സമരക്കാര്‍ക്ക് അഭിവാദ്യങ്ങള്‍

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                              48 മണിക്കൂര്‍ നീണ്ടു നിന്ന ഭാരതതൊഴിലാളികളുടെ മഹാസമരം കുറച്ചു മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ അവസാനിക്കും.പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പത്ത് കോടി തൊഴിലാളികള്‍ രണ്ടു ദിവസം (48മണിക്കൂര്‍) നീണ്ടു നില്‍ക്കുന്ന സമരം ചരിത്രത്തിലാദ്യം.ഭാരതം ഭരിക്കുന്ന ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ ഐ എന്‍ റ്റി യു സി യും കണ്ടാല്‍ പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്ന ബി എം എസ്സും സി ഐ റ്റി യുമടക്കം പതിനൊന്ന് ട്രേഡ് യൂണിയനുകളിലെ പത്ത് കോടി തൊഴിലാളികളാണ് സമരം ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇതു പോലെ തൊഴിലാളികള്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു.എന്നിട്ടും അവരുന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും യാതൊരു പരിഹാരവും ഉണ്ടായില്ലെന്നു മാത്രമല്ല ആ വഴിക്ക് നമ്മുടെ ഭരണാധികാരികള്‍ ചിന്തീച്ചു പൊലുമില്ല.
                 എന്തായിരുന്നു പണിമുടക്കിനാധാരമായി തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍? വിലക്കയറ്റം നിയന്ത്രിക്കുക,തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക,തുല്യജോലിക്ക് തുല്യവേതനം നടപ്പിലാക്കുക, തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കുക, ഓഹരി വില്‍പ്പന തടയുക,ഗ്രാറ്റുവിറ്റി ആനുകൂല്യം വര്‍ദ്ധിപ്പിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍‌ഷന്‍ അനുവദിക്കുക തുടങ്ങിയ ജീവല്‍‌പ്രധാനമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ഇവര്‍ സമരം ചെയ്യുന്നത്. അന്തിമവിശകലനത്തില്‍ ഇവരുന്നയിക്കുന്ന ആവശ്യങ്ങള്‍ പലതും സമൂഹത്തിന്റെ ചലനത്തിനുകൂടിയാണെന്നു കാണാം.ഉദാഹരണത്തിന് വിലക്കയറ്റം തടയുക എന്ന ആവശ്യം മാത്രം നോക്കുക.വിലക്കയറ്റമനുസരിച്ച് വേതനം വര്‍ദ്ധിക്കാത്ത സ്ഥിതിക്ക് തൊഴിലാളികള്‍ - പട്ടിണിപ്പാവങ്ങള്‍ ചെയ്യുന്നത് സാധനങ്ങള്‍ കുറച്ചു വാങ്ങിക്കുകയോ വാങ്ങാതിരിക്കുകയോ ചെയ്യുക എന്നതാണ്.ഇത് കൊണ്ടുള്ള കുഴപ്പം അങ്ങ് ദൂരെ ഉല്‍പ്പാദനം നടത്തുന്ന കൃഷിക്കാരനിലേക്കുവരെ എത്തുന്നു.എന്നാല്‍ വിലക്കയറ്റം നിയന്ത്രിച്ചാലോ,അന്നേരം ജനങ്ങള്‍ ധാരാളമായി സാധനങ്ങള്‍ വാങ്ങുകയും അവയുടെ ഡിമാന്റ് ഉയരുകയും ചെയ്യും.അത് കൂടുതല്‍ കൂടുതല്‍ ഉല്‍പ്പാദനത്തിലേക്കും സര്‍വതോമുഖമായ പുരോഗതിയിലേക്കും നയിക്കും എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം.
                  കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്ന കാര്യം നമ്മുടെ ഭരണാധികാരികള്‍ക്കുമറിയാം.എന്നാലവര്‍ കോര്‍പറേറ്റുകളുടെ സഹായികളും വക്താക്കളുമായതിനാല്‍ കോര്‍പറേറ്റുകള്‍ കുത്തകകള്‍ ആവശ്യപ്പെടുന്നതുമാത്രമേ ഭരണാധികാരികള്‍ക്ക് പഥ്യമാവുകയുള്ളൂ.അപ്പോള്‍ പിന്നെ തൊഴിലാളികള്‍ക്ക് അവരുടെ കയ്യില്ഉള്ള വജ്രായുധം പൂറത്തെടുക്കുകയേ മാര്‍ഗമുള്ളൂ. ആ വജ്രായുധമാണ് പണിമുടക്ക്.ആ വജ്രായുധം ഉപയോഗിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവും.തൊഴിലാളികള്‍ പണിമുടക്കം പ്രഖ്യാപിക്കുക എന്നത് വളരെ നീണ്ട ഒരു പ്രക്രിയ ആണ്. ഇത്തവണത്തെ ദ്വിദിന പണിമുടക്കിന്റെ ചരിത്രം നോക്കിയാല്‍ നമുക്കത് മനസ്സിലാകും.ആദ്യം എന്തിനാണീ പണിമുടക്കമെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.അതൊരു വല്ലാത്ത നീണ്ടു നില്‍ക്കുന്ന പരിപാടിയാണ്.പണ്ടുകാലത്ത് പണിമുടക്കം വേണമോ വേണ്ടയോ എന്ന് ഒരു റെഫറണ്ടത്തിലൂടെ (എന്നുവച്ചാല്‍ വോട്ടെടുപ്പിലൂടെ) അന്വേഷിക്കുന്ന പതിവ് തൊഴില്‍ സംഘടനകള്‍ക്കുണ്ടായിരുന്നു.ഏതെങ്കിലും ഒരു വിഷയത്തില്‍ പണിമുടക്കം വേണമോ എന്ന് തൊഴിലാളികള്‍ വോട്ട് ചെയ്ത് തീരുമാനിക്കും.ഇന്ന് റഫറണ്ടമില്ലെങ്കിലും പണിമുടക്കിനാധാരമായ വിഷയങ്ങള്‍ തൊഴിലാളി സംഘടനകളുടെ പലതലങ്ങളില്‍ പലവട്ടം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്.എന്നിട്ട് അതിന്മേല്‍ പ്രചരണപരിപാടികള്‍ സംഘടിപ്പിക്കും.അങ്ങിനെ നടക്കുന്ന പ്രചരണ പരിപാടികളാണ് ധര്‍ണ്ണകള്‍, സൂചനാപണിമുടക്കങ്ങള്‍ തുടങ്ങിയവ.ഈ സമയത്തായിരിക്കും പണിമുടക്കത്തിന്റെ ന്യായാന്യായതയെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്നത്.പിന്നെ പണിമുടക്ക് നോട്ടീസ് നല്‍കുന്നു,ഇടക്ക് ചര്‍ച്ചകള്‍ നടത്തും,  പലതലങ്ങളില്‍ , പലവിഭാഗങ്ങളുമായി. ഇവിടെ എവിടെയെങ്കിലും വച്ച് സമരം അവസാനിക്കാനുള്ള സാധ്യതകളുമൂണ്ട്, ന്യായമായ ഒരൊത്തുതീര്‍പ്പിനു തൊഴിലാളികള്‍ എപ്പോഴും വഴങ്ങും.കാരണം വേദനയും കണ്ണീരും പട്ടിണിയും നിറയുന്ന കാലമാണ് പണിമുടക്കുകാലം.പണിമുടക്കുകാലത്തെ ശമ്പളം ഇല്ല, അതുണ്ടാക്കുന്ന ഒരനിശ്ചിതത്വം ഒക്കെ നല്‍കുന്ന സങ്കടങ്ങള്‍ വളരെ വലുതായിരിക്കും.
                     അപ്പോള്‍ പറഞ്ഞുവന്നത് തൊഴിലാളികള്‍ സമരത്തിനിറങ്ങുക എന്നത് അളമുട്ടുമ്പോള്‍ മാത്രം നടക്കുന്ന ഒരു സംഭവമാണ്.തന്നെയുമല്ല, നേരത്തെ പറഞ്ഞ സമയത്തൊക്കെ ഒരൊത്തുതീര്‍പ്പിനുള്ള ഗ്യാപ് ഉണ്ടു താനും.ഈ നടന്ന സമരത്തിലീ പറയുന്ന കാര്യം ഗവണ്മെന്റ് ഒട്ടും ഉപയോഗിച്ചില്ലെന്നുകാണാം. സമരം തുടങ്ങുന്നതിന്റെ തലേന്നാളാണ് ഒരു സഹമന്ത്രി ഒത്തുതീര്‍പ്പിനായി സമരക്കാരെ വിളിക്കുന്നത്.എന്നിട്ടോ, സമരക്കാരുന്നയിക്കുന്ന ഒരു പ്രശ്നം പോലും പരിഹരിക്കാമെന്ന ഒരുറപ്പും നല്‍കാന്‍ കഴിയാതെ സമരക്കാരെ അവഹേളിക്കുന്ന ഒരു നയമാണ് സ്വീകരിച്ചത്.
                   എന്നിട്ട് സമരം തുടങ്ങുന്നതിനു തൊട്ടു തലേന്ന് ഒരു നുണ സത്യം എന്ന നിലയില്‍ അവതരിപ്പിച്ചിരിക്കുന്നു, തൊഴിലാളികളുടെ ഈ സമരം ഉണ്ടാക്കുന്ന നഷ്ടം 20000 കോടി രൂപയുടേതാണെന്നും സ്വതവേ തളര്‍ച്ചയിലായ ഈ രാജ്യത്തെ തൊഴിലാളികള്‍ നാശത്തിലാഴ്തരുതെന്നുമായിരുന്നു ആ പരസ്യം.ഈ പരസ്യം കണ്ടപാടെ ചിലരത് സോഷ്യല്‍ സൈറ്റുകളില്‍ സമരത്തെ പുഛിക്കാനും അപഹസിക്കാനുമുള്ള ഒരായുധമാക്കി ഉപയോഗിച്ചുകണ്ടു.ഇത്തരം വിഡ്ഡ്യാസുരന്മാരോട് ഒന്നേ ചോദിക്കാനുള്ളൂ, ഈ ഇരുപതിനായിരം കോടി നഷ്ടത്തില്‍ ഗവണ്മെന്റിനുള്ള പങ്ക് എന്താണ് എന്ന് നിങ്ങളെന്തേ ചിന്തിക്കാത്തത് എന്നാണ്.ഇത്തരം ഒരു സാഹചര്യത്തില്‍ സമരം ഒഴിവാക്കാനുള്ള ബാധ്യത തൊഴിലാളികള്‍ക്കുമാത്രമല്ലല്ലോ, സര്‍ക്കാറിനുമില്ലേ?ഇന്ന് രാജ്യം തളര്‍ച്ചയിലേക്ക് പോകുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദി ആര്‍?ഈ പാവം പിടിച്ച തൊഴിലാളികളാണോ?
                   ഇനി ഈ സമരം പൊളിക്കാനിറങ്ങിയിരിക്കുന്ന മറ്റൊരു കൂട്ടരാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍.ലോകത്ത് ആര് സമരം ചെയ്താലും അവരൊഴിച്ച് ബാക്കിയെല്ലാവരും സമരത്താ‍ല്‍ കഷ്ടപ്പെടുന്ന പൊതുജനമായി മാറും,അല്ലെങ്കില്‍ മാധ്യമങ്ങള്‍ മാറ്റിയിരിക്കും.എന്നിട്ട് കള്ളക്കണ്ണീരൊഴുക്കലാണ്, അവിടെ അവന്റെ നൂറ് വയസ്സുകഴിഞ്ഞ അമ്മാച്ചന്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാതെ മരിച്ചുവത്രെ.ഇത്തരം കള്ളക്കഥകള്‍ പൊടിപ്പും തൊങ്ങലുംവച്ച് എഴുതിയാണവര്‍ സമരക്കാരെ അപഹാസ്യരാക്കുന്നത്.പക്ഷെ അവരോടൊന്നേ പറയാനുള്ളൂ, അവരുടെ നുണക്കഥകള്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങി.
                  ഇത്തവണയും കള്ളക്കഥകളുമായി അവര്‍ അവരുടെ ധര്‍മ്മം നിര്‍വഹിച്ചു മടങ്ങി.എന്നിട്ടും ഈ സമരം ജനജീവിതത്തെ പാടെ സ്തംഭീപ്പിച്ചു എന്ന് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം സര്‍ക്കാരിന്റെ ബിസിനസ്സുകള്‍ മുഴുവന്‍ മുടങ്ങി എന്നതാണ്.സര്‍ക്കാരിന്റെ , അവരെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളുടെ, ഇന്നാട്ടിലെ കുത്തകകളുടെ ഒക്കെ സകലമാ‍ന ബിസിനസ്സുകളും മുടങ്ങുമ്പോഴേ സര്‍ക്കാര്‍ തൊഴിലാളികള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവൂ.ആ ദിനം പെട്ടെന്ന് തന്നെ വന്നെത്തട്ടെ എന്ന് ആശംസിച്ചുകൊണ്ടും സമരം വിജയിപ്പിച്ച പത്ത് കോടി തൊഴിലാളികള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടും നിറുത്തുന്നു.

4 comments :

  1. .ലോകത്ത് ആര് സമരം ചെയ്താലും അവരൊഴിച്ച് ബാക്കിയെല്ലാവരും സമരത്താ‍ല്‍ കഷ്ടപ്പെടുന്ന പൊതുജനമായി മാറും,അല്ലെങ്കില്‍ മാധ്യമങ്ങള്‍ മാറ്റിയിരിക്കും.എന്നിട്ട് കള്ളക്കണ്ണീരൊഴുക്കലാണ്, അവിടെ അവന്റെ നൂറ് വയസ്സുകഴിഞ്ഞ അമ്മാച്ചന്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാതെ മരിച്ചുവത്രെ.ഇത്തരം കള്ളക്കഥകള്‍ പൊടിപ്പും തൊങ്ങലുംവച്ച് എഴുതിയാണവര്‍ സമരക്കാരെ അപഹാസ്യരാക്കുന്നത്.പക്ഷെ അവരോടൊന്നേ പറയാനുള്ളൂ, അവരുടെ നുണക്കഥകള്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങി.

    ReplyDelete
  2. എന്നാലും കരി ഓയില്‍ ഒഴിച്ചത്..............!!

    ReplyDelete
  3. @ajith ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ചത് KSU ആണ്. അതിനു ഈ സമരവുമായി ബന്ധമില്ല ...


    പണിമുടക്ക് കൊണ്ടോ ഹര്‍ത്താലുകൊണ്ടോ വില കുറയുമോ എന്നുള്ള ചോദ്യത്തിന് "ദണ്ഡിയാത്ര കൊണ്ടോ ഉപ്പ് കുറുക്കിയതുകൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചത്" എന്നേ മറുപടി പറയാന്‍ ആകൂ. അനവധി നിരവധി പോരാട്ടങ്ങള്‍ക്കൊടുവിലായി വൈദേശിക അക്രമികളില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത രാജ്യമാണ് നമ്മുടേത്‌..... .
    സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കികൊണ്ട് രാജ്യത്തെ മുച്ചൂടും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തിന് എതിരായി സമീപ ഭാവിയില്‍ തന്നെ വരാനിരിക്കുന്ന വലിയ പോരാട്ടത്തിനായി തയ്യാറെടുക്കുന്ന അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെ ഐക്യപ്പെടലാണ് ഈ പണിമുടക്ക്. ഇതില്‍ നിന്ന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ജനദ്രോഹ നയങ്ങളില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്...

    Read more: http://pathrakkaaran.blogspot.com/#ixzz2LeGYOFNm

    ReplyDelete
  4. Next time we should try for a 4 days / 5 days strike. That would be awesome. John.

    ReplyDelete