അറിയാനുള്ള അവകാശം

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                        കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ പത്രവിതരണക്കാര്‍ സമരത്തിലാണ്. സമരം വളരെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒരു പ്രതിഭാസമായിരുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍.ആദ്യം മെമ്മോറാണ്ട സമര്‍പ്പണം, പിന്നെ അവകാശദിനാചരണം,ധര്‍ണ്ണ, സൂചനാപണിമുടക്ക് എന്നീ നിലവിലുള്ള അനുഷ്ഠാനങ്ങളൊക്കെ കഴിഞ്ഞാണ് അവര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
                                സമരം ചെയ്യുന്നവരുടെ ആവശ്യം വളരെ മിതമാണ്. കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ച കമ്മീഷന്‍ വ്യവസ്ഥകളാണ് ഇന്ന് നിലവിലുള്ളത്.ആ നാല്‍പ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ പത്രവിലകളില്‍ എത്ര വ്യത്യാസം വന്നു എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ.അതൂ‍പോകട്ടെ, മറ്റു നിത്യോപയോഗസാധനങ്ങള്‍ക്ക് വന്ന വിലവ്യത്യാസം എത്രയാണെന്ന് ആലോചിച്ചുനോക്കുക.കമ്മീഷന്‍ ഏറ്റവും മിനിമം വര്‍ദ്ധിപ്പിച്ചു കിട്ടുന്നതിനാണീ സമരം.നിലവില്‍ മനോരമ,മാതൃഭൂമി, കേരള കൌമുദി തുടങ്ങിയ വന്‍‌കിട കുത്തകപത്രങ്ങളെ മാത്രമേ ബാധിച്ചുള്ളൂ.ദേശാഭിമാനി തുടങ്ങിയ പത്രങ്ങളില്‍ സമരമില്ല.റേറ്റ് കൂട്ടിക്കൊടുത്തുകാണണം.
                   ഏതായാലും സമരം ആരംഭിച്ചു.മനോരമ മാതൃഭൂമി തുടങ്ങിയ പത്രങ്ങളുടെ വിതരണം നിലച്ചു.ആവശ്യത്തിനു സമയം കിട്ടിയിട്ടും പ്രശ്നം പരിഹരിക്കാന്‍ ചെറുവിരലനക്കാത്തവര്‍ സമരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നുണ പ്രചരണം ആരംഭിച്ചു.ഇവരുയര്‍ത്തിയ ഏറ്റവും വലിയ നുണപ്രചരണമായിരുന്നൂ “ജനങ്ങളുടെ അറിയാനുള്ള അവകാശം” എന്നത്.വാര്‍ത്തകള്‍ അറിയുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും ഇതുനിഷേധിക്കുക എന്നത് ജനങ്ങളുടെ ഈ അവകാശത്തെ നിഷേധിക്കുന്നതിനും കാരണമാണെന്നുമാണ് മാധ്യമ കുത്തകകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.അപ്പോഴെനിക്കീ കുത്തകകളോട് ചോദികാനുള്ളത് സമരം ചെയ്യുന്ന പാവം വിതരണക്കാരന് മാന്യമായി ജീവിച്ചുമരിക്കാനുള്ള അവകാശമില്ലേ എന്നാണ്.കാരണം ഇവരുടെയൊക്കെ പ്രചരണം കണ്ടാല്‍‌തോന്നുക,ജനങ്ങളുടെ ജീവനേക്കള്‍ വലുത് അവന്റെ അറിയാനുള്ള അവകാശം ആണെന്നാണ്.
                        ഇനി ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം  ഇവര്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത് എങ്ങനെയാണെന്നറിയാമോ?ഒന്നു രണ്ടു സാമ്പിള്‍ നമുക്ക് നോക്കാം.അതിനുമുന്‍പ് ഒരു കാര്യം സൂചിപ്പിക്കാനുള്ളത് നമ്മൂടെ കോണ്‍ഗ്രസ്സ് നേതാക്കന്മാരെല്ലാം, കേന്ദ്രമന്ത്രി വയലാര്‍ രവി മുതല്‍ ഇങ്ങുതാഴെ രമേശ് ചെന്നിത്തല വരേയുള്ളവര്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനായി പോരാടുന്നതുകാണുമ്പോള്‍ ചിരിയാണു വരുന്നത്.പണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഈ രാജ്യത്തെ മൊത്തം ജനത്തിന്റേയും അറിയാനുള്ള അവകാശത്തിന്റെ കടയ്ക്കല്‍ കത്തിവച്ച പാര്‍ട്ടിയുടെ നേതാവാണ് രമേശനും വയലാറും എന്നുകൂടി ഓര്‍ക്കുന്നത് നന്ന്.
                    ഇനി ഈ കണ്ണീരൊഴുക്കുന്ന പത്രങ്ങള്‍ എങ്ങനെയാണ് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ കൈകാര്യം ചെയ്തതെന്നറിയണം.സമീപകാലത്തുനിന്നും ചില സാമ്പിളുകള്‍ മാത്രം.
1.കേന്ദ്രഗവണ്മെന്റ് റെയില്‍‌വേ ബഡ്ജറ്റ് വഴി ജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്നു.കേരളത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞ ഒരു ബജറ്റായിരുന്നൂ അത്.എല്ലാ പത്രങ്ങളും പ്രതിഷേധം പ്രകടിപ്പിച്ചാണ് പിറ്റേന്ന് പുറത്തിറങ്ങിയത്.എന്തിന് കേരളത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരാത്ത ബജറ്റെന്ന് ശ്രീ.ഉമ്മന്‍‌ചാണ്ടി പോലും പ്രസ്താവനയിറക്കി.എന്നാല്‍ മനോരമയുടെ പിറ്റേന്നത്തെ മുഖ്യതലക്കെട്ട് വി എസിന്റെ അഭിസാരിക പ്രയോഗം.എന്താ മനോരമ വായനക്കാര്‍ക്ക് റെയില്‍‌വേ നമ്മെ വഞ്ചിച്ച കഥയറിയാനുള്ള അവകാശമില്ലേ?ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു ഇവിടെ യാതൊരു വിലയുമില്ലേ മനോരമേ?
2.ലാവലിനും ശ്രീ പിണറായി വിജയനുമായി ബന്ധപ്പെടുത്തി ഇവര്‍ കെട്ടഴിച്ചിവിട്ട നുണപ്പെരുമഴ ,ദേശാഭിമാനി കെട്ടിയുയര്‍ത്താന്‍ ശ്രമിച്ച പ്രതിരോധം തകര്‍ത്ത് ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാനായിരുന്നു എന്ന് അന്നവര്‍ അവകാശപ്പെട്ടെങ്കിലും, പിന്നീട് അതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞു.എന്നിട്ട് ഈ പത്രങ്ങള്‍ അന്നത്തെ അവകാശവാദത്തിലൊന്നെങ്കിലും തിരുത്തിപ്പറഞ്ഞോ?ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ബാധിക്കുന്നതല്ലെ?
3.മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷജനാധിപത്യമുന്നണിക്കുമെതിരായി എത്രയോ നുണകള്‍ ഇവര്‍ പ്രചരിപ്പിച്ചിരിക്കുന്നു.പിന്നീട് തെറ്റെന്നു തെളിയുമ്പോള്‍ മൌനം ദീക്ഷിക്കുകയല്ലാതെ ഏതിലെങ്കിലും ഒരു കാര്യത്തില്‍ ഇവര്‍ തെറ്റേറ്റുപറഞ്ഞതായി കാണിച്ചു തരാമോ?ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ബാധിക്കുന്നതല്ലെ?
4.ലാവലിനുമുന്‍പ് ശ്രീ.പിണറായി വിജയനെതിരെ ക്രൈം നന്ദകുമാര്‍ ചില ആരോപണങ്ങളുന്നയിച്ചു.മാതൃഭൂമി അതേറ്റെടുത്ത് പ്രചരിപ്പിച്ചു.പിണറായി വിജയന് സിങ്കപ്പൂരില്‍ ലീല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ വ്യവസായസ്ഥാപനമുണ്ടെന്നും ഇതിനു തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന മട്ടിലായിരുന്നു മാതൃഭൂമി പ്രചരണം.ഇതേക്കുറിച്ച് കേന്ദ്ര ഇന്റലിജെന്‍സ് ബ്യൂറോ വിശദമായി അന്വേഷണം നടത്തി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.എന്നിട്ട്, ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിച്ചതിന് മാതൃഭൂമി എന്തെങ്കിലും തരത്തില്‍ ക്ഷമാപണം നടത്തിയോ?
5.ഈ വിതരണക്കാരന്റെ സമരകാലത്ത്, സമരം മാര്‍ക്സിസ്റ്റുപാര്‍ട്ടി പടച്ചുവിട്ടതാണെന്ന പ്രചരണം ഇവര്‍ ശക്തമായി നടത്തുന്നു.ഇതിനെന്തെങ്കിലും തെളിവ് ഇവരുടെ കയ്യിലുണ്ടോ?ഇവര്‍ നല്ലരീതിയില്‍ കമ്മീഷന്‍ വിതരണക്കാരനുനല്‍കുന്നുണ്ടോ? അതോ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ദുരുപയോഗം ചെയ്ത് ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണോ?
                        സമരം വിജയിക്കുകയോ വിജയിക്കാതിരിക്കുകയോ ചെയ്യാം.പക്ഷെ നാളിതുവരേ തങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ടിരുന്ന ഒരു കാര്യം - ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ - തങ്ങളുടെ സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി മാത്രം വളച്ചൊടിച്ചുപയോഗിക്കുന്നത് അധമമായ പ്രവര്‍ത്തിയാണ് എന്നുമാത്രം ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.
Post a Comment