നമുക്ക് വീണ്ടും മാര്‍ക്സിലേക്ക് തിരിയാം.

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(എറിക് ഹോബ്സ്ബാം എന്ന ലോകപ്രശസ്ത മാര്‍ക്സിയന്‍ ചരിത്രകാരനും ചിന്തകനുമായ എറിക് ഹോബ്‌സ്‌ബാമിന്റെ “How to change the world - Tales of Marx and Marxism" എന്ന പുസ്തകത്തിലെ Marx Today എന്ന അദ്ധ്യായത്തിന്റെ , ചന്ദ്രദത്ത് തയ്യാറാക്കിയ സംഗ്രഹം പുസ്തകം 49,ലക്കം 12 ലെ ചിന്തയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.നല്ല ഒരു വായനാനുഭവം തരുന്നതായതിനാല്‍ ഞങ്ങളിത് ഒരിക്കല്‍ക്കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.)


                         ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റീങ്ങ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവും അധികം പേര്‍ യുഗപ്രഭാവനായ ചിന്തകനായി അടയാളപ്പെടുത്തിയത് കാള്‍മാര്‍ക്സിനെയാണ്.ഗൂഗിളില്‍ മഹാന്മാരായ ബൌദ്ധികപ്രതിഭകളില്‍ മാര്‍ക്സിനു മൂന്നാം സ്ഥാനമുണ്ട്.ഡാര്‍വിനും ഐന്‍സ്റ്റീനും പിറകിലായി.ആഡംസ്മിതും ഫ്രോയിഡും വളരെ പിന്നിലാണെന്നതും ഓര്‍ക്കുക.
                       സോവിയറ്റ് പരീക്ഷണങ്ങളുടെ തകര്‍ച്ചക്കുശേഷം മാര്‍ക്സിനു ലഭിക്കുന്ന അംഗീകാരവും സ്വീകാര്യതയും സവിശേഷപരാമര്‍ശമര്‍ഹിക്കുന്നു.മാര്‍ക്സിയന്‍ ലോകവീക്ഷണത്തിന്റെ തനിമയും അതിന്റെ അപഗ്രഥനരീതിയും ലക്ഷ്യബോധമുള്ള പ്രായോഗീകപ്രവര്‍ത്തനങ്ങളുടെ ദര്‍ശനമെന്ന മേന്മയും സ്വാഗതം ചെയ്യപ്പെടുന്നു.തൊണ്ണൂറുകളില്‍ ആവിഷ്കൃതമായ ആഗോളവല്‍കൃതമുതലാളിത്വം “കമ്യൂണിസ്റ്റു മാനിഫെസ്റ്റോ” യില്‍ പ്രവചിച്ച രുപവും ഭാവവും തന്നെ പ്രദര്‍ശിപ്പിക്കുന്നുവെന്നത് വിസ്മയകരമായ സത്യമാണ്.ആ മനുഷ്യന്‍ നൂറ്റമ്പത് വര്‍ഷം മുന്‍പ് മുതലാളിത്തത്തെ അനാവരണം ചെയ്ത് കണ്ടെത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണെന്ന് ജോര്‍ജ് സൊറോസിന്റെ പ്രസ്താവന ഓര്‍ക്കുക.കമ്യൂണിസ്റ്റുകാരല്ലാത്ത ചിന്തകരും എഴുത്തുകാരും മാര്‍ക്സിനെ അറിയാനും പഠിക്കാനും തുടങ്ങിയിരിക്കുന്നു.ജാക്യൂസ് അറ്റാലിയെ പോലുള്ളവര്‍ ഇന്നത്തെ മുതലാളിത്തക്രമത്തിന്റെ പരിണാമത്തിന് മാര്‍ക്സിലേക്ക് തിരിയുക എന്ന് പ്രഖ്യാപിക്കാനിടയായതും മാര്‍ക്സിയന്‍ ആശയപ്രപഞ്ചത്തിന്റെ തനിമ മൂലമാണ്.2008 ഒക്ടോബറില്‍ ലണ്ടന്‍ ഫിനാന്‍ഷ്യള്‍ ടൈംസ് പ്രസിദ്ധീകരിച്ച Capitalisam in Convulsion (മുതലാളിത്തം നടുക്കത്തില്‍) എന്ന ലേഖനം മാര്‍ക്സിയന്‍ ആശയങ്ങള്‍ക്ക് ഇടം വര്‍ദ്ധിക്കുന്നു എന്നതിന്റെ സൂചനയാണ്.എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്സും ഈ നൂറ്റാണ്ടിലെ മാര്‍ക്സും വിഭിന്നരായിരിക്കും എന്നോര്‍ക്കണം.
                    പോയ നൂറ്റാണ്ടില്‍ ജനങ്ങള്‍ മാര്‍ക്സിനെ അടയാളപ്പെടുത്തിയത് മൂന്നു വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണ്.സാമൂഹ്യവിപ്ലവം മുഖ്യ അജണ്ടയായി സ്വീകരിച്ച രാജ്യങ്ങളും അതംഗീകരിക്കാത്ത രാജ്യങ്ങളും എന്ന വിഭജനമായിരുന്നു ഒരു കാര്യം.വിശാലാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉത്തര അറ്റ്ലാന്റിക്കും പസഫിക്കും (North Atlantic and Pacific ) ചേര്‍ന്ന പ്രദേശങ്ങളിലെ വികസിത മുതലാളിത്ത രാജ്യങ്ങളും അല്ലാത്തവയും എന്ന വിഭജനം. ഇതിന്റെയടിസ്ഥാനത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പരിഷ്കരണ പൈതൃകവും റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് വിപ്ലവ പൈതൃകവും മാര്‍ക്സില്‍ കണ്ടെത്തിയതാണ് രണ്ടാമത്തെ കാര്യം.പത്തൊന്‍പതാം നൂറ്റാണ്ടിലെ മുതലാളിത്തതകര്‍ച്ചയും ബൂര്‍ഷ്വാ സമൂഹത്തിന്റെ അപചയവും, 1914 മുതല്‍ 1940 കളുടെ അവസാനം വരെ നീണ്ട ദുരന്തകാലം (Age of Catastrope ) ബന്ധപ്പെടുത്തിയതായിരുന്നു മൂന്നാമത്തെ കാര്യം. ഈ കാലത്താണ് മുതലാളിത്തത്തിന് പ്രതിസന്ധി അതിജീവിക്കാന്‍ കഴിയുമോ എന്ന സംശയം പലരും ഉന്നയിച്ചത്.മാര്‍ക്സിസത്തില്‍ നിന്നകലം സൂക്ഷിച്ചിരുന്ന ജോസെഫ് ഷുമ്പെറ്റര്‍ പോലും സോഷ്യലിസ്റ്റ് സാമ്പത്തികക്രമത്തിന്റെ ഉദയം പ്രവചിച്ചതും 1940 ല്‍ ആണ്.എന്നാല്‍ മുതലാളിത്ത അതിജീവനശേഷി പുതിയ രൂപം കൈക്കൊണ്ടു.മുതലാളിത്തം പ്രതിസന്ധി തരണം ചെയ്ത് പുതിയ ഭാവം സ്വീകരിച്ചു.1929 മുതലുള്ള കാലഘട്ടം റഷ്യന്‍ സോഷ്യലിസ്റ്റ് ബദല്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാന്‍ പ്രാപ്തമാണെന്ന പ്രതീതി സൃഷ്ടിച്ചു.മുതലാളിത്തത്തിന്റെ ഊര്‍ജം നഷ്ടപ്പെടുകയാണെന്നും റഷ്യ വന്‍‌മുന്നേറ്റം നടത്തുമെന്നുമുള്ള തോന്നല്‍ പ്രബലമായി.സ്പുട്നിക്ക് വിക്ഷേപത്തിലൂടെ ഈ വിശ്വാസം അരക്കിട്ടുറപ്പിച്ചു.ഇരുപതാം നൂറ്റാണ്ടിലെ സംവാദങ്ങളുടെ കേന്ദ്രബിന്ദു സോഷ്യലിസവും മാര്‍ക്സിസത്തിന്റെ കേന്ദ്രബിന്ദുവുമായതങ്ങനെയാണ്.സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസത്തിനേറ്റ തിരിച്ചടിയും മാര്‍ക്സിയന്‍ ചിന്തകളുടെ പുനര്‍വായന ആവശ്യപ്പെടുത്തുന്നു.പുനര്‍വിഭാവനയും.
               സോഷ്യല്‍ ഡമോക്രാറ്റുകളും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും സ്ഥാപിച്ച സോഷ്യലിസ്റ്റ് ക്രമം എത്രമാത്രം മാര്‍ക്സിയന്‍ സങ്കല്‍പ്പനത്തിനനുഗുണമായിരുന്നുവെന്ന പരിശോധനയും ആവശ്യമാണ്.സോഷ്യലിസ്റ്റ് സാമ്പത്തിക രീതിയും സാമ്പത്തികസ്ഥാപനണ്‍ഗളും സംബന്ധിച്ച കൃത്യതയോടെയുള്ള പ്രസ്താവങ്ങളില്‍നിന്ന് മാര്‍ക്സ് ഒഴിഞ്ഞുനിന്നുവെന്നതും ശ്രദ്ധിക്കണം.കമ്യൂണിസ്റ്റ് സമൂഹത്തിന്റെ സവിശേഷരൂപങ്ങളെ സംബന്ധിച്ചും മാര്‍ക്സ് വിശദീകരിച്ചിരുന്നില്ല.സോഷ്യലിസ്റ്റ് സമൂഹങ്ങളില്‍നിന്നുയരുന്ന ഒരു സാമ്പത്തീകക്രമമാണതെന്നും നിര്‍മ്മിക്കാവുന്നതോ മുന്‍‌കൂട്ടി പ്രോഗ്രാം ചെയ്യാവുന്നതോ അല്ലെന്നാണ് മാര്‍ക്സ് വിവരിച്ചിരുന്നത്.സാമൂഹികമാനേജ്‌മെന്റുള്ള ഏതുരാജ്യത്തും ആസൂത്രണം അനിവാര്യമാണെങ്കിലും മാര്‍ക്സ് അതിനെക്കുറിച്ചും കൃത്യതയോടെ ഒന്നും പറഞ്ഞിട്ടില്ല.വിപ്ലവത്തിനുശേഷം റഷ്യയില്‍ പ്രയോഗിച്ച ആസൂത്രണപ്രക്രിയ കാലാനുസൃതമായി പുതുക്കുകയോ പരിഷ്കരിക്കുകയോ ചെയ്തില്ലെന്നതും വിസ്മരിക്കരുത്.യുദ്ധകാലരീതി ശാസ്ത്രത്തിന്റെ അടിത്തറയിലാണ് റഷ്യയിലും മറ്റ് രാജ്യങ്ങളിലും ആസൂത്രണപ്രക്രിയ രൂപപ്പെടുത്തിയത്.
               സോഷ്യല്‍ ഡെമോക്രാറ്റുകള്‍ മറ്റൊരു തരത്തില്‍ മാര്‍ക്സിസത്തെ പരിഷ്കരിക്കാന്‍ ശ്രമീച്ചു.സമ്മിശ്രസമ്പത്‌വ്യവസ്ഥയിലൂടെ സോഷ്യലിസ്റ്റ് നിര്‍മ്മിതി എന്നതായിരുന്നു അവരുടെ തന്ത്രം.നിരന്തരവും പിന്തിരിയാനാവാത്തതും ആക്കം കൂട്ടാവുന്നവയുമായ പരിഷ്കാരങ്ങളുടെ തുടര്‍ച്ചയിലൂടെ ക്രമത്തില്‍ സോഷ്യലിസം സ്ഥാപിക്കാനാവുമെന്ന ആശയം അവതരിപ്പിച്ചത് മാര്‍ക്സിസ്റ്റ് ചിന്തകരല്ലാതിരുന്ന ഫാബിയന്‍ സിഡ്‌നിയും ബിയാട്രീസ് വെബുമായിരുന്നു.അവരും സാമ്പത്തീക പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല.മാര്‍ക്സിയന്‍ പരിഷ്കരണവാദികളീല്‍ പ്രമുഖനായിരുന്ന എഡ്‌വേര്‍ഡ് ബേണ്‍‌സ്റ്റീന്‍ പരിഷ്കരണപ്രസ്ഥാനത്തിന്റെ പ്രാമാണീകതയുടെ വക്താവായി.അന്തോണീ ക്രോസ്‌ലാന്റ് 1956 ല്‍ പ്രസിദ്ധികരിച്ച സോഷ്യലിസത്തിന്റെ ഭാവി (The Future of Socialism ) എന്ന കൃതിയിലാണ് പരിഷ്കരണവാദത്തിന്റെ സൈദ്ധാന്തികരൂപങ്ങള്‍ അവതരിപ്പിച്ചത്.
                 രണ്ടാം ലോകമഹായുദ്ധാനന്തരം മുതലാളിത്ത ഉല്പാദനരീതികള്‍ പ്രശ്നരഹിതമാക്കിയെന്നും പൊതുസംരംഭങ്ങള്‍ ആവശ്യമില്ലെന്നും ദേശീയ സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണമുറപ്പാക്കുക മാത്രമാണ് സോഷ്യലിസ്റ്റുകള്‍ ചെയ്യേണ്ടതെന്നും വാദിച്ചു.ഇതൊക്കെ മാര്‍ക്സില്‍നിന്ന് ഏറെ അകലം പാലിച്ച ചിന്തകളായിരുന്നു.പരമ്പരാഗത സോഷ്യലിസ്റ്റ് വീക്ഷണത്തില്‍ നിന്നും കമ്പോളകേന്ദ്രീകൃത സമൂഹം സോഷ്യലിസത്തിന്റെ മാര്‍ഗമായിരുന്നില്ല.
                      കേന്ദ്രീകൃതാസൂത്രണത്തിലധിഷ്ഠിതമായ സ്റ്റേറ്റ് സാമ്പത്തീകരീതികളും കമ്പോളശക്തികളില്‍ മോചനം കണ്ട് വലതുപക്ഷ ഭൂമികയിലേക്ക് കൂപ്പുകുത്തിയ സോഷ്യല്‍ ഡെമോക്രാറ്റിക് ക്രമങ്ങളും മാര്‍ക്സിന്റെ പുനര്‍‌നിര്‍ണ്ണയം ആവശ്യപ്പെടുന്നതാണ് സമകാലീകയാഥാര്‍ഥ്യം.മാര്‍ക്സിനെ ഏതുവിധമാണ് ഇപ്പോള്‍ മുന്‍‌നിറുത്തേണ്ടത്?സാമ്പത്തീകചിന്തകന്‍?ആധുനീകസമൂഹ പരിണാമ ചിന്തകളുടെ പിതാവ്? മുതലാളിത്തം ചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടത്തിലെ താല്‍ക്കാലീക ഉല്പാദന സാമ്പത്തീകരൂപമാണെന്നും സ്വയം ചലിതവും പ്രതിസന്ധി ജനകവും സ്വയം പരിണാമാത്മകവും ആയ പ്രവര്‍ത്തനരീതിയുമാണെന്ന മാര്‍ക്സിന്റെ നിരീക്ഷണത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന് സര്‍വരും സമ്മതിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിന്റെ സ്ഥാനം അന്വേഷിച്ചടയാളപ്പെടുത്തേണ്ടത്.മാര്‍ക്സിനെ വിലയിരുത്തേണ്ടത് അദ്ദേഹം മുന്നോട്ട് വച്ച ചിന്തകളുടേയും സര്‍വവ്യാപ്തമായ സമഗ്രതയെ അടിസ്ഥാനപ്പെടുത്തിയാവണം.അതെല്ലാവിജ്ഞാനശാഖകളേയും ഉദ്ഗ്രഥിക്കുന്നതായിരുന്നുവെന്നും വിസ്മരിക്കരുത്.മാര്‍ക്സിന്റെ രചനകള്‍ സമകാലീകപരിസരത്തുനിന്ന് പുനര്‍വായിക്കേണ്ടതുണ്ട്.അദ്ദേഹത്തിന്റെ അന്വേഷണരീതി തുടരാനും കഴിയണം.മാര്‍ക്സ് മുന്നോട്ട് വച്ച ആശയങ്ങളുടെ മര്‍മ്മം ഇപ്പോഴും പ്രസക്തവും സ്പുരിതവുമാണ്.മുതലാളിത്തസാമ്പത്തീകവികസനത്തിന്റെ ആഗോളചാലകശക്തി അതിന്റെ ഗതിവേഗം കുറക്കുന്ന എല്ലാറ്റിനേയും നശിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മുതലാളിത്തത്തിന് സഹായകരമായി വര്‍ത്തിച്ച മാനവീകപതൃകത്തേയും കുടുംബഘടനയെപ്പോലും അത് തകര്‍ക്കുമെന്ന നിരീക്ഷണം ഇന്നെല്ലാവരും അംഗീകരിക്കുന്നു.മുതലാളിത്തവളര്‍ച്ചയുടെ പ്രവര്‍ത്തനരീതി ശാസ്ത്രീയമായി അപഗ്രഥിച്ചിട്ടുള്ളത് മാര്‍ക്സ് മാത്രമാണ്.ആന്തരീകവൈരുദ്ധ്യങ്ങളുടെ ആവിര്‍ഭാവം,നിരന്തരാവര്‍ത്തിതമായ അന്തമറ്റ സംഘര്‍ഷങ്ങള്‍ താല്‍ക്കാലീക പരിഹാരങ്ങള്‍ പ്രതിസന്ധിയിലേക്കും മാറ്റത്തിലേക്കും നയിക്കുന്ന വളര്‍ച്ച, സാമ്പത്തീക കേന്ദ്രീകരണം എന്നിങ്ങനെയുള്ള മുതലാളിത്തത്തിന്റെ സ്വഭാവസവിശേഷതകള്‍ മാര്‍ക്സ് കൃത്യതയോടെ അടയാളപ്പെടുത്തി.ഈ ദൌര്‍ബല്യങ്ങളെയെല്ലാം ക്രിയാത്മക അപനിര്‍മ്മാണത്തിലൂടെ മറികടക്കാന്‍ മുതലാളിത്തം ശ്രമിച്ചുവെന്ന ഷും‌പെറ്റരുടെ അഭിപ്രായവും ചിന്താവിഷയമാക്കണം.മൂലധനകേന്ദ്രീകരണത്തിലൂടെ ആഗോള സാമ്പത്തീക മണ്ഡലം ആയിരമോ ഏറിയാല്‍ പതിനായിരമോ വരുന്ന ധനകാര്യമാനേജര്‍മാര്‍ നിയന്ത്രിക്കുന്ന കാലം വരുമെന്ന മാര്‍ക്സിയന്‍ ധാരണ ഇന്ന് സ്പഷ്ടീകരിക്കപ്പെട്ടിരിക്കുന്നു.തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ പിടിച്ചടക്കിയവരെ തുരത്തി (expropriation of the expropriators ) സോഷ്യലിസം സ്ഥാപിക്കുമെന്ന പ്രവചനം പ്രായോഗീകമാക്കാനുള്ള ലക്ഷ്യബോധത്തോടെയുള്ള കൂട്ടായ്മയുടെ ഉള്ളടക്കവും കര്‍മ്മപരിപടികളും ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.വിഭ്രാമാത്മകമായ ആഗോളസാമ്പത്തീകക്രമവികസനം പരിസ്ഥിതിക്കേല്‍പ്പിച്ച അപരിഹാര്യമായ ആഘാതങ്ങള്‍ അടിയന്തിരശ്രദ്ധ ആകര്‍ഷിക്കുന്നു.ലാഭം തേടിയുള്ള ഉച്ചസ്ഥായിയായ വളര്‍ച്ച ലക്ഷ്യമാക്കിയ മുതലാളിത്ത തന്ത്രം നമ്മുടെ ജൈവപ്രകൃതിയുടെ നാശത്തിലേക്ക് നയിക്കുമെന്നും തിരിച്ചറിയണം.മുതലാളിത്ത മര്‍മ്മത്തിലേക്ക് അമ്പെയ്ത് തകര്‍ക്കാന്‍ പ്രാപ്തിയുള്ള പ്രസ്ഥാനമാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത്.ഇത്തരം പ്രസ്ഥാനത്തിന്റെ ഊര്‍ജസ്രോതസ്സ് തീര്‍ച്ചയായും മാര്‍ക്സ് തന്നെയാണ്.അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍ കാലാനുസൃതം പരിഷ്കരിച്ച് നമുക്കുമുയര്‍ത്താം. അതേ നമുക്ക് വീണ്ടും മാര്‍ക്സിലേക്ക് തിരിയാം.