പിറവം ഉപതിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം!

**msntekurippukal | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                              പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടികൾ തകർത്തു നടക്കുന്ന ഒരു ദിവസം രാവിലെ ഞാനും എന്റെ മേലാപ്പീസറും കൂടി കാറിൽ സഞ്ചരിക്കുകയായരിരുന്നു.അപ്പോൾ പലകാര്യങ്ങളും ചർച ചെയ്ത കൂട്ടത്തിൽ അങ്ങേരെന്നോടൊരു ചോദ്യം, എമ്മെസ്സെ പിറവത്ത് ആരു ജയിക്കും?ഞാൻ പറഞ്ഞു, എന്തു സംശയം സാറേ, എൽഡി എഫ് തന്നെ ജയിക്കും.ഉടനെ വന്നു അങ്ങേരുടെ മറുപടി, "അതങ്ങ് പള്ളീ ചെന്നു പറഞ്ഞാമതി." എനിക്ക് അൽഭുതം തോന്നി.കാരണം അങ്ങേരാണെങ്കിൽ കറതീർന്ന ഒരു മാർക്സിസ്റ്റനുഭാവി.ഞാനാണെങ്കിലോ ദിവസവും ദേശാഭിമാനി ദിനപത്രവും കേരള കൗമുദി ദിനപത്രവും അരച്ചു കുടിക്കുന്നയാളും. അതിനിടയിലൊരു ദിവസത്തെ മനോരമയിൽ എൽ ഡി എഫ് മുന്നിലെന്ന് സാമാന്യം വലിയ തലക്കെട്ട് വാർത്തയും കണ്ട് സായൂജ്യമടഞ്ഞിരിക്കുകയണ്.പോരാത്തേതിന് കേരള കന്മുദിക്കുപോലും സംശയമില്ല പിറവത്താരു ജയിക്കുമെന്ന്!അന്നേരമാണ് ഒരു മാർക്സിസ്റ്റായ എന്റെ മേലധികാരി പള്ളിയിൽ പോയി പറയാൻ പറയുന്നത്.ഞാൻ ചോദിച്ചു,അതെന്താ സാറെ അങ്ങനെ പറയുന്നത്.
                                 കണ്ണൂക്കാരനായ ആ മാർക്സിസ്റ്റ് സഖാവ് എന്നോട് പറഞ്ഞു "എമ്മെസ്സെ, ഞാനെങ്ങനാ മാർസക്സിസ്റ്റായതെന്ന്, അല്ലെങ്കിൽ ഞങ്ങടെ നാട്ടുകാരെന്താ മാർക്സിസ്റ്റായതെന്ന് നിനക്കറിയാമ്മോ?പണിയില്ലാതെ അലഞ്ഞു നടക്കുന്ന ഞങ്ങളെല്ലാം വൈന്നേരമാവുമ്പം ചെന്നടിയുന്നത് ക്ലബ്ബിൽ കാരം ബോർഡ് മുട്ടാനാണ്. അതാണ് പണിയില്ലാത്ത ഞങ്ങടെയൊക്കെ മയിൻ പണി.ഇതിനിടക്ക് ഒരുത്തൻ വന്ന് ഈ കൊടിയൊന്ന് പിടിച്ചുതാന്ന് പറയും,വേറെ പണിയൊന്നുമില്ലാല്ലോ,ഞങ്ങൾ കൊടിപിടിക്കാനും പോസ്റ്റൊറൊട്ടിക്കാനും ഒക്കെ പോകും.ഇക്കൂട്ടത്തിൽ ബിജെപിക്കാരന്റെ ചെക്കനും കോൺഗ്രസുകാരന്റെ ചെക്കനുമൊക്കെയുണ്ടാകും.അങ്ങനെ അങ്ങനെ പതുക്കെ പതുക്കെ ഞങ്ങളൊക്കെ മാർക്സിസ്റ്റാകും!എന്നാൽ ഇന്ന് പണിയില്ലാതെ നടക്കുന്നവനാരുണ്ടെടാ? ഇന്ന് പണിയില്ലാത്തവൻ എന്നുവച്ചാൽ അവൻ മന്ദബുദ്ധി എന്നാണർത്ഥം. അപ്പോ ആദ്യം പൂട്ടിപ്പോയത് ഇത്തരം ക്ലബ്ബുകളാണ്.കാരണം അത് തുറന്നുവച്ചാൽ അവിടെപ്പോയി കളിക്കാനാളില്ല.പിറവം കാർക്ക് യുഡിഎഫ് ജയിച്ചാൽ കിട്ടാൻപോകുന്നത് ഒരു മന്ത്രിയെയാണ്,അതേസമയം എം ജെ ജേക്കബ് ജയിച്ചാലോ ഒന്നുംചെയ്യാൻ പറ്റാത്ത ഒരു പ്രതിപക്ഷ എം എൽ എ.അപ്പോ പിറവംകാർ ആർക്കോട്ടുചെയ്യും? ( റിസൽറ്റുവന്നപ്പോൾ അദ്ദേഹത്തിന്റെ പ്രവചനം ശരിയായി.മാർക്സിസ്റ്റുകാരെക്കൂടി അൽഭുതപ്പെടുത്തിക്കൊണ്ട് പന്തീരായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചു.)
                                       പലകാരണങ്ങളുംകൂടി ആ വിജയത്തിന്റെ പിന്നിലുണ്ട് എന്നു സൂക്ഷിച്ചുനോക്കിയാൽ കാണാം.പിറവം ഒരു യു ഡി എഫ് മൺഡലമാണെന്നത് അതിലൊന്ന്.ഭരണകക്ഷി സർവസീമയും ലംഘിച്ച് അവിടെ അഴിഞ്ഞാടിയെന്ന് മറ്റൊന്ന്.ഇതിലുമൊക്കെ ഉപരി മറ്റൊരുകാരണംകൂടിയുണ്ട്.ഇത്രയൊക്കെ കേന്ദ്രത്തിൽ യു പി എ ഗവണ്മെന്റ് പാവങ്ങളെ പിഴിഞ്ഞിട്ടും, കേരളത്തിലെ യു ഡിഎഫ് ഗവണ്മെന്റ് ഇത്രയൊക്കെ കാണിച്ചിട്ടും പിറവത്തെ ജനങ്ങളെ അതൊന്നും ഏശിയില്ലെന്നതണ് സത്യം.ഇത്രയൊക്കെ മാർക്സിസ്റ്റ് പാർട്ടി പ്രചരണം നടത്തിയിട്ടും,ജീവൽ പ്രധാനമായ ആവശ്യങ്ങളുയർത്തി സമരം നടത്തുന്ന നേഴ്സുമാർ അവിടെ യു ഡി എഫിനെതിരെ പ്രചരണം നടത്തിയിട്ടും പിറവത്തുകാർ പുറം തിരിഞ്ഞുനിന്നുകൊണ്ട് യു ഡി എഫിനോടുള്ള തങ്ങളുടെ കൂറ്  പ്രദർശിപ്പിച്ചു.എന്തെല്ലാം പ്രയാസങ്ങളും തടസ്സങ്ങളും അനുഭവപ്പെട്ടാലും തങ്ങളുടെ വോട്ടും കൂറും എന്നും എപ്പോഴും കോൺഗ്രസിനൊപ്പമായിരിക്കും എന്നവർ കാണിച്ചുകോടുത്തു.
                ഇതൊരു നല്ല കാര്യമാണ്, ഏതൊരു അന്തരാളഘട്ടത്തിലും വിശ്വാസം കൈവിടാതിരിക്കുക.ഇന്ന് അല്പമല്ല ധാരാളമായിത്തന്നെ കണ്ണീര്‍ കുടിച്ചാലും കൈപ്പുനീര്‍ കുടിക്കേണ്ടിവന്നാലും ഭാവിയില്‍ കോണ്‍ഗ്രസ്സ് നമുക്ക് നല്ലതേ വരുത്തൂ എന്ന വിശ്വാസത്തിന്റെ പുരത്തായിരിക്കണമല്ലോ ഇത്രയും ഉദാരവല്‍ക്കരണവും അതിന്റെ ദുരിതങ്ങളും മൂര്‍ഛിച്ചുനില്‍ക്കുമ്പോഴും കോണ്‍ഗ്രസിനെ അകമഴിഞ്ഞ് വാരിപ്പുണരാന്‍ പിറവംകാര്‍ തയ്യാറായത്.ഇതിനോട് താരതമ്യപ്പെടുത്താന്‍ ഈ ലോകത്ത് മറ്റൊന്നേയുള്ളൂ, ദൈവവിശ്വാസം.ഈ ലോകം ദുരിതങ്ങള്‍ നിറഞ്ഞതാണെന്നും ആ ദുരിതങ്ങള്‍ ദൈവത്തിന്റെ പ്രതീക്ഷയാണെന്നും അതിനെ അതിജീവിച്ചാല്‍ നാളെ സ്വര്‍ഗരാജ്യം നമുക്കുള്ളതാണെന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നു.ഹിന്ദുക്കളാകട്ടെ, കഷ്ടപ്പാടും കണ്ണുനീരും നിറഞ്ഞ ഈ ലോകം എന്നത് മായയാണെന്നും യാഥാര്‍ത്ഥ്യം  മറ്റെവിടയോ ആണെന്നും വിശ്വസിക്കുന്നു എന്നു തന്നെയുമല്ല മരിച്ച് മറുജന്മത്തില്‍ ലഭിക്കാവുന്ന ആ നല്ല ലോകത്തെ സ്വപ്നം കാണുന്നവരാണ്. മുസ്ലീമുകളാണെങ്കില്‍ അവര്‍ ദൈവത്തിന്റെ വിധിനാളില്‍ ദൈവത്തിന്റെ പുസ്തകത്തിലിടം നേടി സ്വര്‍ഗത്തിലെത്താന്‍ കാത്തിരിക്കുന്നവരും.
              എന്തുമാത്രം ഭോഷ്കാണീ കാര്യങ്ങളെല്ലാം എന്ന് ഒന്നാലോചിച്ചാല്‍ത്തന്നെ നമുക്ക് മനസ്സിലാകും. നമുക്കറിയാവുന്നത് ഇഹലോകം മാത്രമാണ്.സയന്‍സും സാങ്കേതികവിദ്യകളും ഇത്രമാത്രം പുരോഗമിച്ചിട്ടും മനുഷ്യന്റെ കാഴ്ച ഏതാണ്ട് പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭാഗത്തും ചെന്നെത്തിയിട്ടും ആ വാഗ്ദത്ത സ്വര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കുക.ഇതുമാത്രമല്ല അതിലെ തമാശ, ഏതാണ്ട് ദൈവത്തെ ആണ്ടൂ പൂണ്ട് വിശ്വസിക്കുന്ന എല്ലാവര്‍ക്കുമറിയാം ഈ പറയുന്ന അല്ലെങ്കില്‍ തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും നടക്കാത്തതാണെന്ന്.എങ്കിലും തങ്ങളുടെ പിതൃക്കള്‍ പണ്ടുമുതലെ വിശ്വസിച്ചുപോരുന്ന കാര്യം, അല്ലെങ്കില്‍ ചെറുപ്രായം മുതല്‍ തങ്ങള്‍ വിശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതും മറ്റുള്ളവരെ തങ്ങള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതുമായ ഒരു കാര്യം എന്നനിലയില്‍ വിശ്വസിക്കുന്നവരുണ്ട്.പക്ഷെ നമുക്കറിയാം ഇതൊരു വന്ധ്യമായ ചിന്തയാണെന്ന്,കാരണം ആ ചിന്തക്ക് ഈ ലോകത്ത് യാതൊരു വിലയുമില്ല, യാതൊരു ആനുകൂല്യങ്ങളും ഈ ചിന്തക്ക് ഈ ലോകത്ത് ലഭിക്കാനുമില്ല.എന്തെങ്കിലും കിട്ടാനുള്ളത് മരിച്ചുകഴിഞ്ഞിട്ട് അങ്ങേ ലോകത്ത് ചെല്ലുമ്പോഴാണ്.അതിനി പുരോഹിതന്മാരുടെ - അല്ലെങ്കില്‍ ദൈവവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ വാചകക്കസര്‍ത്തല്ലാതെ മറ്റ് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല താനും.
               ശാസ്ത്രീയം എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ കണ്ണും ചുകപ്പിച്ച് എന്നെ ക്രൂദ്ധരായി നോക്കുന്നവരെ എനിക്കുകാണാം.എന്തുശാസ്ത്രംഹേ,ലോകത്തുള്ള എല്ലാ കാര്യങ്ങളും കണ്ടുപിടിക്കാന്‍ നിങ്ങളുടെ ശാസ്ത്രത്തിനാവുന്നുണ്ടോ ഹേ, നിങ്ങള്‍ക്കും നിങ്ങളുടെ ശാസ്ത്രത്തിനും കണ്ടെത്താനാവാത്ത എത്രയോ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്, അതേപ്പറ്റി നിങ്ങള്‍ക്കെന്തു പറയാനുണ്ട് ഹേ, എന്നല്ലെ ആ നോട്ടത്തിനര്‍ത്ഥം?ശരിയാണ് സഹോദരാ, ശാസ്ത്രം മുഴുവനും ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ല, ശാസ്ത്രത്തിനു കണ്ടെത്താനാവാത്ത പലതും - അനേകായിരം കാര്യങ്ങള്‍ - ഈ പ്രപഞ്ചത്തിലുണ്ട് എന്നെല്ലാം നമുക്കറിയാം.അതോടൊപ്പം ശാസ്ത്രം കണ്ടു പിടിച്ച, അല്ലെങ്കില്‍ കണ്ടെത്തിയ എത്രയോ കാര്യങ്ങളുമുണ്ട്.അക്കാര്യങ്ങളാണ് ഈ ഭൂമിയിലെ മനുഷ്യന്റെ ജീവിതം ഇത്രയും സൌകര്യപ്രദമാക്കിയത്.ഒരു പനി വന്നാല്‍ നിങ്ങള്‍ ഇപ്പോഴും ഓടുന്നത് ദൈവസന്നിധിയിലേക്കാണോ അതോ ഡോക്ടറുടെ സന്നിധിയിലേക്കാണോ എന്ന് വളരെ വിനീതനായി ഞാന്‍ ചോദിക്കയാണ്.അപ്പോള്‍ നമുക്കൊരത്യാവശ്യം വരുമ്പോള്‍ ശാസ്ത്രത്തെ കൂട്ടു പിടിക്കുകയും പിന്നീട് നാട്ടുകാരുടെ മേല്‍ പ്രയോഗിക്കാന്‍ ദൈവവിശ്വാസവും എന്ന പരിപാടി മോശം തന്നെയല്ലെ?
                        ഇതേപോലെ  മോശം തന്നെയാണ് കോണ്‍ഗ്രസ്സ് വിശ്വാസവും എന്ന് ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു.പോയകാലത്ത് - കര്‍ത്താവ് വിശപ്പും ദാഹവും കൊണ്ടുവലഞ്ഞ ആ യാത്രികര്‍ക്ക് ആകാശത്തുനിന്നും മന്ന വര്‍ഷിച്ചപോലെ, ഗോവര്‍ദ്ധനഗിരി കയ്യിലുയര്‍ത്തി ഒരു ജനപദത്തെ മുഴുവന്‍ കാലവര്‍ഷത്തില്‍ നിന്നും രക്ഷിച്ചപോലെ - സ്വാതന്ത്ര്യസമരകാലത്ത് എന്തോ ജനങ്ങള്‍ക്കനുഗുണമായി ചെയ്തതിന്റെ ഓര്‍മ്മയില്‍ ഇന്നും കോണ്‍ഗ്രസ്സിനെ വിശ്വസിക്കുന്നുണ്ട് ചിലര്‍. കാലത്തിനനുസരിച്ച് കോണ്‍ഗ്രസിനു വന്ന മാറ്റം കാണാനുള്ള കണ്ണുകള്‍ കോണ്‍ഗ്രസ്സ് ഭക്തിയാല്‍ അടഞ്ഞുപോയവര്‍, അവരുടെ നിരന്തരമായ പ്രേരണയാല്‍, നാമജപത്താല്‍ ഇന്നും ഈ പ്രേമം തുടരുന്നവര്‍, അച്ഛനപ്പൂപ്പന്മാരായി തുടര്‍ന്നുവന്ന വിശ്വാസം മക്കളായ ഞങ്ങളായി അത് വേണ്ടെന്ന് വയ്ക്കാത്തവര്‍, ഇവര്‍ക്കൊക്കെ ഇന്ന് ഈ വിശ്വാസം നല്‍കുന്നത് കണ്ണീരുമാത്രം.
                   കോണ്‍ഗ്രസ്സ് കൊണ്ടുവരുന്ന ഓരോ ബജറ്റും നോക്കുക, കോര്‍പ്പറേറ്റ് മേഘലക്ക് വാരിക്കോരിക്കൊടുക്കുന്ന കോണ്‍ഗ്രസ്സ് അതിന്റെ അടിസ്ഥാനമായ ആം ആദ്മിയിലെത്തുമ്പോള്‍ അവരെ മറക്കുന്ന സമീപനമല്ലെ നടപ്പിലാക്കുന്നത്, ഉപ്പു തൊട്ട് കര്‍പ്പൂരം വരേയുള്ള സകലവസ്തുക്കള്‍ക്കും വിലകൂട്ടുമ്പോള്‍ അവരോട് കോണ്‍ഗ്രസ്സ് പറയുന്നത്, നല്ലൊരു നാളെക്കായി മുണ്ട് മുറുക്കിയുടുക്കാനാണ്. ഏതെങ്കിലും നേതാവ് മുണ്ട് മുറുക്കിയുടുക്കുന്നത് നാം കണ്ടിട്ടുണ്ടോ?ഏതെങ്കിലും ഒരു കോര്‍പ്പറേറ്റ് സെക്ടര്‍ മാന്യമായി - അവരുടെ തൊഴിലാളികളെ പീഡിപ്പിക്കാതെ - ചെലവുചുരുക്കുന്നത് കണ്ടിട്ടുണ്ടോ? അപ്പോ മുണ്ട് മുറുക്കി രാജ്യസേവ ചെയ്യേണ്ടത് ആം ആദ്മി, അതുപയോഗിച്ച് സുഖമായി വെട്ടിവിഴുങ്ങിക്കഴിയേണ്ടത് ദൈവവും.ദൈവസന്നിധിയിലും ഇതുതന്നെയല്ലെ സ്ഥിതി? ദുരിതവും കഷ്ടപ്പാടും പാവപ്പെട്ട ഭക്തര്‍ക്ക്, അതിന്റെ ആനുകൂല്യങ്ങള്‍ പറ്റി തടിച്ചുകൊഴുക്കുന്നത് പുരോഹിതവര്‍ഗവും.
                     അപ്പോള്‍ എനിക്ക് പിറവംകാരോട് - പിറവംകാരോട് മാത്രമല്ല എല്ലാവരോടും - പറയാനുള്ളത് അല്പസ്വല്പം ശാസ്ത്രീയതയും യുക്തിപരതയും നമ്മൂടെ ജീവിതത്തില്‍ കാണിക്കുകയും അങ്ങനെ നമ്മുടെ ജീവിതം മധുരമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്.
          

6 comments :

  1. അപ്പോള്‍ എനിക്ക് പിറവംകാരോട് - പിറവംകാരോട് മാത്രമല്ല എല്ലാവരോടും - പറയാനുള്ളത് അല്പസ്വല്പം ശാസ്ത്രീയതയും യുക്തിപരതയും നമ്മൂടെ ജീവിതത്തില്‍ കാണിക്കുകയും അങ്ങനെ നമ്മുടെ ജീവിതം മധുരമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്.

    ReplyDelete
  2. പിറവത്ത് സി പി എം തോറ്റതുകൊണ്ട്, അവിടത്തെ ആളുകള്‍ക്ക് ശാസ്ത്രീയതയും യുക്തിപരതയും ഇല്ല എന്നൊക്കെ പറയണമെങ്കില്‍ അസാമന്യമായ വിവരദോഷം വേണം.

    ഇതുപോലെ വിചിത്രമായ വിശകലങ്ങള്‍ എഴുതുന്ന താങ്കളോട് സഹതാപം ​തോന്നുന്നു. പിറവം കാര്‍ ദൈവ വിശ്വാസികളായതുകൊണ്ട് സി പി എം തോറ്റു എന്നൊക്കെ പറയുന്നത് അല്‍പ്പത്തരമെന്നേ പറയേണ്ടു. 2006 ല്‍ അവര്‍  ദൈവവിശ്വാസം ഉപേക്ഷിച്ചതു കൊണ്ടായിരിക്കുമല്ലോ അന്ന് സി പി എം ജയിച്ചത്.

    കേരളത്തില്‍ സി പി എമ്മിനു 30 % വോട്ടുകളുണ്ട്. ഈ വോട്ടു ചെയ്യുന്ന മനുഷ്യരൊക്കെ നിരീശ്വരവാദികളാണെന്ന കണ്ടു പിടുത്തത്തിനു നല്ല നമസ്കാരം പറയാതെ വയ്യ. സി പി എം സ്ഥിരം ജയിക്കുന്ന അനേകം മണ്ഡലങ്ങളുണ്ട്. അവിടമൊക്കെ നിരീശ്വരവാദികളേക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ മാര്‍ക്സ് പോലും താങ്കളോട് ക്ഷമിക്കില്ല.

    ഇന്നത്തെ ഭൂരിഭാഗം സി പി എം നേതാക്കളേക്കുറിച്ച് സാധാരണ കേള്‍ക്കുന്ന ആക്ഷേപം അവര്‍ ജനങ്ങളില്‍ നിന്നും അകലുന്നു എന്നാണ്. ഇപ്പോള്‍ താങ്കളേപ്പോലുള്ള അണികള്‍ക്കും ജനങ്ങളേക്കുറിച്ച് വലിയ വിവരമില്ല എന്നു മനസിലായി.

    ReplyDelete
    Replies
    1. പ്രിയ കാളിദാസന്, അനോണിക്കും, പിറവം ഉപതിരഞ്ഞെടുപ്പിനോട് പിറവത്തെ ജനങ്ങള്‍ എങ്ങിനെ പ്രതികരിച്ചുവെന്ന് ദൈവവിശ്വാസത്തെ ഉദാഹരിച്ച് സമര്‍ത്ഥിക്കാനാണ് ഞാന്‍ ശ്രമിച്ചത് ഈ പോസ്റ്റില്‍.(കോണ്‍ഗ്രസിലുള്ള വിശ്വാസം ദൈവത്തിലുള്ള വിശ്വാസം പോലെ തന്നെ നിരര്‍ത്ഥകമാണെന്നാണ് ഞാന്‍ പറഞ്ഞത്).ഈ പോസ്റ്റ് ഞാന്‍ അവസാനിപ്പിച്ചത് ഇങ്ങനെയാണ്:-“അപ്പോള്‍ എനിക്ക് പിറവംകാരോട് - പിറവംകാരോട് മാത്രമല്ല എല്ലാവരോടും - പറയാനുള്ളത് അല്പസ്വല്പം ശാസ്ത്രീയതയും യുക്തിപരതയും നമ്മൂടെ ജീവിതത്തില്‍ കാണിക്കുകയും അങ്ങനെ നമ്മുടെ ജീവിതം മധുരമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്.“ഇവിടെ ഇതു പറയുമ്പോള്‍ കക്ഷിരാഷ്ട്രീയം ഞാനുദ്ദേശിച്ചിരുന്നില്ല. സി പി എം തോറ്റതുകൊണ്ട് പിറവത്തുകാര്‍ക്ക് ശാസ്ത്രീയതയും യുക്തിപരതയും ഇല്ല എന്ന് ഞാന്‍ അര്‍ത്ഥമാക്കിയിരുന്നില്ല, പകരം എല്ലാവരുടേയും ജീവിതത്തില്‍ ശാസ്ത്രീയതയും യുക്തിപരതയും ഉയര്‍ത്തിപ്പിടിക്കാ‍ന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. പ്രത്യേകിച്ചും കേരളീയരുടെ ഇടയില്‍ ഈ പറഞ്ഞ രണ്ടു സാധനങ്ങള്‍ക്കും യാതൊരു മാര്‍ക്കറ്റുമിന്നില്ല എന്ന് താങ്കള്‍ക്കും അറിയാമല്ലോ.ഇതുണ്ടാക്കാതെ നാം രക്ഷപെടുകയുമില്ല എന്നതാണു സത്യം. ഇതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

      Delete
  3. തോല്‍വിക്കു പല കാരണങ്ങളുണ്ട്..പക്ഷെ,വനിതാ നേതാവിനെ അഭിസാരികയെന്നൊക്കെ വിളിച്ചതാണ്‍ തോല്‍വി കനത്തതാക്കിയത്..സ്വന്തം മക്കളെ പിന്‍വാതിലിലൂടെ ഉന്നതസ്ഥാനങ്ങളിലെത്തിക്കാനും ബന്ധുവിന്‍ ഭൂമി നേടിക്കൊടുത്തതിന്റെയുമൊക്കെ കളികള്‍ പുറത്തു വന്നത് ഇവരും അവരും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന ചിന്താഗതിയും ജനങ്ങളിലുയര്ത്തിയത് കനത്ത തിരിച്ചടിയുണ്ടാക്കി

    ReplyDelete
    Replies
    1. വ്രജേഷെ, തോല്വിക്കു കാരണം അന്വേഷിക്കുമ്പോള്‍ ഏറ്റവും ജനപ്രിയതയുള്ളതുമാത്രം പൊക്കിക്കാണിക്കുക എന്നത് ശാസ്ത്രീയമല്ല.പിറവം സ്ഥിരമായി ഒരു യുഡീഫ് മണ്ഡലമാണെന്നതല്ലെ സത്യം?യുഡീഫ് വോട്ടുകള്‍ ഭിന്നിച്ച വസരങ്ങളില്‍മാത്രമെ ഇടതുപക്ഷം ജയിച്ചിട്ടുള്ളു എന്നുകാണാനും വലിയ ബുദ്ധിമുട്ടില്ല.ഇത്തവണ യുഡീഫ് വളരെ കാര്യമായിത്തന്നെ ശ്രദ്ധിച്ചിരുന്നു അവിടെ വിജയം നേടാന്‍,കാരണം മന്ത്രിസഭയുടെ നിലനില്‍പ്പുതന്നെ.എന്നിട്ടും ഭീതി ബാക്കി നിന്നതുകൊണ്ടാണ് നെയ്യാറ്റിങ്കര നാടകം അവര്‍ നടത്തിയത്.പിന്നെ വനിതാ നേതാവിനെ അഭിസാരികയെന്നുവിളിച്ചത് നേതാവല്ല, മാധ്യമങ്ങളാണെന്ന് താങ്കള്‍ക്കറിയില്ലെ? അഭിസാരികയെപ്പോലെ യെന്നു പറഞ്ഞാല്‍ അഭിസാരികയെന്നതൊഴിച്ച് വേറെന്തുമാകാം,പക്ഷെ പത്രങ്ങളത് വളച്ചൊടിച്ച് അഭിസാരികയെന്നുവിളിച്ചെന്നാക്കി.അതറിയാന്‍ വേറൊന്നും വേണ്ട അങ്ങനെ വിളിക്കുന്ന ദൃശ്യം ഒരിക്കല്‍ പോലും ചാനലില്‍ വന്നില്ലല്ലോ?.ബാക്കിയെല്ലാം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു വ്രജേഷെ

      Delete
  4. Well said Kaalidasan. Congrats.

    ReplyDelete