മരം കേറി നടന്നൊരു

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പണ്ടൊരു വിരുന്നിന് ഒരു വൃദ്ധനും ഒരു പെണ്‍കുട്ടിയും അടുത്തിരുന്ന ഒരു കഥയുണ്ട്.സംഭവം യൂറോപ്പിലാണ്, വൃദ്ധന്‍  സാക്ഷാല്‍ സിഗ്മണ്ട് ഫ്രോയ്‌ഡും പെണ്‍കുട്ടി ഏതോ ഒരു വലിയ വീട്ടിലെ കുട്ടിയും.അങ്ങനെ വിരുന്നു പുരോഗമിക്കുന്നതനുസരിച്ച് ഇവര്‍ കൂടുതല്‍ കൂടുതല്‍ വാചാലരും അടുപ്പക്കാരും ആവുന്നു.ഇടക്കിവര്‍ പരിചയപ്പെടാനൊരുങ്ങുന്നു, ആദ്യം വൃദ്ധനാണ് സംസാരിക്കുന്നത്, ഞാന്‍ സിഗ്‌മണ്ട് ഫ്രോയ്‌ഡ്, ഞാന്‍ ഇപ്പോള്‍ മനശാസ്ത്രം പഠിച്ചുകൊണ്ടിരിക്കുന്നു.ഇതു കേട്ട് പെണ്‍കുട്ടി കണ്ണുതള്ളിപ്പോകുന്ന ഒരു നോട്ടം നോക്കുന്നു, കൂടെ അവളുടെ ആത്മഗതവും: ദൈവമെ ഞാനത് കഴിഞ്ഞ വര്‍ഷം പഠിച്ചു കഴിഞ്ഞല്ലോ, എനിക്ക് ഡോക്ടറേറ്റും കിട്ടി.
                               രണ്ടുപേരു പറഞ്ഞതിന്റേയും അര്‍ത്ഥം മനസ്സിലായല്ലോ അല്ലേ!.ഫ്രോയ്‌ഡ് അര്‍ത്ഥമാക്കിയത് മനശാസ്ത്രം എന്ന വിഷയം (മറ്റു വിഷയങ്ങളെപ്പോലെതന്നെ  ) എത്ര പഠിച്ചാലും തീരാത്തതാണെന്നും താനത് ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ്.പാവം പെണ്‍കുട്ടി ഇതു മനസ്സിലാക്കാതെ ആ വാക്യാര്‍ത്ഥത്തില്‍തന്നെ എടുത്തു.
                              ഞാനീ കഥ ഇവിടെ എടുത്തു പറയാന്‍ കാരണം ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ഒരു കേരള പഠനത്തില്‍ കണ്ടെത്തിയത് കേരള ജനസംഖ്യയിലെ 85% പേരും ഇടത്തരക്കാരാണെന്നും ബാക്കി 15% ത്തില്‍ ഭൂരിപക്ഷവും പട്ടിണിപ്പാവങ്ങളുമാണെന്നാണ്. ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്തവര്‍ പോലും അതിലുണ്ട് എന്നും അവര്‍ പറയുന്നു.അതവിടെ നില്‍ക്കട്ടെ, നമുക്ക് ഈ 85%ക്കാരെ നോക്കാം. ഇടത്തരക്കാര്‍ക്ക് ചില ഗുണവിശേഷങ്ങള്‍ സാക്ഷാല്‍ കാറല്‍ മാര്‍ക്സ് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. എന്തൊക്കെയാണത്? പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ദിനേന ദിനേന അവര്‍ പിന്നോട്ടടിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അവരുടെ കണ്ണ് ,നോട്ടം എന്നിവ മുകളിലേക്കായിരിക്കും.തന്റെ മുകളിലുള്ള മുതലാളി കുത്തക മുതലാളിമാരാവാനായിരിക്കും അവന് താല്പര്യം.അവന്റെ പ്രശ്നങ്ങളായിരിക്കും ഇടത്തരക്കാരന്റേയും പ്രശ്നങ്ങള്‍.മറ്റൊന്നും ഇവന്‍ കണ്ടതായി ഭാവിക്കില്ല.തങ്ങള്‍ വന്നത് ദരിദ്രരുടെ ഇടയില്‍ നിന്നാണെന്നും അവരാണ് തങ്ങളുടെ ഉറ്റസഖാക്കളെന്നും ഇവര്‍ അറിഞ്ഞ മട്ടു വൈക്കാറില്ല.അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇവരുടെ കണ്ണിലെ കരടായിരിക്കും.ആത്യന്തികമായി വിപ്ലവത്തെ ഒറ്റിക്കൊടുക്കാനുള്ള വര്‍ഗം എന്നാണ് ഇവരെ മാര്‍ക്സ് വിശേഷിപ്പിച്ചിരിക്കുന്നത്.
                  യശശരീരനായ ശ്രീ. എം.സുകുമാരന്‍ എന്ന ചെറുകഥാകൃത്ത് വളരെ ശരിയായ രീതിയില്‍തന്നെ ഇവരെ അവതരിപ്പിച്ചിട്ടുണ്ട് ഒരു ചെറുകഥയില്‍.ഗൌതമന്‍ എന്നാണാ കഥയുടെ പേരെന്നാണ് ഓര്‍മ്മ.
                       ഇവരില്‍ ചിലര്‍ ഓരോന്നും വിമര്‍ശിക്കുന്നത് കേട്ടാല്‍ തങ്ങളാണ് ഇതിലൊക്കെ ഡോക്ടറേറ്റ് എടുത്തവര്‍ എന്നു നാം വിചാരിച്ചുപോകും.കേട്ടിട്ടില്ലേ ഓരോരോ ചാനല്‍ ചര്‍ച്ചകളും മറ്റും.ഇവരിങ്ങനെ പറഞ്ഞുകയറി കയറി സ്ഥാപിക്കുന്നത് മുതലാളിത്വത്തിന്റെ തത്വശാസ്ത്രമാകും,കാരണം അവര്‍ക്കതേ കഴിയൂ.തൊഴിലാളി വര്‍ഗം എവിടെയൊക്കെ കയറി വരുന്നുണ്ടോ അവിടെയൊക്കെ അവരെ ചവിട്ടിതാഴ്ത്താനുള്ള വ്യാജ തന്ത്രങ്ങളുമായി ഇവര്‍ രംഗത്തെത്തും.തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നതിനായി എന്തു പറയുന്നതിനും എന്തു വിവാദം കുത്തിപൊക്കുന്നതിനും ഇവര്‍ക്ക് മടിയില്ല.
                     പക്ഷെ ഇതിന്റെയൊക്കെ ഫലമെന്താണെന്ന് ഇവര്‍ ഒരിക്കലും ചിന്തിക്കാറില്ല.ഇവരുടെ പിന്തുണയോടെ മുതലാളിത്വം വീണ്ടും വീണ്ടൂം പാവപ്പെട്ടവന്റെ മേല്‍ കുതിരകയറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിലും രൂക്ഷമായ മറ്റൊരു പ്രശ്നം കൂടിയുണ്ട്. (ഒരു സൊഷ്യോളജി പ്രൊഫസര്‍ പ്രസംഗിക്കുന്നത് കേട്ടതാണ്, ശരിയാണോ എന്ന് വിവരമുള്ളവര്‍ പറഞ്ഞു തരണം.) കാടര്‍ എന്ന പേരില്‍ തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലായി പാര്‍ക്കുന്ന ഒരു ആദിവാസിവിഭാഗമുണ്ടത്രെ.ലോകത്തെ ആദ്യകാല സംസ്കാരങ്ങളിലൊന്ന് ഇവരുടേതായിരുന്നെന്ന് ഇന്ന് കണ്ടെത്തിയിട്ടുണ്ടത്രെ.എന്നുവച്ചാല്‍ ലോകത്തിന് സംകാരം പഠിപ്പിച്ച് കൊടുത്തവരില്‍ ഒന്ന് നമ്മളായിരുന്നു എന്നു തന്നെയാണ്. എന്നിട്ട് ആ കാടരില്‍നിന്നും  പുരോഗമിച്ച് നാട്ടിലേക്കിറങ്ങി പുരോഗമിച്ച് പുരോഗമിച്ച് ഇന്ന് ലോകത്തിലെ ഏറ്റവും വൃത്തികെട്ട സംസ്കാരം മലയാളികളുടേതായിട്ടുണ്ടെന്നാണ് ലോകം വിലയിരുത്തുന്നത്.
 എപ്പടി കാര്യങ്ങള്‍?
Post a Comment