ഹിന്ദുത്വവാദികള്‍ ഒരറ്റത്തുനിന്ന് രാജ്യത്തെ വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.ഇസ്ലാമിക മൌലികവാദികള്‍ പാക്കിസ്ഥാനെ മുക്കാലും വിഴുങ്ങിയപ്പോള്‍ മഹാന്മാരായ നേതാക്കളുടെ നിശ്ചയദാര്‍ഡ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കാരണം മതേതരത്വം ഒരു പരിധിവരെ കാത്തു സൂക്ഷിക്കുവാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ഹിന്ദി ബെല്‍റ്റ് എന്ന ഉത്തരേന്ത്യന്‍ മണ്ണില്‍നിന്നു ഗുജറാത്ത് എന്ന വാലു മാത്രമേ ഈ അഭിനവകാളിയന് വായിലാക്കാന്‍ കഴിഞ്ഞിരുന്നൊള്ളൂ.എന്നാല്‍, അതിവേഗം ഇന്ത്യയെ മതരാഷ്ട്രമായി മാറ്റാനുള്ള നീക്കത്തിലാണ് ഹിന്ദുത്വവാദികള്‍ എന്നതിന്റെ തെളിവാണ് പ്രഗല്‍ഭ പണ്ഡിതന്‍ എ.കെ.രാമാനുജന്റെ “ത്രി ഹണ്ഡ്രഡ് രാമായണാസ്: ഫൈവ് എക്സാമ്പിള്‍സ് ആന്‍ഡ് ത്രീ തോട്സ് ഓണ്‍ ട്രാന്‍സ്ലേഷന്‍” എന്ന പ്രബന്ധം ഡല്‍ഹി സര്‍വകലാശാലയിലെ ബി എ രണ്ടാം വര്‍ഷ സിലബസില്‍നിന്ന് എടുത്തുമാറ്റാനുള്ള അക്കാഡമിക് കൌണ്‍സിലിന്റെ തീരുമാനം.
എ.കെ രാമാനുജന്‍ (1929 - 1993) കര്‍ണാടകത്തിലെ മൈസൂരു സ്വദേശിയായ മതപണ്ഡിതനാണ്.തമിഴ്,കന്നട,തെലുങ്ക്,സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയ ഭാഷാശാസ്ത്രജ്നനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം.ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ സാഹിത്യത്തിലെ ആധികാരികശബ്ദങ്ങളിലൊന്നായിരുന്ന അദ്ദെഹം അമേരിക്കയിലെ ഇന്ത്യാന സര്‍വകലാശാലയില്‍നിന്നും ഭാഷാശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് നേടി ചികാഗോ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലി ചെയ്തു.ഭാരത സംസ്കാരത്തേയും അതിന്റെ വൈവിധ്യത്തേയും നെഞ്ചിലേറ്റുകയും ശാസ്ത്രിയമായി വിശകലനത്തിന് വിധേയമാക്കുകയും ചെയ്ത ഈ മഹാപണ്ഡിതനെ അപമാനിക്കുകയായിരുന്നു ഹിന്ദുത്വവാദികളുടെ പ്രേരണയാല്‍ ഡല്‍ഹി സര്‍വകലാശാല ചെയ്തത്.
രണ്ടായിരത്തെട്ടിലാണ് സംഭവങ്ങളുടെ തുടക്കം.സംഘപരിവാറിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ എബിവിപി രാമാനുജന്റെ പ്രബന്ധം സിലബസ്സില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയിലെ ചരിത്രവിഭാഗം ഓഫീസ് തല്ലിതകര്‍ത്തു.അന്ന് ചരിത്രവിഭാഗം തലവനായിരുന്ന എസ്.ഇസഡ്.ജഫ്രിക്ക് അക്രമികളെ ഭയന്ന് ഓഫീസ് മുറിയില്‍ ഒളിച്ചിരിക്കേണ്ടിവന്നു.പ്രബന്ധം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലെത്തി.വിദഗ്ധസമിതിയുടെ വിശദീകരണം തേടണമെന്നാണ് കോറ്റതി ആവശ്യപ്പെട്ടത്.വിദഗ്ധസമിതിയിലെ നാലില്‍ മൂന്ന് അംഗങ്ങളും രാമാനുജന്റെ പ്രബന്ധം തുടരുന്നതില്‍ അപാകതയൊന്നും കണ്ടില്ല.നാലാമത്തെ ആളും എതിര്‍ത്തില്ല.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ലേഖനം പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.മതവികാരങ്ങളെ വൃണപ്പെടുത്തുന്ന ഒന്നും പ്രബന്ധത്തില്‍ കണ്ടെത്തിയിട്ടില്ല എന്നും പറഞ്ഞു.എന്നാല്‍ വിദഗ്ധസമിതിയുടെ അഭിപ്രായം മാനിക്കാതെ സാമുഹിക ശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ അക്കാഡമിക് കൌണ്‍സില്‍ യോഗം വിളിച്ചുകൂട്ടുകയാണ് ചെയ്തത്.കൌണ്‍സിലിലെ 120 അംഗങ്ങളില്‍ ഒമ്പത് പേര്‍ മാത്രമാണ് പ്രബന്ധത്തിന് അനുകൂലമായ നിലപാടെടുത്തത്.തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം പ്രബന്ധം സിലബസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍വകലാശാല ഉത്തരവിറക്കി.
അക്കാഡമിക് കൌണ്‍സിലിലെ ഭൂരിപക്ഷം പേരും പ്രബന്ധത്തിനെതിരെ നിലപാടെടുത്തതില്‍ അല്‍ഭുതമൊന്നുമില്ല.കാരണം അവരില്‍ മഹാഭൂരിപക്ഷവും വൈസ് ചാന്‍സലറായ ദിനെഷ് സിങ്ങിനെപ്പോലെ മറ്റ് വിഷയങ്ങളില്‍ പഠിപ്പിക്കുന്നവരാണ്.സാമുഹികശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ല.ഏതെങ്കിലും ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരും അക്കാഡമിക് കൌണ്‍സിലില്‍ ധാരാളമുണ്ട്.പ്രബന്ധം പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സാമുഹികശാസ്ത്ര ചരിത്രാ അധ്യാപകരുടെ അഭിപ്രായമനുസരിച്ചാകണമായിരുന്നു.എന്നാല്‍ അതിനു തയ്യാറാവാതെ ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി പക്ഷപാതപരമായ തീരുമാനമെടുക്കുകയായിരുന്നു വൈസ് ചാന്‍സലര്‍.
ലോകത്ത് പലയിടങ്ങളിലായി നിലവിലുള്ള രാമായണകഥകളും വ്യാഖ്യാനങ്ങളുമാണ് രാമാനുജന്‍ തന്റെ പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നത്.ഇത്തരം നൂറുകണക്കിന് രാമായണങ്ങളുണ്ട്.കമ്പരാമായണവും ആധ്യാത്മികരാമായണവും എന്തിന് മാപ്പിളരാമായണം വരേയുണ്ട്. പലതും പ്രതിപാദനത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായവ.ഇവയിലെല്ലാം വത്മീകി രാമായണത്തിന്റെ മൂലകഥയില്‍ നിന്നും വിഭിന്നമായ കഥാപരിസരങ്ങള്‍ കാണാം.സീതയും രാമനും സഹോദരങ്ങളായും സീത രാവണന്റെ മകളായും എല്ലാം പ്രത്യക്ഷപ്പെടുന്ന കഥകളുണ്ട്.ഒരു കംബോഡിയന്‍ രാമായണ ഭാഷ്യത്തില്‍ ഹനുമാന് ഒരു ഭാര്യയും ഒരു കുട്ടിയുമുണ്ട്.വത്മീകി രാമായണത്തില്‍ ഹനുമാന്‍ ബ്രഹ്മചാരിയാണ്.നമ്മുടെ നാട്ടിന്‍പുറങ്ങളില്‍പോലും സീത കുളിച്ചു എന്നു പറയപ്പെടുന്ന സീതക്കുളങ്ങളും ആറുകളുമുണ്ട്.സത്യത്തില്‍ നാനാത്വത്തില്‍ ഏകത്വം എന്ന് വിളിക്കുന്ന ഭാരതീയതയെ പരസ്പരം വിളക്കിച്ചേര്‍ക്കുന്നത് ഇത്തരം ഉപകഥകളും വ്യാഖ്യാനങ്ങളുമാണ്.അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയതയ്ക്ക് ഒരു പക്ഷെ മൂലകഥകളേക്കാളും പ്രധാനപ്പെട്ടത് ഇത്തരം വൈവിധ്യമാര്‍ന്ന പുരാണ - ഇതിഹാസ വ്യാഖ്യാനങ്ങളുമാണെന്ന് കാണാം.
ആരെങ്കിലും വാത്മീകിരാമായണം യഥാര്‍ഥരൂപത്തില്‍ കണ്ടിട്ടുണ്ടോ?ഇല്ല എന്നാണ് ഉത്തരം.രാമായണം അതിന്റെ മൂലരൂപത്തില്‍ രൂപം കൊണ്ടശേഷം ഏതാണ്ട് ആയിരത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഗുപ്തന്മാരുടെ കാലത്ത് ക്രോഡീകരിക്കപ്പെട്ട രാമായണകഥയാണ് നാം ഇന്ന് വത്മീകിരാമായണമെന്ന പേരില്‍ അറിയുന്നത്.പിന്നെയും പലനൂറ്റാണ്ടുകള്‍ കഴിഞ്ഞ് എഴുതപ്പെട്ട കൈയെഴുത്ത് പ്രതികളാണ് ഇന്ന് നമുക്ക് ലഭ്യമായ ഏറ്റവും പഴക്കം ചെന്ന രാമായണം.അവ എഴുതപ്പെട്ടത് ദേവനാഗരി ലിപിയിലും ഗ്രന്ഥലിപിയിലുമാണ്.വാത്മീകിയൂടെ കാലത്താണ് എഴുതപ്പെട്ടതെങ്കില്‍ ബ്രഹ്മി ലിപിയിലായിരിക്കണമായിരുന്നു. വാത്മീകിരാമായണം രചിച്ചു എന്നുകരുതപ്പെടുന്നത് ബി സി ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യപകുതിയിലാണ്.അതായത് ബി സി 500ന് മുന്‍പ്.രണ്ട് നൂറ്റാണ്ട് കഴീഞ്ഞതിനു ശെഷമാണ് ഇന്ന് ലഭ്യമായതില്‍ (വായിച്ചെടുക്കാനായതില്‍) ഏറ്റവും പ്രാചീനമായ ലിപി അഥവാ അശൊകന്റെ ലുംബിനി ലിഖിതങ്ങള്‍ എഴുതപ്പെട്ടത്.( ഇതുവരെ വായിച്ചെടുക്കാനാകാത്ത സൈന്ധവലിപിക്ക് 4000 വര്‍ഷത്തെപഴക്കമെങ്കിലുമുണ്ട്.)ലുംബിനി ലിഖിതങ്ങള്‍ക്കുശേഷം പല നൂറ്റാണ്ട് കഴിഞ്ഞാണ് ദെവനാഗരി ലിപിയെന്ന സംസ്കൃതം ഉണ്ടായത്.ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ വാത്മീകി രാമായണം പോലും ചരിത്രപരമായി നോക്കിയാല്‍ രാമായണത്തിന്റെ പലഭാഷ്യങ്ങളിലൊന്നാണെന്ന് കാണാം.പല തവണ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായത്.
അങ്ങനെയല്ലെങ്കില്‍തന്നെ വേദങ്ങളും മറ്റും അടങ്ങുന്ന “ശ്രുതി“ എന്ന പൌരാണീക ഭാരത സാഹിത്യത്തില്‍ പെട്ടതല്ല രാമായണം.ശ്രുതികള്‍ ബൈബിളും ഖുറാനുംമറ്റും പോലെ മാനുഷികമായ കൈകടത്തലുകള്‍ അനുവദനീയമല്ലാത്ത പരിപാവനഗ്രന്ഥങ്ങളാണ്.രണ്ടാമത് വരുന്ന സ്മൃതികളാകട്ടെ സാമുഹികനിയമങ്ങളും മറ്റും പ്രതിപാദിക്കുന്നവയാണ്, മനുസ്മൃതി പോലുള്ളവ.ഇതിലും പെടുന്നില്ല ഇതിഹാസങ്ങള്‍.മൂന്നാമത് വരുന്ന കഥയും ചരിത്രവും കൂടിക്കുഴഞ്ഞ ഛായാചരിത്രരൂപത്തിലുള്ള പുരാണങ്ങള്‍ക്കുശേഷമാണ് ഇതിഹാസങ്ങളായ രാമായണവും ഭാരതവും നമ്മുറ്റെ പൌരാണീകസാഹിത്യത്തില്‍ കടന്നുവരുന്നത്.വാത്മീകിയില്‍നിന്നും വ്യാസനില്‍നിന്നും തുടങ്ങി ഇന്നത്തെ രൂപം കൈക്കൊള്ളുന്നതുവരെ നിരന്തരം പുതുക്കപ്പെട്ടവയാണ് രാമായനവും മഹാഭാരതവും.രാമാനുജന്‍ പരാമര്‍ശിക്കുന്ന രാമായണവ്യാഖ്യാനവും ഇത്തരം ഒരു ചരിത്രപ്രക്രിയയുടെ ഫലമായി രൂപം കൊണ്ടവയാണ്.മൂലകഥയോടൊപ്പം തന്നെ അല്ലെങ്കില്‍ പല സമൂഹങ്ങളിലും മൂലകഥയേക്കാളും പ്രസക്തമായവ.ഇനി മൂലകഥയുടെ കാര്യം തന്നെയെടുക്കാം.അതനുസരീച്ച് രാമന്റെ ജന്മനാടായ അയോദ്ധ്യ ഒരു വലിയ രാജ്യത്തിന്റെ തലസ്ഥാനമാണ്.ശാസ്ത്രീയ അഭിപ്രായമനുസരിച്ച് രാമായണകഥകാസ്പദമായ സംഭവം നടന്നിട്ടുണ്ടാവുക ചുരുങ്ങിയത് ബി സി 800 ന് മുന്പായിരിക്കും.എന്നാല്‍ പ്രാചീന ഇന്ത്യാചരിത്രത്തില്‍ ആധികാരികമായ ഗവേഷണം നടത്തിയ ആര്‍.എസ്.ശര്‍മ്മയും മറ്റും പറയുന്നത് അയോദ്ധ്യ സ്ഥിതിചെയ്യുന്ന ഫൈസലാബാദില്‍ ചെറിയ ഗ്രാമങ്ങളെങ്കിലും ഉണ്ടാകാന്‍ തുടങ്ങിയത് അതിനുശേഷമാണ് എന്നാണ്. അതു മാത്രമല്ല ആശിഷ് നന്ദി ചൂണ്ടിക്കാട്ടുന്നതുപോലെ ഫൈസലാബാദില്‍ രാമന്‍ ജനിച്ച സ്ഥലമെന്നവകാശപ്പെടുന്ന നൂറുകണക്കിനിടങ്ങളുമുണ്ട്.
ഇത്തരം ശാസ്ത്രീയവും ചരിത്രപരവുമായ വസ്തുതകള്‍ മറച്ചുവച്ചുകൊണ്ട് പുരാണേതിഹാസങ്ങളില്‍നിന്നും തങ്ങള്‍ക്കനുകൂലമായ കഥകള്‍ ചീന്തിയെടുത്ത് യാഥാര്‍ഥ്യത്തെ ബലം പ്രയോഗിച്ച് മറയ്ക്കുന്ന ഫാസിസ്റ്റ് പ്രവര്‍ത്തനമാണ് ഹിന്ദുത്വവാദികളുടേത്.ബോധത്തെ വിശ്വാസം കൊണ്ടും ചരിത്രത്തെ കെട്ടുകഥകള്‍കൊണ്ടും പകരം വൈക്കുക എന്നത് ഇവരുടെ പ്രധാന പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണ്.ജൂദി ഗറ്റിംഗര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഇവരുടെ ലക്ഷ്യം നമ്മുടെ മതേതര ദേശീയതയെ തകര്‍ത്തുകൊണ്ട് സവര്‍ക്കരിന്റെ മത ദേശിയത സ്ഥാപിക്കലാണ് . കേന്ദ്രവും ദല്‍ഹി സംസ്ഥാനവും കോണ്‍ഗ്രസ്സ് ഭരിക്കുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്രു ഉയര്‍ത്തിപ്പിടിച്ചിരുന്ന മതേതരദേശീയത എന്ന മഹത്തായ തത്വത്തെ ദല്‍ഹിയിലെ സര്‍വകലാശാല ഹിന്ദുത്വവാദികളുടെ പക്ഷം പിടിച്ച് പടിയിറക്കിവിടുന്നത്.ഇതിനെതിരെ കാര്യമായ പ്രതികരണവും ഡല്‍ഹിയിലേയും ഇന്ത്യയിലേയും ഭരനനെതൃത്വങ്ങളില്‍നിന്ന് ഉണ്ടാവുന്നില്ല എന്നത് കോണ്‍ഗ്രസ്സിന്റെ മതേതര ജനാധിപത്യവാദങ്ങളുടെ തനിനിറം വ്യക്തമാക്കുന്നുണ്ട്.
(03/11/11 ദേശാഭിമാനി ദിനപ്പത്രത്തിന്റെ ഏഡിറ്റ് പേജില്‍ ശ്രീ മുഹമ്മദ് ഫക്രുദ്ദീന്‍ അലി എഴുതിയ ലേഖനം കാലികമെന്നു തോന്നിയതിനാല്‍ ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു.)
(03/11/11 ദേശാഭിമാനി ദിനപ്പത്രത്തിന്റെ ഏഡിറ്റ് പേജില്‍ ശ്രീ മുഹമ്മദ് ഫക്രുദ്ദീന്‍ അലി എഴുതിയ ലേഖനം കാലികമെന്നു തോന്നിയതിനാല്‍ ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു.)