അഴിമതി,അഹന്ത,ആഡംബരഭ്രമം

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                    ഴിമതിക്കെതിരെ പടപൊരുതി അടി തെറ്റി വീണ അണ്ണാഹസാരെയുമായി വിയോജിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ അരവിന്ദ് കെജ്രിവാള്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.“ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍“(ഐ എ സി) എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ടാണ് ഇദ്ദേഹം രാഷ്ട്രിയക്കാരുടെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരുന്നത്.കെജ്രിവാളിന്റെ ഉള്ളിലിരുപ്പ് എന്തായിരുന്നാലും അദ്ദേഹത്തിന്റെ ധീരതയേയും ഇതുവരെ പ്രകടമാക്കിയ സത്യസന്ധതയേയും അഭിനന്ദിക്കാതെ നിവൃത്തിയില്ല.രാജ്യത്തെ വിറ്റു തിന്നുന്ന കോടികളുടെ അഴിമതിക്കഥകള്‍ നാം ദിനം പ്രതി കേട്ടുകൊണ്ടിരിക്കുന്നു.ദേശീയ നേതാക്കളുടെ അപചയത്തിന് നാം സാക്ഷികളാകുന്നു.വിലക്കയറ്റം ദുസ്സഹമായി പാവപ്പേട്ടവരുടേയും ഇടത്തരക്കാരുടേയും ജീവിതം നരകതുല്യമായി മാറുമ്പോഴും സമ്പന്നവിഭാഗത്തെ സഹായിക്കുന്ന തലതിരിഞ്ഞ സാമ്പത്തീകനയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രഭരണകര്‍ത്താക്കളുടെ തലയ്ക്ക് വെളിവില്ലാതായോ എന്ന് നാം സംശയിച്ചുപോകുന്നു.
                                        മന്മോഹന്‍ സിങ്ങ് എത്രയൊക്കെ കഴിവും വിവേകവും ഉണ്ടെന്ന് അവകാശപ്പെട്ടാലും അദ്ദേഹം ഡമ്മി പ്രധാനമന്ത്രിയാണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും ഇന്ന് അറിയാം.ഒരു പരിഷ്കൃത സമുഹത്തിന് തെല്ലും ഭൂഷണമല്ലെങ്കിലും ആ ഗതികേടും അതിന്റെ പ്രത്യാഘാതങ്ങളും ഏതാനും വര്‍ഷങ്ങളായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.ഭരിക്കുന്നത് സോണിയാഗാന്ധിയാണെന്ന് നമുക്കറിയാം.മൌനിയും ശാന്തനുമായ മന്‍‌‌മോഹന്‍ ശിങ്ങിനെ മറയാക്കി വന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതും സോണിയ അല്ലാതെ മറ്റാരുമല്ല എന്ന് തെളിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഭാരതത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമായ ഗാന്ധി എന്ന വിശുദ്ധനാമധേയം അവരുടെ പേരുമായി ചേര്‍ത്തു വായിക്കേണ്ടി വരുമ്പോള്‍ അപമാനഭാരം കൊണ്ട് നമ്മുടെ ശിരസ്സ് കുനിഞ്ഞു പോകുന്നു.സോണിയാ ഗാന്ധി എന്ന അധികാരകേന്ദ്രത്തിന്റെ അന്ത:പ്പുരത്തില്‍ അന്തിയുറങ്ങുന്ന റോബര്‍ട്ട് വധേര അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സോണിയാ ഗാന്ധിക്ക് ഒരു പങ്കുമില്ലെന്ന് പറയാന്‍ കോണ്‍ഗ്രസ്സ് കാര്‍ക്ക് മാത്രമേ കഴിയൂ.കോണ്‍ഗ്രസ്സിനകത്തും പുറത്തുമുള്ള വന്‍ അഴിമതിക്കാരെ അധികാരത്തിന്റെ ബലത്തില്‍ സംരക്ഷിക്കാന്‍ സോണിയ കാണിച്ച തിടുക്കം ഇതിനകം തന്നെ സംശയാസ്പദമായിട്ടുണ്ട്.അഴിമതിക്കാരനായ മരുമകനെ തള്ളിപ്പറയാന്‍ അവര്‍ക്ക് സാദ്ധ്യമല്ല.അതാകട്ടെ കോണ്‍ഗ്രസ്സിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു.
                                        രണ്ടാം ദേശീയകക്ഷിയായ ബി ജെ പിയേയും കെജ്രിവാള്‍ വെറുതെ വിടുന്നില്ല.ആ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായ നിതിന്‍ ഗാഡ്ഗരി നടത്തിയ നാണം കെട്ട അഴിമതിയുടേയും തെളിവുക്കാളാണ് കെജ്രിവാള്‍ പിന്നീട് പുറത്തുവിട്ടത്.മഹാരാഷ്ട്രയില്‍ ജലസേചനആവശ്യത്തിനായി മാറ്റിവച്ച ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി ഗദ്കരിയുടെ സ്വന്തമായതെങ്ങനെയെന്ന് കെജ്രിവാള്‍ തെളിവുകള്‍ സഹിതം സ്ഥാപിക്കുകയുണ്ടായി.സമ്പന്നര്‍ക്ക്  മാത്രമേ പ്രധാന ദേശീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ എത്താന്‍ സാധിക്കു എന്ന സത്യമാണ് ‘ഇന്ത്യ അഴിമതിക്കെതിരെ’ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളായ കെജ്രിവാളും അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണും അവരുടെ സഹായികളും തെളിയിച്ചുകൊണ്ടിരിക്കുന്നത്.
                           രാജ്യത്തെ രണ്ട് പ്രധാന ദേശീയ പാര്‍ട്ടികളുടെ നേതൃത്വവും അഴിമതിയുടെ പിടിയിലാണെന്നത് ഭയാശങ്കകള്‍ വളര്‍ത്തുന്ന വസ്തുതയാണ്.പ്രാദേശീക പാര്‍ട്ടികളില്‍ പലതും വ്യക്തിതാല്‍പ്പര്യങ്ങളുടേയും സങ്കുചിതചിന്തകളുടേയും സ്വാധീനത്തില്‍ പെട്ട് നാടിനെ ദുഷിപ്പിച്ചുകൊണ്ടിരിക്കുകയാണ് ദേശീയ പാര്‍ട്ടികളുടെ പ്രതിഛായയും തകര്‍ന്നടിയുന്നത്.അഴിമതി ആസകലം പടര്‍ന്നിരിക്കെ അഹന്തയും ധാര്‍ഷ്ട്യവും ആഡംബരഭ്രമവും നേതാക്കളുടെ സ്ഥായ്യീഭാവമായിത്തിര്‍ന്നിരിക്കുന്നു.വില മതിക്കാനാവാത്ത ഭൂമിയിലാണ്  ദുഷ്ടലാക്കുള്ള രാഷ്ട്രീയക്കാര്‍ ഈയിടെയായി കണ്ണുവൈക്കുന്നത്.ഭൂമിയിടപാടുകളിലൂടെ ശതകോടികള്‍ നേടുന്ന അവര്‍ അധികാരത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനും ആഡംബരസൌകര്യങ്ങള്‍ക്കുമായി അത് നിര്‍ലോഭം ചിലവിടുന്നു.
                                 അരവിന്ദ് കെജ്രിവാള്‍ ഉന്നയിച്ച ആരോപണങ്ങളുടെ അനുബന്ധമായി റോബര്‍ട്ട് വധേരയുടെ ഇടപാടിനെപറ്റിയുള്ള പുതിയ ‍അഴിമതിക്കഥകള്‍ ഡി എന്‍ ഏ ദിനപ്പത്രം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.രാജസ്ഥാനിലെ ബിക്കനേര്‍ ജില്ലയില്‍ വധേര അവിഹിതമായി വാങ്ങിക്കൂട്ടിയ ഭൂമിയെ പറ്റിയുള്ളവിവരങ്ങളാണ് പത്രം വെളിപ്പെടുത്തിയത്.വ്യവസായ പദ്ധതികള്‍ അനുവദിക്കുന്നതിനു മുന്നോടിയായാണ് വധേരയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഈ പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടിയത്.2009 - 2011 കാലയളവില്‍ 3000 ഹെക്റ്ററോളം ഭൂമി വധേരയുടെ കമ്പനികള്‍ വാങ്ങിയിട്ടുണ്ടെത്രെ.നിലവിലുള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ നല്‍കി ഭൂമി സ്വന്തമാക്കുമ്പോള്‍ നാലും അഞ്ചും ഇരട്ടിക്ക് മറിച്ചുവില്‍ക്കുകയാണ്.അതിനു കളമൊരുക്കുന്നതോ ഗവണ്മെന്റിന്റെ വികസനപദ്ധതികളും.വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ.രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ സഹായത്തോടെയാണ് ഈ ഭൂമി വാങ്ങിക്കൂട്ടിയതെന്ന് ‘ഡി എന്‍ എ‘ ദിനപ്പത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഗാന്ധി കുടുംബം ഭൂമി തട്ടിപ്പിന്റേയും കള്ളക്കളികളുടേയും വിളനിലമാണെന്ന ആരോപണമുയരുന്നതില്പരം അപമാനം ഭാരതത്തിനു വരാനില്ല.ഗാന്ധി എന്ന വിശുദ്ധപദം ഓരോ ഭാരതീയന്റേയും ആത്മാഭിമാനത്തിന്റെ പ്രതീകമാണല്ലോ.അതാണ് നാറുന്ന അഴിമതികളുമായി ചേര്‍ത്തു വായിക്കപ്പെടുന്നത്.
                               പ്രത്യേകപ്രമേയം പാസാക്കിയാണല്ലോ നിതിന്‍ ഗാഡ്കരിക്ക് രണ്ടാം തവണ ബി ജെ പി ദേശീയ അദ്ധ്യക്ഷപദവി കല്‍പ്പിച്ച് നല്‍കിയത്.കഴിവും പ്രവര്‍ത്തനപാരംബര്യവുമുള്ള നേതാക്കള്‍ നില്‍ക്കെ ദേശീയ തലത്തില്‍ താരതമ്യേന ജൂനിയറായ പറയത്തക്ക അനുയായികളില്ലാത്ത ഗാഡ്കരിയെ അദ്ധ്യക്ഷനാക്കിയത് സമ്പത്തിന്റെ ശക്തികൊണ്ടുമാത്രമാണെന്ന് പറയപ്പെടുന്നു.ആ സമ്പത്ത് വന്നു ചേര്‍ന്ന അഴുക്കുചാലുകളാണ് കെജ്രിവാളും മറ്റു പൊതുസമൂഹത്തിനു കാട്ടിക്കൊടുക്കുന്നത്. ആഡംബരക്കാര്‍ സമ്മാനമായി വാങ്ങുന്നതില്‍ ഒരു മടിയും കാട്ടാത്ത ദേശീയ നേതാവാണ് ഗാഡ്കരി.ബി ജെ പിയുടെ ധാര്‍മ്മിക നിലവാരത്തിന്റെ തലമാണത്.
                               കേന്ദ്രത്തിലെ സീനിയര്‍ മന്ത്രിയും എന്‍ സി പി അദ്ധ്യക്ഷനുമായ ശരത് പവാറിന്റെ അഴിമതികള്‍ പുറഠു വിട്ടത് വൈ.പി സിങ്ങ് എന്ന മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ്.ജീവകാരുണ്യ പ്രവര്‍തതനങ്ങളുടെ മറവില്‍ കേന്ദ്ര നിയമമന്ത്രി സാല്‍മാന്‍ ഖുര്‍ഷിദ് നടത്തിയതായി ആരോപിക്കപ്പെടുന്ന അഴിമതികള്‍ പുറത്തു വിട്ടത് കെജ്രിവളാണ്.അതാകട്ടെ ഒരു യുദ്ധമായി വളര്‍ന്നിരിക്കുന്നു.നിയമമന്ത്രിയുടെ തനിനിറം ഒരു പത്രസമ്മേളനത്തില്‍ രാജ്യം ഉള്‍ക്കിടിലത്തോടെ കണ്ടു.പ്പേനയേന്തുന്ന കൈയില്‍ ചോര പുരട്ടാനും മടിക്കില്ല എന്നാണ് അഹിംസാ സിദ്ധാന്തം മുറുകെ പിടിക്കുന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളിലൊരാളും രാജ്യത്തിന്റെ നിയമമന്ത്രിയുമായ ഖുര്‍ഷിദ് അട്ടഹസിച്ചത്.തന്റെ മണ്ഡലത്തില്‍ അഴിമതി വിരുദ്ധസമരം നടത്തിയാല്‍ പിന്നെ ഡല്‍ഹിയില്‍ തിരിച്ചെത്തില്ലെന്ന് പരസ്യമായി ഭീഷണിപ്പെടൂത്താന്‍ ഈ നിയമമന്ത്രി തയ്യാറായത് ഉല്‍ക്കിടിലത്തോടെയാണ് ജനങ്ങള്‍ ശ്രവിച്ചതും വായിച്ചറിഞ്ഞതും. ഈ മന്ത്രി പുംഗവനാണ് രാജ്യത്ത് നിയമം നടപ്പിലാക്കുന്നത്.
                        നമ്മുടെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ജനക്ഷേമവും ലളിതജീവിതവും ഉപേക്ഷിച്ച് അഴിമതിയിലൂടെ അളവറ്റ പണമുണ്ടാക്കി ആഡംബരത്തിലും ആര്‍ഭാടത്തിലും ആറാടുകയാണ്.അധികാരസുഖത്തിനായി അവര്‍ കടമകളും കര്‍ത്തവ്യങ്ങളും മറക്കുന്നു.രാജകീയ സൌകര്യങ്ങള്‍ അനുഭവിക്കാന്‍ ഏത് അഴുക്കു ചാലിലും വിഴുന്നു.കൊടിക്കണക്കിനു ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ കേഴുന്നത് അവര്‍ കാണുന്നില്ല.സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അവരെ അലട്ടുന്നില്ല.നാട് കുട്ടിച്ചോറാകുന്നതില്‍ അവര്‍ വേവലാതിപ്പെടുന്നില്ല.പൊതുമാര്‍ക്കറ്റില്‍ അരിയുടെ വില കിലോയ്ക്ക് 50 രൂപയായി ഉയരുന്ന അത്യാഹിതം സംഭവിക്കുന്നതില്‍ അവര്‍ രോഷാകുലരാകുന്നില്ല.രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും അഹന്തയും ആഡംബരഭ്രമവും കൂടിച്ചേര്‍ന്ന് നാടിനെ തീരാദു:ഖത്തിലേക്ക് നിര്‍ദാക്ഷിണ്യം തള്ളിവിടുമ്പോള്‍ പൊറുതിമുട്ടിക്കഴിയുന്ന സാധാരണക്കാരന് കെജ്രിവാളിന്റെ സാഹസങ്ങള്‍ വൈക്കോല്‍ തുരുംബാവുന്നത് സ്വാഭാവികം മാത്രം.
(കേരളശബ്ദം പുസ്തകം 51 ലക്കം 12 2012 നവംബര്‍ 12 ന്റെ വാരികയില്‍ രാഷ്ട്രിയ ലേഖകന്‍ എഴുതിയ വിലയിരുത്തല്‍ ഈ ബ്ലോഗില്‍ പുനപ്രസിദ്ധീകരിക്കുകയാണ്.വായിക്കുക വിലയിരുത്തുക.)

4 comments :

  1. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ജനക്ഷേമവും ലളിതജീവിതവും ഉപേക്ഷിച്ച് അഴിമതിയിലൂടെ അളവറ്റ പണമുണ്ടാക്കി ആഡംബരത്തിലും ആര്‍ഭാടത്തിലും ആറാടുകയാണ്.അധികാരസുഖത്തിനായി അവര്‍ കടമകളും കര്‍ത്തവ്യങ്ങളും മറക്കുന്നു.രാജകീയ സൌകര്യങ്ങള്‍ അനുഭവിക്കാന്‍ ഏത് അഴുക്കു ചാലിലും വിഴുന്നു.കൊടിക്കണക്കിനു ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ കേഴുന്നത് അവര്‍ കാണുന്നില്ല.സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അവരെ അലട്ടുന്നില്ല.നാട് കുട്ടിച്ചോറാകുന്നതില്‍ അവര്‍ വേവലാതിപ്പെടുന്നില്ല.പൊതുമാര്‍ക്കറ്റില്‍ അരിയുടെ വില കിലോയ്ക്ക് 50 രൂപയായി ഉയരുന്ന അത്യാഹിതം സംഭവിക്കുന്നതില്‍ അവര്‍ രോഷാകുലരാകുന്നില്ല.രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും അഹന്തയും ആഡംബരഭ്രമവും കൂടിച്ചേര്‍ന്ന് നാടിനെ തീരാദു:ഖത്തിലേക്ക് നിര്‍ദാക്ഷിണ്യം തള്ളിവിടുമ്പോള്‍ പൊറുതിമുട്ടിക്കഴിയുന്ന സാധാരണക്കാരന് കെജ്രിവാളിന്റെ സാഹസങ്ങള്‍ വൈക്കോല്‍ തുരുംബാവുന്നത് സ്വാഭാവികം മാത്രം.

    ReplyDelete
  2. വളരെ സത്യമായ നിരീക്ഷണം

    ReplyDelete
  3. വായിക്കാനിടയൊരുക്കിയതിന് നന്ദി.

    ReplyDelete
  4. അഴിമതി മാത്രമല്ല പല ദുഷ്കൃത്യങ്ങള്‍ക്കും കുട പിടിക്കുന്ന വരേണ്യവിഭാഗത്തെ ആഗ്രഹമുണ്ടെങ്ങിലും തൊടാന്‍ എല്ലാവര്ക്കും പേടിയാണ്‍ . ഒരാളെങ്കിലും മുന്നോട്ട് വന്നല്ലോ പിന്തുണക്കാം നമുക്ക്

    ReplyDelete