ചീഞ്ഞു നാറാന്‍ തുടങ്ങിയ കേരള രാഷ്ട്രീയം.

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കൊരു വലിയ പ്രത്യേകതയുണ്ട്.നിങ്ങളതു ശ്രദ്ധിച്ചിട്ടുണ്ടോ?.സാധാരണ ഒരു പത്രവായനക്കാരനുപോലും മനസ്സിലാക്കാന്‍ പറ്റുന്നരീതിയിലാണാ പ്രത്യേകത സംഭവിച്ചുകൊണ്ടിരിക്കുന്നത്.നമ്മുടെ സാധാരാണക്കാരന്റെ പത്രവായനയുടെ സ്റ്റൈല്‍ അറിയാമല്ലോ? അവന്റെ തിരക്കിനിടയില്‍ പത്രം ഒന്നോടിച്ചു നോക്കാനുള്ള സമയമേ അയാള്‍ക്ക് ലഭിക്കുന്നുള്ളൂ.ദൃശ്യമാധ്യമങ്ങളുടെ കാര്യമാണെങ്കിലും സ്ഥിതിക്ക് വലിയ വ്യത്യാസമൊന്നുമില്ല.മറ്റുകാര്യങ്ങള്‍ ചെയ്യുന്നതിനിടെ പാതി മനസ്സോടെ കാണുന്ന ഒന്നാണ് വാര്‍ത്തയും വാര്‍ത്താവലോകനവും.അവര്‍ക്കുപോലും മനസ്സിലാകുന്ന രീതിയില്‍ കേരള രാഷ്ട്രീയം മാറുന്നു എന്നതാണ് സത്യം.
                                           എന്താണു കാര്യമെന്നല്ലെ?.നമുക്കു നോക്കാം!. നിയമസഭയിലും പുറത്തും എല്‍ ഡി എഫ് നേതാക്കള്‍ തക്കതായ തെളിവോടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.യഥാര്‍ത്ഥത്തില്‍, അവര്‍ക്കതിന് ആളായും സഹായമായും നില്‍ക്കുന്ന യു ഡി എഫ് നേതാക്കന്മാരുമുണ്ട്. ഉദാഹരണത്തിന് ഉമ്മന്‍‌ചാണ്ടിക്കു പിന്നാലെ ഒരു ധൂമകേതു പോലെ കൂടിയിരിക്കുന്ന ടി എച്ച് മുസ്തഫയെ ഓര്‍ക്കാം, അല്ലെങ്കില്‍ കോണ്‍ഗ്രസിനും ഉമ്മന്‍‌ചാണ്ടിക്കുമെതിരെ ആരോപണശരങ്ങളുമായി നില്‍ക്കുന്ന രാമചന്ദ്രന്‍‌മാസ്റ്ററെ ഒര്‍ക്കാം,അതുമല്ലെങ്കില്‍ പി.രാമകൃഷ്ണനേയോ, ഇപ്പോഴത്തെ നിയമസഭാ സാമാജികരില്‍ പലരേയും നമുക്കോര്‍ക്കാം. എന്തായാലും വളരെ കൃത്യമായി അളന്നു മുറിച്ച വാക്കുകളില്‍ ചുണ്ടുകളില്‍ ഒരു നറും‌പുഞ്ചിരിയുമായി( എന്നു വച്ചാല്‍ ഒരു തരിമ്പും പകയില്ലാതെ മനുഷ്യത്വത്തോടുകൂടി ) പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോള്‍ ബ ബ്ബ ബ്ബ അടിക്കുകയല്ലാതെ ശ്രീ.ഉമ്മന്‍‌ചാണ്ടിക്കു വേറെ മാര്‍ഗമില്ല.
                                     കാണാറില്ലേ, ടി വി ഷോകളില്‍ വിക്കി വാക്കുകള്‍ കൃത്യമായി പുറത്തുവരാതെ തപ്പിത്തടയുന്ന മുഖ്യമന്ത്രിയേ!.അദ്ദേഹം ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവന്ന ഒരു മാനറിസമാണിത്.ശ്രദ്ധിച്ചാല്‍ നമുക്കറിയാം, അദ്ദേഹം വിജയശ്രീലാളിതനായി നില്‍ക്കുന്ന വേദികളില്‍ ഒരിക്കലും ഈ തപ്പലും വിക്കലുമില്ല.ചോദ്യങ്ങള്‍ വരുമ്പോള്‍ അദ്ദേഹം അതു കേട്ടില്ല എന്ന മട്ടില്‍ വീണ്ടും എന്താണെന്നു ചോദിച്ചാല്‍ ഉറപ്പാണ്,ആ ചൊദ്യത്തിനുള്ള മറുപടി അദ്ദേഹം മനസില്‍ തപ്പുകയാണ്, അവിടെ തപ്പലായി,വിക്കലായി, ബ ബ്ബ ബ്ബ യായി, മൂളലായി .
                                     ഇതാണ് ശ്രദ്ധിക്കേണ്ടകാര്യം. ഇടതുപക്ഷം തെളിവുകളോടെ ആരോപണങ്ങണുന്നയിക്കുമ്പോള്‍ അതിനു കൃത്യമായി മറുപടി പറയാന്‍ വലതുപക്ഷത്തിനു കഴിയുന്നില്ല.പകരം അവര്‍ പ്രതിപക്ഷനേതാവായ ശ്രീ അച്യുതാനന്ദനെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ടിരുന്നു.ഇതിനു മറുപടി ഇടതുപക്ഷവും പറഞ്ഞില്ല, പകരം അവര്‍ പറഞ്ഞു, ഈ ആരോപണങ്ങള്‍ നിങ്ങള്‍ സാദ്ധ്യമായ ഏത് ഏജെന്‍സിയെക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിച്ചോ ഞങ്ങള്‍ക്ക് പ്രശ്നമില്ല എന്ന്.ഇതോടെ അക്കാര്യവും പരുങ്ങലിലായി. അങ്ങനെയാണ് അരുണ്‍കുമാറിന്റെ പ്രശ്നം പൊങ്ങിവന്നത്. ഇന്നത്തെ ഏതൊരു കൊടും കുറ്റവാളിയേക്കാളും ഭീകരനായി അവര്‍ അരുണ്‍കുമാറിനെ ചിത്രീകരിച്ചു.അപ്പോഴും വി എസും ഇടതുപക്ഷവും ശാന്തരായിരുന്നു, വി എസ് അക്ഷോഭ്യനായി പറഞ്ഞു :- “അവന്റെ കാര്യം അവന്‍ നോക്കും.” നോക്ക് ഒരു വിങ്ങലോ വിക്കലോ, ബബ്ബബ്ബയോ ഇല്ല. ഇതാണ് ഇടതു വലതു പക്ഷങ്ങള്‍ തമ്മിലുള്ള വ്യത്യാസം.അവസാനം അറ്റ കൈ പ്രയോഗം എന്ന രീതിയില്‍ അരുണ്‍ കുമാറിനെ സസ്പെന്റ് ചെയ്തു, ചെയ്തതിലും വേഗത്തില്‍ തിരിച്ചെടുക്കുകയും ചെയ്തു.ഈ സംഭവത്തോടെ വലതുപക്ഷം “പിടിച്ചുഞാനവനെന്നെ കെട്ടി“ എന്നു പറഞ്ഞപോലെയായി.
                            ഈ നാണക്കേടുകളില്‍ നിന്നും രക്ഷപെടാനായി വലതുപക്ഷം രംഗത്തിറക്കിയ രണ്ടു പടക്കുതിരകളാണ് പി സി ജോര്‍ജും കെ.ബി.ഗണേഷ് കുമാറും. ആദ്യത്തെയാള്‍ മന്ത്രി പദവിയുള്ള ചീഫ് വിപ്പും രണ്ടാമത്തെയാള്‍ മന്ത്രിയും.നാക്കിലെല്ലില്ലാത്തവനെന്ന് ആനുകാലീക ദൃശ്യമാധ്യമങ്ങളിലൂടെ തെളിയിച്ചയാളാണ് ചീഫ് വിപ്പ്. പരസ്യമായി സര്‍ക്കാരുദ്യോഗസ്ഥരെ തെറിവിളിക്കുകയും അത് ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്തപ്പോള്‍ അതിനെ പരസ്യമായി ന്യായീകരിക്കുകയും ചെയ്തു അദ്ദേഹം.തെറ്റു ചെയ്തവനെയാണ് തെറി പറഞ്ഞതത്രേ!. ശരി , ഇതു പോലെ തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാല്‍ അദ്ദേഹത്തെ തെറി പറയാനുള്ള സ്വാതന്ത്ര്യം ജനത്തിനദ്ദേഹം നല്‍കുമോ?
                     ഈ രണ്ടു മാന്യന്മാരും പൊതുവേദിയില്‍ കയറി നിന്ന് തികച്ചും മലീമസമായ കാര്യങ്ങള്‍ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുക.അതും ചില ഇടതുപക്ഷനേതാക്കളെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുക. പ്രത്യേകിച്ചും വീ എസിനെയും എ.കെ.ബാലന്‍ അവര്‍‌കളേയും.ഇതിനല്ലേ സുഹൃത്തുക്കളെ തൂറിതോല്പിക്കുക എന്ന് പറയുന്നത്.മാന്യമായി മറുപടി പറയാന്‍ പറ്റാത്തിടത്ത് മുണ്ടുപൊക്കി കാണിക്കുക, അതേറ്റില്ലെങ്കില്‍ തൂറിതോല്പിക്കുക. ഇപ്പരിപാടിയാണിവിടെ നടന്നത്.എത്ര മോശമായിട്ടാണവര്‍ സംസാരിച്ചത്  എന്നതിനു തെളിവാണ് വി എസിനെ ഗണേഷ് കുമാര്‍ ആക്ഷേപിച്ചതിന് പരസ്യമായി നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചത്.അപ്പോള്‍ അത്ര മോശം ഭാഷയാണ് അവര്‍ പ്രയോഗിച്ചത് എന്നര്‍ത്ഥം.
                                                   ഈ പ്രയോഗത്തിനെതിരെ ഖേദം പ്രകടിപ്പിച്ചെങ്കിലും അവരുണ്ടാക്കിയ നാറ്റം നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തെ മലിനമാക്കിക്കഴിഞ്ഞു.ഒരിക്കല്‍ ഇങ്ങനെ മലിനമായിക്കഴിഞ്ഞ അന്തരീക്ഷം, അത്  മോശമാക്കാനുപയോഗിച്ച അതേ ബുദ്ധികൊണ്ട് ശരിയായികിട്ടുകയില്ല എന്നാണ് നമുക്ക് മനസ്സിലാവുക.നാമുപയോഗിക്കുന്ന വാക്കുകള്‍, കാണിക്കുന്ന ആംഗ്യവിക്ഷേപങ്ങള്‍, പറയാനുപയോഗിക്കുന്ന നമ്മുടെ ശരീരഭാഷ ചിരകാലം നമ്മുടെ അന്തരീക്ഷത്തില്‍ കെട്ടിനിന്ന് ചീഞ്ഞമണം പരത്തും.കാരണം മൊബൈല്‍ വീഡിയോകളിലായും യു ട്യൂബ് വീഡിയോകളിലായും ബ്ലോഗുകളിലൂടെയും ഒക്കെ ഇതിന്റെ ഓക്കാനമുണ്ടാക്കുന്ന വാട പരന്നുകൊണ്ടിരിക്കും.
                                           പണ്ട് ശ്രീ പിണറായി വിജയന്‍, തന്റെ നേരെ വന്ന അപവാദപ്രചരണങ്ങളില്‍ സഹികെട്ട്, മുഖ്യ അപവാദപ്രചാരകരായിരുന്ന മാതൃഭൂമിയുടെ പത്രാധിപരെ തന്റെ നാട്ടുഭാഷാ‍പ്രയോഗത്തില്‍ “എടോ ഗോപാലകൃഷ്ണാ താനെവിടുത്തുകാരനാടോ” എന്ന് ചോദിച്ചത് എത്രയോ വര്‍ഷങ്ങള്‍ മാതൃഭൂമി കൊണ്ടാടിയിരുന്നു,ഇന്നും ആടുന്നു.അപ്പോള്‍ അതിലും എത്രയോ മോശമായ ഈ വിശേഷണങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ എത്രനാള്‍ കൊണ്ടാടില്ല.അപ്പോള്‍ അതുകൊണ്ടുതന്നെയാണ് പറയുന്നത്, ഇവരുടെ അശ്ലീലപ്രയോഗങ്ങള്‍ എത്രകാലം മലയാള മണ്ണിനെ മലീമസമാക്കും?
                                        ഇത്രയും വലിയൊരു ദ്രോഹം മലയാള മണ്ണിനോട് ചെയ്ത ഈ രണ്ടുപേര്‍ക്കുമെതിരെ ശക്തമായ നടപടി ശ്രീ മുഖ്യമന്ത്രി അവര്‍കളുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് നിറുത്തുന്നു.