അരൂരിലെ ദാരുണ മരണം.

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


                                                                            
                        മണ്മറഞ്ഞ മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.


അരൂര്‍ അപകടത്തിന്റെ ബാക്കിപത്രം.
                            
                                           ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ( സെപ്തംബര്‍ 23 ഞായറാഴ്ച ഉച്ചക്ക് 3.15 മണിക്ക്) ചേര്‍ത്തലക്കടുത്ത് അരൂരുള്ള ഒരു ആളില്ലാ ലെവല്‍ ക്രോസില്‍ ഹാപ്പ - തിരുനെല്‍‌വേലി എക്സ്പ്രസ്സ് ട്രയിന്‍ കാറിലിടിച്ച് മൂന്ന് പുരുഷന്മാരും 31/2 വയസ്സുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടു.ചേട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് വിരുന്നുകാരെ ബസ്സുകയറ്റിവിടാന്‍ പോവുകയായിരുന്നത്രെ കാറിന്റെ ഡ്രൈവര്‍.സമീപവാസിയായ കുട്ടിയെ ഡ്രൈവര്‍ വിളിച്ചു കയറ്റുകയായിരുന്നു.പിന്നെ മരിച്ചവര്‍ വിരുന്നുകാരും.
                 അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ തടിച്ചുകൂടുകയും പിന്നീട് വന്ന ട്രെയിനുകളെല്ലാം തടയുകയും ചെയ്തതിനാല്‍ ആ റൂട്ടിലെ ട്രെയിന്‍ ഗതാഗതം താറുമാറായി.ഇത്രയുംവലിയ അപകടം നടന്നിട്ടും റെയില്‍‌വേയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും തിരിഞ്ഞു നോക്കിയില്ല, കാലങ്ങളായി റെയിലോരത്ത് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നില്‍ക്കുന്ന പുല്ല് ട്രെയിന്‍ വരുന്നത് കാണാന്‍ തടസ്സമാണെന്നും അതു നീക്കം ചെയ്യാന്‍ റെയില്‍‌വേയുടെ ഭാഗത്തു നിന്നും നടപടികളുണ്ടായില്ല, റെയിലിനോട് ചേര്‍ന്ന് പണിതിരിക്കുന്ന കെട്ടിടം ട്രെയിന്‍ വരുന്നത് കാണാന്‍ തടസമാകുന്നത് പൊളിച്ചു കളയാന്‍ നടപടി എടുത്തില്ല എന്നതൊക്കെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണം.ഉത്തരവാദപ്പെട്ട രാഷ്ട്രീയക്കാര്‍ ജനങ്ങളുമായി സംസാരിച്ചിട്ടും അവര്‍ വഴങ്ങിയില്ല.അവസാനം സ്ഥലത്തുണ്ടായിരുന്ന കേന്ദ്രമന്ത്രി ശ്രീ.വേണുഗോപാലിന്റെ ഉറപ്പു ലഭിച്ചപ്പോഴാണ് ജനകീയ പ്രതിഷേധം അവസാനിച്ചത്.ഇതിനിടയില്‍ പോലീസും നാട്ടുകാരും തമ്മില്‍ ചില്ലറ കശപിശയൊക്കെ ഉണ്ടാവുകയും കല്ലേറും ലാത്തിച്ചാര്‍ജുമൊക്കെ അതിന്റെ ഭാഗമായി ഉണ്ടാവുകയും ചെയ്തത്രെ.
                 അരൂരില്‍ മാത്രമല്ല കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ തന്നെ നിരവധി ലെവല്‍ ക്രോസുകളില്‍ കാവല്‍ക്കാരനും ഗേറ്റുമില്ലത്തതായുണ്ടത്രെ.ഇത് ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ് തന്നെ നമ്മൂടെ നിയമപുസ്തകമാണ്. നമ്മൂടെ മോട്ടോര്‍ വാഹന നിയമത്തില്‍ കാവല്‍ക്കാരനും ഗേറ്റുമുള്ള ലെവല്‍ ക്രോസ് എങ്ങനെ തിരിച്ചറിയാമെന്നും അവിടെയെത്തിയാല്‍ ഒരു ഡ്രൈവര്‍ എങ്ങനെ പെരുമാറണമെന്നും വിശദമായി പറഞ്ഞു വച്ചിട്ടുണ്ട്.
                                ഇതാണ് കാവല്‍ക്കാരനും ഗേറ്റുമില്ലാത്ത ഒരു ലെവല്‍ക്രോസ് മുന്നിലുണ്ടെന്ന് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന ട്രാഫിക് ചിഹ്നം.ഈ ചിഹ്നം കണ്ടാല്‍ ഡ്രൈവര്‍ സ്വന്തം വാഹനം സൈഡ് ഒതുക്കി നിറുത്തി വാഹനത്തിനു പുറത്തിറങ്ങി റെയില്‍‌വേ ലൈനില്‍ ചെന്നു നോക്കി ട്രെയിന്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ടു വേണം വാഹനം മുന്നോട്ട് എടുക്കാനെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.ഇവിടെ ഇത് പാലിക്കപ്പെട്ടിട്ടില്ല എന്നു വേണം വിചാരിക്കാന്‍.തന്നെയുമല്ല ആ പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ ഒച്ചയെടുത്തും ആംഗ്യം കാണിച്ചും ഡ്രൈവറെ ട്രെയിന്‍ വരുന്ന വിവരം അറിയിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എ സി ഇട്ടിരുന്നതിനാല്‍ ഉയര്‍ത്തിവച്ചിരുന്ന വിന്‍ഡോ ഗ്ലാസുകള്‍ ഇക്കാര്യം മനസ്സിലാക്കുന്നതിന് ഡ്രൈവര്‍ക്ക് തടസ്സമായിട്ടുണ്ടാകണം.
                           ട്രയിനില്‍ സഞ്ചരിക്കുമ്പോള്‍ മുകളിലേതുപോലെയുള്ള അടയാളപലകകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഈ അടയാളങ്ങള്‍ പറയുന്നത് മുന്നില്‍ ലെവല്‍ ക്രോസ് ഉണ്ട്, ഹോണ്‍ അടിച്ചു പോകുക എന്നാണ്( blow HORN - LEVEL CROSS AHEAD).ഈ അടയാളം കണ്ടാല്‍ ലോക്കോ പൈലറ്റ് തുടര്‍ച്ചയായി ഹോണടിച്ച് ട്രെയിന്‍ വരുന്ന വിവരം കൃത്യമായി അറിയിക്കാന്‍ മറക്കാറില്ല.പക്ഷെ, ട്രെയിന്‍ വരുന്ന ഹോണ്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ എന്തു ചെയ്യും? അനുസരണയോടെ ട്രെയിന്‍ കടന്നു പോകാനായി കാത്തുനില്‍ക്കുമോ അതോ സ്പീഡ് കൂട്ടി നമ്മള്‍ ട്രെയിനിനെ മറികടക്കാന്‍ ശ്രമിക്കുമോ?അവിടെയാണ് പ്രശ്നം!.
                           മനുഷ്യന്‍ യാത്ര ചെയ്യാന്‍ തുടങ്ങിയ കാലത്ത് അവന്‍ അധികദൂരമൊന്നും യാത്ര ചെയ്യാറുണ്ടായിരുന്നില്ല.തൊട്ടടുത്ത ഗ്രാമം വരെ മാത്രമായി അവന്റെ യാത്രകള്‍ ചുരുങ്ങിയിരുന്നു.കാല്‍ നട മാത്രമുണ്ടായിരുന്ന അക്കാലത്തുപോലും അവന്റെ യാത്രകള്‍ ദുഷ്കരമാക്കിയിരുന്നത് നരഭോജികളായ ക്രൂരമൃഗങ്ങളായിരുന്നു.പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും ഒളിച്ചുനിന്നു ആക്രമിച്ചിരുന്ന ക്രൂര മൃഗങ്ങളെ പേടിച്ചും എതിരിട്ടു തോല്‍പ്പിച്ചും തോല്‍ക്കപ്പെട്ടുമൊക്കെയായിരുന്നു അന്നത്തെ അവന്റെ യാത്രകള്‍.സ്വയം സംഘം ചേര്‍ന്ന് ഇത്തരം അപകടങ്ങളെ അവന്‍ നേരിട്ടു.പതിയെ പതിയെ കുതിര കഴുത തുടങ്ങിയ മൃഗങ്ങളെ യാത്രക്കുപയോഗിച്ചെങ്കിലും അവിടേയും അപകടമുണ്ടായിരുന്നു.ഇതിനെ നേരിടാന്‍ ഗ്രാമങ്ങളും ഗ്രാമങ്ങള്‍ തമ്മില്‍ പ്രത്യേക വഴിത്താരകളുണ്ടാക്കിയും ആ വഴിത്താരകള്‍ അപകടവിമുക്തമാക്കിയുമായിരുന്നു.പക്ഷെ ഇവിടെ ഉയര്‍ന്നുവന്ന വന്ന ഒരു പ്രശ്നം യാത്രകള്‍ ലളിതമല്ലാതായി എന്നതാണ്.വഴിനീളെ കിട്ടുന്ന ആഹാരം ശേഖരിച്ച് കഴിച്ച്, കിട്ടുന്ന വെള്ളവും  കൂടിച്ച് നടത്തിയിരുന്ന ആ പ്രകൃതിയാത്രകള്‍ പതിയെ ഇല്ലാതാവുകയും പകരം ആനകളും അല്ലെങ്കില്‍ കഴുതകളും കുതിരകളും അകമ്പടിയും ഒക്കെയുള്ള ആ മഹായാത്രകള്‍ നിലവില്‍ വന്നു. ഈ യാത്രയില്‍ ദുഷ്ടമൃഗങ്ങളെ ഒഴിവാക്കാനായി എങ്കിലും കൊള്ളക്കാരുടെ ശല്യം ആരംഭിച്ചു.
                  എതായാലും യാത്രകളിലെ ദുരിതങ്ങളൊഴിവാക്കാനുള്ള ശ്രമത്തില്‍ പുതിയ പുതിയ കുരുക്കുകള്‍ നാം തലയിലേറ്റാന്‍ തുടങ്ങി.യാത്രകള്‍ സാങ്കേതീക ജടിലങ്ങളായി മാറാന്‍ തുടങ്ങി.സ്വന്തം യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ പലരും വന്നു,യാത്രക്കുള്ള വാഹനങ്ങള്‍ മാറി മാറി വന്നു.വാഹനങ്ങളുടെ സാങ്കേതികത്വവും മാറി മാറി വന്നു.
                          ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കുവാന്‍ എന്ന പേരില്‍ നിയമങ്ങള്‍ വന്നു.ഈ നിയമങ്ങളുണ്ടാക്കാന്‍ നിയമസഭകളും, നിയമങ്ങളെ വ്യാഖ്യാനിക്കാന്‍ കോടതികളും നിയമങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥ വൃന്ദവും വന്നു.ഇവരെയൊക്കെ തീറ്റിപ്പോറ്റേണ്ട ചുമതല - ഉത്തരവാദിത്വം പാവം പൊതുജനമായ നമ്മുടെ തലയിലും വന്നു.നമ്മൂടെ നികുതിപ്പണമുപയോഗിച്ച് ജീവിക്കുന്ന ഇവര്‍ കൂടൂതല്‍ കൂടൂതല്‍ നമ്മെ നിയമങ്ങളുപയോഗിച്ച് വരിഞ്ഞു മുറുക്കാന്‍ തുടങ്ങി.അതുകൊണ്ടു തന്നെ നമ്മളും നമുക്കുപുറത്തുള്ള ഈ ഉദ്യോഗസ്ഥകൂട്ടായ്മയും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ച് മൂര്‍ച്ഛിച്ച് വരുകയും നമ്മള്‍ അവരുടെ വല പൊട്ടിക്കാവുന്നിടത്തെല്ലാം പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.ഇത് പിന്നേയും കാര്യങ്ങള്‍ വഷളാക്കിക്കൊണ്ടിരുന്നു.നിയമങ്ങള്‍ ലംഘിക്കാനുള്ള ത്വര നമ്മില്‍ കൂടിക്കൂടി വന്നു.
                      ഇതു പോലെ തന്നെ എടുത്തുപറയേണ്ടതാണ് വാഹനങ്ങള്‍ മാറി മാറി വന്നപ്പോള്‍ യാത്രാസുഖവും വേഗതയും കൂടിക്കൂടി വന്നു.മാസങ്ങള്‍ എടുത്തു നടന്നു ചെന്ന് സര്‍വജ്ഞ പീഠം കയറിയ ശങ്കരാചാര്യരുടെ പിന്‍ തലമുറക്കാര്‍ മിനിട്ടുകള്‍ കൊണ്ട് വിമാനത്തിലവിടെത്താന്‍ പഠിച്ചു.അങ്ങനെ സമയം ലാഭിക്കാന്‍ നമുക്ക് കഴിഞ്ഞപ്പോള്‍ നമ്മുടെ യാത്രകള്‍ സാങ്കേതീക ജടിലങ്ങളായി.ആയ കാലത്ത് നടന്ന് ക്ഷീണിച്ചാല്‍ എവിടെയെങ്കിലും കയറിയിരുന്ന് വിശ്രമിക്കാമായിരുന്നു.എന്നാല്‍ കാലക്രമേണ വിശ്രമം പലര്‍ക്കും പലയിടങ്ങളിലായി മാറി.പലര്‍ക്കും പലയിടത്തും പ്രവേശനം തന്നെ ഇല്ലാതായി.
              ഇതിനെയൊക്കെ അതിജീവിക്കാന്‍ മനുഷ്യന്‍ പഠിച്ചു.എന്നാല്‍ യാത്രോപകരണത്തിന്റെ സാങ്കേതിക സ്വഭാവം ലളിതമാക്കാനും അതു വഴി യാത്രോപകരണം ആര്‍ക്കും ഉപയോഗിക്കാമെന്ന,അവസ്ഥ മാറുകയും അതില്‍ തൊടാന്‍ അതുപയോഗിക്കാന്‍ അല്പം സാങ്കേതികജ്നാനം വേണം എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.ഇന്ന് ഈയൊരവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണെനിക്ക് തോന്നുന്നത്.റോഡുപയോഗിക്കാന്‍ / വാഹനം ഓടിക്കാന്‍ / ട്രെയിന്‍ ഓടിക്കാന്‍ / വിമാനത്തില്‍ കയറാനും ഓടിക്കാനും ഒക്കെ കുറേ സാങ്കേതിക വിദ്യ നാമറിഞ്ഞേ മതിയാകൂ.നിയമങ്ങളായി വിവരങ്ങളായി ഒക്കെ കുറേ കാര്യങ്ങള്‍ നാമറിഞ്ഞാലേ അല്ലെങ്കില്‍ അവയുപയോഗിച്ച് നാം സ്വയം നവീകരിച്ചാലേ നമ്മുടെ ജീവിതം സുഗമമാകൂ എന്ന അവസ്ഥയാണിന്നുള്ളത്. കാലത്തിനനുസരിച്ച് നവീകരിക്കാന്‍ നമ്മില്‍ ചിലര്‍ക്ക് കഴിയാതെ വന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് അരൂര്‍ അപകടം.

                
Post a Comment