അല്‍ഭുതങ്ങള്‍ സംഭവിക്കുന്നത്............

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                            അല്‍ഭുതങ്ങള്‍ നിരന്തരം സംഭവിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു.ഓര്‍മ്മയില്ലെ ബൈബിള്‍,രാമായണ,മഹാഭാരത കാലഘട്ടം.ഈ മൂന്നു ഗ്രന്ഥങ്ങളും ഒരേ കാലഘട്ടത്തിലല്ല ഉണ്ടായതും  വളര്‍ന്ന് പുഷ്കലമായതും എന്ന് ഇന്ന് നമുക്കറിയാം.എന്നാല്‍ ഞാനിവിടെ ആ കാലഘട്ടമെന്നു പറയുന്നതിന് മഴ പോലെ അല്‍ഭുതങ്ങള്‍ സംഭവിച്ചിരുന്ന ആ കാലഘട്ടം എന്നു മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളൂ.ഈ ഗ്രന്ഥങ്ങളിലൊക്കെ നിരവധി അല്‍ഭുതങ്ങളെക്കുറിച്ച് പറയുന്നുണ്ട്.അതിലേറ്റവും അപഹാസ്യമായി എനിക്ക് തോന്നിയത് രാമായണത്തിലെ അജാമീളമോക്ഷമാണ്.
                                         അറിയപ്പെടുന്ന ഒരു സ്ത്രീലമ്പടനും ദുര്‍വൃത്തനും തികഞ്ഞ മദ്യപാനിയുമൊക്കെ ആയിരുന്നു രാമായണത്തിലെ അജാമിളന്‍ എന്ന രാജാവ്.പ്രായമായി മരണം കാത്ത് കിടക്കുകയാണ് അദ്ദേഹം.കാലന്‍ കയ്യില്‍ കയറുമായി പോത്തിന്‍ പുറത്തേറി തന്നെ കൊണ്ടുപോകാന്‍ വരുന്നത് അദ്ദേഹം കാണുന്നു.തന്റെ ചുറ്റും കൂടിയിരിക്കുന്ന ബന്ധു മിത്രാദികളെ അവസാനമായി ഒരു നോക്കു കാണാന്‍  ക്ഷീണിച്ച കണ്ണുകള്‍ തുറന്ന് നോക്കുന്ന അജാമിളന്‍ തന്റെ പുത്രനായ നാരായണന്‍ അക്കൂട്ടത്തിലില്ലെന്ന് മനസ്സിലാക്കി “നാരായണാ” “നാരായണാ” എന്നുറക്കെ വിളിക്കുന്നു.എന്നാല്‍ ഈ വിളി കേട്ടത് മകന്‍ നാരായണനല്ല പകരം സാക്ഷാല്‍ നാരായണന്‍ തന്നെയാണ്.
                                         അങ്ങ് വൈകുണ്ഠത്തിലിരുന്ന നാരായണന്‍ ഈ വിളികേട്ട് അജാമിളനെ സ്വര്‍ഗത്തിലേക്ക് ഉടലോടെ ഉയര്‍ത്താന്‍ ഓടിയെത്തുകയാണ്.തടസ്സവാദം ഉന്നയിച്ച കാലനോട് അദ്ദേഹം പറയുന്നത് എത്ര ദുര്‍മാര്‍ഗിയായാലും അവസാനം തന്റെ പേരുപറഞ്ഞ് വിളിക്കുന്ന ഒരു ഭക്തനെ കൈവിടാന്‍ തനിക്ക് കഴിയില്ല എന്നാണ്.ഈ കഥ പകര്‍ന്നു നല്‍കുന്ന സന്ദേശം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? അതുപോലെ തന്നെയാണ് ബൈബിളില്‍ മോശെക്കൊപ്പം വാഗ്ദത്ത നാടുതേടി പോയ ആ ജനതതിക്ക് വിശപ്പും ദാഹവും ഉണ്ടായപ്പോള്‍ ദൈവം ആകാശത്തുനിന്നും “മന്ന” ഇട്ടുകൊടുത്തത്രെ.ഇതുകഴിച്ച ജനത്തിനു മുഴുവന്‍ വിശപ്പും ദാഹവും ഇല്ലാതായത്രെ.( ഇന്നും വിശപ്പും ദാഹവും സഹിച്ച് എത്രയോ കോടിക്കണക്കിനാളുകള്‍ വാഗ്ദത്ത ഭൂമി തേടി പലായനം ചെയ്യുന്നു.എന്നിട്ട് അവര്‍ക്കാരും മന്ന പോയിട്ട് ഒരു സ്വാന്തനവാക്കു പോലും നല്‍കുന്നില്ലല്ലോ ?)
                                          മേല്‍‌പറഞ്ഞവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.ഇതു കൂടാതെ തന്നെ നിരവധി ഉദാഹരണങ്ങള്‍ നമുക്കീ ഗ്രന്ഥങ്ങളില്‍ ദര്‍ശിക്കാനാകും.ഏതു സമയത്തും വിളിച്ചാല്‍ വിളിപ്പുറത്തുവന്ന് അല്‍ഭുതം പ്രകടിപ്പിച്ചിട്ട് തിരിച്ചു പോകുന്ന ദൈവങ്ങളെ നമുക്കി ഗ്രന്ഥങ്ങളിലുടനീളം കാണാം. എന്നാല്‍ ഈ അല്‍ഭുതങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നു ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?.ഞാന്‍ ഇക്കാര്യത്തിലൊരല്പം സമയം ചിലവിട്ടു.രണ്ടു കാര്യങ്ങളാണെനിക്കു തോന്നുന്നത്.:- (1) ഈ വിശുദ്ധഗ്രന്ഥങ്ങള്‍ വഴി ആരെയാണോ വിശുദ്ധനും പുണ്യപുരുഷനും ജനങ്ങളുടെ കണ്ണീരൊപ്പുന്നവനും ഒക്കെയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്,അയാള്‍ക്ക് അനുകൂലമായിട്ടായിരിക്കും എപ്പോഴും ഈ അല്‍ഭുതങ്ങള്‍ സംഭവിക്കുക.(2) അന്നത്തെ ജനങ്ങളുടെ ജീവിത സാമൂഹ്യ സാംസ്കാരീക വിദ്യാഭ്യാസ നിലവാരം.
                                 ആദ്യം പറഞ്ഞതിന് വലിയ വിശദീകരണം വേണമെന്ന് തോന്നുന്നില്ല.ഓരോ ഗ്രന്ഥവും ഓരോ പുണ്യപുരുഷന്മാരെയാണുയര്‍ത്തിക്കാണിക്കുന്നത്.അതു ചിലപ്പോള്‍ രാമനാകാം,കൃഷ്ണനാകാം,യേശുവാകാം മറ്റാരെങ്കിലുമാകാം.ആ പുണ്യപുരുഷന് മായികവേലകള്‍ കാണിക്കാനുള്ള രംഗങ്ങള്‍ ഉയര്‍ന്നുവരികയും അത്  അങ്ങനെ ആ സമയത്ത്  സംഭവിപ്പിക്കുകയും അങ്ങനെ ജനങ്ങളുടെ മനസ്സിലേക്ക് അദ്ദേഹത്തിനൊരു യശസ്സ് നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു.വരുണകോപത്താല്‍ നട്ടം തിരിഞ്ഞ ഗ്രാമവാസികള്‍ക്കു മുകളില്‍ ഒരു പര്‍വതം തന്നെ അടര്‍ത്തിയെടുത്ത് കുടയാക്കിപ്പിടിക്കുന്ന കൃഷ്ണന്‍ ആ ചരിതം വായിക്കുന്നവരുടെ മനസ്സിലുണ്ടാക്കുന്ന ആ വലുപ്പം ഒന്നാലോചിച്ചു നോക്കൂ.അതുപോലെ തന്നെ വെള്ളം വീഞ്ഞാക്കുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും തന്റെ കല്പന കിട്ടിയപ്പോള്‍ മുക്കുവരുടെ വലയില്‍ മീന്‍ പെരുകിയതും ഒക്കെ വഴി സംശയാലുക്കളായ മനുഷ്യരുടെ ഉള്ളില്‍ വിശ്വാസത്തിന്റെ പര്‍വതങ്ങള്‍ പണിയുകയായിരുന്നു യേശു.എന്നിട്ടാണദ്ദേഹം പറയുന്നത് തന്നെ പിന്തുടര്‍ന്നാല്‍ താന്‍ അവരെ മനുഷ്യരെ പിടിക്കുന്നവരാക്കാമെന്ന്.സംശയലേശമില്ലാതെ അവരദ്ദേഹത്തെ പിന്‍‌തുടരുകയും ചെയ്തു എന്നു കാണുക.
                                എന്നാല്‍ രണ്ടാമത് പറഞ്ഞത് കുറച്ചുകൂടെ വിശദീകരിക്കേണ്ടതുണ്ട്.ഇന്നത്തെ കാലത്തുനിന്നു കൊണ്ടല്ല പുരാണകഥകളിലേക്ക് നോക്കേണ്ടത്.അന്നത്തെ ചുറ്റുപാടുകള്‍ വച്ചു തന്നെ അത് വിലയിരുത്തണം.അന്ന് പ്രകൃതിയില്‍ കാണുന്ന സകലപ്രതിഭാസങ്ങളിലും പേടിയും അല്‍ഭുതവും കൂറുന്ന മനുഷ്യര്‍.അവര്‍ക്കതിന്റെ ശരിയായ വിശദീകരണം അറിയില്ല, അതുകൊണ്ടുതന്നെ അന്നത്തെ സാമൂഹ്യമായ അറിവുകള്‍ വച്ചവരതിനെ വിശകലനം ചെയ്തു. ആ വിശകലനം പലതും ഇന്നത്തെ കാലത്തെ അറിവുവച്ച് നോക്കുമ്പോള്‍ തെറ്റാണ്,വിവരദോഷമാണ്, എന്നാലന്നത്തെ അറിവു വച്ചോ - വലിയ ശാസ്ത്രീയമാണു താനും.ഒരുദാഹരണം കൊണ്ടത് വിശദമാക്കാം.ഒരന്‍പത് കൊല്ലം മുന്‍പ് വരെ ചിക്കന്‍പോക്സ്, വസൂരി ഒക്കെ വരുന്നത് കൊടുങ്ങല്ലൂരമ്മ കോപിച്ചിട്ടായിരുന്നു.അമ്മ വിത്തെറിഞ്ഞു എന്നാണ് പറയുക.നാടെങ്ങും ഇതിനു പകരം അമ്മക്ക് മഞ്ഞള്‍പ്പൊടിയും കുരുമുളകുമൊക്കെയായി തീര്‍ത്ഥയാത്ര നടത്തും.എന്നാലിന്നോ,വസൂരി രോഗത്തിന്റെ കാര്യത്തില്‍ നിന്നെങ്കിലും ദേവി പിന്മാറിയിരിക്കുന്നു.
                             എന്നാലിത് ദേവി മനപൂര്‍വം അറിഞ്ഞുകൊണ്ട് ഭക്തജനങ്ങള്‍ക്കായി നല്‍കിയ ഒരു സൌജന്യം  ആണെന്ന് തോന്നുന്നില്ല.അവരൊരു അനൌണ്‍‌സ്‌മെന്റ് “ പ്രിയ ഭക്തജനങ്ങളെ ഈ തീയതി മുതല്‍ നിങ്ങള്‍ക്കുവരുന്ന ചിക്കന്‍പൊക്സ്, വസൂരി തുടങ്ങിയ രോഗങ്ങള്‍ ചികിത്സിച്ചു മാറ്റുന്നതില്‍ നിന്നും ഞാന്‍ പിന്‍‌വാങ്ങിയിരിക്കുന്നു.ആയതിനാല്‍ ഈ തീയതിക്കുശേഷം ഈ രോഗംവന്നു ബുദ്ധിമുട്ടുന്നവര്‍ തൊട്ടടുത്തുള്ള ഡോക്ടറെ നേരില്‍ കണ്ട് ചികിത്സിക്കേണ്ടതാണ്” നടത്തിയതായി നമുക്കാര്‍ക്കും വിവരമില്ല.പകരം നമുക്കറിയാവുന്ന ഒരു കാര്യം ഈ ദേവിയെക്കുറിച്ച് കേട്ടറിവു പോലുമില്ലാത്ത് ഒരാള്‍ ഈ വിഷയത്തില്‍ നീണ്ടകാലം  ഗവേഷണം നടത്തുകയും അവസാനം ഈ രോഗമുണ്ടാക്കുന്ന വൈറസ്സുകളെ കണ്ടെത്തുകയും എന്നാലതില്‍ ദേവിയുടെതായ ഒന്നുംകണ്ടെത്താനാവാതെ വരികയും ചെയ്തു എന്നതുകൊണ്ടുമാത്രമാണ്.
                                  അതായത് ജനങ്ങളുടെ സ്ഥൂലവും സൂക്ഷ്മവുമായ അറിവുകള്‍ കൂടുതല്‍ കൂടുതല്‍ ശരിയാവുകയും അത് ശാസ്ത്രീയമാവുകയും ചെയ്തതുകൊണ്ടാണ്.(എന്നാലിന്നും നമ്മുടെ സമ്പൂര്‍ണ സാക്ഷരമായ കേരളത്തില്‍ ഈ ദേവിയുടെ സവിധത്തിലേക്കോടിയെത്തുകയും തനിക്കീ രോഗം വരാതിരിക്കേണമേ എന്നു പ്രാര്‍ത്ഥിക്കുകയും അദ്ദേഹം ഉണ്ടാക്കിയ ചില വസ്തുക്കള്‍ അങ്ങേര്‍ക്ക് തന്നെ കാണിക്കയായര്‍പ്പിക്കുന്ന ഒരു പരിപാടി ഇന്നും നില നില്‍ക്കുന്നുണ്ട്.അതിന് കാരണം ശാസ്ത്രം പഠിച്ച നമുക്ക് തീരെ ശാസ്ത്രീയബോധമില്ല എന്നതുമാത്രമാണെന്ന് വേണം കരുതാന്‍.)
                                                                 ശേഷം അടുത്ത പോസ്റ്റില്‍...................................
                                      
Post a Comment