പിണറായി സംസാരിക്കുന്നു.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                      
                                         (പുതിയ ലക്കം ( 11 മാര്‍ച്ച് 2012, പുസ്തകം 50 ലക്കം 30) കേരളശബ്ദത്തില്‍ വന്ന സര്‍വശ്രീ.പിണറായി വിജയനുമായുള്ള അഭിമുഖം.അവരുടെ പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം മുഴുവന്‍ അച്യുതാനന്ദഹിംസയാണു നടന്നതെന്ന ആരോപണങ്ങളെ ശ്രദ്ധിക്കാതെ, അവിടെ നടന്ന ചര്‍ച്ചകളെ എങ്ങിനെ കേരളത്തിനുപയോഗപ്രദമായ പരിപാടികളാക്കി മാറ്റാമെന്നദ്ദേഹം വിവരിക്കുന്നു.പുതിയൊരു കേരളത്തിന്റെ നിമ്മിതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ അദ്ദേഹം നമ്മോട് വിവരിക്കുമ്പോള്‍ കേരളത്തിന്റേയും കേരളീയരുടേയും ഭാവിയില്‍ ഉല്‍ഘണ്ഠായുള്ള ഒരു നേതാവായി അദ്ദേഹം മാറുന്നു.സമാനമനസ്കരുടേ ഉല്‍ഘണ്ഠകളും സംശയങ്ങളും ഒരു ജനകീയപാര്‍ട്ടിയുടെ നേതാവിന്റെ സ്ഥാനത്തുനിന്ന് പരിഹാരം നിര്‍ദ്ദേശിക്കുന്നു.വായിക്കുക...........................) 
                                      കേരളത്തിലെ പ്രശസ്ഥമായ ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യവാചകമുണ്ട് - ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍.... സി പി ഐ (എം)ന്റെ സംസ്ഥാനസെക്രട്ടറിയായി അഞ്ചാമതു പ്രാവശ്യവും പിണറായി വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ സി പി എമ്മിലും ചരിത്രം വഴിമാറുകയാണ്, ഈ പിണറായിക്കാരനുവേണ്ടി.കേരളത്തിലെ സി പി എമ്മിന്റെ ചരിത്രത്തില്‍ ഇത്രയും പ്രാവശ്യം ഇത്രയും കാലം അതിന്റെ നേതൃത്വം കയ്യാളിയ മറ്റൊരു നേതാവില്ല; സമീപഭാവിയില്‍ ഉണ്ടാകുവാനും പോകുന്നില്ല.
                               സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ‘കേരളശബ്ദ‘വുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ പാര്‍ട്ടിക്ക് ഇന്നലേകളില്‍ പറ്റിയ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞുകൊണ്ട് , അതിനു കണ്ടുവച്ചിട്ടുള്ള പരിഹാരമാര്‍ഗങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വിവാദങ്ങളിലേക്ക് പോകാതെ സംസാരിക്കുകയാണ് പിണറായി വിജയന്‍.
ചോദ്യം:- ഇടതുപക്ഷ മതേതരശക്തികളുടെ ഐക്യം എന്നത്തേയും കാള്‍ കൂടുതലായി രാജ്യം ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് തുടര്‍ച്ചയായ അഞ്ചാമതു പ്രാവശ്യവും താങ്കള്‍ സി പി ഐ( എം)ന്റെ സംസ്ഥാനസെക്രട്ടറിയായിട്ടുള്ളത്.ഇതൊരു ചരിത്രപരമായ ദൌത്യമാണെന്നു പറയാമെങ്കില്‍ ആ ദൌത്യനിര്‍വഹണത്തിന് താങ്കള്‍ കാണുന്ന മാര്‍ഗങ്ങള്‍ ഏന്തൊക്കെയാണ്?
                              ഞങ്ങളുടെ സമ്മേളനം ചര്‍ച്ച ചെയ്ത ഒരു പ്രധാന കാര്യം പാര്‍ട്ടി കുറേക്കൂടി ശക്തിപ്പെടണം എന്നതാണ്; എല്‍ ഡി എഫ് ഒന്നുകൂടി ജനപിന്തുണ ആര്‍ജിക്കണം.ഇതില്‍ പാര്‍ട്ടിയെക്കുറിച്ചുപറഞ്ഞാല്‍ കേരളത്തില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള പാര്‍ട്ടി സി പി ഐ(എം) ആണ്.സംഘടനാപ്രവര്‍ത്തനം നല്ല നിലയില്‍ നടക്കുന്ന പാര്‍ട്ടിയാണ്. കെരളത്തിലെ മറ്റുപാര്‍ട്ടികളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള കാര്യമാണത്.എന്നുകരുതി ഞങ്ങള്‍ പൂര്‍ണ സംതൃപ്തരല്ല.കാരണം ജനപിന്തുണയുടെ കാര്യമെടുത്താല്‍ നമ്മുടെ സംസ്ഥാനത്ത് എല്ലാവിഭാഗം ജനങ്ങളേയും ഒരേപോളെ സ്വാധീനിച്ചിട്ടുള്ള പാര്‍ട്ടി സി പി ഐ(എം) ആണ്.അതില്‍ ഏറ്റക്കുറച്ചിലുണ്ട് എന്നേയുള്ളു.ഏറ്റവും കുറഞ്ഞുകിടക്കുന്നത് മത-ന്യൂനപക്ഷവിഭാഗങ്ങളിലാണ്.എന്നാല്‍ മത-ന്യൂനപക്ഷവിഭാഗങ്ങളില്‍ ഏറ്റവും സ്വാധീനമുള്ളത് സി പി എമ്മിനാണുതാനും.പക്ഷെ മറ്റു വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍  ആ സ്വാധീനം ശരാശരി നിലവാരത്തിലേക്കുയര്‍ന്നിട്ടില്ല.കാരണം മത-ന്യൂനപക്ഷവിഭാഗങ്ങള്‍ മുന്‍പ് ഞങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു.കമ്യൂണിസ്റ്റുകാരുമായി ഒരു ബന്ധവും പുലര്‍ത്താന്‍ പാടില്ല എന്ന് ഒരു പ്രചരണം തന്നെ മതമേധാവികള്‍ അഴിച്ചുവിട്ടിരുന്നു.എന്നാല്‍ പിന്നീട് തങ്ങളുടെ യഥാര്‍ഥ ബന്ധു സി പി എം ആണെന്ന് ന്യൂനപക്ഷവിഭാഗത്തിലെ ബഹുജനങ്ങള്‍ തിരിച്ചറിഞ്ഞു.അത് പ്രവര്‍ത്തനത്തിലൂടെ വന്ന തിരിച്ചറിവാണ്.
                             അതില്‍ നമ്മുടെ നാട്ടില്‍ ഒരു പ്രത്യേകമാറ്റം കാണുവാന്‍ കഴിഞ്ഞത് 2006 ലെ തെരഞ്ഞെടുപ്പിലായിരുന്നു.2004 ലും 2005 ലും 2006 ലും ഇവിടെ തിരഞ്ഞെടുപ്പുകള്‍ നടന്നു.ഈ മൂന്ന് തിരഞ്ഞെടുപ്പുകളിലും സി പി എമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും വലിയതോതില്‍ സ്വാധീനംനേടുവാന്‍ കഴിഞ്ഞു.അതിന് പലഘടകങ്ങളുണ്ട്.അതിലൊരു ഘടകം അന്ന അധികാരത്തിലിരുന്ന യു ഡി എഫ് ഗവണ്മെന്റ് സ്വീകരിച്ച ജനവിരുദ്ധനടപടികളില്‍ ജനങ്ങള്‍ കടുത്ത അസംതൃപ്തരായിരുന്നു എന്നതാണ്.പുരോഹിതര്‍ക്കും മറ്റും തല്ലുകൊള്ളുന്ന സ്ഥിതിയുണ്ടായി.ഗവണ്മെന്റിന്റെ പല നടപടികളും വഴിവിട്ട പരിപാടികളായിരുന്നു.ആ തിരഞ്ഞെടുപ്പില്‍ മത-ന്യൂനപക്ഷത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് നല്ലതുപോലെ ലഭിച്ചു.അതിന്റെ പ്രത്യക്ഷത്തിലുള്ള ഒരുദാഹരണമായിരുന്നു ,2006 ല്‍ നിയമസഭാതിരഞ്ഞെടുപ്പുകഴിഞ്ഞശേഷം ഞങ്ങളുടെ മത്തായി ചാക്കോ മരണപ്പെട്ടു പോയതുകൊണ്ട് തിരുവമ്പാടിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പ്.മതന്യൂനപക്ഷത്തിനു ഭൂരിപക്ഷമുള്ള മണ്ഡലം; എല്ലാക്കാലത്തും യു ഡി എഫിന് അനായാസേന ജയിച്ചുകയറാന്‍ വിജയിച്ചുവരാന്‍ കഴിയുന്ന മണ്ഡലം;നിയമസഭാതിരഞ്ഞെടുപ്പില്‍ ഒന്നു വഴുതിപ്പോയെന്നു മാത്രം,വീണ്ടും തിരിച്ചുപിടിക്കാം.ഈ ധാരണയോടെയാണ് യു ഡി എഫ് പ്രവര്‍ത്തനം നടത്തിയത്.തെരഞ്ഞെടുപ്പു രംഗത്ത് അവര്‍ മതവികാരം ഇളക്കിവിടാനുള്ള ശ്രമം വരെ നടത്തി.പക്ഷെ എല്‍ ഡി എഫ് ആണ് വിജയിച്ചത്.ആ ജയമാണെങ്കില്‍ ആറുമാസം മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടിക്കൊണ്ടായിരുന്നു.അപ്പോഴാണ് കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതായി യു ഡി എഫിനു ബോധ്യമായത്.തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ കേന്ദ്രഗവണ്മെന്റടക്കം പങ്കുവഹിച്ചു.കേന്ദ്രമന്ത്രിമാരടക്കം ഇവിടെവന്ന് മതാദ്ധ്യക്ഷന്മാരെ കണ്ട് സി പി എമ്മിനെതിരായി ശക്തമായ നിലപാടെടുക്കണമെന്ന നിലയിലാണ് കാര്യങ്ങള്‍ നീക്കിയത്.ഇടതുപക്ഷ ജനാധിപത്യമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുമ്പോള്‍ ആ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ആദ്യം ദുര്‍ബലമാക്കേണ്ടത് സി പി എമ്മിനെയാണെന്ന് അവര്‍ തിരിച്ചരിഞ്ഞു.അതിന്റെ ഭാഗമായിട്ടായിരുന്നു അവരുടെ നീക്കങ്ങള്‍.എല്‍ ഡി എഫ് സ്വീകരിച്ച ചില തെറ്റായ സമീപനങ്ങള്‍ കൊണ്ടാണ് അല്ലെങ്കില്‍ ചില വകുപ്പുകളില്‍ ചില നടപടികളെടുത്തതുകൊണ്ടാണ് ,അതുമല്ലെങ്കില്‍ അവരോട് പ്രകോപനപരമായി പെരുമാറിയതുകൊണ്ടാണ് തങ്ങള്‍ ഇങ്ങനെയൊരു കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നെല്ലാം അവര്‍ വ്യാഖ്യാനങ്ങള്‍ നല്‍കി.യഥാര്‍ത്ഥത്തില്‍ മത-ന്യൂനപക്ഷങ്ങളും സി പി എമ്മുമായി വളരെ മോശമായ ബന്ധം വളര്‍ത്താന്‍ വേണ്ടിയുള്ള നീക്കങ്ങളാണ് അവരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്.അതിന്റെ ഫലമായിട്ടാണ് ബന്ധം വഷളായത്.
                           ഇതില്‍ കാണേണ്ട ഒരു വസ്തുതയുണ്ട്; മത-ന്യൂനപക്ഷം ആകെക്കണ്ട് ഒന്നിച്ചെതിരാവുകയായിരുന്നില്ല.അതിലെ പ്രബലവിഭാഗം - ഒരുകൂട്ടം മത പുരോഹിതര്‍ രാഷ്ട്രീയം കൂടെയുള്ളവരായിരുന്നു,അവര്‍ എല്‍ ഡി എഫ് ഗവണ്മെന്റിനും സി പി എമ്മിനും എതിരായുള്ള വലിയ പ്രചാരണങ്ങള്‍ ആരംഭിച്ചു.അതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ന്യൂനപക്ഷത്തിലെ തന്നെ മറ്റ് വിഭാഗങ്ങള്‍ അത് ശരിയല്ലസി പി എമ്മിനെ അങ്ങനെ എതിര്‍ക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചു.കേരളത്തിനു പുറത്ത്, നമ്മുടെ രാജ്യത്തിനകത്തൂള്ള, ഇവിടെ ഞങ്ങളെ ശക്തമായി എതിര്‍ക്കുന്ന വിഭാഗത്തിന്റെയാലുകള്‍തന്നെ- ബിഷപ്പുമാരടക്കം ഇങ്ങനൊരു നിലപാടിലായിരുന്നു.സി പി എമ്മിനോട് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും,അവിടങ്ങളിലെല്ലാം അവരെ സഹായിക്കുന്നത് സി പി എം ആണെന്നും ,ഒറീസ്സയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ വാദിച്ചു.പക്ഷെ കഴിഞ്ഞ ലോക് സഭാതിരഞ്ഞെടുപ്പില്‍ എന്നിട്ടും അതിന്റെ മൂര്‍ധന്യദശയിലുള്ള സമീപനമാണ് കണ്ടത്.എന്നാല്‍ അത്തരമൊരു സമീപനം ശരിയല്ല എന്ന് പിന്നീടവര്‍ക്ക് ബോധ്യമായി.
                        ഇങ്ങനൊരു ശ്രമം മുസ്ലീം വിഭാഗത്തിനിടയിലും നടത്തി.മുസ്ലീം വിഭാഗത്തില്‍ നിരവധി മതസംഘടനകളുണ്ട്.ആ മത സംഘടനകളെ ഉപയോഗിച്ചുകൊണ്ട് ഒരു മുസ്ലീം ഏകീകരണത്തിനാണ് അവര്‍ ശ്രമിച്ചത്.പക്ഷെ ഏകീകരണം  അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ വിജയിച്ചില്ല എങ്കിലും ഒരു പരിധിയോളം മുസ്ലീം വിഭാഗത്തെ ഒപ്പം നിറുത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞു.ആ കൂട്ടത്തില്‍ ഞങ്ങളെ സഹായിക്കുന്നവരെയടക്കം അവര്‍ കൂടെ നിറുത്തി.അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല.അതായത്,ഞങ്ങളുമായുള്ള ബന്ധം മോശമാകുന്നതിനിടയാക്കിയ കാരണം ഒന്നുമില്ല.പക്ഷെ ഇങ്ങനൊരവസ്ഥ വന്നപ്പോള്‍ അവര്‍ക്ക് നല്ലതുപോലെ ഏകീകരണത്തിനു കഴിഞ്ഞു.
                         ഇത്തരം ഒരു സാഹചര്യമാണ് കഴിഞ്ഞ രണ്ട് മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കണ്ടത്.എന്നാല്‍ ഇക്കഴിഞ്ഞ നിയമാഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടമായപ്പോഴേക്കും ഈ യാഥാര്‍ത്ഥ്യം ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.അതടക്കം കണക്കിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്.ആ പ്രവര്‍ത്തനത്തിനു നല്ല ഫലമുണ്ടാക്കാന്‍ കഴിഞ്ഞു.

2 comments :

  1. ഞങ്ങളുടെ സമ്മേളനം ചര്‍ച്ച ചെയ്ത ഒരു പ്രധാന കാര്യം പാര്‍ട്ടി കുറേക്കൂടി ശക്തിപ്പെടണം എന്നതാണ്;...

    yep.. never think how to improve the state economy.. always think how to get more comrades :)

    ReplyDelete
    Replies
    1. ശ്ശോ എനിക്കു വയ്യ, സ്റ്റേറ്റ് എക്കണോമി എങ്ങനെ നന്നാക്കാം എന്ന് ചിന്തിച്ച് ചിന്തിച്ച് ശരീരം മെലിഞ്ഞ് ഉറക്കമില്ലാതെ ഇവിടെ മുക്കുവന്‍ ചേട്ടന്‍ വിഷമിക്കുമ്പോള്‍ അവിടെ പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്തത് എങ്ങനെ സഖാക്കളുടെ എങ്ങനെ കൂട്ടാമെന്ന്? മുക്കുവന്‍ ചേട്ടനിതെങ്ങനെ സഹിക്കും?അങ്ങ് തിരുവന്തോരത്ത് നിയമസഭേല്‍ പൊലും ഇത് ചര്‍ച്ചിക്കുന്നില്ല,അതില്‍ മുക്കുവന്‍ ചേട്ടനൊരു വിഷമോം ഇല്ല. പിന്ന്യേണ് പാര്‍ട്ടി സമ്മേളനം.അതൊക്കെ ഞങ്ങടെ കാങ്രസ്സ് സമ്മേളനം കണ്ടോ? സമ്മേളനഗേറ്റ് കടന്നാല്‍ എങ്ങനെ എക്കണോമി നന്നാക്കാമെന്ന ഒരൊറ്റചിന്തയേയുള്ളൂ ഞങ്ങള്‍ക്ക്.നാറിയ പാര്‍ട്ടിക്കാരതൊക്കെ ഒന്ന് കണ്ട് പഠിക്കേട്ടെന്നെ!

      Delete