കേരളീയരുടെ ഉത്തരവാദിത്വം.

**Mohanan Sreedharan | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                         06/04/2012  ന് ഞാനൊരു പോസ്റ്റിട്ടിരുന്നു ഈ ബ്ലോഗില്‍ ഭക്ഷ്യസുരക്ഷയും ഇന്‍ഡ്യയും എന്ന പേരില്‍.കൃത്യമായ കണക്കുകളുടെ സഹായത്തോടെ നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന ഭീകരമായ ഭക്ഷ്യക്ഷാമത്തിന്റ്റെ ചിത്രമാണ് ഞാനതില്‍ വിവരിച്ചത്.അതും എന്റെ സ്വന്തമായിരുന്നില്ല താനും.കേരള ശാസ്ത്രസാഹിത്യപരിഷത്ത് എന്ന ജനകീയ ശാസ്ത്ര സംഘടനയുടെ മുഖമാസികയായ ശാസ്ത്രഗതിയുടെ ഏറ്റവും പുതിയ ലക്കത്തില്‍ വന്ന ലേഖനമായിരുന്നു അത്.06/04 ല്‍ പോസ്റ്റുചെയ്ത ആ ലേഖനം ഇന്ന് 09/04 വരെ വായിച്ചത് വെറും 20 പേര്‍.എന്നാല്‍ വലിയ അദ്ധ്വാനമൊന്നുമില്ലാതെ നിലവിലുള്ള രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച് ഞാനെഴുതിയ രണ്ടു പോസ്റ്റുകളാണ് “പിറവം ഉപതിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം” ലീഗു സുഹൃത്തുക്കള്‍ക്ക് ഹരിതസലാം” എന്നിവ.യഥാക്രമം 02/04 നും 20/03 നും അവ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതില്‍ ആദ്യത്തേത് - പിറവം - വായിച്ചത്  73 പേരും “ലീഗുകാരെ“  വായിച്ചത് 96 പേരുമാണ്.
                        സമകാലീന രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചെന്തെഴുതിയാലും അതിന് ധാരാളം വായനക്കാരെ കിട്ടുന്ന കാലമാണിത്.എന്നാല്‍ സമകാലീനവിഷയങ്ങളില്‍ നാം കാണിക്കുന്ന താല്പര്യം അതിന്റെ പിന്നിലെ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതുവായിക്കാന്‍ ആരും താല്പര്യം കാണിക്കുന്നില്ല.സത്യത്തില്‍ ഇതല്ലെ കേരളത്തിന്റെ, കേരളീയരുടെ പരാജയം? അന്നന്നുകാണുന്നവനെ അപ്പാ എന്നുവിളിക്കുന്ന ആ സ്വഭാവമല്ലെ കേരളത്തിന് അതിന്റെ പ്രത്യേകതകളായി കൊണ്ടാടിക്കൊണ്ടിരുന്ന എല്ലാമെല്ലാം നഷ്ടപ്പെടുത്തുന്നതിലേക്കെത്തിയത്?
അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുന്‍പായി നമുക്ക് ഇന്നത്തെ രാഷ്ട്രീയ പൊറോട്ടുനാടകത്തെക്കുറിച്ചൊന്നു ചര്‍ച്ച ചെയ്യാം(  ഇന്നത്തെ രാഷ്ട്രീയ നപുംസകനാടകത്തെ പൊറോട്ടുനാടകത്തോടുപമിച്ചതില്‍ ആ മഹത്തായ കലാപ്രസ്ഥാനത്തിന്റെ ആളുകള്‍ ക്ഷമിക്കേണമേ എന്നഭ്യര്‍ത്ഥിക്കുന്നു.)
                   2011 ലെ ഇലക്ഷന്‍ നടക്കുമ്പോള്‍ കേരളത്തിലുണ്ടായിരുന്നത് നാളിതുവരെ കേരളീയര്‍ കാണാത്തത്ര ഒരു നല്ല ഭരണമായിരുന്നു.ആ ഭരണത്തിന്റെ സദ്ഫലങ്ങള്‍ കിട്ടിയിട്ടില്ലാത്ത ഒരു വീടു പോലും കേരളത്തില്‍ ഇല്ലായിരുന്നു.എല്ലാ വീട്ടിലും ആ സദ്ഭരണത്തിന്റെ ഏതെങ്കിലും ഒരു നല്ല അംശം കടന്നുചെന്നിരുന്നു.എന്നാല്‍ സദാ ഒഴിഞ്ഞിരിക്കുമായിരുന്ന നമ്മുടെ ഖജനാവോ ഒരിക്കലും അക്കാലത്ത് ഒഴിഞ്ഞിരുന്നില്ല,കാലിയായിക്കിടന്നിരുന്നില്ല.നിരവധി അനവധി പുതിയപുതിയ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും കേരളത്തിന്റെ നികുതി വരുമാനം വര്‍ഷാവര്‍ഷം കൂടുന്നതല്ലാതെ ഒരിക്കല്പോലും കുറഞ്ഞില്ല.കറന്റ് കട്ട് എന്ന ഒരു വാക്കുപോലും അക്കാലത്ത് കേട്ടിരുന്നില്ല.കാലങ്ങളായി നഷ്ടത്തിലോടിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ അന്ന് ലാഭത്തിലായിരുന്നു എന്നു തന്നെയല്ല അവയെല്ലാം കൂടിയുണ്ടാക്കിയ ലാഭമുപയോഗിച്ച് മറ്റൊരു പൊതുമേഖലാസ്ഥാപനം തുടങ്ങുവാനും പദ്ധതിയിട്ടിരുന്നു.നമ്മൂടെ ആവശ്യതിന്റെ ഏഴയലത്തുകൂടി എത്തിയിരുന്നില്ലെങ്കില്‍ക്കൂടിയും നമ്മുടെ അരിയുല്‍പ്പാദനം വര്‍ദ്ധിച്ചുവരികയായിരുന്നു.ഭക്ഷ്യസുരക്ഷ്യക്കുവേണ്ടിയുള്ള ഒരു പ്രയാണത്തിലായിരുന്നു നാം.സ്ഥലത്തിനു - എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും - ന്യായവില നിശ്ചയിച്ചതും, തണ്ണീര്‍ത്തടം നികത്തുന്നതു നിരോധിച്ചതുമെല്ലാം നല്ലൊരു കേരളത്തിലേക്കുള്ള സുപ്രധാന കാല്‍‌വൈപ്പുകളായിരുന്നു.
                   പക്ഷെ, ഇതെല്ലാം അലോസരമായിക്കണ്ട ഒരു കൂട്ടര്‍ അന്ന് കേരളത്തിലുണ്ടായിരുന്നു അന്നത്തെ പ്രതിപക്ഷവും മുഖ്യധാരാമാധ്യമങ്ങളും.അവര്‍ക്കീ ഭരണം സഹിച്ചില്ല.ഇവരോടൊപ്പം നിന്ന മറ്റു ചിലരുമുണ്ടായിരുന്നു, ശ്രീ എ.കെ ആന്റണിയെപ്പോലും കുപ്പിയിലിറക്കി സ്വാശ്രയ കോളേജുകള്‍ സംബാദിച്ചവരും അവരെ പിന്തുണച്ച ഒരു ന്യൂനപക്ഷം വരുന്ന മതമേലധികാരികളും.ഈ മുക്കൂട്ടുകമ്പനി - പ്രതിപക്ഷം,മുഖ്യധാരാമാധ്യമങ്ങള്‍,മതമേലധികാരികളീലെ ചിലര്‍ - ഇടതുപക്ഷത്തിന്റെ സല്‍പ്പേരില്ലാതാക്കാന്‍ ഒരു മനുഷ്യനു ചേരാത്ത പ്രവര്‍ത്തികള്‍ വരെ ചെയ്തു.അതിന്റെ ഒരു തുടക്കമായിരുന്നു ലാവലിന്‍ കേസ്.ലാവലിനില്‍ പിടികിട്ടാതായപ്പോള്‍ വന്ദ്യവയോധികനും ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയുമായ ശ്രീ വി എസിനെ ടാര്‍ജെറ്റ് ചെയ്യാന്‍ ഈ മുക്കൂട്ട് മുന്നണി തീരുമാനിക്കുകയും അതിന്റെ ഭാഗമായി കേന്ദ്രത്തിന്റെ സഹായത്തോടെ മുഖ്യധാരാമാധ്യമങ്ങളുടെ പ്രചാരണത്തെ കൂട്ടു പിടിച്ച് വി എസിനെതിരെ നിരവധി ആക്ഷേപങ്ങളുന്നയിക്കുകയും ചെയ്തു.ബന്ധുവിന് വഴിവിട്ട് സ്ഥലം പതിച്ചു നല്‍കിയെന്നായിരുന്നു ആദ്യാ‍ക്ഷേപം.ആക്ഷേപം വന്നയുടന്‍ തന്നെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.എന്നാല്‍ അത് പാളിപ്പോവുകയാണുണ്ടായത്.എന്നിട്ടും മുഖ്യധാരാമാധ്യമങ്ങളെഉപയോഗിച്ച് കുറേക്കാലം ഇവരത് പൊലിപ്പിച്ച് നിറുത്തി.എന്നാല്‍ ഇത് പിന്നീട് പൊളിഞ്ഞപ്പോള്‍ വി എസിന്റെ മകനെക്കൂറിച്ചായി ആക്ഷേപം.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു എന്ന് കുറ്റത്തിന് 16 വര്‍ഷത്തെ ജയില്‍ശിക്ഷയനുഭവിക്കുന്ന സന്തോഷ് മാധവനെ വരെ ഉപയോഗിച്ച് വീസ്ന്റെ മകനെതിരെ കളിക്കാന്‍ പ്രതിപക്ഷം തയ്യാറായി.അതിന്റെ ഒരു ഇഫക്ട് എന്നരീതിയില്‍ സുപ്രീം കോടതിയില്‍ സന്തോഷ് മാധവന്റ്റെ ജാമ്യാപേക്ഷ വന്നപ്പോള്‍ വേണ്ടരീതിയില്‍ പ്രതിരോധിക്കാന്‍ ഗവണ്മെന്റ് തയ്യാറാകിതിരിക്കുകയും അങ്ങനെ സന്തോഷ് മാധവനെന്ന ആ                        പുറത്തുകൊണ്ടു വരേണ്ട ബാധ്യത കൂടി യുഡി എഫിന്‍ വരുകയും ചെയ്തു.( വീ എസിന്റെ മകനെതിരെ ലക്ഷങ്ങളുടെ കോഴ കൈക്കൂലിവാങ്ങിയെന്ന് സന്തോഷ് മാധവനെക്കൊണ്ട് പരാതികൊടുപ്പിക്കുക,പകരം അങ്ങെര്‍ക്ക് ജാമ്യം സംഘടിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു കരാര്‍.ആദ്യം കരാര്‍ വേണ്ട രീതിയില്‍ നടന്നെങ്കിലും പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ സന്തോഷ് മാധവന്റെ ആരോപണം പൊളിഞ്ഞു.അപ്പോഴേക്കും മാധവന്‍ പുറത്തിറങ്ങുകയും ചെയ്തു.)
                 അപ്പോള്‍ ഇത്തരം കൊള്ളരുതായ്മകള്‍ ചെയ്താണ് ആ നല്ല ഗവണ്മെന്റ്റിനെ അട്ടിമറിച്ച് ഭരണത്തിലേറാന്‍ ഈ മുക്കൂട്ടുമുന്നണിയും യു ഡി എഫും ശ്രമിച്ചത്.മാര്‍ക്സിസ്റ്റ് പാര്‍ട്ടി അത്രത്തോളം കണ്ണിലെ കരടായിക്കഴിഞ്ഞിരുന്നു അന്ന് പലര്‍ക്കും.ഇത് ഒരു വശത്ത്.മറുവശത്ത് നാട്ടിലുള്ള സകല ജാതിമത ശക്തികളേയും കണ്ട് കാലുപിടിച്ച് അവരാവശ്യപ്പെടുന്നതുമുഴുവന്‍ സാധിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു, നടപ്പിലാക്കാന്‍ പറ്റുന്നതാണോ നടപ്പിലാവുന്നതാണോ എന്നുപോലും ചിന്തിക്കാനുള്ള സമയം അപ്പോളുണ്ടായിരുന്നില്ല ആര്‍ക്കും.എങ്ങിനേയും മാര്‍ക്സിസ്റ്റുമുന്നണിയെ തോല്‍പ്പിക്കണം എന്ന ചിന്തമാത്രം.അതിനു സഹായകരമാകുമെങ്കില്‍ എന്‍ എസ് എസിനു സാമ്പത്തീക സംവരണം ഓഫര്‍ ചെയ്യുമ്പോള്‍ തന്നെ എസ് എന്‍ ഡി പിക്ക് സാമുദായിക സംവരണവും ഓഫര്‍ ചെയ്യും.അങ്ങനെ സകല കാളി കൂളി സംഘങ്ങളേയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു യു ഡി എഫ്. പഴയ നോഹയുടെ പെട്ടകത്തെക്കുറിച്ച് കേട്ടിട്ടില്ലെ അതില്‍ നോഹ നല്ലവരെ മാത്രം കയറ്റിയപ്പോള്‍ ഇവിടെ മാനദണ്ഡം മാര്‍ക്സിസ്റ്റ് വിരോധം മാത്രം.അതിന്‍ പ്രചരണം നല്‍കാന്‍ മാധ്യമങ്ങളും ഇതൊക്കെ ചെയ്തിട്ടും റിസല്‍റ്റുവന്നപ്പോള്‍ ജസ്റ്റ് പാസ് മാത്രം.
                  ഇത്രയൊക്കെ അദ്ധ്വാനിച്ചിട്ടും നുണപ്രചരണങ്ങളുടെ കെട്ടഴിച്ചിവിട്ടിട്ടും അവസാനം യു ഡി എഫിനു കിട്ടിയത് 1157 വോട്ടിന്റെ ഭൂരിപക്ഷം മാത്രം, മൂന്നേ മൂന്ന് എം എല്‍ എയുടെ ഭൂരിപക്ഷം മാത്രം.ഇതില്‍ യു ഡി എഫ്ഇന്റെ  നേതാവും മതേതരപാര്‍ട്ടിയുമായ കോണ്‍ഗ്രസിനു കിട്ടിയത് മതപാര്‍ട്ടികള്‍ക്കു കിട്ടിയതിനേക്കാള്‍ കുറവ് സീറ്റ്.ജാതിമതകാര്‍ഡിറക്കി കളിച്ചതിന് കോണ്‍ഗ്രസിനു കിട്ടിയ സമ്മാനം , ജാതിപാര്‍ട്ടിക്കാര്‍ തങ്ങളുടെ തലക്കുമുകളില്‍.ഇലക്ഷന്‍ കഴിഞ്ഞപ്പോഴേ യു ഡി എഫില്‍ അടിയായി, പലപ്പോഴും എന്നല്ല എപ്പോഴും ജാതിമതകക്ഷികള്‍ കാര്യങ്ങള്‍ തീരുമാനിക്കും കോണ്‍ഗ്രസ്സ് അനുസരിക്കും എന്നതായി യു ഡി എഫിലെ അവസ്ഥ.യഥാര്‍ത്ഥത്തില്‍ കൊണ്‍ഗ്രസ്സും യു ഡി എഫും ചെന്നു ചേര്‍ന്നിരിക്കുന്ന ഈ അവസ്ഥയല്ലേ കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്കുകാരണം.ഈ പൊറോട്ടുനാടകങ്ങള്‍ക്കൊക്കെ കാരണം.
                യുഡീഫ് ഗവണ്മെന്റിന്റെ ആദ്യബഡ്ജറ്റ് കേരളത്തെ ഒന്നായിക്കാണുന്നതില്‍ പരാജയപ്പെട്ടെന്ന് ആദ്യം വിമര്‍ശിച്ചത് യു ഡി എഫ് എം എല്‍ എ മാര്‍ തന്നെയല്ലെ? കോട്ടയം ജില്ലക്കും, പ്രത്യേകിച്ച് പാലായിലേക്കും മലപ്പുറത്തിനും വാരിക്കോരിക്കൊടുക്കുമ്പോള്‍ മറ്റ് ജില്ലകള്‍ക്ക് സ്പൂണില്‍ അല്‍പ്പം.അപ്പോള്‍ പ്രതിപക്ഷ എം എല്‍ എ മാരുടെ കഥ പറയണമോ? എല്‍ ഡി എഫ് ഗവണ്മെന്റിലെ ശ്രീ തോമസ് ഐസക് അവതരിപ്പിച്ച ഭാവനാപൂര്‍ണമായ ആ ബജറ്റുകളെവിടെ, ശ്രീ മാണി യു ഡി എഫിനുവേണ്ടി അവതരിപ്പിച്ച ബജറ്റെവിടെ?മാണിയുടെ രണ്ടാം ബജറ്റിലും കഥ വ്യത്യസ്ഥമല്ല.ഇതല്ലെ സ്വന്തം കാലില്‍ നില്‍കാനുള്ള ഒരു സ്വാശ്രയകേരളത്തിനു വിലങ്ങുതടിയാവുന്നത്?ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട യു ഡി എഫും അതിനു നേതൃത്വം നല്‍കുന്ന മതേതരപാര്‍ട്ടിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സും എന്തുകൊണ്ട് ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല.കാരണം ഒന്നേയൊന്നൊള്ളൂ, ജാതിമത ശക്തികളുടെ പൊയ്ക്കാലിലാണ് കോണ്‍ഗ്രസ്സ് എന്ന മതേതരമെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് എഴുനേറ്റു നില്‍ക്കുന്നത്.
               അപ്പോള്‍ പട്ടിണിയിലേക്ക്,ഭക്ഷ്യദുരന്തത്തിലേക്ക് കൂപ്പുകുത്തുന്ന കേരളത്തിനിന്നാവശ്യം ഭാവനാപൂര്‍ണമായ പ്രവര്‍ത്തികളാണ്,അല്ലാതെ അഞ്ചാം മന്ത്രിയോ ഉപമുഖ്യമന്ത്രിയോ അല്ല.എന്നാല്‍ ശരിയായ ഉത്തരവാദിത്വം നിറവേറ്റാന്‍ കോണ്‍ഗ്രസിനോ യു ഡി എഫിനോ കഴിയുന്നില്ല, അവര്‍ അവരുടെ തന്നെ ആഭ്യന്തരകുഴപ്പങ്ങളില്പെട്ടുഴലുകയാണ് - ഇതവര്‍ സ്വയം വരുത്തിവച്ചതുതന്നെയാണുതാനും.നല്ലൊരു നാളെക്കുവേണ്ടപോരാട്ടം ഇത്തരം ജാതിമതശക്തികള്‍ക്കെതിരെയുള്ള പോരാട്ടമാണുതാനും.അതുകൊണ്ട് അഞ്ചാം മന്ത്രിയാണോ അഞ്ചാം പദവിയാണോ, എം എല്‍ എ യാണോ ഉപമുഖ്യമന്ത്രിയാണോ അഭികാമ്യം എന്ന ഉപജാപത്തില്‍ നമ്മള്‍ പങ്കെടുത്ത് തല പുണ്ണാക്കാതെ, ഇന്നു കിട്ടുന്നതുപോലെ യെങ്കിലുംനാളെയും ഭക്ഷിക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കയാണുവേണ്ടത്.കാരണം അഞ്ചാം മന്ത്രി പ്രശ്നം തീര്‍ന്നുകഴിഞ്ഞാല്‍ യു ദി എഫില്‍ അടുത്ത പ്രശ്നം ഉടനുണ്ടാകും, അല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനവര്‍ക്കു സമയമുണ്ടാവില്ല.അത് നമ്മള്‍ തന്നെ ഏറ്റെടുത്ത് നടത്തിയേ മതിയാവൂ, കാരണം അങ്ങനെയൊരു ഗവണ്മെന്റിനെ പുറത്താക്കിയവര്‍ നാം തന്നെയാണല്ലോ.
Post a Comment