രണ്ടു കോടതി വിധികളും രണ്ടു തുടര്‍ നടപടികളും.

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
എല്ലാവരും  വിചാരിച്ചതുപോലെ തന്നെ ആദ്യത്തെ കോടതി വിധി സഖാവ് എം വി ജയരാജനെതിരായിട്ടുള്ളതാണ്.അതിന്റെ പിന്നാമ്പുറത്തേക്ക് നമുക്കാദ്യമൊന്ന് എത്തിനോക്കാം.
                   ആലുവായില്‍ സി പി എം സംസ്ഥാന സെക്രട്ടറി സംസാരിച്ച പൊതുയോഗം നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു എന്നു പറഞ്ഞ് ഒരു വ്യക്തി കേസ് കൊടുക്കുന്നു.പൊതുയോഗം നടക്കുമ്പോളുണ്ടാകുന്ന ആള്‍ക്കൂട്ടം പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു എന്നാണ് കേസ്.കേസ് കൊടുത്തതോ കേരള ഹൈക്കോടതിയിലും.അന്ന് എല്‍ ഡി എഫ് ഭരിക്കുന്ന കാലഘട്ടം.സ്വാശ്രയപ്രശ്നത്തില്‍ തുടരെ തുടരെ സര്‍ക്കാര്‍ തോറ്റുകൊണ്ടിരിക്കുന്ന കാലഘട്ടം.യു ഡി എഫും അനുകൂലമാധ്യമങ്ങളും ആര്‍ത്തട്ടഹസിച്ച്  ആഘോഷിക്കുന്ന കാലം.സ്വാശ്രയക്കേസില്‍ സകലമാനദണ്ഡങ്ങളും ലംഘിച്ച് സര്‍ക്കാറിനെതിരെ  വിധി പ്രസ്താവിച്ചശേഷം ആ ജഡ്‌ജി സ്വാശ്രയക്കാരേര്‍പ്പെടുത്തിയ നൌകയില്‍ കായലില്‍ ഉല്ലാസയാത്ര നടത്തിയതിന്റെ വാര്‍ത്ത വന്ന കാലഘട്ടം.ഇതുമായി ബന്ധപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരു പ്രക്ഷോഭണപരിപാടിക്ക് കോപ്പുകൂട്ടുന്നു.ആ പാര്‍ട്ടി ഒരു ഭാഗത്തും കേരളത്തിലെ സര്‍വചരാചരങ്ങളും കോടതിയുടെ പരിപാവനതയുടെ സംരക്ഷകരായി മറുഭാഗത്തും രംഗത്തുവന്ന സാഹചര്യം. ഈ സമയത്താണ് മേല്‍‌പറഞ്ഞതുപോലൊരു കേസ് വരുന്നത്. പാതയോരങ്ങളും റോഡോരങ്ങളും ആശയപ്രചരണത്തിനായി സ‌മൃദ്ധമായി ഉപയോഗിച്ചു പോന്നിരുന്നത് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമാണ്.അതുകൊണ്ടുതന്നെ , നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് കോടതി പാതയോരത്തെ എല്ലാ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കുന്നു.ഈ സാഹചര്യം മുതലെടുക്കാനായി മാര്‍ക്സിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒന്നിച്ചണിചേരുന്നു.പാതകളും തെരുവോരങ്ങളും എല്ലാവര്‍ക്കും പരിപാവനങ്ങളാവുകയും അതിനെ സംരക്ഷിച്ചുകൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരൊന്നാംതരം ആശയപ്രചരണവേദിക്ക് തുരങ്കം വച്ചെന്ന സംതൃപ്തിയില്‍ മറുഭാഗക്കാര്‍ ഏംബക്കം വിടുകയും ചെയ്യുന്നു.
                   എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇത് തെരുവില്‍തന്നെ  ചോദ്യം ചെയ്യുകയാണുണ്ടായത്.അതോടൊപ്പം തന്നെ അവര്‍ മറ്റുചില ചോദ്യങ്ങളും ഉന്നയിച്ചു - ആരും കേട്ടില്ലെന്ന് നടിച്ചെങ്കിലും.മതഘോഷയാത്രകള്‍ കൊടതി നിരോധിക്കുമോ?അങ്ങനെ നിരോധിച്ചാല്‍ അതിനെ മതങ്ങള്‍ എങ്ങിനെ നേരിടൂം?രാഷ്ട്രീയ യോഗങ്ങള്‍ മാത്രമല്ലല്ലോ റോഡോരങ്ങളില്‍ നടക്കുന്നത്.അനുമോദന - സാംസ്കാരീക - അനുശോചനയോഗങ്ങളും ഈ പ്രദേശങ്ങളില്‍ നടക്കാറില്ലേ?അവയോ? പക്ഷേ കോടതിക്ക് സംശയമൂണ്ടായില്ല, സകലമാന പരിപാടികളും അവര്‍ നിരോധിച്ചു കഴിഞ്ഞു.നമ്മുടെ ചോക്ലേറ്റ് യൌവനം അതില്‍ ആനന്ദം കൊണ്ടു.നമ്മുടെ റോഡുകള്‍,കാലങ്ങളായി അവിറ്റെ നടക്കുന്ന യോഗങ്ങളും പ്രകടനങ്ങളും ഉണ്ടാക്കിയ നഷ്ടക്കണക്കുകളുമായി രംഗത്തെത്തുകയും അത് മറ്റ് മാധ്യമ, രാഷ്ട്രീയങ്ങള്‍ ഏറ്റുപാടുകയും ചെയ്തു.എന്നാല്‍ ഈ സമയത്തും മതാ‍ഘോഷങ്ങള്‍ക്കായി നമ്മുടെ റോഡുകളും പാതയോരങ്ങളും ധാരാളം ഉപയോഗപ്പെടുത്തുകയും അവ സഞ്ചാരസ്വാതന്ത്ര്യം ധാരാളം തടയുകയും ചെയ്തെങ്കിലുംഅതിലാര്‍ക്കും പരാതിയില്ലെന്ന സ്ഥിതി വരികയാണുണ്ടായത്. ഇതോടെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള വിധിക്കു പിന്നിലെ .കളികള്‍ ജനം തിരിച്ചറിയുകയും ചെയ്തു.
          ഏതാണ്ടിതേ സമയത്താണ് ശ്രീ.എം.വി.ജയരാ‍ജന്‍ കണ്ണൂരുവച്ചു നടത്തിയ പ്രസംഗത്തില്‍ കോടതി കോര്‍ട്ടലക്ഷ്യത്തിന് കേസെടുക്കാന്‍ പറഞ്ഞത്.ബാക്കി കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും 
അറിയാമല്ലോ.സാധാരണ കോര്‍ട്ടലക്ഷ്യക്കേസുകള്‍ക്ക് മിക്കവാറും കോടതി പിരിയുന്നതുവരെ തടവോ മറ്റോ ആണ് കോടതികള്‍ വിധിക്കാറ്.എന്നാല്‍ ഇക്കേസില്‍ കോടതി ശ്രീ ജയരാജനെ 6 മാസം കഠിനതടവിനും 2000 രൂപ പിഴയടക്കാനും വിധിച്ചു.കോടതിലക്ഷ്യക്കേസിലെ പരമാവധി ശിക്ഷ 6 മാസം വെറും തടവും 2000 രൂപ പിഴയും മാത്രമാണെന്നറിയുമ്പോഴാണ് പ്രസ്തുത കോടതിയിലെ ജഡ്‌ജിക്ക് ജയരാജനോടുള്ള പക മനസ്സിലാക്കാനാവുക.അതോടൊപ്പം അദ്ദേഹം ജയരാജനെതിരേ നടത്തിയ ചില പരാമര്‍ശങ്ങളുണ്ട് - പുഴു,കൃമി തുടങ്ങിയവ. ഇത്തരം പരാമര്‍ശങ്ങള്‍ ജയരാജന്‍ കോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തേക്കാളും എത്രയോ ഹീനമാണ്എന്നു നോക്കുക.ഇതോടെ കോടതിക്കെതിരെ പരാമര്‍ശം നടത്തിയ ജയരാജനേക്കാള്‍ താഴ്ന്നൂ ആ ജഡ്‌ജി.എന്നാലോ പിന്നീടുണ്ടായ  സംഭവവികാസങ്ങള്‍ കാണിക്കുന്നത് ജയരാജന്റെ നിലവാരം മാനം മുട്ടെ ഉയര്‍ന്നു എന്നു തന്നെയാണ്.നാളിതുവരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തവര്‍ പോലും ഇക്കാര്യത്തില്‍ ജയരാജനെ പിന്താങ്ങാന്‍ രംഗത്തു വന്നു എന്നതാണ് സത്യം.വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുള്ളിടത്തെല്ലാം ഈ പ്രശ്നം ഒരു ചര്‍ചാവിഷയമാക്കാന്‍ പാര്‍ട്ടിക്കും ജയരാജനും കഴിഞ്ഞു.
                   ജയരാജന്‍ കേസില്‍ ജനാഭിലാഷത്തിനെതിരേയാണ് വിധിപ്രസ്താവിച്ചതെങ്കില്‍ അടുത്തുവന്ന സൌമ്യാവധക്കേസില്‍ നേരെ തിരിച്ചാണ് നടന്നത്.ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട് മെന്റില്‍ തനിച്ച് യാത്ര ചെയ്തുവന്നിരുന്ന സൌമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദചാമി എന്ന നരാധമന്‍ താഴേക്ക് തള്ളിയിടുകയും മാരകമായി പരിക്കേറ്റ ആ പെണ്‍കുട്ടിയെ അയാള്‍ കാമപൂര്‍ത്തിക്കിരയാക്കുകയും ആശുപത്രിയില്‍ വച്ച് ആ കുട്ടി മരണപ്പെടുകയും ചെയ്തു.ട്രെയിനില്‍ അല്ലറചില്ലറ മോഷണവും പിടിച്ചു പറിയുമെല്ലാമായി നടന്നിരുന്ന ഗോവിന്ദചാമി എന്ന ഒറ്റക്കൈയ്യനെ പോലീസ് പെട്ടെന്ന് തന്നെ പിടികൂടി കോടതിക്കു മുന്നിലെത്തിച്ചു.അഡ്വക്കേറ്റ് വിശാരദന്മാര്‍ മറുനാട്ടില്‍ നിന്ന് ഗോവിന്ദചാമിക്കുവേണ്ടി വാദിക്കാനെത്തിയെങ്കിലും, ഉത്തരവാദപ്പെട്ട ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നെങ്കിലും കോടതി ഇവിടെ ജനാഭിലാഷത്തിനൊത്തുയര്‍ന്നു.ഗോവിന്ദാചാമിയെ തൂക്കിലേറ്റാന്‍ വിധിയായി.വിധികേട്ട് ജനം പ്രോസികൂട്ടറെയും പോലീസുദ്യോഗസ്ഥരേയും പുഷ്പമാല അണിയിക്കുകയും പ്രതിഭാഗം വക്കീലിനെ കൂക്കിവിളിക്കുകയും ചെയ്തത്രേ.അതുപോലെ തന്നെ കോടതി പരിസരത്തുകൂടിയ നാട്ടുകാര്‍ക്കുമുഴുവന്‍ ലഡു വിതരണം നടത്തുകയും ചെയ്തു അവര്‍.
               ഇതാണ് നേരത്തെ പറഞ്ഞ രണ്ടു കോടതി വിധികള്‍.രണ്ടിലും ഒരു പോലെ തന്നെ ജനതാല്‍പ്പര്യമുയര്‍ത്തുന്ന കേസുകള്‍.ഇതില്‍ ആദ്യത്തെ കേസില്‍ സ്വാഭാവീകനീതി നിഷേധിച്ചുകൊണ്ടുള്ള വിധിയും രണ്ടാമത്തേതില്‍ സ്വാഭാവീക നീതിയും കോടതിയുടെ പാവനത്വവും മഹത്തും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിധിയും എന്തുകൊണ്ടു വന്നു എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
             ആദ്യ കേസ് രാഷ്ട്രീയമാണ്, വര്‍ഗസമരത്തിന്റെ ഭാഗമാണ്, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നതാണ്.ഇല്ലാത്തവന്‍ നിസ്വന്‍ എവിടെയാണു പോവുക - അവന്റെ സ്വാഭാവീകമായ അഭയസ്ഥാനമായ പൊതു സ്ഥലങ്ങളിലേക്കല്ലാതെ!അവന്‍ അവന്റെ ആശകള്‍,ആശയാഭിലാഷങ്ങള്‍ പ്രകടിപ്പിക്കുന്നത്, സ്വന്തം ചോരയെ കണ്ടെത്തുന്നത് സംഘം ചേരുന്നത് ഒക്കെ പൊതു ഇടങ്ങളിലാണ്. ആ സംഘം ചേരല്‍ തന്നെയാണ് ഉള്ളവന് ഇഷ്ടപ്പെടാത്തത്, അവന് ശല്യമാവുന്നത്.അവനാണ് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ സ്പീഡില്‍ യാത്രചെയ്യേണ്ടത്.അവിടെയൊക്കെ നിസ്വന്റെ ഒത്തുചേരല്‍ അവന് ശല്യമാവുകയും അവന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമാവുകയും ചെയ്യും.അതുകൊണ്ടുതന്നെ അവന്‍ കയ്യില്‍ കിട്ടുന്ന ഏതായുധവുമുപയോഗിച്ച് ഇതിനെ തടയാന്‍ ശ്രമിക്കുകയും ചെയ്യും.കൃത്യമായും ഇതിന്റെ പ്രതിഫലനമാണിവിടെ നാം കണ്ടത്.ഉള്ളവനെതിരെ സംസാരിക്കാന്‍ ശ്രമിക്കുന്നവനൊക്കെ അവരുടെ കണ്ണില്‍ കൃമിയാണ്, പുഴുവാണ്, അതിലും വൃത്തികെട്ട മറ്റു പലതുമാണ്.രണ്ടാമത്തെ കേസ് ഒരു സാമൂഹ്യ തിന്മയായിരുന്നു.ഈ തിന്മക്ക് മുഴുവന്‍ മറുപടിയാവട്ടെ എന്നു വിചാരിച്ചായിരിക്കും ആ മഹാനായ ജഡ്‌ജ് വിധിന്യായം പ്രസ്താവിച്ചത്.
                          പക്ഷെ നാം അറിയണം ശിക്ഷ കിട്ടിയ ആ തിന്മ - ഗോവിന്ദാചാമി - നമ്മുടെയൊക്കെ സംഘടിതമായ സാമൂഹ്യമായ തിന്മയുടെ ഉല്‍പ്പന്നമാണെന്ന്. എന്താ സംശയമുണ്ടോ? ഒന്നുകൂടി ശ്രദ്ധിച്ചു നോക്കൂ ആ സംഭവം.ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ട അടുത്ത കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരുണ്ട്.അവരൊന്ന് അത്രടം വരെ ചെന്നു നോക്കിയിരുന്നെങ്കില്‍ ഈ സംഭവം തന്നെ വഴിമാറിപ്പോവുമായിരുന്നു.അപ്പോള്‍ ആ യാത്രക്കാര്‍ കൂടി ഗോവിന്ദാചാമിയോടൊപ്പം കുറ്റക്കാരല്ലേ? ലേഡീസ് കമ്പാര്‍ട്ട് മെന്റില്‍ നിന്നും ഒരു സ്ത്രീ താഴേക്ക് തലയടിച്ച് വീഴുന്നത് തൊട്ടടുത്ത മറ്റു കമ്പാര്‍ട്ട്മെന്റിലെ പുരുഷന്മാര്‍ കണ്ടിരുന്നു.അവരിലൊരാള്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിറുത്താന്‍ ശ്രമിക്കുക കൂടി ചെയ്തിരുന്നു, അയാളെ മറ്റുയാത്രക്കാര്‍ തടയുകയാണത്രെ ഉണ്ടായത്.അവരും ഇക്കേസില്‍ കുറ്റക്കാരല്ലേ? 
                    ഇക്കേസിന്റെ വിധി വന്ന ദിവസം ഏതോ മലയാള പത്രത്തില്‍ വന്ന ഒരു ചിത്രമുണ്ട്; ഒരു ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്യുന്ന പുരുഷന്മാരുടെ ദൃശ്യം.ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ഇത്ര അരാജകത്വത്തോടെ, യാതൊരു വിധ സംരക്ഷണവുമില്ലാതെ ട്രെയിന്‍ സര്‍വീസ് നടത്തുന്ന റെയില്‍‌വേയും ഇക്കേസിലെ കുറ്റക്കാരല്ലേ?  ഞങ്ങള്‍ തനിച്ച് ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ മാത്രമേ യാത്ര ചെയ്യൂ എന്ന് വാശിപിടിക്കുന്ന സ്ത്രീകളില്ലേ! പുരുഷന്മാരുടെ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്താല്‍ തങ്ങളുടെ ഏതാണ്ടൊക്കയോ തേഞ്ഞുപോകുമെന്ന് വിചാരിക്കുന്ന അത്തരക്കാരായ സ്ത്രീകളും ഈ കേസില്‍ കുറ്റക്കാരല്ലേ? ഇവരെയൊക്കെ ആരു ശിക്ഷിക്കും? എന്നാലും നമുക്ക് പൂമാലയിട്ടും ലഡു വാങ്ങിക്കഴിച്ചും ആഘോഷിക്കാം ,കാരണം ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തുന്നതിനേക്കാള്‍ നല്ലത് ഇതാണല്ലോ!
                   അങ്ങനെ ആദ്യകേസിന്റെ വിധി വന്നു, 6 മാസത്തെ കഠിനതടവും 2000 രൂപ പിഴയും.എന്നാല്‍ സുപ്രീം ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ വിധി സ്റ്റേ ചെയ്യണമെന്ന ജയരാജന്റെ അഭ്യര്‍ത്ഥന കോടതി പരിഗണിച്ചില്ല.ജയരാജന്‍ തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലിലേക്ക് പോയി.വഴിനീളെ പാര്‍ട്ടി സഖാക്കള്‍ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിക്കാനായി കാത്തുനിന്നിരുന്നു.അങ്ങനെ ഒരു വീരപരിവേഷത്തോടെ ജയരാജന്‍ ജയിലിലേക്ക് പോയി.അദ്ദേഹം പറഞ്ഞു, ജയിലില്‍ തനിക്ക് മറ്റൊരു പ്രത്യേകപരിഗണനയും വേണ്ടാ എന്ന്.ശിക്ഷ താന്‍ അനുഭവിക്കുമെന്നും ജയില്‍ തനിക്ക് പുത്തരിയല്ലെന്നും ജയരാജന്‍ പറഞ്ഞു.എന്നാല്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത് കോടതിയുടെ പരിപാവനത്വം നശിപ്പിക്കുന്ന ഒരു പരിപാടിക്കും കൂട്ടുനില്‍ക്കാന്‍ തങ്ങളെ കിട്ടില്ല എന്നാണ്.അദ്ദേഹത്തിന്റെ മുതിര്‍ന്ന നേതാവായ ശ്രീ.എ.കെ.ആന്റണി പറഞ്ഞത് പഴയ കാലമല്ല, ആവശ്യമില്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ ശിക്ഷ ഉറപ്പെന്നാണ്.അപ്പോള്‍ ജയരാജന്‍ ആവശ്യമില്ലാത്തതു പറഞ്ഞ് ശിക്ഷ വാങ്ങിയ ആളായതുകൊണ്ട് ശിക്ഷിക്കപ്പെട്ടിരിക്കുകയും കോടതിയുടെ പരിപാവനത്വം ജയരാജനു കിട്ടുന്ന ശിക്ഷയീളവിനാല്‍ നശിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ട് ഒരിളവും ഇവിടെ പ്രതീക്ഷിക്കുകയും വേണ്ട എന്നര്‍ത്ഥം.ഇതാണദ്ദേഹത്തിനു വേണ്ടി സര്‍ക്കാര്‍ നടത്തിയ തുടര്‍നടപടി.
             എന്നാല്‍ സെന്‍‌ട്രല്‍ ജയീലില്‍ ജയരാജനുവേണ്ടി ഒരുക്കിയ മുറിയില്‍ തൊട്ടടുത്തുള്ള ദിവസം വരെ ഒരതിഥിയുണ്ടായിരുന്നു - സാക്ഷാല്‍ ശ്രീ ബാലകൃഷ്ണപിള്ള. ഇടമലയാര്‍ അണക്കെട്ടു നിര്‍മ്മാണത്തിലെ ചില അഴിമതികളുമായി ബന്ധപ്പെട്ട് ചിരകാലമായി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി കേസുകള്‍ നടക്കുകയായിരുന്നു.അവസാനം ശ്രീ ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷം തടവിനു വിധിച്ചു സുപ്രീം കോടതി.അദ്ദേഹമായിരുന്നു ആ മുറിയില്‍ ജയരാജനു മുന്‍പ് താമസിച്ചുകൊണ്ടിരുന്നത്.എന്നാല്‍ ഭരണകക്ഷിയായ യു ഡി എഫിന്റെ ഒരു ഘടകകക്ഷിയുടെ നേതാവ് എന്ന നിലയില്‍ ജയിലില്‍കിടക്കുക എന്നത് ശ്രീ പിള്ളയെ സംബന്ധിച്ചിടത്തോളം മഹാപോക്കണംകേടായാണനുഭവപ്പെട്ടത്.അതുകൊണ്ടുതന്നെ പുറത്തുചാടാനദ്ദേഹവും പുറത്തു ചാടിക്കാന്‍ ഭരണകക്ഷിയും തീവ്രശ്രമമാരംഭിച്ചു.അതിന്റെ ഭാഗമായി ശ്രീ പിള്ളക്ക് 8 മാരകരോഗങ്ങളുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നു.ഈ രോഗങ്ങള്‍ക്ക് ഇന്ത്യയില്‍ ചികിത്സ പോലുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.(എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് എല്‍ ഡി എഫ് ഭരണകാലത്ത് ഇദ്ദേഹത്തെ പരിശോധിച്ച ഡോകടര്‍മാര്‍ കണ്ടെത്തിയത് അദ്ദെഹത്തിന് പറയത്തക്ക അസുഖങ്ങളില്ല എന്നാണ് എന്നോര്‍ക്കുക).എന്നിട്ട് ഈ രോഗചികിത്സയുടെ ആദ്യപടി എന്ന നിലയില്‍ തലസ്ഥാനത്തെ ഒരു ഫൈവ് സ്റ്റാര്‍ ആശുപത്രിയുടെ, സകലസൌകര്യങ്ങളുമുള്ള റൂമിലേക്കദ്ദേഹത്തെ മാറ്റുക എന്നതാണ്.അതിനും മുന്‍പ് 2 മാസത്തോളം അദ്ദേഹം പരോളിലുമായിരുന്നു.പക്ഷെ ആശുപത്രി വാസം അദ്ദേഹത്തെ തൃപ്തനാക്കിയില്ലെന്നു വേണം വിചാരിക്കാന്‍.അവസാനം , ഒരു കൊല്ലം ശിക്ഷക്കുവിധിച്ച ശ്രീ പിള്ള വെറും 69 ദിവസത്തെ ജയില്‍‌വാസത്തിനുശേഷം വിമോചിതനായി.അദ്ദേഹത്തെ വിമോചിപ്പിക്കുന്നതിനായി ജയിലില്‍ കിടന്ന അനവധി ക്രിമിനലുകളേക്കൂടി അധികാരികള്‍ക്ക് പുറത്തുവിടേണ്ടീ വന്നു എന്നു മാത്രം.കേരളപ്പിറവിദിനത്തില്‍ കുറ്റവാളികള്‍ക്ക് മാപ്പുനല്‍കി പുറത്തുവിടുന്ന ഒരു പതിവുണ്ട് ജയിലില്‍ സര്‍ക്കാറിന്. അങ്ങനെ നിരവധി കൊടും കുറ്റവാളികളുടെ അകമ്പടിയോടെ ശ്രീ പിള്ള ജയില്‍ മോചിതനായി.(ഇതോടെ അദ്ദേഹത്തിന്റെ രോഗങ്ങളും മാരിയത്രേ).
                   ഇവിടേയും നമ്മള്‍ ഭരണകക്ഷിയുടെ ഇരട്ടമുഖമാണ് കാണുന്നത്.ജനങ്ങള്‍ക്ക് വേണ്ടി പോരാടി ജയിലിലെത്തിയ ജയരാജന്‍ ആവശ്യമില്ലാത്തതു പറഞ്ഞ കൊടുംകുറ്റവാളിയായി നിയമത്തിനുമപ്പുറത്തൂള്ള ശിക്ഷയും അനുഭവിച്ച് ജയിലില്‍ കിടക്കുമ്പോള്‍ അഴിമതിക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടയാള്‍ ശിക്ഷാകാലാവധിയുടെ പകുതി പോലും എത്തുന്നതിനുമുന്‍പ് പുറത്തുവന്ന് സ്വതന്ത്രമായി വിലസുന്നതാണു നമ്മള്‍ കാണുന്നത്.
               അതുകൊണ്ടാണ് നമ്മളാ നിഗമനത്തിലെത്തുന്നത്, ഇത് കുറ്റവാളികളുടേയും കള്ളന്മാരുടേയും ഒക്കെ ഗവണ്മെന്റാണ് എന്ന്.