷിച്ചു ചെല്ലുന്ന ആര്‍ക്കും കാണാനാവുന്നത് സ്വത്ത് പങ്കുവൈക്കുന്ന തര്‍ക്കം,അധികാരം പങ്കുവൈക്കുന്ന തര്‍ക്കം  മാത്രമാണതിനു പിന്നിലെന്നാണ്.എത്ര കാലം എന്തെല്ലാം നടപടികളെടുത്തിട്ടും ഒരവസാനമില്ലാതെ ഈ തര്‍ക്കം നീണ്ടു നീണ്ടു പോകുന്നു.
                          ചരിത്രം പരിശോധിച്ചാല്‍ അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും കേരളത്തില്‍ ക്രസ്ത്യാനികള്‍ പാര്‍ത്തുപോന്നതായി കാണാം.എന്നാല്‍ 1663 ലെ കൂനന്‍ കുരിശ് സത്യത്തിനു ശേഷമാണ് കേരളക്രൈസ്തവര്‍ റോമിലെ മാര്‍പ്പാപ്പയെ അംഗീകരിക്കുന്ന കത്തോലിക്കാസഭയെന്നും അന്ത്യോഖ്യായിലെ പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കുന്ന യാക്കോബായ സഭയും എന്ന് രണ്ടായി പിരിഞ്ഞു.എന്നാല്‍ പിന്നീട് പാത്രിയാര്‍ക്കീസ് ഇവിടുത്തെ ക്രൈസ്തവരുടെ ആത്മീയവും ഭൌതീകവുമായ എല്ലാ സ്വത്തിനുമവകാശിയാണെന്നംഗീകരിക്കുന്നവര്‍ യാക്കോബായ വിഭാഗമായും( ബാവക്കക്ഷി) അല്ല അദ്ദേഹത്തിന് ആത്മീയസ്വത്തുക്കളുടെ മേല്‍ മാത്രമേ അവകാശമുള്ളൂ എന്നംഗീകരിക്കുന്നവര്‍ ഓര്‍ത്തഡോക്സ് വിഭാഗവുമായി (മെത്രാന്‍ കക്ഷി)വേര്‍തിരിഞ്ഞു.ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്തുമാത്രമേ ആയിട്ടുള്ളൂ ഈ വേര്‍തിരിവിന്.മെത്രാന്‍ കക്ഷിക്കാരുടെ ആത്മീയ നേതാവ് ദേവലോകം അരമനയില്‍ വാണരുളുന്ന കാത്തോലിക്കാ ബാവക്കാണ് പരമാധികാരം എന്ന് വാദിച്ചു.
                        ഇങ്ങനെ വിഭജിച്ചതില്‍ പ്രശ്നമില്ല, ആര്‍ക്കും എവിടെനിന്നു വേണമെങ്കിലും വിഭജിച്ച് പുതിയൊരു ഗ്രൂപ്പുണ്ടാക്കാവുന്നതേയുള്ളൂ.ഇങ്ങനെ നടക്കുകയും ചെയ്യുന്നുണ്ട്.പക്ഷെ, വിഭജിച്ച് രണ്ടായ മൂലസഭക്ക് നിരവധി അനവധി കോടികളുടെ സ്വത്തുണ്ടായിരുന്നു.ഇതെങ്ങനെ പങ്കുവൈക്കും എന്നുള്ളതാണീ കോലാഹലങ്ങള്‍ക്കു മുഴുവനുമുള്ള മൂലകാരണം.(പണ്ട് കാക്കകള്‍ അപ്പം പങ്കുവച്ച കഥ കേട്ടിട്ടില്ലേ? അതു തന്നെ സംഭവം.എന്നാല്‍ കുരങ്ങച്ചന്‍ മാത്രം ഇതുവരെ രംഗപ്രവേശം ചെയ്തിട്ടില്ല എന്നു മാത്രം.കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഏതെങ്കിലും ഒരു കുരങ്ങച്ചന്‍ പ്രശ്നപരിഹാരത്തിനായി രംഗത്തെത്താം.)
                       ഈ തര്‍ക്കത്തിനും സംഘര്‍ഷത്തിനും നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ഭിന്നിപ്പിനുശേഷം അല്പകാലം ഒത്തുതീര്‍പ്പിന്റേതായ ഒരു കാലഘട്ടമുണ്ടായിരുന്നു.1934 ല്‍ മലങ്കര സഭക്കൊരു ഭരണഘടനയുണ്ടാക്കുകയും രണ്ടുകൂട്ടരുമത് അംഗീകരിക്കുകയും ചെയ്തു.എന്നാലതധികം നീണ്ടുനിന്നില്ല.പിന്നേയും വഴക്കും വക്കാണവും കോടതികേസുകളും തുടര്‍ന്നു.എത്രയോ കോടികള്‍ ആ വഴിക്ക് പാഴായി പോയിട്ടുണ്ടാകും.സ്വന്തം സഭയിലെ കുഞ്ഞാടുകളുടെ ആത്മീയവും ഭൌതീകവുമായ ഉയര്‍ച്ചക്കുപയോഗിക്കേണ്ടിയിരുന്ന പണമാണിങ്ങനെ കോടതികളിലും തെരുവുകളിലും അധികാരത്തിന്റെ ഇടനാഴികളിലും പാഴായിപ്പോയത്.
               ഒടുവില്‍ 1995 ല്‍ സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചു, 1935 ലെ ഭരണഘടനയെ ഇരുകൂട്ടരും മാനിക്കുക.ഇതിന്റെ അടിസ്ഥാനത്തില്‍ 1935 ലെ ഭരണഘടനാ പ്രകാരം മലങ്കരസഭയില്‍ പൊതുയോഗം വിളിച്ചുകൂട്ടി തിരഞ്ഞെടുപ്പു നടത്താന്‍ മുന്‍ ഹൈക്കോടതി ജഡ്ജ് .ജസ്റ്റിസ് മളീമഠിനെ നിരീക്ഷകനായും സുപ്രീം കോടതി നിശ്ചയിച്ചു.എന്നാല്‍ ഇതു പ്രതികൂലമായി ബാധിക്കുമെന്ന് സംശയിച്ച് യാക്കോബായ പക്ഷം വോട്ടേഴ്സ് ലിസ്റ്റില്‍ ക്രമക്കേടാരോപിച്ച് സ്വന്തമായി പൊതുയോഗം നടത്തി തിരഞ്ഞെടുപ്പും നടത്തി.അങ്ങനെ സുപ്രീം കോടതി നടത്തിയ ശ്രമവും പരാജയപ്പെട്ടു.
                       ഇതാണ് സഭാവഴക്കിന്റെ ഒരു ചെറുചരിത്രം.അതിനുശേഷം നടന്നിട്ടുള്ളതെല്ലാം സമീപകാലചരിത്രമായതിനാല്‍ വിസ്മൃതിയിലാകാറായിട്ടില്ല.കഴിഞ്ഞ ആന്റണി ഗവണ്മെന്റിന്റെ കാലത്ത് ഈ സമരം ഒരു ക്രമസമാധാനപ്രശ്നമായി മാറുകയും നിവൃത്തിയില്ലാതെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.ഇങ്ങനെ നീറിയും പുകഞ്ഞും ഒരിക്കലും കെടുകയോ ആളിക്കത്തുകയോ ചെയ്യാതെ നിലനില്‍ക്കുകയാണീ പ്രശ്നം.ഉമ്മന്‍ ചാണ്ടി ഗവണ്മെന്റ് അധികാരത്തിലെത്തി അധികം കഴിയുന്നതിനു മുന്നേ പഴയ ആ കോടതി വിധി നടപ്പിലാക്കിത്തരണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുമേനി നിരാഹാരം ആരംഭിക്കുകയായിരുന്നു.ഉടനെ മറുപക്ഷം അതിനെതിരേയുള്ള പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തെത്തുകയായിരുന്നു.സംഭവം പതിയെ പതിയെ ചൂടുപിടിക്കാനും ക്രമസമാധാനപ്രശ്നമായി വളരാനും തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി ശ്രി.ഉമ്മന്‍ ചാണ്ടി രംഗത്തെത്തുകയും 15 ദിവസങ്ങള്‍ക്കകം പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.അങ്ങനെ തല്‍ക്കാലത്തേക്ക് പ്രശ്നത്തിനൊരു പരിഹാരം ആയി.(സുപ്രീംകോടതി പോലും വിചാരിച്ചിട്ടു തീര്‍ക്കാന്‍ പറ്റാത്ത പ്രശ്നം 15 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി തീര്‍ത്തുകൊടുക്കാമെന്ന് സമരം ചെയ്തവര്‍ക്കുപോലും വിശ്വാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല.)
               പിന്നെ കരണീയമായിട്ടുള്ള കാര്യം; സ്വത്തിനാണല്ലോ ഈ വഴക്കുമുഴുവന്‍. എന്നാല്‍ സ്വത്ത് ഒരോ ഇടവകയിലേയും വിസ്വാസികളുടെ അദ്ധ്വാനത്തിന്റെ ഫലമായി ഉണ്ടായതാണ്.അതുകൊണ്ടു തന്നെ ഈ സ്വത്തിനുള്ള പൂര്‍ണ്ണാവകാശം ഇടവകകളിലെ നാവില്ലാത്ത ആ പാവം വിശ്വാസികള്‍ക്കാണ്.അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ ഒരു തിരുമാനം എടുക്കാനുള്ള അവകാശം അവര്‍ക്കുതന്നെയാണ്.
                     അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടേയോ മിനിമം ഹൈക്കോറ്റതിയുടേയോ മേല്‍നോട്ടത്തില്‍ ഒരു റഫറണ്ടം നടത്തുക.എന്നിട്ട് അവിടെ  ലഭിക്കുന്ന ഭൂരിപക്ഷത്തിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുക.അത്തരമൊരു തീരുമാനത്തിനായി മെത്രാന്മാരെ സജ്ജരാക്കാന്‍ ക്രിസ്തുവിന്റെ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
Post a Comment