**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                         ആനക്കാര്യത്തിനിടയിലെ ചേനക്കാര്യം                    കേരളത്തിലെ ജനങ്ങളൊന്നാകെ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് സമരരംഗത്താണല്ലോ ഉളളത്.രാഷ്ട്രീയഭേദമന്യേ, ജാതിമതചിന്തകള്‍ക്കതീതമായി ഒരു സമരമുഖം തുറക്കുന്നതില്‍ നാം ഇക്കാര്യത്തിലെങ്കിലും വിജയിച്ചിരിക്കുന്നു എന്ന് പറയാം.                                                                          
                     എന്നാല്‍ ഈ കോലാഹലങ്ങള്‍ക്കിടയിലും നാം കാണാതിരുന്ന അല്ലെങ്കില്‍ കണ്ടിട്ടും കാണാത്തമട്ടില്‍ നടന്ന ചില സംഭവങ്ങളിവിടെ ഉണ്ടായിട്ടുണ്ട്.വരാന്‍ പോകുന്ന കൊടുംകാറ്റിന്റെ നാന്ദി എന്ന നിലയില്‍ ഈ സംഭവങ്ങളെ കാണാമോ എന്നു ഞാന്‍ സംശയിക്കുകയാണ്.                                                   കഴിഞ്ഞ ദിവസം കൊല്‍ക്കൊത്തയില്‍ ഒരു ദുഷ്പേരുള്ള( വലിയതും ഉച്ചരിക്കാന്‍ പ്രയാസമുള്ളതും എന്നുമാത്രമേ ദുഷ്പേര് എന്നു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചുള്ളൂ) ഒരു ആശുപത്രിക്ക് കൊച്ചുവെളുപ്പാന്‍ കാലത്ത് തീപിടിച്ചു, വളരെ പെട്ടെന്നുതന്നെ തീ പടര്‍ന്നു പിടിച്ചു, 91 പേര്‍ രോഗികളായും കൂട്ടിരിപ്പുകാരായും മരിച്ചു.തീകെടുത്തിച്ചെന്ന പോലീസും ഫയര്‍‌ഫോഴ്സും കോണിപ്പടിയില്‍‌നിന്നും രണ്ടു മലയാളി നേഴ്സുമാരുടെ ശവശരീരം കണ്ടെത്തി. ശരീരത്തിന്റെ കിടപ്പും സാഹചര്യത്തെളിവുകളും കാണിച്ചത് ആ മലയാളിക്കുട്ടികള്‍ മരിക്കുന്നതിനുമുന്‍പായി അനേകം പേരെ രക്ഷിച്ചു എന്നാണ്, തങ്ങള്‍ നിന്നിരുന്ന നിലയിലെ ആളുകളെ രക്ഷിച്ചതിനുശേഷം അടുത്തനിലയിലേക്ക് പോകുമ്പോള്‍ കുഴഞ്ഞുവീണുമരിച്ചതാണ് എന്നാണ്.ദൈവത്തിന്റെ മാലാഖമാര്‍ എന്ന സ്ഥാനത്തിനര്‍ഹര്‍ അവരാണ് എന്ന കാര്യത്തിനു സംശയം വേണ്ടല്ലോ. 
                   കഴിഞ്ഞ മൂന്നുനാലുദിനങ്ങള്‍ക്കുമുന്‍പാണ് കേരളത്തിലെ എറണാകുളത്തെ, അമൃതാനന്ദമയിയുടെ ആശ്രമം നടത്തുന്ന ഒരു വലിയ ആശുപത്രിയിലെ നെഴ്‌സുമാര്‍ മിന്നല്‍ പണിമുടക്കുനടത്തി.അവരുടെ ആവശ്യങ്ങളെക്കുറിച്ചന്വേഷിക്കാനെത്തിയ അവരുടെ തന്നെ സംഘടനാനേതാക്കളെ ആശുപത്രിമാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.എന്നു തന്നേയുമല്ല പരിക്കുപറ്റി അവശരായ നേതാക്കളെ മൃഗങ്ങളെപ്പോലെ മറ്റുമനുഷ്യരുടെ മുന്നില്‍ക്കൂടി മണ്ണിലും മറ്റുമായി വലിച്ചിഴച്ചു.തങ്ങളുടെ നേതാക്കളോട് കാട്ടുന്ന കാടത്വം കണ്ട ആ ആശുപത്രിയിലെ നേഴ്‌സുമാര്‍ മുഴുവന്‍ സമരരംഗത്തിറങ്ങുകയായിരുന്നു.എന്താണ് ആ ആശുപത്രിയിലെ പ്രശ്നം?നെറ്റിലെ ഒരു ഗ്രൂപ്പില്‍ അമൃതയിലെ ഒരനുഭവസ്ഥന്‍  എഴുതിയ ഒരു  കുറിപ്പുകാണൂ:- അമ്മ. അമ്മമ്മോ  നമുക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.ഇതിനുമുന്‍പ് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും സമരം നടന്നെങ്കിലും ഈ രണ്ടു സമരങ്ങളും മലയാള പത്രങ്ങള്‍ കണ്ടമട്ടു നടിച്ചില്ല, ദേശാഭിമാനിയും മറ്റൊരു പത്രവും ഒഴികെ.
                      ഇതേ മാലാഖമാര്‍ തന്നെ  രണ്ടുമാസം മുന്‍പ് ദല്‍ഹിയില്‍ സമരരംഗത്തായിരുന്നു.തങ്ങളുടെ സേവനവേതനവ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്കരിക്കണമെന്നത് അവരുടെ ഏറ്റവും അവസാനത്തെ മുദ്രാവാക്യമായിരുന്നു.ഏറ്റവും ആദ്യത്തെ മുദ്രാവാക്യം അവരെ മനുഷ്യരായി കാണണം എന്നതായിരുന്നു.മൃഗങ്ങളോടുപോലും ചെയ്യാന്‍ മടിക്കുന്ന രീതിയിലുള്ള പീഡനങ്ങളാണവര്‍ അനുഭവിച്ചുകൊണ്ടിരുന്നത്.ഇതിനൊക്കെ ഒരവസാനം എന്ന ആവശ്യമാണവര്‍ മുഖ്യമായി ഉന്നയിച്ചത്.ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലെ(?) നേഴ്‌സുമാരാണ് ആദ്യം സമരരംഗത്തിറങ്ങിയത്.അവരോട് അധികൃതര്‍ എടുത്ത നടപടി അവരെ ഹോസ്റ്റലില്‍നിന്നും താമസസ്ഥലത്തുനിന്നും പുറത്താക്കുക എന്നതായിരുന്നു.കൊടിയ തണുപ്പിലും ഡല്‍ഹിയിലെ പാതയോരത്തന്തിയുറങ്ങിയ അവരുടെ സമരാവേശം അനുദിനം കൂടികൂടി വന്നു എന്നുതന്നെയല്ല സമാനാവശ്യങ്ങളുമായി ദല്‍ഹിയിലെ എല്ലാ ആശുപത്രികളിലേയും നഴ്‌സുമാര്‍ രംഗത്തുവന്നു.അവസാനം ആ സമരം വിജയം കണ്ടു, പൂര്‍ണമായല്ലെങ്കിലും അവരാവശ്യപ്പെട്ട മിക്കവാറും ഡിമാന്റുകള്‍ അംഗീകരിക്കപ്പെട്ടു.
                      ഇതിനും മുന്‍പായിരുന്നു ഹരിയാനയിലെ മാരുതികാര്‍ ഫാക്ടറിയില്‍ തൊഴില്‍ നടന്നത്.മാരുതിക്കാരുടെ ഒരു ഫാക്ടറിയിലെ കരാര്‍ തൊഴിലാളികള്‍ തുടങ്ങിയ സമരം എല്ലാ ഫാക്ടറികളിലേക്കും വ്യാപിക്കുകയും ഉല്പാദനം നിലക്കുകയും ചെയ്തു.അവസാനം ആ തൊഴിലാളികളുടെ മുന്നില്‍ മാരുതിക്കമ്പനി മുട്ടുമടക്കി.
                       അതിനും കുറച്ചുകാലം മുന്‍പായി ഹോണ്ട കമ്പനിയെ പിടിച്ചുകുലുക്കിയ ഒരു സമരം നടന്നു.മര്‍ദ്ദനമുറകളും കൂട്ടപ്പിരിച്ചുവിടലുകളുമായി ആ സമരം പൊളിക്കാന്‍ കമ്പനി മാനേജ്മെന്റ് നടത്തിയ എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്തിക്കൊണ്ട് ആ സമരവും വിജയിപ്പിക്കാന്‍ ആ തൊഴിലാളികള്‍ക്ക് കഴിഞ്ഞു.
                        ഈ സമരങ്ങളുമായി ബന്ധപ്പെടുത്തിക്കാണേണ്ടതാണ് ഇക്കാലത്ത് ലോകമെങ്ങും നടക്കുന്ന സമരമുന്നേറ്റങ്ങള്‍.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം- നമ്മുടെ നാട്ടിലെ സ്ഥിതിവച്ചുനോക്കിയാല്‍ ഒരിക്കലും സംഭവിക്കില്ലെന്ന് നാം വിചാരിച്ചിരുന്ന മുസ്ലീം സഹോദരന്മാരുടെ നേതൃത്വത്തില്‍ നിലവിലുള്ള ഭരണാധികാരികള്‍ക്കെതിരെ പ്രത്യക്ഷസമരത്തിനിറങ്ങുകയും നിലവിലുള്ള ഭരണവ്യവസ്ഥ അട്ടിമറിക്കുകയും അവര്‍ ചെയ്തു എന്നതാണ്.മുല്ലപ്പൂ വിപ്ലവം നടന്ന ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍.അതുമാത്രമല്ല നിലവിലുള്ള ഭരണാധികാരങ്ങളെ കടപുഴക്കിയെറിയാനുള്ള സമരങ്ങള്‍ വിവിധ രൂപത്തിലാണെങ്കിലും ലോകമെങ്ങും നടക്കുന്നു എന്നതാണ്.ഇതുമാത്രമല്ല ലോകമുതലാളിത്വത്തിന്റെ ഊട്ടുപുരയായ അമേരിക്ക പോലും ജനകീയപ്രക്ഷോഭത്തിന്റെ നടുവിലാണ്.ഇവിടങ്ങളില്‍ എല്ലാം ഇന്നോ അല്ലെങ്കില്‍ നാളെയോ ഒരു വിപ്ലവം നടന്നില്ല എങ്കിലും സ്വന്തം അവകാശങ്ങള്‍ തിരിച്ചറിയാനും അതിനുവേണ്ടി സംഘം ചേരാനും സമരം ചെയ്യാനും അവര്‍ തയ്യാറായി എന്നത് ചില്ലറകാര്യമല്ല.
                   ഇതിന്റെ തന്നെ ചില്ലറ അലയൊലികളല്ലേ,മാരുതി സമരരൂപത്തിലായാലും നെഴ്സ് മാരുടെ സമരരൂപത്തിലായാലും ഇവിടേയും അലയടിക്കുന്നത്.ഇതൊരു നല്ല മാറ്റത്തിന്റെ തുടക്കം എന്ന രൂപത്തില്‍ കാണാം എന്നു മാത്രമല്ല കാണണം എന്നുകൂടി ഞാന്‍ പറഞ്ഞു വൈക്കുന്നു.

2 comments :

  1. ഇക്കാലത്ത് ലോകമെങ്ങും നടക്കുന്ന സമരമുന്നേറ്റങ്ങള്‍......

    ReplyDelete
  2. http://anilphil.blogspot.com/2011/12/blog-post_09.html

    ReplyDelete