സമരങ്ങളെ വിധിക്കുന്ന മാധ്യമക്കോടതികള്‍.

**Mohanan Sreedharan | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(നുവരി 28 മുതല്‍ കേരളത്തിലെ ഏതാണ്ട് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്കാരംഭിച്ചു.സ്വാഭാവികമായും സര്‍ക്കാര്‍ എതിര്‍ നുണപ്രചരണത്തോടെ ആ സമരം പൊളിക്കാനുള്ള ശ്രമത്തിലുമേര്‍പ്പെട്ടു.എന്നാല്‍ ഈ കേസില്‍ ഒരിക്കലും ഒരു കക്ഷിയാകാതിരുന്ന നമ്മുടെ വലതുപക്ഷ മാധ്യമങ്ങള്‍ അവരുടെ നിഷ്പക്ഷചായം അതിവേഗം മാച്ചുകളഞ്ഞ് സമരം പൊളിക്കാന്‍ സര്‍ക്കാരിനോടൊത്ത് തോളോട് തോളോട് തോള്‍ ചേര്‍ന്ന് പരിശ്രമിക്കുന്ന കാഴ്ച ജൂഗുപ്സാവഹമായിരുന്നു.ഒന്നാമതായി തങ്ങളേയോ കേരളത്തിലെ ജനങ്ങളേയോ വിപരിതമായി ബാധിക്കാത്ത ഒരു പ്രശ്നം, ഇന്നീ സമരം പരാജയപ്പെട്ടാലത് ഇന്നാട്ടിലെ മുഴുവന്‍ തൊഴിലാളികളുടേയും പരാജയമായിരിക്കും എന്നതുകൊണ്ടു മാത്രം അത് മാധ്യമതൊഴിലാളികളേയും വിപരീതമായി ബാധിക്കും.എന്നിട്ടും ആ സമരം പൊളിക്കാന്‍ ഇവരൊക്കെ എഴുതികൂട്ടുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ ലജ്ജയാണു തോന്നിയത്.ആ വികാരം മനസ്സിലങ്ങനെ ഉണങ്ങാതെ നിന്നപ്പോഴാണ് ഇന്നത്തെ ( 30/01/2013) ദേശാഭിമാനി ദിനപ്പത്രത്തില്‍ അഡ്വ.അനില്‍കുമാര്‍ എഴുതിയ ലേഖനം വായിക്കുന്നത്.ആ ലേഖനം നിങ്ങള്‍ക്കായി പങ്കുവൈക്കുന്നു.)

സമരങ്ങളെ വിധിക്കുന്ന മാധ്യമക്കോടതികള്‍.

കേരളത്തില്‍ ഇടതുപക്ഷ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളാകെ പരാജയപ്പേടുന്നുവെന്ന് സംഘടിതപ്രചാരണങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ ഏകപക്ഷീയമായി നടത്തുന്നത്.സമരങ്ങാളെ എതിര്‍ക്കുന്നവരുടെ രാഷ്ട്രീയാഭിമുഖ്യം വലതുപക്ഷത്തിനനുകൂലമായി നിലനിര്‍താനും സമരങ്ങളില്‍ പങ്കെടുക്കുന്നവരുടെ മനസ്സുകളില്‍ നിരാശ പടര്‍ത്താനും ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ ഈ പ്രചാരണം മാധ്യമങ്ങളെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കും ആഗോളവല്‍ക്കരണ ശക്തികള്‍ക്കും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടിയാണ്.
                               സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും കര്‍ഷകസംഘടനകള്‍ നടത്തിയ ഭൂസമരവും പരാജയപ്പെട്ടുവെന്ന് പലതവണ വലതുപക്ഷ മാധ്യമങ്ങള്‍ ആവര്‍ത്തീച്ചുറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി.കുടുംബശ്രീ സമരത്തെ ആദ്യഘട്ടത്തില്‍ അപഹസിച്ച മാധ്യമങ്ങള്‍ക്ക് അതിന്റെ വിജയം പിന്നീട് അംഗീകരിക്കേണ്ടി വന്നു.മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ രണ്ടു മന്ത്രിമാര്‍ ഒപ്പിട്ട കരാറായിട്ടുപോലും അത് പിച്ചിചീന്താനാണ് മുഖ്യമന്ത്രിയുടെ അനുയായിയായ മന്ത്രി കെ.സി.ജോസെഫ് പിന്നീട് ശ്രമിച്ചത്.അക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുമായി തുറന്ന ഏറ്റുമുട്ടലിനും കെ.സി ജോസെപ്പ് തയ്യാറായി.പൂര്‍ണ്ണവിജയം നേടിയ സമരത്തെപ്പോലും പിന്നീട് അട്ടിമറിക്കുന്ന ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍, ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ നേരും നെറിയും പാലിച്ചു പോരുന്നില്ല.അത്തരമൊരു ഭരണത്തെ പിന്തുണയ്ക്കാനാണ് സമരങ്ങളെ  തകര്‍ക്കാനും ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്തിയ ശേഷം അത് നിഷ്ഫലമായെന്ന് കള്ളപ്രചാരവേല നടത്താനും ഇത്തരം മാധ്യമങ്ങള്‍ മുതിരുന്നത്.സമരങ്ങളുടെ വിജയപരാജയങ്ങള്‍ ഗണിച്ച് വിധി പറയാന്‍ അധികാരം കിട്ടിയതുപോലെ മാധ്യമക്കോടതികള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
                                   സമരങ്ങാളുടെ ഫലശ്രുതി അതുണ്ടാക്കുന്ന അടിയന്തിരനേട്ടങ്ങളെ മാത്രം ആസ്പദമാക്കിയല്ല വിലയിരുത്തേണ്ടത്.വിപ്ലവങളും സമരങ്ങളും ചരിത്രത്തിന്റെ ചാലകശക്തികളാണ്.ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ച അദ്ധ്വാനഭാരം ലഘൂകരിക്കും.എന്നാല്‍ ചൂഷകശക്തികല്‍ അതിന്റെ കുത്തക കൈക്കലാക്കി അമിതമായ അദ്ധ്വാനഭാരം ഓരോ മനുഷ്യന്റെ മേലും കെട്ടിവൈക്കുന്നു.ഇതില്‍ നിന്ന് മോചനം നേടിത്തരുന്നത് പ്രക്ഷൊഭസമരങ്ങളും വിപ്ലവങ്ങളുമാണ്.ലോകചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലക്ഷണമൊത്ത ബൂര്‍ഷ്വാ വിപ്ലവമായാണ് ഫ്രഞ്ച് വിപ്ലവത്തെ വിലയിരുതുന്നത്.വിപ്ലവങ്ങളുടെ അമ്മ എന്ന് മാര്‍ക്സ് പ്രശംസിച്ച ഫ്രഞ്ച് വ്വീപ്പ്ലവം പിന്നീട് അട്ടിമറിക്കപ്പെട്ടു.നെപ്പോളിയന്‍ അധികാരം പിടിച്ചു.അതുകൊണ്ട് ഫ്രഞ്ച് വിപ്ലവത്തിന്റെ ലക്ഷ്യങ്ങളും സന്ദേശങ്ങളും കെട്ടുപോയെന്ന് സ്ഥിതപ്രജ്ഞരായ ആരും പറയാറില്ല.കേരളത്തിലെ വിപ്ലവസമരങ്ങളില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന പുന്നപ്ര - വയലാര്‍ സമരം ഏതെങ്കിലും ചര്‍ച്ചയിലൂടെ ഒത്തുതീര്‍ന്ന സമരമാണോ?ആയിരക്കണക്കിനു മനുഷ്യരെ പട്ടാളം കൂട്ടക്കൊല ചെയ്തതോടെ സമരത്തിന്റെ തീയണഞ്ഞുവെന്ന് കരുതി ആഹ്ലാദിച്ച സര്‍ സി പിയ്ക്ക് കുറഞ്ഞ നാള്‍ക്കകം തിരുവിതാംകൂര്‍ വിട്ടുപോകേണ്ടി വന്നു.ഒരു ദശകത്തിനപ്പുറം സമരപോരാളികളുടെ പ്രസ്ഥാനം അധികാരതിലെത്തുകയും ചെയ്തു.അടിയന്തിരവും പ്രത്യക്ഷവും ആയ ഫലങ്ങള്‍ക്കപ്പുറം ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്ന വിപ്ലവഫലങ്ങളാണ് ഓരോ ബഹുജനസമരവും നല്‍കുന്നത്.ഇത് തിരിച്ചറിയാത്ത അല്പബുദ്ധികളാണ് സമരത്തിന്റെ വിജയ പരാജയങ്ങളുടെ വിധികര്‍ത്താക്കളായി സ്വയം അരങ്ങിലെത്തുന്നത്.
                      വലതുമാധ്യമങ്ങള്‍ കലവറയില്ലാതെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കേന്ദ്ര -കേരള സര്‍ക്കാറുകളുടെ നയങ്ങളെ ന്യായീകരിക്കാനാവാത്ത വിധം അതിന്റെ ജനവിരുദ്ധത മാരകവും പ്രത്യക്ഷവുമാണ്.ജനങ്ങളാകട്ടെ ഈ സര്‍ക്കാരുകള്‍ക്കെതിരെ തികഞ്ഞ രോഷത്തിലുമാണ്.അത് പ്രക്ഷോഭസമരങ്ങളായി ഉയര്‍ന്ന് സര്‍ക്കാരുകള്‍ തന്നെ നിലം പൊത്തുന്ന നിലയാണുണ്ടാകുന്നത്.അത്തരം സമരങ്ങളെ വന്ധ്യം കരിക്കാനാണ് സമരങ്ങലുടെ നിഷ്പക്ഷതയെപറ്റി ഇവിടെ ചിലര്‍ നിരന്തരം പ്രഘോഷിക്കുന്നത്.
                       ഒരു സമരം നിരര്‍ഥകമല്ല, ഒരു സമരവും പാളിപ്പോകുന്നുമില്ല.സമൂഹത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ചുഷിതജനവിഭാഗങ്ങള്‍ക്ക് സമരപൊരാട്ടങ്ങളല്ലാതെ മറ്റൊരു സമര ആയുധവുമില്ല.ഓരോ പണിമുടക്ക് സമരവും തൊഴിലാളിവര്‍ഗതിന് വിലപ്പെട്ട പാഠങ്ങള്‍ സമ്മാനിക്കുന്ന സര്‍വകലാശാലകളാണെന്നാണ് ലെനിന്‍ വിവക്ഷിച്ചിട്ടുള്ളത്.പ്രക്ഷോഭസമരങ്ങളില്‍ കൂടി ലഭിക്കുന്ന നേട്ടങ്ങള്‍ ഒന്നും തന്നെ ശാശ്വതമല്ലെന്ന ബോധത്തോടെയാണ് കമ്യൂണിസ്റ്റുകാര്‍ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നത്.സംഘടനകള്‍ ഉണ്ടായി ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രക്ഷോഭങ്ങള്‍ താല്‍ക്കലീകമായി വിജയിച്ചാലും ഫലം പരാജയമായിരുന്നാലും അതിന്റെ ഭാഗമായി രൂപപ്പെടുന്ന രാഷ്ട്രീയ ബോധം സംഘടനകളുടെ ഭാവി രാഷ്ട്രീയം തീരുമാനിക്കുന്നു.അത് കെട്ടിപ്പടുക്കാനുള്ള ഉപാധിയായാണ് പ്രക്ഷോഭസമരങ്ങളെ കാണേണ്ടത്.
                       തൊഴിലാളികള്‍ സംഘടനകളിലൂടെ നേടുന്ന ഓരോ നേട്ടവും മുതലാളിവര്‍ഗം  തട്ടിപ്പറിക്കും.കേരളത്തിലെ പെന്‍ഷന്‍ പദ്ധതി യു ദി എഫ് സര്‍ക്കാര്‍ അട്ടിമറിച്ചത് അതിന്റെ തെളിവാണ്.രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് സോവിയറ്റ് യൂണിയന്‍ പൊളിച്ചടുക്കിയപ്പോള്‍ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെതന്നെ നിരാകരിക്കുന്ന സ്ഥിതിയാണ് രൂ‍പപ്പെട്ടത്.സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ പ്രാഥമീകരൂപം മാത്രമായിരുന്ന സോവിയറ്റ് സര്‍ക്കാറിന്റെ തകര്‍ച്ചയുടെ ആഘാതം പെന്‍ഷന്‍ ഇല്ലാതാക്കലായി ഇപ്പോള്‍ കേരളത്തിലുമെത്തിയിരിക്കുന്നു.ഇവീടെ പോരാടാതെ കീഴടങ്ങണമെന്നാണോ വലതു മാധ്യമങ്ങള്‍ പറയുന്നത്?ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളും പെന്‍ഷന്‍ അട്ടിമറിച്ചിട്ടും ഇടതുപക്ഷ ഭരണമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ചെറുത്തുനിന്നത് അത്തരമൊരു പോരാട്ടം കൊണ്ടാണ്.കേരളത്തിലും ബംഗാളിലും ഇടതുപക്ഷഭരണം ഇല്ലാതായപ്പോള്‍ വലതുപക്ഷം നടത്തുന്ന കടന്നാക്രമണമായാണ് പെന്‍ഷന്‍ അട്ടിമറി നീക്കത്തെ കാണേണ്ടത്.അതിനെ ചെറുത്ത് പണിമുടക്ക് സമരം നടന്നത് രാഷ്ട്രീയ സമരത്തിന്റെ തുടര്‍ച്ചയും വികാസവുമാണ്.പണിമുടക്ക് താല്‍ക്കാലീകമായി അവസാനിച്ചാലും സമരം തീര്‍ന്നുവെന്ന് വിചാരിക്കരുത്.തൊഴിലാളികളുടെ പക്കലുള്ള ഏതൊരു അവകാശങ്ങളേയും തട്ടിപ്പറിക്കാന്‍ കോര്‍പറേറ്റുകളും മുതലാളിവര്‍ഗം ഒന്നാകെയും ശ്രമിക്കുമ്പോള്‍ പോരാട്ടത്തില്‍ പങ്കെടുക്കാതെ അദ്ധ്വാനിക്കുന്ന ഒരാള്‍ക്കു പോലും ഒഴിഞ്ഞു മാറാനാകില്ല. ഐ എന്‍ ടി യു സിയും ബി എം എസ്സും അടക്കം ഫെബ്രുവരി 20,21 തീയതികളില്‍ നടത്താന്‍ പോകുന്ന ദേശീയ പണിമുടക്കും അതാണ് തെളിയിക്കുന്നത്.
                     കഴിഞ്ഞ ഫെബ്രുവരിയില്‍ ഉള്‍പ്പെടെ നടന്ന ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് ഒരു ചര്‍ച്ച പോലും നടത്താന്‍ കേന്ദ്രഗവണ്മെന്റ് തയ്യാറായില്ല.അതേതുടര്‍ന്ന് ദേശീയ പണിമുടക്കു സമരം പാളിപോകുകയല്ല ചെയ്തത്.ബി എം എസ്സുകൂടി കൂടിച്ചേര്‍ന്ന് വിപുലമായ തൊഴിലാളി ഐക്യം സ്ഥാപിച്ച്  ദ്വിദിന പണിമുടക്കിലേക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കാലെടുത്തു വച്ചിരിക്കുന്നു.സമരങ്ങളെ പറ്റി വിധി പറയുന്നവര്‍ ഇത്തരം രാഷ്ട്രീയ ചലനങ്ങളെ അവഗണിക്കുകയാണ്.
                     കേരളത്തില്‍ ഭൂപരിഷ്കരണത്തിനായി കമ്യൂണിസ്റ്റുകാര്‍ നടത്തിയ പോരാട്ടം ആധുനീക കേരള ചരിത്രത്തിന്റെ ഭാഗമാണ്.അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് മനുഷ്യര്‍ ഭൂ ഉടമകളായി.ഇനിയും ഇതിന്റെ നേട്ടങ്ങള്‍ ലഭിക്കാത്തവര്‍ക്കു കൂടി ഭൂമി ലഭ്യമാക്കുകയെന്ന പ്രശ്നമാണ് ഇപ്പോള്‍ നടക്കുന്ന ഭൂസമരത്തിന്റെ അടിയന്തിര കടമ.അതോടൊപ്പം സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നതും കാര്‍ഷികഭൂമി മറ്റാവശ്യങ്ങള്‍ക്കായി മാറ്റുന്നതും ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു.ഭൂപരിഷ്കരണ നിയമം തന്നെ അട്ടിമറിക്കാനുള്ള നീക്കം ശക്തമായി.പാരിസ്ഥിതികപ്രശ്നങ്ങളും ഉയര്‍ന്നു വന്നു.ഇത്തരം വിഷയങ്ങളില്‍ ബഹുജനാവബോധം ഉയര്‍ത്താന്‍ ഭൂസമരത്തിനായി എന്ന് ആര്‍ക്കാണറിയാത്തത്?ഭൂരഹിതര്‍ക്ക് ഭൂവിതരണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍‌കൈ എടുക്കാന്‍ ഈ സമരം സഹായകമായി.ഉറപ്പുകള്‍ക്കനുസരിച്ച് ഭരനയന്ത്രം ചലിക്കണമെന്നില്ല.സമരരംഗങ്ങളില്‍ നിന്ന് പിന്തിരിയാനല്ല കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാനാണ് കാലം ആവശ്യപ്പെടുന്നത്.

6 comments :

 1. ജനപിന്തുണയില്ലാത്തതും യുക്തമല്ലാത്തതുമായ സമരങ്ങള്‍ വിജയിക്കാന്‍ ഈ കാലത്ത് സാദ്ധ്യമല്ലയെന്ന് എല്ലാ പാര്‍ട്ടികളും മനസ്സിലാക്കണം

  ReplyDelete
  Replies
  1. ഞാന്‍ യോജിക്കുന്നില്ല അജിത്തേ, പൊതുവായ ഒരു അഭിപ്രായമാണെങ്കില്‍ വേദിയിതല്ലെങ്കില്‍ കൂടിയും ഓ.കെ,അല്ലെങ്കില്‍ ............. “ജനപിന്തുണയില്ലാത്തതും യുക്തമല്ലാത്തതുമായ സമരങ്ങള്‍” ഇത് ആരുടെ വ്യാഖ്യാനമാണ്?വലതുപക്ഷമാധ്യമങ്ങളുടേതേണല്ലോ അല്ലെ?എന്നാല്‍ ആ സമരങ്ങളില്‍ യുക്തി ഇല്ലാത്തത് എവിടേ?ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്നും ഗവണ്മെന്റ് കൈകഴുകുന്നു എന്നാണ് പെന്‍ഷന്‍ ബാധ്യതയില്‍ നിന്നും പിന്‍‌വാങ്ങുന്നതിന്റെ അര്‍ത്ഥം.പെന്‍ഷന്‍ ഫണ്ട് ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുക എന്നാല്‍ കുത്തകളെ സഹായിക്കുക എന്നര്‍ത്ഥം.ഇവിടെ ആരുടെ യുക്തിയാണ് ശരിയല്ലാത്തത്.ജനപിന്തുണ എന്നു പറഞ്ഞാല്‍ സോഷ്യല്‍ സൈറ്റുകളില്‍കൂടീ നുണപ്രചരണം നടത്തുക എന്നല്ല അര്‍ത്ഥം എന്നു കൂടി അറിയണം.

   Delete
  2. മറുപടി ഞാന്‍ വായിച്ചു. എനിയ്ക്ക് ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് അത്ര ആഴത്തില്‍ അറിയില്ല
   അതുകൊണ്ട് ഇനിയൊന്നും പറയാനില്ല

   Delete
  3. എന്തായാലും കമന്റ് ചെയ്തല്ലൊ സുഹൃത്തേ, നന്ദീ, ഇനിയും തുടരുക
   സ്നേഹാദരങ്ങളോടെ
   എം എസ്

   Delete
 2. ഒരു സമരം നിരര്‍ഥകമല്ല, ഒരു സമരവും പാളിപ്പോകുന്നുമില്ല.സമൂഹത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ചുഷിതജനവിഭാഗങ്ങള്‍ക്ക് സമരപൊരാട്ടങ്ങളല്ലാതെ മറ്റൊരു സമര ആയുധവുമില്ല.ഓരോ പണിമുടക്ക് സമരവും തൊഴിലാളിവര്‍ഗതിന് വിലപ്പെട്ട പാഠങ്ങള്‍ സമ്മാനിക്കുന്ന സര്‍വകലാശാലകളാണെന്നാണ് ലെനിന്‍ വിവക്ഷിച്ചിട്ടുള്ളത്.പ്രക്ഷോഭസമരങ്ങളില്‍ കൂടി ലഭിക്കുന്ന നേട്ടങ്ങള്‍ ഒന്നും തന്നെ ശാശ്വതമല്ലെന്ന ബോധത്തോടെയാണ് കമ്യൂണിസ്റ്റുകാര്‍ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നത്.സംഘടനകള്‍ ഉണ്ടായി ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രക്ഷോഭങ്ങള്‍ താല്‍ക്കലീകമായി വിജയിച്ചാലും ഫലം പരാജയമായിരുന്നാലും അതിന്റെ ഭാഗമായി രൂപപ്പെടുന്ന രാഷ്ട്രീയ ബോധം സംഘടനകളുടെ ഭാവി രാഷ്ട്രീയം തീരുമാനിക്കുന്നു.അത് കെട്ടിപ്പടുക്കാനുള്ള ഉപാധിയായാണ് പ്രക്ഷോഭസമരങ്ങളെ കാണേണ്ടത്.

  ReplyDelete
 3. I truly agree with the writers point of view. I could see all the so called media were competing to destruct the strike which were meant for the newcomers in their stream.

  Unfortunately, what I could see also, the new comers too stood away from the strike which were solely mean for them!

  However, in these days the media is doing the nonsense by diverting the attendtion of people by feeding vested news.

  Vinu
  Dubai

  ReplyDelete