ദേശീയ ചലചിത്ര അവാര്‍ഡും ഒരു ക്ലൈമാക്സും

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                     കേന്ദ്രത്തില്‍ നിന്നും കേരളത്തിലേയ്ക്ക് എന്തെങ്കിലും അനുവദിച്ചുകിട്ടാന്‍ വലിയ പാടാണെന്ന് എല്ലാവര്‍ക്കും അറിയാം.ഒന്നാമത് കേരളത്തിന്റെ ഭൌതിക പരിസ്ഥിതിക്കിണങ്ങിയ പദ്ധതികളോ പരിപാടികളോ ഒന്നും ഗവണ്മെന്റ് നല്‍കാന്‍ ശ്രമിക്കാറില്ല, അവര്‍ എപ്പോഴും വികസനത്തില്‍ ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളെ മുന്നില്‍കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യാറ്.എന്നാല്‍ ആ പദ്ധതികളില്‍ കേരളത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനുള്ള നമ്മുടെ ശ്രമങ്ങള്‍ പലപ്പോഴും വിജയിക്കാറുമില്ല.കാരണം പലതാണ് പറഞ്ഞു കേള്‍ക്കാറ്.നമ്മുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ഭരണാധികാരികള്‍, അല്ലെങ്കില്‍ സ്ഥാനത്തും അസ്ഥാനത്തും ഇടപെട്ട് കാര്യം കാണുന്ന ഉത്തരേന്ത്യന്‍ ലോബിയൂടെ അതിപ്രസരം, അതുമല്ലെങ്കില്‍ നമ്മുടെ ആളുകളുടെ കഴിവുകേട്, കീ പോയിന്റുകളിലെ മലയാളി ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യവും അവരുടെ താല്പര്യക്കുറവും ഒക്കെയായി പലതരം വ്യാഖ്യാനങ്ങള്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്. എന്നാല്‍ ഒന്നിച്ചൊരേ മനസ്സോടെ ഒരു ചെറിയ കാര്യത്തിനാണെങ്കില്‍ പോലും മുന്നോട്ട് വന്ന് കാര്യങ്ങള്‍ നീക്കി ഇഞ്ചിനിഞ്ചിനു പോരാടി വിജയം വരിച്ച കഥ കേരള ശബ്ദം നമുക്ക് നല്‍കുന്നു പുതിയ ലക്കത്തില്‍ ( പുസ്തകം 51, ലക്കം 41, 2 ജൂണ്‍ 2013). തലക്കെട്ട്  “ദേശീയ ചലചിത്ര അവാര്‍ഡും ഒരു ക്ലൈമാക്സും” എഴുതിയത് സുധീര്‍ നാഥ് ന്യൂഡല്‍ഹി.
                   റസൂല്‍ പൂക്കുട്ടി എന്ന ഓസ്കാര്‍ ജേതാവിന്റെ എസ് എം എസ് വരുന്നു, പിന്നാലെ  ഫോണും.”എന്റെ ശിഷ്യന്‍ കുടുംബത്തോടെ ദേശീയ അവാര്‍ഡ് വാങ്ങാന്‍ വരുന്നു ഒന്ന് സഹായിക്കണം.”“നിങ്ങളുടെ മൂന്ന് ശിഷ്യന്മാര്‍ക്ക് അവാര്‍ഡ് ഉണ്ടെന്ന് കേട്ടല്ലൊ” “ ശിഷ്യന്മാര്‍ക്കൊക്കെ അമ്ഗീകാരങ്ങള്‍  വാങ്ങുന്നത് ഗുരുക്കന്മാര്‍ക്ക് സന്തോഷമല്ലേടോ “ “ എന്ത് സഹായമാണ് ചെയ്യേണ്ടത്.” “ ഷിനോയ് ജോസഫ് വിളിക്കും,എന്റെ പേര് പറയും”
                 ഷിനൊയിയുടെ ഫോണ്‍ വന്നു.അഛനും അമ്മയും ചേട്ടനും ആന്റിയും വരുന്നുണ്ട്.അവര്‍ക്കുവേണ്ടി മലയാളികളുള്ള ഒരിടത്ത് രണ്ട് മുറി വേണം . അവര്‍ക്ക് ഭാഷ ഒരു പ്രശ്നമാണ്. അതായിരുന്നു ആവശ്യം. ദിവസങ്ങള്‍ കഴിഞ്ഞു.ഷിനോയ് വീണ്ടും വിളിച്ചു. മുറികള്‍ പറഞ്ഞു വച്ചിട്ടുണ്ട് വന്നാല്‍ മാത്രം മതിയെന്ന് മറുപടി കൊടുത്തു.ഹോട്ടലിന്റെ പേരും നമ്പറും ബന്ധപ്പെടേണ്ട വ്യക്തിയുടെ പേരും മറ്റും കൈമാറി.
             2013 മെയ് മാസം രണ്ടാം തീയതി ദേശീയ ചലചിത്ര അവാര്‍ഡ് ദാനത്തിന്റെ തലേന്ന് ഷിനോയിയുടെ ഫോണ്‍ വീന്റും വരുന്നു.അഛനും അമ്മയും മറ്റും എത്തി എന്നറിയിച്ചു.
               “ഞാന്‍ റിഹേര്‍സലിനു പോകുമ്മുന്‍പായി നിങ്ങള്‍ താമസിക്കുന്ന പാര്‍ക്ക് ഹോട്ടലില്‍ എത്തും.അപ്പോള്‍ കാണാം (ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് താമസസൌകര്യം ഒരുക്കിയിരുന്നത് പാര്‍ക്ക് ഹോട്ടലിലായിരുന്നു)
              ഉച്ചയോടെ മാത്രമേ ഞാന്‍ മുംബെയില്‍ നിന്നും പുറപ്പെടുകയുള്ളു.താമസം അച്ഛനും അമ്മയുടേയും കൂടെയായിരിക്കും” ഷിനോയിയുടെ നിരാശനിറഞ്ഞ വാക്കുകള്‍. “അപ്പോള്‍ റിഹേര്‍സലിനു പോകണ്ടേ?”
           സാധാരണ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് വാങ്ങുന്ന ചടങ്ങുകള്‍ക്ക് തലേദിവസം റിഹേര്‍സല്‍ ഉണ്ടായിരിക്കും.പത്മ അവാര്‍ഡായാലും മറ്റ് ഏത് ദേശീയ അവാര്‍ഡായാലും റിഹേര്‍സല്‍ ഉണ്ടായിരിക്കും.
                ചേട്ടാ ഒരു ചെറിയ പ്രശ്നമുണ്ടായി. ഗാങ്ങ്സ് ഓഫ് വാസിപൂര്‍ എന്ന അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഫൈനല്‍ സൌന്‍ഡ് മിക്സിങ്ങിനാണ് ഞങ്ങള്‍ മൂന്ന് പേര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.അലോക് റെ,ശ്രീജേഷ് നായര്‍, പിന്നെ ഞാന്‍.ഇപ്പൊള്‍ എന്റേയും ശ്രീജേഷിന്റേയും പേരില്ല.
                അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നിങ്ങളുടെ പേരുന്റായിരുന്നില്ലെ?
                      പേരുണ്ടായിരുന്നു.ക്ഷണക്കത്ത് ലഭിക്കാത്തതുകൊണ്ട് തിരക്കിയപ്പോഴാണ് ഞങ്ങളിത് അറിയുന്നത്. 24 മണിക്കൂര്‍ മാത്രമേ ശേഷിക്കുന്നുള്ളു.  എന്ത് ചെയ്യാന്‍ പോകുന്നു ഡയറക്ടറും നിര്‍മ്മാതാവും അനുകൂലമാണോ?
             അനുകൂലമാണ്.അവര്‍ മന്ത്രാലയത്തിനു കത്തെഴുതി.ഒരു മറുപടിയും കിട്ടിയില്ല.അവരുടെ കത്തിന്റെ കോപ്പിയുമായി സ്വന്തം ചിലവിലാണ് ഞാനും ശ്രീജേഷും വരുന്നത്.
                   ഉടനെ കത്തിന്റെ കോപ്പി അയച്ചു തരണം. ഒന്ന് ശ്രമിച്ചു നോക്കാം ഞാന്‍ പറഞ്ഞു.കത്തിന്റെ കോപ്പി ഇമെയില്‍ വഴി ലഭിച്ചു.മന്റ്രാലയതിലും മറ്റും വിവരം തിരക്കി.സിനിമയില്‍ മൂന്ന് പേരുടെ പേരുകള്‍ ക്രെഡിറ്റ് ലൈനില്‍ ഇല്ല.അതാണ് പ്രശ്നം.അവാര്‍ഡിന് സിനിമ സമര്‍പ്പിച്ച അവസരത്തില്‍ നല്‍കിയിരുന്ന ഫോമില്‍ ഇവര്‍ മൂന്നു പേരുടെ പേരുണ്ട്.അവാര്‍ഡിനു പരിഗണിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്.അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സിനിമയുടെ ക്രെഡിറ്റ് ലൈനുമായി ഒത്തുനോക്കുന്ന പതിവുണ്ട്.ഗാങ്ങ്സ് ഓഫ് വാസിപൂര്‍ എന്ന അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്കു രണ്ടു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണുള്ളത്.രണ്ടു ഭാഗങ്ങളായ സിനിമയെ രണ്ടു സിനിമയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരിഗണിച്ചു.പ്രശ്നങ്ങള്‍ പലതാണ്.ഇരുവര്‍ക്കും ക്ഷണക്കത്തും ലഭിച്ചിട്ടില്ല.സമയം രാത്രിയായി.
                നാളെ ഓഫീസ് തുറക്കട്ടെ.എന്തെങ്കിലും സഹായം നല്‍കാന്‍ പറ്റുമോ എന്ന് അപ്പോള്‍ മാത്രമേ പറയാന്‍ പറ്റൂ.പ്രതീക്ഷ വേണ്ട.ആരും അവസാന നിമിഷത്തില്‍ ഒന്നും ചെയ്യില്ല.അതും ദേശീയ അവാര്‍ഡിന്റെ കാര്യത്തില്‍.മന്ത്രിതലത്തില്‍ ശ്രമിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവൂ.
               മന്ത്രാലയത്തിലെ ഒരുന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
                          ഇതിനിടയ്ക്ക് ഷിനോയ് ദില്ലിയില്‍ എത്തി.ദില്ലിയിലെത്തിയ ഷിനോയിയുടെ ആന്റിയ്ക്ക് പാര്‍ലമെന്റ് അംഗം കെ പി ധനപാലനെ അറിയാം.ഉടനെ മന്ത്രിയെ കാണാന്‍ കെ പി ധനപാലന്റെ സഹായം തേടാന്‍ പറഞ്ഞു.മന്ത്രിയെ ഒരു തരത്തിലും ഫോണില്‍ കിട്ടുന്നില്ല.പിറ്റേന്ന് അതിരാവിലെ അവര്‍ വീണ്ടും പോയി.ഒരു രക്ഷയുമില്ല.
                     പാര്‍ലമെന്റ് മന്ത്രി വരും, ധനപാലന്‍ സാര്‍ രണ്ടു പേരേയും ഒന്ന് മന്ത്രിയെ കാണിക്കണം.
             അദ്ദേഹം രണ്ടു പേരുമായി മന്ത്രിയെ പാര്‍ലമെന്റില്‍ ഓഫീസില്‍ പോയി കണ്ടു.ഉടനെ വേണ്ടതു ചെയ്യാം എന്ന ഉറപ്പു കിട്ടി.
            പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ടി കെ എ നായര്‍ സാറിന്റെ സഹായം തേടി.വിവരങ്ങള്‍ അവതരിപ്പിച്ചു.
            “ഈ അവസാന നിമിഷത്തിലോ? ഇന്ന് വൈകീട്ടല്ലെ അവാര്‍ഡ് ദാനചടങ്ങ് .........”
        “ വൈക്കം സ്വദേശിയായ ഷിനോയ് അഛനും അമ്മയും ചേട്ടനും ആന്റിയും ആയിട്ടാണ് എത്തിയിരിക്കുന്നത്.ശ്രീജേഷ് ദുബായിയില്‍ നിന്ന് ഭാര്യയും മക്കളുമൊക്കെ ആയിട്ടാണ് വന്നിരിക്കുന്നത്.സര്‍ വിചാരിച്ചാല്‍ നടക്കും.അവാര്‍ഡ് വാങ്ങാന്‍ വന്ന അവര്‍ക്ക് അകത്തു കയറാനുള്ള പാസുപോലും ഇല്ല.രണ്ട് യുവാക്കളുടെ മാനസീകാവസ്ഥ ഒന്നാലോചിക്കണം സര്‍.”
         “ഇപ്പോള്‍ തന്നെ ശ്രമിക്കാം എനിക്ക് അത്ര ഉറപ്പില്ല..........”
                        മലയാളത്തിലെ അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ടി കെ എ നായര്‍ കേരള ഹൌസില്‍ എത്തിയിരിക്കുന്നു.വിഷയം നേരിട്ട് അദ്ദേഹത്തെ അറിയിക്കുന്നതിനായി ഷിനോയിയും ശ്രീജേഷും എത്തി.സംവിധായകന്‍ കമല്‍ അവര്‍ക്ക് അനുകൂലമായി സഹകരിക്കണമെന്ന് അധ്യര്‍ത്ഥിക്കുന്നു.ടി കെ എ നായര്‍ മന്ത്രിയെ വിളിക്കുന്നു.ഇരുവരുടേയും വിഷയത്തിന്റെ ഫയല്‍ അനങ്ങാന്‍ തുടങ്ങുന്നു.മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് വിഷയത്തെക്കുറിച്ച് അടിയന്തിരമായി  പരിശോധിച്ച് റിപ്പോര്‍ട്ട്
ആവശ്യപ്പെടുന്നു.മലയാളികളായ ഉദ്യോഗസ്ഥര്‍ ഇടപെട്ട് റിപ്പോര്‍ട്ട് വേഗത്തിലാക്കി.ഇരുവര്‍ക്കും  ദേശീയ അവര്‍ഡ് കൊടുക്കാന്‍ തീരുമാനമായി.
                 കേരള ഹൌസില്‍ ഇതിനിടയില്‍ നടന്നുകൊണ്ടിരുന്ന ദേശീയ ചലചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ ഷിനോയിയേയും ശ്രീജേഷിനേയും ക്ഷണിക്കുന്നു.അവര്‍ ആദ്യമായി അവിടെ ആദരിക്കപ്പെടുന്നു.വൈകീട്ട് നടന്ന ദേശീയ ചലചിത്ര അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും അവര്‍ ഏറ്റുവാങ്ങി.മറ്റാരേക്കാളും തിളക്കം അവരിരുവരുടേയും മുഖത്തുണ്ടായിരുന്നത് സ്വാഭാവികം.അവരോടൊപ്പം വന്ന എല്ലാവരും അവസാനനിമിഷം കിട്ടിയ പാസുമായി ചടങ്ങിനു സാക്ഷിയായി.
                 ക്ലൈമാക്സില്‍ എല്ലാമൊരു ചലചിത്രം പോലെ ശുഭം..!!
(ഇതൊരു നിസ്സാരപ്രശ്നം മാത്രം.എന്നാല്‍ എല്ലാവരും എം പിയും പ്രധാനമന്ത്രിയുടെ ഉപദേശകനും മറ്റെല്ലാവരും പ്രശ്നത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ട് ഒറ്റമനസ്സോടെ പ്രശ്നപരിഹാരത്തിനിറങ്ങിയപ്പോള്‍ പ്രശ്നങ്ങളൊക്കെ സ്വാഹാ ആയിപ്പോയത് കണ്ടില്ലെ? കേരളം നേരിടുന്ന ക്രൂരമായ അവഗണനയ്ക്കെതിരേ കൂടി ഇതു പോലൊരു കൂട്ടായ്മ വളര്‍ന്നു വന്നിരുന്നെങ്കില്‍..................)
Post a Comment