പണിയെടുക്കുന്നവരുടെ പുതുവസന്തം

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
    [ദേശാഭിമാനി വീക്കിലി ലക്കം 50 പുസ്തകം 43 ല്‍ ശ്രീ.ജിനേഷ്‌കുമാര്‍ എരമം എഴുതിയ ലേഖനം.]                  

                        ലോകത്തെ ചുവപ്പിച്ചുകൊണ്ട് “പണിയെടുക്കുന്നവരുടെ പുതുവത്സരദിന”മായ മെയ് ദിനം 80 രാജ്യങ്ങളില്‍ ഔദ്യോഗീകമായും മറ്റു രാജ്യങ്ങളില്‍ അനൌദ്യോദീകമായും ദിനാചരണങ്ങളും തൊഴിലാളി റാലികളും നടക്കുമ്പോള്‍ ‘സര്‍വരാജ്യതൊഴിലാളികളെ ഏകോപിക്കുവിന്‍’ എന്ന കമ്യൂണിസ്റ്റു മാനിഫെസ്റ്റോവിലെ ആഹ്വാനം ഒരു ദിവസമെങ്കിലും യാഥാര്‍ഥ്യമായിത്തീരുകയാണ്.ചെങ്കൊടികളുമായി നീങ്ങുന്ന മഹാറാലികളുടെ ആ ദിവസം ബഹിരാകാശത്തുനിന്ന് ഫോട്ടോയെടുക്കുകയാണെങ്കില്‍ ചുവന്നു നില്‍ക്കുന്ന ഒരു മെയ്‌ഫ്ലവറായി ഭൂമിയെ കാണാം.
                മെയ് ദിനം വരുമ്പോള്‍ ചരിത്രം പൊടുന്നനെ ഒരു വര്‍ത്തമാനമായിത്തിരുകയാണ്.കവി തിരുനെല്ലൂര്‍ കരുണാകരന്‍ പാടിയതുപോലെ “ നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുനേല്‍ക്കുകയല്ലോ തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം” എന്ന അവസ്ഥ.തങ്ങളാണ് ഭൂരിപക്ഷമെന്നും തങ്ങളെ ചൂഷണം ചെയ്താണ് ന്യൂനപക്ഷം വരുന്ന മുതലാളിവര്‍ഗം തടിച്ചുകൊഴുക്കുന്നതെന്നുമുള്ള തിരിച്ചറിവ് ഇടിമിന്നല്‍ പോലെ തൊഴിലാളിവര്‍ഗത്തിന്റെ മനസ്സില്‍ വന്നു വീഴുന്ന ദിവസം.
                 മലയാളികളുടെ വിഷുദിനം പോലെ റിതുമാറ്റത്തിന്റെ ദിവസം മാത്രമായിരുന്നു 1886 വരെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് മെയ് 1.ശൈത്യകാലത്തിന്റെ അന്ത്യവും വേനലിന്റെ ആരംഭവും കുറിക്കുന്ന ദിനസന്ധി.ക്രിസ്തുമതത്തിനു മുന്‍പുണ്ടായിരുന്ന പേഗന്‍ കാലഘട്ടത്തില്‍ അത് വലിയൊരു ആഘോഷദിനമായിരുന്നു. പക്ഷെ 1886 ല്‍ തൊഴിലാളി വര്‍ഗം കാലത്തിന്റെ കലണ്ടര്‍ മാറ്റിമറിച്ചു.സ്വന്തം രക്തം കൊണ്ട് അവരത് ചുവപ്പിച്ചു.
                 അധ്വാനമാണ് മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനടിസ്ഥാനമെന്നും തൊഴിലാളികള്‍ മൃഗങ്ങളല്ലെന്നും നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രമുള്ള അവര്‍ക്ക് കിട്ടാനുള്ളത് വലിയൊരു ലോകവുമാണെന്ന തിരിച്ചറിവ് 1848 ല്‍ കമ്യൂണിസ്റ്റു മാനിഫെസ്റ്റോ പുറത്തിറങ്ങിയതുമുതലാണ് തൊഴിലാളിവര്‍ഗത്തിനുണ്ടായിത്തുടങ്ങിയത്. പഴയ റോമന്‍ അടിമകളേക്കാള്‍ നിന്ദ്യവും ദയനീയവുമായി ജീവിച്ചിരുന്ന തൊഴിലാളികള്‍ക്ക് ദിവസം ശരാശരി 20 മണിക്കൂര്‍ ജോലി ചെയ്യേണ്ടിയിരുന്നു.ജോലിസ്ഥിരതയോ അവധിയോ വിശ്രമമോ വിനോദമോ കുടുംബജീവിതമോ  ഇല്ലാത്ത തുച്ഛവരുമാനക്കാര്‍.പ്രാണികളെപ്പോലെ തൊഴിലിടങ്ങളില്‍ ചത്തു വീഴുന്ന തൊഴിലാളികള്‍ അന്നൊരു പതിവു കാഴ്ച്ച മാത്രം.ആപ്‌ടേണ്‍ സിംഗ്ലയറും (The Jungle) ജാക് ലണ്ടനു(The Iron Heel) മൊക്കെ നോവലുകളിലൂടെ വരച്ചുകാട്ടിയ അതേ ജീവിതം.
               ഫോര്‍ഡ് റോക്ക് ഫെല്ലര്‍ മോര്‍ഗന്‍ തുടങ്ങിയ ഫൌണ്ടേഷനുകളിലൂടെ വളരുകയായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍ നിന്നുതന്നെയാണ് പിടഞ്ഞൊടുങ്ങുന്നവരില്‍ നിന്നുള്ള ആദ്യനിലവിളിയുയര്‍ന്നത്. ‘എട്ടുമണിക്കൂര്‍ ജോലി‘ എന്ന മുദ്രാവാക്യം അങ്ങനെ പിറന്നു.1827 ല്‍ ഫിലാഡല്‍‌ഫിയായിലെ കെട്ടിടവ്യവസായ തൊഴിലാളികളാണ് സമരത്തിനു തുടക്കം കുറിച്ചത്.ജോലി സമയം പത്തു മണിക്കൂറാക്കിക്കിട്ടുന്നതില്‍ അവര്‍ വിജയിച്ചു.പിന്നീട് 1886 ആഗസ്റ്റ് 20 ന് ബാള്‍ട്ടിമൂറില്‍ നാഷണല്‍ ലേബര്‍ യൂണിയന്റ്റെ സ്ഥാപകസമ്മേളനം എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യം അംഗീകരിക്കുന്നതിനു പിന്നില്‍ മാര്‍ക്സും ഏംഗത്സും നേതൃത്വം നല്‍കിയ  ഇന്റര്‍ നാഷണല്‍ വര്‍ക്കിങ്ങ് മെന്‍സ് അസോസിയേഷന്റേയും ഒന്നാം ഇന്റര്‍ നാഷണലിന്റേയും സ്വാധീനമുണ്ടായിരുന്നു.1866 ആകുമ്പോഴേക്കു തന്നെ നിരവധി എട്ടു മണിക്കൂര്‍ ലീഗുകാര്‍ (Eight Hour Leagues) അമേരിക്കയില്‍ രൂപം കൊണ്ടിരുന്നു.അവയെ തകര്‍ക്കാനാണ് ഫാക്റ്ററിയുടമകള്‍ “പിങ്കാര്‍ട്ടണ്‍ ഏജന്‍സി” തുടങ്ങിയ കരിങ്കാളക്കമ്പനികള്‍ക്ക് രൂപം നല്‍കിയത്.
                 മുതലാളിമാരുടെ എതിര്‍പ്പുകളെയെല്ലാം മറികടന്ന് 1884 ല്‍ “ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ആന്റ് ലേബര്‍ യൂണിയന്‍സ് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്‍ഡ് കാനഡ” എന്ന സംഘടന മെയ് 1 മുതല്‍ സമരം നടത്താന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. അഞ്ചു ലക്ഷം പേര്‍ സമരരംഗത്തേക്കിറങ്ങിയ ചിക്കാഗോയില്‍ കലാപത്തിനുള്ള ഗൂഡാലോചന എന്നാക്രോശിച്ച് സായുധസേന തെരുവിലിറങ്ങിയതോടെ സമരത്തിന്റെ സ്വഭാവം മാറി.ആദ്യദിവസം തികച്ചും സമാധാനപരമായിരുന്നു.എന്നാല്‍ മെയ് 3 ന് മാക്‍മോക് റീപ്പര്‍ വര്‍ക്സ് എന്ന ഫാക്ടറിയുടെ ഗേറ്റിനു പുറത്തു ചേര്‍ന്ന വിശദീകരണയോഗം പൊളിക്കാന്‍ മുന്നൂറോളം കരിങ്കാലികള്‍ തക്കം പാര്‍ത്തിരിപ്പുണ്ടായിരുന്നു.ഓഗസ്റ്റ് സ്പൈസ് സംസാരിക്കുമ്പോള്‍ അവര്‍ കുഴപ്പമുണ്ടാക്കി.ആറ് തൊഴിലാളികളുടെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചു തുടര്‍ന്നുണ്ടായ സംഘര്‍ഷം.
                     പിറ്റേന്ന് ഹെയ്‌മാര്‍ക്കറ്റില്‍ നടന്ന പ്രതിഷേധയോഗം പോലീസ് കയ്യേറുകയും എവിടെനിന്നോ ഒരു ബോംബ് വന്ന് വീഴുകയും ചെയ്തതോടെ വീണ്ടും സംഘര്‍ഷമായി.പൊലീസ് വെടിവച്ചു,നാലു തൊഴിലാളികളും ഏഴ് പോലീസുകാരും മരിച്ചുവീണു.200 നേതാക്കളെ അറസ്റ്റ് ചെയ്തു.തൊഴിലാളി വിരുദ്ധതയ്ക്കു പേരുകേട്ട ജോസഫ്. ഇ. ഗാരിയുടെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് ജൂറിയെ വച്ച് വിചാരണ നടത്തി.1886 ജൂണ്‍ 21 തുടങ്ങിയ വിചാരണയുടെ വിധി വന്നത് ഒക്ടോബര്‍ ആറിന്.എട്ട് തൊഴിലാളിനേതാക്കള്‍ക്ക് വധശിക്ഷ.അമേരിക്കകത്തും പുറത്തും പ്രതിഷേധമുയര്‍ന്നപ്പോള്‍ ശിക്ഷ നടപ്പാക്കേണ്ടതിനു തലേന്ന് സാമുവല്‍ ഫീല്‍ഡന്‍,ഷ്വാബ് എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി.ഓസ്ക്കാര്‍ നിബിന് 15 വര്‍ഷത്തേക്ക് തടവുശിക്ഷ നല്‍കി.ഇരുപത്തിരണ്ടുകാരനായ ലൂയിലിങ്ങ്   തൂക്കിക്കൊല്ലേണ്ടതിന്റെ തലേന്ന് പടക്കം കടിച്ചുപൊട്ടിച്ച് ജയിലില്‍ ജീവനൊടുക്കി.1886 നവംബര്‍ 11ന് ഓഗസ്റ്റ് സ്പൈസ്,ഏണസ്റ്റ് ഫിഷര്‍, ജോര്‍ജ് ഏംഗത്സ്, ഹാര്‍‌സണ്‍സ് എന്നിവരെ തൂക്കിലേറ്റി.മരിക്കും മുന്‍പ് സ്പൈസ് പറഞ്ഞു, “ ഇപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വാക്കുകളെ ഞെരിച്ചുകൊല്ലാം, എന്നാല്‍, ഞങ്ങളുടെ മൌനം വാക്കുകളേക്കാള്‍ ശക്തമായിത്തീരുന്ന കാലം വരും”.
                          ഹെയ് മാര്‍ക്കറ്റിലെ മെയ് ദിന സ്മാരകത്തില്‍ എഴുതി വച്ചിട്ടുള്ള സ്പൈസിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമായിത്തീരുന്നതാണ് പിന്നീട് ലോകം കണ്ടത്.എല്ലാ വര്‍ഷവും മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിക്കാന്‍ 1888 ഡിസംബറില്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറും 1889 ജൂലൈ 14 ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലും തീരുമാനിച്ചു.       1890 ല്‍ അമേരിക്കയില്‍ ആദ്യമായി മെയ് ദിനം ആചരിച്ചു.എന്നാല്‍ തൊഴിലാളിപ്രസ്ഥാനങ്ങളെയെയെന്നപോലെ മെയ് ദിനാചരണത്തേയും ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിച്ചത്.ആ ദിവസത്തെ ഭയക്കുകയായിരുന്നു ഭരണാധികാരികള്‍.പ്രസിഡണ്ട് ഗ്രോവര്‍ ക്ലീവ്‌ലണ്ട് സെപ്തംബറിലെ ഒരു ദിവസം തൊഴിലാളിദിനമായി പ്രഖ്യാപിച്ച് മെയ് ദിനത്തെ അവഹേളിച്ചു.മറ്റൊരു പ്രസിഡണ്ട് മെയ് ദിനം ശിശുദിനമായി പ്രഖ്യാപിച്ച് തൊഴിലാളി വര്‍ഗത്തെ അപഹസിച്ചു.1921 ല്‍ ഈ ദിവസം അമേരിക്കന്‍ വല്‍ക്കരണദിവസമാക്കി (Americanization day ) അവധി നല്‍കാന്‍ തുടങ്ങി.
                      വലതുപക്ഷത്തിന്റെ പേടിസ്വപ്നമായി ലോകമെംബാടും മെയ് ദിനം മാറി.പാരീസില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും ജര്‍മ്മനിയില്‍ റാലിക്കു നേരെ വെടിവച്ചതും ഫാസിസ്റ്റുകള്‍ നിരോധന ഉത്തരവിറക്കിയതും അതുകൊണ്ടാണ്.എന്നാല്‍ 1930 കളിലെ സാമ്പത്തീക മാന്ദ്യത്തോടെ   മെയ് ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു.മുപ്പതുകളില്‍ത്തന്നെയാണ് പലരാജ്യങ്ങളും ആ ദിവസം അവധി പ്രഖ്യാപിച്ചതും. ബര്‍ലിനിലെ റീഖ്‌സ്റ്റാഗില്‍ ചെങ്കൊടിയുയര്‍ന്നതും (1945) വിയറ്റ്‌നാം വിമോചനസേന അമേരിക്കയെ തോല്‍പ്പിച്ചതും (1975) മെയ് ദിനത്തിലായിരുന്നു.ഇന്ഡ്യയില്‍ 1923 ല്‍ ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്റെ ആഭിമുഖ്യത്തില്‍ മദിരാശി ബീച്ചില്‍ ശിങ്കാരവേലുചെട്ടിയാര്‍ മെയ് ദിനാചരണത്തിനു തുടക്കം കുറിച്ച് ഉയര്‍ത്തിയ കൊടി രാജ്യത്ത് ആദ്യമുയര്‍ന്ന ചെങ്കൊടിയാണെന്നത് മറ്റൊരു ചരിത്രം.
                   അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ കാണാക്കാഴ്ചകളിലേക്ക് മിന്നല്‍ വെളിച്ചം വിതറുകയാണ് ഓരോ മെയ്‌ദിനവും.അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യം മുതലാളിത്വത്തിന്റെ അടിസ്ഥാനസ്വഭാവമാണെന്ന് തിരിച്ചറിഞ്ഞ മാര്‍ക്സും ഏംഗത്സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഇങ്ങനെ എഴുതി.ജോലി കിട്ടാന്‍ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന കാലത്തോളം മാത്രം ജോലികിട്ടുകയും  ചെയ്യുന്ന പണിക്കാരുടെ വര്‍ഗമാണ് തൊഴിലാളിവര്‍ഗം.സ്വയം വില്‍ക്കേണ്ടി വരുന്ന ഈ വേലക്കാര്‍ മറ്റേതു വ്യാപാരസാമഗ്രിയെയും പോലെ ഒരു ചരക്കാണ്, തല്ഫലമായി മത്സരത്തിന്റെ എല്ലാ ഗതിവിഗതികള്‍ക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങള്‍ക്കും അവര്‍ ഇരയാകുന്നു.’
                  അധ്വാനമാണ് സകല സമ്പത്തിന്റേയും ഉറവിടം.  കലയും ശാസ്ത്രവുമെല്ലാം അധ്വാനത്തിന്റെ ഫലം തന്നെ.സര്‍ഗാത്മകതയെന്നാല്‍ അധ്വാനം എന്നുതന്നെയാണര്‍ത്ഥമെന്ന് മാക്സിം ഗോര്‍ക്കി പറഞ്ഞത് അതുകൊണ്ടുതന്നെയാണ്.സങ്കല്‍പ്പത്തില്‍ നിന്ന് യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് സങ്കല്‍പ്പവും സൃഷ്ടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുന്നതതുകൊണ്ടാണ്.ജൊലിസമയം എട്ടു മണിക്കൂറാക്കിയിരുന്നില്ലെങ്കില്‍ തൊഴിലുപകരണങ്ങള്‍ പരിഷ്കരിക്കപ്പെടുകയോ ആധുനീകയന്ത്രങ്ങള്‍  കണ്ടുപിടിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല.പ്രകൃതി വസ്തുക്കള്‍ക്ക് രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തുന്ന അധ്വാനത്തിന്റെ സര്‍ഗാത്മകതയെ മുതലാളിത്വം നശിപ്പിക്കുന്നത് ചൂഷണം വഴിയാണ്.അധ്വാനം കലയായി മാറുക എന്ന മാര്‍ക്സിന്റെ മനോഹര സങ്കല്‍പ്പം തൊഴില്‍ അന്യവല്‍ക്കരിക്കപ്പെട്ട മുതലാളിത്വത്തിന്റെ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.
                         ആഗോളവല്‍ക്കരണം ദശകങ്ങള്‍ പിന്നിടുമ്പോള്‍ അധ്വാനത്തിനും അധ്വാനിക്കുന്ന വര്‍ഗത്തിനും മേലുള്ള മൂലധനത്തിന്റെ ചൂഷണം വിരാട് രൂപം പ്രാപിച്ച കാഴ്ച്ചയാണ് നാം കാണുന്നത്.ലോകമെങ്ങും ഒഴുകിപ്പരക്കുന്ന മൂലധനത്തിന്റെ ആര്‍ത്തി തൊഴിലാളി വര്‍ഗത്തിന്റെ നേട്ടങ്ങളെ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.കൂലി കൊണ്ടു മറച്ചുവച്ച ചൂഷണമാണ് ഈ കാലത്തിന്റെ സവിശേഷത.മെയ് ദിന സംഭവങ്ങള്‍ക്കു ശേഷം ദേശരാഷ്ട്രങ്ങള്‍ ഓരോന്നായി തൊഴില്‍ സമയം കുറയ്ക്കുന്നതിനും ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള നിയമങ്ങള്‍ കൊണ്ടു വരികയുണ്ടായി.തൊഴിലാളികള്‍ക്ക് അന്തസ്സുള്ള ജീവിതം ലഭിച്ചു തുടങ്ങി.ഇത്തരം നിയമങ്ങളെ ഓരോന്നായി കടപുഴക്കുകയാണ് ആഗോളവല്‍ക്കരണം ആദ്യം ചെയ്തത്.പുതിയ കാലത്തിന്റെ പറിദീസയായി അത് ഉയര്‍ത്തിക്കാട്ടുന്ന ഐ ടി മേഖല മുതല്‍ മുക്കിലും മൂലയിലും തഴച്ചു വളരുന്ന ഷോപ്പിങ്ങ് സെന്ററുകളില്‍ വരെ തൊഴിലാളിയുടെ യഥാര്‍ത്ഥ ജീവിതാവസ്ഥയെന്തെന്ന് പുറം ലോകം അറിയുന്നില്ല.ഇന്‍ഫോസിസ് പോലുള്ള വന്‍‌കിട ഐ ടി കമ്പനികളില്‍ പോലും ഒരേ യോഗ്യതയുള്ള എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ ഒരാള്‍ ഒരുലക്ഷവും മറ്റേയാള്‍ അയ്യായിരവും ശമ്പളം കൊടുക്കുന്ന വൈരുദ്ധ്യമാണുള്ളതെന്ന് ബഗളൂരുവില്‍ അന്വേഷിച്ചാല്‍ വ്യക്തമാകും.തുല്യ ജോലിക്ക് തുല്യവേതനം, നീതി,സമത്വം തുടങ്ങിയ മൂല്യങ്ങളൊന്നും കോര്‍പ്പറേറ്റ് മുതലാളിത്വത്തിന് ബാധകമല്ല.ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്നവരുടെ ജീവിതമാകട്ടെ അവര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍‌നിന്ന് വ്യത്യസ്ഥമൊന്നുമല്ല.രാവിലെ ഏഴു മണിക്ക് കമ്പനി വണ്ടിയില്‍ ഫ്ലാറ്റില്‍ നിന്നിറങ്ങി രാത്രി പതിനൊന്നിനോ പന്ത്രണ്ടിനോ തിരിച്ചെത്തുന്നവരുടെ തൊഴില്‍ സമയം പതിനാറും പതിനേഴും മണിക്കൂറായിത്തീരുന്നു.ഒരു തരത്തിലുമുള്ള സര്‍ഗാത്മക ജീവിതവുമില്ലാതെ തൊഴില്‍ സമ്മര്‍ദ്ദം കൊണ്ട് യന്ത്രങ്ങളായിത്തീരുന്ന തൊഴിലാളികള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ ഒരു പതിവു കാഴ്ച്ചയാണ്.വന്‍ ശമ്പളത്തില്‍ അഹങ്കരിച്ച് നടന്നവര്‍ ഒരു സുപ്രഭാതത്തില്‍ പിരിച്ചുവിടപ്പെടുമ്പോഴാകട്ടെ അധ്വാനം മൂലധനത്തെ വര്‍ദ്ധിപ്പിക്കുന്ന കാലത്തോളമെ തങ്ങള്‍ക്ക് ജോലി കിട്ടൂ എന്ന മുതലാളിത്വയാഥാര്‍ത്ഥ്യം കൂടുതല്‍ തെളിഞ്ഞു വരികയാണ്.1886 നു മുന്‍പുള്ള കാലത്തേക്ക് തൊഴിലാളിവര്‍ഗം തിരിച്ചുപോവുകയാണെന്നതിന്റെ  സൂചനയാണ് മിനിമം വേതനത്തിനും എട്ടുമണിക്കൂര്‍ ജോലിക്കും ജോലിസ്ഥിരതയ്ക്കുമായി കേരളത്തിലെ സ്വകാര്യനേഴ്സുമാര്‍ നടത്തുന്ന സമരം.പൊതുവെല്ലാം മോശമാണെന്നും സ്വകാര്യമാണ് നല്ലതെന്നും ഉദ്ഘോഷിച്ചിരുന്ന സ്വകാര്യവല്‍ക്കരണത്തിന്റെ വക്താക്കള്‍ സ്വകാര്യസ്ഥാപനങ്ങള്‍ ആര്‍ക്കാണ് നല്ലതെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
                കൂലികൊണ്ട് മറച്ചുവച്ചിരിക്കുന്ന ചൂഷണം തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള മിഥ്യാലോകം സൃഷ്ടിക്കാന്‍ ഇന്ന് മൂലധനം പ്രത്യേകം ശ്രദ്ധിക്കുന്നു.സാമാന്യം ഉയര്‍ന്ന കൂലി ലഭിക്കുന്ന തൊഴിലാളികള്‍ക്ക് തങ്ങള്‍ സമ്പന്നരായി എന്ന തോന്നലുണ്ടാകുമെങ്കിലും വെള്ളം ഒഴുകിപ്പോകുന്ന കുഴലുകള്‍ മാത്രമാണവരെന്നതാണ് സത്യം.നൂറു രൂപ അധികം കൂലി കിട്ടുമ്പോള്‍ ആയിരം രൂപ കമ്പോളം അധികം പിടിക്കും.എല്ലാ സാധനങ്ങളുടേയും വില കൂലിയേക്കാള്‍ എത്രയോ മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു.തൊഴിലാളിക്ക് അവന്റെ കൂലി റൊക്കം പണമായി കിട്ടേണ്ട താമസം ബൂര്‍ഷ്വാസിയുടെ മറ്റു വിഭാഗങ്ങള്‍ വീട്ടുടമസ്ഥനും ഷോപ്പുടമയും ഹുണ്ടികക്കാരനും മറ്റും അവരുടെ മേല്‍ ചാടി വീഴുകയായി.എന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ നിരീക്ഷണം അത്ര മേല്‍ ശരിയായിത്തീര്‍ന്നിരിക്കുന്നു.
                     പോരാടി നേടിയെടുത്ത വിനോദ വേളകളാണ് ഇന്ന് ചൂഷണത്തിന്റെ പ്രധാനയിടങ്ങള്‍.സംസ്കാരികവ്യവസായികള്‍ സിനിമയുടേയും മറ്റു ദൃശ്യമാധ്യമങ്ങളുടേയും വലവിരിച്ച് തൊഴിലാളി വര്‍ഗത്തെ അതിലേക്ക് ചാടിക്കുകയാണ്.വിപണിയിലെത്തുന്ന അനേകം ഉപഭോഗവസ്തുക്കള്‍ക്കു വേണ്ടി ആഗ്രഹമുല്പാദിപ്പിക്കുക എന്നതാണവരുടെ ധര്‍മ്മം.ജീവിതശൈലിയുടെ ആകത്തുകയായ  സംസ്കാരത്തെ അത് ലാഭം കൊയ്യാനുള്ള ഏര്‍പ്പാടാക്കി മാറ്റിയിരിക്കുന്നു.നമ്മൂടെ ഓരോ ചലനവും അവരുടെ ലാഭത്തിനുള്ള ഉപാധികളായിത്തീരുന്നു.ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറിമറിയുകയും ജീവിതം = ഉപഭോഗം + ഭോഗം എന്നയിടത്തേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്യുന്നതോടെ സാമൂഹ്യജീവിതവും കുടുംബജീവിതവുമെല്ലാം തകരുകയും ചെയ്യുന്നു.അണുകുടുംബം അണുബോംബായി പൊട്ടിത്തെറിക്കുന്നു.അധ്വാനത്തിലൂടെ സമൂഹം കെട്ടിപ്പടുക്കുക എന്ന സങ്കല്‍പ്പം പോലും നഷ്ടമാകുന്നു.വിനോദവേളകളിലൂടെ നവമുതലാളിത്വത്തിന്റെ പ്രത്യയശാസ്ത്രപ്രചരണമാണ് നടക്കുന്നതെന്ന സത്യം തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം കാഴ്ച്ചകളുടെ മയക്കുമരുന്നുകൊണ്ട് ജനതയെയാകെ മയക്കിക്കിടത്താനാണതിന്റെ പദ്ധതി.
                        ഒരു കാലത്ത് അധ്വാനം ജീവിതശൈലിയുടെ ഭാഗമായിരുന്നെങ്കില്‍ കായികാധ്വാനത്തോട് അവഗണനയും അവഞ്ജയുമുണ്ടാക്കുകയാണ് ആഗോളവല്‍ക്കരണത്തിന്റെ സംസ്കാരം ചെയ്യുന്നത്.അധ്വാനിക്കുന്നവരെ അപഹസിക്കുകയും പണിയേടുക്കാതെ സമ്പന്നനായിത്തീരുന്നവനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് ലോകമെമ്പാടുമുള്ള മുഖ്യധാരാദൃശ്യമാധ്യമങ്ങളുടെ പൊതു സ്വഭാവമായിത്തിരുന്നത് ഇതിനാലാണ്.നല്ല കൂലി ലഭ്യമായിട്ടും കായികാധ്വാനം ആവശ്യമുള്ള തൊഴിലുകളിലേക്ക് പോകാതെ മാസം മൂവായിരവും നാലായിരവും രൂപക്ക് ഷോപ്പിങ്ങ് മാളുകളിലും കമ്പ്യൂട്ടര്‍ സഥാപനങ്ങളിലും മറ്റും ജോലിക്ക് നില്‍ക്കുന്ന യുവതീയുവാക്കള്‍ ഈ പരിണാമത്തിന്റെ ഉദാഹരണങ്ങളാണ്.ബംഗാളിലേയും ഒറീസ്സയിലേയും മറ്റും ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇങ്ങോട്ട് വണ്ടി കയറുന്നത് കായികാധ്വാനം അവര്‍ക്ക് ഇപ്പോഴും അലര്‍ജിയാകാത്തതിനാലാണ്.
                    ആഗോളവല്‍ക്കരണകാലത്ത് നമ്മളെത്തന്നെ  തിന്ന് നമ്മുടെയുള്ളില്‍ വളരുന്ന   മുതല ( കെ.ജി.ശങ്കരപ്പിള്ളയുടെ പ്രയോഗം) യാണ് അലസത.അധ്വാനവിരോധമാണ് അലസതയുടെ അമ്മ.അതിലൂടെ അസംഖ്യം ജീവിതശൈലീരോഗങ്ങളുണ്ടാവുകയും ആശുപത്രി വ്യവസായത്തിലൂടെ മൂലധനവ്യവസായം തഴച്ച് വളരുകയും ചെയ്യും.ആഗോളവല്‍ക്കരണത്തിന്റെ ചൂഷണമെന്ന മഹാഖ്യാനത്തെ ചെറുക്കുന്നതില്‍ അധ്വാനം പ്രധാനമായിത്തിരുമ്പോള്‍ മൂലധനത്തിന്റെ സംസ്കാരത്തിനു പകരം അധ്വാനത്തിന്റെ സംസ്കാരം ആര്‍ജിച്ചെടുക്കേണ്ടത് തൊഴിലാളിവര്‍ഗത്തിന് അനിവാര്യമാവുകയാണ്.
                    മൂലധനത്തിന്റെ ചൂഷണത്തിനെതിരെ ബ്രിട്ടനിലും സ്പെയിനിലും അമേരിക്കയിലുമൊക്കെ അലയടിച്ച സമരങ്ങളില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യങ്ങള്‍ക്ക് ആദ്യമെയ് ദിനത്തിലെ വാക്കുകളുമായി സാദൃശ്യം വന്നത് യാദൃശ്ചികമല്ല.രൂപഭാവങ്ങള്‍ മാറിയാലും അദൃശ്യമായിത്തീര്‍ന്നാലും ചൂഷണത്തിന്റെ അടിസ്ഥാനരീതി മാറുന്നില്ല.സമരം ചെയ്യാതെ ഇനിയുള്ള കാലത്ത് സാധാരണക്കാര്‍ക്ക് ജീവിക്കാനാവില്ല.1990 മെയ് നാലിന് ഹൈഡ് പാര്‍ക്കില്‍ നടന്ന ആദ്യമെയ് ദിനാചരണ പ്രസംഗത്തില്‍ മാര്‍ക്സിന്റെ മകള്‍ എലീനര്‍ മാര്‍ക്സ് പറഞ്ഞു:- ‘ സിംഹങ്ങളെപ്പോലെ ഉണര്‍ന്നെണീക്കുക,രാത്രിയില്‍ അവരണിയിച്ച ചങ്ങലകള്‍ മഞ്ഞു തുള്ളികള്‍ പോലെ കൂടഞ്ഞെറിയുക,നിങ്ങള്‍ അനവധി പേരാണ്, അവര്‍ കുറച്ചുപെരും.’
                   2011 സെപ്തംബറില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളുടെ മുദ്രാവാക്യം ഇങ്ങനെ: നമ്മ്മ്മള്‍ 99 ശതമാനമാണ് (We are the 99% ) അതെ, ഒരു ശതമാനത്തിനു വേണ്ടി 99 ശതമാനത്തെ കുരുതികൊടുക്കുന്നതിനെതിരായ ആഹ്വാനമാണ് എന്നും മെയ് ദിനത്തിന്റേത്.

1 comment :

  1. 1990 മെയ് നാലിന് ഹൈഡ് പാര്‍ക്കില്‍ നടന്ന ആദ്യമെയ് ദിനാചരണ പ്രസംഗത്തില്‍ മാര്‍ക്സിന്റെ മകള്‍ എലീനര്‍ മാര്‍ക്സ് പറഞ്ഞു:- ‘ സിംഹങ്ങളെപ്പോലെ ഉണര്‍ന്നെണീക്കുക,രാത്രിയില്‍ അവരണിയിച്ച ചങ്ങലകള്‍ മഞ്ഞു തുള്ളികള്‍ പോലെ കൂടഞ്ഞെറിയുക,നിങ്ങള്‍ അനവധി പേരാണ്, അവര്‍ കുറച്ചുപെരും.’
    2011 സെപ്തംബറില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളുടെ മുദ്രാവാക്യം ഇങ്ങനെ: നമ്മ്മ്മള്‍ 99 ശതമാനമാണ് (We are the 99% ) അതെ, ഒരു ശതമാനത്തിനു വേണ്ടി 99 ശതമാനത്തെ കുരുതികൊടുക്കുന്നതിനെതിരായ ആഹ്വാനമാണ് എന്നും മെയ് ദിനത്തിന്റേത്.

    ReplyDelete