പണം കായ്ക്കുന്ന മരം

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                           അങ്ങനെ അവസാനം നമ്മുടെ പ്രധാനമന്ത്രി ഒന്നു വായ തുറന്നു , സാധാരണ ഭക്ഷണം കഴിക്കാനായി പോലും അദ്ദേഹം വായ തുറക്കാറില്ലെന്നാണ് കിംവദന്തി.ഭക്ഷണത്തിനായെങ്കിലും വായ തുറക്കുമ്പോഴുണ്ടാകുന്ന ശബ്ദങ്ങള്‍ കാത്തു നില്‍ക്കുന്ന മാധ്യമ കേസരികള്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനിച്ചുകളയും എന്നതാണു പോലും ഒരിക്കലും വായ തുറക്കാത്തതിനദ്ദേഹം പറയുന്ന കാരണം.
                           എന്നാല്‍ ഇത്തവണ അതങ്ങനെയല്ല ഉണ്ടായത്, എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ വായ തുറക്കുകയും  തെളിമയുള്ള ചില കാര്യങ്ങള്‍ ആശയസ്പുടതയോടെ അദ്ദേഹം പുറത്തു വിട്ടുകയും ചെയ്തു.അദ്ദേഹം പറഞ്ഞതിന്റെ രത്നചുരുക്കം ഇതാണ്; സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്നില്ല - പ്രധാനമന്ത്രി( ദേശാഭിമാനി 22/09),പണം മരത്തില്‍ കായ്ക്കില്ല : പ്രധാനമന്ത്രി (കേരള കൌമുദി22/09).ഈ രണ്ടു പത്രങ്ങള്‍ മാത്രമേ ഇന്നു ഞാന്‍ കണ്ടുള്ളൂ.പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയല്ലെ എല്ലാ പത്രങ്ങളും ഈ വാര്‍ത്ത അവരുടേതായ ശൈലിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരിക്കാം.
                          ദേശാഭിമാനി ആ വാര്‍ത്ത നമുക്ക് നല്‍കുന്നത് ഇങ്ങനെ; “രാജ്യത്തോടായി ദൂരദര്‍ശനിലൂടെ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാറിന്റെ ദുര്‍നയങ്ങളെ വിമര്‍ശിക്കുന്നവരെ പ്രധാനമന്ത്രി പരിഹസിച്ചു.ഡീസലിന് വെറും അഞ്ചു രൂപ മാത്രമേ കൂട്ടിയിട്ടുള്ളൂ (അടി വര എന്റേത്.) എന്നു പറഞ്ഞ പ്രധാനമന്ത്രി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്രയധികം സബ്സിഡി നല്‍കാന്‍ പണം മരത്തില്‍ കായ്ക്കുന്നില്ലെന്നും പറഞ്ഞു.“
                       ശ്രദ്ധിക്കുക, പെട്രോളിന് വെറും അഞ്ചു രൂപ മാത്രമേ കൂട്ടിയിട്ടുള്ളൂ എന്നദ്ദേഹം പറയുമ്പോള്‍ ഇങ്ങു ദൂരെ ഈ കൊച്ചുകേരളത്തില്‍ അരിയുടെ വില കിലോയ്ക്ക് 5രൂപ .50 പൈസ കൂടി ഒരാഴ്ച കൊണ്ട്.ഇനിയും കൂടുമെന്ന് ഭീഷണിയും.ഉപ്പു തൊട്ട് കര്‍പ്പൂരം വരേയുള്ള സകല വസ്തുക്കള്‍ക്കും ഇതു പൊലെ തന്നെ വില കൂടിയിട്ടുണ്ടാകാം.എന്നിട്ടും നമ്മുടെ പ്രധാനമന്ത്രി പറയുന്നു,ഡീസലിന് വെറും അഞ്ചു രൂപ മാത്രമേ കൂടിയിട്ടുള്ളൂ എന്ന്.പിന്നെ ഭീഷണിപ്പെടുത്തുന്നു അദ്ദേഹം, ഇവിടെ പണം കായ്ക്കുന്ന മരമില്ലെന്ന്.
                     ഡീസല്‍ വില വര്‍ദ്ധനയോടൊപ്പം താങ്കള്‍ പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയുകയും ചെയ്തിരിക്കുന്നു.ശരാശരി 430 രൂപയ്ക്ക് (വണ്ടി വാടക ഇനത്തിലൊരു പത്തോ ഇരുപത്തഞ്ചോ കൊടുത്താലും 500 രൂപയില്‍ താഴെ) കേരളത്തില്‍ ലഭ്യമായിരുന്ന പാചകവാതകത്തിന് ഇനി മുതല്‍ നാം 850 രൂപ കൊടുക്കണം.ഇരട്ടിയില്‍ കൂടുതല്‍ വില കൂട്ടിയിട്ട് നികുതിയിനത്തിലെ 140 രൂപയാണ് കുറച്ചു തന്നിരിക്കുന്നത്. (ഇവിടേയും അടിവര എന്റേത്.)നോക്കുക, നികുതി കുറച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്നു വേണമെങ്കിലും ഈ സൌജന്യം ഇല്ലാതാകാം, അന്നും പണം കായ്ക്കുന്ന മരമില്ലെന്നതോ അല്ലെങ്കില്‍ അതു പോലൊരു പ്രസ്താവനയോ ഇറക്കിയാല്‍ മതി.എന്നിട്ട് ഒരു വാചകം കൂടി പറയും “കടുത്ത തീരുമാനങ്ങളേടുക്കേണ്ട സമയമാണ് ഇത്.അതിന് തന്റെ കൈകള്‍ക്ക് ശക്തിപകര്‍ന്നാല്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയും.”(ദേശാഭിമാനി 22/09)
                                എന്നാല്‍ ബഹു.പ്രധാനമന്ത്രി, ഇവിടെ പണം കായ്ക്കുന്ന മരങ്ങള്‍ വേണ്ടുവോളം  ഉണ്ടായിരുന്നു.അത് താങ്കള്‍ക്കറിയുകയും ചെയ്യാം എന്നാണെന്റെ വിശ്വാസം.അതുകൊണ്ടായിരിക്കണമല്ലോ താങ്കളാമരങ്ങള്‍ മുഴുവനും വെട്ടി വില്‍ക്കാനനുവദിച്ചത്.2ജി സ്പെക്ട്രം ലേലം ചെയ്ത് കൊടുത്തിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന 1,68 ലക്ഷം കോടി രൂപ താങ്കളും താങ്കളുടെ കൂടെയുള്ളവരും കൂടി വെറുതേ കൊടുത്തു തുലച്ചില്ലെ? അതൊരു പണം കായ്ക്കുന്ന മരം തന്നെയായിരുന്നല്ലോ പ്രധാനമന്ത്രിജി.ഇനിയും മറ്റൊരു പണം കായ്ക്കുന്ന മരത്തിന്റെ കഥ പറഞ്ഞുതരാം.കല്‍ക്കരി പാടങ്ങള്‍ ലേലം നടത്താതെ താങ്കളുടെ ഓഫീസ് ഇടപെട്ടു കുത്തകകള്‍ക്ക് കൊടുത്തത് നമ്മുടെ രാജ്യത്തിനുണ്ടാക്കിയ നഷ്ടം 1.78 ലക്ഷം കോടി രൂപയാണെന്ന് സി എ ജി കണ്ടെത്തിയിരിക്കുന്നു .ഇതും പണം കായ്ക്കുന്ന ഒരു മരമായിരുന്നില്ലെ ശ്രീ പ്രധാനമന്ത്രിജി. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം രണ്ടാമത്തെ അഴിമതി നടന്നത് അങ്ങയുടെ ഓഫീസിന്റെ അറിവോടെയാണെന്നാണ്,അതായത് താങ്കളുടെ അറിവോടെയെന്നര്‍ത്ഥം.ഞങ്ങളുടെ ഭരണത്തലവന്‍ ഒരഴിമതിക്കാരനും കൈക്കൂലിക്കാരനുമാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് മടിയും ലജ്ജയുമുണ്ട്,അതിനാലാണ് ഞങ്ങള്‍ താങ്കളുടെ ഓഫീസിന്റെ കാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നത്.അത് അതിനുമപ്പുറത്തേക്കും നീളാതിരിക്കട്ടെയെന്ന് പരമേശ്വരനോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
                          അപ്പോള്‍ പണം കായ്ക്കുന്ന മരം നമ്മുടെ ഭാരതത്തിലുണ്ടായിരുന്നു, മഹാഭാരതകാലഘട്ടത്തിലോ രാമായണ കാലഘട്ടത്തിലോ അല്ല, ഈ വര്‍ത്തമാന കാലഘട്ടത്തില്‍ തന്നെ.എന്നിട്ട് ആ മരം നിഷ്കരുണംവെട്ടിവെളുപ്പിച്ചിട്ട് അങ്ങ് ഇന്ന് കേഴുന്നു, ഇവിടെ സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരം ഇല്ല എന്ന്. ഞങ്ങളെങ്ങിനെ ഇത് വിശ്വസിക്കും, ഞങ്ങളെന്തു പറഞ്ഞാശ്വസിക്കും ?
                     ഞങ്ങള്‍ മറ്റൊരു കാഴ്ച്ച കൂടി കാണുന്നു ശ്രീ പ്രധാനമന്ത്രി.അങ്ങ് ഈ മരങ്ങള്‍, അതായത് സ്പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും നടത്താന്‍ മൌനാനുവാദം നല്‍കുമ്പോള്‍ അതുകൊണ്ട് ലാഭമുണ്ടാക്കിയിരുന്ന ഒരു ചെറിയ കൂട്ടം ജനവിഭാഗം ഇവിടെയുണ്ട്, കോര്‍പറേറ്റുകള്‍ എന്ന് സാമ്പത്തീകവിദഗ്ധര്‍ പേരിട്ടിരിക്കുന്ന കുളയട്ടകള്‍ എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കാനാഗ്രഹിക്കുന്ന വിഭാഗം.അവരാണ് ഞങ്ങള്‍ക്ക് കിട്ടേണ്ട സബ്സിഡികളും ഞങ്ങള്‍ക്ക് കിട്ടേണ്ട ലാഭങ്ങളും ഞങ്ങള്‍ക്ക് കിട്ടേണ്ട സൌജന്യങ്ങളും ഞങ്ങള്‍ക്ക് കിട്ടേണ്ട തൊഴിലുകളും ഞങ്ങള്‍ക്ക് കിട്ടേണ്ട ജീവിത സൌകര്യങ്ങളുമൊക്കെ തട്ടിപ്പറിച്ച് കുളയട്ടകളെപ്പോലെ ഞങ്ങളുടെ രക്തം കുടിച്ച് ഞങ്ങളുടെ ജീവിതം തന്നെ നക്കിത്തുടച്ച് തടിച്ചു വീര്‍ക്കുന്നത്. ഒരു നല്ല ഭരണം എന്നാല്‍ ഇതിനൊരറുതി വരുത്തലാണെന്നുകൂടി ഞങ്ങളറിയുന്നു.
                      ഇനിയുമുണ്ട് പറയാന്‍.കഴിഞ്ഞ കാലങ്ങളില്‍ താങ്കള്‍ അവതരിപ്പിച്ച ബജറ്റുകള്‍ വഴി 28000 കോടി രൂപയുടെ സൌജന്യം താങ്കളീ കോര്‍പറേറ്റുകള്‍ക്ക് ചെയ്തുകൊടുക്കുന്നതും അത് ഈടാക്കാനായി 25000 കോടി രൂപയുടെ അധികഭാരം അത്താഴപഷ്ണിക്കാരായ ഞങ്ങളുടെ  തലയിലേക്ക് അടിച്ചേല്‍പ്പിച്ചതും ഞങ്ങള്‍ അറിയുന്നുണ്ട് പ്രധാനമന്ത്രി അറിയുന്നുണ്ട്.അവര്‍ക്കാ സൌജന്യം താങ്കള്‍ നല്‍കാതിരുന്നെങ്കില്‍ താങ്കള്‍ നേരത്തെ സൂചിപ്പിച്ച കടുത്ത തീരുമാനങ്ങളെടുക്കേണ്ട സമയം വരില്ലായിരുന്നു എന്നു ഞങ്ങളറിയുന്നു.ഇതും പോരാഞ്ഞ് എപ്പോഴും പട്ടിണി കിടക്കാനും മുണ്ടു മുറുക്കിയുടുക്കാനും ഞങ്ങളും ഞങ്ങള്‍ മാത്രവും അതിന്റെ ലാഭം കൊയ്യാന്‍ അവരും അവര്‍ മാത്രവും എന്നും ഞങ്ങളറിയുന്നു.
പുര കത്തുമ്പോള്‍ വാഴവെട്ടുക എന്നത് പറഞ്ഞുകേട്ടിട്ടേയുണ്ടായിരുന്നൊള്ളൂ.ഈ ഗതികെട്ട കാലത്ത് ഞങ്ങള്‍ അതും കാണേണ്ടി വന്നു.യാത്രക്കൂലിയും കറന്റ് ചാര്‍ജും വര്‍ദ്ധിപ്പിക്കേണ്ടിവരും. - ഗതാഗത വൈദ്യുതി മന്ത്രി.

1 comment :

  1. ഞങ്ങള്‍ മറ്റൊരു കാഴ്ച്ച കൂടി കാണുന്നു ശ്രീ പ്രധാനമന്ത്രി.അങ്ങ് ഈ മരങ്ങള്‍, അതായത് സ്പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും നടത്താന്‍ മൌനാനുവാദം നല്‍കുമ്പോള്‍ അതുകൊണ്ട് ലാഭമുണ്ടാക്കിയിരുന്ന ഒരു ചെറിയ കൂട്ടം ജനവിഭാഗം ഇവിടെയുണ്ട്, കോര്‍പറേറ്റുകള്‍ എന്ന് സാമ്പത്തീകവിദഗ്ധര്‍ പേരിട്ടിരിക്കുന്ന കുളയട്ടകള്‍ എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കാനാഗ്രഹിക്കുന്ന വിഭാഗം.അവരാണ് ഞങ്ങള്‍ക്ക് കിട്ടേണ്ട സബ്സിഡികളും ഞങ്ങള്‍ക്ക് കിട്ടേണ്ട ലാഭങ്ങളും ഞങ്ങള്‍ക്ക് കിട്ടേണ്ട സൌജന്യങ്ങളും ഞങ്ങള്‍ക്ക് കിട്ടേണ്ട തൊഴിലുകളും ഞങ്ങള്‍ക്ക് കിട്ടേണ്ട ജീവിത സൌകര്യങ്ങളുമൊക്കെ തട്ടിപ്പറിച്ച് കുളയട്ടകളെപ്പോലെ ഞങ്ങളുടെ രക്തം കുടിച്ച് ഞങ്ങളുടെ ജീവിതം തന്നെ നക്കിത്തുടച്ച് തടിച്ചു വീര്‍ക്കുന്നത്. ഒരു നല്ല ഭരണം എന്നാല്‍ ഇതിനൊരറുതി വരുത്തലാണെന്നുകൂടി ഞങ്ങളറിയുന്നു.

    ReplyDelete