നിരാശാഭരിതനായ എന്റെ സുഹൃത്തിന്

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
എന്തൊക്കെയാണ് നമ്മള്‍ ഭാരതീയര്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം കേരളരാഷ്ട്രീയം മാത്രമേ ഇത്രയും ചീഞ്ഞു നാറിയിരുന്നൊള്ളു.,അല്ല സോറി, കേരള രാഷ്ട്രീയം മാത്രമല്ല സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് കുത്തഴിഞ്ഞ് താറുമാറായി അഴിമതിയില്‍ മുങ്ങി നാറി ഗ്രൂപ്പിസത്തില്‍ ക്ഷയിച്ച് നാശകോശമായിട്ട് കണ്ടിട്ടുള്ളു. അപ്പോഴും എന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പറയും “ഹാഹ അത് ആ സംസ്ഥാനത്ത് മാത്രമുള്ള പ്രശ്നമല്ലെ, നിങ്ങള്‍ കേന്ദ്രത്തിലേക്ക് നോക്കൂ അവിടെയെന്താ ഒരു പ്രശ്നവുമില്ലല്ലോ.“ അത് ഒരു പരിധിവരെ ശരിയുമായിരുന്നൂ.എന്നും കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ഗവണ്മെന്റ് ഉണ്ടാകുമായിരുന്നു.അവര്‍ തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല എന്ന് (നിരവധി പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും) ജനങ്ങളുടെ മുന്നില്‍ അഭിനയിക്കുന്നതില്‍ മിടുക്കരായിരുന്നു.
                           തന്നേയുമല്ല അന്നത്തെ അഖിലേന്ത്യാതലത്തിലുള്ള പൊതു രാഷ്ട്രീയ സ്ഥിതിയും ഇന്ദിരാഗാന്ധിക്ക് ( കോണ്‍ഗ്രസ്സിനാണെന്നെനിക്കു തോന്നുന്നില്ല) അനുകൂലവുമായിരുന്നു.ഉദാഹരണത്തിനു നമ്മളുടെ കൊച്ചു കേരളം തന്നെയെടുക്കാം, ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക്  നല്ല ഉറച്ച ഭൂരിപക്ഷം വാരിക്കോരികൊടുക്കാന്‍ ശ്രദ്ധിക്കുന്ന ജനങ്ങള്‍ തന്നെ എന്തെല്ലാം പ്രചരണമുണ്ടായാലും കേന്ദ്രത്തിലേക്ക് ബഹുഭൂരിപക്ഷം സീറ്റുകളിലേക്കും കോണ്‍ഗ്രസ്സ്കാരെ ജയിപ്പിച്ചുവിടാന്‍ ശ്രദ്ധിച്ചിരുന്നു.ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രിവിപഴ്സ് നിറുത്തലാക്കിയ നടപടികളും ബാങ്ക് ദേശസാല്‍ക്കരണവും മറ്റും ജനങ്ങള്‍ക്കവരോട് ഒരു മതിപ്പുവളര്‍ത്താനിടയായി. അതുപോലെതന്നെ ബംഗ്ലാദേശ് പ്രശ്നം കൈകാര്യം ചെയ്തരീതിയും ഒക്കെ ജനകീയനേതാവായി അവരെ വളര്‍ത്തി.സര്‍വോപരി അവരുടെ അഛന്‍ ശ്രീ ജവഹര്‍ ലാല്‍ നെഹ്രു തുടങ്ങിവച്ച ഭരണപരിഷ്കാരനടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു മകള്‍ എന്ന തോന്നല്‍ കൂടി അവര്‍ ജനങ്ങളിലേക്കെത്തിച്ചു.
                               എന്നാല്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന സമരം - യഥാര്‍ത്ഥത്തില്‍ ഹിന്ദി മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു നോണ്‍ കോണ്‍ഗ്രസ്സ് നോണ്‍ ബിജെപി നേതാവായിരുന്നൂ അദ്ദേഹം - ഇന്ദിരാഗാന്ധിയുടെ ജനപിന്തുണ എന്ന ബലൂണിനെ വളരെയെളുപ്പത്തില്‍ കുത്തിപ്പൊട്ടിച്ചു.ഇതില്‍ വിറളി പൂണ്ടാണ് കുപ്രസിദ്ധമായ അടിയന്തിരാവസ്ഥാ പ്രഖ്യാപനവും അതിന്റെ അനന്തരനടപടികളും. ഇതെല്ലാം സമീപകാലചരിത്രമെന്ന നിലയില്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. ഇതിന്റെ ഒരു പരിസമാപ്തിയായിരുന്നു കേന്ദ്രത്തില്‍ ജനതാഗവണ്മെന്റ് അധികാരത്തിലെത്തിയത്.എന്നാല്‍ ആ ഗവണ്മെന്റിനെ നയിക്കാന്‍ ശ്രീ ജയപ്രകാശ് നാരായണന്‍ വിസമ്മതിക്കുകയാണുണ്ടായത്. എന്നാല്‍ എന്തായിരുന്നൂ ആ ജനതാ പരീക്ഷണം? അതൊരു അവിയല്‍ ഗവണ്മെന്റായിരുന്നു.എല്ലാ സംസ്ഥാനങ്ങളിലേയും ഇന്ദിരാവിരുദ്ധരും മറ്റു പ്രാദേശീകപാര്‍ട്ടികളുംകൂടി തട്ടിപ്പിടച്ചുണ്ടാക്കിയ ഒരഭ്യാസമായിരുന്നൂ അത്.
                        ഇന്ദിരാഗാന്ധിയുടെ പുതിയ നയങ്ങളോടെതിര്‍പ്പുകാണിച്ച് കോണ്‍ഗ്രസ്സ് വിട്ടിറങ്ങിയവരായിരുന്ന ഒരുവിഭാഗത്തിന് ഇന്ദിരാഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കണം എന്ന ഒറ്റ അജണ്ട മാത്രമേ ഉണ്ടായിരുന്നൊള്ളു.മറ്റുപ്രാദേശീക പാര്‍ട്ടികള്‍ക്കാണെങ്കില്‍ നേതാവിന്റെ സ്വന്തം ഗ്രാമം,അല്ലെങ്കില്‍ സ്വന്തം ജാതിയിലെ വേണ്ടപ്പെട്ടവര്‍ എന്നല്ലാതെ മറ്റൊരിന്ത്യ അവരുടെ അജണ്ടയിലേയില്ലാ‍യിരുന്നു.പിന്നെ തീവ്രഹിന്ദുത്വത്തില്‍ വിശ്വസിക്കുകയും അതിനായി എന്തും ചെയ്യാന്‍ തയ്യാറുള്ള ജനസംഘക്കാരും.ഇങ്ങനെ സകല കാളികൂളികളുടെ ഒരു സംഘമായിരുന്നൂ ജനതാഗവണ്മെന്റ്.സ്വതസിദ്ധമായ ഈ ആന്തരീകവൈരുദ്ധ്യം കൊണ്ട് ഈ ഗവണ്മെന്റ് വളരെപെട്ടെന്ന് - 6 മാസം - തകര്‍ന്നുവീണു.എന്നാല്‍ ഈ കൂട്ടുകെട്ടിനെ പുറത്തുനിന്ന് പിന്താങ്ങിയ മറ്റൊരു കൂട്ടരുണ്ടായിരുന്നു; മാര്‍ക്സിസ്റ്റുകാര്‍.ഈ കാളികൂളി സെറ്റപ്പില്‍ അല്പമെങ്കിലും കാര്യങ്ങള്‍ ശരിയായി വിലയിരുത്തുകയും ശരിയായ നിലപാടെടുക്കാനും അവര്‍ക്ക്മാത്രമേ കഴിഞ്ഞുള്ളു.എന്നാല്‍ സി പി ഐ എന്ന കമ്യൂണിസ്റ്റുപാര്‍ട്ടി ഇതിനുമൊക്കെ വളരെമുന്നെ തന്നെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഭാഗം തന്നെയായിരുന്നൂ എന്നുമോര്‍ക്കണം. അന്നേ മാര്‍ക്സിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞു; “അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സ് ക്ഷീണിച്ചുവരികയാണ്.അടിയന്തിരാവസ്ഥാപ്രഖ്യാപനം കോണ്‍ഗ്രസിനെ വളരെ ക്ഷീണിപ്പിക്കുകയും വളരെപ്പെട്ടെന്ന് തന്നെ കേരളത്തിലേതുപോലെ തന്നെ ഐക്യമുന്നണി ഭരണം കേന്ദ്രത്തിലുമുണ്ടാവുകയും ചെയ്യും“.എന്ന്.
                           ഏതായാലും വളരെപ്പെട്ടെന്ന് തന്നെ ശ്രീ ഇ എം എസിന്റെ പ്രവചനം ഫലിക്കുകയും കേന്ദ്രത്തില്‍ ഐക്യമുന്നണി ഭരണം വരികയും ചെയ്തു.ഈ ഐക്യമുന്നണി ഭരണത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിട്ടുണ്ട്.മുക്കാല്‍ പങ്കും നിരക്ഷരരും ദിനപത്രം, പുസ്തകം എന്നീ വാക്കുകള്‍ പോലും കേള്‍ക്കാത്തവരാണെങ്കില്‍കൂടിയും അവരുടെ ജീവിതാനുഭവങ്ങള്‍, ആ ജീവിതാനുഭവങ്ങള്‍ക്കൊരു ഐക്യരൂപം നല്‍കിയ ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍, പ്രത്യേകിച്ചും ഇവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ഒക്കെ ഈ ഘടകങ്ങളിലുള്‍പ്പെടുന്നു. ഇന്ന് കേരളത്തിലും അതുപോലെതന്നെ മറ്റു മിക്കവാറും സംസ്ഥാനങ്ങളിലും അതോടൊപ്പം കേന്ദ്രത്തിലും ഐക്യമുന്നണി ഭരണമാണ് നിലനില്‍ക്കുന്നത്.ഇതില്‍ത്തന്നെ വളരെ ചുരുക്കം സംസ്ഥാനങ്ങളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യമുന്നണികളായിരുന്നൂ ഭരണത്തില്‍. ത്രിപുര, പശ്ചിമ ബംഗാള്‍, കേരളം എന്നിവയായിരുന്നൂ അവ. എന്നാല്‍ ഇന്ന് അവയില്‍ ത്രിപുരയൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളില്‍നിന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ നിന്നും പുറത്തായി. എന്നുവച്ചാല്‍ ഏതാണ്ട് 27 സംസ്ഥാനങ്ങളില്‍ ഒരേ ഒരു സംസ്ഥാനത്തുമാത്രമാണ് പാര്‍ട്ടി അധികാരത്തില്‍.എന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയോ, ഏതാണ്ട് അഞ്ചോ ആറോ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയാണ്.അതുപോലെ തന്നെ വര്‍ഗീയപാര്‍ട്ടിയായ ബി ജെ പിയാകട്ടെ ഏതാണ്ട് മൂന്ന് സംസ്ഥാനങ്ങളിലും ഭരണത്തിലാണ്.അപ്പോള്‍ ഏതു പാര്‍ട്ടികളാണ് രാജ്യത്തിനു നല്ലത്?
                       എന്നാല്‍ ഓരോ സംസ്ഥാനവും ഒറ്റക്കൊറ്റക്ക് നോക്കിയാല്‍ ഈ ഭരണങ്ങളുടെ കള്ളി വെളിച്ചത്താകും. ഉദാഹരണത്തിന് കേരളത്തില്‍ത്തന്നെ മുസ്ലീം ലീഗ് എന്ന മുസ്ലീം പാര്‍ട്ടിയേയും സകല ക്രിസ്ത്യന്‍ പാര്‍ട്ടികളേയും സ്ട്രോംങ്ങ് ആയിട്ടുള്ള ഈഴവ നായര്‍ സമുദായങ്ങളേയും കൂട്ടുപിടിച്ചിട്ടുകൂടി രണ്ടേ രണ്ടു സീറ്റിന്റെ ഭൂരിപക്ഷമാണിവിടെ കോണ്‍ഗ്രസിനുകിട്ടിയത്.രണ്ടു സീറ്റെങ്കില്‍ രണ്ട് എന്നു പോലും ആശ്വസിക്കാന്‍ ഇവിടെ കോണ്‍ഗ്രസിനു വകയില്ല, അനുദിനം ഇവിടെ പ്രശ്നങ്ങള്‍ വഷളാവുകയാണ്. നോക്കുക:- കാസര്‍ഗോഡ് കലാപം അന്വേഷിക്കുന്ന കമ്മീഷന്‍ പിരിച്ചുവിട്ടത്, കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളെ വെടിവച്ച ഡി വൈ എസ് പി യെ കൈകാര്യം ചെയ്ത രീതി,മുല്ലപ്പെരിയാറില്‍ ജോസപ്പും മാണിയും സ്വീകരിച്ച നിലപാട് ഇവയൊക്കെ ഇവിടെ കോണ്‍ഗ്രസ്സ് അല്ല പകരം ലീഗ് കേ കോ ഭരണമാണെന്ന് കോണ്‍ഗ്രസ്സ് കാരുടെ ഇടയില്‍ത്തന്നെ മുറുമുറുപ്പുണ്ട്. കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിച്ചാല്‍ എന്ന വായ്ത്താരിയുടെ സത്യാവസ്ഥ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നാം കണ്ടുകഴിഞ്ഞു.ഇതിലും ഭീകരമാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ.ഏതാണ്ട് ഇതു തന്നെയാണ് ബി ജെ പി ഭരണവും.തൊട്ടടുത്ത കര്‍ണാടകം തന്നെ ഉദാഹരണം.ഗുജറാത്തിലെ വികസനം വെറും പൊള്ളയാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
                      എന്നാല്‍ ഇതു രണ്ടുമല്ല മൂന്നമത് മറ്റൊരു വഴിയുണ്ടെന്നും ആ വഴിയാണ് ജനങ്ങളുടെ സംരക്ഷണത്തുനത്യന്താപേക്ഷിതമായ വഴി എന്നും തെളിയിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട് എന്നറിയാന്‍ ഏതാനും മാസം മുന്‍പുള്ള കേരളവും ബംഗാളും ഇന്നത്തെ കേരളത്തിനോടും ബംഗാളിനോടും ഒന്ന് താരതമ്യം ചെയ്താല്‍ മതി.ഭാഗ്യത്തിന് മറ്റു സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് അംഗീകാരം കിട്ടുന്ന, ജനപിന്തുണ നേടാന്‍ കഴിയുന്ന ഒരു സാഹചര്യം വളര്‍ന്നു വരുന്നുണ്ടെന്നും അത് പാര്‍ട്ടി നല്ലരീതിയില്‍ത്തന്നെ ഉപയോഗിക്കുന്നൂ എന്നതും.ഉദാഹരണത്തിന് പഞ്ചാബിലേക്ക് നോക്കുക.അവിടെ ഭരണകക്ഷിയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുള്‍പ്പെടുന്ന മുന്നണിക്ക് കഴിയുന്നൂ എന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്.അതുപോലെ തന്നെ അയിത്തം പോലുള്ള അനാചാരങ്ങള്‍ തുടച്ചുനീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട്, കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ വളരെയധികം ജനപിന്തുണ നേടുന്നു എന്നാണ്‍ വാര്‍ത്ത.
                   ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് ഭാരതത്തിലെ തൊഴിലാളികള്‍ ഒന്നടങ്കം രാഷ്ട്രീയ ഭേദമില്ലാതെ സമരമുഖത്തേക്കിറങ്ങുന്നൂ എന്ന വാര്‍ത്ത.അതിനായി തൊഴിലാളികളുണ്ടാക്കിയ കോ - ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍‌മാന്‍ കോണ്‍ഗ്രസിന്റെ ഐ എന്‍ റ്റി യു സി നേതാവും സെക്രട്ടറി ഇടതുപക്ഷത്തിന്റെ സി ഐ റ്റി യു നേതാവുമാണ്.എന്നുവച്ചാല്‍ കൊടിയുടെ നിറം നോക്കാതെ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബി ജെപിയും ഒക്കെ ഉള്‍ക്കൊള്ളുന്ന മുഴുവന്‍ തൊഴിലാളികളുടേയും സമരനിര - ഐക്യമുന്നണി - വളര്‍ന്നു വരുന്നൂ എന്നത് ഭാവി ഭാരതത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് താല്പര്യം വളര്‍ത്തുന്നതാണ്.
                   അതുതന്നെയാണ് കോണ്‍ഗ്രസുകാരന്റെ പ്രശ്നവും. ചുള്ളിക്കാടിന്റെ കവിതയുടെ തലക്കെട്ടുപോലെ അവന്‍ നിരാശാഭരിതനാണ്.അവന്‍ തന്റെ ചോരയും നീരും ഒഴുക്കിയാണ് സ്വന്തം പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത്.എന്നാല്‍ ആ പാര്‍ട്ടിയോ, അത് തങ്ങളെ അധികാരത്തിലെത്തിച്ച ഇത്തരം ആയിരക്കണക്കിനാളുകളെ ചവിട്ടിത്തേയ്ക്കുകയാണ്.അവന്റെ ആശകള്‍ കരിയുകയാണ്.ഭരണക്കാരുടെ ചെയ്തികള്‍ മുഴുവന്‍ അവന്റെ പാര്‍ട്ടി ശത്രുക്കള്‍ വളമാക്കി ആകാശം മുട്ടെ ഉയരുകയാണ്. ഇനി ഒരു ഭരണം ഉണ്ടാവുമെന്നവന്‍ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു.യാഥാര്‍ത്ഥ്യബോധമുള്ള മിക്ക കോണ്‍ഗ്രസ്സുകാരുടെ മുഖത്തും ഈ നിരാശ നമുക്ക് കാണാന്‍ കഴിയും.പക്ഷെ സുഹ്രൂത്തേ താങ്കള്‍ നിരാശനാകേണ്ടതില്ല.പകരം ജനങ്ങളുടെ നന്മ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ ഞാന്‍ താങ്കളെ ആഹ്വാനം ചെയ്യുന്നു.

1 comment :

  1. അവന്‍ തന്റെ ചോരയും നീരും ഒഴുക്കിയാണ് സ്വന്തം പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത്.എന്നാല്‍ ആ പാര്‍ട്ടിയോ, അത് തങ്ങളെ അധികാരത്തിലെത്തിച്ച ഇത്തരം ആയിരക്കണക്കിനാളുകളെ ചവിട്ടിത്തേയ്ക്കുകയാണ്.അവന്റെ ആശകള്‍ കരിയുകയാണ്.ഭരണക്കാരുടെ ചെയ്തികള്‍ മുഴുവന്‍ അവന്റെ പാര്‍ട്ടി ശത്രുക്കള്‍ വളമാക്കി ആകാശം മുട്ടെ ഉയരുകയാണ്. ഇനി ഒരു ഭരണം ഉണ്ടാവുമെന്നവന്‍ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു.യാഥാര്‍ത്ഥ്യബോധമുള്ള മിക്ക കോണ്‍ഗ്രസ്സുകാരുടെ മുഖത്തും ഈ നിരാശ നമുക്ക് കാണാന്‍ കഴിയും.പക്ഷെ സുഹ്രൂത്തേ താങ്കള്‍ നിരാശനാകേണ്ടതില്ല.പകരം ജനങ്ങളുടെ നന്മ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ ഞാന്‍ താങ്കളെ ആഹ്വാനം ചെയ്യുന്നു.

    ReplyDelete