കളകളും കീടങ്ങളുമായ നാം!

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞൊരു ദിവസം ഒരു ഡോകുമെന്ററി സിനിമ കാണാന്‍ കയറി.സത്യം പറഞ്ഞാല്‍ അത് കാണാനെന്നല്ല ഒന്നും കാണാനൊരു മൂഡില്ലാത്തൊരു ദിവസമായിരുന്നു.രാവിലെ മുതല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘വേണം മറ്റൊരു കേരളം‘ പദയാത്രയുമായി ബന്ധപ്പെട്ട് പുസ്തകവില്‍പ്പനയിലായിരുന്നു.ഏതാണ്ട് നൂറോളം വീടുകള്‍ കയറി.ഉച്ചക്ക് അന്ന് പരിചയപ്പെട്ട ആശാവര്‍ക്കറും കുടുംബശ്രീ പ്രവര്‍ത്തകരുമായ ഷീബയുടേയും മേരി സേവ്യറിന്റേയും സംയുക്തഫലമായിട്ടുള്ള ഊണ്.എന്നിട്ടും വിശ്രമമില്ലാതെയുള്ള വീടുകയറല്‍,അവസാനം തിരിച്ച് ക്ഷീണിച്ച് അവശനായി കൂടെയുള്ള ഗോപാലകൃഷ്ണന്‍ സാറുമൊത്ത് അങ്കമാലിയിലെത്തിയപ്പോള്‍ അവിടെ എന്റോ സള്‍ഫാനെക്കുറിച്ചുള്ള ഡോകുമെന്ററി പ്രദര്‍ശനം.
                        ചെന്നു കയറുമ്പോള്‍ സംവിധായകന്‍ മങ്ങിയ ഇരുട്ടില്‍ സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു.പിന്നീട് പടം തുടങ്ങി.കൊതുക്, ഈച്ച,എലി തുടങ്ങിയ കീടങ്ങളെ കൊല്ലുന്നതിന്റെ പലവിധമായ കാഴ്ച്ചകളാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.ഏതായാലും കണ്ടിരുന്ന് ഉറങ്ങിപ്പോയി.പലവട്ടം ഗോപാലകൃഷ്ണന്‍ സാര്‍ തട്ടിവിളിച്ചുണര്‍ത്തി.ഇടക്കെപ്പൊഴോ ടൈറ്റില്‍ കണ്ടു
                                                              “What are pests?
                                                                 Are we pests?"
                             എന്നിങ്ങനെയൊക്കെ.ഏതായാലും ഈ ടൈറ്റിലിനുശേഷം പടം കാസറഗോഡെ എന്റോസള്‍ഫാന്‍ ബാധിതരിലേക്ക് തിരിഞ്ഞു.അവിടത്തെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും ദീര്‍ഘമായി ഉറങ്ങാന്‍ തുടങ്ങി.അപ്പോള്‍ സാറെന്നെ വിളിച്ചുണര്‍ത്തി പറഞ്ഞു “പോകാം.” ഞാന്‍ ഒരക്ഷരം പറയാതെ സാറിനൊപ്പം ഒരിക്കല്‍ കൂടി സ്ക്രീനിലേക്ക് നോക്കിയിട്ട് പുറത്തേക്ക് നടന്നു.
                                   ഉറക്കത്തിലായിപ്പോയെങ്കിലും ആ കണ്ട ടൈറ്റിലുകള്‍ എന്നെ ആകര്‍ഷിച്ചു. എന്താണ് കീടങ്ങള്‍?നാമൊക്കെ കീടങ്ങളാണോ?.ആ ചോദ്യങ്ങള്‍ എന്റെ മനസമാധാനം നശിപ്പിച്ചുകൊണ്ട് വീണ്ടും വീണ്ടും എന്റെ മനസ്സില്‍ കിടന്ന് കളിക്കാന്‍ തുടങ്ങി.

എന്താണ് കീടങ്ങള്‍? പ്രകൃതിയില്‍ ഒന്നും കളകളായി ജനിക്കുന്നില്ല എന്ന് നാം ഇപ്പോള്‍ പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു.ആദ്യകാലത്ത് ആ പാഠം നാം പഠിച്ചിരുന്നില്ല,അല്ലെങ്കില്‍ ആ പാഠം നമുക്കാരും പറഞ്ഞുതന്നിരുന്നില്ല.(അല്ലെങ്കിലും നമുക്ക് പാഠങ്ങള്‍ പറഞ്ഞുതരാന്‍ ആരുമില്ലല്ലോ, ദൈവം പോലും.) അതുകൊണ്ടു തന്നെ നാം നമുക്കാവശ്യമില്ലാത്തതിനെ മുഴുവന്‍ കള ആല്ലെങ്കില്‍ കീടം എന്ന പേരില്‍  നശിപ്പിച്ചുകളഞ്ഞു.നെല്ലുവിതച്ച പാടത്ത് പടുമുളയായി വളര്‍ന്ന ,പാടവരംബത്ത് ആര്‍ത്തുനിന്ന കീഴാര്‍നെല്ലിയും ബ്രഹ്മിയുമൊക്കെ ഇങ്ങനെ കുറ്റിയറ്റു.മുത്തങ്ങയും ശതാവരിക്കിഴങ്ങും നിലമ്പറ്റിക്കിഴങ്ങുമൊക്കെ ഇന്ന് ഓര്‍മ്മയില്‍പ്പോലുമില്ലാതായി.ഇതൊക്കെ നമ്മള്‍ കളകളായി,കീടങ്ങളായി പറിച്ചുമാറ്റിക്കളഞ്ഞു.എന്നിട്ടും പാടുപെട്ട് തലയുയര്‍ത്താന്‍ ശ്രമിച്ച അവരെയൊക്കെ കളനാശിനി എന്ന പേരില്‍ മാരകവിഷം തളിച്ച് മുച്ചൂടും നശിപ്പിച്ചു,അടിയോടെ തായ്‌വേരുസഹിതം ഇല്ലാതാക്കി.അങ്ങിനെ നമ്മുടെ പാടങ്ങളില്‍ നെല്ലല്ലാതെ മറ്റൊന്നുമില്ലെന്ന് നാം ഉറപ്പാക്കി.
                           എന്നിട്ടോ ഇന്നത്തെ സ്ഥിതിയെന്താ? ഇപ്പോ കൃഴിയിടങ്ങളിലെ ഒരേ ഒരു കള / കീടം എന്നുപറഞ്ഞാലത് നെല്ല്  മാത്രമായി.അന്ന് പുല്ല് കളയായിക്കണ്ട് പ്രകൃതിക്കെതിരെ പടനയിച്ചവന്റെ അനന്തരാവകാശികള്‍  ഇന്ന് നെല്ല് കളയായിക്കണ്ട് കൃഷിചെയ്യുന്നവനെ കീടമായിക്കണ്ട് അവനെതിരെ പടനയിക്കുന്നു.കൃഷിക്കാരന്‍ കുഞ്ഞുകുട്ടി പരാധീനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുമ്പോള്‍ ആ കൃഷിഭൂമികളില്‍  ആധുനീകകര്‍ഷകന്‍ ഫ്ലാറ്റ് എന്ന ആധുനീക കൃഷിയിറക്കുന്നു.അവസാനം ഈ കൃഷിയും നഷ്ടമാണെന്ന് വരുമ്പോള്‍,അവന് തൂങ്ങി മരിക്കാന്‍ ഒരു മരക്കൊമ്പ് പോലും ഇല്ലാതാവും.
                       അപ്പോള്‍ നമുക്ക് ധൈര്യസമേതം പറഞ്ഞുകൂടെ കള അല്ലെങ്കില്‍ കീടങ്ങള്‍ എന്നൊരു വസ്തു ഈ ഭൂമിയിലില്ലെന്ന്!
നമ്മള്‍ കീടങ്ങളാണോ? നമ്മള്‍ കീടങ്ങളോ കളകളോ ആണോ? എന്താ ഇത്ര സംശയം! കുറച്ചുമുന്‍പേ നമ്മള്‍ കണ്ടു കഴിഞ്ഞു കീടങ്ങള്‍ ആലെങ്കില്‍ കള എന്ന ഒരു വസ്തു ഈ പ്രകൃതിയില്‍ ഇല്ലേ ഇല്ല എന്ന്.പിന്നേ ഈ ചോദ്യത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് നമുക്കൊന്ന് ചിന്തിക്കാം.
                            മനുഷ്യന്റെ ഉദയത്തോടെ ആരംഭിച്ച പ്രാകൃതകമ്യൂണിസം എന്ന വ്യവസ്ഥയൊഴിച്ച് ബാക്കിയെല്ലാ വ്യവസ്ഥയിലും ജനം രണ്ടു തട്ടിലായിരുന്നു.ഉടമയും അടിമയും,നാടുവാഴിയും പണിയെടുക്കുന്നവനും,മുതലാളിയും തൊഴിലാളിയും എന്നിങ്ങനെ.ഇനി ഒന്ന് ആലോചിച്ചുനോക്കുക.അടിമയും ഉടമയും തമ്മില്‍ ശത്രുക്കളായിരിക്കും.ഉടമ അടിമയെ കീടത്തെപോലെ കണക്കാക്കുന്നു.സ്ഥിരമായ മര്‍ദ്ദനമുറകളും അക്രമവും,മൃഗീയമായ പീഡനങ്ങളുമാണ് ഉടമ അടിമക്ക് നല്‍കുന്നത് - തനി കീടത്തെ പോലെ.പക്ഷെ ഇവിടെ ഒരു വ്യത്യാസമുള്ളത് അത്യാവശ്യം ജീവന്‍ കിടക്കാനുള്ള ഭക്ഷണം ഉടമ അടിമക്ക് നല്‍കിപ്പോന്നു.എങ്കിലല്ലെ നാളെ പണിയെടുക്കാനുള്ള ആരോഗ്യം അടിമക്കുണ്ടാകൂ.നാം നിത്യജീവിതത്തില്‍ കാണുന്നതുപോലെ കെണിവച്ചോ വിഷം വച്ചോ അടിമകളെ ഉടമ കൊല്ലില്ല എന്നുമാത്രം.ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് ഇല്ലാത്തവന് പിന്നീട് വന്ന എല്ലാ സാമൂഹ്യവ്യവസ്ഥയിലും.
                         എന്നാല്‍ മുതലാളിത്വം വന്നതോടെ,മുതലാളിത്വം വളര്‍ന്ന് പുഷ്പിച്ച് അത്യധികം വികസിച്ചതോടെ ഈ കള അല്ലെങ്കില്‍ കീടം എന്നറിയപ്പെടുന്ന ഇല്ലാത്തവന്റെ നേരെയുള്ള പെരുമാറ്റത്തിനും അതനസരിച്ചുള്ള  മാറ്റം വന്നു.മുതലാളിത്വം വളരുന്നതനുസരിച്ച് ശാസ്ത്രവും വളര്‍ന്ന് പുഷ്കലമായിക്കൊണ്ടിരുന്നു.പക്ഷെ ഇവിടേയും ഒരു പ്രശ്നമുണ്ടായി.മുതലാളിത്വത്തില്‍ ശാസ്ത്രമായാലും കലയായാലും എന്തായാലും അതെല്ലാം ഉല്പാദനശക്തികള്‍ക്ക് , മൂലധനത്തിന് കീഴ്പ്പെട്ടേ നിലനില്‍ക്കൂ.എന്നുവച്ചാല്‍ മറ്റുവ്യവസ്ഥിതികളില്‍ നാം കണ്ടതുപോലെ തന്നെ, ഉള്ളവന് സമൂഹത്തിലെ എല്ലാ നേട്ടങ്ങളും ഇല്ലാത്തവന് ചട്ടിയും.ശാസ്ത്രത്തിന്റെയും സമൂഹത്തിന്റേയും നേട്ടങ്ങളും അതുവഴി പൊതുജീവിതത്തിലുണ്ടാകുന്ന  നേട്ടങ്ങളും എല്ലാം 
മുതലാളിമാരുടെ ജീവിതം മെച്ചപ്പെടുത്താനായി മാത്രം ഉപയോഗിക്കുന്ന ഒരു സംബ്രദായമാണുണ്ടായിവന്നത്.അതായത് വെള്ളം വളം തുടങ്ങി പോഷകങ്ങളെല്ലാം  കൃഷിചെയ്തിരിക്കുന്ന വസ്തുവിന് നല്‍കുന്നതുപോലെ സമൂഹത്തിലെ നല്ലതെല്ലാം മുതലാളിമാരായവര്‍ക്കും ബാക്കി എന്തെങ്കിലും തെന്നിത്തെറിച്ച് പോന്നിട്ടുണ്ടെങ്കില്‍ അതുമുഴുവന്‍ തൊഴിലാളി എന്ന കളക്കും.
                         അപ്പോള്‍ ആദ്യത്തെ ചോദ്യത്തിലേക്ക് തിരിച്ചുപോകാം.നമ്മള്‍ കളകളാണോ/കീടങ്ങളാണോ? എന്താ സംശയം.ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനം കളയായി/കീടമായിത്തന്നെയാണ് മുതലാളിത്വം കാണുന്നതും അതനുസരിച്ച് തന്നെയാണ് പെരുമാറുന്നതും.പക്ഷെ ഇവിടെ മുതലാളിത്വം മറന്നുപോകുന്ന ഒരു വസ്തുതയുണ്ട്. നാടെങ്ങുമുള്ള കളകള്‍ ഒത്തുചേര്‍ന്ന് വന്നപ്പോഴാണ് പ്രകൃതി സുരഭിലയായി തെഴുത്തുനിന്നത്.ആ പ്രകൃതിയെ കൊല്ലുക എന്ന ഏര്‍പ്പാടിലാണ് നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.പക്ഷെ നോക്കൂ ഇവിടെ ഈ കളകള്‍ ഒന്നുചേര്‍ന്ന് വീണ്ടും പ്രകൃതിയെ പോഷിപ്പിക്കുന്ന കാലം വിദൂരമല്ല തന്നെ.
Post a Comment