ശ്രേഷ്ഠമായ ഒരു ഭാഷയും ശ്രേഷ്ഠമായ ഒരു ജനതയും!

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                      ങ്ങനെ കാത്തു കാത്തു നിന്ന് മലയാളത്തിനും ശ്രേഷ്ഠഭാഷാ പദവി കിട്ടി.എനിക്കു തോന്നുന്നത് മറ്റുഭാഷകള്‍ക്കെല്ലാം വാരിക്കോരി കൊടുത്തു കഴിഞ്ഞിട്ടും പിന്നേം ഒരു ശ്രേഷ്ഠഭാഷാ പദവി ബാക്കി വന്നു, എന്നാല്‍ ഇരിക്കട്ടെ മലയാളത്തിന് എന്ന പോലെ നമ്മുടെ ഭാഷയ്ക്കും അത്  ലഭിക്കുന്നു. ഏതായാലും ദീര്‍ഘകാലമായി നമ്മളുയര്‍ത്തിപ്പോന്ന ആവശ്യത്തിനു വിരാമാ‍യി ഈ ശ്രേഷ്ഠഭാഷാ പ്രഖ്യാപനം.
               ഇനി നമ്മള്‍ നമുക്ക് ലഭിച്ച ശ്രേഷ്ഠഭാഷാ പദവി എങ്ങിനെയാണ് കൊണ്ടു നടക്കാന്‍ പോകുന്നതെന്ന് ചുമ്മാ ഒന്നു നോക്കാം.
                    നമ്മളേക്കാള്‍ വളരെ മുന്‍പ് സ്വന്തം ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ച രണ്ടു സംസ്ഥാനങ്ങളാണ് കര്‍ണ്ണാടകയും തമിള്‍നാടും.ഒരു പക്ഷെ ഭാരതത്തിന്റെ മാത്രമല്ല ലോകഭൂപടത്തില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുള്ള ഐ ടി നഗരമായ ബാംഗളൂര്‍ കന്നട ഭാഷ സംസാരിക്കുന്ന കര്‍ണ്ണാടകത്തിലാണ്.ഗഡാഗഡിയന്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന , അമേരിക്ക ദുബായ് തുടങ്ങിയ വന്‍‌നഗരങ്ങളിലെ ഐ ടി സിംഹങ്ങളുമായി നിരന്തരം ചാറ്റു ചെയ്യുകയും അവര്‍ക്കു വേണ്ടി ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്ന ഐ ടി സിംഹങ്ങളുടെ നഗരം.അവിടെ പോലും ഈ സിംഹങ്ങള്‍ പരസ്പരം ആശയവിനിമയം ചെയ്യുന്നത് കന്നടയിലാണത്രെ! തീര്‍ന്നില്ല, അവിടുത്തെ വ്യവസായ സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ ഓഫീസുകളിലേയും ഒക്കെ ബോര്‍ഡില്‍ ഇംഗ്ലീഷിനൊപ്പം സ്വന്തം മാതൃഭാഷയില്‍കൂടി അവര്‍ പേരെഴുതി വൈക്കാന്‍ ശ്രദ്ധിക്കുന്നു.തീര്‍ന്നില്ല, അവിടത്തുകാരുടെ വാഹനങ്ങളിലെ രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളില്‍ വാഹന നമ്പര്‍ ഇംഗ്ലീഷിലെഴുതുന്നതിനൊപ്പം കന്നടയിലുമെഴുതും അവര്‍.ഇതേ കാര്യങ്ങള്‍ തമിഴ്നാട്ടിലും നടക്കുന്നു എന്നാണെന്റെ അറിവ്.
                    എന്നാല്‍ ശ്രേഷ്ഠപദവിയുള്ള മലയാളഭാഷ മാതൃഭാഷയായ നമ്മുടെ കേരളത്തിലോ?ഒരു ബോര്‍ഡില്‍ പോയിട്ട് വാഹന നമ്പര്‍ പ്ലേറ്റുകള്‍ നിരബന്ധമായും ഇംഗ്ഗ്ലീഷില്‍ തന്നെയാക്കി നമ്മള്‍.മാതൃഭാഷയിലെഴുതിയാല്‍ അത് കുറ്റകരം കൂടിയാണ്.  സ്കൂളില്‍ കൂട്ടുകാരോട് മലയാളത്തില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥിയുടെ മുടി മൊട്ടയടിച്ച് ഫൈന്‍ അടപ്പിച്ച് മലയാളം ശ്രേഷ്ഠഭാഷയാക്കാനുള്ള എല്ലാ യോഗ്യതയും നാം കാണിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു.തനിക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ലെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന കേരളത്തില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു ചെറുപ്പക്കാരെ ചെയ്യുന്ന ജോലിയുടെ പ്രത്യേകത കൊണ്ട് കാണാനെനിക്ക് കഴിഞ്ഞിട്ടുണ്ട്.അത്തരം ഒരു നാടിനും അവരുടെ ഭാഷയ്ക്കു തന്നെ കൊടുക്കണം ഈ പദവി.
                ഇനി വേറൊന്ന് നോക്കാം.നമ്മുടെ ചാനല്‍ സുന്ദരന്മാരും സുന്ദരികളും പ്രചരിപ്പിക്കുന്ന “എന്റെ മലയാലം മദുര മലയാലം” കേട്ടിട്ടില്ലേ? ആധുനീകകാലത്തെ ആഗ്ലേയ ഭാഷയ്ക്കു തുല്യമായി നമ്മൂടെ മലയാളമെന്ന ശ്രേഷ്ഠഭാഷയെ അവര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്.“ മദ്യസ്ഥ പ്രാര്‍ദ്ദനയായും “ വിദ്യാദനം സര്‍വദനാല്‍ പ്രദാനമായും” ഒക്കെ മലയാളമെന്ന ശ്രേഷ്ഠഭാഷ അവരുടെ കണ്ഠങ്ങളിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ ഛര്‍ദ്ദിക്കാനല്ലാതെ മറ്റെന്താണു നമുക്ക് വിധി? രാവിലെ മുതല്‍ രാവിലെ വരെ ചാനല്‍ പരിപാടികള്‍ ഇവിടെ അരങ്ങു തകര്‍ത്താടുമ്പോള്‍ അതു കാണുന്ന ലക്ഷക്കണക്കിനു മലയാളികളിലേയ്ക്ക് ഈ മലയാല ഭാഷാവൈകൃതം അവര്‍ പോലുമറിയാതെ ഏറ്റു ചൊല്ലുകയും പതുക്കെ പതുക്കെ അത് നാട്ടു നടപ്പാവുകയുംചെയ്യുന്ന കാലത്ത് എന്ത് ശ്രേഷ്ഠഭാഷാ പദവി?
                 സ്വന്തം നാട്ടില്‍ ഒരു സര്‍ക്കാര്‍ ജോലിയ്ക്കു കയറി സ്വന്തം നാട്ടുകാരെ സേവിക്കണമെങ്കില്‍ അതിനു സ്വന്തം മാതൃഭാഷ അറിയണമെന്നില്ലാത്ത വേറേ ഏതു നാടുണ്ട് ഈ ലോകത്ത്? മലയാളം ശ്രേഷ്ഠഭാഷയായിട്ട് നമുക്കെന്ത് ഗുണം എന്ന് ചോദിക്കുന്നതില്‍ തെറ്റുണ്ടോ?
                    ഇനി വേറൊരു കാര്യം ചോദിക്കട്ടേ! ഏതാണ്ട് വളരെ കുറച്ചുകാലമേ ആയിട്ടുള്ളൂ “നോവാര്‍ട്ടിസ്’“ എന്ന ഔഷധവ്യവസായരംഗത്തെ കുത്തകഭീമനെതിരെ സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചിട്ട്.നമ്മുടെ നാടിനെ സ്നേഹിക്കുന്ന നാടിന്റെ പുരോഗതിയ്ക്കു വേണ്ടി യത്നിക്കുന്ന സാധാരണക്കാരനുവേണ്ടി വാദിക്കുന്ന എല്ലാവര്‍ക്കും ഒരു പുതു ഉന്മേഷം പകര്‍ന്നു നല്‍കുന്നതായിരുന്നു സുപ്രീം കോടതിയുടെ വിധി.ഭാരതത്തിലെ പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ മുന്‍‌പേജില്‍ വെണ്ടയ്ക്ക നിരത്തി ഈ വിധി ആഘോഷിച്ചപ്പോള്‍ നമ്മൂടെ ശ്രേഷ്ഠഭാഷാപത്രങ്ങളിലെ മുഖ്യ വാര്‍ത്ത യാമിനീ തങ്കച്ചിയുടെ കണ്ണുനീര്‍.ഒരു നാട്ടിലെ ജനങ്ങളെ മുഴുവന്‍ പൊട്ടന്മാരാക്കാന്‍ ഈ ശ്രേഷ്ഠഭാഷയുപയോഗിച്ചപ്പോള്‍ കൃത്യമായി നാം മനസ്സിലാക്കി ശ്രേഷ്ഠഭാഷയുപയോഗിക്കാന്‍ പറ്റിയ ശ്രേഷ്ഠരായ ഒരു ജനതയാണു നമ്മളെന്ന്. ഇങ്ങനെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അവകാശമില്ലാത്ത ഈ ഭാഷ ശ്രേഷ്ഠഭാഷയായതുകൊണ്ട് നമുക്കെന്ത് ഗുണം?.
                           ഇഷ്ടമില്ലാത്തവനെ ഭൂമിക്കടിയോളം നാറ്റിയ്ക്കാന്‍ പറ്റിയ നുണകള്‍, തേജോവധം ചെയ്യാന്‍ പറ്റിയ നുണകള്‍ പടച്ചുണ്ടാക്കി യാതൊരു ഉളുപ്പും നാണവും ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതും ഇനി പ്രസിദ്ധീകരിക്കാന്‍ പോകുന്നതും എല്ലാം ഈ ശ്രേഷ്ഠഭാഷ ഉപയോഗിച്ചു തന്നെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തു വികാരമാണ് നമ്മുടെ ഉള്ളില്‍ പൊട്ടിവിടരുന്നത് എന്നറിയാമല്ലോ
                       അപ്പോള്‍ ഒരു ഭാഷ ശ്രേഷ്ഠമാവണമെങ്കില്‍ , പ്രത്യേകിച്ച് മലയാളം , അതിന്റെ ഇന്നത്തെ ഉപയോഗം മാറ്റിമറിച്ചേ മതിയാകൂ. “മലയാളം നമ്മുടെ മാതൃഭാഷ, മലയാളം ഭരണഭാഷ “ എന്ന് ആംഗലേയത്തില്‍ വലിയ അക്ഷരങ്ങളില്‍ ഫയലുകളുടെ പുറത്ത് അടിച്ചുവച്ചതുകൊണ്ട് അത് ശ്രേഷ്ഠഭാഷയാകുന്നില്ല.നാട്ടുകാരുടെ പ്രശ്നങ്ങളെ പഠിക്കാന്‍,അതിനു പരിഹാരം നിര്‍ദ്ദേശിക്കാന്‍, അത് നാട്ടുകാരോട് സംവേദിക്കാന്‍ അവരുടെ ഭാഷ തന്നെ ഉപയോഗിക്കാന്‍ ശീലിക്കണം.വെറുതെ ശീലിച്ചാല്‍ പോരാ സ്നേഹം എന്ന മേമ്പൊടി ചേര്‍ത്ത് വേണം അല്ലെങ്കില്‍ സഹാനുഭൂതി എന്ന മരുന്ന് കൂടി ക്കൂട്ടിച്ചേര്‍ത്തിട്ടു വേണം അവരോട് സംവദിക്കാന്‍.അപ്പോഴേ മലയാളം എന്ന ഭാഷ ശ്രേഷ്ഠഭാഷയായി മാറുകയുള്ളൂ.പോരാ ചാനല്‍കാരെ, എഫ് എം അലറികളെ നിര്‍ബന്ധമായും സ്പുടതയോടെയും വ്യക്തതയോടെയും അക്ഷരങ്ങളെ ശരിയായി ഉച്ചരിക്കാനും നിര്‍ബന്ധമായും എത്രയും പെട്ടെന്ന് ശീലിപ്പിക്കണം.അല്ലെങ്കില്‍ മലയാളഭാഷ വളരെ പെട്ടെന്ന് മലയാലബാഷയായി മാറിപ്പോകും.
                  ഒരു നാടിനെ നശിപ്പിക്കാന്‍ ഒരു സംസ്കാരത്തെ നശിപ്പിക്കാന്‍ ഏറ്റവും എളുപ്പവഴി അവന്റെ ഭാഷയെ നശിപ്പിക്കുകയാണെന്ന് ഒരു ചൊല്ലുണ്ട്.ആ ചൊല്ലാണ് ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.ഇതിനെതിരെ പോരാട്ടത്തിനിറങ്ങുവാന്‍ സമയമായി.ആ സമരമോ അത് ആഗോളവല്‍ക്കരണത്തിനെതിരേയും നവ‌ഉദാരവല്‍ക്കരണത്തിനെതിരേയുമുള്ള സമരമായി വളരെപെട്ടെന്ന് മാറിപ്പോകും.അതായത് ശ്രേഷ്ഠഭാഷയെ ശ്രേഷ്ഠഭാഷയായി മാറ്റാനുള്ള സമരം യഥാര്‍ത്ഥത്തില്‍ ആഗോള നവ ഉദാരവല്‍ക്കരണത്തിനെതിരേയുള്ള സമരം തന്നെയാണെന്നര്‍ത്ഥം.

4 comments :

  1. ആ സമരമോ അത് ആഗോളവല്‍ക്കരണത്തിനെതിരേയും നവ‌ഉദാരവല്‍ക്കരണത്തിനെതിരേയുമുള്ള സമരമായി വളരെപെട്ടെന്ന് മാറിപ്പോകും.അതായത് ശ്രേഷ്ഠഭാഷയെ ശ്രേഷ്ഠഭാഷയായി മാറ്റാനുള്ള സമരം യഥാര്‍ത്ഥത്തില്‍ ആഗോള നവ ഉദാരവല്‍ക്കരണത്തിനെതിരേയുള്ള സമരം തന്നെയാണെന്നര്‍ത്ഥം.

    ReplyDelete
  2. ഈ ടീവി ചാനലുകളും റിയാലിറ്റിക്കൂത്തുകളും വന്നതില്‍പ്പിന്നെ “സ്രേഷ്ടമലയാളം” അല്‍പ്പം കൂടെ സ്രേഷ്ടമായി

    ReplyDelete
  3. ശ്രേഷ്ടമായി, വിലയേറിയതായി. ഇനിയിത് ബാന്ക് ലോക്കറിലാക്കാം. എന്നിട്ട് പതിവുപോലെ എന്റെ മക്കള്ക്ക് മലയാളം അറിയില്ലെന്ന് അഹംകരിച്ചു നടക്കാം........

    ReplyDelete
  4. മലയാള ഭാഷയെ കൊന്നു കൊല വിളി നടത്തുകയല്ലേ ചാനലുകൾ

    ReplyDelete