എള്ളുളങ്ങണത് എണ്ണ കിട്ടാൻ, കുഞ്ചാത്തനുണങ്ങണതോ?

**Mohanan Sreedharan | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                            ഞങ്ങളുടെ നാട്ടിൽ പണ്ട് നിലനിന്നിരുന്ന ഒരു പഴഞ്ചൊല്ലാണ്  മേൽകൊടുത്ത തലവാചകം.ഞങ്ങൾക്ക് , എന്നു വച്ചാൽ കൃഷി ചെയ്യുന്നവർ - പ്രത്യേകിച്ചും കരനെൽകൃഷി ചെയ്യുന്നവർ വെള്ളം കിട്ടാനുള്ള സാദ്ധ്യത  നോക്കി ഇടക്കൊന്ന് മാറികൃഷി ചെയ്യുന്ന പതിവുണ്ടായിരുന്നു.രണ്ടു കൃഷിയുടെ ഇടയിൽ ഒരിക്കൽ എള്ള് അല്ലെങ്കിൽ കരിമ്പ് ഒക്കെ കൃഷി ചെയ്യും.എള്ളായിരിക്കും അധികവവും.എന്നിട്ടത് കൊയ്ത് മെതിച്ച് വലിയ പായിൽ ഉണക്കാനിടും.ഉണങ്ങിയാൽ ചക്കിലാട്ടി എണ്ണ എടുക്കും,പിണ്ണാക്ക് കന്നുകാലികൾക്കും കൃഷിക്ക് അടിവളമായുമൊക്കെ ഉപയോഗിക്കും.ഈ ഉണക്കലിലാണ് പ്രശ്നം.വലിയ പായിൽ എള്ള് കനം കുറച്ച് നിരത്തിയിട്ട് സൂര്യപ്രകാശത്തിൽ ഉണക്കും.ഈ ഉണക്കൽ പ്രക്രിയക്കിടയിൽ ഇത് ഇടക്കിടക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം.കൊടും വെയിലത്ത് നിന്ന് എള്ള് നിരന്തരം ഇളക്കിക്കൊണ്ടിരിക്കുന്ന കുഞ്ചാത്തൻ എന്ന വേലക്കാരനെ നോക്കീ വഴിയെ പോയ ഒരാൾ ചോദിച്ചതാണീ ചോദ്യം.
                                           ചോദ്യം ഇത്രയേയുള്ളൂ, എള്ള് ഉണങ്ങണത് ആട്ടി എണ്ണയെടുത്ത് മുതലാളിയുടെ വീട്ടുകാർക്ക് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യാൻ വേണ്ടിയാണ്.എന്നാൽ കറുത്ത് കൊരഞ്ഞ ഈ കുൻചാത്തൻ ഇനിയും ഉണങ്ങണതെന്തിനാണ്, എണ്ണ ഒട്ട് കിട്ടുകയുമില്ല അവസാനം നാടിനും വീട്ടിനും അങ്ങേർ ഒരു ഭാരമായിതീരുകയും ചെയ്യും.
                                           ഞാനിപ്പോ ഈ പഴ്ഞ്ചൊല്ല് ഓർക്കാൻ കാരണം ഒരു മാസം മുൻപ് നടന്ന ഒരു കൊലപാതകമാണ്. അതേ, ടി.പി.ചന്ദ്രശേഖന്റെ വധം തന്നെ.അതു നടന്ന കാലത്ത് കേരളത്തിലൊഴുകിയ കണ്ണുനീരിനു കണക്കില്ല.അത്യാവശ്യം പേരുള്ളവനൊക്കെ ടിപിയുടേ വീട് തപ്പി നടന്നെത്തി പലതരം പ്രകടനങ്ങൾ നടത്തി സായൂജ്യമടഞ്ഞു.അന്നത് ആവശ്യമായിരുന്നു.കാരണം നെയ്യാറ്റിൻകരയിൽ യു ഡി എഫിന്റെ നില പരുങ്ങലിലായിരുന്നു.രണ്ടാം സ്ഥാനത്തിനു വേണ്ടി ബി ജെ പിയോടായിരുന്നു യഥാർത്ഥത്തിൽ യു ഡി എഫിന്റെ മൽസരം.എന്നാൽ മെയ് നാലിന്റെ ചന്ദ്രശേഖരൻ വധത്തോടെ സീൻ ആകെ മാറി.കഥ മുഴുവൻ ഞാൻ വിവരിക്കുന്നില്ല, പിന്നീടെന്തുണ്ടായെന്ന്  എല്ലാവർക്കുമറിയാം.രണ്ടാം സ്ഥാനത്തിനു മൽസരിച്ച യ്ുഡീ എഫുകാരൻ ആറായിരത്തിലധികം വോട്ടിനു ജയിച്ചു.പക്ഷെ യു ഡി എഫും തൽപ്പരകക്ഷികളും ഇതിൽ നിന്നും ഒരു വലിയ പാഠം പഠിച്ചു.അത്യാവശ്യം സെൻസിറ്റീവ്വായ ഒരു പ്രശ്ന ംഉയർന്നുവരികയും അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കഴിയാവുന്ന മാധ്യമങ്ങളേയും കൂട്ടുപിടിച്ചാൽ നമ്മുടെ ജനം മുഴുവൻ കൂടെപ്പോരും എന്ന്.
                              സത്യത്തിലിതല്ലെ നമ്മുടെ നാട്ടിൽ സംഭവിച്ചത്! വികാരം എത്രത്തോളം ഹൃദയസ്പൃക്ക് ആകുന്നുവോ, ജനങ്ങളുടെ ചിന്തിക്കാനുള്ള കഴിവ് അതിനനുസരിച്ച് നഷ്ടപ്പെടുന്നു എന്ന്. എന്തെല്ലാമായിരുന്നു നമ്മുടെ മാധ്യമങ്ങൾ വിളിച്ചു കൂവിക്കൊണ്ടിരുന്നത്? പൊട്ടിക്കരഞ്ഞ ലോക്കൽ കമ്മിറ്റി നേതാവ്, ഗൂഡാലോചന ആദ്യം കല്യാണവീട്ടിലായിരുന്നു നടന്നത്, പിന്നെയത് ജെയിലിലേക്ക് മാറി, പിന്നെയത് ഗൃഹപ്രവേശമായി, അങ്ങനെ എന്തെല്ലാം കോലാഹലങ്ങൾ.അവർ പോലീസ് തന്നത് എന്ന നാട്യത്തിൽ എന്തെല്ലാം എന്തെല്ലാം  ആണ് വിളമ്പിയിരുന്നത് എന്ന് ആ പഴയ പത്രങ്ങൾ ഒന്നു ചുമ്മാ മറിച്ചുനോക്കിയാൽ അറിയാൻ കഴിയും.
                         കേരളത്തിലിതാവണം അവസാനത്തെ കൊല എന്ന് ഗദ്ഗദം കൊണ്ട് വിക്കിക്കൊണ്ട്  നമ്മുടെ മുഖ്യൻ പ്രസ്ഥാവിച്ചത് നാമൊക്കെ ഓർക്കുന്നുണ്ടാകും.എന്നിട്ടോ അതിനു തൊട്ടടുത്ത ദിവസം തന്നെയാണ് ഭരണകക്ഷി എം എൽ എ യുടെ ഭീഷണി വരുന്നത്, എന്താണാ ഭീഷണി എന്നതോർക്കുന്നില്ലെ? അദ്ദേഹത്തിന്റെ ഒരു പഴയ ഭീഷണി വേറെയുണ്ട്, തന്റെ പ്രവർത്തകർ ചവിട്ടിക്കൊന്ന ഒരധ്യാപകന്റെ മരണത്തീനു സാക്ഷി പറയാൻ പോയാൽ പോകുന്നവർ സ്വന്തം കാലിൽ നടന്ന് വീട്ടിലെത്തുകയില്ല എന്ന്. അതിനെതിരെ പോലീസ് കേസുമുണ്ടായിരുന്നു.ആ കേസ് യു ഡി എഫ് ഭരണത്തിൽ വന്നയുടനെ പിൻവലിച്ചു.അതിൽ നിന്ന് ആവേശം കൊണ്ട അദ്ദേഹം തന്റെ മറ്റൊരു ശത്രുവിനെതിരെ വീണ്ടും ഭീഷണി, എണീറ്റുനടക്കില്ല അവർ എന്ന്.ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആ രണ്ടൂ ശത്രുക്കളേയും വെട്ടിക്കൊന്നു കളഞ്ഞു അണികൾ.എന്നിട്ടോ? ഒരു മുഖ്യനും അങ്ങോട്ടോടിയെത്തിയില്ല എന്നു തന്നെയുമല്ല ചെവിവേദനയാണെന്നു പറയുകയും ചെയ്തു.പാർട്ടി പ്രസിഡണ്ടോ മറ്റാരുമോ ഇങ്ങനെയൊരു സംഭവം അറിഞ്ഞ മട്ടുപോലും കാണിച്ചില്ല.ഏതാണ്ടിതു തന്നെയായിരുന്നു നമ്മുടെ മുഖ്യ മാധ്യമങ്ങളുടേയും സ്ഥിതി.ഇങ്ങനെയൊരു സംഭവം അവരാരും അറിഞ്ഞൂകൂടിയില്ല.ഇനിയൊരു അരും കൊല ഇവിടെ അനുവദിക്കില്ലെന്ന് ആണയിട്ടു പറഞ്ഞ നാവ് ഉള്ളിലേക്കിടുന്നതിനു മുൻപ് ഒരു ഭരണകക്ഷി എം എൽ എയുടെ ഒത്താശയോടെ നടന്ന ഈ കൊലപാതകം.
                            ഇനിയാണ് എള്ളും കുഞ്ചാത്തനും വരുന്നത്! യു ഡി എഫിനും മുഖ്യധാരാമാധ്യമങ്ങൾക്കും  ടീപി ചന്ദ്രശേഖരൻ വധം കൊണ്ട് ഒരു പതിനായിരം തരം ഉപയോഗങ്ങളുണ്ട്.ഏറ്റവും പ്രഥമം നെയ്യാറ്റിൻകരയിൽ സെൽവരാജിനെ ജയിപ്പിക്കുക എന്നത്.ആരായിരുന്നു ഈ സെൽരാജ് എന്ന് എല്ലാവർക്കുമറിയാം. ഏറ്റവും മിനിമം ഇതെങ്കിലും നാം അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ മനസ്സിലോർക്കണം; യു ഡി എഫോ, അതിൽ ചേരുന്നതിലും നല്ലത് ആത്മഹത്യയല്ലേ എന്ന് പറഞ്ഞ അദ്ദേഹം അതച്ചടിച്ച മഷിയുണങ്ങുന്നതിനും മുന്നെ യു ഡി എഫ് പാളയത്തിലെത്തി.എന്നാൽ പ്രതേകിച്ച് കാരണമൊന്നും പറഞ്ഞുമില്ല ഈ മനം മാറ്റത്തിന്. അപ്പോൾ എള്ളൊണങ്ങുന്നതുംകൊണ്ട് യു ഡി എഫിനു നേട്ടമുണ്ട് !.പിന്നെ ഈ കാലഘട്ടത്തിൽ പത്രത്താളുകളീൽ ടി പി വധത്തിന്റെ സെൻസേഷണൽ വാർത്തകളടിച്ചതിനാൽ സ്ഥലം തികയാതെ വന്നതിനാൽ ജനത്തെ അറിയിക്കാൻ പറ്റാതെ വന്ന കുറെ വാർത്തകളുണ്ട്. ഉദാഹരണത്തിന് (1) സി എച് മുഹമ്മദുകോയയുടെ പേരിലുള്ള കടലാസ് ട്രസ്റ്റിനായി പഞ്ചായത്തുകൾ വഴി പിരിക്കാൻ പോകുന്ന കോടികൾ, (2) കുഞ്ഞാലിക്കുട്ടിയുടെ പേരിലുള്ള ഐസ്ക്രീം പുനരൻവേഷണ കേസ് തെളിവില്ലെന്ന് പറഞ്ഞ് തള്ളി പോലീസ്,(3)ഇറ്റാലിയൻ കപ്പൽ നാടുവിട്ടു പോയി,(4)ലീഗ് കോൺഗ്രസ്സ്   അടി,(5) പിള്ള മകൻ അടി,(6) മുല്ലപ്പെരിയാർ പ്രശ്ണം ഏതാണ്ട് തമിഴ്‌നാടിന്റ്െ കയ്യിലായി,(7)യൂണിവേർസിറ്റിയുടേ ഭൂമി കടലാസ് ലീഗ് ട്രസ്റ്റുകൾക്ക് തീറെഴുതിക്കൊടുത്തു,(8) അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും ഇവിടെ ഇന്ധനത്തിന്റെ വില കുതിച്ചു കയറുന്നു, (9) എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും നമ്മുടെ പൊതുമേഖലയിൽ നില നിന്ന വിമാന സർവീസ് ഏതാണ്ട് പൂട്ടിക്കെട്ടി,(10) സർക്കാർ ജീവനക്കാരുടെ പെൻഷൻ ഇല്ലാതാവുന്നു,തന്നെയുമല്ല ഗ്രാറ്റുവിറ്റിയും പ്രോവിഡണ്ട് ഫണ്ടൂം ഷെയർ മാർക്കറ്റിലേക്ക് വിട്ടുകൊടുക്കുന്നു,ചൂതുകളിക്കായി.
                          ഇത്രയും മാത്രമല്ല പ്രശ്നങ്ങൾ. ഇത് പെട്ടെന്ന് തോന്നിയതു കുറേ ലിസ്റ്റു ചെയ്തതുമാത്രം. അപ്പോൾ നമ്മുടെ മുഖ്യമാധ്യമങ്ങൾ ടി പി വധത്തിൽ നമ്മെ ആറാടിച്ചപ്പോൾ നമ്മൂടെ കണ്ണിനു പിന്നിലൂടെ നമുക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് നമ്മെ അറിയിക്കാൻ ആരുണ്ട്? ആരാണീ മുഖ്യമാധ്യമങ്ങളെന്നു ചിന്തിച്ചിട്ടുണ്ടോ? 1.മനോരമ:- ഇവിടെ കമ്യൂണിസ്റ്റുകാർ അധികാരത്തിലെത്തിയാൽ താനും തന്റെ കുടുംബവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യും എന്ന് പ്രഖ്യാപിച്ച ഒന്നാം നമ്പർ കമ്യൂണിസ്റ്റു വിരുദ്ധൻ,2.മാതൃഭൂമി:- വയനാടു മുഴുവൻ വെട്ടിപ്പിടിച്ച് കൈയിലൊതുക്കി ഭരണത്തിന്റേയും പത്രത്തിന്റേയും തണലിൽ നടക്കുന്ന ഏറ്റവും തരം താണ തരത്തിൽ കമ്യൂണിസ്റ്റു വിരുദ്ധ വിഷം ചീറ്റുന്ന പത്രം,3.ആഗോള കമ്യൂണിസ്റ്റു വിരുദ്ധനായ മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ്.പിന്നെ വലിയ വലിയ മൂർഖൻ മാർ വിഷം ചീറ്റുമ്പോൾ കൂടെ ചീറ്റുന്ന ഞാഞ്ഞൂളൂകളേപ്പോലുള്ള മറ്റു മാധ്യമങ്ങൾ.
                           ഇവരൊക്കെ ദിനം തോറും ഇറക്കുന്ന നുണകൾക്ക് പലതിനും ഒരു ദിവസത്തെപ്പോലും ആയുസ്സുണ്ടാവുന്നില്ല എന്നതാണ് സത്യം. ഇന്ന് അവരെഴുതുന്ന നുണകൾക്ക് കടകവിരുദ്ധമായ വാർത്തകൾ പിറ്റേന്ന് പ്രസിദ്ധീകരിക്കാൻ ഇവർക്കൊരു മടിയുമില്ല. പച്ചയായ നുണകൾ,ഊതിപ്പെരുപ്പിച്ച നുണകൾ, അതിശയോക്തിപരമായ നുണകൾ , സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി അവതരിപ്പിക്കുന്ന കാര്യങ്ങൾ ഒക്കെ വഴി ഇവർ ആഗ്രഹിക്കുന്നതൊന്നേയുള്ളൂ, കമ്യൂണിസ്റ്റ് പാർട്ടിയുടെ  - പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനം.ഈ മാധ്യമങ്ങൾ  പ്രതിനിധാനം ചെയ്യുന്ന വർഗത്തിന്റെ വളർച്ചക്കും അതിനെതിരെയുയരുന്ന ശബ്ദങ്ങളെ അടിച്ചമർത്താനും ഇത്തരം വ്യാജകുപ്രചരണങ്ങൾ അവർക്കാവശ്യമാണ്. അപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധ വാർത്തയെന്ന എള്ളുണങ്ങുന്നത് തൊഴിലാളിവർഗ നശീകരണത്തിനാണെന്നത് നിസ്സംശയമാണ്.എന്നാൽ നമ്മൾ കുഞ്ചാത്തന്മാരായ നമ്മൾ ആ വാർത്തയിൽ തടഞ്ഞു നിൽക്കുന്നത്  നമ്മുടെ സർവതോന്മുഖമായ പുരോഗതിയിലേക്ക് നമ്മെ നയിക്കുന്ന ആ പാർട്ടിയുടെ നാശമാണതുണ്ടാക്കുക എന്ന് നാം മനസ്സിലാക്കുന്നില്ല, അതിനു ഈ വാർത്തകളുടെ കുത്തൊഴുക്ക് നമ്മെ അതിനനുവദിക്കുന്നില്ല എന്നതാണ് സത്യം.
Post a Comment