ഈശ്വരനാമത്തില്‍ ഞാനിതാ...............

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                     നമ്മുടെ മാധ്യമങ്ങളെ ശ്രദ്ധിച്ചിട്ടില്ലെ?ഇല്ലെങ്കില്‍ ഇനി ശ്രദ്ധിച്ചോളൂ.മിക്കവാറും എല്ലാ മാധ്യമങ്ങളും പുരോഗമനപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരെന്നാണവകാശപ്പെടുന്നത്, തന്നെയുമല്ല ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നുവെന്നാണവര്‍ അവകാശപ്പെടുന്നത്.
                   എന്നാല്‍ ഇവരുടെ ഒന്നാം പേജില്‍ മുഖ്യവാര്‍ത്തയോടൊന്നിച്ച് അവര്‍ കൊടുക്കുന്ന വാര്‍ത്ത കണ്ടിട്ടുണ്ടോ?ക്ഷിപ്രപ്രസാദിനിയും സര്‍വാഭീഷ്ടദായിനിയും വരദായിനിയും വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന --------------------- കാവിലെ -------------------- ദേവിയുടെ തിരു ആറാട്ടിന്റെ സചിത്രവിവരണവുമായിട്ടായിരിക്കും.എന്നാലും ഇവര്‍ ഉത്സവത്തിന് പങ്കുകൊള്ളാന്‍ ജനങ്ങളെ നേരിട്ട് ക്ഷണിക്കാറില്ല( ക്ഷണമെന്തിനാ, ഇതുതന്നെ ധാരാളം പോരെ?).ഈ വിവരണം ഉത്സവാഘോഷത്തിനുമാത്രമായി ഇവര്‍ ചുരുക്കാറില്ല, ഉത്സവാഘോഷത്തോടൊപ്പം അമ്പുതിരുനാളിനും പുണ്യവാളന്റെ തിരുനാളാഘോഷത്തിനും ജാറങ്ങള്‍ക്കും ഇപ്പരിപാടി നമുക്ക് കാണാവുന്നതാണ്. ഇപ്പോള്‍ പുതിയ ട്രെന്റ് മാതൃഭൂമി,കേരള കൌമുദി തുടങ്ങിയ ഹിന്ദുമാനേജ്മെന്റ് പത്രങ്ങളില്‍ അമ്പലവാര്‍ത്തകള്‍ സജീവമായി വരുകയും അതുപോലെ മറ്റു മത മാനേജ്മെന്റ് പത്രങ്ങളില്‍ അതാത് ഉത്സവങ്ങള്‍ക്ക് പ്രാധാന്യം കൈവരുകയും ചെയ്യുന്നു എന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യുന്നു.എന്നിട്ടും ഇവര്‍ നിഷ്പക്ഷരും നിഷ്കളങ്കരും ആയി തുടരുകയും ചെയ്യുന്നു.
                     എന്നാല്‍ നമുക്കറിയാം ഇത്തരം ആഘോഷങ്ങള്‍ നമ്മുടെ ജീവിതദുരിതങ്ങള്‍ കൂട്ടാനല്ലാതെ ഒരിക്കലും നമ്മുടെ ദുരിതങ്ങള്‍ക്കൊരാശ്വാസമേകാന്‍ ഇവര്‍ക്കാവില്ല എന്ന്. നമ്മുടെ ജീവിതദുരിതങ്ങളെ ശമിപ്പിക്കാന്‍ നമ്മെ സഹായിക്കുന്ന ചിലവയുണ്ട് - സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ നടക്കുന്ന ബഹുജനപ്രക്ഷോഭങ്ങള്‍, ദുരിതങ്ങള്‍ക്കും കഷ്ടപ്പാറ്റുകള്‍ക്കും എതിരായുള്ള സംഘം ചേരലുകള്‍ ( അത് ഏത് രൂപത്തിലായാലും സ്വാഗതാര്‍ഹം) എന്നിവ. ഇത്തരം കാര്യങ്ങള്‍ ഈ പത്രങ്ങള്‍ മിക്കവാറും കാണാതെ പോവുകയോ അഥവാ കണ്ണില്‍പ്പെട്ടാല്‍ ഇതിലുണ്ടാവുന്ന നിസ്സാര അപഭ്രംശങ്ങളെ പര്‍വതീകരിച്ചുകാണുകയോ ആയിരിക്കും ഫലം.അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ശാസ്ത്രരംഗത്തുണ്ടാവുന്ന പുതുചലനങ്ങള്‍. ഈ ചലനങ്ങളില്‍ പുരോഗമനപരമായവക്കുമാത്രമേ നിലനില്‍പ്പുള്ളൂ എന്നതുകൊണ്ട് ഇതും ജനശ്രദ്ധയില്‍ വരേണ്ടതാവശ്യമാണ്.എന്നാല്‍ അത്തരം വാര്‍ത്തകളുടെ ഒരു പൊതുരൂപം കണ്ടിട്ടുണ്ടോ?
                  മിക്കവാറും പത്രത്തിന്റെ അവസാനപേജില്‍ ആരും കാണാത്ത മൂലയിലായിരിക്കും ഇവയുടെ സ്ഥാനം.ആ വാര്‍ത്തയുടെ മട്ട് മിക്കവാറു ഇതായിരിക്കും;“ചൊവ്വയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയെന്ന്” ഇനി വാര്‍ത്തയിലേക്ക് കടന്നാലോ?ചൊവ്വയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയെന്ന് നാസ അവകാശപ്പെട്ടു.അവരുടെ ------- പര്യവേഷണത്തിലാണീ വിവരങ്ങള്‍ ലഭ്യമായതെന്നും അവര്‍ അവകാശപ്പെട്ടു.” ഇങ്ങനെ ആകെ സംശയവും സംശയമയവുമാകും ഈ വാര്‍ത്ത.
                   ഈ വാര്‍ത്തകൊണ്ട് ആര്‍ക്കെന്തു ഗുണം. ഈ വാര്‍ത്ത ഇനി അവസാനപേജില്‍നിന്നും മുന്‍പേജിലേക്ക് മാറ്റിയാലും ആര്‍ക്കെന്തു ഗുണം? സര്‍വത്ര സംശയാസ്പദമാണല്ലോ വാര്‍ത്ത. എന്നാല്‍ കരളുരുകി വിളിക്കുന്നവര്‍ക്ക് മുന്നില്‍ വിളിപ്പുറത്തെത്തുന്ന ദേവിയെക്കുറിച്ചു വര്‍ണിക്കുമ്പോള്‍ ആര്‍ക്കും ഒരു സംശയവുമില്ല - എഴുതിയവര്‍ക്കും വായിക്കുന്നവര്‍ക്കും പ്രസിദ്ധീകരിക്കുന്നവര്‍ക്കും.
                 ഇനി ദൃശ്യമാധ്യമങ്ങളെടുക്കാം. ആഴ്ച്ചയിലൊരു ദിവസം മിക്കവാറും അരമണിക്കൂറവര്‍ ശാസ്ത്രപംക്തി കൈകാര്യം ചെയ്യുന്നു.അതും മിക്കവാറും ഇങ്ങനെയാര്യിരിക്കും - ദൈവത്തിന്റെ താല്പര്യത്താല്‍ ജര്‍മ്മനിയിലെ ഡോ.------------- ഉം ഡോ.------------ഉം സംയുക്തമായി വസൂരി പരത്തുന്നത് വൈറസുകളാണെന്ന് കണ്ടെത്തി.ഏതാണ്ട് ഇതേ രീതിയിലായിരിക്കും ശാസ്ത്രപംക്തി കൈകാര്യം ചെയ്യുന്നത്.ഇതുകൊണ്ടാര്‍ക്കെന്തു ഗുണം? ഇനി ആഴ്ചയിലൊരിക്കല്‍ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന്റെ പാപഭാരം കഴുകിക്കളയാന്‍ ബാക്കിയെല്ലാ ദിവസവും കുട്ടിച്ചാത്തനും ചോറ്റാനിക്കരയമ്മയും ദേവീ മാഹാത്മ്യവുമൊക്കെ സം‌പ്രേക്ഷണം ചെയ്യുകയും ജനം അത് കണ്ട് സായൂജ്യമടയുകയും ചെയ്യും.
                   എന്തിനാണ് നമ്മൂടെ മാധ്യമങ്ങളീ അഭ്യാസം നടത്തുന്നത്.നമുക്കറിയാം മനുഷ്യനെ മനുഷ്യനാക്കിയത്, അവന് ഇക്കണ്ട നേട്ടങ്ങളൊക്കെ നല്‍കിയത് ദൈവമല്ല ശാസ്ത്രം ആണെന്ന്,ശാസ്ത്രം ഒന്നുമാത്രമാണെന്ന്.മൃഗതുല്യമായി നായാടി കാട്ടില്‍ ജീവിച്ച മനുഷ്യനെ ഇന്നത്തെ ആധുനീകമനുഷ്യനാക്കിയത് ശാസ്ത്രം ഒന്നുമാത്രമാണെന്ന് ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും അറിയാം. ദൈവങ്ങള്‍ മനുഷ്യന്റെ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും നമുക്കറിയാം. എന്നാല്‍ അത് തുറന്ന് അംഗീകരിക്കാനും സാമാന്യജനത്തിനിടയില്‍ പ്രചരിപ്പിക്കാനും എന്തേ ഇക്കണ്ട മാധ്യമങ്ങള്‍ക്കൊക്കെ ഒരു മടി?
                   ഇക്കാര്യത്തില്‍ മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല എന്നതാണ് സത്യം.പണ്ടൊരിക്കല്‍ പ്രേതങ്ങളുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു; ഞാനെങ്ങിനെ ഉണ്ട് എന്നു പറയും, അത് യഥാര്‍ത്ഥത്തിലില്ലെങ്കിലൊ?എന്നാല്‍ അത് ഇല്ല എന്ന് എനിക്കെങ്ങിനെ പറയാന്‍ കഴിയും? രാത്രി വീട്ടില്‍ പോവുന്ന വഴി അത് ചാടി വീണ് എന്റെ കഴുത്തിനു പിടിച്ചാലോ?എങ്ങനെയുണ്ട്? ഏതാണ്ട് ഇതു പോലെ തന്നെയാണ് മിക്കവാറും നമ്മുടെ പൊതുപ്രവര്‍ത്തകര്‍.എന്തായിരിക്കും ഇതിന്റെ അനന്തരഫലം എന്നറിയാമോ? ഇതിന്റെ ഫലമാണ്, രാഹുകാലം കഴിഞ്ഞിട്ട് സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ കാത്തിരിക്കുന്ന യുക്തിവാദികള്‍.രാഹുകാലം കഴിഞ്ഞ് നടക്കുന്ന ഉല്‍ഘാടനസമ്മേളനത്തില്‍ സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഇവര്‍ മറക്കാറില്ല.അതു പോലെ തന്നെയാണ് അമ്പലത്തില്‍ പോയി തേങ്ങ ഉടച്ചിട്ട് ധര്‍ണ്ണ യിരിക്കാന്‍ വരുന്ന വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദക്കാര്‍.അതുപോലെ തന്നെ ഒരു ശാസ്ത്ര സാഹിത്യപരിഷദ് വേദിയില്‍ കേട്ട പ്രസംഗം ഇങ്ങനെ:- “അയ്യപ്പന്റെ കാര്യത്തില്‍ ഞാന്‍ എന്റെ ഇഷ്ടത്തിനു നില്‍ക്കും,അതു നിങ്ങള്‍ തടയരുത്.ബാക്കി എല്ലാ കാര്യത്തിനും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്” .അപ്പോള്‍ ഇതാണ് നമ്മുടെ നാടിന്റെ പൊതുസ്ഥിതി.പുരോഗമനപ്രസ്ഥാനങ്ങളിലുറച്ചുനില്‍ക്കുമ്പോള്‍ത്തന്നെ നേരെ വിരുദ്ധപ്രസ്ഥാനത്തിന്റെ വക്താവുക കൂടി ചെയ്യുക.ഇതിന് നമ്മുടെ മലയാളിക്ക് യാതൊരു ലജ്ജയുമില്ലാതായി എന്നു തന്നെയുമല്ല അതിലദ്ദേഹം അഭിമാനിക്ക കൂടിചെയ്യുന്നു എന്നതാണ് പരിഷത് കാരന്റെ പ്രസ്താവനയില്‍ കാണുന്നത്.( അതില്‍ നുണയൊട്ടുമില്ല സുഹൃത്തുക്കളെ,മുഴുവനും സത്യമാണ്.)
                     ഇതില്‍ ഡയലിക്റ്റിക്കല്‍ മറ്റെരിയലിസ്റ്റിക് കാരന്‍ പറയും, പെട്രോളിനു വില കൂടിയാല്‍ അത് ദൈവവിശ്വാസിയേയും നിരീശ്വരവിശ്വാസിയേയും ഒരേപോലെ തന്നെയാണ് ബാധിക്കുന്നത്.അരിയുടെ,പച്ചക്കറിയുടെ,നിത്യോപയോഗസാധനങ്ങളുടെ ഒക്കെയുള്ള വിലക്കയറ്റം വിശ്വാസിക്കും അവിശ്വാസിക്കും ഒരേപോലെയാണ് ബാധിക്കുക.അതിനോട് പ്രതിഷേധം രേഖപ്പെടുത്താനുള്ള സമരത്തില്‍ അതുകൊണ്ടുതന്നെ വിശ്വാസിക്കും അവിശ്വാസിക്കും ഒരേപോലെ പങ്കെടുക്കാം എന്ന്. പക്ഷെ ഇത് സംഭവിക്കുമ്പോള്‍ തന്നെ വിശ്വാസിയെ പറഞ്ഞു മനസ്സിലാക്കിക്കേണ്ടതുണ്ട്, ഈ സമരം മാത്രമല്ല,ഇതിലും വലിയ സമരം ഇതിന്റെ പിന്നാലെ വരുന്നുണ്ട്,.ആ സമരത്തോട് ആഭിമുഖ്യം പുലര്‍ത്തുവാന്‍ ഇന്നത്തെ ഈ സമരം ഒരു പരിശീലനമായി  മാറ്റും. ആ വലിയ സമരത്തില്‍ ,മനുഷ്യനെ മനുഷ്യനാക്കുന്ന സമരത്തില്‍,നിസ്വനേയും മനുഷ്യനാക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതിന് ദൈവവിശ്വാസം ഒരു തടസ്സമാണുമക്കളെ എന്നു പറഞ്ഞു മനസ്സിലാക്കൊടുക്കുക എന്ന പ്രക്രിയ നിസ്സാരമല്ല.എന്നിട്ടും ഇതു ചെയ്യുവാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ മറക്കുന്നു.
Post a Comment