സബ്സിഡികള്‍ എടുത്തുകളയുമ്പോള്‍

**Mohanan Sreedharan | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                            ങ്ങനെ അതും സംഭവിച്ചു.ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞൂ.മന്‍‌മോഹന്‍ കഴിഞ്ഞ കുറേ നാളുകളായി ഊണിലും ഉറക്കത്തിലും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ഡീസല്‍ സബ്സിഡി എടൂത്തുകളയുക എന്നത്.കഴിഞ്ഞദിവസം ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനം വന്നു.ഇനി ക്രൂഡോയിലിന്റെ കമ്പോളത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് ഡീസലിന്റെ വിലയിലും കയറ്റിറക്കങ്ങളുണ്ടാകും.ആദ്യഘട്ടം എന്ന നിലയില്‍ ഓരോ മാസവും ഡീസല്‍ വിലയില്‍ 50 പൈസ വീതം വര്‍ദ്ധിപ്പിക്കാനാണു തീരുമാനം.എന്നുവരെ എന്നുമാത്രം പ്രഖ്യാപിച്ചിട്ടില്ല, മിക്കവാറും നമ്മുടെ പുക കാണുന്നതുവരെയായിരിക്കണം.ഇത് സാധാരണക്കാരന്റെ കാര്യം.നമ്മുടെ വന്‍‌കിട കമ്പനികളുടെ കാര്യം എടുത്താല്‍ ലിറ്ററിന് 11.50 പൈസയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
                                          ഇതിലെ വന്‍‌കമ്പനികള്‍ എന്നുപറയുന്ന ലിസ്റ്റിലാണ് നമ്മുടെ കെ എസ് ആര്‍ റ്റി സിയും ഉള്ളതത്രെ.ഏതാണ്ട് ദിനേന ഏഴായിരത്തിലധികം ഷെഡ്യൂളുകളില്‍ സര്‍വീസ് നടത്തുന്ന അയ്യായിരത്തോളം ബസുകളുള്ളതുമായ കമ്പനിയാണല്ലോ കെ എസ് ആര്‍ ടി സി. ഈ കെ എസ് ആര്‍ ടി സി അത്ര വലിയ കമ്പനിയായിട്ട് നമുക്ക് കേരളക്കാര്‍ക്ക് തോന്നിയിട്ടില്ല എന്നതാണു സത്യം.പണ്ടേ ദുര്‍ബല ഇപ്പോ ഗര്‍ഭിണി എന്നു പറഞ്ഞതു പോലെ ചത്തേ ചതഞ്ഞേ എന്ന രീതിയില്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് കെ എസ് ആര്‍ ടി സി.അവരെ സംബന്ധിച്ചിടത്തോളം ഈ വില വര്‍ദ്ധനവ് അവാരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു എന്നതാണ് സത്യം.ഈ വര്‍ദ്ധന മാസം 70 കോടി രൂപയുടെ അധികചിലവ് കെ എസ് ആര്‍ ടി സിക്കുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു, കെ എസ് ആര്‍ ടി സി 1700 -)ളം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു എന്ന്.മുഖ്യ പ്രതിപക്ഷ കക്ഷിയുടെ പത്രമായ ദേശാഭിമാനി പോലും 700 ലധികം സര്‍വീസുകള്‍ റദ്ദാക്കിയതായേ പറയുന്നുള്ളൂ എന്നോര്‍ക്കണം.
                             മാതൃഭൂമി തുടരുന്നു, ലാഭമില്ലാത്ത റൂട്ടുകളാണ് കെ എസ് ആര്‍ ടി സി റദ്ദാക്കിയതില്‍ അധികവും എന്ന്.ലാഭമില്ലാത്ത റൂട്ടുകള്‍ എന്നാല്‍ എം എല്‍ എ മാര്‍, എം പിമാര്‍ മന്ത്രിമാര്‍ എന്നിവരുടെ ശുപാര്‍ശപ്രകാരം തുടങ്ങിയ സര്‍വീസുകള്‍ മാത്രമല്ല, ഗ്രാമീണമേഖലയിലെ സര്‍വീസുകള്‍ കൂടി ഉള്‍പ്പെടും എന്നാണര്‍ത്ഥം.തകര്‍ന്നടിഞ്ഞ റോഡുകളില്‍ കൂടി പരിമിതമായ യാത്രക്കാരുമായി സര്‍വീസ് നടത്താന്‍ ഇന്ന് കെ എസ് ആര്‍ ടി സി തയ്യാറാകുന്നത് അതൊരു സേവനം കൂടിയായതിനാലാണ്.തന്നെയുമല്ല പുതുക്കിയ (1988 ല്‍) മോട്ടോര്‍ വാഹന നിയമപ്രകാരം ബസ്സ് വ്യവസായം ഒരു സേവനം മാത്രമല്ല കച്ചവടം കൂടിയാകുന്ന സ്ഥിതിക്ക് ആളില്ലാത്ത റൂട്ടുകളീല്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ ബസ്സുകള്‍ തയ്യാറല്ല എന്നതാണ് സത്യം.
                              അതായത് ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കുള്ള ഒരേയൊരു സഞ്ചാരമാര്‍ഗം ഇന്നും എന്നും കെ എസ് ആര്‍ ടി സി മാത്രമാണ്.ഡീസല്‍ വിലവര്‍ദ്ധനമൂലം റദ്ദാക്കിയിരിക്കുന്നത് അല്ലെങ്കില്‍ നാളെ റദ്ദാക്കാന്‍ പോകുന്നത് ഇവരുടെ ഏക യാത്രാവാഹനമായ കെ എസ് ആര്‍ ടി സി സര്‍വീസുകളാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഡീസലിന്റെ വില വര്‍ദ്ധന ഗ്രാമങ്ങളിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്രത്തെയാണ് ഹനിച്ചിരിക്കുന്നത് എന്ന് സ്പഷ്ടം.
                       മാര്‍ക്സിസ്റ്റുപാര്‍ട്ടി ഒരു ഹര്‍ത്താലിനെക്കുറിച്ച് ഒന്നുറക്കെ ആലോചിച്ചാല്‍ ചാനലായ ചാനലുകള്‍ തോറും കയറിയിറങ്ങി സാധാരണക്കാരന്റെ ഹനിക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ വിലപിക്കുന്ന ചില ഉപരിമദ്ധ്യവര്‍ഗ വിപ്ലവ വായാടികളുണ്ട്. ഇവരുടെയൊന്നും ഒരു കൂര്‍ക്കം വലി പോലും എങ്ങുംകേള്‍ക്കുന്നില്ലല്ലോ?. എന്തുപറ്റീ?അതോ ഇവരുടെ വെര്‍ബല്‍ ഡയേറിയ (പ്രയോഗം സുകുമാര്‍ അഴീക്കോട്) ഇളകി ഒലിക്കുന്നത് മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കു മാത്രമെതിരായിട്ടാണെന്നു വരുമോ?. എന്തായാലും ഒരു കാര്യം സ്പഷ്ടം, നാട്ടിലെ  പണിയെടുന്നുവന്റെ, പട്ടീണിക്കാരന്റെ കാര്യം പറയാന്‍ അവനല്ലാതെ മറ്റാരൂമില്ല തന്നെ!
                  
Post a Comment