കൊലവെറി ഡി

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
സമീപകാലത്ത് പുറത്തിറങ്ങിയ ഒരു തമിഴ് പാട്ടിന്റെ തുടക്കമാണ് കൊലവെറി ഡി എന്നത്.300 എന്നു പേരിട്ടിരിക്കുന്ന തമിഴ് സിനിമയിലെ നായകന്‍ ധനുഷിനു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ രചിച്ച്(?) ആ സിനിമയുടെ മൂസിക് ഡയറക്ടര്‍ ഈണമിട്ട ഈ പാട്ട് പാടിയിരിക്കുന്നത് നായകനായഭിനയിക്കുന്ന ധനുഷ് തന്നെയാണ്.
ഈ പാട്ടിന്റെ വീഡിയോ കാണാത്തവരും പാട്ടു കേള്‍ക്കാത്തവരും ആയി തമിഴ്‌നാട്ടിലും തൊട്ടടുത്തു കിടക്കുന്ന നമ്മൂടേ കേരളത്തിലുമായി ഇനി ആരുമുണ്ടാകാനിടയില്ല. തന്നെയുമല്ല, വളരെചുരുങ്ങിയ കാലം കൊണ്ട് ഈ പാട്ട് ദേശദേശാന്തരങ്ങള്‍ കടന്ന് ഇന്‍ഡ്യ മുഴുവന്‍ വ്യാപിക്കുകയും മറ്റു ഭാഷകളില്‍ ( മലയാളം ഒഴിച്ച്) ഇതിന്റെ വെര്‍ഷനുകള്‍ ഉണ്ടാവുകയും ചെയ്തിരിക്കുന്നു.വിദൂര ഹിന്ദി പഞ്ചാബ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഈ പാട്ട് ഉപയോഗപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. തന്നെയുമല്ല ഈ പാട്ട് നമ്മുടെ പ്രധാനമന്ത്രി, പ്രസിഡണ്ട് തുടങ്ങിയവരുടെ ആസ്വാദനത്തിനും ഇടയാക്കി എന്നും റിപ്പോര്‍ട്ട് ഉണ്ട്.
                     എന്നാല്‍ ഈ പാട്ട് എഴുതിയവരും ഈണമിട്ടവരും പാ‍ടിയവരും ഒരേപോലെ പറയുന്ന ഒരു കാര്യമുണ്ട്; (പാട്ടിറങ്ങിയ കാലത്താണീ പ്രസ്താവന വന്നത്, എന്നാല്‍ ഇന്നവര്‍ ആ പ്രസ്താവനയെ തള്ളിക്കളയാന്‍ ഇടയുണ്ട്.) യാതൊരു അര്‍ത്ഥവുമില്ലാതെ കുറെ വാക്കുകള്‍ പെറുക്കിവച്ച് ഉണ്ടാക്കിയ ഒരു പാട്ട്.അതേപോലെ തന്നെ അയഞ്ഞ യാതൊരു പ്രത്യേകതയുമില്ലാത്ത സംഗീതവും.സംഗീതം എന്നു പറയാമോ എന്ന് പാട്ടു കേട്ടാല്‍ സംശയം തോന്നുന്ന ഒരു സംഗീതം.പണ്ടൊരു സംഗീതസംവിധായകനെക്കുറിച്ചൊരു കഥ കേട്ടിരുന്നു, അദ്ദേഹം ഗാനരചയിതാവ് പോക്കറ്റില്‍ നിന്നെടുത്തു കൊടുത്ത കവിതാശകലത്തിനു സംഗീതം നല്‍കി പാറ്റിക്കൊണ്ടിരിക്കുമ്പോളതാ കവി പാഞ്ഞു വരുന്നു.എന്താണു സംഭവമെന്നു പറഞ്ഞാല്‍ കവിതയെന്നു പറഞ്ഞ് അദ്ദേഹം സംഗീതക്കാരനു നല്‍കിയത് ഭാര്യ പലചരക്കു മേടിക്കാന്‍ രാവിലെ കവിയെ ഏല്‍പ്പിച്ച ലിസ്റ്റാണു പോലും.അപ്പോള്‍ സാരാംശം ഇത്രയേയുള്ളു, എന്തു കിട്ടിയാലും സംഗീതസംവിധായകന്‍ അതിനു ട്യൂണിടും. ഇതിന്റെ ഉത്തമോദാഹരണമായി ഈ കൊലവെറി എന്നു പറയാതെ നിവൃത്തിയില്ല.
                   ഇനി ഈ കൊലവെറി പാട്ട് ഇറങ്ങിയ സമയം ഓര്‍ക്കുന്നോ?മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്‌നാടും മാക്സിമം വൈരാഗ്യത്തില്‍ നില്‍ക്കുന്ന സമയം.രാഷ്ട്രീയക്കാര്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളോര്‍ത്ത് ജനങ്ങളെ ഒന്നിച്ചണിനിരത്തുന്ന സമയം.തമിഴ്‌നാട് ഒന്നിച്ചൊറ്റക്കെട്ടായി കേരളത്തെ ഭള്ളുപറയുന്ന സമയം.രാഷ്ട്രീയക്കാര്‍ തമിഴ്‌നാടുമായി കലഹിക്കുന്നതിനു പ്രായശ്ചിത്തമായി ഇവിടുത്തെ സഹൃദയരായ കലാസ്വാദകര്‍ ഒന്നിച്ചൊറ്റക്കെട്ടായി തമിഴ്‌നാടിനെ പ്രീണിപ്പിക്കുന്നതിനായാണോ ഇത്രയേറെ ഈ പാട്ടിനെ ആസ്വദിച്ചതെന്നാണെന്റെ സംശയം.അതല്ലാതെ ഇത്രമോശമൊരു പാട്ട് നമ്മൂടെ പ്രിയങ്കരമാവേണ്ട ഒരു കാര്യവുമില്ല.
                   ഇനി മറ്റൊരു പാട്ടിലേക്ക്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ ഒരു ബാന്റാണ് അവിയല്‍ എന്ന പേരിലറിയപ്പെടുന്ന ബാന്റ്.കേരളത്തിന്റെ നാടന്‍ പാട്ടുകളും കേരളീയകവികളുടെ പ്രസിദ്ധമായ വരികളും ഒക്കെ അവര്‍ അവരുടേതായ രീതിയില്‍ ഈണമിട്ട് പാടി അവതരിപ്പിക്കുന്നു.സാള്‍ട്ട് അന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ അവസാനമുള്ള ആനക്കള്ളന്‍ എന്ന പാട്ട് അവരുടേതാണ്.അവരീയടുത്തിടെ മറ്റൊരു പാട്ടിറക്കി.”നന്ദീ നന്ദീ നന്ദീ നാരോ, മാര്‍ഗം കളി,വള്ളം കളി, സുപ്രഭാതക്കളി..” എന്നൊക്കെ പുരോഗമിക്കുന്ന ഒരു പാട്ട്. ഇതാരും കാണുകയോ കേള്‍ക്കുകയോ ഉണ്ടാവില്ലെന്നെനിക്കറിയാം. ഇതാ നിങ്ങള്‍ക്കായി ആ പാട്ട്:-
രചനയില്‍ കൊലവെറിയുടെ അതേ നിലവാരമെന്നല്ല ഒരല്‍പ്പം മുകളിലാണ് ഈ പാട്ടിന്റെ സ്ഥാനം.അതുപോലെ തന്നെ ട്യൂണും. എങ്കിലും മലയാളമാണ്,മലയാളികളാണ് പാടിയിരിക്കുന്നത്,മലയാളത്തനിമയുള്ള വിഷ്വലുകളാണുപയോഗിച്ചിരിക്കുന്നത് അങ്ങനെ എല്ലാം കൊണ്ടും ഒരു മലയാളഗാനം.കൊലവെറി പോലെ ഇതും യു ട്യൂബിലുണ്ട്,അത്യാവശ്യം എഫ് എം ചാനലുകാര്‍ പ്രമോട്ടു ചെയ്യുന്നുമുണ്ട്.എന്നിട്ടും ഈ പാട്ട് ഹിറ്റായില്ല, ഹിറ്റാവുമെന്ന് തോന്നുന്നുമില്ല.കാരണം ഇതൊരു മലയാളികളുടെ മലയാളഗാനമായിപ്പോയി എന്നതുതന്നെ.മലയാളികള്‍ ഒരു മലയാളം പാട്ടിനെ പ്രോത്സാഹിപ്പിക്കുക എന്നു പറഞ്ഞാല്‍ അത് ആ പാട്ടിന്റെ പിന്നിലെ മലയാളിയേയും പ്രോത്സാഹിപ്പിക്കുന്നതിനു തുലമാവുമല്ലോ.അത് മലയാളിക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ.അങ്ങനെ ചെയ്താല്‍ മലയാളി മലയാളി അല്ലാതാവുമല്ലോ.
                        അതുകൊണ്ട് നമുക്ക് കൊലവെറിയും അതിലും വലിയ ചവറുകളും പ്രൊത്സാഹിപ്പിക്കാം, നല്ല മുത്തുകളായുള്ള മലയാളഗാനങ്ങളെ അവഗണിച്ച് അവഗണിച്ച് ആ പാവം മലയാളിയെ നശിപ്പിക്കാം.അങ്ങനെ നമുക്ക് ആഗോള സാഹോദര്യം പ്രഖ്യാപിക്കാം,പുലര്‍ത്താം.മലയാളി നീണാല്‍ വാഴട്ടെ,മലയാളനാട് നശിക്കട്ടെ.!
Post a Comment