ബ്ലാക്ക്മാന്‍

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                               കേരളമാകെ കൊച്ചുപിച്ചാസകലം കുറച്ചു നാളായി ബ്ലാക്‍മാന്‍ ഭീതിയിലാണ് കഴിഞ്ഞു പോരുന്നത്.ദളിത് ഫെഡറേഷന്‍ എന്ന അല്‍പ്പം തീവ്രവാദസ്വഭാവമുള്ള സംഘടന കുറച്ചുകാലം മുന്‍പ് നമ്മുടെ നാട്ടില്‍ ഉയര്‍ന്നു വന്നിരുന്നു.എന്നാല്‍ വന്ന അതേ വേഗതയില്‍ തന്നെ അത് വിസ്മൃതിയിലാവുകയും പിന്നെ ബ്ലാക്‍മാന്‍ ഭീതി പരത്തി നാടുവിലസാന്‍ തുടങ്ങുകയും ചെയ്തു എന്നതാണ് വാസ്തവം.( അതിന്റെ അര്‍ത്ഥം ദളിത് ഫെഡറേഷന്റെ സൃഷ്ടിയാണ് ബ്ലാക്‍മാന്‍ എന്നല്ല , കാക്ക വന്നു പനമ്പഴം വീഴുകയും ചെയ്തു എന്നു വായിച്ചാല്‍ മാത്രം മതി എന്ന് അപേക്ഷ.)
                         സത്യത്തില്‍ തെക്കുനിന്നാണ് ബ്ലാക്‍മാന്‍ കഥകള്‍ (?) കേള്‍ക്കാന്‍ തുടങ്ങിയത്.ഇരുളിന്റെ മറപറ്റി നടക്കുകയും നമ്മള്‍ പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ അമാനുഷമായ കഴിവോടെ മറയുകയും (ഓടി) ചെയ്യുന്ന ബ്ലാക്‍മാനെക്കുറിച്ച് പത്രത്തിന്റെ ഉള്‍പ്പേജുകളില്‍ ബോക്സ് വാര്‍ത്തകള്‍ ചെറിയ തോതില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പതിയെ വാര്‍ത്തകള്‍ തെക്കുനിന്ന് ആലപ്പുഴ വഴി എറണാകുളം ജില്ലയിലുമെത്തി.ഇപ്പോള്‍ ബ്ലാക്‍മാന്‍ എറണാകുളം ജില്ലയില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനിയൊരു പ്രത്യേകത കാണാന്‍ കഴിയുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്ന് എറണാകുളം ജില്ല വരെയെത്തിയപ്പോഴേക്കും ബ്ലാക്‍മാന്റെ രൂപഭാവങ്ങളിലും ആയുധങ്ങളിലും വന്ന മാറ്റമാണ്.തെക്ക് പത്തനംതിട്ടയില്‍ കറുത്ത കുപ്പായം ധരിച്ച അല്പം പൊക്കക്കൂടുതല്ഉള്ള ഇരുട്ടിന്റെ മറപറ്റി വീടുകളുടെ ഭിത്തിയോട് ചേര്‍ന്ന് കാണപ്പെടുകയും ആരെങ്കിലും കണ്ടാല്‍ ഓടി മറയുകയും ചെയ്യുന്ന ഒരു ഭീരുവായിരുന്നെങ്കില്‍ അദ്ദേഹം പതിയെ ജില്ലകളില്‍ക്കൂടെ സഞ്ചരിച്ച് എറണാകുളത്തെത്തിയപ്പോഴേക്കും ഒരു പാട് പരിണാമങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞിരുന്നു.
                        എറണാകുളത്തെ  ബ്ലാക്‍മാന് ഭീതികലര്‍ന്ന ഒരു വീരപരിവേഷമാണുള്ളതെന്ന് ബ്ലാക്‍മാന്‍ കഥകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാം.ഇവിടെ എത്തിയപ്പോഴേക്കും ബ്ലാക്‍മാന് ഏഴ് അടി പൊക്കമായി, സ്പ്രിങ്ങ് ചെരുപ്പിട്ട് ചാടിച്ചാടി നടക്കുന്നവനായി, ഇരുട്ടില്‍ അലിഞ്ഞു ചേരുന്നവനായി.അയാളുടെ കയ്യില്‍ എയിഡ്സ് കാരന്റെ രക്തം നിറച്ച സിറിഞ്ചാണ് ആയുധമായിട്ടുള്ളതത്രെ.പിന്നില്‍ക്കൂടി ശബ്ദമുണ്ടാക്കാതെ അടുത്തെത്തി സിറിഞ്ചുപയോഗിച്ച് രക്തം ഇരയുടെ മേല്‍ കുത്തിവൈക്കുന്നവനാണത്രെ അയാള്‍.അയാളെ പിടിക്കാനാകാതെ വലഞ്ഞ് പോലീസുകാര്‍, പിടിക്കാന്‍ ചെല്ലുമ്പോള്‍ ഇരുളില്‍ അയാള്‍ അലിഞ്ഞു ചേര്‍ന്നുകളയും.ഇങ്ങനെ ഇങ്ങനെ നൂറായിരം കഥകളുമായി ബ്ലാക്ക്‍മാന്‍ ഭീതി നിറച്ച് മുന്നോട്ട്.ഇപ്പോള്‍ കിട്ടിയ കഥ അയാള്‍ വന്ന് പുറത്തെ ടാപ്പ് തുറന്നിടും.വെള്ളം പോകുന്നത് അടയ്ക്കാനായി ആള്‍ പുറത്തുവരുന്നതും കാത്ത് ബ്ലാക്ക്മാന്‍ ക്ഷമയോടെ കാത്തുനില്‍ക്കും,ആള്‍ പുറത്തിറങ്ങിയാല്‍ പിന്നലെ ചെന്ന് എയിഡ്സ് രക്തം സിറിഞ്ചുപയോഗിച്ച് കുത്തിക്കയറ്റി അവന്‍ ഇരുട്ടിലേക്ക് ഓടി മറയും.
                            എന്നാല്‍ ഇങ്ങനെ കുത്തുകിട്ടിയ ആരെങ്കിലുമുണ്ടോ എന്നന്വേഷിക്കുമ്പോഴാണ് ആരുമില്ല എന്ന് മനസ്സിലാവുന്നത്.ബ്ലാക്‍മാന്റെ ആക്രമണത്തിനു വിധേയരായവരോ ബ്ലാക്‍മാന്‍ പേടിപ്പിച്ചവരോ ആയി ആരേയും നമുക്ക് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് വാസ്തവം.അയാള്‍ പറഞ്ഞു, ഇയാള്‍ പറഞ്ഞു എന്നല്ലാതെ എന്നെ പേടിപ്പിച്ചു,അല്ലെങ്കില്‍ എന്നെ കുത്തി അല്ലെങ്കില്‍ കുത്താന്‍ ശ്രമിച്ചു എന്നാരും പറയുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.അപ്പോള്‍ പൊലീസും നാട്ടുകാരും ബ്ലാക്‍മാനെതിരെ അന്വേഷണം നടത്തുക എന്ന് പറഞ്ഞാല്‍ ഇരുട്ടുമുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ അന്വേഷിക്കുന്നു എന്നതിനു തുല്യമാണെന്ന് ഓര്‍ക്കണം.
                 എന്നാല്‍ പകല്‍ വെളിച്ചത്തില്‍ നല്ല തൂവെള്ള ബ്ലാക്‍മാന്മാര്‍ ഈ നാട്ടില്‍ ഇറങ്ങി നടക്കുന്നു എന്നത് പറയാനോ കരുതിയിരിക്കാനോ അവരുടെ എയിഡ്സ് രക്തം നിറച്ച സിറിഞ്ചിനേക്കാള്‍ മാരകമായ ആയുധവുമായി ഇറങ്ങി നടക്കുന്നത് കാണിച്ചു തരാനോ ഇവിടെ ആരുമില്ല എന്നതാണ് സത്യം.
                             ഉദാഹരണത്തിന് ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താലാണ്. എന്താണ് കാരണമെന്നറിയാമോ? ആലുവ മുനിസിപ്പാലിറ്റി അവരുടെ കൈവശമുള്ള ശിവരാത്രി മണപ്പുറത്തിന്റെ ഒരു ഭാഗം ഏതോ ഒരു മുസ്ലീം സംഘടനയ്ക്ക് അവരുടെ സമ്മേളനം നടത്താന്‍ വാടകയ്ക്ക് കൊടുത്തു.ദേവസ്വത്തിനോ അവിടെയുള്ള ക്ഷേത്രത്തിനോ യാതൊരു വിധത്തിലും ബാധിക്കാത്ത അത്ര ദൂരത്തിലാണത് ചെയ്തിരിക്കുന്നത്.എന്നാല്‍ ഇന്നാട്ടിലെ ചില ഹൈന്ദവസംഘടനകള്‍ക്കത് അത്ര ബോധിച്ചില്ല.അവരങ്ങു പ്രഖ്യാപിച്ചു നാളെ (അതായത് 02.02.13) ഹര്‍ത്താല്‍.ഈ വിഷയവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്താന്‍ ഇവര്‍ക്കെന്തവകാശമാണുള്ളത്.ഇവരെ ഒരിക്കലും ബാധിക്കാത്ത രീതിയില്‍ സ്വന്തം സ്ഥലത്താണ് നഗരസഭ അത് ചെയ്തതെന്നോര്‍ക്കുക.ഹൈന്ദവസംഘടനകള്‍ക്ക് ചുട്ട മറുപടി ഒന്നു രണ്ടു ഫേസ്ബുക്ക് കമന്റുകളായി കണ്ടത് ഇങ്ങനെയാണ്, 1.ഗുരുവായൂര്‍ എക്സ്പ്രസ്സില്‍ അഹിന്ദുക്കള്‍ കയറുന്നതിനെതിരെ ഒരു അഖിലഭാരത ബന്ദ്, 2.പെരുന്ന പുഴയില്‍ ചന്തി കഴുകാനുള്ള അവകാശം നായന്മാര്‍ക്ക് മാത്രം.ഇതിനോടൊപ്പം മറ്റൊരു ചോദ്യം കൂടി വളരെ ഗൌരവമായി ചോദിച്ചിരിക്കുന്നു, ഇന്ധന വില വര്‍ദ്ധനവിനെതിരെ സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോഴൊക്കെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു എന്ന് മുറവിളി കൂട്ടാറുള്ള ചാനല്‍ ചര്‍ച്ചാ വായാടികളെവിടെ?സത്യത്തില്‍, നീറുന്ന ജീവിതപ്രശ്നങ്ങളില്‍ പ്രതിഷേധിക്കുമ്പോള്‍ അതിനെതിരെ നിര്‍ലജ്ജം വാദിക്കുന്ന ഈ വായാടികളല്ലെ യഥാര്‍ഥ ബ്ലാക്ക്‍മാന്‍ മാര്‍?ഇവരെ ചൊല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന മാധ്യമങ്ങളല്ലെ യഥാര്‍ഥ എയിഡ്സ് രക്തം?
                                          മനുഷ്യന്റെ നിത്യജീവിത സന്ധാരണത്തിനുള്ള സകലതിനേയും ബ്ലാക്‍മാനിനേപ്പോലെ അര്‍ദ്ധരാത്രിക്ക് ഒളിഞ്ഞിരുന്ന് വിലകയറ്റുന്ന നമ്മുടെ ഭരണകര്‍ത്താക്കളേയും നമ്മള്‍ ഏതു കാറ്റഗറിയില്‍ പെടുത്തും ബ്ലാക്‍മാന്റേതല്ലാതെ?നോക്കൂ, ഈ വിലക്കയറ്റങ്ങളെ വി എസിന്റെ അല്ലെങ്കില്‍ മറ്റാരുടേയെങ്കിലും കുനുഷ്ട്കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളല്ലേ ശരിയായ മാവേലി?തട്ടിയും മുട്ടിയും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ആ കെ എസ് ആര്‍ ടി സിയെ ഒരൊറ്റ ഓര്‍ഡറിലൂടെ നിലമ്പരിശാക്കിയ ആ മഹാനുഭാവനെ എന്താണു വിളിക്കുക, ബ്ലാക്‍മാന്‍ എന്നല്ലാതെ? മാനം മര്യാദയ്ക്കു നടന്നുകൊണ്ടിരുന്ന എലക്ട്രിസിറ്റി ബോര്‍ഡിന്റെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിച്ച ആ മഹാനുഭാവനല്ലേ ബ്ലാക്‍മാന്‍?
                      അങ്ങനെയങ്ങനെ നോക്കുകയാണെങ്കില്‍ ഒരു പാട് ബ്ലാക്‍മാന്‍ മാര്‍ നമുക്ക് ചുറ്റും പതുങ്ങി നില്‍ക്കുന്നത് നമുക്ക് കാണാം.എന്നിട്ടും അത് കാണാത്ത ഭാവത്തില്‍ (കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ എന്ന് കവിവചനം) പൊയ്‌ലോകത്ത് അഭിരമിക്കുന്ന നമ്മേക്കാള്‍ വലിയ ബ്ലാക്‍മാന്‍ ആരുണ്ടീ ലോകത്ത്?


4 comments :

  1. അങ്ങനെയങ്ങനെ നോക്കുകയാണെങ്കില്‍ ഒരു പാട് ബ്ലാക്‍മാന്‍ മാര്‍ നമുക്ക് ചുറ്റും പതുങ്ങി നില്‍ക്കുന്നത് നമുക്ക് കാണാം.എന്നിട്ടും അത് കാണാത്ത ഭാവത്തില്‍ (കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ എന്ന് കവിവചനം) പൊയ്‌ലോകത്ത് അഭിരമിക്കുന്ന നമ്മേക്കാള്‍ വലിയ ബ്ലാക്‍മാന്‍ ആരുണ്ടീ ലോകത്ത്?

    ReplyDelete
  2. അതെ, തൂവെള്ള ബ്ലാക് മാന്‍മാര് വിലസുന്ന കാലം

    ReplyDelete
  3. പ്രസക്തമായ ഒരു ലേഖനം

    ReplyDelete
  4. തികച്ചും പ്രസക്തമായ ലേഖനം

    ReplyDelete