ഈ പോക്ക് എങ്ങോട്ട്?

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                    യാതൊരു അല്‍ഭുതവുമില്ല കേരളത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തിന്റെ ആണിയും അടിച്ചുകഴിഞ്ഞു.ഇനി കുഴിയില്‍ വച്ച് മൂടിയാല്‍ മാത്രം മതി.ഈ അവസ്ഥയില്‍ എത്തിയതിന് അല്ലെങ്കില്‍ കേരളത്തെ എത്തിച്ചതിന് നാം തന്നെയാണുത്തരവാദീകള്‍.
                                       കഴിഞ്ഞ കുറേ നാളുകളായി പത്രത്താളുകളിലും ചാനല്‍ ചര്‍ച്ചകളിലും ഒക്കെ നിറഞ്ഞു നിന്ന കുറേ കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു,അതൊക്കെ നമ്മള്‍ ശ്രദ്ധിക്കുകയും നമ്മുടേതായിട്ടുള്ള അഭിപ്രായം രൂപീകരിക്കുകയും ചെയ്തിരുന്നു.അതൊന്നുമല്ല ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്.
                                 കന്നി അഞ്ച് ശ്രീ നാരായണഗുരുവിന്റെ മഹാസമാധിദിനം.ശ്രീ നാരായണീയര്‍ നാടൊട്ടുക്ക് വിലാപയാത്രകളും പ്രാര്‍ഥനായജ്ഞങ്ങളുമൊക്കെ സംഘടിപ്പിച്ച് ആ ദിവസം സമുചിതമായി ആചരിച്ചു വരുന്നു.ഇത്തവണയും ഇതുണ്ടായി.എന്നാല്‍ ഈ കന്നി അഞ്ചിന് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന അഖിലേന്ത്യാ മതേതര പാര്‍ട്ടിയുടെ കേരളത്തിലെ ഒരു ജില്ലാ നേതൃത്വം  വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.കന്നി അഞ്ച് ശ്രീ നാരായണ ഗുരു സമാധിദിനമായതിനാല്‍ അന്നേദിവസം ഈ പരിപാടി മാറ്റി വയ്ക്കണമെന്ന് ഇന്നാട്ടിലെ ശ്രീ നാരായണീയരുടെ നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതൃത്വത്തോടഭ്യര്‍ഥിച്ചു പോലും.( നാട്ടുകാര്‍ അടക്കം പറയുന്നത് പാര്‍ട്ടിയിലെ ശ്രീ നാരായണീയരായ വനിതകളാണത്രെ ഈ അഭ്യര്‍ത്ഥന നടത്തിയത് എന്നാണ്.) ഇവരോട് ജില്ലാ പ്രസിഡണ്ട് മറിച്ചൊരു ചോദ്യം അല്‍പ്പം അപഹാസ്യമായ രീതിയില്‍ ചോദിച്ചത്രെ, ഇതിഷ്ടപ്പെടാതെ ശ്രീ നാരയണീയരുടെ നേതാക്കള്‍ ഇടപെട്ടപ്പോഴും ആ പഴയ ചൊദ്യം നേതാവ് ചോദിച്ചു.
                              ബോംബ് പൊട്ടാന്‍ ഇതുമാത്രം മതിയല്ലോ. നാട്ടിലെ സകല ശ്രീ നാരായണീയരും ഇളകി, അത് സംസ്ഥാന തലത്തിലേക്കും പ്രശ്നം തീര്‍ന്നില്ലെങ്കില്‍ അഖിലേന്ത്യാ തലത്തിലേക്കും അവിടുന്ന് അഖില ലോക തലത്തിലേക്കും വ്യാപിപ്പിക്കും എന്ന ഭീഷണി വേറെയും.എങ്ങനെയാണ് പ്രശ്നം തീര്‍ക്കേണ്ടത് എന്നും ശ്രീ നാരായണീയര്‍ പറഞ്ഞു തന്നു, ജില്ലാ പ്രസിഡണ്ട് രാജി വച്ച് വനവാസത്തിനു പോവുക.ഇതല്ലാതെ മറ്റൊരു പോംവഴി ഇല്ല തന്നെ.ശരിയല്ലെ ശ്രീ നാരായണ ഗുരുവിനെ നിന്ദിച്ച് യാതൊരാളും ഇവിടെ വാഴാന്‍ പാടില്ല തന്നെ.ഇവരോട് ആദ്യമായും അവസാനമായും എനിക്കു ചോദിക്കാനുള്ള ചോദ്യം ഒന്നുമാത്രമാണ്, ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുള്ള കുറേ കാര്യങ്ങളുണ്ട്, അദ്ദേഹം നയിച്ച ത്യാഗോജ്ജ്വലമായ ഒരു ജീവിതമുണ്ട്, താന്‍ പ്രതിഷ്ഠിച്ചത് ഐഴവശിവനെയാണെന്നു പറഞ്ഞ ആ വിപ്ലവാത്മകമായ മനസ്സുണ്ട്, അതിലേതെങ്കിലും ഒന്നിന്റെ പാരംബര്യം ഈ ഇന്നത്തെ നാരായണീയര്‍ക്കുണ്ടോ?ഓ ! ശരി, ഞാന്‍ മറന്നു, നമ്മുടേതൊരു ജനാധിപത്യ രാഷ്ട്രമാണല്ലോ, ആ രാഷ്ട്രത്തില്‍ വാക്കും പ്രവര്‍ത്തിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമാണല്ലോ ഉള്ളത്.
                   കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞ ശ്രീ നാരായണഗുരു എവിടെ, ഇന്നത്തെ നാരായണീയരെവിടെ, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാണദ്ദേഹം പറഞ്ഞത്.അതോടൊപ്പം അക്കാലത്തുതന്നെ മറ്റൊരു മഹാന്‍ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ജാതി വേണ്ട ദൈവം വേണ്ട മതം വേണ്ട മനുഷ്യന് എന്ന്.ഒരമ്പലം തീവച്ചു കളഞ്ഞാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞുകിട്ടും എന്നു പറഞ്ഞു മറ്റൊരാള്‍.ഇതൊക്കെ 1950 കളിലും അതിനു പിന്നിലുമായിരുന്നെന്നോര്‍ക്കണം.ഇവരൊക്കെക്കൂടെയാണ്, ഇവരുടെ പിന്‍ തലമുറക്കാരായെത്തിയ കോണ്‍ഗ്രസ്സ് കാരും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും കമ്യൂണിസ്റ്റുകാരും ഒക്കെ കൂടിയാണ് ഇന്നത്തെ ആധുനീക കേരളം രൂപപ്പെടുത്തിയത്.  ഈ ഗ്രൂപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് കമ്യൂണിസ്റ്റുപാര്‍ട്ടിയായത്.കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെങ്കിലോ തങ്ങളുടെ അവതാരോദ്ദേശം നടത്തിക്കഴിഞ്ഞ് ദിനം തോറും അഴുകി അഴുകി കേരളമാകെ ദുര്‍ഗന്ധം പരത്താന്‍ തുടങ്ങി.
                ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതിയെന്താണെന്നു നോക്കുക.ഒരു വശത്ത് മുസ്ലീം കൃസ്ത്യന്‍ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം, കൂടുതല്‍ വിശദീകരിക്കുന്നില്ല, അഞ്ചാം മന്ത്രിസ്ഥാനവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും മുതല്‍ എത്രയോ പ്രശ്നങ്ങള്‍ മതേതരപാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ മുള്‍ മുനയില്‍ നിറുത്തി അവര്‍ നേടിയെടുത്തു. അഞ്ചാം മന്ത്രിസ്ഥാനം നേടാനവരുപയോഗിച്ച മാര്‍ഗം എല്ലാവരിലും അവമതിപ്പാണുണ്ടാക്കിയത്.
                  ക്രിസ്ത്യന്‍ പാര്‍ട്ടികളാണെങ്കിലോ, നെല്ലിയാമ്പതി പ്രശ്നം ഒന്നുമാത്രം മതി അവരുടെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാക്കാന്‍.ചീഫ് വിപ്പിന്റെ ലീലാവിലാസങ്ങള്‍ ആ മുന്നണിക്കകത്തുകൂടി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണല്ലോ, ഇവിടേയും മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
                        ഇതെല്ലാം കണ്ടുംകേട്ടും ഞെളിപിരി കൊള്ളുകയായിരുന്നു ഹിന്ദു നേതൃത്വം.ന്യുനപക്ഷപ്രീണനം എന്ന പാട്ട് അവര്‍ കോറസ്സായി പാടിനോക്കിയെങ്കിലും ആ പാട്ട് പഴയ പോലെ ഏല്‍ക്കുന്നതായി അവര്‍ക്ക് തോന്നിക്കാണില്ല.അതിന്റെ പരിണിതഫലം നമുക്ക് പുറത്തു കാണാവുന്നത് എന്‍ എസ് എസ് , എസ് എന്‍ ഡി പി ഐക്യമാണ്. ഓര്‍ക്കുക, സംവരണപ്രശ്നത്തില്‍ മുറിച്ചിട്ട കോലു മുറികൂടിയാലും  തങ്ങള്‍ യോജിക്കില്ലെന്ന് വാശി പിടിച്ചു നിന്നവരാണിരുകൂട്ടരും.അവര്‍ തമ്മില്‍ വലിയ ബുദ്ധിമുട്ടില്ലാതെ യോജിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ സാഹചര്യത്തിന്റെ ഗൌരവം ഇവരെ ബോധിപ്പിച്ചുകൊടുത്ത ആ ശക്തികളെ തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല.
                       അങ്ങനെ യോജിച്ചൊന്നായ ആ വെള്ളാപ്പിള്ളി നായര്‍ സഖ്യത്തിന്റെ ആദ്യഡോസ് ആണ് ശ്രീ നാരായണപ്രശ്നം എന്ന് നിസ്സംശയം പറയാം.ഇതിനുമുന്‍പും ഇവിടെ കന്നി അഞ്ചുകള്‍ കഴിഞ്ഞു പോയിട്ടുണ്ട്, കോണ്‍ഗ്രസ്സുകാര്‍ പല പരിപാടികളും നടത്തിയിട്ടുമുണ്ട്. എന്നാല്‍ മതേതര അഖിലേന്ത്യാ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനോട് തങ്ങളുടെ പരിപാടി മാറ്റിവൈക്കാന്‍ ആവശ്യപ്പെടാവുന്നത്ര ഔദ്ധത്യത്തിലേക്ക് ഈ മത സംഘടനകള്‍ വളര്‍ന്നു എന്നതു തന്നെ ഒരു മതേതര കേരളത്തിന്റെ സൃഷ്ടിക്കായി രക്തസാക്ഷികളായ പതിനായിരങ്ങളുടെ രക്തം മലിനജലമായി എണ്ണുന്നതിനു തുല്യമാണ്.എന്നിട്ടും അത് സംഭവിച്ചു, അതുകേട്ടിട്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ കോണ്‍ഗ്രസ്സ് പൌഡറിട്ട് മീശ മിനുക്കി പുഞ്ചിരിയിട്ട് നില്‍ക്കുന്നു.മതേതര അഖിലേന്ത്യാപാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഈ നില്‍പ്പുണ്ടല്ലോ അതാണ് കേരളത്തിനു സത്യത്തില്‍ നാശകരമാകുന്നത്, അല്ലാതെ ചില്ലറമേഖലയില്‍ വിദേശകുത്തക വരുന്നതോ അലുവാലിയായുടെ പ്രസ്താവനയോ അല്ല.
                                     സത്യത്തില്‍ ഇത് കോണ്‍ഗ്രസ്സ് വിലകൊടുത്ത് വാങ്ങിയതു തന്നെയാണ്.കാരണം അധികാരം ലഭിക്കാന്‍ - എന്നിട്ട് മാന്യമായി ജനോപകാര പ്രദമായി ഭരിക്കാനല്ല , കയ്യിട്ടുവാരാനാന്‍ - എന്തു തെമ്മാടിത്തരവും ചെയ്യാന്‍ ഈ കോണ്‍ഗ്രസ്സിന് യാതൊരു മടിയുമില്ല എന്നതാണ് സത്യം.നാലു വോട്ടുകിട്ടുമെങ്കില്‍ സ്വന്തം തന്തയെ വരെ തള്ളിപ്പറയാനവര്‍ തയ്യാറാകും,പാലത്തിനടിയിലെ ജാനുവുമായിപ്പോലും അവര്‍ ഒന്നു ചേര്‍ന്നു പോകും.അധികാരം അധികാരം അതു മാത്രമാണവരുടെ ലക്ഷ്യം.ഈ ഓട്ടത്തിനിടയില്‍ അവര്‍ കേരളത്തിനുണ്ടാക്കുന്ന കെടുതികള്‍ ചില്ലറയല്ല.രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒരു വലിയ ബസ്സപകടത്തിന്റെ എഫക്റ്റ് ഉണ്ടാക്കുന്നുവെങ്കില്‍ ഒരു ജാതിസ്പര്‍ദ്ധ , വര്‍ഗീയ സംഘട്ടനം ആണവ ബോംബ് സ്പോടനത്തിന്റെ എഫക്റ്റാണുണ്ടാക്കുക.കാരണം വര്‍ഗീയ സംഘട്ടനത്തിന്റെ മുറിവുകള്‍ ഉണങ്ങുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല തന്നെ.
                                അത്തരമൊരു മാരകവിപത്തിലേക്ക് കേരളം അതിവേഗം കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ദയനീയമായ സത്യം.

Post a Comment