യു ഡി എഫില്‍ അടി മൂക്കുമ്പോള്‍

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                   അങ്ങനെ രണ്ട് ഉപതിരഞ്ഞെടുപ്പുകളും കഴിഞ്ഞു, യു ഡി എഫിന്റെ കഷ്ടകാലവും കഴിഞ്ഞു.(പഴയ വാര്‍ത്ത).ആദ്യം വന്നത് പിറവം ഇലക്ഷനാണ്.അവിടെ പൊരിഞ്ഞ പോരാട്ടമായിരുന്നു ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബും എം ജെ ജേക്കബും തമ്മില്‍.ശരിക്കും യു ഡി എഫിന്റെ നെഞ്ചിടിച്ച തിരഞ്ഞെടുപ്പ്. സത്യത്തില്‍ പിറവം ഒരു യു ഡി എഫ് മണ്ഡലമായിരുന്നു.വര്‍ഷങ്ങളിലെ കണക്കെടുത്തു നോക്കിയാല്‍ ഒന്നോ രണ്ടോ പ്രാവശ്യമേ ഇടതുപക്ഷം അവിടെ ജയിച്ചിട്ടുള്ളൂ.അന്നൊക്കെ ഒന്നുകില്‍ കോണ്‍ഗ്രസ്സ് അല്ലെങ്കില്‍ ഘടകകക്ഷികളിലാരെങ്കിലും പാലം വലിച്ചതായിരുന്നു  ആ എല്‍ ഡി എഫ് വിജയങ്ങള്‍ക്കു പിന്നില്‍.ഇത്തവണത്തെ ഇലക്ഷനില്‍ അങ്ങനെ പാലം വലിക്കേണ്ട കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കോണ്‍ഗ്രസ്സും യു ഡി എഫും പേടിച്ചു, വല്ലാതെ.ആ പേടി യു ഡി എഫിനെക്കൊണ്ട് വല്ലാത്തൊരു നാറ്റപ്രക്രിയ ചെയ്യിച്ചു, അല്പസ്വല്പം അനിഷ്ടവുമായി നടന്ന സെല്‍‌വരാജിനെപ്പിടിച്ച് കാലുമാറ്റിച്ചു.
                              സാംസ്കാരീകവും രാഷ്ട്രീയവുമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നഹങ്കരിച്ചിരുന്ന കേരളീയരെ ഞെട്ടിച്ച ഒന്നായിരുന്നു ആ കാലുമാറ്റം. അതിലുമുപരി പിറവത്തെ ജനങ്ങളിലുള്ള കോണ്‍ഗ്രസ്സിന്റെ അവിശ്വാസപ്രഖ്യാപനം കൂടിയായിരുന്നു ആ കാലുമാറ്റിക്കല്‍.എന്തെല്ലാം ന്യായവാദങ്ങള്‍ സെല്‍‌വരാജും മറ്റും പറഞ്ഞാലും ആ കാലുമാറ്റം നമ്മുടെ കൊച്ചുകേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ഒന്നായിരുന്നു.
                           പിന്നീട് പ്രതീക്ഷിച്ചപോലെ തന്നെ നെയ്യാറ്റിന്‍‌കര ഉപതിരഞ്ഞെടുപ്പുവന്നു. എന്നാല്‍ പിറവം ഉപതിരഞ്ഞെടുപ്പിനെ നേരിട്ടതിനേക്കാള്‍ കുഴപ്പങ്ങള്‍ നിറഞ്ഞ യു ഡി എഫ് ആണ് പിറവം ഉപതിരഞ്ഞെടുപ്പിനെ നേരിടാനെത്തിയത്.തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ആദ്യഘട്ടങ്ങളിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സെല്‍‌വരാജിന്റെ പ്രകടനം - അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് - ശരിക്കും ഒരു പരാജിതന്റേതായിരുന്നു.സെല്‍‌വരാജിനു മാത്രമല്ല യു ഡി എഫിനു പോലും യാതൊരു പ്രതീക്ഷയുമില്ലാതെയാണാ തിരഞ്ഞെടുപ്പു പ്രചരണം ആരംഭിക്കുന്നത്.
                  എന്നാല്‍ നമുക്കൊക്കെ അറിയാവുന്നതു പോലെ, മെയ് നാലിനു നടന്ന ആ സംഭവം സ്ഥിതിഗതികളാകെ മാറ്റി മറിച്ചു.രാത്രി പത്തുമണിക്ക് ശ്രി.ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു,ആ വെളുപ്പിനു തന്നെ യു ഡീ എഫ് നേതാക്കള്‍ വല്ലാത്ത ദുഖവും പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നു.പിന്നെ കാര്യങ്ങളൊക്കെ യു ഡി എഫിനനുകൂലമായി തിരിയുകയായിരുന്നു - അല്ല തിരിക്കുകയായിരുന്നു ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങളും അപ്പോ കണ്ടവനെ അപ്പ എന്നു വിളിക്കുന്ന യു ഡി എഫ് നേതാക്കളും.പോസ്റ്റ് മോര്‍ട്ടം മുറിയിലും അതുപോലെതന്നെ പോലീസ് അധികാരികളുമായി ആഭ്യന്തരമന്ത്രി കൂടിയാലോചന നടത്തുന്ന മുറിയിലും കയറി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കെ പി സി സി പ്രസിഡണ്ടു മുതല്‍ ചെറിയ പരലുകളെ മാത്രമല്ല വന്‍ സ്രാവുകളെ വരെ അകത്താക്കണം എന്ന് ഭംഗ്യന്തരേണ പോലീസിനോട് കല്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വരേയുള്ളവര്‍ അവരുടെ റോളുകള്‍ ശരിയായിത്തന്നെ കൈകാര്യം ചെയ്തപ്പോള്‍ അത് പൊലിപ്പിച്ചുകാണിച്ച വലതുപക്ഷ മാധ്യമങ്ങള്‍ ഭംഗിയായി ഇവിടെ ആടിത്തിമിര്‍ക്കുകയും ചെയ്തപ്പോള്‍ ജനം ആകെ സ്തബ്ധരായി നിന്നു.
                     പോലീസ് ഇവര്‍ നല്‍കുന്ന ചീട്ടനുസരിച്ച് മാര്‍ക്സിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൊഴി എന്ന പേരില്‍ നിരവധി നുണകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ നിഷ്‌പക്ഷരായ ജനങ്ങളും അതിനനുസരിച്ച് നീങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റുവിരുദ്ധപ്രചരണമായതു മാറുകയും ചെയ്തപ്പോള്‍ സെല്‍‌വരാജ് ആയിരത്തിലധികം വോട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ നേടി വിജയിക്കുകയും ചെയ്തു.എന്നാല്‍ ഇന്നാട്ടിലെ മതേതരവിശ്വാസികളെ ഞെട്ടിച്ചത് ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ശ്രി.ഓ.രാജഗോപാല്‍ നേടിയ വോട്ടുകളാണ്.വര്‍ഷങ്ങളായി മൂവായിരം മുതല്‍ നാലായിരം വരെ വോട്ടുകള്‍ നേടിക്കൊണ്ടിരുന്ന ബി ജെ പി രാജഗോപാല്‍ എന്ന അനുകൂല ഘടകമുണ്ടെങ്കില്‍ പോലും മുപ്പതിനായിരത്തിലധികം വോട്ടുകള്‍ പിടിച്ചു.മതന്യൂനപക്ഷങ്ങളെ വഴിവിട്ട് പ്രീണിപ്പിക്കുന്നു എന്ന ആക്ഷേപവുമായി മതഭൂരിപക്ഷക്കാര്‍ ഇവിടെ സംഘടിക്കാന്‍ തുടങ്ങിയതിന്റെ ദു:സൂചനയായിട്ടിതെടുക്കാമെങ്കിലും ആരാണോ ന്യൂനപക്ഷങ്ങളെ വഴിവിട്ട് സഹായിച്ചുകൊണ്ടിരുന്നത് അവരത് ഇനിയും കാര്യമായിട്ടെടുത്തിട്ടില്ല എന്നതാണ് സത്യം.
                       ഇന്ന്, യു ഡി എഫും അവരെ സഹായിക്കുന്ന മാധ്യമങ്ങളും കെട്ടിയുയര്‍ത്തിയ നുണക്കോട്ടകള്‍ തകരാനും അവിടേക്ക് സത്യത്തിന്റെ നുറുങ്ങുവെട്ടം കടന്നുചെല്ലാനും തുടങ്ങിയിരിക്കുന്നു.പറഞ്ഞ നുണകളെ ന്യായീകരിക്കാനുള്ള ശ്രമത്തിനിടയില്‍ ഇവര്‍ വളരെയേറെ അബദ്ധങ്ങളില്‍ ചാടുകയും നാറുകയും ചെയ്യാന്‍ തുടങ്ങിയിരിക്കയുമാണ്.അടുത്തതായി ജനങ്ങളുടെ ദുരിതങ്ങള്‍ ഏറിയേറി വരികയാണ്.നിത്യോപയോഗസാധനങ്ങളടക്കം എല്ലാത്തിനും വിലകുതിച്ചുകയറിയിരിക്കുന്നു.തന്നെയുമല്ല ജനങ്ങളുടെ വരുമാനത്തിന് വലിയതോതില്‍ കുറവുവന്നുകൊണ്ടിരിക്കുന്നു.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പാപ്പരീകരിച്ചുകൊണ്ടിരിക്കുന്നു, സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു.
                     ഇതോടൊപ്പം തന്നെ മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസ്സ് കൂടുതല്‍ കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്.ന്യൂനപക്ഷങ്ങള്‍ വിലപേശി ഓരോന്ന് സമ്പാദിക്കുമ്പോള്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ ഭൂരിപക്ഷമതക്കാര്‍ക്കും അത്രയുമോ അതില്‍ക്കൂടുതല്‍ വഴിവിട്ട് നല്‍കേണ്ടുന്ന അവസ്ഥയാണ്. ഇത് യു ഡി എഫ് ഗവണ്മെന്റിനെ ഒരു മതേതരഗവണ്മെന്റ് എന്ന രീതിയില്‍ നിന്നും ഒരു മത ഗവണ്മെന്റ് എന്ന അവസ്ഥയിലേക്ക് വളരെ വേഗം എത്തിച്ചിരിക്കുന്നു.എല്ലാം മതാടിസ്ഥാനത്തില്‍ ജാതിഅടിസ്ഥാനത്തില്‍ കാണുന്ന ഒരു ഗവണ്മെന്റായി യു ഡി എഫ് ഗ്ഗവണ്മെന്റ് മാറിയിരിക്കുന്നു.
                  ഇത് യു ഡി എഫിലും ഗവണ്മെന്റിലും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.ഉദാഹരണത്തിന് ഗവണ്മെന്റ് ചെയ്യുന്ന ഓരോ ന്യൂനപക്ഷപ്രീണനകാര്യത്തിലും ഓരോ ഭൂരിപക്ഷപ്രീണനകാര്യത്തിലും എതിര്‍പ്പുമായി കോണ്‍ഗ്രസ്സുകാര്‍തന്നെ രംഗത്തുവരുന്നു, കോണ്‍ഗ്രസ്സിലെ എം എല്‍ എ മാരടക്കം.എന്തെല്ലാം കുറ്റങ്ങള്‍ കോണ്‍ഗ്രസ്സിനെക്കുറിച്ച് പറഞ്ഞാലും ഭരണകക്ഷി എം എല്‍ എ മാര്‍ എതിര്‍പ്പു പ്രകടിപ്പിക്കുക എന്നത് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ സംഭവിക്കാറില്ല.ഭാവിയില്‍ ഈ പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കാനാണ് സാധ്യത.ജനങ്ങളുടെ ദുരിതങ്ങള്‍ വര്‍ദ്ധിക്കലും അതിനു പരിഹാരം കാണാനാവാതെ ജാതി മത ച്ഛിദ്രശക്തികളെ പ്രീണിപ്പിക്കലും ആശ്രയിക്കലും കൂടാനാണ് സാധ്യത.
                 ഇങ്ങനെ പ്രശ്നങ്ങള്‍ കൂടിക്കൂടി വരുമ്പോള്‍,അതൊരു പൊട്ടിത്തെറിയുടെ വക്കത്തെത്തുമ്പോളാണ് പിറവക്കാലത്തേപോലെ ഒരു നാണംകെട്ട കാലുമാറ്റം സംഘടിപ്പിക്കലോ, നെയ്യാറ്റിന്‍‌കരകാലത്തെപ്പോലെ ഒരു വധമോ നടക്കാനുള്ള സാധ്യതയും കൂടുതലാകുന്നു.എന്തു ചെയ്താലും പെരുംനുണകള്‍ കൊണ്ട് പൊതിഞ്ഞുപിടിക്കേണ്ടതിനെ പൊതിഞ്ഞു പിടിക്കാനും പൊലിപ്പിച്ചുകാണിക്കേണ്ടതിനെ പൊലിപ്പിച്ചുകാണിക്കാനും യാതൊരു നാണവും ഉളുപ്പും ഇല്ലാത്ത മാധ്യമങ്ങള്‍ ഇവിടെ ഉണ്ടല്ലോ!

4 comments :

  1. ഇങ്ങനെ പ്രശ്നങ്ങള്‍ കൂടിക്കൂടി വരുമ്പോള്‍,അതൊരു പൊട്ടിത്തെറിയുടെ വക്കത്തെത്തുമ്പോളാണ് പിറവക്കാലത്തേപോലെ ഒരു നാണംകെട്ട കാലുമാറ്റം സംഘടിപ്പിക്കലോ, നെയ്യാറ്റിന്‍‌കരകാലത്തെപ്പോലെ ഒരു വധമോ നടക്കാനുള്ള സാധ്യതയും കൂടുതലാകുന്നു.എന്തു ചെയ്താലും പെരുംനുണകള്‍ കൊണ്ട് പൊതിഞ്ഞുപിടിക്കേണ്ടതിനെ പൊതിഞ്ഞു പിടിക്കാനും പൊലിപ്പിച്ചുകാണിക്കേണ്ടതിനെ പൊലിപ്പിച്ചുകാണിക്കാനും യാതൊരു നാണവും ഉളുപ്പും ഇല്ലാത്ത മാധ്യമങ്ങള്‍ ഇവിടെ ഉണ്ടല്ലോ!

    ReplyDelete
  2. എന്ത് പൊട്ടിത്തെറി ആയാലും അഞ്ചു കൊല്ലം ഉമ്മന്‍ ചാണ്ടി ഭരിക്കും

    ReplyDelete
    Replies
    1. ഹ ഹ ഹ ഹ ഹ ഹാ ഹാ ഹാ ഹാാാാാാാാാാാാാാാാാാാാാാ

      Delete
  3. കാലുമാറ്റം വലത്തോട്ട് മാത്രമുള്ള ഒരു പാലമല്ലല്ലോ? ആണോ? ഉഡിഫ് ഇങ്ങനെ നിന്നാല്‍ മതിയോ ഒരു ഗ്രൂപ്പിസം അവര്‍ക്കും വേണ്ടേ?

    ReplyDelete