സമ്മേളനകാലത്ത് വീണ്ടും

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
മാര്‍ക്സിസ്റ്റ് പാര്‍ട്ടി സമ്മേളനകാലം എന്നാല്‍ വിരുദ്ധര്‍ക്ക് അഴിഞ്ഞര്‍മാദിക്കാനുള്ള കാലം കൂടിയാണ് എന്ന് നമുക്കറിയാം.കഴിഞ്ഞകാല സമ്മേളനങ്ങളിലും അതിനുമുന്‍പും ഉള്ള കാലഘട്ടങ്ങളിലുമുണ്ടായ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ശരിക്കും ആഘോഷിച്ചിരുന്നു.പാര്‍ട്ടി യോഗങ്ങളിലും ചര്‍ച്ചാവേദികളിലും നടക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി പ്രസിദ്ധപ്പെടുത്താറില്ല എന്നത് ഇവര്‍ക്ക് അത്യാവേശം നല്‍കുന്ന സംഗതിയാണ്.പാര്‍ട്ടി സമ്മേളനങ്ങള്‍ പത്രമാപ്പീസുകളിലാണ് നടക്കുന്നത് എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് പലറിപ്പോര്‍ട്ടര്‍മാരും കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
                    ഇടതുവശത്തിരുന്ന പിണറായിയുടെ നേരെ നോക്കാതെ ഗൌരവത്തില്‍ വി എസ് ആരംഭിച്ചു, “വിജയാ നിങ്ങള്‍ പഴയ വഴി മറക്കരുത്” എന്നു തുടങ്ങി മെല്ലെ ആരംഭിച്ച വി എസിന്റെ പ്രസംഗം കത്തിക്കയറി ഉച്ചസ്തായിയിലായപ്പോള്‍ മറ്റു പൊളിറ്റ് ബ്യൂറോ സഖാക്കള്‍ മന:പൂര്‍വം നിശബ്ദത പാലിച്ചെങ്കിലും അവരുടെ ശരീരഭാഷ വി എസിനനുകൂലമായിരുന്നൂ. ഇങ്ങനെ പൊളിറ്റ് ബ്യൂറൊയില്‍ നടന്ന ചര്‍ച്ചകള്‍ പോലും കൃത്യമായി ഈ മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ആവേശപൂര്‍വം വിശദീകരിക്കുമ്പോള്‍ അവരോ അത് വായിക്കുന്ന ജനങ്ങളോ ഓര്‍ക്കാറില്ല വി എസ് പൊളിറ്റ് ബ്യൂറോ മെംബറല്ലെന്ന കാര്യം. എന്നാലും തങ്ങളുടെ മുന്നിലാണീ ചര്‍ച്ചകള്‍ പൊടിപാറിയതെന്നവര്‍ ഉളുപ്പില്ലാതെ വര്‍ണിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവികളും സാധരണ മനുഷ്യരും ഇത് വായിച്ച് വിശ്വസിച്ചുപോകുന്ന ഒരു കാലമുണ്ടായിരുന്നു.പാര്‍ട്ടിക്കാണെങ്കില്‍ ഈ ചര്‍ച്ചകളുടെ വിശദാംശം ഒരു പരിധിവരേയെങ്കിലും പുറത്തുപറയാനും കഴിയുമായിരുന്നില്ല.
                പക്ഷെ കാലം ചെന്നാറെ ഇത്തരം പത്രപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാന്‍ തുടങ്ങി.അതിന്റെ ഒരു കാരണം പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാവാന്‍ തുടങ്ങിയിരുന്നു എന്ന് തന്നെയാണ്. വിഭാഗീയത ഇല്ലാതാകുമ്പോള്‍ പാര്‍ട്ടിക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിലും അന്നേരത്തെ ശരീരചലനങ്ങളിലുമൊക്കെ ഒരു ഐകരൂപ്യം താനേ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.വിഭാഗീയത കത്തിനില്‍ക്കുമ്പോള്‍ ഈ ഐകരൂപ്യം ഇല്ലാതാവുമെന്നു തന്നെയല്ല ഒരേ കാര്യം തന്നെ പലരീതിയിലും രൂപത്തിലും ഭാവത്തിലുമൊക്കെയായിരിക്കും വിശദീകരിക്കപ്പെടുക. ഇതാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പഥ്യമായി വരുന്നത്.ഏതായാലും അക്കാലമെല്ലാം എങ്ങോ പോയ് മറഞ്ഞു.പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുകള്‍ കടമെടുത്താല്‍ പാര്‍ട്ടിയിലെ വിഭാഗീയത നല്ലരീതിയില്‍ തന്നെ അവസാനിച്ചിരിക്കുന്നു.അതിന്റെ ലക്ഷണം പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു.യാതൊരുവിധ എച്ചപ്പോക്കവുമില്ലാതെ സമ്മേളനങ്ങള്‍ അവസാനിച്ചു, സംസ്ഥാന സമ്മേളനം വരെയായി.പാര്‍ട്ടിയില്‍ പൊട്ടിത്തെറിയും പ്രതീക്ഷിച്ചവരും പ്രവചിച്ചവരും ഇളിഭ്യരായി.എന്നാലവര്‍ വെറുതെയിരുന്നില്ല.പാര്‍ട്ടിക്കെതിരെ കിട്ടുന്ന ചെറിയ സംഭവങ്ങള്‍ വരെ ഊതിപ്പെരുപ്പിച്ചുനോക്കിയിട്ടും ഏശിയില്ല.
                അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഒരു പ്രസ്താവന യേശുകൃസ്തുവിനേക്കുറിച്ച് വന്നത്.പാര്‍ട്ടി സംസ്ഥാ‍നസമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പ്രദര്‍ശന നഗരിയിലെ ഒരു കൃസ്തുചിത്രത്തെക്കുറിച്ചഭിപ്രായം പറഞ്ഞപ്പോഴാണ് യേശുക്രിസ്തുവുമായി ബന്ധപ്പെട്ട് അദ്ദേഹം അഭിപ്രായം പറഞ്ഞത്.ഉടനെ പ്രശ്നമായി, രാഷ്ട്രീയക്കാരും സ്ഥിരം പ്രസ്താവനാവിദഗ്ധരും ചാടിയിറങ്ങി തുരുതുരാ പ്രസ്താവനകളിറക്കി.പ്രസ്താവനകള്‍ വന്ന് വന്ന് “മാര്‍ക്സിസ്റ്റ് പാര്‍ട്ടി യേശുവിനെ തൊട്ട് കളിക്കരുത്, യേശുവിനെ വെറുതെ വിടുക” എന്നൊക്കെയായി പ്രസ്താവനകള്‍.പക്ഷെ ഭാഗ്യത്തിന് ക്രിസ്തുനേതാക്കള്‍ പിണറായിയെ അനുകൂലിച്ചതോടുകൂടി ആ അവസരവും നഷ്ടപ്പെട്ടു എന്നായി സ്ഥിതി.
             അപ്പോഴാണ്, പശുവും ചത്തു മോരിലെ പുളിയും പോയി എന്ന കാലമായപ്പോഴാണ് കേരള കൌമുദിക്ക് കത്തിയത്.അല്ലെങ്കിലും അതങ്ങനയേ വരൂ റ്റ്യൂബ് ലൈറ്റ് ആണല്ലോ.ഇന്നലെ ( 5/2/2012 ഞായറാഴ്ച്ച ) കൌമുദി കണ്ടെത്തി സി പി എമ്മിന് ഇനി (അടിവര എന്റേത്) കൊന്തരാഷ്ട്രീയം എന്ന്. ഇനി കൊന്തരാഷ്ട്രീയം എന്നു പറയുമ്പോള്‍ നേരത്തെ എന്തോ രാഷ്ട്രീയമുണ്ടെന്നാണല്ലോ ധ്വനി. അതും പത്രം ഹാസ്യാത്മകമായി വിവരിക്കുന്നുണ്ട്.ദാ ഇങ്ങനെ:- പിറവത്ത് തിരഞ്ഞെടുപ്പിന്റെ മണി മുഴങ്ങുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തിരുവനന്തപുരം സമ്മേളനത്തിന്റെ മുന്നോടിയായി തുടങ്ങിവച്ചത് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ പോകുന്ന കൊന്തരാഷ്ട്രീയം.
                   വിവേകാനന്ദനും സദ്ദാം ഹുസ്സൈനും പിന്നാലെ സാക്ഷാല്‍ യേശുക്രിസ്തുവിനെത്തന്നെയാണ് പാര്‍ട്ടി ഇതിനുവേണ്ടി കൂട്ടുപിടിച്ചിരിക്കുന്നത്.തുടര്‍ന്ന് സമീപകാല പാര്‍ട്ടിയുടെ സമൂഹത്തിലുള്ള പല ഇടപെടലുകളേയും പരിഹാസപൂര്‍വം അവതരിപ്പിച്ചിരിക്കുന്നു.വിവേകാനന്ദനേയും  സദ്ദാം ഹുസ്സൈനേയും കുറിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മിണ്ടിയാല്‍ അത് ഇലക്ഷന്‍ മുന്നില്‍ക്കണ്ടുകൊണ്ടുള്ള ചപ്പടാച്ചിയാവും,ബാക്കിയുള്ളവര്‍ മിണ്ടിയാലത് ഉന്നതവും ഉദാത്തവുമായ ആശയാവിഷ്കാരവും.എത്ര മനോഹരമായ വിലയിരുത്തലെന്നു നോക്കൂ.മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളകൌമിദിയേപ്പോലല്ല, നാട്ടില്‍ നടക്കുന്ന എല്ലാ കാര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും, അഭിപ്രായം ഉറക്കെ നാലാളുകേള്‍ക്കെ വിളിച്ചുപറയുകയും ചെയ്യും.നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, സ്വന്തം അധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചല്ലാതെ മടെതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ഈ കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞതായി ഒന്നു കാണിച്ചുതരാമോ? നാടിനെ നടുക്കുന്ന നാട്ടാരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന എത്രയോ എത്രയോ സംഭവങ്ങള്‍ ഈ നാട്ടില്‍ നടക്കുന്നു.കോണ്‍ഗ്രസിന്റെ വായില്‍ എന്തെങ്കിലും തിരുകിയിരിക്കുകയാണോ എന്ന് വിരലിട്ടുനോക്കണം എന്ന അവസ്ഥയല്ലേ ഉള്ളത്.പക്ഷെ കൌമുദിക്കിത് ഒരു പ്രശ്നമേയല്ല.(പിന്നെ ഒന്നുണ്ട്,ആരെങ്കിലും എന്തെങ്കിലും ഒന്ന് ചെയ്താലല്ലേ വിമര്‍ശിക്കാനും കളിയാക്കാനും പറ്റൂ.)
                   പാര്‍ട്ടിയെ കൃത്യമായി നിരീക്ഷിച്ചാലറിയാം അത് ഇലക്ഷന്‍ വരുമ്പോള്‍ മാത്രം ചിറകുകുടയുന്ന ജീവിയല്ല എന്നത്. നാട്ടില്‍ നടക്കുന്ന ഏതൊരു പ്രശ്നത്തെക്കുറിച്ചും പഠിക്കാനും ചര്‍ച്ച ചെയ്യാനും മാര്‍ക്സിസം എന്ന ആയുധം ഉപയോഗിച്ച് വിശകലനം ചെയ്യാനും അങ്ങനെ ഒരു തീരുമാനത്തിലെത്താനും ആ തീരുമാനം നാടുമുഴങ്ങുന്ന സ്വരത്തില്‍ വിളിച്ചുപറയാനും ഇലക്ഷന്‍ നോക്കാറില്ല അവര്‍. എന്നുവച്ച് ഇലക്ഷന്‍ കാലത്ത് മിണ്ടാമുനിയായി ഇരിക്കാറുമില്ല അവര്‍.
                    ഇങ്ങനെയൊക്കെ പാര്‍ട്ടിയെ കുടയുന്ന കൌമുദി വാരാന്ത്യകൌമുദിയിലെത്തുമ്പോള്‍ വളരെ മാന്യമായ സംസ്കാരസമ്പന്നമായ ഒരു പ്രസ്താവന മാര്‍ക്സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടേതായി കൊടുത്തിരിക്കുന്നു.മന്ത്രിസഭയുടെ കാലുവാരാന്‍ തങ്ങളില്ല എന്നും മന്ത്രിഅസഭാംഗങ്ങളെ അടര്‍ത്തിയെടുക്കുക എന്നതല്ല തങ്ങളുടെ മുദ്രാവാക്യമെന്നും ആ പാര്‍ട്ടികളിലെ അംഗങ്ങളെ അടര്‍ത്തിയെടുക്കുക എന്നതാണ് തങ്ങളുടെ നയമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന കൊടുത്തിരിക്കുന്നു.
                        വീടിന്റെ പൂമുഖത്ത് അമേദ്യവും മറ്റഴുക്കുകളും വിതറിയിട്ട് അകത്തളത്തില്‍ ചന്ദനത്തിരി കത്തിച്ചിട്ടെന്തുകാര്യം!
Post a Comment