ഇവിടെ എല്ലാവര്‍ക്കും സുഖം!

**Mohanan Sreedharan | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                        വെറും രണ്ടു പേരുടെ ഭൂരിപക്ഷവുമായി യു ഡി എഫ് ഭരിക്കാന്‍ കയറിയപ്പോള്‍ അവര്‍ക്ക് ലഭിച്ച ലോലമായ ഭൂരിപക്ഷം കുറച്ചുകൂടി മാന്യമായ ഒരു ഭരണം ലഭിക്കുമെന്ന പ്രതീതി നമുക്കുണ്ടാക്കി.എന്നാല്‍ ആ ലോലമായ ഭൂരിപക്ഷമെങ്കിലും ലഭിക്കാനായി അവര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍, ചെയ്തു കൂട്ടിയ അമാന്യമായ പ്രവൃത്തികള്‍ വളരെ വേഗം തന്നെ അവരെ തിരിഞ്ഞുകുത്താന്‍ തുടങ്ങി.
                             അതിനു മുന്‍‌പിലത്തെ അഞ്ചു വര്‍ഷക്കാലത്തെ ഭരണം ഒരു മാതിരി നല്ല രീതിയിലായിരുന്നു നടന്നത്.അവസാന ഘട്ടത്തിലാ ഭരണക്കാര്‍ ചോദിച്ചത് ഈ ഗവണ്മെന്റില്‍ നിന്നും സഹായം ലഭിക്കാത്ത ഏതെങ്കിലും ഒരു കുടുംബം കേരളത്തിലുണ്ടോ എന്നായിരുന്നു.വലിയ ഒരു പരിധിവരെ അത് ശരിയായിരുന്നു താനും.ആ ഭരണത്തില്‍ സമാധാനം നഷ്ടപ്പെട്ടിരുന്നത് യു ഡി എഫ് നേതാക്കള്‍ക്കും മതമേലവികള്‍ക്കും പിന്നെ ഒരു പിടി യു ഡി എഫ് അനുകൂല മാധ്യമങ്ങള്‍ക്കുമായിരുന്നു.കാലങ്ങളായി തങ്ങള്‍ കൈപ്പിടിയിലൊതുക്കിയിരുന്ന പല ആനുകൂല്യങ്ങളും ജനം നേരിട്ട് കയ്യാളാന്‍ തുടങ്ങി എന്നതായിരുന്നു മതമേലാവികളെ ചൊടിപ്പിച്ചത്.സ്വാശ്രയ കോളേജ് അഡ്മിഷനിലും  , പ്ലസ് വണ്‍ അഡ്മിഷനിലും ഒക്കെ സര്‍ക്കാര്‍ നിയന്ത്രണം ( ജനകീയ നിയന്ത്രണം) കൊണ്ടുവന്നത് മതമേലാവികള്‍ക്കും അവരുടെ പിണിയാളുകള്‍ക്കും തീരെ സഹിക്കുന്ന കാര്യമായിരുന്നില്ല.അതുപോലെ തന്നെ ആ ഗവണ്മെന്റ് കൊണ്ടു വന്ന പല കാര്യങ്ങളും യു ഡി എഫ് നേതാക്കള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതായിരുന്നു.
                                 എന്നാല്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ യു ഡി എഫ് - മതമേലാവി - വലതുപക്ഷ അനുകൂല മാധ്യമകൂട്ടുകെട്ട് തന്നെ നിര്‍ലജ്ജം ഉടലെടുത്തു.എല്‍ ഡി എഫ് ഭരണത്തെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും നട്ടാല്‍ പൊടിക്കാത്ത നുണകള്‍ മാത്രം പടച്ചുവിട്ടുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുകയും അതിന്റെ ചുവടുപിടിച്ച് യു ഡി എഫ് നേതൃത്വം പ്രചണ്ഡമായ പ്രചരണം അഴിച്ചു വിടുകയും ചെയ്തു.ഈ പ്രക്രിയയില്‍ ഇവിടുത്തെ  ബഹുഭൂരിപക്ഷം മാധ്യമങ്ങളും പങ്കുകൊണ്ടു എന്നതാണ് സത്യം.
അതോടൊപ്പം തന്നെ മതമേലാവികള്‍ക്കും സമുദായ സംഘടനാ നേതാക്കള്‍ക്കും അവര്‍ ചോദിക്കുന്നതെല്ലാം ഭരണത്തിലേറിയാല്‍ ചെയ്തുകൊടുക്കാമെന്ന് കണ്ണടച്ച് വാഗ്ദാനം നല്‍കുകയും ചെയ്തു യു ഡി എഫ്.അങ്ങനെയുണ്ടായ ഒരവിശുദ്ധ കൂട്ടുകെട്ട് ഒരു വശത്തും സാധാരണക്കാരായ ജനങ്ങളുടെ കൂട്ടായ്മ മറുവശത്തുമായി നടന്ന അതിരൂക്ഷമായ പ്രചരണത്തിനവസാനം യു ഡി ഏഫ് - എല്‍ ഡി എഫ് 71 - 69 എന്ന നിലയില്‍ വിജയം കണ്ടു.സാധാരണ ഇലക്ഷനില്‍ (കേരളത്തില്‍ ) കണ്ടുവരുന്ന രീതിയായ പ്രതിപക്ഷത്തിനു വാരിക്കോരി സീറ്റ് കൊടുക്കാറുള്ള പതിവുമാറ്റി വളരെ ലോലമായ ഒരു വിജയം മാത്രമേ യു ഡി എഫിനു ലഭിച്ചുള്ളൂ എന്ന് കാണാം.മറ്റൊരു രീതിയില്‍ ഇത് കണ്ടാല്‍ അതിങ്ങനെയായിരിക്കും, സാങ്കേതികമായി യു ഡി എഫ് ഭരണത്തിലേറിയെങ്കിലും കഴിഞ്ഞ കാല ഭരണത്തിന് ഇവിടുത്തെ ജനങ്ങള്‍ അംഗീകരിക്കുന്നു,അവരത് ഹൃദയത്തിലേറ്റുന്നു എന്നു തന്നെയാണര്‍ത്ഥം.
എന്നാല്‍ ഈ രീതിയിലിത് കാണാനുള്ള കണ്ണ് , കഴിവ് യു ഡി എഫിനുണ്ടായില്ല.അവരുടെ ധാരണ നൂറ്റി നാല്പതില്‍  നൂറു സീറ്റും നല്‍കി യു ഡി എഫിനെ ഇന്നാട്ടുകാര്‍ അവരെ അംഗീകരിച്ച് അനുഗ്രഹിച്ചു എന്നായിരുന്നു.ഏതായാലും അധികാരത്തില്‍ യു ഡി എഫ് വന്ന നാള്‍ മുതല്‍ ലോകത്തുള്ള സകലമാന മതമേലാവികളും സാമുദായിക സംഘടനാനേതാക്കളും തങ്ങളുടെ ഡിമാന്റുകളുമായി യു ഡി എഫിനു ചുറ്റും നിരന്നു.ആദ്യമാദ്യം അവര്‍ അഭ്യര്‍ത്ഥിച്ചു,പിന്നെ ആവശ്യപ്പെട്ടു,അവസാനം ഭീഷണിയായി.ഒരു മതക്കാര്‍ ചോദിക്കുന്നത് മറ്റു മതക്കാര്‍ക്കെല്ലാം എതിരാവും,അവര്‍ കൊടുക്കരുതെന്ന് ആവശ്യപ്പെടും,ആദ്യകൂട്ടര്‍ ആവശ്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ തങ്ങളുടെ അടുത്ത അനുയായികളെ കാലുമാറ്റിക്കും എന്ന് ഭീഷണിയാകും(പലപ്പോഴും സമുദായക്കാര്‍ കാണിക്കുന്ന അണികള്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ജയിച്ച എം എല്‍ എ മാരായിരിക്കും എന്നതാണ് വിധിവൈപരീത്യം).അപ്പോള്‍ അവര്‍ക്ക് സാധിച്ചുകൊടുക്കുമ്പോള്‍ മറുവശത്തു നിന്നും ഭീഷണി അത് ശമിപ്പിക്കാന്‍ അവരുടെ കാര്യങ്ങള്‍ അംഗീകരിക്കും.
                                  ഇങ്ങനെ ജാതിമത ശക്തികളെ പ്രീണിപ്പിക്കാനുള്ള വെപ്രാളത്തിനിടയില്‍ സാമാന്യജനങ്ങളെ ഗൌനിക്കാന്‍ യു ഡി എഫുകാര്‍ക്ക് സമയമില്ലാ എന്ന അവസ്ഥയായി.അഥവാ എന്തെങ്കിലും പരിപാടി ജനങ്ങള്‍ക്കായി കൊണ്ടുവന്നാല്‍ അത് ജനവിരുദ്ധമായിരിക്കുകയും ചെയ്യും.യു ഡി എഫ് വന്ന അവസരത്തില്‍ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ‘എമെര്‍ജിങ്ങ് കേരള‘ തന്നെ ഏറ്റവും വലിയ ഉദാഹരണം.തമ്മിലടിയുടെ ഉദാഹരണങ്ങള്‍ ഇഷ്ടം പോലെയാണ്. അഞ്ചാം മന്ത്രി മുതല്‍ ഗണേശിന്റെ പെണ്ണു വിഷയം മുതല്‍ പി സി ജോര്‍ജിന്റെ പൂരപ്പാട്ടുമുതല്‍ മലയാളി എന്തൊക്കെ അവന്റെ നിത്യജീവിതത്തില്‍ വെറുത്തിരുന്നുവോ അതൊക്കെ യു ഡി എഫ് ഭരണത്തിന്റെ ശിരോലങ്കാരമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
എന്നാല്‍ നമ്മുടെ നാട്ടിലെ മാ‍ധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ ചെയ്യുന്നതെന്താണ്? യു ഡി എഫില്‍ അടിമൂക്കുമ്പോള്‍ അവര്‍ ഇടതുമുന്നണിയിലെ ഏതെങ്കിലും ഒരു നിസ്സാരപ്രശ്നം ആനക്കാര്യമെന്ന മട്ടില്‍ അവതരിപ്പിച്ച് യു ഡി എഫിനുള്ളില്‍ പരമസുഖമാണെന്നും എല്‍ ഡി എഫില്‍ മൂത്ത അടിയാണെന്നും ഉള്ള ഒരു പ്രതീതി ഉണ്ടാക്കിയിരുന്നു.ഏറ്റവും വലിയ സോഷ്യല്‍ മീഡിയാകളിലെല്ലാം എന്നൊക്കെ യു ഡീഫിനെതിരെ കമന്റുകള്‍ വരുന്നുവോ അപ്പോഴൊക്കെ വരുന്ന മറുപടി നിങ്ങള്‍ അന്ന് അങ്ങിനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങള്‍ സത്യത്തില്‍ സൂചിപ്പിക്കുന്നത് ഇന്നും വലതുമാധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്ന പച്ചപ്പാവങ്ങളുണ്ട് എന്നു തന്നെയാണ്.
                             എന്നാല്‍ സത്യം മറിച്ചാണ് എന്ന് തെളിയിക്കുന്ന ചൂടനായ രണ്ടു സമകാലീനസംഭവങ്ങള്‍ ഇവിടെ ഉണ്ടായത് എത്ര മറച്ചുവൈക്കാന്‍ ശ്രമിച്ചിട്ടും മാധ്യമങ്ങളുടെ കെട്ട് പൊട്ടിച്ച് പുറം ലോകത്തേയ്ക്ക് എത്തി.ശ്രീ.രമേശ് ചെന്നിത്തലയുടെ കാല്‍നട ജാഥയും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുമാണ് സൂചിപ്പിക്കുന്നത്. വലിയ പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരുന്ന രമേശിനു തോന്നിയ ഒരു ഉള്‍വിളി ആണ് കേരള യാത്ര.ഒരു പണിയുമായി പിന്നെ കുറേ ഫണ്ടു പിരിവും നടക്കും.അങ്ങനെ അദ്ദേഹം ജാഥയ്ക്കിറങ്ങി പുറപ്പെട്ടു.പുറപ്പെടുമ്പോള്‍ ചുമ്മാ ഒരടിയടിച്ചു ‘ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ പലതും സംഭവിക്കും“ എന്ന്.  അങ്ങേര്‍ ചുമ്മാ പറഞ്ഞതാണെങ്കില്‍ കൂടിയും അത് ചെവിയില്‍ നുള്ളാന്‍ ഒരാളുണ്ടായിരുന്നു - ശ്രീ.ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി.തന്നെ അട്ടിമറിക്കാനായാണാ ജാഥ എന്നദ്ദേഹത്തിനു തൊന്നി.തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ലോകപ്രശസ്തമായതിനാല്‍ ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.എങ്കിലും ഒന്നുമാത്രം പറയാം തന്റെ പ്രസിഡണ്ടിനെ കേരളം മുഴുവന്‍ നാറ്റിച്ചതുകൂടാതെ ഇന്ത്യയില്‍ മുഴുവനും പറഞ്ഞ് നാറ്റിയ്ക്കുകയും ചെയ്തു മുഖ്യനായ ചാണ്ടി.
                                               മുറിവേറ്റ രമേശ് മുറിവും നക്കി ഒതുങ്ങുന്ന കാഴ്ച്ചയാണു നാം കാണുന്നത്. ‘ഇനി എനിക്ക് എന്റെ വഴി അവര്‍ക്ക് അവരുടെ വഴി’ എന്ന ക്ലാസിക്ക് ഡയലോഗ്ഗ് ഉരുവിടാനും അദ്ദേഹം മറന്നില്ല.എന്നാല്‍ ആ മനുഷ്യനേറ്റ മുറിവ് ഉണങ്ങുന്നതിനു മുന്‍പായി ഒരു ഊരാക്കുടുക്ക് ചാണ്ടിയുടെ കഴുത്തിലേയ്ക്ക് എറിഞ്ഞു പിടിപ്പിക്കാന്‍ അദ്ദേഹം(?) വിജയിച്ചില്ലേ എന്നാണെന്റെ സംശയം.കാര്യം മുന്നില്‍ കൈരളിയാണെങ്കിലും പിന്നില്‍ ആരായിരിക്കും എന്നതാണിനിയറിയാനുള്ളത്.കേവലം ഒരുപമുഖ്യമന്ത്രിപദത്തിലൊതുങ്ങുമായിരുന്ന ആ സംഭവം ഇനി നിലവിലെ മുഖ്യമന്ത്രിയെ ചവിട്ടിപ്പുറത്താക്കി അവിടേയ്ക്ക് കയറുമോ അതോ തന്ത്രത്തിനു മറു തന്ത്രവുമായി ഉമ്മന്‍‌ചാണ്ടി രമേശിനെ വെട്ടുമോ എന്നാണിനിയറിയേണ്ടത്.അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചു എന്നു വേണം കണക്കാക്കാന്‍.കാരണം അദ്ദേഹത്തിനായി അദ്ദേഹത്തിന്റെ സ്വന്തം ശിഖണ്ഡി രംഗത്തിറങ്ങിക്കഴിഞ്ഞു.
                                        കഴിഞ്ഞു പോയതും യു ഡി എഫ് ഇന്നും അലങ്കാരങ്ങളായി കൊണ്ടു നടക്കുന്നതുമായ നിരവധി അനവധി നാറ്റക്കഥകളിലൊന്നായി സരിതാ അദ്ധ്യായം കൂടി മാറുമോ എന്നും വരും നാളുകളില്‍ അറിയാം.
                                  ഏതായാലും ഇവിടെ എല്ലാവര്‍ക്കും സുഖം എന്ന മട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചിരുന്ന യു ഡി എഫ് പാളയമാണ് എല്ലാ അനര്‍ത്ഥങ്ങളുടേയും ഇരിപ്പിടം അല്ലെങ്കില്‍ എല്ലാ ജനവിരുദ്ധതയുടേയും ഉറവിടം എന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു എന്നതാണ് സത്യം. ആയിരം പൊതുയോഗത്തിനു ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരു കാര്യമാണിത്.ഇതൊരു പാഠമായിക്കണ്ട് ജനങ്ങള്‍ ഉണരട്ടെ ഇത്തരം അബദ്ധങ്ങളില്‍ നിന്ന് എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.
Post a Comment