സോഷ്യലിസത്തിലേക്കുള്ള ശരിയായ പാത

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                                 ലോകത്ത് മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ, അത് മാറ്റം എന്ന ഒന്നിനാണ് എന്ന് അസന്നിഗ്ദമായി ആദ്യം പ്രഖ്യാപിച്ചത് കാറല്‍ മാര്‍ക്സ് ആയിരുന്നു.എന്നാല്‍ ഈ പ്രസ്താവനയുടെ പേരിലല്ല അദ്ദേഹം സ്മരിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നത്.”ലോകത്തെ ഇന്നുവരേയുള്ള ചിന്തകന്മാര്‍ പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടേയുള്ളൂ, എന്നാല്‍ നമുക്കാവശ്യം ലോകത്തെ മാറ്റിമറിക്കുക എന്നതാണെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.എന്നിട്ട്, വെറും പ്രഖ്യാപനത്തിലൊതുങ്ങാതെ , ലോകത്തെ എങ്ങനെ മാറ്റി മറിക്കാം എന്നും അദ്ദേഹം കാണിച്ചു തന്നു.നാളിതുവരേയുള്ള മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അദ്ദേഹം ഭൌതീകനിയമങ്ങളുപയോഗിച്ച് ക്രോഡീകരിക്കുകയും എന്നിട്ട് അതിന്റെ ഭാവി എന്ത് എന്നു പറയുകയും ചെയ്തു.മനുഷ്യചരിത്രത്തിന്റെ അടുത്ത വഴി സോഷ്യലിസമാണെന്ന് കാര്യകാരണ സഹിതം പറഞ്ഞു തന്നു നിസ്വരില്‍ നിസ്വരായ മനുഷ്യര്‍ക്ക് - സോഷ്യലിസത്തിനു ശേഷവും എന്താകുമെന്നുമദ്ദേഹം പറഞ്ഞു.
                                 ലോകത്താകമാനം കോളിളക്കം സൃഷ്ടിച്ചു അദ്ദേഹത്തിന്റെ ഈ സിദ്ധാന്തം.അതിനെചൊല്ലിയുള്ള സംവാദങ്ങള്‍ ലോകമെങ്ങും പടര്‍ന്ന് പന്തലിച്ചു.ഏതാണ്ട് ലോകത്തിലെ മുഴുവന്‍ ജനങ്ങളും അറിഞ്ഞോ അറിയാതെയോ ഈ സംവാദത്തില്‍ ഭാഗഭാക്കായി എന്നതാണു സത്യം.അതുണ്ടാക്കിയ രക്തചൊരിച്ചിലുകള്‍ അനവധിയായിരുന്നു. ഈ സിദ്ധാന്തത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചപ്പോള്‍ എണ്ണമറ്റ യാതനകള്‍ സഹിച്ചും ഈ സിദ്ധാന്തം നടപ്പിലാക്കാന്‍ ജനങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, ഇരിക്കുന്നു,ഇനിയും അതിലവര്‍ ഏര്‍പ്പെടുകയും ചെയ്യും.ലോകത്തിലെ ഒരു വലിയ വിഭാഗം രാഷ്ട്രങ്ങള്‍ ഈ സംവിധാനത്തിന്‍ കീഴില്‍ അണിനിരക്കുകയും പലകാരണങ്ങളാല്‍ അടര്‍ന്നുമാറുകയും ചെയ്തെങ്കിലും അതിനുവേണ്ടിയുള്ള സമരങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്.
                                  ഈ അലയൊലിയില്‍ നിന്ന് നമുക്കും നമ്മുടെ നാട്ടുകാര്‍ക്കും വിട്ടുനില്‍ക്കാന്‍ കഴിയില്ല.എന്നാല്‍ പുറം ലോകത്തു നടക്കുന്ന അതേ തീവ്രതയോടെ ഇവിടെ ആ സമരങ്ങള്‍ കത്തിപ്പടരുന്നതായി നമുക്ക് തോന്നുന്നില്ല.നമ്മൂടെ രാജ്യത്തിന്റെ സവിശേഷമായ സാഹചര്യം, ആ സാഹചര്യത്തിലിവിടെ വളര്‍ന്നു പന്തലിച്ച കോണ്‍ഗ്രസ്സ് പ്രസ്ഥാനം, ആ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കള്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ സമരങ്ങള്‍ ഒക്കെ ഇന്നാട്ടിലെ ജനങ്ങളെ നന്നായി സ്വാധീനിച്ചിരുന്നു. നൂറ് കൊല്ലം കഴിഞ്ഞെങ്കിലും ഇന്നും കോണ്‍ഗ്രസ്സ് തന്നെയാണിവിടെ ആഴത്തില്‍ വേരോടിയിട്ടുള്ള പാര്‍ട്ടി.അതുകൊണ്ടു തന്നെ ആ പാര്‍ട്ടിക്കും മാര്‍ക്സിന്റെ പ്രസ്ഥാനത്തിനോട് അഭിപ്രായം പറയാതെ മുന്നേറാനാവില്ല എന്ന സ്ഥിതിയുണ്ടായി.അല്ലെങ്കില്‍ ഇന്ത്യക്കുവെളിയിലുണ്ടായ സംവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ്സിനും കഴിഞ്ഞില്ല.
                             അതുകൊണ്ടുതന്നെ സ്വാതന്ത്ര്യപ്രാപ്തിക്കു മുന്നേ തന്നെ സോഷ്യലിസമാണു തങ്ങളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചു.എന്നാല്‍ സ്വാതന്ത്ര്യസമരത്തില്‍ മുഴുകിയിരുന്നതിനാല്‍ സോഷ്യലിസത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല എന്നത് നമ്മുടെ കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍.സ്വാതന്ത്ര്യം കിട്ടിയിട്ടും അടിയന്തിരപ്രാധാന്യമുള്ള പല വിഷയങ്ങളും കൈകാര്യം ചെയ്യാനുണ്ടായിരുന്നതിനാല്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണം കോണ്‍ഗ്രസ്സ് പരണത്തു വച്ചു എന്നു മുഴുവനായി പറയാനാവില്ലെങ്കിലും ഫലത്തില്‍ അതുതന്നെയാണ് സംഭവിച്ചത്.ഒരിക്കല്‍ വൃത്തിയാക്കുന്നതിനിടയില്‍ പറണത്തുണ്ടായിരുന്ന പലതും താഴെ വീണകൂട്ടത്തില്‍ സോഷ്യലിസവും പെടുകയും അങ്ങനെ കോണ്‍ഗ്രസ്സുകാര്‍ സോഷ്യലിസത്തെ വീണ്ടും കണ്ടെത്തുകയാണുണ്ടായത്.
                              അക്കാലമായിരുന്നു അടിയന്തിരാവസ്ഥക്കാലം.അന്ന് സോഷ്യലിസം നടപ്പിലാക്കാന്‍ അന്നത്തെ പ്രധാനമന്ത്രി തന്റെ ഇഷ്ടക്കാരായ ചിലരെ ഏല്‍പ്പിക്കുകയും അവര്‍ സമൃദ്ധമായി ഭാരതത്തില്‍ സോഷ്യലിസം നടപ്പിലാക്കാനാരംഭിക്കുകയും ചെയ്തു.പക്ഷെ എന്തു പറ്റി എന്നുവച്ചാല്‍ പിന്നീടു നടന്ന പൊതു തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രിയും പരിവാരങ്ങളും തോറ്റു തൊപ്പിയിട്ടു എന്ന് പറയാന്‍ വയ്യെങ്കിലും ജനം അവരെ അത് ചെയ്യിച്ചു എന്ന് പറയുന്നതായിരിക്കും ശരി.
                                        ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നമുക്ക് വികാരലേശമില്ലാതെ കാര്യങ്ങളെ വിശകലനം ചെയ്തു തീരുമാനങ്ങളെടുക്കാന്‍ നമുക്ക് കഴിയും.അങ്ങനെ ചിന്തിക്കുമ്പോള്‍ സോഷ്യലിസം എന്ന വാക്ക് തന്നെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും അവരുടെ നേതാക്കളേയും പേടിപ്പിച്ചു എന്നതാണ് സത്യം.അന്ന് പൊതിഞ്ഞു വച്ച സോഷ്യലിസത്തെ ചിതലരിച്ചോ എന്ന് നോക്കുവാന്‍ പോലും കോണ്‍ഗ്രസ്സുകാര്‍ തയ്യാറായില്ല എന്നതാണ് സത്യം.
                                  കാലം പിന്നെയും മുന്നോട്ട് ഉരുണ്ടുകൊണ്ടേയിരുന്നു. ആ പ്രവാഹത്തില്‍ പെട്ട് പലവട്ടം കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരികയും പുറത്താവുകയും ചെയ്തുകൊണ്ടിരുന്നു.അവസാന്‍ യു. പി. എ എന്നൊരു സാധനം ഇടതുപക്ഷത്തിന്റെ പുറമേ നിന്നുള്ള പിന്തുണയോടെ അധികാരത്തിലെത്തി. നമുക്കെല്ലാം അറിയാവുന്നതുപോലെ, അറിയപ്പെടുന്ന ഒരു സാമ്പത്തീക വിദഗ്ധനും പ്രായോഗീക പടുവുമായിരുന്ന ഒരു മഹാനുഭാവന്‍ നമ്മുടെ പ്രധാനമന്ത്രിയായി.അധികാരമേറ്റയന്നു മുതല്‍ തന്നെ നമ്മുടെ രാജ്യത്ത് സോഷ്യലിസം സ്ഥാപിക്കാനായി അദ്ദേഹം അഹോരാത്രം പാടുപെട്ടുകൊണ്ടിരുന്നു.എന്നാല്‍ ക്രൂരരില്‍ ക്രൂരരായ ഈ ഇടതുപക്ഷം ഇവിടെ ഒന്നും നടത്തുവാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല എന്നതാണു സത്യം.അതദ്ദേഹം പിന്നീട് തന്റെ ഒരു പ്രസ്ഥാവനയില്‍ തുറന്നു പറയുന്നുമുണ്ട്.
                                      അങ്ങനെ ഇടതുപക്ഷമെന്ന ഭൂതബാധയില്ലാതെ രണ്ടാം യു.പി.എ മന്ത്രിസഭ ഉണ്ടാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.ഇതോടൊപ്പം തന്നെ ഭാരതത്തിനും അതിലെ മുഴുവന്‍ ജനങ്ങള്‍ക്കും അനുഗുണമായ രീതിയില്‍ സോഷ്യലിസത്തിനെ വകമാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു.ഒരു തുള്ളി രക്തം പോലും ചിന്തതെ, ഒരാളെപ്പോലും വേദനിപ്പിക്കാതെ എങ്ങനെ ഈ നാട്ടില്‍ സോഷ്യലിസം നടപ്പിലാക്കാം എന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നുകൊണ്ടിരിക്കുകയാണ്. ഈ ലേഖനത്തിന്റെ ഉദ്ദേശം തന്നെ ആ മാതൃക ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുക എന്നതാണ്.
                                       ഇത് മനസ്സിലാക്കുന്നതിനായി നമ്മള്‍ മറ്റൊരു തിയറി കൂടി അറിഞ്ഞിരിക്കണം.ആ തിയറിയുടെ പേരാണ് “ട്രിക്കിള്‍ ഡൌണ്‍“ തിയറി എന്ന്. സംഭവം വലിയ പേരൊക്കെ ആണെങ്കിലും മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഞാനത് മനസ്സിലാക്കി ത്തരാം.മണലുകൊണ്ടുള്ള ഒരു കുന്നുണ്ട് എന്ന് വിചാരിക്കുക. ഒരാള്‍ ഒരു ചെറിയ പൈപ്പിലൂടെ ആ മണല്‍ കുന്നിന്റെ മുകളില്‍ വെള്ളം ഒഴിച്ചുകൊണ്ടേയിരിക്കുന്നു എന്നും വിചാരിക്കുക.ഇന്ത്യയേപ്പോലെ കോടിക്കണക്കിനാളുകള്‍ ജീവിക്കുന്ന - സോറി എത്ര വലിയ കുന്നായാലും ഒരു നാള്‍, ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളം കുന്നിനടിയില്‍ മുഴുവന്‍ പരന്ന് മണലുമുഴുവന്‍ നനയ്ക്കും.എന്താ ശരിയല്ലെ? അപ്പോ ഇതാണ് കിനിഞ്ഞിറങ്ങല്‍ തിയറം എന്ന ട്രിക്കിള്‍ഡൌണ്‍ തിയറി.ഇനി വേണ്ടത് - സോഷ്യലിസം നടപ്പിലാക്കാന്‍ - കോണ്‍ഗ്രസ്സിലെ നേതാക്കളെ മൂന്നുതട്ടുകളായി തിരിക്കുക എന്നതാണ്. 1. കേന്ദ്ര തല നേതാക്കള്‍, 2. സംസ്ഥാനതല നേതാക്കള്‍,3.ഛോട്ടാ നേതാക്കള്‍.
                                       ഇനി സോഷ്യലിസം നടപ്പാക്കുന്നതെങ്ങനെയെന്ന് നോക്കുക. കേന്ദ്രനേതാക്കള്‍ ആയിരിക്കും സംഘടനയിലെ ഏറ്റവും ഉന്നതരായവര്‍.അവര്‍ക്കായി, ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ, അല്ലെങ്കില്‍ ഒരു ലക്ഷത്തി അറുപത്തഞ്ചു ലക്ഷം കോടി രൂപ, അല്ലെങ്കില്‍ മിനിമം ആയിരം കോടി രൂപയെങ്കിലും കമ്മീഷന്‍ കിട്ടുന്ന നടപടികള്‍ ആരംഭിക്കുക, അതിന്റെ കമ്മീഷന്‍ പറ്റുക.ഇനി രണ്ടാം ഘട്ടമായി അയ്യായിരം കോടി രൂപ മുതല്‍ ചിലവുള്ള പദ്ധതികള്‍ ആരംഭിക്കുക,അതിന്റെ കമ്മീഷനടിക്കുക.നോ അന്വേഷണം അല്ലെങ്കില്‍ അങ്ങിനെയൊന്ന്.ഇനി മൂന്നാം ഘട്ടം ഛൊട്ടാ നേതാക്കള്‍, അവര്‍ക്കായി ലോക്കല്‍ പരിപാടികള്‍, (ലക്ഷക്കണക്കിനു രൂപ) അതിന്റെ പിരിവ് ഒക്കെയായി കമ്മീഷനടിക്കുക.മേല്‍തട്ടിലെ കമ്മീഷനില്‍ നിന്നും ഒരു വലിയ വിഹിതം സ്വിസ്സ് ബാങ്കുകളിലേക്ക് (നാളേം ജീവിക്കേണ്ടേ?)മാറ്റും.ബാക്കിയുള്ളത് കിനിയാന്‍ വിടും ഒരു ചെറിയ പങ്ക്.സംസ്ഥാനതലം - തുകയുടെ വലിപ്പമനുസരിച്ച് സ്വിസ്സ് ബങ്ക് അല്ലെങ്കില്‍ എത്ര കിനിയണമെന്ന് കേന്ദ്രം പറയും.ലോക്കല്‍ തലം കിനിയല്‍ മാത്രം.
                                അപ്പോള്‍ സഹോദരരേ, രക്തം ചിന്താതെ, മേലു നോവാതെ സോഷ്യലിസം വരുന്ന വഴി കണ്ടോ?

1 comment :

  1. ഇനി സോഷ്യലിസം നടപ്പാക്കുന്നതെങ്ങനെയെന്ന് നോക്കുക. കേന്ദ്രനേതാക്കള്‍ ആയിരിക്കും സംഘടനയിലെ ഏറ്റവും ഉന്നതരായവര്‍.അവര്‍ക്കായി, ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ, അല്ലെങ്കില്‍ ഒരു ലക്ഷത്തി അറുപത്തഞ്ചു ലക്ഷം കോടി രൂപ, അല്ലെങ്കില്‍ മിനിമം ആയിരം കോടി രൂപയെങ്കിലും കമ്മീഷന്‍ കിട്ടുന്ന നടപടികള്‍ ആരംഭിക്കുക, അതിന്റെ കമ്മീഷന്‍ പറ്റുക.ഇനി രണ്ടാം ഘട്ടമായി അയ്യായിരം കോടി രൂപ മുതല്‍ ചിലവുള്ള പദ്ധതികള്‍ ആരംഭിക്കുക,അതിന്റെ കമ്മീഷനടിക്കുക.നോ അന്വേഷണം അല്ലെങ്കില്‍ അങ്ങിനെയൊന്ന്.ഇനി മൂന്നാം ഘട്ടം ഛൊട്ടാ നേതാക്കള്‍, അവര്‍ക്കായി ലോക്കല്‍ പരിപാടികള്‍, (ലക്ഷക്കണക്കിനു രൂപ) അതിന്റെ പിരിവ് ഒക്കെയായി കമ്മീഷനടിക്കുക.

    ReplyDelete