മതനിന്ദാവാദത്തിന്റെ മനശാസ്ത്രം 5

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                            
 ദേശാഭിമാനി ലേഖനത്തിന്റെ അവസാനഭാഗം ഇവിടെ. ഇതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടര്‍ന്നുവന്ന ലേഖനപരമ്പര അവസാനിക്കുകയാണ്.കമന്റുകള്‍ നല്‍കി പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.ഇതൊരു തുടര്‍ചര്‍ച്ചയായി മാറണം എന്നാണ് എന്റെ അഭിപ്രായം.ലേഖനത്തിന്റീ ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.                        മേല്‍ക്കൊടുത്ത നിരീക്ഷണങ്ങള്‍ക്ക് അടിവരയിടുന്നതാണ് പ്രാക്തനഗോത്രവര്‍ഗങ്ങളിലെ  ചില ആദര്‍ശശാലികളായ മനുഷ്യസ്നേഹികളുടെ നിഷ്കളങ്കമനസ്സുകളില്‍ രൂപപ്പെട്ടുവരുന്ന ‘അതീന്ദ്രിയാനുഭൂതികള്‍’.അവര്‍ ഏകാഗ്രതയോടെ മലമുകളിലും ഗുഹകളിലുമൊക്കെയിരുന്ന് ഏകാന്തധ്യാനം നടത്തിയതിന്റെ ഫലമാണ് അവര്‍ക്ക് ലഭിച്ച ‘അതീന്ദ്രിയാനുഭവങ്ങള്‍’.ആ ബോധാനുഭവങ്ങളാണ് അവരില്‍നിന്ന് ‘അരുളപ്പാടുകളായി‘ പുറത്തുവന്നത്.ആ അരുളപ്പാടുകളുടെ സമാഹാരമാണ് വിശുദ്ധമതഗ്രന്ഥങ്ങള്‍. ഈ അരുളപ്പാടുകളെ മുന്‍‌നിറുത്തി പില്‍ക്കാലത്ത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിലെ പുരോഹിത നേതൃത്വം സ്വതാല്പര്യ സംരക്ഷണാര്‍ത്ഥം ഈ മതഗ്രന്ഥങ്ങളില്‍ നിരവധി തിരിമറികളും കൂട്ടിച്ചേര്‍ക്കലുകളും വ്യാഖ്യാനവ്യതിചലനങ്ങളും തമസ്കരണങ്ങളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.ഈ മാറ്റിമറിക്കലുകള്‍ ഒഴിവാക്കിയാല്‍ മതഗ്രന്ഥങ്ങള്‍ പൊതുവേ നിഷ്കളങ്കങ്ങാളും നിരുപദ്രവകരങ്ങളും പ്രാക്തന മനുഷ്യ ബോധത്തിന്റെ ഔന്നത്യം പ്രകടിപ്പിക്കുന്നവയുമാണെന്ന് പറയാം.പൊതുമാനവികമൂല്യങ്ങളില്‍ അധിഷ്ഠിതമായ പുതുകാലജനാധിപത്യ ബോധത്തെ സംബന്ധിച്ചിടത്തോളം ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ചില നല്ല അരുളപ്പാടുകള്‍ ഈ മതഗ്രന്ഥങ്ങളില്‍ അവിടിവിടെ ചിതറി കിടക്കുന്നുണ്ട്.എന്നാല്‍ കാലിക പ്രസക്തി നഷ്ടപ്പെട്ടവയും അശാസ്ത്രീയവും ജനാധിപത്യബോധത്തിന് നിരക്കാത്തവയുമാണ് അവയില്‍ ഏറെയും എന്നു കാണാം.രചിക്കപ്പെട്ടകാലത്തിന്റെ പരിമിതി എന്നേ ഈ പോരായ്മകളെക്കുറിച്ച് വിലയിരുത്തേണ്ടതുള്ളൂ.
                        അപരിഷ്കൃത ഗോത്രസംസ്കൃതിയില്‍‌നിന്നും നാടുവാഴിത്തത്തില്‍നിന്നുമൊക്കെ മനുഷ്യവര്‍ഗം മോചനം നേടിയിട്ട് നാളേറെയായി.ജനാധിപത്യമെന്ന പൊതുവ്യവസ്ഥ നിലനില്‍ക്കുന്ന പുതിയ ഭൂമികയില്‍ ആധുനീകമനുഷ്യന്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ പഴയവയില്‍ നിന്ന് എത്രയോ അര്‍ത്ഥവ്യാപ്തിയേറിയവയാണ്.സാമ്പത്തീകവും സാമൂഹികവുമായ അസമത്വങ്ങള്‍ ആഗോളമുതലാളിത്തത്തിന്റെ നെറികേടുകള്‍ സാമ്രാജ്യത്ത്വത്തിന്റെ അധിനിവേശമോഹങ്ങള്‍ മതതീവ്രവാദം തുടങ്ങിയ പ്രശ്നങ്ങളുടെ മധ്യത്തിലാണ് നല്ലൊരു വിഭാഗം ജനങ്ങളും.ഗോത്രവര്‍ഗ സംസ്കൃതി നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയില്‍ രൂപപ്പെട്ട മതബോധനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്നത്തെ മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാം എന്ന തല തിരിഞ്ഞ കാഴ്ചപ്പാടുതന്നെയാണ് ; അശാസ്ത്രീയവുമാണ്.
                       മതഗ്രന്ഥങ്ങളിലെ കാലികപ്രസക്തിയുള്ളവ, ഇല്ലാത്തവ എന്നിങ്ങനെയുള്ള വേര്‍തിരിച്ചെടുക്കലിനു പോലുമുള്ള കഴിവ് മതാനുയായികളില്‍ പലര്‍ക്കും പൊതുവേ നഷ്ടപ്പെട്ടിരിക്കുന്നു.ഇത്തരം ‘ബോധാവസ്ഥാവ്യതിയാനം’ സാമാന്യജനങ്ങളില്‍ സൃഷ്ടിച്ചെടുക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും മതനേതൃത്വം ഒരു പരിധിവരെ വിജയിച്ചുനില്‍ക്കുന്നു എന്നുതന്നെ പറയാം.വലതുപക്ഷരാഷ്ട്രീയ കാഴ്ചപ്പാടുകളിലെ ദൌര്‍ബല്യം കൌശലപൂര്‍വം ചൂഷണം ചെയ്തുകൊണ്ടാണ് ഇവര്‍ ഇതു സാധ്യമാക്കുന്നത്. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ‘കണ്ടില്ല’ എന്ന നയവും ഇതിന് ശക്തി പകരുന്നുണ്ട്.
                        മനശാസ്ത്രജ്ഞന്മാര്‍ വ്യക്തിയെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ദൈവശാസ്ത്രം (Theology) സര്‍വശക്തനായ ദൈവത്തെ ആശ്രയിക്കാനാണ് പഠിപ്പിക്കുന്നത്.ദൈവത്തെ ആശ്രയിക്കുന്നതിനു പകരം സ്വാശ്രയത്വം  പഠിപ്പിക്കുന്നത് ‘ദൈവനിന്ദയാ’ണെന്ന് തിയോളജിസ്റ്റുകള്‍ പറയുന്നു.
                            മാനുഷീകം(Humanistic),ഫ്രോയിഡിയന്‍ (Freudian), പെരുമാറ്റരീതി (Behaviouristic) തുടങ്ങിയ മനശാസ്ത്രപഠനങ്ങളും ചികിത്സാരീതികളും മതേതരകാഴ്ച്ചപ്പാടുകള്‍ക്ക് അനുയോജ്യമായവയാണെന്ന് ജോണ്‍സണ്‍ ഐരൂരിനെപ്പോലുള്ള മനശാസ്ത്രവിദഗ്ധന്മാര്‍ പറയുന്നു.ഈ രീതികളിലൊന്നിലും ‘ആത്മാവിനെ‘ക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിതമതങ്ങളായ ഇസ്ലാമും ക്രിസ്ത്യാനിറ്റിയും വ്യക്ത്യാതീതമനശാസ്ത്രം ( Transpersonal Psychology) എന്ന സിദ്ധാന്തത്തെ വ്യത്യസ്ഥ പാഠഭേദങ്ങളോടെ വികസിപ്പിച്ചെടുത്തിരിക്കുന്നു.മാത്രമല്ല ലഘുമനോരോഗങ്ങളെ അന്ധവിശ്വാസരഹിതമായ മനശാസ്ത്രചികിത്സാരീതികള്‍ ഉപയോഗപ്പെടുത്തി ഭേദമാക്കാമെന്നിരിക്കെ അന്ധവിശ്വാസങ്ങള്‍ നിലനിറുത്തിക്കൊണ്ടുതന്നെ താത്കാലീകരോഗശാന്തിമാത്രം ഉറപ്പുനല്‍കുന്ന സാങ്കല്‍പ്പീക‌ ഔഷധപ്രയോഗം (Placebo Effect) സാര്‍വത്രീകമായി ഉപയോഗിക്കുന്ന സമീപനവും മതപൌരോഹിത്യം വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്.ഹിന്ദുമതത്തില്‍ ഈ പ്രതിഭാസം ‘ആള്‍ദൈവ’ രോഗശാന്തിരൂപത്തിലാണ് ഏറെയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.സാ‍മാന്യജനങ്ങളുടെ ബോധമണ്ഡലത്തെ അന്ധവിശ്വാസജടിലവും അനാരോഗ്യകരവുമായി നിലനിറുത്താന്‍ ഈ അശാസ്ത്രീയരീതികള്‍ ഒട്ടും ചെറുതല്ലാത്ത പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.വന്‍‌തോതില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ മതം, മനുഷ്യനന്മ ലക്ഷ്യമാക്കുന്ന മതേതരവും ശാസ്ത്രീയവുമായ ഇടപെടലുകളെ ചെറുക്കാന്‍ വ്യാപകമായി ഉപയോഗിച്ചു മൂര്‍ച്ച കൂട്ടിയെടുത്ത ഒരു വാക്കാണ് ‘മതനിന്ദ’.മതനിന്ദാവാദത്തിനു മുന്നില്‍നിന്നു സ്പുടം ചെയ്തെടുത്ത ഏത് ശാസ്ത്രീയ യുക്തിബോധവും വഴിമാറിപ്പൊയ്ക്കൊള്ളണം എന്നായിട്ടുണ്ട് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.1959 ലെ കുപ്രസിദ്ധ വിമോചനസരത്തിലൂടെ അന്നത്തെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ ഏറെ സന്തോഷിച്ചത് മതമേധാവികളാണ്.കാരണം കേരളത്തിന്റെ സമഗ്രമായ മതേതരപുരോഗതിയെ താത്കാലികമായെങ്കിലും അവര്‍ക്ക് തടയാനായല്ലോ.ശാസ്ത്രീയമായൊരു മതേതരവിദ്യാഭ്യാസപദ്ധതിയുടെ മുളകള്‍ നുള്ളിക്കളയാനായല്ലോ.വിമോചനസമരത്തിന്റെ കൈപ്പേറിയ അനുഭവങ്ങള്‍ പകര്‍ന്ന ചെകിടിപ്പില്‍നിന്ന് പൂര്‍ണമായി മോചനം നേടാന്‍ കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്ന ദു:ഖസത്യം അവശേഷിക്കുകയാണ്.
                                       ഇങ്ങനെയൊക്കെയാണെങ്കിലും വിമോചനസമരം നയിച്ചവര്‍ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്ന പലരും തെറ്റേറ്റു പറഞ്ഞ് സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ പില്‍ക്കാലത്ത് തയ്യാറായിട്ടുണ്ട്.ഈ അടുത്തകാലത്ത് വിമോചനസമരത്തെ വീണ്ടും വാഴ്ത്തിപ്പടാനും ‘രണ്ടാം വിമോചനസമരം” പ്രഖ്യാപിക്കാനും ചില മതമേധാവികള്‍ ശ്രമിച്ചപ്പോള്‍ അത് വിജയിക്കാതെ പോയത് മതേതരശക്തികള്‍ക്ക് കരുത്ത് പകരുന്നുണ്ട്.വിമോചനസമരത്തിന്റെ കരുത്തനായ വക്താവായിരുന്ന ലോനപ്പന്‍ നമ്പാടന്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ തുറന്നെഴുതുന്നു.
                                     “ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ യാണ് വിമോചനസമരത്തിനുവേണ്ടി ഫണ്ടൊഴുക്കിയത്.ഇക്കാര്യം 1957 ല്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന എന്‍സവര്‍ത്ത് ബംഗര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.”അപകടകരമായ പ്രദേശം’ എന്ന ഗ്രന്ഥത്തില്‍ ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ സിഐഎ യും കേരളത്തിലെ വിമോചനസമരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.കേന്ദ്ര കൃഷിമന്ത്രിയായിരുന്ന എസ്.കെ പട്ടീല്‍ വഴിയാണ് വിമോചനസമരത്തിനുള്ള ഫണ്ട് വന്നത്.1957 - 58 കാലത്ത് കേരള രാഷ്ട്രീയത്തില്‍ അമേരിക്കന്‍ എംബസി സജീവമായി ഇടപെട്ടിരുന്നു.വിവിധപ്രദേശങ്ങളില്‍ രൂപപ്പെട്ട പ്രശ്നങ്ങളെ വിമോചനസമരായുധമായി ഉപയോഗിച്ചത് കത്തോലിക്കാസഭയായിരുന്നു.1959 മെയ് 7 ന് കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയലേഖനം ഇതിന് തെളിവാണ്.തിരിഞ്ഞുനോക്കുമ്പോള്‍ വിമോചനസമരം വന്‍ഗൂഡാലോചനയുടെ ഫലമായിരുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്.വിമോചനസമരം പള്ളിയും പ്രമാണിമാരും അമേരിക്കന്‍ ചാരസംഘടനയും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് നടപ്പാക്കിയ ഗൂഡാലോചനയായിരുന്നു.അത് അന്ന് എന്നെപ്പോലുള്ളവര്‍ തിരിച്ചറിഞ്ഞില്ല.കമ്യൂണിസ്റ്റുകാര്‍ സെല്‍ഭരണമാണ് നടത്തുന്നത് എന്നായിരുന്നു പ്രചരണം.സെല്‍ഭരണമെന്തെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയില്ലായിരുന്നു.അടുത്തകാലത്ത് മുന്‍ ചെങ്ങനാശ്ശേരി ബിഷപ് ജോസഫ് പൌവത്തില്‍ വിമോചനസമരം പാര്‍ട്ടി സെല്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിനായിരുന്നു എന്നെഴുതിയ ലേഖനം വായിച്ച് ചിരിക്കാനാണ് എനിക്ക് തോന്നിയത്.”
(സഞ്ചരിക്കുന്ന വിശ്വാസി - ലോനപ്പന്‍ നംബാടന്‍,പേജ് 22 - 23).
                            കൂട്ടം തെറ്റാതെ തങ്ങള്‍ ആട്ടിത്തെളിയിക്കപ്പെട്ടത് തെറ്റായ വഴിയിലൂടെയാണെന്ന് നംബാടന്‍ മാഷ് അല്‍പ്പം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു.തിരിച്ചറിവു പകര്‍ന്ന നീതിബോധവും ആത്മവിശ്വാസവുമാണ് ‘ഇടയന്മാരെ’ ധിക്കരിക്കാനും ശരിയായ വഴി കണ്ടുപിടിക്കാനും നംബാടന്‍‌മാസ്റ്റര്‍ക്ക് തുണയായത്.’മതനിന്ദാകോലാഹലം’ ഉയര്‍ത്തി തെറ്റായ വഴിയേ ആട്ടിത്തെളിയിക്കപ്പെടുന്നവര്‍ക്ക് നംബാടന്‍‌മാസ്റ്ററുടെ ആത്മകഥ നല്ലൊരു വഴികാട്ടിയാണ്.ചില അഭിവന്ദ്യന്മ്മര്‍ക്കെതിരെയുള്ള താക്കീതുകൂടിയാണ് ഈ തുറന്നെഴുത്ത്.
                         മതസൃഷ്ടാക്കളെന്ന് കരുതപ്പെടുന്ന മനുഷ്യപുത്രന്റേയും മഹാപ്രവാചകന്റേയും മഹാറിഷിമാരുടേയും അതീന്ദ്രിയദര്‍ശനങ്ങളില്‍ നിഴലിക്കുന്ന ആത്മാര്‍ത്ഥതയും മനുഷ്യസ്നേഹവും അതോടൊപ്പം തന്നെ അവയില്‍ പലതിന്റേയും അപ്രായോഗികതയും നിരര്‍ത്ഥകതയും കൃത്യമായി തിരിച്ചറിഞ്ഞ് വിശകലനം ചെയ്ത യുഗപ്രഭാവനാണ് കാള്‍ മാര്‍ക്സ്.പലതവണ ഉദ്ധരിക്കപ്പെട്ടതാണെങ്കിലും മതത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ ഏറ്റവും പ്രശസ്തമായ നിരീക്ഷണം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ടുന്ന സാംസ്കാരിക പശ്ചാത്തലമാണ് കേരളത്തിലിന്നിപ്പോള്‍ നിലവിലുള്ളത് എന്നാണ് ഈ ലേഖകന്റെ ( എ.കെ.പീതാംബരന്‍) പക്ഷം.മാര്‍ക്സിന്റെ മതവീക്ഷണത്തെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് ഉദ്ധരിക്കട്ടെ.
                           “മനുഷ്യനാണ് മതങ്ങളെ സൃഷ്ടിച്ചത്, അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്തത്.ഇനിയും സ്വയം കണ്ടെത്താത്തവനോ കണ്ടേത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംയമനവുമാണ് മതം.മാനവസത്തയുടെ അയഥാര്‍ഥമായ സാക്ഷാല്‍ക്കാരമാണത്,കാരണം മാനവസത്തക്ക് ശരിയായൊരു യഥാര്‍ഥതയില്ലല്ലോ.അതുകൊണ്ട് മതത്തിനെതിരായ പോരാട്ടമെന്നത് മതമെന്ന ആത്മീയപരിമളത്തോടുകൂടിയ ഈ ലോകത്തിനുകൂടി എതിരായുള്ള പരോക്ഷമായൊരു പോരാട്ടമാണ്.മതം മര്‍ദ്ദിത ജീവിയുടെ നിശ്വാസമാണ്,ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്.ജനങ്ങളെ മയക്കുന്ന അവീന്‍( കറുപ്പ്) ആണത്.മനുഷ്യന്‍ തനിക്കുചുറ്റും കറങ്ങാത്തിടത്തോളം അവനുചുറ്റും കറങ്ങുന്ന ഭാവനാശൂന്യന്‍ മാത്രമാണ് മതം.”
 (കാള്‍ മാര്‍ക്സ്, ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള നിരൂപണത്തിന് ഒരു സംഭാവന.)
                                   മേല്‍ ഉദ്ധരിച്ചതില്‍ നിന്ന് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കോലാഹലം സൃഷ്ടിക്കുന്നത് ‘മതനിന്ദാവാദം’ പോലെ നിന്ദ്യമാണ് എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്.Post a Comment