കേരള സാമൂഹം - വര്‍ഗീയതയും കമ്പോള സംസ്കാരവും.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
സ്വാതന്ത്ര്യ ദിനാശംസകൾ

                                                       
[ചിന്ത 2012 ലെ ജന്മദിനപതിപ്പില്‍ ശ്രീ.നൈനാന്‍ കോശി എഴുതിയ ലേഖനം കാലികമായി വളരെയധികം പ്രസക്തമെന്നു തോന്നുകയാല്‍ ഞങ്ങള്‍ പോസ്റ്റ് ച്ചെയ്യുന്നു വായിക്കാത്തവര്‍ക്കായി.]
                               എന്താണ് കേരള സമൂഹത്തിന്റെ ഇന്നത്തെ സ്വഭാവം?.എങ്ങനെയാണ് അതിനെ വിശേഷിപ്പിക്കൂക?
                               രണ്ടൂ പ്രസ്താവനകളില്‍ ത്തുടങ്ങാം.
            എന്‍ എസ് എസ് ജനരല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു.“ ഹിന്ദു വര്‍ഗീയത വളര്‍ന്നാല്‍ അതിന്റെ ഉത്തരവാ‍ദിത്വം ഉമ്മന്‍‌ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമായിരിക്കും.“
            യു ഡീ ഫ്  സര്‍ക്കാരിന്റെ മുഖ്യ ചാട്ട(ക്കാരന്‍) യായ പി സി ജോര്‍ജ് കോണ്‍ഗ്രസ്സ് എം എല്‍ എ ടി. എന്‍ പ്രതാപനോട് ആവശ്യപ്പെട്ടു, “ നിങ്ങള്‍ നിങ്ങളുടെ സ്വന്തം സമുദായത്തിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതി.”
            ഈ പ്രസ്താവനകള്‍ പരസ്പര ബന്ധിതമാണ്.ഇവ രണ്ടും ചേര്‍ത്ത് വായിക്കുമ്പോള്‍ കേരള സമൂ‍ഹത്തിന്റെ ഇന്നത്തെ സ്ഥിതിവീശേഷത്തിന്റെ ഒരു മാനം വ്യക്തമാകും.
             സുകുമാരന്‍ നായരുടെ പ്രസ്താവനയുടെ അര്‍ഥം ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുകയാണെന്നും അതിന് ഹിന്ദു സമുദായത്തില്‍ നിന്നൂള്ള പ്രതികരണം വര്‍ഗീയതയായിരിക്കുമെന്നുമാണ്. സുകുമാരന്‍ നായരുടെ പ്രസ്താവന വേറൊരു കാര്യം കൂടെ വ്യക്തമാക്കുന്നു.സാമുദായികതയും വര്‍ഗീയതയും തമ്മില്‍ വ്യത്യാസമൊന്നുമില്ല.
             പി സി ജോര്‍ജിന്റെ പ്രസ്താവന ഒരു വിഭാഗം സമുദായ നേതാക്കളുടേയും ഭരണ കക്ഷികളിലെ ചില സാമാജികരുടേയും സ്വയംധാരണ  പ്രതിഫലിപ്പിക്കുന്നു.
           രാഷ്ട്രീയത്തിന്റെ സമുദായവല്‍ക്കരണവും സമുദായങ്ങളുടെ രാഷ്ട്രീയ വല്‍ക്കരണവുമാണ് ഇവിടെ പ്രകടമാവുന്നത്.
             എം എല്‍ എ മാര്‍ പ്രവര്‍ത്തിക്കേണ്ടത് അവരുടെ സമുദായങ്ങള്‍ക്കുവേണ്ടിയാണെന്നു പറയുമ്പോള്‍ പരിത്യജിക്കപ്പെടുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മൌലീകപ്രമാണങ്ങളും മതനിരപേക്ഷമൂല്യങ്ങളുമാണ്.ഒരു എം എല്‍ എ പ്രതിനിധാനം ചെയ്യുന്നത് ഒരു നിയോജകമണ്ഡലത്തെയാണ്; അതിലെ എല്ലാ ജനങ്ങളേയും.ഒരു ബഹുകക്ഷി സംബ്രദായത്തില്‍ അത് ചെയ്യുന്നത് ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായിട്ടാണെങ്കിലും ഉത്തരവാദിത്വം നിയോജകമണ്ഡലത്തിലെ എല്ലാ ജനങ്ങളോടുമാണ്.എന്നാല്‍ ഇത്തവണ യൂ ഡി എഫ് വന്നതിനു ശെഷം സമുദായത്തിനെയാണ് എം എല്‍ എ പ്രതിനിധീകരിക്കുന്നതെന്നും സമുദായത്തോടാണ് പ്രതിബദ്ധത കാട്ടേണ്ടതെന്നുമുള്ള ധാരണക്കും പ്രാബല്യം സിദ്ധിച്ചിരിക്കുന്നു.
              സമുദായമനുസരിച്ച് മന്ത്രിമാരെ നിയോഗിക്കുന്നു.അഞ്ചാം മന്ത്രിയെന്നത് ഒരു പുതിയ പദപ്രയോഗമാണ്; സാമുദായികമന്ത്രിയെന്നാണതിനര്‍ത്ഥം.മന്ത്രിമാര്‍ സമുദായ പ്രതിനിധികളാണ്.മന്ത്രിസഭാമാറ്റങ്ങള്‍, എന്തിന് വകുപ്പ് വിഭജനം വരെ പ്രത്യേക സമുദായങ്ങളെ തൃപ്തിപ്പെടുത്താനാണ്.
           ഇവിടെ ബലികഴിക്കപ്പെടുന്നത് മതനിരപെക്ഷയാണ്.നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷത അത് മതനിരപേക്ഷമാണെന്നുള്ളതാണ്.സ്വാതന്ത്ര്യസമരത്തിലെ ദേശീയതയാണ്, സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷതയായി തുടര്‍ന്നത്.
         കേരളത്തിലെ മതനിരപേക്ഷതയ്ക്ക് ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലുപരി ഒരു സാമൂഹ്യ സാംസ്കാരീക പശ്ചാത്തലവുമുണ്ട്; നവോത്ഥാന കേരളത്തില്‍ മതനിരപേക്ഷതയുടെ ഭാ‍ഗമായി നവോത്ഥാനവും ദേശീയതയും ഒത്തു ചേര്‍ന്നതുകൊണ്ടാണ് കേരളത്തിലെ മതനിരപേക്ഷത സുദൃഡ്ഡമായത്.ഇതിനെയാണ് സമുദായവല്‍ക്കരണം തകര്‍ക്കുന്നത്.
           മതനിരപേക്ഷതയെ കേരള സമൂഹത്തിന്റെ സവിശേഷതയായി മാറ്റിയതില്‍ പൊതുവിദ്യാഭ്യാസത്തിന് ഒരു വലിയ പങ്ക് ഉണ്; അതോടൊപ്പം നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിനും.
        ചരിത്രപരമായി മതേതര ജാതിരഹിത പൊതുവിദ്യാഭ്യാസം തുടങ്ങിയത് ക്രിസ്തീയ മിഷന്‍ ഏജന്‍സികളാണ്.ഇത് കേരളത്തെപറ്റി മാത്രമല്ല ഇന്ത്യയിലെ പലസംസ്ഥാനങ്ങളെ പറ്റിയും ശരിയാണ്.കേരളത്തില്‍ ലണ്ടന്‍ മിഷിനറി സൊസൈറ്റി ( എല്‍ എം എസ് ) ,ബാസല്‍ മിഷന്‍ എന്നിവയാണ് ഇതില്‍ പ്രധാനം.ആദ്യമായി ഈഴവ ദളിത വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ പ്രവേശിക്കുന്നത് ഇവരുടെ സ്ഥാപനങ്ങളിലാണ്.സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പോലും സവര്‍ണര്‍ക്കു മാത്രം പ്രവേശനം നല്‍കിയിരുന്ന ഒരു കാലത്തായിരുന്നു അത്.
          ഡൊണാള്‍ഡ് യൂജിന്‍ സ്മിത്ത് തന്റെ പ്രസിദ്ധമായ “ഇന്ത്യ ഒരു മതേതര രാഷ്ട്രം” ( India as a secular state) എന്ന ഗ്രന്ഥത്തില്‍ ലോകത്തില്‍ ആദ്യം മതേതരവിദ്യാഭ്യാസം തൂടങ്ങിയ ഒരു രാജ്യം ഇന്ത്യയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.യൂറോപ്പില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം സഭയുടെ കീഴിലായിരുന്ന കാലത്ത് ഇന്ത്യയില്‍ സഭയുടെ സ്കൂളുകള്‍ സ്റ്റേറ്റിന്റെ കീഴിലായിരുന്നു.അന്ന് ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ക്രിസ്തീയവും മതേതരവുമായിരുന്നു.ആ ഏജന്‍സികളുടെ ഇന്നത്തെ പിന്‍‌തലമുറക്കാരുടെ സ്ഥാപനങ്ങള്‍ മിക്കവയും ക്രിസ്തീയവും മതെതരവുമല്ല സാമുദായികമാണ്.
             ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് പൌവത്തില്‍ ഒരിക്കല്‍ പറഞ്ഞു;“ റോമന്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികളെ റോമന്‍ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പരിശീലിപ്പിക്കണം”.മതനിരപേക്ഷപൊതുവിദ്യാഭ്യാസം ആരംഭിച്ച ക്രിസ്തീയ ഏജന്‍സികളില്‍ നിന്നും എത്ര വിഭിന്നവും വിദൂരവുമാണ് ഈ വീക്ഷണം.
              ഇന്ന് പൊതുവിദ്യാഭ്യാസത്തിലെ ‘പൊതു’ നഷ്ടപ്പെടുകയോ ദുര്‍ബലമാകുകയോ ചെയ്തിരിക്കുന്നു.സമുദായ ഏജന്‍സികള്‍ ഇവിടെ മുമ്പ് നടത്തിയിരുന്ന  വിദ്യാലയങ്ങള്‍ പോലെയല്ല  ഇപ്പോള്‍ സമുദായങ്ങളുടെ വിദ്യാലയങ്ങള്‍. പഴയകാലത്തെ മോഹനവല്‍ക്കരിക്കാതെയും അന്നത്തെ പരിമിതികള്‍ കണക്കിലെടുത്തുകൊണ്ടും ഒരു കാര്യം പരയാം; സമുദായ എജന്‍സികള്‍ നടത്തിയ സ്കൂളുകള്‍ പൊതുവേ മതേതരമായിരുന്നു.
            ഇന്നും സമുദായ ഏജന്‍സികള്‍ മതേതരമായി നടത്തുന്ന വിദ്യാലയങ്ങളുണ്ട്.എന്നാല്‍ അവ പ്രധാനമായും എയിഡഡ് വിദ്യാലയങ്ങളാണ്.”പുത്തന്‍ തലമുറ“ സ്കൂളുകള്‍ പ്രകടമാക്കുന്നത് സങ്കുചിത സാമുദായകത്വമാണ്.അതോടെ മതേതര ജനാധിപത്യ സമൂഹത്തിന്റെ അടീത്തറയായിരുന്ന പൊതുവിദ്യാഭ്യാസം തകര്‍ച്ചയുടെ വക്കിലെത്തി.ഈ തകര്‍ച്ചയുടെ പ്രധാനകാരണം യു ഡി എഫ് ഗവണ്മെന്റുകളുടെ വിദ്യാഭ്യാസനയമാണ്.സര്‍ക്കാര്‍ - എയിഡഡ് മേഖലകളെ ദുര്‍ബലമാക്കുക,അണ്‍ എയിഡഡ് മേഖലയെ - അതായത് വിദ്യാഭ്യാസകച്ചവടത്തെ - വളര്‍ത്തുക - ഇതാണ് നയം.പുതുതായി അനുവദിക്കുന്ന സ്കൂളുകള്‍ - മുഖ്യമായും അണ്‍ എയിഡഡ് എല്ലാം തന്നെ - സാമുദായികാടിസ്ഥാനത്തില്‍ വീതം വൈക്കുകയാണ്.സമുദായത്തിനാണ് സ്കൂള്‍ ; സ്കൂള്‍ സ്ഥാപിക്കുന്ന പ്രദേശത്തുള്ളവര്‍ക്കല്ല.പണ്ട് സമുദായ ഏജന്‍സികള്‍ സ്കൂളുകള്‍ നടത്തിയിരുന്നത് ഓരോ പ്രദേശത്തെ മതേതര സമൂഹത്തിനു വേണ്ടിയായിരുന്നു.ഇപ്പോഴത്തെ പ്രവണത സമൂഹത്തിന്റെ ശിഥിലീകരണത്തിനു കാരണമാകുന്നു.
           ഒരു സ്കൂള്‍ ഇരിക്കുന്ന പ്രദേശത്തെ മതേതര സമുഹമെന്നു പറഞ്ഞല്ലോ.ഇതാണ് യഥാര്‍ഥത്തില്‍ ആ സ്കൂളിന്റെ കമ്യൂണിറ്റി.എന്ന കമ്യൂണിറ്റി എന്ന പദം ഔദ്യോഗീകമായി ഉപയോഗിക്കുന്നത് സങ്കുചിത സമുദായം എന്ന ‍അര്‍ത്ഥത്തിലാണ്.വിദ്യാര്‍ത്ഥി പ്രവേശനത്തിനും അദ്ധ്യാപകനിയമനത്തിനുമൊക്കെ കമ്യൂണിറ്റി ക്വാട്ട ഉണ്ട്.എന്താണ് ഈ കമ്യൂണിറ്റി? വിദ്യാലയം നടത്തുന്ന സമുദായം ; കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ മതവിഭാഗം.ഹിന്ദു സമുദായമല്ല ; നായര്‍ സമുദായം, ഈഴവസമുദായം,ക്രിസ്ത്യന്‍ സമുദായമില്ല.കത്തോലിക്കാ ഓര്‍ത്തഡോക്സ് തുടങ്ങി വിവിധ സമുദായങ്ങള്‍. അങ്ങനെ സങ്കുചിത സമുദായത്തിന് കമ്യൂണിറ്റിയെന്ന ഓമനപേരു നല്‍കിയിരിക്കയാണ്.
         ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ “കമ്യൂണിറ്റി” പ്രോജക്റ്റുകള്‍ ഉണ്ടായിരുന്നു.ഇതില്‍ കമ്യൂണിറ്റിയുടെ അര്‍ത്ഥം ഒരു പ്രദേശത്ത് താമസിക്കുന്ന എല്ലാവരും ,ജാതി മത ഭെദമന്യേ ഉള്‍ക്കൊള്ളുന്നതായിരുന്നു.ഈയര്‍ത്ഥത്തിലുള്ള മതനിരപെക്ഷ കമ്യൂണിറ്റി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു, ഇതിനെ വീണ്ടേടുക്കേണ്ടതത്യാവശ്യമാണ്.
      കേരള രാഷ്ട്രീയത്തില്‍ യു ഡി എഫ് ഭരണകാലത്ത് പ്രചാരത്തിലായ ഒരു പദമുണ്ട് : സാമുഹ്യതുലനസ്ഥിതി.ഇത് മതനിരപേക്ഷതയല്ല.സമുദായങ്ങളിലെ വരേണ്യവര്‍ഗം അവരുടെ താല്പര്യങ്ങള്‍ക്കായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പാണ്.സങ്കുചിതതാല്പര്യത്തെ ഉറപ്പിക്കുകയാണിവിടെ.വര്‍ഗീയതയില്‍ നിന്ന് വിഭിന്നമല്ലാത്ത സങ്കുചിത സമുദായികത്വത്തോടൊപ്പം കേരള സമൂഹത്തിന്റെ സ്വഭാവത്തെ വ്യതിയാനപ്പെടുത്തിയ ഒരു ശക്തി ആഗോളവല്‍ക്കരണമാണ്.
           ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാള്‍ കൂടുതല്‍ സമൂഹത്തെ ആഗോളവല്‍ക്കരണം സ്വാധീനിക്കുന്ന സംസ്ഥാനമാണ് കേരളം.പുതിയൊരു സമ്പന്നവര്‍ഗത്തെ സൃഷ്ടിക്കുന്ന പുത്തന്‍ മുതലാളിത്വഘട്ടം, സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ സാമുഹ്യവിവക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.കമ്പോളത്തിന്റെ മൂല്യങ്ങളും മാനദണ്ഡങ്ങളും സമുഹത്തെ സ്വാധിനിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാനമായ വിപണി സൃഷ്ടിക്കുന്നത്  ഒരു കമ്പോള സമൂഹത്തെയാണ്.( Market & Society)
                   ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ 1995 മാര്‍ച്ച് മാസത്തില്‍ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ “സാമൂഹ്യവികസന ഉച്ചകോടി”(Social Development Summit ) നടത്തപ്പെട്ടു.സാമൂഹ്യവികസനത്തിന്റെ പെരില്‍ ആഗ്ഗോളവല്‍ക്കരണത്തിനും സ്വതന്ത്ര വിപണിക്കും അംഗികാരവും ആശീര്‍വാദവും നല്‍കുകയാണ് ഉച്ചകോടി ചെയ്തത്.ഈ ഉച്ചകോടിയൂടെ ഫലങ്ങള്‍ വിലയിരുത്താന്‍ പിറ്റേ വര്‍ഷം ഡെന്മാര്‍ക്ക് ഗവണ്മെന്റ് ഒരു സമ്മേളനം വിളിച്ചുകൂട്ടി.ആ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് 1997 ന്റെ ആരംഭത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.( A world Economy for the benefit of All, 1996 Copenhagen Seminar for Social Progress )
            കമ്പോള സമൂഹത്തിന്റെ സവിശേഷതകള്‍ ഈ റിപ്പോര്‍ട്ട് എടുത്തുകാട്ടി:-
                    1. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്നത് പണമാണ്.
                    2. പരസ്പരവിശ്വാസത്തിലും ബന്ധങ്ങളിലും അധിഷ്ഠിതമായ പരമ്പരാഗതമായ 
                        സംസ്കാരങള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും തകര്‍ച്ചയുണ്ടായി.
                    3. വ്യക്തികളുടെ അര്‍പ്പണ ബോധവും മഹാമനസ്കതയും നല്‍കുന്ന ധാര്‍മ്മിക
                        ഇന്ധനം ( moral fuel) കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും
                        ക്ഷയിക്കുന്നു.
                   4. സേവനത്തെ പറ്റിയുള്ള ധാരണയോടൊപ്പം രാഷ്ട്രിയ സ്ഥാപനങ്ങളും പ്രക്രിയകളും
                       അധ:പതിക്കുന്നു.
                   5. വിദ്യാഭ്യാസം വിപണിയുടെ  ആവശ്യങ്ങള്‍ക്ക് മാത്രമ്മൂള്ളതായി തീരുന്നു.
                   6. ആരോഗ്യ സേവന രംഗം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കപ്പെടുന്നു.
                   7. ലാഭവും അധികാരവും ശക്തിയും ശാസ്ത്രത്തിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്നു.
                   8. ജോലിയെ പറ്റിയുള്ള ധാരണ കേവലം വ്യക്തിഗതാനുകത്വം പ്രോത്സാഹിപ്പിക്കുന്നു.
                        സാമൂഹ്യപ്രതിബന്ധത നിഷെധിക്കപ്പെടുന്നു.
                  9. വ്യാജമായ സുരക്ഷ നല്‍കുന്ന പുതിയ മതങ്ങള്‍  മതസംഘങ്ങള്‍ എന്നിവ പ്രചാരത്തി
                      ലാവുന്നു.
           ഒരു ഗവണ്മെന്റ് വിളിച്ചു കൂട്ടീയ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടാണ് ഇത് എന്നത് പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.ഈ കമ്പോള സമൂഹത്തിന്റെ സംസ്കാരം അല്ലെങ്കില്‍ സംസ്കാരമില്ലായ്മ നമ്മുടെ സംസ്ഥാണാത്ത് വ്യാപകമാണ്.ഇവിടെ പറഞ്ഞിരിക്കുന്ന ഓരോ സവിശേഷതയും കേരളത്തിലുണ്ട്.കേരള സമൂഹത്തെ എങ്ങനെ വിശേഷിപ്പിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം - ഭാഗീകമായെങ്കിലും - നല്‍കാന്‍ നമുക്ക് കഴിയും.വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഒരു കമ്പോള സമൂഹമാണിത്.മതനിരപേക്ഷതയും സാമൂഹ്യനീതിയും ഉപേക്ഷിച്ച് കൂടുതല്‍ കൂടുതല്‍ വലതുപക്ഷത്തേക്ക് നീങ്ങുന്നതാണ് ഈ സമൂഹം.ഈ പശ്ചാത്തലത്തില്‍ വേണം നവോത്ഥാനമൂല്യങ്ങള്‍ പരിരക്ഷിക്കുവാന്‍പ്രയത്നിക്കുന്ന ഇടതുപക്ഷപ്രസ്ഥാനത്തിനെതിരെയുള്ള കടന്നാക്രമണം മനസ്സിലാക്കുവാനും പ്രതികരിക്കുവാനും.
                
                    

2 comments :

  1. ഈ കമ്പോള സമൂഹത്തിന്റെ സംസ്കാരം അല്ലെങ്കില്‍ സംസ്കാരമില്ലായ്മ നമ്മുടെ സംസ്ഥാണാത്ത് വ്യാപകമാണ്.ഇവിടെ പറഞ്ഞിരിക്കുന്ന ഓരോ സവിശേഷതയും കേരളത്തിലുണ്ട്.കേരള സമൂഹത്തെ എങ്ങനെ വിശേഷിപ്പിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം - ഭാഗീകമായെങ്കിലും - നല്‍കാന്‍ നമുക്ക് കഴിയും.വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഒരു കമ്പോള സമൂഹമാണിത്.മതനിരപേക്ഷതയും സാമൂഹ്യനീതിയും ഉപേക്ഷിച്ച് കൂടുതല്‍ കൂടുതല്‍ വലതുപക്ഷത്തേക്ക് നീങ്ങുന്നതാണ് ഈ സമൂഹം.ഈ പശ്ചാത്തലത്തില്‍ വേണം നവോത്ഥാനമൂല്യങ്ങള്‍ പരിരക്ഷിക്കുവാന്‍പ്രയത്നിക്കുന്ന ഇടതുപക്ഷപ്രസ്ഥാനത്തിനെതിരെയുള്ള കടന്നാക്രമണം മനസ്സിലാക്കുവാനും പ്രതികരിക്കുവാനും.

    ReplyDelete
  2. ഇടതു പക്ഷത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അവര്‍ തന്നെ സ്വയം അകലുന്ന ഒരു പ്രവണതയാണ് ഇന്ന് കാണുന്നത്. അക്രമങ്ങളില്‍ നിന്നും വലതുപക്ഷ വല്ക്കരണങ്ങളില്‍ നിന്നും ഇടതും പക്ഷം അകലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ വളരന്നു വരുന്ന സമുദായ ഭ്രാന്ത് നാടിനു ആപത്താണ്.

    ReplyDelete