ഇപ്പോ ശശി ആരായി?

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                    ഇപ്പോ ശശി ആരായി? അഞ്ചാം മന്ത്രി എന്ന പേരില്‍ കുറച്ചുകാലമായി തുടരുന്ന പൊറോട്ടു നാടകത്തിനു പരിസമാപ്തിയായി.ലീഗിന് ആദ്യം മുതലേ അവരാവശ്യപ്പെട്ട അഞ്ചാം മന്ത്രിയേ കിട്ടി.ആ ഒരൊറ്റക്കാര്യത്തിനു വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ക്ക്  മലയാളികളായ നാം സാക്ഷിയാവേണ്ടിവന്നു.മലയാളിക്ക് അഭിമാനകരമല്ലാത്ത അനവധി സംഭവങ്ങള്‍.നടന്ന കാര്യങ്ങള്‍ ഏതാണ്ട് എല്ലാവര്‍ക്കുമറിയാം എന്നുള്ളതുകൊണ്ട് ഞാനത് വിശദീകരിക്കാന്‍ പോകുന്നില്ല.എന്തായാലും ലീഗ് പിടിച്ചിടത്തു തന്നെ കോണ്‍ഗ്രസിനെ കൊണ്ടുപോയി കെട്ടി അവര്‍.എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞ് ലീഗിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ്സ് എതിര്‍ത്തുവോ - അവസാനം ആ പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ലീഗിന്റെ ആവശ്യം പച്ചത്തളികയില്‍ പാണക്കാട് കൊണ്ടുക്കൊടുക്കേണ്ടി വന്നു കോണ്‍ഗ്രസിന്.
                            മന്ത്രിസ്ഥാനം നിഷേധിക്കുന്നതിനായി മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടും കൂടി എ ഐ സി സി പ്രസിഡണ്ട്  ശ്രീമതി സോനിയാജിയുമായിവരെ ചര്‍ച്ച നടത്തിയിരുന്നു.അന്ന് സോണിയാജിയും അഖിലേന്‍ഡ്യാ കോണ്‍ഗ്രസ്സ് നേതാക്കളും എടുത്ത തീരുമാനം ലീഗിന് പുതിയൊരു മന്ത്രിസഥാനം ഇനി നല്‍കേണ്ടതില്ലെന്നായിരുന്നു.എന്നിട്ട് ആ സോണിയാജിയുടെ വാക്കുകള്‍ക്ക് പോലും തീരെ വില കല്‍പ്പിക്കാത്ത രീതിയില്‍ കോണ്‍ഗ്രസ്സുകാര്‍ പെരുമാറിക്കളഞ്ഞു എന്നതാണ് ഏറ്റവും ആക്ഷേപകരം.അവരുടെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് ഈ മന്ത്രിസ്ഥാനം ലീഗിന് കോണ്‍ഗ്രസ്സുകാര്‍ കൊടുത്തത്.മന്ത്രിസ്ഥാനം നല്‍കിയത് കെ പി സി സി അറിഞ്ഞുകൊണ്ടല്ലെന്നാണ് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.കെ പി സി സി പ്രസിഡണ്ട് ശ്രീ.രമേശ് ചെന്നിത്തലയെ വരെ നോക്കുകുത്തീയാക്കിയാണീ പ്രഖ്യാപനം വന്നത് എന്നാണ് ഇപ്പോ കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്നത്.എന്നുവച്ചാല്‍ കോണ്‍ഗ്രസ്സില്‍തന്നെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇന്നലെ നടന്ന ഈ നടപടി രുചിച്ചിട്ടില്ലെന്നര്‍ത്ഥം. അതുകൊണ്ടുതന്നെയാകണം കോണ്‍ഗ്രസ്സിലെ ക്ഷോഭിക്കുന്ന യുവത്വം എന്നറിയപ്പെടുന്ന വി.ഡി സതീശന്‍, പ്രതാപന്‍ തുടങ്ങിയ എം എൽ എ മാരോടൊപ്പം വൈദ്യുതമന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദും ശ്രീ വി എം സുധീരനും കെ മുരളീധരനും ഒന്നും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല എന്നത് കോണ്‍ഗ്രസ്സിനകത്തെ പിളര്‍പ്പിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
                         ഇതു കൂടാതെ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ - ഒന്നുമില്ലെങ്കിലും ജനങ്ങളെ ബോധിപ്പിക്കാനെങ്കിലും - കോൺഗ്രസ്സ് മന്ത്രിമാരുടെ വകുപ്പുകൾ പോലും മാറ്റി മറിച്ചിരിക്കുന്നു മുഖ്യമന്ത്രി. ഇക്കൂട്ടത്തിൽ താനൊരു ത്യാഗിയായെന്ന് കാണിക്കാനായിരിക്കണം തന്റെ കൈവശം ഇരുന്ന വകുപ്പുകൾ പോലും അദ്ദേഹം വീതം വച്ച് നൽകിയിരിക്കുന്നു.എന്നാൽ ഈ നടപടി പോലും ജനങ്ങളുടെ മുന്നിൽ സംഭവിച്ച നാണക്കേട് മറക്കാനുള്ള ഒരു കൗപീനം പോലുമാകുന്നില്ല എന്നാണ് മാധ്യമങ്ങൾ പറയുന്നത്.എന്നുവച്ചാൽ ഈ മന്ത്രിസ്ഥാനവും മന്ത്രിസഭയിലെ ഇളക്കി പ്രതിഷ്ഠകളും ഗുണത്തേക്കാളേറെ ദോഷമണ് കോൺഗ്രസിനു സമ്മാനിച്ചിരിക്കുന്നതെന്ന് സാരം.ഈ മന്ത്രിപദ ദാനം കോൺഗ്രസ്സിനകത്തെ പ്രശ്നങ്ങളെ കൂടുതൽ മൂർച്ഛിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇത് കോൺഗ്രസ്സിലെ ഉമ്മൻ‌ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിലാക്കിയെന്ന് സാരം.ഇപ്പോൾ നടന്ന പ്രശ്നങ്ങളും അവയുടെ  പരിഹാരവും ശശിയാക്കിയത് ഉമ്മൻ‌ചാണ്ടിയെയാണെന്ന് നമുക്ക് തോന്നാം
                       എന്നാൽ ഈ പ്രശ്നത്തിൽ മൂകകാഴ്ച്ചക്കാരായി നിന്ന മറ്റൊരു വിഭാഗമുണ്ട്.പത്രങ്ങളിലൊന്നും പടം വരാത്ത മീഡിയാകളിലെ ചർച്ചകളിൽ പങ്കെടുക്കാത്ത ഒരു വിഭാഗം.കാലങ്ങളായി ഈ വിഭാഗത്തെ എല്ലാവരും വിളിക്കുന്നത് പൊതുജനം എന്നാണ്.ആ വിഭാഗത്തിന്റെ ഏതെങ്കിലും ഒരു പ്രശ്നത്തെചൊല്ലിയാണോ ഈ തർക്കങ്ങൾ മുഴുവനും എന്ന് ആരും - ഇത് ഇത്രയും കാലം ജീവസ്സോടെ നിർത്തിയ ഏതെങ്കിലും മാധ്യമങ്ങൾ പോലും - ചോദിച്ചുകേട്ടില്ല. ഈ തർക്കത്തെ ജനങ്ങളുടെ ഏതെങ്കിലും വിഷയവുമായി ബന്ധിപ്പിക്കാനൊരു ശ്രമവും അവർ നടത്തിയുമില്ല. യത്ഥാർത്ഥത്തിൽ ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കുന്നതിനായിരുന്നില്ല ഈയൊരു തർക്കവും അതേ തുടർന്നുള്ള പൊറോട്ടു നാടകവും അരങ്ങേറിയത്.ഇന്നാട്ടിലെ ജനങ്ങൾക്ക്  പ്രശ്നങ്ങളൊന്നുമില്ലേ? പുകയുന്ന ഒരഗ്നിപർവതത്തിന്റെ മുകളിലാണ് നമ്മൾ ജീവിച്ചുപോരുന്നത് എന്നുപറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.അതിനുമാത്രം പ്രശ്നങ്ങളാണ് നമ്മൾ കേരളീയർ അനുഭവിക്കുന്നത്.ഗവണ്മെന്റ് അടക്കം മുന്നിൽ നിന്ന്  ഗവണ്മെന്റും ജനങ്ങളും ഒന്നിച്ച് കൈകോർത്ത് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങൾ. ഉദാഹരണത്തിനായി നാം നേരിടാൻ പോകുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കുക.ക്ഷാമം നമ്മൂടെ പടിവാതിൽക്കലെത്തിക്കഴിഞ്ഞു.എങ്ങിനേയും നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ നാം തന്നെ ഉൽപ്പാദിപ്പിച്ചേ മതിയാകൂ.ഗവണ്മെന്റിനുമാത്രമോ ജനങ്ങൾക്കു മാത്രമോ ആയി ചെയ്യാൻ പറ്റുന്ന കാര്യമല്ല ഇത്. ഈ ഭീകരമായ ഭക്ഷ്യ ക്ഷാമം എങ്ങനെ പരിഹരിക്കാം എന്നതായിരുന്നില്ല മന്ത്രിസഭയെ നയിക്കുന്ന മുന്നണിയിലെ തർക്കം.അതുപോലെ നാമിന്ന് അനുഭവിക്കുന്ന പവർകട്ട് എങ്ങനെ അവസാനിപ്പിക്കാം എന്നതുമായിരുന്നില്ല യു ഡി എഫിലെ തർക്കം.
                  പവർക്കട്ടോടു കൂടി മറ്റൊരു വസ്തു കൂടി നമുക്ക് കിട്ടാക്കനിയായി - മണ്ണെണ്ണ. രാത്രി വെളിച്ചംകിട്ടാൻ കറന്റുമില്ല വിളക്കു കത്തിക്കാൻ മണ്ണെണ്ണയുമില്ല.പിന്നെ കേരളത്തിലെ ജനങ്ങൾ പണ്ടു ചെയ്തിരുന്നതു പോലെ അയനിചക്കയുടെ (ആഞ്ഞിലിക്കായയുടെ) കുരു കോലിൽ കോർത്ത് കത്തിച്ച് വെളിച്ചം കണ്ടിരുന്ന ആ പുരാതനയുഗത്തിലേക്ക് തിരിച്ചുപോകണമെന്നാണോ നമ്മുടെ മന്ത്രിമാരും യു ഡി എഫും കരുതുന്നത്? ഇങ്ങനെ നാമിന്നനുഭവിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം തേടിയല്ല ഈ തർക്കം.നമ്മുടെ പ്രശ്നങ്ങളിൽ ഇവർക്ക് എന്തെങ്കിലുമ് അഭിപ്രായമുള്ളതായി ആരെങ്കിലും കേട്ടിട്ടുണ്ടോ?അപ്പോൾ യഥാർത്ഥത്തിൽ ശശിയായത് ആരാണ്? ഇന്നാട്ടിലെ ബഹുജനമായ നാം തന്നെയല്ലേ?കൊള്ളാവുന്ന ഒരു ഭരണത്തെ ഇവന്മാരുടെയും ഇവരെ പുകഴ്ത്തുന്ന മാധ്യമങ്ങളുടേയും  ചപ്പടാച്ചി കേട്ട് തള്ളിപ്പുറത്താക്കി ഇവരെ ഭരണത്തിലേറ്റിയ നാമല്ലേ ശരിക്കുംശശിയായത്.
                       മറ്റൊരു വാർത്ത കൂടി കേട്ടോ:- കേരളത്തിലെ വൈദ്യുതി രംഗത്തെ പ്രസരണനഷ്ടം ഒഴിവാക്കാനായി നമുക്ക് കേന്ദ്രം നൽകിയ 1120 കോടി രൂപയുടെ സഹായം നമ്മളൊന്നും ചെയ്യാതിരുന്നതിനാൽ പിൻവലിച്ചു എന്നു തന്നെയല്ല അഡ്വാൻസ് നൽകിയിരുന്ന 200 കോടി രൂപ തിരിച്ചടക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.ഇതാണ് നമ്മൂടെ വികസനത്തിന്റെ കുതിപ്പ് എന്ന വായ്ത്താരിയുടെ ശരിയായ അർത്ഥം.
        ( ഓരോരുത്തരുടേയും വാഗ്ദാനങ്ങളിലടങ്ങിയ വർഗസ്വഭാവം തിരിച്ചറിയാൻ ജനം പഠിക്കുന്നതുവരെ അവർ വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കും എന്ന് ലെനിൻ പണ്ട് പറഞ്ഞിട്ടുണ്ട്.)
Post a Comment