പഴമുറം കൊണ്ട് നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
( ഇന്നലെ ബ്ലോഗെഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞശേഷം  ഒന്നുകൂടി ചെക്ക് ചെയ്ത സമയത്ത് ബ്ലോഗിന്റെ മുക്കാല്‍ ഭാഗവും ഡിലീറ്റായിപ്പോയി.പിന്നീട് രണ്ടാമതെഴുതി പോസ്റ്റ് ചെയ്യുകയാണ്.ആദ്യ പോസ്റ്റ് വാറ്റിച്ചവര്‍ ദയവായി ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.കാരണം രണ്ടു പോസ്റ്റും രണ്ടു തരമായിപ്പോയി.ഇനിയിപ്പോ ഇതാണ് ഒറിജിനല്‍.)                            
                             പോസ്റ്റിന്റെ തലക്കെട്ട് ശരിയല്ല എന്നെനിക്കറിയാം.പഴമുറം കൊണ്ട് നഗ്നത മറയ്കാന്‍ ശ്രമിക്കരുത് എന്നല്ല പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കരുതെന്നാണ് ശരി.പക്ഷെ കര്‍ണ്ണാടക ഇലക്ഷന്‍ റിസല്‍റ്റുകള്‍ വന്നതിനുശേഷമുള്ള ഛോട്ടാ കോണ്‍ഗ്രസ്സുകാരുടെ പ്രകടനം കാണുമ്പോള്‍ അവര്‍ പഴമുറം കൊണ്ട് സൂര്യനെയല്ല പകരം സ്വന്തം നഗ്നതയാണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് നിസ്സംശയം പറയാം.ആദ്യമായി സോഷ്യല്‍ സൈറ്റുകളില്‍ അവരാ വിജയം കൊണ്ടാടുന്നതിന്റെ ഒരു ചിത്രം കാണൂ,
                                                                                                                                                                                             ഇനി നെറ്റില്‍ അല്പം വിവരത്തോടെ 
വിവരക്കേടുകള്‍ എഴുതുന്ന ശ്രീ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി തന്റെ എല്ലാ സൌമ്യഭാവങ്ങളും വെടിഞ്ഞ് ദൃംഷ്ടകള്‍ മുഴുവന്‍ പുറത്തുകാട്ടി ആക്രോശിക്കുന്നതു കണ്ടോ, “കോണ്‍ഗ്രസ്സിനെ എങ്ങനെയും തറപറ്റിച്ച് രാജ്യം കുട്ടിച്ചോറാക്കാന്‍ ആറ്റുനോറ്റിരിക്കുന്ന ബി.ജെ.പി.ക്കാര്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ഇതര കോണ്‍ഗ്രസ്സ് വിരുദ്ധര്‍ക്കും നേരെയുള്ള കാര്‍ക്കിച്ചുതുപ്പലാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം. രാജ്യം എന്തായാലും തരക്കേടില്ല കോണ്‍ഗ്രസ്സ് നശിച്ചാല്‍ മതി എന്നാണല്ലൊ ഇക്കൂട്ടര്‍ സ്വപ്നം കാണുന്നത്. എന്നാല്‍ ജനങ്ങള്‍ പിന്നെയും പിന്നെയും കോണ്‍ഗ്രസ്സിന്റെ മഹത്വം മനസ്സിലാക്കുന്നു. കോണ്‍ഗ്രസ്സിനെ വിട്ടാല്‍ വേറെ ഗതിയില്ല എന്നവര്‍ തിരിച്ചറിയുന്നു.“(ശിഥില ചിന്തകള്‍:കര്‍ണാടക നല്‍കുന്ന പാഠം).
                               അദ്ദേഹം തുടര്‍ന്നും ആക്രോശിക്കുന്നതു വായിക്കുക: “`
"എടോ ബി.ജെ.പി.ക്കാരാ , മാര്‍ക്സിസ്റ്റുകാരാ അഴിമതി എന്നത് ഒരു ദേശീയപ്രശ്നമാണ്. മാത്രമല്ല അതൊരു ആഗോളപ്രതിഭാസം കൂടിയാണ്. ഏത് രാജ്യത്താടോ അഴിമതിയില്ലാത്തത്? അഴിമതി തീര്‍ത്തും ഇല്ലാതാക്കി ഒരു രാജ്യവും പൂര്‍ണ്ണ അഴിമതിവിമുക്തമാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അഴിമതി എന്നത് ഒരു മനുഷ്യവാസനയാണ്. പക്ഷെ നമുക്ക് അഴിമതി നിയന്ത്രിക്കാനും കഴിയുന്നത്ര കുറച്ചുകൊണ്ടുവരാനും കഴിയും. അതിന് എല്ലാ പാര്‍ട്ടികളും സംയുക്തമായി ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെ ശ്രമിക്കുന്നതിന് പകരം അഴിമതി മൊത്തം കോണ്‍ഗ്രസ്സിന്റെ തലയില്‍ വെച്ചുകെട്ടി രാഷ്ട്രീയലാഭത്തിന് വേണ്ടി ശ്രമിച്ചാല്‍ ഫലത്തില്‍ അഴിമതി നിര്‍ബ്ബാധം വ്യാപിക്കുകയും അത് രാഷ്ട്രീയായുധമാക്കുന്ന പാര്‍ട്ടികള്‍ക്ക് എവിടെയും എത്താനും കഴിയില്ല. ഇപ്പോള്‍ സംഭവിക്കുന്നതും അതാണ്. അഴിമതി നിയന്ത്രിക്കാന്‍ ആളില്ലാതെ സര്‍വ്വത്ര പടരുന്നു. 
----------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------
മാര്‍ക്സിസ്റ്റുകാര്‍ അഴിമതി നടത്തുകയില്ലേ? ആ പാര്‍ട്ടിക്ക് ഇക്കാണുന്ന സ്വത്ത് മുഴുവന്‍ സമ്പാദിക്കാന്‍ കഴിഞ്ഞത് പാവപ്പെട്ടവരില്‍ നിന്ന് പാട്ടപ്പിരിവ് എടുത്തിട്ട് മാത്രമാണോ? ലാവലിന്‍ ഇടപാടില്‍ അഴിമതി ഇല്ലേ? മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി ക്യാനഡയില്‍ നിന്ന് പിരിച്ചു നല്‍കിയ 100 കോടി എവിടെയാ പോയത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? എല്ലാ അവന്മാരും ചാന്‍സ് കിട്ടിയാല്‍ കക്കും, അഴിമതി നടത്തും."
                                നോക്കൂ, ഒരിലക്ഷന്‍ ജയിച്ചപ്പോള്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ കാണിക്കുന്ന ആക്രാന്തം കണ്ടോ?.എല്ലാ അവന്മാരും - കോണ്‍ഗ്രസ്സ് അടക്കം - ചാന്‍സ് കിട്ടിയാല്‍ കക്കും എന്ന് പറയുന്ന സുകുമാരന്‍ ചേട്ടന്‍ കോണ്‍ഗ്രസ്സും കക്കും,കട്ടുകൊണ്ടിരിക്കുന്നു,രാജ്യം ഭരിക്കുന്നതുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ കള്ളന്മാര്‍ അവരാണെന്ന് ആവേശത്തള്ളിച്ചയില്‍ അംഗീകരിക്കുന്നു, അതു തന്നെയാണ് ജനവും പറയുന്നത്.
              കര്‍ണ്ണാടക ഇലക്ഷനെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം മറച്ചുവൈക്കുന്ന ഒന്നാണ് അന്നേദിവസം തന്നെ പുറത്തു വന്ന സുപ്രീംകോടതിയുടെ നിരീക്ഷണം.സി ബി ഐ കൂട്ടിലെ തത്തയാണെന്ന് കോടതി പറയുമ്പോള്‍ ആ കൂട് കോണ്‍ഗ്രസ്സ് ആണ്,കോണ്‍ഗ്രസ്സ് മാത്രമാണ് എന്ന് അന്നാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.തീര്‍ന്നില്ല, കോള്‍ ഗേറ്റ് അഴിമതിയുടെ കവാടങ്ങള്‍ തുറന്ന് തുറന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വരെ എത്തിയിരിക്കുന്നു എന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു.എന്നുവച്ചാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാ‍രനാണെന്നര്‍ത്ഥം.ഇനി അടുത്തതായി തുറക്കാനുള്ള വാതില്‍ ഏതാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം, പ്രത്യേകിച്ച് കോണ്‍ഗ്രസ്സ്കാര്‍ക്ക്.കാത്തു സൂക്ഷിച്ച മുഖങ്ങളെല്ലാം പൊയ് ആണെന്ന് തെളിയാന്‍ നിമിഷങ്ങള്‍ മാത്രം എന്ന വെപ്രാളത്തിലാണ് സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ളവര്‍ ആണും പെണ്ണും കെട്ട ഭാഷ്യങ്ങള്‍ ചമയ്ക്കുന്നത്.
                          എന്താണ് കര്‍ണ്ണാടക ഇലക്ഷന്‍ റിസല്‍റ്റുകള്‍ നമുക്ക് നല്‍കുന്ന സന്ദേശം?.അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ  മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കര്‍ണ്ണാടക ജനത ഭരിക്കാന്‍ ഏല്‍പ്പിച്ചു കൊടുത്തു. ഇത്രത്തോളം അവിടെ ബി ജെ പി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നുന്നു.നാളിതുവരെ ദക്ഷിണേന്ത്യയില്‍ അധികാരത്തിന്റെ അപ്പക്കഷണം കടിക്കാന്‍ പറ്റാതിരിക്കുകയായിരുന്നു അവര്‍.അവര്‍ ഈ ഭരണലബ്ധിയെ അഖിലേന്ത്യാ ഭരണത്തിന്റെ മുന്നോടിയായി കണ്ടു.എന്നിട്ടോ, അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്സ് കൊള്ള നടത്തിയതു പോലെ അവരുടെ വിശ്വസ്ഥ കുഞ്ഞനിയനായി ബി ജെ പി മാറുകയും കര്‍ണ്ണാടകത്തിനെ മുച്ചൂടും കൊള്ളയടിക്കുകയും ചെയ്തു.
                              പക്ഷെ കോണ്‍ഗ്രസ്സിന് ഉള്ളതുപോലെയൊരു തലതൊട്ടപ്പന്‍(അമ്മ) ബി ജെ പിക്കില്ലാതെ പോയി.അതുകൊണ്ടെന്തു പറ്റിയെന്നുവച്ചാല്‍ കര്‍ണ്ണാടക ബി ജെ പി ഭരണം ഒരു പൊറോട്ടു നാടകത്തേക്കാള്‍ കഷ്ടമായി.യെദിയൂരപ്പയും കൂട്ടരും കാണിച്ച വൃത്തികേടുകള്‍ നാടിനെ മുഴുവന്‍ നാറ്റിച്ചു. ഇതോടൊപ്പം കാണേണ്ട ഒന്നാണ് ഗുജറാത്തില്‍ നിന്ന് പ്രധാനമന്ത്രിപദത്തിലേയ്ക്ക്  നടന്നടുത്തുകൊണ്ടിരുന്ന ശ്രീമാന്‍ മോഡി കര്‍ണ്ണാടകയില്‍ പ്രചരണത്തിനെത്തിയത്.അദ്ദേഹം പ്രചരണത്തിനെത്തിയതല്ല കുഴപ്പം, അദ്ദേഹം മാത്രമല്ല ബി ജെ പിയിലെ പ്രധാനമന്ത്രി മോഹി എന്നതാണ് കുഴപ്പം.മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ രഹസ്യമായി എതിര്‍ക്കുന്ന ശക്തരായ നേതാക്കള്‍ തന്നെ ബി ജെ പിയിലുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യം മാത്രം.ഗുജറാത്തില്‍ അദ്ദേഹം കാട്ടിക്കൂട്ടുന്ന റോഡ് ഷോ - പ്രധാനമന്ത്രി പദത്തിലേക്കൂള്ളത് - വഴി പല സീനിയര്‍ ആയ നേതാക്കളേയും ചവിട്ടിത്താഴ്ത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയരുന്നത്.അതില്‍ അമര്‍ഷം പൂണ്ട നേതാക്കള്‍ രഹസ്യമായി കളിച്ചതിന്റെ ഫലം കൂടിയല്ലെ കര്‍ണ്ണാടക തോല്‍‌വി.വോട്ട് ആകര്‍ഷിക്കാന്‍ കഴിയാത്ത ജയം കൊണ്ടുവരാന്‍ കഴിയാത്ത മറ്റൊരു രാഹുല്‍ഗാന്ധയാണ് മോഡി എന്ന് ഇവര്‍ ബി ജെ പിക്ക് കാണിച്ചുകൊടുത്തു എന്നത് മറന്നു കൂട.
                         ഇതിന്റെയൊക്കെ ഒരു ഗുണനഫലമാണ് കര്‍ണ്ണാടകയിലെ ബി ജെ പിയുടെ തോല്‍‌വി.ഞാന്‍ സമ്മതിക്കുന്നു, ഇതു മാത്രമല്ല ജാതി ഘടകവും അതിന്റെ കളി കളിച്ചിട്ടുണ്ടാവാം. എന്നാലും തോല്‍‌വിയുടെ പ്രധാനകാരണം അഴിമതി,പൊറോട്ടു നാടക സ്റ്റൈല്‍, പിന്നെ മോഡിക്കെതിരായ കുരുട്ടു ബുദ്ധിയും തന്നെ.
                             ഇനി കോണ്‍ഗ്രസ്സിനെ തിരഞ്ഞെടുക്കാനുള്ള കാരണമോ?.ബി ജെ പിക്ക് പകരം ആരാണുള്ളത്?.കഷണം കഷണമായിക്കിടക്കുന്ന ജനതാദളുകളോ? അവര്‍ക്കൊക്കെ അവസരങ്ങള്‍ കൊടുത്തതല്ലേ? എന്നിട്ടോ? തമ്മില്‍ തല്ലാനല്ലാതെ അവസരത്തിനൊത്തുയരാന്‍ ഇവര്‍ക്കൊന്നും ആയില്ല എന്ന സത്യം ജനം കണ്ടതല്ലേ? പിന്നെ ആരുണ്ട്?ഈ ഗ്യാപ്പിലേയ്ക്ക് കൃത്യമായി കയറിവരാനുള്ള യോഗ്യത ഒറെ ഒരു കക്ഷിക്കാണുള്ളത്.നിലവില്‍ ശക്തമായ സംസ്ഥാനങ്ങളിലെല്ലാം നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് കൃത്യമായ ബദലുയര്‍ത്തിക്കൊണ്ട്   അഴിമതിയില്ലാതെ ഭരണം സാധ്യമാണ് എന്ന് തെളിയിച്ച് കൊണ്ട് നക്ഷത്ര ശോഭയോടെ ജ്വലിക്കുന്ന രക്തനക്ഷത്രമായ ഇടതു പക്ഷം .ഇടതുപക്ഷത്തിനുമാത്രം.
                    എന്നാല്‍ ഇത്ര കാലമായിട്ടും പിന്തിരിപ്പന്‍ ഗുണ്ടാ മാധ്യമ ജാതി മത വര്‍ഗീയ ശക്തികളുടെ കടന്നാക്രമണങ്ങളെ നേരിട്ടുകൊണ്ട് ഇഞ്ചിനിഞ്ചിനു പോരാടി അവര്‍ മുന്നോട്ട് വരുന്നതേയുള്ളൂ.ഭാരതത്തിലെ മുഴുവന്‍ തൊഴിലാളികളേയും അണിനിരത്തിക്കൊണ്ട് അവരുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക സമരങ്ങള്‍, ദേശവ്യാപകമായി അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തി അതിന്റെ വെളിച്ചത്തിലുയരുന്ന സമരങ്ങള്‍ ഇതൊക്കെ ജാതി മത ശക്തികളുടെയും നവ ഉദാരവല്‍ക്കരണ കാലത്തെ പ്രചരണസംവിധാനങ്ങളേയുമൊക്കെ വെല്ലുവിളിച്ചുകൊണ്ട് അങ്ങുമിങ്ങും ചേറിയ ചെറിയ തുരുത്തുകളായി അവര്‍ ഉയര്‍ന്നുവരുന്നതേയുള്ളൂ.അതുകൊണ്ടു തന്നെ ഭൂരിപക്ഷം ജനങ്ങളുടേയും വിശ്വാസത്തിന് അത് പാത്രീഭൂതരായിട്ടില്ല.അതു സംഭവിക്കുമ്പോള്‍ മാത്രമേ ജ്വലിക്കുന്ന ജനങ്ങളുടെ സര്‍ഗാത്മകത ഉയര്‍ന്നു വരികയുള്ളൂ.അക്കാലത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തീവ്രമാക്കുക എന്നു മാത്രം.
                        ഫേസ് ബുക്കില്‍ വന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വന്ന ഒരു ചിത്രം കൂടി കാണിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു.
 

2 comments :

  1. ഭാരതത്തിലെ മുഴുവന്‍ തൊഴിലാളികളേയും അണിനിരത്തിക്കൊണ്ട് അവരുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക സമരങ്ങള്‍, ദേശവ്യാപകമായി അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തി അതിന്റെ വെളിച്ചത്തിലുയരുന്ന സമരങ്ങള്‍ ഇതൊക്കെ ജാതി മത ശക്തികളുടെയും നവ ഉദാരവല്‍ക്കരണ കാലത്തെ പ്രചരണസംവിധാനങ്ങളേയുമൊക്കെ വെല്ലുവിളിച്ചുകൊണ്ട് അങ്ങുമിങ്ങും ചേറിയ ചെറിയ തുരുത്തുകളായി അവര്‍ ഉയര്‍ന്നുവരുന്നതേയുള്ളൂ.അതുകൊണ്ടു തന്നെ ഭൂരിപക്ഷം ജനങ്ങളുടേയും വിശ്വാസത്തിന് അത് പാത്രീഭൂതരായിട്ടില്ല.അതു സംഭവിക്കുമ്പോള്‍ മാത്രമേ ജ്വലിക്കുന്ന ജനങ്ങളുടെ സര്‍ഗാത്മകത ഉയര്‍ന്നു വരികയുള്ളൂ.

    ReplyDelete
  2. ഹേയ് മിസ്റ്റര്‍,നിങ്ങളിത്രയ്ക്ക് കൊട്ടൊഘോഷിക്കുന്ന ഇടതുപക്ഷം കറ്ണ്ണാടകയിലെവിടേ?

    ReplyDelete