അഞ്ചാം മന്ത്രിയും കടന്ന്

**Mohanan Sreedharan | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
    2011 ൽ അധികാരത്തിലേറിയ യു ഡി എഫ് മന്ത്രിസഭയ്ക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു.അതിലേറ്റവും വലുത് നിയമസഭയിലെ അതിലോലമായ ഭൂരിപക്ഷമായിരുന്നു.കേവലം രണ്ടേ രണ്ടു സീറ്റിന്റെ മാത്രം ഭൂരിപക്ഷം.ഇടതുജനാധിപത്യമുന്നണിയിലാണെങ്കിൽ ഈ ലോല ഭൂരിപക്ഷം അത്രയേറെ അപകടം ചെയ്യില്ലെങ്കിലും യു ഡി എഫിലോ അതിനെ നയിക്കുന്ന കോൺഗ്രസ്സിലോ സ്ഥിതി അതല്ല.എൽ ഡി എഫ് പറയാറുള്ളതുപോലെ, പാമ്പും തവളയും,കോഴിയും കുറുക്കനും ഒക്കെ ചേർന്ന ഒന്നാണാ മുന്നണി.മാർക്സിസ്റ്റ് വിരോധം എന്ന ഒരൊറ്റ അജൻഡ മാത്രമാണവരെ - ആ ആജന്മശത്രുക്കളെ - ഒരു കുടക്കീഴിൽ, കോൺഗ്രസ്സിന്റെ തണലിൽ ഒത്തുകൂടാൻ സഹായിക്കുന്നത്.ഇനി കോൺഗ്രസ്സിന്റെ കാര്യമെടുത്താലോ, അതിൽ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും ഈ ഗ്രൂപ്പിനൊക്കെ ഉപഗ്രൂപ്പുകളും അവരൊക്കെ തമ്മിൽ പോരടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിയാണുള്ളത്.എന്നിട്ടും അവർ കോൺഗ്രസ്സ് ആയും പിന്നെ എല്ലാവരും കൂടി യു ഡി എഫ് ആയും ഒന്നിച്ചുനിൽക്കുന്നു എന്നു മാത്രം.
                             ഏതായാലും ഇലക്ഷൻ കഴിഞ്ഞപ്പോ, സി പി എമ്മിനെ അതു ചെയ്യും ഇതുചെയ്യും എന്നൊക്കെ പറഞ്ഞു നടന്ന യു ദി എഫന് ആകെ 72 സീറ്റേ കിട്ടിയുള്ളു.അതിൽത്തന്നെ കോൺഗ്രസിനു കിട്ടിയ സീറ്റുകൾ 38, ലീഗ് 20, കേരളാ കോൺഗ്രസ് 9.ഇതാണ് പ്രശ്നമായത്.അനർഹമായ പലതും നേടാനായി ഈ സീറ്റുകളുടെ എണ്ണത്തെ ലീഗും കേകോയും ഉപയോഗപ്പെടുത്തുന്നു.
                       നേരത്തെ പറഞ്ഞതുപോലെ നേരിയ ഭൂരിപക്ഷമാണെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്സിൽ നിന്ന് രണ്ടുപേർ വന്നു - ഉമ്മൻ‌ചാണ്ടിയും രമേശ് ചെന്നിത്തലയും.എന്നാൽ ലീഗ്, കേകോ പിൻതുണയോടെ രമേശിനെ വെട്ടി ഉമ്മഞ്ചാണ്ടി മുഖ്യമന്ത്രിയായി, ഭരണം പൊടി പൊടിക്കുന്നു.ഒരു കാര്യം സ്പഷ്ടമണ്, ലീഗന് നാളിതുവരെ കിട്ടാത്ത സീറ്റുകളാണിത്തവണ കിട്ടിയത്. ഈയൊരു കിട്ടലിനായി ലീഗ് മുസ്ലീം സമുദായത്തിലെ മിക്കവാറും എല്ലാ ഗ്രൂപ്പുകളേയും കണ്ട് കാലുപിടിച്ചതായി വാർത്തയുണ്ടായിരുന്നു.ലീഗ് മാത്രമല്ല കോൺഗ്രസ്സ് തന്നെയും നാട്ടിലെ എല്ലാ ജാതി മത ഗ്രൂപ്പുകാരേയും രഹസ്യമായും പരസ്യമായും കണ്ട് കാലുപിടിച്ചതിന്റെ ഫലമായിരുന്നു ഈ 72 സീറ്റ്.
                        ഭരണം ആരംഭിച്ചതോടെ കളി മാറി.ആദ്യത്തെ ബഡ്ജറ്റ് അവതരണം തന്നെ ഉദാഹരണം, അതൊരു പാലാ മലപ്പുറം ബജറ്റാണെന്ന പരാതി ആദ്യമുന്നയിച്ചത് ഭരണകക്ഷി എം എൽ എ മാർ തന്നെയണ്. അവിടം കൊണ്ടും തീർന്നില്ല, മലപ്പുറത്തെ റോഡുകളെ സംസ്ഥാനത്തിലെ മറ്റു ഭാഗങ്ങളിലെ റോഡുകളോട് താരതമ്യപ്പെടുത്തി മലപ്പുറം റോഡുകൾ അസാധാരണമാം വിധം നന്നാക്കുന്നു എന്ന് പറഞ്ഞത് യു ഡി എഫ് പത്രമായ മനോരമ തന്നെയണ്.ഈ പരാതികളുടെ - ലീഗ് അനർഹമായത് നേടുന്നു എന്ന - മൂർദ്ധന്യമായിരുന്നു അവരാവശ്യപ്പെട്ട അഞ്ചാം മന്ത്രിസ്ഥാനം.ലീഗന് ആദ്യമേ നൽകിയത് 4 മന്ത്രിസ്ഥാനവും ഡെപൂട്ടി സ്പീക്കർ സ്ഥാനവുമായിരുന്നു.എന്നാൽ ഡെപൂട്ടി സ്ഥാനം കേകോക്ക് ദാനം ചെയ്ത് ലീഗ് ഒരു മന്ത്രിസ്ഥാനത്തിനു കൂടി ആവശ്യമുന്നയിച്ചിരുന്നു.എന്നാൽ അതൊരടഞ്ഞ അദ്ധ്യായമാണെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.പക്ഷെ നിരന്തരമായ സമ്മർദ്ദങ്ങളുടെ ഫലമായി ലീഗത് നേടിയപ്പോൾ കോൺഗ്രസ്സ് ഒന്നാകെ ആടിയുലഞ്ഞു.കെപിസിസി കമ്മിറ്റിയിൽ ലീഗിനു വഴങ്ങണ്ട എന്ന തീരുമാനമെടുത്തശേഷം ഉമ്മഞ്ചാണ്ടി ലീഗ്ഗിനാ മന്ത്രിസ്ഥാനം നൽകുകയായിരുന്നു.
                 ഈ മന്ത്രിസ്ഥാനം കേരളത്തിലാകെ ഒരു ചെറിയ കൊറ്റുംകാറ്റു തന്നെ ഉയർത്തി.ഹിന്ദുത്വവോട്ടുകളുടെ അട്ടിപ്പേർ അവകാശപ്പെടുന്ന സംഘടനകളായിരുന്നു ഈ കൊടുംകാറ്റിന്റെ പിന്നിൽ.എൻ എസ് എസ് പോലുള്ള സംഘടനകൾ ശരിക്കും ഇളകിയാടുകയായിരുന്നു.കേരളത്തിലെ ഭൂരിപക്ഷംആളുകളുടെ വോട്ടു നേടി അധികാരത്തിൽ വന്ന ഒരു ഗവണ്മെന്റിനെ ഒരിക്കലും വിശേഷിപ്പിക്കാൻ പോലുമാകാത്ത രീതിയിലാണവർ പ്രതികരിച്ചത്.അതുപോലെ തന്നെ ബി ജെ പിയും.എന്നാൽ ഏതാണ്ട് ഇതേ ശക്ഫ്തിയോടെ തന്നെ കോൺഗ്രസ്സിലെ ചില നേതാക്കളും പ്രതികരിച്ചു കണ്ടു.പ്രത്യെകിച്ചും ആര്യാടൻ മുഹമ്മദു പോലുള്ള കോൺഗ്രസ്സിന്റെ ആദ്യകാല നേതാക്കളും സതീശനെപ്പോലുള്ള പുതു തലമുറക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.
                    ഒരു തരത്തിലീ പ്രശ്നം പാച്ച് ചെയ്തു കഴീഞ്ഞപ്പോഴാണ് ലീഗിലെ ചില നേതാക്കളൂടെ പേരിലുള്ള കടലാസു ട്രസ്റ്റുകൾക്ക് കോഴിക്കോട് യൂണിവേർസിറ്റിയുടെ കോടികൾ വിലമഠിക്കുന്ന സ്ഥലം വെറുതെ എഴുതിക്കൊടുത്തത്.പുരോഗമന ജനാധിപത്യശക്തികളുടെ ജാഗ്രത മൂലം ഈ പ്രശ്നം കണ്ടെത്തുകയും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുകയും അവസാനം യൂണിവേർസിറ്റിക്ക് ഭൂമി തിരിച്ചു കിട്ടുകയും ചെയ്തു.എങ്കിലും ഈ പ്രശ്നവും ഹിന്ദുത്വശക്തികൾ അവരുടെ പ്രവർത്തനങ്ങൾക്ക് ഈട്ടം കൂട്ടാനായി ഉപയോഗിച്ചു.അപ്പോഴാണ് നെയ്യാറ്റിൻകര ഇലക്ഷൻ വന്നത്.എൽ ഡി എഫിൽ നിന്നുംകാലുമാറി യു ഡി എഫിലെത്തിയ എം എൽ എ യെ സ്വീകരിക്കാൻ കോൺഗ്രസ്സിനുപോലും മടിയായിരുന്നു.എന്നാൽ അവർക്കു വീണുകിട്ടിയ ടി പി ചന്ദ്രശേഖരൻ വധം കോൺഗ്രസ്സിന്റെ പ്രതീക്ഷകളെ ഊതിക്കത്തിക്കുകയും അതുപോലെ തന്നെ അവർ വിജയിക്കുകയും ചെയ്തു.വിജയിച്ചു എന്നു തന്നെയുമല്ല കഴിഞ്ഞ പ്രാവശ്യം എൽ ഡി എഫിനൊപ്പം നിന്ന് നേടിയതിനേക്കാൾ ഏതാണ്ട് 1500 വോട്ട് ഭൂരിപക്ഷം സെൽവരാജ് കരസ്തമാക്കുകകയും ചെയ്തു.എന്നാൽ അതല്ല ഇതിലെ സീരിയസ്സായ പ്രശ്നം.
                    യു ഡി എഫിലെ സെൽവരാജ്, എൽ ഡി എഫിലെ ലറൻസ്, പിന്നെ ബി ജെ പിയിലെ ഒ.രാജഗോപാൽ എന്നീ മൂന്നു പേരായിരുന്നു പ്രമുഖ സ്ഥാനാർത്ഥികൾ.ഇലക്ഷൻ പ്രചരണത്തിന്റെ ഒരു ഘട്ടത്തിൽ രാജഗോപാൽ ജയിച്ചേക്കുമെന്നു പോലും പറഞ്ഞിരുന്നെങ്കിലും രാജഗോപാൽ മൂന്നാം സ്ഥാനത്തായി റിസൽറ്റ് വന്നപ്പോൾ.എന്നാൽ അദ്ദേഹം നേടിയ മുപ്പതിനായിരത്തിലധികം വോട്ടുകൾ ഇന്നാട്ടിലെ മതേതര ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ചുകളഞ്ഞു. തോറ്റ ലോറൻസ് ഏതാണ്ട് നാൽപത്താറായിരത്തിലധികം വോട്ടുകളും സെൽവരാജ് ഏതാണ്ട് അൻപത്തി രണ്ടായിരത്തിലധികം വോട്ടുകളുമേ പിടിച്ചിട്ടുള്ളൂ എന്നതും കൂടി കൂട്ടിവായിക്കുമ്പോഴാണീ അപകടം കൂടുതൽ തെളിയുക.എന്നാൽ കോൺഗ്രസ്സ് വക്താവ് പതിവു പോലെ ഒരു ചപ്പടാച്ചി അടിച്ച് ഈ വിഷയം മാറ്റിവച്ചു, മാർക്സിസ്റ്റുകാർ ബിജെപിക്ക് വോട്ടുമറിച്ചതുകൊണ്ടാണിതെന്ന്.
                     എന്നാൽ എന്താണ് യാഥാർത്ഥ്യം? മതേതര കക്ഷിയെന്നറിയപ്പെടുന്ന കോൺഗ്രസ്സ് ജാതി മത പാർറ്റികളായ ലീഗിനും കേകോക്കും വഴിവിട്ട് വഴങ്ങിക്കൊടുക്കുകയും അവരുടെ അത്യാർത്തി ഒരു മടിയുമില്ലാതെ സാധിച്ചുകൊടുക്കുന്നതും കാണിച്ച് മറുവശത്ത് ഹിന്ദുത്ത്വ സംഘടനകൾ ആളെ കൂട്ടിക്കൊണ്ടിരുന്നു.സത്യത്തിൽ ഭരണം ലഭിച്ചപ്പോൾ മുതൽ  എല്ലാ കീ പോയിന്റുകളിലും ലീഗ് സ്വന്തം മതക്കാരെ കുത്തിത്തിരുകാൻ യാതൊരു ലോഭവും കാണിച്ചില്ല. കാലിക്കറ്റ് യൂണിവേർസിറ്റിയുടെ വൈസ് ചാൻസലറായി ഏതോ ഒരു ലീഗുകാരനായ റിട്ടയേർഡ് പ്രൈമറി സ്കൂൾ അദ്ധ്യാപകനെ കൊണ്ടുവരാനുള്ള ധൈര്യം പോലും അവർ കാണിച്ചു.യൂണിവേർസിറ്റിയുടെ സ്ഥലം വെട്ടിച്ചത് സ്വന്തം ആത്മീയനേതാവിന്റെ പേരിൽ തട്ടിക്കൂട്ടിയുണ്ടാക്കിയ ട്രസ്റ്റാണെന്നോർക്കണം.ഇത്രമാത്രം ജാത്യാധിഷ്ടിതമായ ഭരണം മറുവശത്തുണ്ടാക്കുന്ന ചലനങ്ങളെക്കുറിച്ച് കോൺഗ്രസ്സ് പോലും അജ്നത നടിച്ചു.
                        അതിന്റെ ഫലമാണ് നെയ്യാറ്റിൻ കരയിൽ കണ്ടത്.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ആറായിരത്തോളം വോട്ടു പിടിച്ച ബി ജെ പി ഇത്തവണ പിടിച്ചത് മുപ്പതിനായിരത്തിലധികം.രാജഗോപാലുണ്ടാക്കാവുന്ന വ്യക്തിവോട്ടുകളേക്കാളും കൂടുതലായി  ഈ വോട്ടുകൾ.എന്താണിതിനു കാരണം? അനർഹമായ നേട്ടങ്ങളുണ്ടാക്കുന്ന ലീഗ് കേകോ ജാതിമതങ്ങളെകാണിച്ച് ഹിന്ദുവോട്ടുകൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും അത് വിജയത്തിലെത്തുകയും ചെയ്യുന്നു എന്നതാണീ വോട്ടുകൾ നമ്മെ പഠിപ്പിക്കുന്നത്.കേരളത്തിലാകമാനം ലീഗ് കേകോ ഉമ്മാക്കി കാണിച്ച് ഹിന്ദുവോട്ടുകൾ ഒന്നിപ്പിച്ച് കേരളത്തിലും ഗുജറാത്തുപോലെ ഒരു ഹിന്ദു ഭരണവും ഹിന്ദു ഗവണ്മെന്റും സ്ഥാപിക്കാനായുള്ള ശ്രമമാണ് നടക്കുന്നത് എന്നു വേണം വിചാരിക്കാൻ. 
                 ഈ പോക്ക് അപകടമാണെന്ന് പറയേണ്ടിയിരിക്കുന്നു.ഇപ്പുറത്ത് ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ ശ്രമം നടക്കുമ്പോൾ അപ്പുറത്ത് മറ്റു വോട്ടുകൾ അതത് ജാതികളുടെ പേരിൽ സമാഹരിക്കപ്പെടും.ഇത് സ്വതേ ദുർബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ മത്തേതര ാന്തരീക്ഷത്തെ കൂടുതൽ കൂടുതൽ വഷളാക്കുന്നതിലേക്കായിരിക്കും നയിക്കുക.മാറാടുകൾ കേരളം മുഴുവൻ ആവർത്തിക്കും എന്നതാണ് ഇതിന്റെ അനന്തരഫലം.കോൺഗ്രസ്സിന് ഇത് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു, അല്ലെങ്കിൽ ഭരണം നിലനിറുത്താനുള്ള വെപ്രാളത്തിൽ കോൺഗ്രസ്സ് ഇത് മനസ്സിലാവാത്താപോലെ അഭിനയിക്കുന്നു.അതാണ് ബി ജെ പി വോട്ടുകളെക്കുറിച്ച് അവർ നടത്തിയ അഭിപ്രായ പ്രകടനം.അതോടൊപ്പം അവർ തുടരുന്ന കാര്യങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു തുല്യമാണു താനും.മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ വന്ന പോലീസ് നീതിപീഠസ്വാധീനിക്കൽ കേസ് എഴുതിത്തള്ളാനുള്ള തീരുമാനം ഇലക്ഷൻ റിസൽറ്റ് വന്നതിനു ശേഷമാണുണ്ടായത്. അതുപോലെ തന്നെ സി എച്ച് ട്രസ്റ്റിന് ഒരുലക്ഷം  മുതൽ രണ്ടു ലക്ഷം വരെ ഓരോ പഞ്ചായത്തിൽ നിന്നും പിരിക്കാനുള്ള തീരുമാനവും കുനിയിൽ കൊലയ്ക്ക് അന്തരീക്ഷം ഒരുക്കിഅയ് ശ്രി.പി.കെ ബഷീർ എം എൽ എയെ നിർലജ്ജം ന്യായീകരിക്കുന്നതും ഒക്കെ അന്തരീക്ഷത്തെ കലുഷിതമാക്കുകയേ ഒള്ളൂ എന്നാണ് തോന്നുന്നത്.
                           ഇവിടെ നാമോർക്കേണ്ട ഒരു കാര്യം ലീഗിന്റെ വഴി വിട്ട കാര്യസാധ്യങ്ങൾ മുസ്ലീം സമുദായത്തിലെ വളരെ വിരലിലെണ്ണാവുന്ന ഒരു ന്യൂനപക്ഷത്തിന്റെ നന്മ മാത്രം  - പണസംബാദനം മാത്രം - ലക്ഷ്യം വച്ചുള്ളതാണ്.സാധാരണക്കാരനായ ഓരോ മുസ്ലീമിനും അവന്റെ അടുപ്പ് എരിയണമെങ്കിൽ അന്നന്ന് പണിയെടുത്ത് കൊണ്ടുവരേണ്ടിയിരിക്കുന്നു.ഇപ്പുറത്ത് ക്രിസ്ത്യൻ സമൂഹത്തിനായാലും ഹിന്ദു സമൂഹങ്ങൾക്കായാലും സാധാരണക്കാരന്റെ കാര്യം നോക്കാൻ ഇവരുടെ മതനേതാക്കൾക്കൊന്നും നേരമില്ല എന്നതാണു സത്യം.  ഓരോരൊ ജാതിമത വിഭാഗവും ആ മതത്തിലെ വിരലിലെണ്ണാവുന്ന സമ്പന്നന്മാർക്കായാണ് നിലകൊള്ളുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാലറിയാം.എല്ലാ ജാതി മതസ്ഥരിലെ സാധാരണക്കാരന്റെ അവസ്ഥയും ഒന്നാണ്, ദിനം തോറും വഷളായിക്കൊണ്ടിരിക്കുന്ന ഓരോരുത്തന്റേയും ജീവിത പ്രയാസങ്ങൾ. എന്നാൽ ഇക്കാര്യം നന്നാക്കുന്നതിനായി പണിയെടുക്കുന്നത് മേൽപറഞ്ഞ ആരുമല്ല, കമ്യൂണിസ്റ്റുപാർട്ടികൾ മാത്രമാണ്. അവർ മാത്രമാണ്   പാവപ്പെട്ടവനായി ശബ്ദമുയർത്തുന്നത്.കോൺഗ്രസ്സ് പോലും കോടികൾ മറുവഴിക്ക് ഒഴുക്കുമ്പോൾ വളരെ തുഛമായ നക്കാപ്പിച്ചകൾ മാത്രമാണ് പാവപ്പെട്ടന്നായി ചിലവഴിക്കുന്നത്.
                               ഈ ദുരന്തവൽക്കരണം ത്വരിതപ്പെടുത്തുന്നതിനും അതിനോടുള്ള എതിർപ്പ് കുറയ്ക്കുന്നതിനും ആയി യഥാർത്ഥ എതിരാളിയായ കമ്യൂണിസ്റ്റുപാർട്ടിയെ എങ്ങോ നടന്ന ഒരു കൊലപാതകത്തിന്റെ പേരും പറഞ്ഞ് കുരുക്കിയിട്ടിട്ടാണീ തുരപ്പൻ പണി നടത്തുന്നതുമെന്നോർക്കണം.   കമ്യൂണിസ്റ്റുകാര ക്ഷീണിപ്പിച്ചാൽ പാവങ്ങൾക്ക് കിട്ടുന്ന പ്രതിഫലം അവരുടെ പിച്ചച്ചട്ടിയിൽ വീഴുന്ന ചില്ലിക്കാശു കൂടി ഇല്ലാതാവും എന്നതാണ്.പത്രങ്ങൾ ഓരോ ദിവസവും സ്വന്തം ഭാവനാവിലാസം വച്ച് എഴുതിക്കൂട്ടുന്നതും വായിച്ച് ആസദിച്ചിരിക്കുമ്പോൾ അതിന്റെ മറവിൽ നമ്മുടെ മതേതര ജനാധിപത്യ കേരളമാണില്ലാതാകുന്നതെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ?            
Post a Comment